Friday, February 21, 2014

ഒരു പ്രണയ കഥ
ഇന്നലെ വരെ കാജാ ബീഡി വാങ്ങിയ അതേ കടയില് നിന്നും ഇന്ന് ഒരു പാക്കറ്റ് ഗോള്ഡ് ലൈറ്റ്സ് വാങ്ങുമ്പോള് കടക്കാരന് ഒന്ന് തറപ്പിച് നോക്കി. ' എന്താടെ, ലോട്ടറി വല്ലതും അടിച്ചോ?' എന്നൊരു ധ്വനി നോട്ടത്തിലുണ്ടായിരുന്നു. ഞാന് ഒന്നും പറഞ്ഞില്ല. സിഗരട്ട് പാക്കറ്റില് നിന്നും ഒരെണ്ണമെടുത്ത് കത്തിച്ചു. ചുണ്ടില് വെച്ച് ഊതി പുക വിടുമ്പോള് ലോകത്തോട് മുഴുവന് പുച്ഛമായിരുന്നു.
സമയം രണ്ടേകാല്. അര മണിക്കൂറായി കാത്തു നില്കാൻ തുടങ്ങിയിട്ട്. സിഗരറ്റ് മൂന്നെണ്ണം തീര്ന്നു. രണ്ടു മണിക്ക് വരാമെന്നു പറഞ്ഞതാണ് അവള്. ഇത്ര നേരമായിട്ടും എത്തിയിട്ടില്ല. അല്ലെങ്കിലും പെണ്ണുങ്ങള് ഇങ്ങനെയാണ്. അന്ധമായി സ്നേഹിക്കുന്നുണ്ട് മനസ്സിലായാല് പിന്നെ തലയില് കേറി നിരങ്ങും.
നാലാമത്തെ സിഗരറ്റ് കത്തിച്ച് ഒരു പുക എടുത്തപ്പോഴേക്കും കണ്ടു, കുറച്ചകലെ നിന്നും അവള് റോഡ്മുറിച്ചു കടക്കുന്നു. പ്രണയത്തിന്റെ ആദ്യനാളുകളില് അവള്ക്ക് കൊടുത്തതാണ്, സിഗരറ്റ് വലിക്കില്ലെന്ന്. കണ്ടാല് ആകെ പ്രശ്നമാകും. പെട്ടെന്ന് സിഗരറ്റ് കളഞ്ഞു. എട്ട് രൂപയുടെ സിഗരറ്റ് ഒടിച്ച് കളയുമ്പോള് ഞാന് ആരെയൊക്കെയോ ശപിച്ചു.
അവള് അടുത്തേക്ക് വന്നു. അവള് വരുമ്പോള് വല്ലാത്തൊരു സുഗന്ധമാണ്. അത് ഞാന് നന്നായി ആസ്വദിക്കാറുമുണ്ട്. ' ങും,പറഞ്ഞ അതേ വേഷം തന്നെ അവള് ഇട്ടിട്ടുണ്ട്.' ഞാന് ഓര്ത്തു. അവള്ക്കൊരു വെള്ള ചുരിദാറുണ്ട്. അത് ധരിച്ചാല് അവള് ഒരു മാലാഖയെപ്പൊലെ സുന്ദരിയാകും. അതിട്ടു വരണമെന്ന് ഞാന് പറഞ്ഞതാണ്. അത് അവള് അനുസരിചിട്ടുണ്ട്.
"വീട്ടില് നിന്ന് ചാടാന് കുറച്ച് ബുദ്ധിമുട്ടി"
വന്ന പാടെ അവള് പറഞ്ഞു. ഞാനൊന്ന് മൂളി. അപ്പോഴാണ്‌ ഞാന് ശ്രദ്ധിച്ചത്, വഴിയരികില് നില്ക്കുന്ന തൈക്കിളവന്മാര് പോലും അവളെ കണ്ണുകള് കൊണ്ട് ബലാത്സംഗം ചെയ്യുന്നു. ഞാന് വല്ലാതായി. പെട്ടെന്ന് ഞാന് ബൈക്കിലേക്ക് കയറി.
"വാ, കേറ്"
പെട്ടെന്ന് അവള് മെല്ലെ എന്റെ ചെവിയില് ചോദിച്ചു-
"സിഗരറ്റ് വലിച്ചല്ലേ?"
ഞാന് പെട്ടെന്ന് അവളെ തിരിഞ്ഞു നോക്കി. ആ മുഖത്ത് പരിഭവം.
"നീ എന്നോട് പിണങ്ങിയാല് പിന്നെ എനിക്കാരാ ഉള്ളത്? ഞാന് നിര്ത്തിക്കൊണ്ടിരിക്കുകയാ. ഐ ആം സോറി. വാ കേറ്"
എന്റെ ക്ഷമാപണം കേട്ട് അവളൊന്ന് മന്ദഹസിച്ചു. ലജ്ജ കൊണ്ട് ആ മുഖം തുടുത്തു. അവള് വണ്ടിയിലേക്ക് കയറി.
"എങ്ങോട്ടാ?"
വലത്തേ കൈ കൊണ്ട് എന്നെ ചുറ്റിപ്പിടിച് അവള് ചോദിച്ചു.
"മറൈന് ഡ്രൈവ്"

