Friday, October 30, 2015

ഒരു സീരിയസ് കഥ

അന്നയാൾ ഓഫീസിൽ നിന്ന് നേരത്തേ ഇറങ്ങി. കുറേ നാളായി ഒരു സിനിമയ്ക്ക്‌ പോകണം എന്ന് വിചാരിക്കുന്നു. ഇന്നെന്തായാലും പോകണം. അയാൾ തന്റെ ക്യാബിനിൽ നിന്നും പുറത്ത്‌ കടന്നു. റിസപ്ഷനിൽ ഐശ്വര്യ അഗാധതയിലേക്ക്‌ നോക്കി ഇരിക്കുന്നു.
"ഐഷ്‌, എന്താ പരിപാടി?"
അയാൾ റിസപ്ഷനിലേക്ക്‌ ചെന്നു കൊണ്ട്‌ ചോദിച്ചു.
"ഓ, എന്ത്‌ പരിപാടി സാർ. ഞാൻ വെറുതേ ഓരോന്നാലോചിച്ച്‌..."
"വരുന്നോ? ഒരു സിനിമയ്ക്ക്‌ പോകാം"
അവൾ അൽപ നേരം ഒന്ന് നിശബ്ദയായി.
"ഇല്ല സാർ. ഞാൻ, എനിക്ക്‌ വീട്ടിലിത്തിരി ജോലിയുണ്ട്‌"
അവൾ പറഞ്ഞൊപ്പിച്ചു.
"ഓഹ്‌. ഓകെ ദെൻ, ബൈ"
അയാൾ തിരിഞ്ഞ്‌ പുറത്തേക്ക്‌ നടന്നു. പാർക്കിംഗിലെത്തി തന്റെ കാറിന്റെ ഡോറ്‌ തുറക്കുമ്പോൾ പിന്നിൽ നിന്നൊരു വിളി:
"സുധീ..."
ആ ശബ്ദം തനിക്ക്‌ പരിചയമുണ്ട്‌. അയാൾ തിരിഞ്ഞു. വിശ്വസിക്കാൻ കഴിഞ്ഞില്ല, ലിൻസി! അൽപ സമയം അയാൾ സ്തബ്ധനായി നിന്നു.
"ലിൻസീ നീ, നീ എങ്ങനെ ഇവിടെ? ഓസ്ട്രേലിയയിൽ നിന്നെപ്പോ വന്നു?"
അവൾ ഒന്ന് ചിരിച്ചു.
"നിനക്കും എനിക്കും ഒരുപാട്‌ ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ട്‌. ഇവിടെ നിന്ന് സംസാരിച്ചാൽ തീരില്ല. നമുക്ക്‌ എങ്ങോട്ടെങ്കിലും പോവാം"
"യാ, ഷുവർ. ഗെറ്റിൻ"
അയാൾ അവൾക്ക്‌ ഡോർ തുറന്ന് കൊടുത്തു.
"ആക്ച്വലി, ഞാനൊരു സിനിമയ്ക്ക്‌ പോവാൻ പ്ലാനിട്ടിരുന്നു. അതാണ്‌ നേരത്തേ ഇറങ്ങിയത്‌"
സീറ്റ്‌ ബെൽറ്റിടുന്നതിനിടെ അയാൾ പറഞ്ഞു.
"നമുക്ക്‌ ബീച്ചിലേക്ക്‌ പോവാം"
അവൾ പെട്ടെന്ന് പറഞ്ഞു.
"ദാറ്റ്‌ മസ്റ്റ്‌ ബീ ബെറ്റർ"
ശങ്കയോടെ അത്രയും പറഞ്ഞ ശേഷം അയാൾ കാർ മുന്നോട്ടെടുത്തു.
"നീ എപ്പഴെത്തി?"
"ഇന്നലെ"
"ഓഹ്‌, അപ്പോ ഭർത്താവ്‌?"
"ഓ, അയാൾ വന്നില്ല"
തീരെ താത്പര്യമില്ലാതെയാണ്‌ അവൾ അത്‌ പറഞ്ഞത്‌.
"നിങ്ങൾക്കിടയിൽ, എനി പ്രോബ്ലം?"
"സുധീ, പ്ലീസ്‌. ഞാനിപ്പോ വന്നത്‌ നിന്നെക്കാണാനാണ്‌. നമുക്ക്‌ പഴയ സുധിയും വാവയും ആകാം. അതിനിടയിലേക്ക്‌ അയാളെക്കൊണ്ടു വരരുത്‌. എനിക്ക്‌ വേണ്ടത്‌ പഴയ കോളേജ്‌ കാലഘട്ടമാണ്‌"
സുധീർ ഒരു നിമിഷം നിശബ്ദനായി.
"ശരി, ചോദിക്കുന്നില്ല"
അവൾ ചിരിച്ചു.
"സോ, നീയിപ്പഴും എന്നെ ഓർമ്മിക്കുന്നുവല്ലേ?"
അയാൾ തുടർന്ന് ചോദിച്ചു.
"സുധീ, നിനക്കെന്തറിയാം. അങ്ങനെയെളുപ്പം മറക്കാൻ കഴിയുന്ന ഓർമ്മകളല്ല നീയെനിക്ക്‌ നൽകിയിട്ടുള്ളത്‌"
അവൾ ഹാൻഡ്‌ ബാഗിൽ നിന്ന് സൺഗ്ലാസെടുത്ത്‌ ധരിച്ചു.
