Tuesday, April 28, 2015

ചുടുകാട്ടിലെ നിഴലുകൾ

"നാശം, രാവിലെ തുടങ്ങിയ തിരക്കാണ്. ഒരു ചായ പോലും കുടിച്ചിട്ടില്ല"
അവൾ മനസ്സിൽ ആരെയൊക്കെയോ പ്രാകി.
ഈ തിരക്കൊന്നു കുറയണമെങ്കിൽ 11 മണി കഴിയണം. അപ്പോഴാണല്ലോ ഒ. പി. സമയം കഴിയുക. പിന്നെ, ചില ഡെത്ത് കേസുകളും റൂം അന്വേഷിച്ചുള്ള സംശയങ്ങളും മാത്രമേ വരാറുള്ളൂ.അച്ഛന് എങ്ങനെയുണ്ടോ ആവോ?
ഇന്നലെ ഉച്ചയ്ക്കു ശേഷം തിരക്കൊഴിഞ്ഞ് അല്പം സ്വസ്ഥമായി ക്യാബിനിലിരിയ്ക്കുമ്പോൾ രാഖിയാണ് വന്നു പറഞ്ഞത്.
"എടീ, നിൻറെ അച്ഛനെ ഇങ്ങോട്ട് കൊണ്ടു വന്നിട്ടുണ്ട്"
വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി ചാടിയെഴുന്നേറ്റു.
"എന്താ പറ്റിയത്?
"നെഞ്ചുവേദനയാണെന്നാ പറഞ്ഞത്"
ഡോക്ടർമാർ വിധിയെഴുതി, ഹാർട്ട് അറ്റാക്ക്!
"അത് കാശുള്ളവർക്ക് വരുന്ന അസുഖമല്ലേ ഡോക്ടർ?"
ഡോക്ടർ മ്രുദുവായി ഒന്നു ചിരിച്ചു.
ഡ്യൂട്ടി കഴിഞ്ഞപ്പോൾ കുറച്ചു സമയം അവൾ അച്ഛൻറെ അടുക്കൽ ചെന്നിരുന്നു.
"മനു സ്കൂള് വിട്ടു വരും. നീ പൊക്കോ, ഞാൻ ഇരുന്നോളാം."
അമ്മ അവളെ വീട്ടിലേയ്ക്കു പറഞ്ഞു വിട്ടു.
ഇന്ന് രാവിലെ ആശുപത്രിയിലേയ്ക്ക് വന്നപ്പോൾ അവൾ അവനെയും കൂടി കൊണ്ടു വന്നു. ഞായറാഴ്ചയാണ്, ക്ളാസില്ലല്ലോ.
"രജനീ, 116ലെ പേഷ്യൻറിൻറെ ബില്ല് കൂട്ടി വെച്ചിട്ടില്ലേ?"
പിന്നിൽ നിന്ന് മുംതാസിൻറെ ചോദ്യം കേട്ടാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്.
"അവിടെ ഇരിപ്പുണ്ട്"
അവൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു.
"എവിടെ? കണ്ടില്ല"
എഴുത്ത് നിർത്തി അവൾ തിരിഞ്ഞു.
"ദാ, ആ ക്യാബിനിൽ. അകത്ത് മൂന്നാമതുണ്ട്"
"ഒന്ന് പെട്ടെന്നെഴുത് കൊച്ചേ"
പുറത്ത് ഒരാൾക്ക് രോഷം.
"ങാ, പറ ചേട്ടാ. വയസ്സ്?"
അവൾ ജോലി തുടർന്നു.
"ങാ, കിട്ടി"
പിറകിൽ മുംതാസിൻറെ ശബ്ദം.
"പിന്നെ ഇത്-
അവൾ എന്തോ ഓർത്തതു പോലെ തുടർന്നു.
-ഡോക്ടർ ഹരിപ്രസാദിനാണ് കേട്ടോ"
രജനി അവളെ ഒന്ന് പാളി നോക്കി. ഒരു ചിരിയോടെ അവൾ പോയി.
"ഹരിപ്രസാദ്! ആ പേര് കേൾക്കുമ്പോൾ എപ്പോഴും തനിയ്ക്കൊരു കുളിരാണ്. മോഹിയ്ക്കാൻ അർഹതയില്ലെങ്കിലും അവൾ അറിയാതെ അയാളെ മോഹിച്ചു കൊണ്ടിരുന്നു.
തലവേദനിച്ച് തല പൊളിയുന്നു. തിരക്കിന് അല്പമൊരു ശമനം കിട്ടിയിരുന്നെങ്കിൽ വിക്സ് എങ്കിലും എടുത്ത് പുരട്ടാമായിരുന്നു. പക്ഷേ, തിരക്ക് കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ല.ഇടയ്ക്കെപ്പഴോ അവൾ ഞൊടിയിടയിൽ പോയി വിക്സ് പുരട്ടിയിട്ട് വന്നു.
ഇടയ്ക്ക് അറ്റൻഡർ വന്നു. പുതിയ ആളാണ്. ഇന്നലെ കേറിയതേയുള്ളൂ.
"ഒരു ഡെത്ത് കേസുണ്ട്."
അയാൾ ഫയൽ അവളുടെ മേശപ്പുറത്തേക്ക് വെച്ചു.അവൾ ആ പേരിലൂടെ ഒന്ന് കണ്ണോടിച്ചു.
'എസ്. വർക്കി'
"നരകിയ്ക്കാതെ മരിച്ചല്ലോ."
ആരോ പിന്നിൽ നിന്നും പറയുന്നതു കേട്ടു.
ശരിയാണ്, നരകയാതന അനുഭവിയ്ക്കുകയായിരുന്നു അയാൾ.
ഇടയ്ക്കെപ്പൊഴോ ചായ വന്നു.
തണുത്ത് മരച്ച ചായ.
എങ്ങനെയോ അത് കുടിച്ചു.
അറ്റൻഡർ വീണ്ടും വന്നു.
അവൾ ഒരു രജിസ്ട്രേഷൻ എഴുതുകയായിരുന്നു.
"വയസ്സ്?"
"23"
"ഒരു ഡെത്ത് കേസും കൂടി"-
അയാൾ ഫയൽ മേശപ്പുറത്തേക്ക് വെച്ചു.
"ഏതു ഡോക്ടറെയാ കാണേണ്ടത്?"
പുറത്തേക്ക് ചോദ്യമെറിഞ്ഞ അവൾ ഫയലിലെ പേരിലേക്ക് കണ്ണു നട്ടു.
"ഗൈനക്കോളജി"
അപ്പോൾ അവളുടെ കണ്ണുകൾ ഫയലിലെ പേര് വായിക്കുകയായിരുന്നു.
ഒരു നിമിഷം അവളുടെ കൈ നിശ്ചലമായി. അച്ഛൻ...
തിരക്ക് അധികരിയ്ക്കുകയായിരുന്നു.ചുടുകാട്ടിലെ നിഴലുകൾ തന്നെ പൊതിയുന്നതായി അവൾക്കു തോന്നി. അവൾക്ക് ശ്വാസം മുട്ടി. പക്ഷേ, അപ്പോഴും അവളുടെ കൈ യാന്ത്രികമായി ചലിച്ചു കൊണ്ടിരുന്നു.

