Saturday, April 19, 2014

ദൈവത്തിനു നിരക്കാത്തത്


വെയിലാറിത്തുടങ്ങിയപ്പോഴാണ്‌ ജയശ്രീ തമ്പാനൂരെത്തിയത്‌. ബസ്‌ സ്റ്റാന്റിനു മുന്നിലെ 'ഇന്ത്യന്‌ കോഫീ ഹൗസി'നു മുന്നില്‌ അവള്‌ നിന്നു. വളരെ കഷ്ടപ്പെട്ട്‌ മുഖത്തൊട്ടിച്ചു വെച്ച വിളറിയ ചിരി അവള്‌ക്ക്‌ ഒട്ടും ചേരുന്നുണ്ടായിരുന്നില്ല. മുല്ലപ്പൂ വാടിത്തുടങ്ങിയിരിക്കുന്നു. ഓജസും നിറവും മണവും നഷ്ടപ്പെട്ട്‌ അവളുടെ തന്നെ പ്രതീകം പോലെ ആ മുല്ലപ്പൂ മാല മുടിയിഴകളെ ചുംബിച്ച്‌ വിശ്രമിച്ചു.
പലരും കടന്നു പോകുന്നുണ്ട്‌. ചിലര്‌ വെറുതേ ഒന്നു നോക്കിപ്പോകുന്നു. മറ്റു ചിലര്‌ കണ്ട്‌ മുഖം ചുളിച്ച്‌ ഏതോ നികൃഷ്ട ജീവിയെപ്പോലെ അകന്നു മാറുന്നു. മറ്റു ചിലര്‌ക്ക്‌ ശൃംഗാര ഭാവമാണ്‌. എന്തോ അര്‌ത്ഥം വെച്ച്‌ തല കുലുക്കുന്നുണ്ട്‌ അവര്‌. ആ 'എന്തോ'യുടെ അര്‌ത്ഥം അവള്‌ക്ക്‌ നന്നായറിയാം.
ഈ നില്‌പ്പ്‌ തുടങ്ങിയിട്ട്‌ 5 വര്‌ഷങ്ങള്‌ കഴിഞ്ഞു. ഭര്‌ത്താവ്‌ ഉപേക്ഷിച്ചു പോയതിന്റെ മൂന്നാം മാസമാണ്‌ അവള്‌ ആദ്യമായി തമ്പാനൂര്‌ ബസ്‌ സ്റ്റാന്റിനു മുന്നില്‌ ചുവപ്പിച്ച ചുണ്ടുകളും മുല്ലപ്പൂ മാലയും വശ്യമായ ചിരിയുമായി ആരെയെന്നില്ലാതെ കാത്തു നിന്നത്‌. അന്നൊക്കെ ഒരുപാട്‌ ആവശ്യക്കാരുണ്ടായിരുന്നു. അവള്‌ക്ക്‌ ഇതിനേക്കാള്‌ ഓജസും നിറവും ഉണ്ടായിരുന്നു. പക്ഷേ, ഇന്ന് കാലം ഒരുപാട്‌ മാറിയിരിക്കുന്നു. വഴിയരികില്‌ കാത്തു നില്‌ക്കുന്ന, 500 രൂപയ്ക്ക്‌ ശരീരം വില്‌ക്കുന്ന 'വെടി'കളെ ആര്‌ക്കും വേണ്ട. വെടികള്‌! ആ പദത്തിന്റെ വിസ്ഫോടനാത്മകതയോര്‌ത്ത്‌ അവളുടെ ചുണ്ടില്‌ ഒരു പുച്ഛച്ചിരി വിരിഞ്ഞു. പൊട്ടാന്‌ വെമ്പി നില്‌ക്കുന്ന, അല്ലെങ്കില്‌ പെട്ടെന്ന് പൊട്ടുന്ന, അതുമല്ലെങ്കില്‌... ഹും, എന്തായാലും ഈ പേരു വിളിച്ചവന്‌ പട്ടിണിയുടെ കടുപ്പം അറിയില്ല.
ഇനി കഥാകാരന്‌ കുറച്ചു നേരത്തേക്ക്‌ മാറി നില്‌ക്കുകയാണ്‌. ജയശ്രീക്ക്‌ കുറച്ചൊക്കെ പറയാനുണ്ട്‌. ഫ്ലാഷ്‌ ബാക്ക്‌ ഇഷ്ടമല്ലെന്നുണ്ടോ? ഓഹ്‌, സഹിച്ചേ പറ്റൂ. അവള്‌ പറയട്ടെ...