ലിൻസിയെ ആദ്യം കാണുന്നത്‌ കോളേജിലെ മൂന്നാം വർഷം തുടങ്ങിയ സമയത്ത്‌ കാമ്പസിൽ സുഹൃത്തുക്കളോട്‌ കത്തി വെച്ചു കൊണ്ടിരുന്നപ്പോഴാണ്‌. നീണ്ട മുടിയും വലിയ കണ്ണുകളും ചുവന്ന കവിളുമുണ്ടായിരുന്ന ലിൻസി മെല്ലെ അയാളുടെ സ്വന്തമായിത്തീർന്നു. പ്രണയം കത്തി നിന്ന അഞ്ചു വർഷങ്ങൾ. സ്വാഭാവികമായ എല്ലാ പ്രണയത്തിന്റെയും ക്ലൈമാക്സ്‌ പോലെ അവളുടെ താത്പര്യം നോക്കാതെ അവളെ ഒരു ഡോക്ടർക്ക്‌ കെട്ടിച്ചു. അയാൾ എഞ്ചിനീയറിംഗ്‌ കഴിഞ്ഞ്‌ ഇപ്പോ ജോലി ചെയ്യുന്നു.
കടപ്പുറത്ത്‌ താരതമ്യേന തിരക്ക്‌ കുറവായിരുന്നു. അയാൾ നിലക്കടല വിൽപനക്കാരനോട്‌ രണ്ടു പൊതി കടല വാങ്ങി. അത്‌ കൊറിച്ചു കൊണ്ടിരിക്കേയാണ്‌ ലിൻസി ചോദിച്ചത്‌:
"നീ എന്നെ ഓർക്കാറുണ്ടോ?"
അവളുടെ ശബ്ദത്തിൽ പരിഭവം.
"പിന്നെ ഓർക്കാതെ. വല്ലാത്ത നീറ്റലാണ്‌. ഇപ്പോ അത്‌ മറക്കാൻ ഫ്ലർട്ടിംഗ്‌ ഒരു തൊഴിലാക്കി ജീവിക്കുന്നു"
അവൾ അയാളുടെ കൈ ചുറ്റിപ്പിടിച്ചു.
"സുധീ, എനിക്കൊരാഗ്രഹമുണ്ട്‌"
"ങാ, പറ"
"സാധിച്ച്‌ തരുമോ?"
"തരാം"
"ങ്‌..., എനിക്ക്‌ സുധിയിലൂടെ ഒരു കുഞ്ഞിനെ വേണം!"
അയാൾ ഞെട്ടിത്തെറിച്ചു.
"വാട്ട്‌ ഡൂ യൂ മീൻ?"
"ഐ മീൻ വാട്ടൈ സെഡ്‌. നിനക്കറിയാമോ ഇതു വരെ ഞങ്ങൾ ലൈംഗികമായി ബന്ധപ്പെട്ടില്ല. ആറ്‌ മാസം! ആദ്യമൊക്കെ അയാൾ മോശമായൊന്നും പ്രതികരിച്ചില്ല. പക്ഷേ, പിന്നീട്‌ വഷളായി. ഇപ്പോ എന്നെ കുറേ ചീത്ത പറഞ്ഞ്‌ അടിച്ച്‌ അയാൾ ചുരുണ്ടു കൂടിക്കിടന്നുറങ്ങും. എന്നിട്ടും ഞാൻ വഴങ്ങിയില്ല. പക്ഷേ, എത്ര നാൾ? അതും എനിക്കറിയാം. പക്ഷേ, ഉണ്ടാകുന്ന കുഞ്ഞ്‌ നിന്റേതായിരിക്കണം. അതിനാണ്‌ ഈ വരവ്‌"
"ബട്ട്‌ ലിൻസീ, ദിസീസ്‌ നോട്ട്‌ പ്രാക്റ്റിക്കൽ"
"കമോൺ സുധീ. ഞാൻ നിന്നോട്‌ ഈയൊരു കാര്യമല്ലേ ആവശ്യപ്പെട്ടുള്ളൂ. പ്ലീസ്‌ അണ്ടർസ്സ്റ്റാൻഡ്‌ മീ"
"പക്ഷേ..."
"ഒരു പക്ഷേയുമില്ല. സുധീ, പ്ലീസ്‌"
അയാൾ ഒന്ന് നെടുവീർപ്പിട്ടു.
"ശരി. വാ, പോകാം"
ഒക്കെക്കഴിഞ്ഞ്‌ അവൾ തിരികെപ്പോയി. പക്ഷേ, അയാൾ കുറ്റബോധം കൊണ്ട്‌ നീറി. ചെയ്യുന്നതെല്ലാം അബദ്ധമായിത്തീർന്നു. ഓഫീസിൽ അയാൾ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. മദ്യവും പുകയിലയും അയാളുടെ ജീവിതത്തെ കാർന്നു തിന്നു. സാവധാനം അയാളുടെ സമനില തെറ്റുകയായിരുന്നു.
ലിൻസിയുടെ പ്രസവ ദിവസം. അവളെ നാട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു. കടിഞ്ഞൂലാണല്ലോ. പ്രസവം കഴിഞ്ഞ്‌ ലിൻസിയെ മുറിയിലേക്ക്‌ മാറ്റി. പെട്ടെന്ന് എന്തൊക്കെയോ ഉച്ചത്തിൽ പുലമ്പിക്കൊണ്ട്‌ മുഷിഞ്ഞ വസ്ത്രങ്ങളുമായി ഒരു രൂപം മുറിയിലേക്ക്‌ പാഞ്ഞു വന്നു.