Friday, April 24, 2015

ഹാപ്പി ബർത്ത്ഡേ സച്ചിൻ

ഞാൻ ക്രിക്കറ്റ്‌ കളി കണ്ടു തുടങ്ങിയ സമയം. 97 അല്ലെങ്കിൽ 98. അന്നു തൊട്ടേ മനസ്സിൽ പതിഞ്ഞ രൂപമാണ്‌ സച്ചിൻ രമേഷ്‌ ടെണ്ടുൽക്കർ എന്ന അഞ്ചടി ഉയരമുള്ള മനുഷ്യൻ. അദ്ദേഹം ഗ്രൗണ്ടിലേക്കിറങ്ങുമ്പോൾ സ്റ്റേഡിയത്തിൽ മുഴങ്ങിക്കേൾക്കുന്ന ആർപ്പു വിളികളും ഒരു ദൈവത്തെപ്പോലെ അദ്ദേഹത്തെ തൊഴുതു നിൽക്കുന്ന കാണികളും സച്ചിൻ എന്ന പ്രതിഭയ്ക്ക്‌ മാത്രം അവകാശപ്പെടാവുന്ന ഒന്നായിരുന്നു. കാലക്രമേണ അദ്ദേഹത്തെ നാം 'ക്രിക്കറ്റിന്റെ ദൈവം' എന്നു വിളിച്ചു. ഓർത്തു വെക്കാൻ ഒരുപാട്‌ ഇന്നിംഗ്സുകൾ നമുക്ക്‌ സമ്മാനിച്ചിട്ടാണ്‌ ഇരുപത്‌ വർഷങ്ങൾ നീണ്ട ക്രിക്കറ്റ്‌ സപര്യയ്ക്ക്‌ സച്ചിൻ വിരാമമിട്ടത്‌.
ആദ്യമായി ഞാൻ പ്രണയിച്ചത്‌ സച്ചിനെയായിരുന്നു. സച്ചിൻ ക്രീസിലേക്ക്‌ വരുമ്പോൾ മുതൽക്ക്‌ മനസ്സിൽ ആധിയാണ്‌. ഏതെങ്കിലും ഗുഡ്‌ ലെംഗ്ത്‌ ഔട്ട്സിങ്ങ്‌ ഡെലിവറിയിൽ ബാറ്റ്‌ വെച്ച്‌ കീപ്പറിനു ക്യാച്ച്‌ നൽകി പുറത്താകുമോ? അല്ലെങ്കിൽ ഏതെങ്കിലും ഷോർട്ട്‌ പിച്ച്‌ പന്തിൽ ബാറ്റ്‌ വെച്ച്‌ സർക്കിളിനകത്ത്‌ ക്യാച്ച്‌ നൽകി പുറത്താകുമോ? എന്നൊക്കെ സ്വയം ചോദിച്ച്‌ പിരിമുറുക്കത്തോടെയായിരുന്നു സച്ചിന്റെ ഇനിനിംഗ്സ്‌ ആസ്വദിക്കൽ. ഇടക്ക്‌ സച്ചിനു മാത്രം കഴിയുന്ന സ്ടൈറ്റ്‌ ഡ്രൈവുകൾ രോമാഞ്ചത്തോടെയാണ്‌ കണ്ടിരിക്കുക. ഒടുവിൽ സച്ചിൻ പുറത്താകുമ്പോൾ ടിവി ഓഫ്‌ ചെയ്യും. പിന്നീട്‌ സ്കോർ നോക്കാൻ മാത്രം ഇടക്കിടെ വീണ്ടും ഓൺ ചെയ്യും. ഞാൻ മാത്രമായിരുന്നോ ഇങ്ങനെ? അറിയില്ല.
ഓർമ്മയിൽ എന്നുമുള്ള ചില സച്ചിൻ സ്പെഷ്യൽ ഇന്നിംഗ്സുകൾ:
ഏപ്രിൽ 22 1998: സച്ചിന്റെ ഇരുപത്തിയഞ്ചാം പിറന്നാളിന്‌ രണ്ടു ദിവസം മുൻപ്‌ ഓസ്ട്രേലിയയുമായി നടന്ന കൊക്കക്കോള കപ്പിലെ രണ്ട്‌ സെഞ്ചുറികൾ. ഷാർജ്ജയിലെ കടുത്ത പൊടിക്കാറ്റിൽ പെട്ട്‌ ഇടക്ക്‌ കളി നിർത്തിയപ്പോൾ ഹെൽമറ്റ്‌ പോലും ഊരാതെ തീക്ഷ്ണമായ കണ്ണുകളുമായിരുന്ന് തുടർന്ന് സെഞ്ചുറി നേടി ഒറ്റക്കെന്ന പോലെ സച്ചിൻ ടീമിനെ വിജയിപ്പിച്ചു. ക്രിക്കറ്റ്‌ ലോകം 'മണൽക്കാറ്റ്‌' എന്നു വിളിച്ച ഈ ഇന്നിംഗ്സ്‌ ഇന്നും ഇടക്കിടെ ഞാൻ കാണാറുണ്ട്‌.