മറൈന് ഡ്രൈവില് കുറേ നേരം ഞങ്ങളിരുന്നു. എന്റെ തോളില് തല ചായ്ച്ച് അവള് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഇടക്ക് അവള് എഴുന്നേറ്റ് പെട്ടെന്ന് പറയും-
"ഇനി നീ പറ. ഞാന് തന്നെയാണല്ലോ സംസാരിക്കുന്നത്"
ചിലപ്പോള് ഞാന് ഒന്നും മിണ്ടില്ല. അല്ലെങ്കില്  പറയും-
"നീ പറ.  കേള്ക്കാന്  സുഖമുണ്ട്"
കുറച്ചു നേരത്തെ ഇടവേളയ്ക്കു ശേഷം അവള് വീണ്ടും  സംസാരിച്ചു തുടങ്ങും.
ഇടക്ക് അയാള് വിളിച്ചു.
"വല്ലതും നടക്കുമോടേ?" എന്നാണു ഫോണ്‍ എടുത്ത പാടെ അയാള് ചോദിച്ചത്.
 "നടക്കും ചേട്ടാ..."
" ങാ,ശരി. ഞാന് ഇവിടെയുണ്ട്"

ആറു മണിയായപ്പോള് അവള് പറഞ്ഞു-
"ഡാ, എന്നെ കൊണ്ട് പോയി വിട്. വൈകിയാല് വീട്ടില് കേറ്റില്ല. ഞാന് നേരെ നിന്റെ വീട്ടിലേക്ക് വരും"
"നീ വന്നോ"
ഞാന് ചിരിച്ചു കൊണ്ട് പറഞ്ഞു.
"വന്നിട്ട്...?"
"വന്നിട്ട്.... വേണ്ട, പറഞ്ഞാല് ശരിയാവില്ല. വാ, കൊണ്ട് വിട്ടേക്കാം"

മറൈന് ഡ്രൈവില് നിന്നും ഫോര്ട്ട് കൊച്ചിയിലേക്ക് പോകുമ്പോള് അവള് ചോദിച്ചു-
"ഇതെന്താ ഈ വഴി പോണേ?"
"നിനക്കൊരു സര്പ്രൈസുണ്ട്"
അവളൊന്നു മന്ദഹസിച്ചു.
"ങും, പെട്ടെന്നാവട്ടെ. സമയം പോണു"
'ഹോട്ടല് ദൈവസഹായ'ത്തിനു മുന്നില് വണ്ടി നിര്ത്തുമ്പോള് അവള് അത്ഭുതപ്പെട്ടു.
"എന്താടാ ഇവിടെ?"
"നീ വാ, പറയാം..."
"ഡാ, വേണ്ട വേണ്ട"
"ഛെ,അതൊന്നുമല്ല. വാ"
ഞങ്ങള്  രണ്ടാമത്തെ നിലയിലേക്ക് നടന്നു. അവള് എന്റെ കയ്യില് ചുറ്റി പിടിച്ചിട്ടുണ്ടായിരുന്നു.

റൂം നമ്പര് ഇരുപത്തി എട്ടില് നിന്നും തിരികെ നടക്കുമ്പോള് അയാളുടെ അട്ടഹാസവും അവളുടെ കരച്ചിലും ഞാന് കേട്ടില്ല. അയാള് എറിഞ്ഞു തന്ന നോട്ടുകെട്ടുകള് എണ്ണുന്ന തിരക്കിലായിരുന്നു ഞാന്.

14 comments:

 1. തുമ അനുഭവപ്പെടുന്നില്ലെങ്കിലും കഥയുടെ അവസാനം നന്നായിട്ടുണ്ട്. ഇത്തരം ധാരാളം കഥകൾ നാം നിത്യേനയെന്നോണം കാണുന്നതും കേൾക്കുന്നതുമാണല്ലോ. ' വല്ലതും നടക്കുമോടേ' എന്ന ചോദ്യത്തിൽ നിന്നു തന്നെ കഥയുടെ പോക്ക് എങ്ങോട്ടായിരിക്കും എന്ന് മനസ്സിലാക്കാൻ കഴിയുന്നു.

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി :)

   Delete
 2. ബൈക്കിന്റെ പിറകിലൊക്കെ കേറുന്നത് സൂക്ഷിച്ച് വേണം എന്ന് മാത്രം!

  ReplyDelete
 3. ഇന്ന് കേള്‍ക്കുന്ന വാര്‍ത്തയില്‍ നിന്ന് ചുരണ്ടി എടുത്ത വാക്കുകള്‍

  ReplyDelete
 4. കാലാനുകരണം!!!rr

  ReplyDelete
  Replies
  1. ഇതൊക്കെ പറയപ്പെടേണ്ടതല്ലേ... വായനക്ക് നന്ദി.

   Delete
 5. ഒരു കപടപ്രണയത്തിന്റെ കഥ

  ReplyDelete
  Replies
  1. ഇപ്പോള് പ്രണയത്തില് ആത്മാർഥത എന്നൊന്നുണ്ടോ?

   Delete
 6. സത്യം ഇങ്ങനെയാണ്, എത്രയോ ആളുകൾ ഇതിൽ പെടുന്നുണ്ട്, പെടുത്തുന്നുമുണ്ട്

  ReplyDelete
  Replies
  1. ആണും പെണ്ണും ഇന്നിങ്ങനെയാണ്.

   Delete
 7. താന്‍ വില്‍ക്കാന്‍ പോകുന്ന പെണ്ണിനെ വല്ലോരും 'കണ്ണ് കൊണ്ട് ബലാല്‍സംഗം ചെയ്യുന്നതിന്' വല്ലാതാവുന്നതെന്തിന്?

  ReplyDelete
  Replies
  1. അതാണ്‌ എന്റെ (നായകന്റെ) പ്രണയത്തിന്റെ കപടത. കയ്യില് കാശുണ്ടോ?

   Delete