"എന്റെ കുഞ്ഞ്‌ എന്റെ കുഞ്ഞ്‌"
അയാൾ ബെഡ്ഡിൽ കിടന്ന കുഞ്ഞിനെ എടുക്കാനാഞ്ഞു. ലിൻസി പേടിച്ച്‌ അലറി വിളിച്ചു. അപ്പഴേക്കും സെക്യൂരിറ്റി ഓടി വന്ന് അയാളെ പിടിച്ചു മാറ്റി.

"എന്റെ കുഞ്ഞ്‌, എന്റെ കുഞ്ഞ്‌'
അയാൾ അട്ടഹസിച്ചു കൊണ്ട്‌ കുതറാൻ ശ്രമിച്ചു.
"എന്റെ കുഞ്ഞാ അത്‌. അല്ലെങ്കിൽ വാവയോട്‌ ചോദിച്ചു നോക്ക്‌"
അയാൾ അവിടെക്കൂടിയവരോടായി പറഞ്ഞു.
"ലിൻസീ, ആരാ ഇത്‌?"
അവളുടെ ഭർത്താവിന്റെ ചോദ്യം.
"എനിക്കറിയില്ല അച്ചായാ..."
കൊല്ലപ്പെട്ടത്‌ ഭ്രാന്തനായതു കൊണ്ട്‌ അത്‌ വാർത്തയായില്ല.

മരിക്കാൻ വിധിക്കപ്പെട്ടവർ

അന്നവളുടെ ജന്മദിനമായിരുന്നു. അയാൾ നേരത്തേ തന്നെ ലീവെടുത്തിരുന്നു. അഞ്ച്‌ കൊല്ലായി കല്യാണം കഴിഞ്ഞിട്ട്‌. പ്രേമവിവാഹമായതു കൊണ്ടു തന്നെ ബന്ധുക്കളൊക്കെ അകലം പാലിച്ചു നിൽക്കുകയാണ്‌. ബന്ധുക്കളെയൊന്നും അവർക്കാവശ്യവുമില്ലായിരുന്നു. അയാളുടെ ലോകം അവളും 3 വയസ്സായ മോനും മാത്രമായിരുന്നു.
ഉരുളൻ കല്ലുകൾ ചിട്ടയില്ലാതെ പാകിയ വിസ്തീർണ്ണം കുറഞ്ഞ മുറ്റത്തിനു വശത്തെ അലക്കുകല്ലിനു മുകളിൽ കാൽ കയറ്റി വെച്ചു കൊണ്ട്‌ അയാൾ ചെരിപ്പിന്റെ വള്ളി കെട്ടി.
"പോകാം?"
ആദി എന്ന അയാളുടെ മകൻ ആദിലിനോട്‌ അയാൾ ചോദിച്ചു. 'ഉവ്വ്‌' എന്ന അർത്ഥത്തിൽ അവൻ തലയാട്ടി. അലക്കുകല്ലിനു മുകളിലിരുന്ന പൊതിയെടുത്ത്‌ ആദിക്കു നേരെ നീട്ടിക്കൊണ്ട്‌ അയാൾ മുന്നോട്ട്‌ നടന്നു.
പൂത്തു നിൽക്കുന്ന വാക മരങ്ങൾ തണൽ തീർത്തിട്ടുണ്ട്‌ ശ്മശാനമാകെ. അയാൾ കയ്യിലിരുന്ന ബൊക്കെ അവളുടെ ശവകുടീരത്തിനു മുകളിൽ വെച്ചു. ആദിയുടെ കയ്യിൽ നിന്നും പൊതി വാങ്ങി അതും വെച്ച ശേഷം അയാൾ കൈ കൂപ്പി കണ്ണുകളടച്ചു. ആദി എന്ത്‌ ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. അയാൾ അവനരികിൽ മുട്ടു കുത്തി.
"ആദീ, കയ്യിങ്ങനെ വെച്ച്‌ പ്രാർത്ഥിക്ക്‌. അമ്മക്ക്‌ നല്ലതു വരട്ടെ. അതിനു വേണ്ടി ദൈവത്തിനോട്‌ പ്രാർത്ഥിക്ക്‌"
അയാൾ അവന്റെ കൈ കൂപ്പി പിടിപ്പിച്ചു. ആ കുഞ്ഞിക്കണ്ണുകൾ പിടച്ചു.
"അമ്മ..."
അനന്തതയിലെവിടുന്നോ എന്ന പോലെ അവന്റെ ചുണ്ടുകൾ വിതുമ്പി.
7 ദിവസം! അതെ, ഏഴു ദിവസമായി അവൾ മരിച്ചിട്ട്‌. മുറ്റത്ത്‌ അലക്കിയ തുണികൾ വിരിച്ചു കൊണ്ടിരിക്കെ കാലു തെറ്റി പിന്നാക്കം മറിഞ്ഞ്‌ തലയിടിച്ചാണ്‌ മരിച്ചത്‌. ആളുകൾ അറിഞ്ഞപ്പോഴേക്കും ഒരുപാട്‌ വൈകി.
വിറങ്ങലിച്ച അവളുടെ ശരീരത്തിനരികെ ഇരിക്കുമ്പോൾ അയാൾ നിസ്സംഗനായിരുന്നു. ആദി ഇടക്ക്‌ വന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു:
"അച്ചാ, അച്ചാ അമ്മെന്തെട്ക്കാ? ഒറങ്ങാ? എപ്പെണീക്കും?"