മാർച്ച്‌ ഒന്ന്, 2003: മെൽബണിലെ സെഞ്ചൂറിയനിൽ പാകിസ്താനെതിരെ നടന്ന ലോകകപ്പ്‌ മത്സരം. മത്സരം തുടങ്ങുന്നതിനു മുൻപു തന്നെ പാകിസ്താൻ പേസർ ശുഐബ്‌ അക്തർ സച്ചിനെ താൻ നിലം തോടീക്കാതെ പുറത്താക്കും എന്ന് വെല്ലുവിളിച്ചിരുന്നു. പക്ഷേ, അക്തറിന്റെ മാരകമായ ഒരു ബൗൺസർ തേഡ്മാനു മുകളിലൂടെ ക്രിക്കറ്റ്‌ ലോകം ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒരു ഷോട്ട്‌ കളിച്ച്‌ സച്ചിൻ ഗ്യാലറിയിലെത്തിച്ചു. ഇന്ന് സർവ്വസാധാരണമായിക്കഴിഞ്ഞ അപ്പർ കട്ടിന്റെ ഉത്ഭവമായിരുന്നു അത്‌. പക്ഷേ 75 പന്തുകളിൽ 98 റൺസെടുത്ത സച്ചിന്റെ വിക്കറ്റ്‌ അവസാനം അക്തർ തന്നെ വീഴ്ത്തി എന്നത്‌ കാവ്യനീതി. സെഞ്ചുറിയടിച്ചില്ലെങ്കിൽ പോലും സച്ചിന്റെ ഈ മനോഹര ഇന്നിംഗ്സ്‌ ഇന്നും ഞാൻ മറന്നിട്ടില്ല.
ഫെബ്രുവരി 24, 2003: ലോകകപ്പ്‌. ഇംഗ്ലണ്ടിനെതിരെ സച്ചിന്റെ ഇന്നിംഗ്സിൽ ഇംഗ്ലണ്ട്‌ പേസർ ആൻഡ്രൂ കാഡിക്കിനെതിരെ സച്ചിൻ നേടിയ ഒരു സിക്സ്‌. മിഡ്വിക്കറ്റിനു മുകളിലൂടെ പുൾ ചെയ്ത്‌ നേടിയ ഒരു കൂറ്റൻ സിക്സ്‌. സച്ചിന്റെ ഏറ്റവും മികച്ച സിക്സ്‌ എന്ന് നിസ്സംശയം പറയാം ഇത്‌.
2007-2008 കോമണ്വെൽത്ത്‌ സീരീസ്‌ ഫൈനൽ: ബ്രെറ്റ്‌ ലീയുടെ ബീമറിന്‌ ബാറ്റ്‌ കൊണ്ട്‌ സച്ചിന്റെ മറുപടി. എണ്ണം പറഞ്ഞ മൂന്ന് ബൗണ്ടറികൾ. സച്ചിൻ അടിച്ച സ്ട്രൈറ്റ്‌ ഡ്രൈവിന്റെ വേഗത ലീ എറിഞ്ഞ പന്തിന്റെ വേഗതയേക്കാൾ കൂടുതലായിരുന്നു എന്ന് ക്രിക്കറ്റ്‌ പണ്ഡിറ്റുകൾ സാക്ഷ്യപ്പെടുത്തി.
ഇനിയും നിറം മങ്ങാത്ത ഓർമ്മകൾ. ലോകകപ്പ്‌ വിജയത്തിനു ശേഷം.ഒരു കുട്ടിയെപ്പോലെ തുള്ളിച്ചാടി ഗ്രൗണ്ടിലേക്കു വന്ന സച്ചിന്റെ ചിത്രം കണ്ണുകളെ ഈറനണിയിച്ചു. അവസാനം ഇതിഹാസത്തെ ചുമലിലേറ്റി ഒരു ഗ്രൗണ്ട്‌ വലം വെച്ച യൂസുഫ്‌ പത്താന്‌ നന്ദി.
സച്ചിനു വേണ്ടി 'സച്ചിൻ... സച്ചിൻ' എന്ന് ആർപ്പു വിളിക്കുന്ന ഗ്യാലറി ഇനിയില്ല എന്ന തിരിച്ചറിവ്‌ ഒരു വലിയ നഷ്ടമാണ്‌. പക്ഷേ സച്ചിൻ, നിങ്ങൾ ഇന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ട്‌. എന്നും ഉണ്ടാവും.