അയാൾ പൊട്ടിപ്പോയി. ആദിയെ കെട്ടിപ്പിടിച്ചിരുന്ന് കരയുമ്പോൾ ലോകം അവസാനിക്കുന്നതായി അയാൾക്ക്‌ തോന്നി. മെല്ലെ ആൾക്കാരൊക്കെ ഒഴിഞ്ഞു. അയാൾ അക്ഷരാർത്ഥത്തിൽ ഒറ്റക്കായി. അവളുടെ അടയാളമവശേഷിക്കുന്ന ആ വീട് അയാളെ ശ്വാസം മുട്ടിച്ചു.
ഇന്നവളുടെ മാത്രമല്ല, അയാളുടെയും പിറന്നാളാണ്‌. എല്ലാ പിറന്നാളിനും പരസ്പരം സമ്മാനം നൽകുന്ന പതിവുണ്ടായിരുന്നു അവർക്ക്‌. അയാളുടെ സമ്മാനമാണ്‌ അയാൾ നേരത്തെ അവളുടെ കുഴിമാടത്തിൽ വെച്ചത്‌. അവൾ സമ്മാനം നൽകുക വളരെ നാടകീയമായാണ്‌. സമ്മാനം എവിടെയെങ്കിലും ഒളിപ്പിച്ച്‌ സൂചനകളിലൂടെ അയാളെ സമ്മാനത്തിലേക്കെത്തിക്കും. സമ്മാനപ്പൊതിയെടുത്ത്‌ തുറന്ന് അയാൾ അവളെ ചുറ്റിപ്പിടിക്കും. എന്നിട്ടാണ്‌ കേക്ക്‌ മുറിക്കുന്നത്‌.
ഓർമ്മകൾ അയാളെ അസ്വസ്ഥനാക്കി.
ഇനി അവളിൽ നിന്നൊരു സമ്മാനം അയൾക്ക്‌ കിട്ടില്ല.
തിരികെ വീട്ടിലെത്തി. പോരുമ്പോൾ വാങ്ങിയ കേക്ക്‌ അയാൾ മേശപ്പുറത്ത്‌ വെച്ചു.
"ആദീ, അച്ച ഡ്രസ്സ്‌ മാറിയിട്ട്‌ വരാം. എന്നിട്ട്‌ നമുക്ക്‌ കേക്ക്‌ കട്ട്‌ ചെയ്യാം"
അയാൾ മുറിയിലേക്ക്‌ കയറി. പെട്ടെന്ന് മൊബെയിലിൽ നോട്ടിഫിക്കേഷൻ ടോൺ. അയാൾ ഫോണെടുത്ത്‌ നോക്കി. റിമൈൻഡർ ശബ്ദിക്കുന്നു.
'ഓപൺ ആദീസ്‌ ബാഗ്‌'
റിമൻഡർ വെച്ചത്‌ അവളാണെന്ന് അയാൾക്ക്‌ മനസ്സിലായി. ഉയർന്നു വന്ന ഗദ്ഗദം അടക്കി അയാൾ മേശക്കടയിലുണ്ടായിരുന്ന ആദിയുടെ ബാഗ്‌ തുറന്നു. അതിനുള്ളിലുണ്ടായിരുന്ന ഒരു പൊതി അയാൾ പുറത്തേക്കെടുത്തു.
'ഹാപ്പി ബർത്ത്ഡേ സ്വീറ്റ്‌ ഹാർട്ട്‌' എന്നെഴുതിയപ്പെട്ട വർണ്ണക്കടലാസ്‌ കൊണ്ട്‌ പൊതിഞ്ഞ ആ പൊതി വിറയലോടെ അയാൾ തുറന്നു. ഉള്ളിൽ അവർ മൂവരുമുള്ള ഒരു ചിത്രം.
'യൂ ആൻഡ്‌ മീ ഫോറെവർ' എന്നെഴുതിയ ആ ചിത്രം പിടിച്ച്‌ അയാൾ കുറച്ച്‌ നിമിഷങ്ങൾ നിന്നു. ചിത്രത്തിൽ അയാളുടെ ഒരു തുള്ളിക്കണ്ണു നീർ വീണു.
അപ്പോൾ ആദിയുടെ വിളി:
"അച്ചാ, വാ. കേക്ക്‌ കട്ട്‌ ചെയ്യാം"
‪#‎മാധവിക്കുട്ടിയുടെ‬ 'നെയ്പായസം' എന്ന കഥയോട് കടപ്പാട്

തുറക്കാത്ത ജനാല

"പ്രതീക്ഷ, അല്ലേ?"
ചാരനിറമുള്ള വലിയ കണ്ണട ഫ്രെയിമിനു മുകളിലൂടെ നോട്ടമെറിഞ്ഞ്‌ ഡോക്ടർ സലാഹുദ്ദീൻ ചോദിച്ചു.
അവൾ ഒന്നു ചിരിച്ചു.
"ഈ പേര്‌ ആരാണിട്ടത്‌?"
ഇത്തവണ നോട്ടം പ്രതീക്ഷയുടെ അച്ഛനു നേരെ നീണ്ടു.
"ഞാൻ തന്നെയാ ഡോക്ടർ"
"നല്ല പ്രതീക്ഷയുള്ള പേര്‌"
അയാൾ ചിരിച്ചു.
"ഗോപകുമാർ, എത്ര നാളായി ഈ അസുഖം തുടങ്ങിയിട്ട്‌?"
"ഏതാണ്ട്‌ രണ്ടു മാസം സാർ"
അയാൾ ഒന്ന് ചാഞ്ഞിരുന്നു. ഡോക്ടർ ഒന്ന് കനപ്പിച്ചു മൂളി.
"കുഴപ്പമില്ല, ചികിത്സിച്ചു മാറ്റാം. എന്തായാലും ഒരു രണ്ടാഴ്ചയോളം അഡ്മിറ്റാവേണ്ടി വരും"
ഗോപകുമാർ പ്രതീക്ഷയെ നോക്കി. അവൾ പകച്ചു നിൽക്കുകയാണ്‌.
"അത്‌ കുഴപ്പമില്ല സാർ. അസുഖം മാറിയാൽ മതി"
അയാളുടെ ശബ്ദം ഇടറി.
"ഡോണ്ട്‌ വറി മാൻ. നമുക്ക്‌ ശരിയാക്കാം. അല്ലേ പ്രതീക്ഷ?"
അവൾ ചിരിക്കാൻ ശ്രമിച്ചു.
"ഓകെ"
ഡോക്ടർ മേശമേൽ വെച്ചിരുന്ന ബെല്ലമർത്തി. നിമിഷങ്ങൾക്കകം സദാ പുഞ്ചിരിച്ച മുഖവുമായി മാത്രം കാണുന്ന സിസ്റ്റർ ഏയ്ഞ്ചൽ വാതിൽക്കലെത്തി.
"ങാ, ഏയ്ഞ്ചൽ. ടേക്ക്‌ കീയർ ഓഫ്‌ ഹർ"
റൂം നമ്പർ നൂറ്റിനാല്‌. മുറിയിലേക്ക്‌ കയറിയപ്പോഴേ അവൾ ജനാല തുറന്നു. നേർത്ത തണുത്ത കാറ്റ്‌ മുറിയിലേക്ക്‌ അരിച്ചു കയറി.
"ചിമ്മൂ, ജനലടക്ക്‌. തണുപ്പ്‌ കേറും"
അയാൾ ധൃതിയിൽ പറഞ്ഞു.
അവൾ നിരാശയോടെ അയാളെ നോക്കി.
"പറഞ്ഞത്‌ കേൾക്ക്‌ മോളേ. അതടക്ക്‌"
അവൾ ഇച്ഛാഭംഗത്തോടെ ജനാലയടച്ചു.
"പപ്പാ, അമ്മ വരുവോ?"
കൂടയിൽ നിന്നും ഒരാപ്പിളെടുത്ത്‌ കടിച്ചു കൊണ്ട്‌ അവൾ ചോദിച്ചു.
"അറിയില്ലല്ലോ മോളേ"
അയാൾ കിടക്കയിലേക്കിരുന്നു.
അടച്ച ജനാലയ്ക്കൽ കാറ്റ്‌ മൃദുവായി തലോടിക്കൊണ്ടിരുന്നു.
റൂം നമ്പർ നൂറ്റിയൊന്നു മുതൽ നൂറ്റിപ്പത്ത്‌ വരെയാണ്‌ അവിടെയുള്ളത്‌, ആ നിലയിൽ. ഇടനാഴി ഇരുണ്ടതാണ്‌. പകൽ പോലും അവിടെ വെളിച്ചമുണ്ടാവില്ല. അതിനു ബദലെന്നോണം രാത്രി ഇടനാഴിയിലെ ബൾബ്‌ കത്താറുമില്ല. അറ്റത്തെ രണ്ട്‌ മുറികൾ തുറക്കാറേയില്ല. ഇടനാഴിയുടെ അങ്ങേയറ്റത്ത്‌ ഒരു ജനാലയുണ്ട്‌. ഒരിക്കലും തുറക്കാത്ത ഒരു ജനാല.
പ്രതീക്ഷയ്ക്ക്‌ ആ ജനലിനപ്പുറം എന്താണെന്നറിയാനുള്ള ആകാംക്ഷയായി.
"പപ്പാ, ആ ജനല്‌ തൊറക്കാമ്പറ്റോ?"
"ഏതാണ്‌?"
"ആ അറ്റത്തെ"
"അത്‌ തുറക്കാനൊന്നും പറ്റൂല. നീ വെർത്തേയിരുന്നേ"
പ്രതീക്ഷ പിന്നെയൊന്നും പറഞ്ഞില്ല.
രണ്ടാഴ്ചകൾ ധൃതിയിൽ കടന്നു പോയി. അയാൾ മുറിയിലേക്ക്‌ വന്നപ്പോ പ്രതീക്ഷയെക്കണ്ടില്ല.
"ചിമ്മൂ..."
അയാൾ പുറത്തിറങ്ങി വിളിച്ചു. പെട്ടെന്ന് ഇടനാഴിയുടെ അങ്ങേയറ്റത്തു നിന്ന് തീവ്രമായ ഒരു വെളിച്ചം അവിടേക്ക്‌ വീണു. അയാൾ അത്ഭുതത്തോടെ അവിടേക്ക് നോക്കി. ജനാല തുറന്നിരിക്കുന്നു! അവിടെ നിന്നും ചിമ്മു ഓടി വന്നു.