‪#‎HappyBirthdaySachin‬

Wednesday, April 22, 2015

ഡ്രാക്കുള റിട്ടേൺസ്

-അദ്ധ്യായം നാല്-

പിറ്റേന്ന് നേരത്തേ തന്നെ ഗോമസ്‌ ഉണർന്നു. ചെരിഞ്ഞു കിടന്നുറങ്ങുന്ന എലീനയെ നോക്കിയ അയാൾ കട്ടിലിൽ നിന്നും എഴുന്നേറ്റു. താഴത്തെ നില വിശദമായി ഒന്നു കാണാൻ അയാൾ സ്റ്റെയർ കേസിലൂടെ താഴേക്കിറങ്ങി. താഴെയെത്തിയ അയാൾ അത്ഭുതപ്പെട്ടു. ഇന്നലെ രാത്രി പൊടി മൂടിക്കിടന്ന ഹാൾ ഇന്നിതാ വൃത്തിയുള്ളതായിരിക്കുന്നു! മാത്രമല്ല, ഹാളിലെ ടീപ്പോയിൽ 'ന്യൂസ്‌ ടുഡേ' പത്രത്തിന്റെ ഒരു കോപ്പിയും ഉണ്ട്‌. അയാൾ ചുറ്റും നോക്കി. ചുവരിലെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ അയാൾ അത്ഭുതത്തോടെ ശ്രദ്ധിച്ചു. അവിശ്വസനീയതയോടെ ഒറ്റ രാത്രി കൊണ്ട്‌ ആ ഹാളിനുണ്ടായ മാറ്റം ശ്രദ്ധിച്ചു നിൽക്കെ പിന്നിൽ നിന്നും ഒരു ശബ്ദം-
"ഇന്നലെ സുഖമായിരുന്നോ സർ"
ഗോമസ്‌ ഞെട്ടിത്തിരിഞ്ഞ്‌ നോക്കി. പാന്റും ഷർട്ടുമിട്ട ഒരു കൃശഗാത്രൻ ഭവ്യതയോടെ നിൽക്കുന്നു.
"ഞാൻ ദീപക്‌ മൽഹോത്ര. ഇന്ത്യൻ വംശജനാണ്‌. ഇരുപതോളം വർഷമായി സ്ലോവാക്യയിലുണ്ട്‌. ഈ കോട്ടയുടെ സൂക്ഷിപ്പുകാരൻ ഞാനാണ്‌. നിങ്ങൾ വരുമെന്ന് ഞാനറിഞ്ഞിരുന്നു. ങാ, എവിടെ മിസ്‌ എലീന?"
"മുകളിലാണ്‌. പിന്നെ, ദീപക്കിന്റെ കുടുംബം?"
"എന്നു പറയാൻ ആരുമില്ല. ഞാനൊറ്റയ്ക്കാണ്‌. മാസാമാസം ശമ്പളം കൃത്യമായി എത്തും. ശുഭം, സമാധാനം"
അപ്പോൾ എലീനയും അവിടെയെത്തി.
"ഞാൻ പോയി ഭക്ഷണം കൊണ്ടു വരാം"
ദീപക്‌ മറുപടിയ്ക്ക്‌ കാത്തു നിൽക്കാതെ പുറത്തേക്ക്‌ പോയി.
ഗോമസ്‌ ടീപ്പോയിൽ കിടന്ന ന്യൂസ്‌ ടുഡേയിലേക്ക്‌ കണ്ണു നട്ടു. എലീന മുകളിലേക്ക്‌ കയറിപ്പോയി.
അര മണിക്കൂറിനുള്ളിൽ അയാൾ ഭക്ഷണവുമായി വന്നു. അയാൾ അത്‌ ഹാളിനൊരു വശത്ത്‌ കിടന്ന ഡൈനിംഗ്‌ ടേബിളിലേക്ക്‌ വെച്ചു. പത്രത്തിൽ നിന്നും കണ്ണെടുത്ത്‌ ഗോമസ്‌ ഭക്ഷണത്തളികയിലേക്ക്‌ നോക്കി.
"രാജകീയ ഭക്ഷണമാണ്‌ സർ. ചോളം കൊണ്ടുള്ളത്‌"
പെട്ടെന്ന് ദീപക്‌ വിവരിച്ചു. ഗോമസ്‌ ഒന്നു ചിരിച്ചു.
"സർ, കിടക്കുമ്പോൾ വാറ്റിലടച്ച്‌ കിടന്നോളൂ. പുതിയ വാതിൽ ഘടിപ്പിച്ചിട്ടുണ്ട്‌"
ദീപക്‌ തുടർന്നു.
ഗോമസ്‌ വാതിൽക്കലേക്ക്‌ നോക്കി. ശരിയാണ്‌, പുതിയ വാതിൽ! അയാൾ അത്ഭുതത്തോടേ ദീപക്കിനെ നോക്കി. തനിക്കാവശ്യമുള്ളതെല്ലാം ഒറ്റ രാത്രി കൊണ്ട്‌ അയാൾ സജ്ജീകരിച്ചിരിക്കുന്നു!
"എനിക്കീ കോട്ടയൊക്കെ ഒന്ന് ചുറ്റിക്കാണണം"
പെട്ടെന്ന് ഗോമസ്‌ പറഞ്ഞു.
"അതിനെന്താ. പക്ഷേ, കിഴക്കു വശത്തെ നിലവറ തുറക്കാതിരിക്കുന്നതാണ്‌ നല്ലത്‌"
"ങും, അതെന്താ?"
"അവിടെയാണ്‌ ഡ്രാക്കുള പ്രഭു അന്ത്യവിശ്രമം കൊള്ളുന്നത്‌"
തന്റെ ശബ്ദത്തിൽ വിറയലുണ്ടെന്ന് ദീപക്കിനുന്തോന്നി. അയാൾ മുഖത്തൊരു ചിരി വരുത്താൻ വൃധാ ശ്രമിച്ചു.