"വാ പപ്പാ, ഞാൻ ജനല് തൊറന്നു. എന്ത് രസാന്നറിയോ. നല്ല ഭംഗീണ്ട്. അവിടെ മൊത്തം പൂക്കളാ. പിന്നെ കൊറേ കിളികളും. ഒരു പുഴയുമുണ്ട്. ആരും അത് തുറന്നില്ല. അതാ കാണാഞ്ഞേ. വാ പപ്പാ"
അവൾ അയാളുടെ കയ്യ് പിടിച്ചു വലിച്ചു.
"ചിമ്മൂ, നീയിതെന്തൊക്കെയാ പറയുന്നത്? ജനലിനു പുറത്ത് പൂന്തോട്ടമോ?"
"സത്യാ പപ്പാ, വാ"
അയാൾ അവളുടെ നിർബന്ധത്തിനു വഴങ്ങി ജനാലയ്ക്കരികിലേക്ക് പോയി.
"നോക്കിയേ"
അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി. അവള് പറഞ്ഞതു പോലെ ജനാലയ്ക്കപ്പുറം പൂന്തോട്ടമായിരുന്നു. പക്ഷികളും പുഴകളും പിന്നെ നന്മകളും മാത്രമുള്ള പൂന്തോട്ടം. ജനാലയ്ക്കരികിലേക്ക് പിന്നീട് ആ ആശുപത്രിയിലെ എല്ലാവരും വന്നു, ഡോക്ടറടക്കം. ഇരുൾ വീണ ആ ഇടനാഴി പിന്നീട് ആ ആശുപത്രിയിലെ ഏറ്റവും വെളിച്ചമുള്ള ഇടമായി. അവിടെ വന്നു നിൽക്കാൻ പിന്നീട് ഒരുപാട് പേരുണ്ടായി.
ആ ജനാല പിന്നെ അടഞ്ഞിട്ടില്ല.

കാട്ടാളന്മാരുടെ രാജ്യം

"അനാം, നീയറിഞ്ഞോ? ബീഫ്‌ കഴിച്ചു എന്നാരോപിച്ച്‌ ഒരാളെ കൊന്നിരിക്കുന്നു!"
കയ്യിലിരുന്ന കുട കൊണ്ട്‌ മേശമേൽ ശബ്ദമുണ്ടാക്കി നാരായണ പട്ടേൽ പറഞ്ഞു.
അനാം കടയിലെ ചില്ലു ഗ്ലാസിൽ റൊട്ടി അടുക്കി വെക്കുകയായിരുന്നു. അയാൾ ഭയവിഹ്വലതയോടെ കണ്ണുകൾ തുറന്നു പിടിച്ചു.
"എവിടെ?"
ഭീതി കൊണ്ട്‌ വിറങ്ങലിച്ച അയാളുടെ ശബ്ദം അടുപ്പിൽ വീണെരിഞ്ഞു.
"മഹാരാഷ്ട്രയില്‌"
നാരായണ പട്ടേലിന്റെ ശബ്ദത്തില്‌ അമ്പരപ്പും ദേഷ്യവും തലയുയർത്തി നിന്നു. അനാം റൊട്ടി പെറുക്കിക്കൊണ്ടിരുന്ന പാത്രം നിലത്തേക്കിട്ടെന്ന പോലെ മേശപ്പുറത്ത്‌ വെച്ചു.
"ഇന്ത്യയിൽ തന്നെയോ?"
അയാളുടെ ശബ്ദം വിറച്ചു.
"അതേന്നേ. നായ്ക്കൾ! മൃഗങ്ങളുടെ പേരിൽ മനുഷ്യരെ കൊല്ലുന്ന ഒരു നാടായിരിക്കുന്നു ഇത്‌"
അനാം വിറച്ചു കൊണ്ട്‌ അവിടെക്കിടന്ന ബെഞ്ചിലേക്കിരുന്നു.
"പക്ഷേ ഭയ്യാ, നിങ്ങളെങ്ങനെ വാർത്തയറിഞ്ഞു, പത്രം വന്നില്ലല്ലോ?"
"ടിവിയിൽ കണ്ടതാണ്‌. ഇന്നലെ രാത്രിയാണ്‌ സംഭവം"
അനാം താടിക്ക്‌ കൈ കൊടുത്തു. അപ്പഴേക്കും പത്രക്കാരൻ വന്നു. സൈക്കിൾ നിർത്താതെ തന്നെ ഒരു സർക്കസ്‌ അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ സൈക്കിളിന്റെ കാരിയറിൽ നിന്നും പത്രമെടുത്ത്‌ കടയിലേക്ക്‌ വീശിയെറിഞ്ഞു. പത്രം അന്തരീക്ഷത്തിലൂടെ ഒന്ന് കറങ്ങി കൃത്യം കടയിലെ ഡെസ്കിനു മുകളിൽ വന്ന് വീണു. അനാം ധൃതിയിൽ പത്രം കൈക്കലാക്കി.
"വാർത്തയുണ്ടോ എന്ന് നോക്കട്ടെ"
"ഉണ്ടാവില്ല. ഇന്നലെ രാത്രി നടന്നതാണ്‌"
നാരായണ പട്ടേൽ ഇരുന്നയിടത്തു നിന്നും അനങ്ങാതെ പറഞ്ഞു.
അനാമിന്റെ കണ്ണുകൾ പത്രത്തിന്റെ മുൻപേജിലൂടെ ഓടി നടന്നു.