"ശരി, സമ്മതിച്ചു"
ഗോമസ്‌ കസേരയിൽ നിന്നും എഴുന്നേറ്റു.
"ഞാൻ കൂടി വരാം"
പോക്കറ്റിൽ നിന്നും താക്കോലെടുത്ത്‌ കൊടുക്കുന്നതിനിടെ ദീപക്‌ പറഞ്ഞു.
"ഹേയ്‌, അതു വേണ്ട. തനിയേ പോകുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്‌. ഒറ്റക്ക്‌ ഹൊറർ സിനിമ കാണുന്ന ഒരു ഫീൽ"
ഗോമസ്‌ കണ്ണിറുക്കി.
"ശരി"
ദീപക്‌ ഉടൻ തന്നെ അവിടെ നിന്നും നിഷ്ക്രമിച്ചു. ഗോമസ്‌ താക്കോൽക്കൂട്ടം മുകളിലേക്കെറിഞ്ഞ്‌ പിടിച്ചു. അയാൾ ചുറ്റും നോക്കി. ഹാളിനു വലതു വശത്ത്‌ ഒരു മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നു. അയാൾ ആദ്യം ഒരു താക്കോൽ കൊണ്ട്‌ മുറി തുറക്കാൻ ഒരു ശ്രമം നടത്തി. വിജയിച്ചില്ല. രണ്ട്‌ മൂന്ന് താക്കോലുകൾ മാറി മാറി പ്രയോഗിച്ചപ്പോൾ അൽപം വിഷമത്തോടെ പൂട്ട്‌ തുറന്നു. അയാൾ മുറിയുടെ വാതിൽ അകത്തേക്ക്‌ തള്ളിത്തുറന്നു. ഞരക്കത്തോടെയുള്ള പ്രതിഷേധ ശബ്ദം മുഴക്കിക്കൊണ്ട്‌ വാതിൽ മലർക്കെ തുറന്നു. വർഷങ്ങളായി മുറി തുറന്നിട്ടില്ലെന്നു വ്യക്തം. അത്ര പൊടിയും മാറാലയുമാണ്‌ മുറിയിൽ. അയാൾ പൊടി ഉള്ളിൽ കടക്കാതിരിക്കാൻ തൂവാല കൊണ്ട്‌ മൂക്കു പൊത്തി. മാറാലകൾ കൈ കൊണ്ടു നീക്കി അയാൾ മുന്നോട്ട്‌ നടന്നു. മുറിയുടെ ചുവരിൽ സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങളാണ്‌. ഗോമസ്‌ ഓരോ ചിത്രങ്ങളും ചുവരിൽ നിന്നെടുത്ത്‌ പൊടി തുടച്ചു നോക്കി. എന്തൊരു സൗന്ദര്യം! അയാൾ അത്ഭുതപ്പെട്ടു. വശ്യമായ കണ്ണുകളും നനവൂറുന്ന അധരങ്ങളും അയാളുടെ നെഞ്ചിടിപ്പ്‌ കൂട്ടി. ചിത്രം അയാൾ തിരികെ ചുവരിൽ തൂക്കി.
നിരവധി മുറികളിലൂടെ അയാൾ കയറിയിറങ്ങി. എല്ലാത്തിലും പൊടിയും മാറാലയും തന്നെ. മദാലസകളായ സ്ത്രാകളുടെ ചിത്രങ്ങൾ എല്ലാ ചുവരുകളിലും കാണാം.
അവസാനം അയാൾ ദീപക്‌ സൂചിപ്പിച്ച നിലവറയ്ക്കു മുന്നിലെത്തി. പൂട്ടിക്കിടക്കുന്ന ഭയങ്കരൻ വാതിൽ. ഗോമസ്‌ അൽപ സമയം അവിടെ നിന്ന ശേഷം തിരികെ നടന്നു. എന്നാൽ കുറച്ച്‌ നടന്നതിനു ശേഷം ജിജ്ഞാസ കൊണ്ട്‌ അയാൾ തിരികെ വന്നു. മനുഷ്യന്റെ സഹജവാസനയാണല്ലോ അത്‌, നിഗൂഢമായത്‌ അറിയാനുള്ള ഉത്കണ്ഠ. ഗോമസിനും ആ ഉത്കണ്ഠ ബാധിച്ചു.
താക്കോൽക്കൂട്ടങ്ങൾക്കിടയിൽ നിന്ന് ഏറ്റവും വലിയ താക്കോൽ നോക്കി തിരഞ്ഞെടുത്ത അയാൾ വ്യാളിയുടെ മുഖം പോലെയുള്ള വമ്പൻ താഴിലിട്ട്‌ താക്കോൽ തിരിച്ചു.
'ക്ലിംഗ്‌' എന്ന ശബ്ദത്തോടെ താഴ്‌ തുറന്നു. ഗോമസ്‌ അൽപ സമയം ചിന്താധീനനായി നിന്നു. ശേഷം ഒരുൾക്കിടിലത്തോടെ അയാൾ വാതിൽ തള്ളിത്തുറന്നു.