"അല്ല, ഉണ്ട്‌"
അയാൾ ഒന്നു ഞെട്ടിയതായി തോന്നി. പട്ടേൽ ധൃതിയിൽ അയാൾക്കരികിലേക്ക്‌ വന്നു.
"അല്ല, ഇതെങ്ങനെ പത്രത്തിൽ...?"
അയാൾ അത്ഭുതം കൂറി.
"എന്താണ്‌ ഭയ്യാ ഇത്‌. ഇത്‌ സെൻസേഷണൽ ന്യൂസല്ലേ. വരാതെ പറ്റുമോ? മറ്റു പത്രക്കാർ കൊടുക്കുന്നതിനു മുൻപേ കൊടുത്താൽ സർക്കുലേഷനിൽ പോലും വ്യത്യാസമുണ്ടാവും"
അനാം പുച്ഛ സ്വരത്തിൽ പറഞ്ഞു.
"ശരിയാണ്‌. അതിനൊരു വർഗ്ഗീയ മുഖം കൂടി നൽകിയാൽ ചാനലുകൾക്ക്‌ ആഘോഷിക്കാനുള്ളതായി"
പട്ടേൽ അത്‌ ശരി വെച്ചു.
"എന്താണിവിടെയൊരു കൂട്ടം?"
റമീസിന്റെ ശബ്ദം അവരുടെ ശബ്ദങ്ങൾക്കു മുകളിൽ പതിച്ചു. അയാൾ ഒരു യുവ ആർക്കിടെക്ടാണ്‌.
"ങാ, റമീസ്‌. താനറിഞ്ഞില്ലേ ഈ വാർത്ത?"
അനാം പത്രം റമീസിനു നേരെ നീക്കി വെച്ചു.
"ഏത്‌ വാർത്ത?"
"ഈ വാർത്ത"
അനാം പത്രത്തിൽ ആ വാർത്ത ചൂണ്ടിക്കാട്ടിക്കൊടുത്തു.
"ഓ, അത്‌ ഞാനിന്നലെ അറിഞ്ഞു"
അയാളുടെ ശബ്ദത്തിലെ നിസ്സംഗത കണ്ട്‌ പട്ടേൽ അത്ഭുതം കൂറി.
"എന്ത്‌ പറഞ്ഞിട്ടെന്താ. എല്ലാം നശിക്കാറായി. പിന്നെ നമ്മൾ ഇവിടിരുന്ന് വെറുതേ ചർച്ച ചെയ്തിട്ടെന്താ കാര്യം?"
"ഈ തലമുറയുടെ കുഴപ്പമാണ്‌ ഭയ്യാ"
അനാം വീണ്ടും കടയ്ക്കുള്ളിലേക്ക്‌ കയറി.
"അനാം, ഒരു ചായ"
പട്ടേൽ കൈവിരൽ കൊണ്ട്‌ 'ഒന്ന്' എന്നാംഗ്യം കാണിച്ച്‌ പറഞ്ഞു.
"ങാ, റമീസ്‌ നിനക്കോ?"
അയാൾ ചില്ലു ഗ്ലാസ്‌ കയ്യിലിട്ട്‌ തിരുമിക്കഴുകുന്നതിനിടെ ചോദിച്ചു.
"ങാ, എനിക്കും"
സെൽഫോണിൽ നിന്ന് കണ്ണെടുക്കാതെ റമീസ്‌ പറഞ്ഞു.

ചായക്കടയിൽ തിരക്കു കൂടി.
'ചായ, റൊട്ടി, പോഹ'
പലർക്കും പല ആവശ്യങ്ങൾ. ചായ ഗ്ലാസുകൾ പല തവണ വന്നു പോയി. കൂലങ്കഷമായ ചർച്ചകൾ മേശക്കിരു വശവും നടന്നു. അഭിപ്രായങ്ങൾ ഒന്നൊഴിയാതെ വന്നു.
അൽപനേരം കഴിഞ്ഞപ്പോഴാണ്‌ അനാമിന്റെ മക്കൾ അവിടേക്ക്‌ വന്നത്‌. നാലും അഞ്ചും വയസ്സുള്ള പെൺകുട്ടികൾ. അവർ ഒരു ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു. രണ്ട്‌ ഗ്ലാസുകളിൽ ചായ അവരുടെ മുന്നിലെത്തി, ഒപ്പം റൊട്ടിയും ദാലും.
"ജമീലാ, നോക്കിപ്പോകണം. പട്ടിയെക്കണ്ടാൽ ഓടല്ലേ. അത്‌ പിന്നാലെ വരും"
ഒരു പൊതിയിൽ ഭാര്യക്കുള്ള ഭക്ഷണം കൊടുക്കുന്നതിനിടെ അനാം മക്കളോട്‌ പറഞ്ഞു. അപ്പോൾ റമീസ്‌ ചിരിച്ചു കൊണ്ട്‌ കുട്ടികൾക്കു നേരെ തിരിഞ്ഞു.
"ഓടണ്ട, മരത്തിൽ കേറിയാൽ മതി. അതാണിപ്പോ ഫാഷൻ"
"മരത്തിൽ കേറാൻ അറിയില്ല"
ജമീല ചുണ്ടു കൂർപ്പിച്ചു.
"വെറുതെയാ മക്കളേ. ഓടാതിരുന്നാൽ മതി. പൊയ്ക്കോ"
കുട്ടികൾ യാത്ര പറഞ്ഞ്‌ നടന്നു പോയി.
'പട്ടിയും പശുവും കൂടി മനുഷ്യനെ കൊല്ലുന്ന കാലം!'