പെട്ടെന്ന്, ഒരു പൂച്ച മോങ്ങിക്കൊണ്ട്‌ ഗോമസിന്റെ കാലുകൾക്കിടയിലൂടെ പുറത്തേക്കോടി. അയാളുടെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി. പൊങ്ങ്ങ്ങി വന്ന നിലവിളി ഒരു വിധേന അടക്കി മിടിക്കുന്ന ഹൃദയത്തോടെ അയാൾ മുന്നോട്ടു നടന്നു. അയാൾ കുരിശുമാലയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. അൽപ സമയം ഭിത്തിയിൽ പരതിയ അയാളുടെ കണ്ണുകൾ സ്വിച്ച്‌ കണ്ടു പിടിച്ചു. അയാൾ സ്വിച്ച്‌ ഓണാക്കി. മങ്ങിയ ഒരു പ്രകാശം മുറിയിൽ നിറഞ്ഞു. പൊടിയും മാറാലകളും തന്നെയാണ്‌ അവിടെയും. നിലവറയിലെ മങ്ങിയ പ്രകാശത്തിൽ ധാരാളം ശവപ്പെട്ടികൾ ഗോമസ്‌ അവിടെ കണ്ടു. ജൊനാതൻ ഹാർക്കറുടെ നേതൃത്വത്തിൽ നശിപ്പിക്കപ്പെട്ട പിശാചിനികളുടേതാവാം ഇത്‌ എന്ന ചിന്ത അയാളിൽ ഒരു ഞെട്ടലുണ്ടാക്കി. അയാൾ അവിടെ നിന്നു കൊണ്ടു തന്നെ മുറി മുഴുവൻ വീക്ഷിച്ചു.
വിശാലമായ ഒരു നിലവറ. പഴകിയ മണ്ണിന്റെ ദുർഗ്ഗന്ധം നാസാരന്ധ്രങ്ങളിലേക്ക്‌ തുളച്ചു കയറുന്നുണ്ട്‌. ഭിത്തിയിൽ മുഴുവൻ സ്ത്രീ ശരീരത്തിന്റെ പ്രദർശ്ശനമാണ്‌. കാൽപാദത്തിലേക്ക്‌ തണുപ്പ്‌ അരിച്ചു കയറുന്നു. എന്തൊക്കെയോ വിചിത്ര ശബ്ദങ്ങൾ അങ്ങിങ്ങായി കേൾക്കാം.
ശവപ്പെട്ടികളെല്ലാം ഒന്നിനു മുകളിൽ ഒന്നായി കൂട്ടിയിട്ടിരിക്കുകയാണ്‌. ആണിയടിച്ച്‌ ഭദ്രമായി ഉറപ്പിച്ചിട്ടുണ്ട്‌, എല്ലാം.
അയാൾ മുന്നോട്ട്‌ നടന്നു. അപ്പോഴാണ്‌ നിലവറയുടെ അങ്ങേയറ്റത്ത്‌, വലിപ്പമേറിയ, കൊത്തുപണികളാൽ സമ്പന്നമായ രാജകീയ പ്രൗഢിയുള്ള ഒരു ശവപ്പെട്ടി അയാൾ കണ്ടത്‌.
'ഡ്രാക്കുള പ്രഭുവിന്റെ ശവപ്പെട്ടി!'
ഭയം അയാളുടെയുള്ളിൽ പെരുമ്പറ കൊട്ടി. അയാൾ സാവധാനം പെട്ടിയ്ക്കരികിലേയ്ക്ക്‌ നടന്നടുത്തു. പെട്ടിയുടെ വലതു വശത്ത്‌ സുവർണ്ണലിപികളിൽ എഴുതിയിരിക്കുന്നത്‌ ഒരു ഞെട്ടലോടെ അയാൾ വായിച്ചു.
'ഡ്രാക്കുള'
അയാളുടെ സിരാപടലങ്ങളെ നിശ്ചലമാക്കിക്കൊണ്ട്‌ ഒരു മിന്നൽപ്പിണർ അയാളുടെ ശരീരത്തിലൂടെ കടന്നു പോയി. അകാരണമായ ഒരു ഭയം അയാളെ കീഴ്പ്പെടുത്തി. ഉടൻ തന്നെ നിലവറയ്ക്കുള്ളിൽ നിന്നും അയാൾ പുറത്തേക്കോടി.
ഹാളിലാണ്‌ അയാളുടെ ഓട്ടം അവസാനിച്ചത്‌. കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന എലീന ചാടിയെഴുന്നേറ്റു.
"എന്താ? എന്തു പറ്റി?"
അവൾ ചോദിച്ചു.
'ങും, നതിംഗ്‌"
ഒന്നറച്ച ശേഷം ഗോമസ്‌ പറഞ്ഞു. ശേഷം അയാൾ തിടുക്കത്തിൽ മുകളിലേക്കുള്ള പടിക്കെട്ടുകൾ കയറി. കുറച്ചു സമയം ആലോചനാമഗ്നയായി നിന്ന ശേഷം എലീന അയാളെ പിന്തുടർന്നു.
ഗോമസ്‌ മുകളിലെ ഇടനാഴിയിലൂടെ തങ്ങളുടെ മുറിയും കടന്ന് മുന്നോട്ട്‌ നടന്നു. അതിനു ശേഷം അയാൾ കണ്ട മുറി ബന്ധിതമായിരുന്നു. കാലപ്പഴക്കം തുരുമ്പേൽപ്പിച്ച ആ താഴ്‌ കുറച്ചു നേരത്തെ പരിശ്രമത്തിനു ശേഷം അയാൾ തുറന്നു. അയാൾ വാതിൽ തള്ളിത്തുറന്നു. നിരനിരയായ ഷെൽഫുകളിൽ ഒട്ടനവധി പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു. അതൊരു ലൈബ്രറിയാണെന്ന് ഗോമസിനു മനസ്സിലായി. പുസ്തകങ്ങളൊക്കെയും