അനാം പിറുപിറുത്തു കൊണ്ട്‌ അകത്തേക്ക്‌ കയറിപ്പോയി.
അൽപനേരം കഴിഞ്ഞു. കടയുടെ മുറ്റത്ത്‌, ഒരു തുറന്ന ജീപ്പ്പ്‌ പൊടി പടലങ്ങളുയർത്തിക്കൊണ്ട്‌ ബ്രേക്കിട്ടു. അതിൽ നിന്നും കയ്യിൽ വടിവാളുമായി ഒരു സംഘം യുവാക്കൾ ചാടിയിറങ്ങി.
"എവിടെയാ സംഭവം?"
അതിൽ കൊമ്പൻ മീശയുള്ള ഒരാൾ ചോദിച്ചു.
"ദേ, അവിടെ. തോടിന്റെ കരയിൽ"
കൂട്ടത്തിൽ ആരോ ഒരാൾ പറഞ്ഞു.
"വാ, പോകാം"
വീണ്ടും മീശക്കാരന്റെ കൽപന.
"ഏയ്‌, ഏയ്‌, ഏയ്‌ എന്താ പ്രശ്നം? എവിടേക്കാണെല്ലാവരും?"
വണ്ടിയിൽ നിന്ന് മണ്ണെണ്ണ ജാറുമായി കുതിക്കാൻ തുടങ്ങിയ സംഘത്തിനു മുന്നിലേക്ക്‌ ഓടിച്ചെന്ന് നാരായണ പട്ടേൽ ചോദിച്ചു.
"ഏയ്‌, പട്ടേൽ. മാറി നിൽക്ക്‌"
മീശക്കാരന്റെ ആജ്ഞ പട്ടേൽ വക വെച്ചില്ല.
"നിങ്ങൾ എന്താണ്‌ കാര്യമെന്ന് പറയൂ?"
"ആരോ രണ്ട്‌ പേർ അന്യമതക്കാർ നമ്മുടെ മതത്തിന്റെ ചിഹ്നത്തെ അപമാനിച്ചെന്ന്. കൊടി വലിച്ചൂരിയെന്ന്"
മീശക്കാരൻ കോപിച്ചു കൊണ്ട്‌ പറഞ്ഞു.
"അതിനവരെ ചുട്ടെരിക്കണോ? ഞാൻ സമ്മതിക്കില്ല"
പട്ടേൽ അങ്ങനെ പറഞ്ഞ്‌ കൈ നിവർത്തി അവരുടെ മുന്നിലേക്ക്‌ നിന്നതും മീശക്കാരന്റെ കയ്യിലെ വടിവാൾ ഉയർന്നു താഴ്‌ന്നതും ഒരുമിച്ചായിരുന്നു. പട്ടേൽ ഒരു ഞരക്കത്തോടെ നിലത്തേക്ക്‌ വീണു. ഓടിക്കൂടാൻ തുടങ്ങിയ ആൾക്കൂട്ടത്തിനു നേർക്ക്‌ തോക്കു ചൂണ്ടി മീശക്കാരൻ അലറി:
"ഒറ്റയൊരെണ്ണം അനങ്ങിപ്പോകരുത്‌. ഗതി ഇതായിരിക്കും അവർക്ക്‌"
ആൾക്കൂട്ടം സ്തംഭിച്ചു നിന്നു.
"നിങ്ങള്‌ പോ"
അയാൾ തിരിഞ്ഞ്‌ തന്റെ സംഘത്തോട്‌ പറഞ്ഞു. അവർ മണ്ണെണ്ണപ്പാത്രവുമായി പുഴവക്കത്തേക്കോടി. മീശക്കാരന്റെ തോക്കിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനക്കൂട്ടം വിയർത്തു കുളിച്ചു.
നിമിഷങ്ങൾക്കുള്ളിൽ പുഴയോരത്തു നിന്നും ഒരാരവം കേട്ടു.
"അവന്മാർ പണി പറ്റിച്ചു"
വികൃതമായി ചിരിച്ചു കൊണ്ട്‌ മീശക്കാരൻ പറഞ്ഞു. അയാൾ ഓടി പുഴവക്കത്തേക്ക്‌ ചെന്നു, ഒപ്പം നാട്ടുകാരും. അവിടെ കത്തിക്കൊണ്ടിരിക്കുന്ന രണ്ട്‌ കുഞ്ഞ്‌ ശരീരങ്ങളുണ്ടായിരുന്നു. അവർക്കരികിൽ മൂന്നാമതും ഗർഭിണിയായ അവരുടെ അമ്മയ്ക്കുള്ള ഭക്ഷണം തീച്ചൂടേറ്റ്‌ പൊള്ളുന്നുണ്ടായിരുന്നു.

പിന്നീട്‌ ആ രാജ്യം പരസ്പരം കൊന്നു തിന്നുന്ന നരഭോജികളുടെതായി. ഒരു കൂട്ടം കാട്ടാളർ ആ നാട്ടിൽ നിറഞ്ഞു. ക്രമേണ അത്‌ ഒരു കാട്ടാളരാജ്യമായി. മുൻപ്‌ ആ നാടിന്റെ പേര്‌ 'ഭാരതം' എന്നായിരുന്നു. 'മതേതരത്തവും' 'നാനാത്വത്തിൽ ഏകത്ത്വവുമാ'യിരുന്നു ആ നാടിന്റെ സവിശേഷതകൾ.