പൊടി പിടിച്ച്‌ കിടക്കുകയാണ്‌. എങ്കിലും മറ്റു മുറികളിലെപ്പോലെയില്ല. അയാൾ മുന്നോട്ടു ചെന്ന് ഒരു ഷെൽഫിൽ പരതാൻ തുടങ്ങി. അസഹ്യമായ പൊടിയുണ്ട്‌ അവിടെ. അയാൾ ഒരു കൈ കൊണ്ട്‌ മൂക്ക്‌ പൊത്തിപ്പിടിച്ച്‌ തിരച്ചിൽ തുടരുമ്പോൾ എലീനയും അവിടെയെത്തി. അവളും പുസ്തകങ്ങൾ പരതാൻ തുടങ്ങി. പെട്ടെന്ന് തന്നെ തടിച്ച, മങ്ങിയ പുറം ചട്ടയുള്ള ഒരു പുസ്തകം അവളുടെ കണ്ണിൽപ്പെട്ടു. 'ട്രാൻസില്വേനിയയിലെ അത്ഭുതസസ്യങ്ങൾ' എന്ന പുസ്തകത്തിന്റെ തലക്കെട്ട്‌ വായിച്ചതും 'യെസ്‌' എന്ന ആഹ്ലാദ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട്‌ അവൾ ഷെൽഫിൽ നിന്നും പുസ്തകം പുറത്തെടുത്തു. പുസ്തകത്തോടൊപ്പം ഒരു പല്ലിയും കുറച്ച്‌ ചിതൽപ്പുറ്റും താഴേക്ക്‌ വീണു. എങ്കിലും ചിതൽ പുസ്തകത്തെ ആക്രമിച്ചിരുന്നില്ല. പുസ്തകത്തിന്റെ പുറം ചട്ടയിലെ പൊടി തട്ടിക്കളഞ്ഞു കൊണ്ട്‌ എലീന ലൈബ്രറിക്കുള്ളിൽ തന്നെയുണ്ടായിരുന്ന ഒരു കസേരയിലേക്കിരുന്നു. കസേരയിലെ പൊടി അവൾ ശ്രദ്ധിച്ചതു പോലുമില്ല. ഇതിനിടെ ഗോമസിന്റെ കണ്ണുകൾ മറ്റൊരു പുസ്തകത്തിലുടക്കി. 'ഡ്രാക്കുള; കുടുംബ ചരിത്രം' എന്ന പുസ്തകം അയാൾക്ക്‌ ആകർഷണീയമായി തോന്നി. അയാൾ അതെടുത്ത്‌ ജനൽപ്പാളി തുറന്ന് അതിനരികെ നിന്നു. നേരിയ തണുപ്പുള്ള കാറ്റ്‌ മുറിക്കുള്ളിലേക്ക്‌ വീശുന്നുണ്ട്‌. നേരേ മുന്നിൽ, ദൂരെ കാർപ്പേത്യൻ മലനിരകൾ. താഴെ തരിശു ഭൂമിയാണ്‌. രക്തം കലർന്ന ഒരു ചുവപ്പു നിറമാണോ മണ്ണിന്‌? അയാൾ വേഗം നോട്ടം പിന്വലിച്ചു. മിനിട്ടുകൾക്ക്‌ മുൻപുണ്ടായ ഭയത്തിന്റെ അകമ്പടിയോടെ അയാൾ പുസ്തകം തുറന്നു. ആദ്യ പേജിൽ കൂർത്ത മുഖവും ആഴ്‌ന്നിറങ്ങുന്ന കണ്ണുകളുമുള്ള ഒരു മനുഷ്യന്റെ ഫോട്ടോ. ഊശാൻ താടി അയാളിൽ ഏച്ചുകെട്ടിയതു പോലെ നിന്നു. സാധാരണ മനുഷ്യരേക്കാളും കൂർത്ത ചെവിയാണയാൾക്ക്‌ എന്ന് ഗോമസിനു തോന്നി. ദുരൂഹത നിറഞ്ഞ കണ്ണുകളും വിളറിയ മുഖവുമെല്ലാമായി സുഖകരമല്ലാത്ത ഒരു രൂപം. ചിത്രത്തിനടിയിൽ 'ഡ്രാക്കുള ഒന്നാമൻ' എന്നും ബ്രാക്കറ്റിൽ 'സ്കാൻഡേവിയൻ പ്രഭു' എന്നും എഴുതിയിരിക്കുന്നു. ഡ്രാക്കുള കുടുംബത്തിന്റെ തുടക്കം! അയാൾ പേജുകൾ മറിച്ചു. ഓരോ പേജുകളിലും ഓരോരോ ഡ്രാക്കുളമാരുടെ ചിത്രങ്ങൾ. ചിത്രങ്ങൾ തമ്മിൽ ഏറെ വ്യത്യാസമില്ല. ഡ്രാക്കുള രണ്ടാമനും മൂന്നാമനുമൊക്കെ കടന്ന് അവസാനം ഡ്രാക്കുള ഒൻപതാമന്റെ ചിത്രം കണ്ടപ്പോൾ അയാൾ ഒന്നു ഞെട്ടി. ചിത്രത്തിൽ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഒരു വിറയൽ അയാളെ ബാധിച്ചു. ആ ചിത്രത്തിനടിയിൽ ജനനം:1451 എന്നെഴുതിയിരിക്കുന്നു. എന്നാൽ മരണം രേഖപ്പെടുത്തിയിരുന്നില്ല. ഗോമസ്‌ ഞെട്ടിത്തെറിച്ചു പോയി. 'ഒൻപതാം ഡ്രാക്കുള മരിച്ചിട്ടില്ലെന്നോ'

(തുടരും)

Tuesday, April 21, 2015

ഇല്ലിക്കമലയുടെ നെറുകയിൽ

ഇല്ലിക്കൽ മല.
ഈരാറ്റുപേട്ട-തീക്കോയി- അടുക്കം. അടുക്കത്തു നിന്ന് ഏകദേശം 7 കിലോമീറ്ററാണ്‌ ഇല്ലിക്കൽ മലയിലേക്കുള്ള ദൂരം. മലയുടെ താഴ്‌വര വരെ പുതുതായി ടാർ ചെയ്ത റോഡായതു കൊണ്ട്‌ യാത്ര സുഖമാണ്‌. ചെങ്കുത്തായ കയറ്റങ്ങളും ഹെയർപിൻ വളവുകളുമൊക്കെയായി ആ റോഡിലൂടെയുള്ള യാത്ര ഒരൽപം നെഞ്ചിടിപ്പുണ്ടാക്കുന്നതാണ്‌. റോഡിന്‌ ഒരുപാട്‌ വീതിയൊന്നുമില്ല. അലക്ഷ്യമായി വണ്ടിയോടിച്ചാൽ താഴെ അടുക്കത്തോ ഈരാറ്റുപേട്ടയിലോ ഒക്കെയായി അന്ത്യവിശ്രമം കൊള്ളേണ്ടി വരും.
അടുക്കത്തു നിന്നുള്ള പുതിയ റോഡിലേക്ക്‌ കയറി കുറച്ച്‌ കഴിയുമ്പോൾ തന്നെ സുഖകരമായ കാലാവസ്ഥ തുടങ്ങും. തണുത്ത കാറ്റ്‌ സൗമ്യമായു വീശിക്കൊണ്ടിരിക്കും.
'എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം'
എന്ന കവിഭാഷ്യം പോലെയാണ്‌ ആ യാത്രയിലെ കാഴ്ചകൾ. ചുറ്റും മലനിരകളാണ്‌. പുള്ളിക്കാനം, വാഗമൺ അങ്ങിനെ ചുറ്റും പച്ചപ്പ്‌ മാത്രം. വഴിയിലുട നീളം പനയുടെ വർഗ്ഗത്തിൽ പെട്ട ഏതോ ഒരു മരം, പേരറിയില്ല. വളർന്നു തുടങ്ങിയിട്ടേയുള്ളൂ.
എത്തുന്നതിനു കുറേ മുൻപു തന്നെ മലയുടെ പിൻഭാഗം കാണാം. ഉയർന്ന് പ്രൗഢമായി നിൽക്കുന്ന ആ കാഴ്ച്ച തന്നെ സുന്ദരമാണ്‌. മലയിലേക്ക്‌ അടുക്കുന്നതിന്‌ മീറ്ററുകൾക്കിപ്പുറം ടാർ ചെയ്യാത്ത കുറച്ചു സ്ഥലമുണ്ട്‌. അവിടെ പണി നടക്കുന്നേയുള്ളൂ. പാറ പൊട്ടിച്ച്‌ താഴേക്ക്‌ കൂട്ടിയിട്ടിരിക്കുന്നു. അതു വഴി വരാം. പക്ഷേ, ശ്രദ്ധിക്കണം. റോഡിൽ ഒരുപാട്‌ കല്ലുകളുണ്ട്‌. അതിൽ കയറി ഒന്ന് തെന്നിയാൽ താഴെ കൂടിക്കിടക്കുന്ന കരിങ്കൽക്കൂട്ടങ്ങളിലാവും ചെന്ന് പതിക്കുക. എല്ല് പൊടിയ്ക്കാൻ പോലും ഒന്നും കിട്ടില്ല.
മലയിലേക്ക്‌ കയറാൻ രണ്ട്‌ വഴികളുണ്ട്‌. രണ്ടും ഒരാൾക്ക്‌ നടക്കാൻ കഴിയുന്നത്ര മാത്രം വീതിയുള്ള നടപ്പു വഴികൾ. മുകളിലെത്തണമെങ്കിൽ കുറച്ച്‌ നടക്കാനുണ്ട്‌. ഇടക്കിടെ കാണുന്ന പാറക്കൂട്ടങ്ങളിൽ അള്ളിപ്പിടിച്ച്‌ മുകളിലെത്തുമ്പോഴേക്കും നിങ്ങൾ അണച്ചു പോകും.
അവിടെത്തി കിതപ്പ്‌ മാറ്റാൻ ഒരു സിഗരറ്റും വലിച്ചു കൊണ്ട്‌ വിശ്രമിക്കേ സുഹൃത്താണ്‌ കാണിച്ചു തന്നത്‌.
"അളിയാ, വിട്ടില്‌ (ചീവീട്‌). പണിയാ. കണ്ടോ, ഒന്ന് മറ്റേതിന്റെ പുറത്ത്‌ കയറിയിരിക്കുന്നത്‌"
ഞാൻ ശ്രദ്ധിച്ചു. കുടുംബാസൂത്രണത്തിലാണ്‌ ചീവീട്‌ കുടുംബം. ഫോണിൽ ഫോട്ടോയെടുക്കാൻ ഞാനൊരു ശ്രമം നടത്തി. പോസ്‌ ചെയ്തില്ലാന്നു മാത്രമല്ല, അവർ ഫോൺ കൊണ്ടു പോകുന്നതിനനുസരിച്ച്‌ മാറി മാറിപ്പോവുകയും ചെയ്തു. അങ്ങനെ ആ ശ്രമം വിട്ടു.
അവിടെ നിന്നും വളരെ ശ്രദ്ധിച്ച്‌ താഴേക്കിറങ്ങി ഒരു നൂൽപ്പാലത്തിലെന്ന വണ്ണം, ഒരു പാദം മാത്രം ഒരു സമയത്ത്‌ വെക്കാൻ പറ്റുന്ന ഇടുങ്ങിയ വഴിയിലൂടെ താഴേക്ക്‌ നോക്കാതെ ഒരൽപം നടന്നാൽ നമുക്ക്‌ മലയുടെ മുനമ്പിനു താഴെയെത്താം. വലിയൊരു പാറയാണത്‌. 100 കണക്കിനു വർഷങ്ങൾക്കു മുൻപ്‌ ആ പാറയിൽ നിന്നും ഒരു കഷണം അടർന്നു വീണു എന്നാണ്‌ പറയപ്പെടുന്നത്‌. നോക്കിയാൽ അടർന്നു വീണെന്ന് തോന്നുകയും ചെയ്യും. ഈരാറ്റുപേട്ടയിൽ എവിടെ നിന്നു നോക്കിയാലും കാണാവുന്ന ഇംഗ്ലീഷ്‌ അക്ഷരം 'V' യുടെ ആകൃതിയിൽ ഒരു വിടവു കാണാം. ആ വിടവാണ്‌ ഈ വിടവ്‌.
പാറയിലൂടെ ഒരൽപം സാഹസികമായി മുകളിലേക്ക്‌ ഒരൽപം കയറിയാൽ ഒരു ഗുഹ കാണാം. പക്ഷേ, കേറുമ്പോ സൂക്ഷിക്കണം. ഒരു പാദചലനം പിഴച്ചാൽ നൂറടിയോളം താഴേക്കാണ്‌ നാം പതിക്കുക. പാറയിലൂടെ അള്ളിപ്പിടിച്ച്‌ കയറുമ്പോൾ രക്തം തണുത്തുറയുന്നതു പോലെ തോന്നാം, പതറരുത്‌. ഗുഹ തീരെ ചെറുതാണ്‌. ഇരുട്ടും ഭീതിയും നിറഞ്ഞ സങ്കീർണ്ണമായ ഒരവസ്ഥയാണപ്പോൾ നമുക്കുണ്ടാവുക. അവിടെ നിന്നും മുകളിൽ വിവരിച്ചതു സാവധാനം, വളരെ ശ്രദ്ധിച്ച്‌ തിരിച്ചിറങ്ങണം. എന്നിട്ട്‌ മലയുടെ മുകളിൽ ശുദ്ധമായ തണുത്ത കാറ്റേറ്റ്‌ പച്ചപ്പ്‌ ആസ്വദിച്ച്‌ കുറേ നേരം ഇരുന്നിട്ട്‌ മടങ്ങാം.

ഏച്ചുകെട്ട്‌:- അറിയപ്പെട്ടു തുടങ്ങിയിട്ടേയുള്ളൂ സ്ഥലം. കച്ചവടക്കണ്ണുകൾ പതിയാതിരുന്നാൽ നന്ന്