ദാരിദ്ര്യത്തിനു നടുവിലേക്കാണ്‌ ഞാന്‌ ജനിച്ചു വീണത്‌. അച്ഛന്റെ ബിസിനസ്‌ തകര്‌ന്ന് കുടുംബം പാപ്പരായ സമയത്താണ്‌ എന്റെ ജനനം. അതല്ലെങ്കില്‌ ഞാന്‌ ജനിച്ചപ്പോഴാണ്‌ അച്ഛന്റെ ബിസിനസ്‌ തകര്‌ന്ന് ഞങ്ങള്‌ പാപ്പരായത്‌ എന്നും പറയാം. അതാവണം ശരി. കാരണം, കുടുംബത്തിലെ ഈ ദുര്‌വിധിക്കു കാരണം എന്റെ ജനനമാണെന്നാണ്‌ കവിടി നിരത്തി ഒരു മഹാന്‌ പറഞ്ഞത്‌. അന്നു തൊട്ട്‌ ഞാന്‌ കുടുംബത്തില്‌ വെറുക്കപ്പെട്ടവളായി. തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം കണ്ടെത്തുന്ന അച്ഛനും പരിഹസിച്ച്‌ പരിഹസിച്ച്‌ കരയിക്കുന്ന ചേച്ചിമാരുടെയും നടുവില്‌ ഞാന്‌ ഒറ്റപ്പെട്ടു. ആത്മഹത്യ ചെയ്യാതിരുന്നത്‌ പേടി കൊണ്ടല്ല. മറിച്ച്‌ അതിജീവിക്കാനുള്ള മോഹം കൊണ്ടായിരുന്നു.
കൊച്ചപ്പന്‌ വരുമ്പോഴായിരുന്നു ഞാന്‌ ആകെ സന്തോഷിച്ചിരുന്നത്‌. അച്ഛന്റെ അനിയനായിരുന്നു കൊച്ചപ്പന്‌. കൊച്ചപ്പന്റെ കയ്യും പിടിച്ച്‌ ഞാന്‌ തൊടിയിലെല്ലാം നടക്കുമായിരുന്നു. എന്റെ സംസാരം എത്ര നേരം വേണമെങ്കിലും മടിയില്ലാതെ കൊച്ചപ്പന്‌ കേട്ടിരിക്കുമായിരുന്നു. കൊച്ചപ്പനെ 'കൊപ്പച്ചാ' എന്നു കളിയാക്കി വിളിച്ച്‌ ഞാന്‌ ഓടും. കൊച്ചപ്പന്‌ പിന്നാലെ വന്ന് എന്നെ പൂണ്ടടക്കം പിടിച്ച്‌ ഇക്കിളിയിടും. മൂന്നോ നാലോ മണിക്കൂറുകള്‌ മാത്രം നീളുന്ന സന്തോഷത്തിന്റെ ഈ സുന്ദരമായ ലോകത്തു നിന്നും പെട്ടെന്ന് എടുത്തെറിയപ്പെടുക കുത്തുവാക്കുകളുടെ മറ്റൊരു ലോകത്തേക്കാണ്‌. പക്ഷേ, ആ സന്തോഷവും പൊലിഞ്ഞത്‌ വളരെ പെട്ടെന്നാണ്‌.
ഞാന്‌ ഋതുമതിയായി രണ്ടോ മൂന്നോ ആഴ്ച്ചകള്‌ക്കു ശേഷം ഒരു ദിവസം കൊച്ചപ്പന്‌ വീട്ടില്‌ വന്നു. ചായ വെക്കാന്‌ വേണ്ടി ഞാന്‌ അടുക്കളയിലേക്ക്‌ കയറി. ചായപ്പാത്രം അടുപ്പില്‌ വെച്ച്‌ അല്‌പം കഴിഞ്ഞതും പിന്നില്‌ നിന്നും ഒരു കൈ എന്നെ വരിഞ്ഞു മുറുക്കി. സാവധാനം ആ കൈകള്‌ എന്റെ ശരീരത്തിന്റെ ശൈശവാസ്ഥയില്‌ മാത്രം എത്തി നില്‌ക്കുന്ന നിമ്നോന്നതങ്ങളിലൂടെ ഇഴയാന്‌ തുടങ്ങി. ഒരു നിമിഷം, ഞാന്‌ കുതറി മാറി. കൊച്ചപ്പന്‌! ഞാന്‌ ഞെട്ടി. അപ്പോള്‌ കൊച്ചപ്പന്റെ കണ്ണുകളില്‌ കണ്ട ആ ഭാവം പിന്നീട്‌ ഒരു ദുസ്വപ്നമായി പല രാത്രികളും എന്റെ നിദ്രയെ അപഹരിച്ചു. പിന്നീട്‌ കൊച്ചപ്പനില്‌ നിന്നും ഞാന്‌ ഒഴിഞ്ഞു മാറി നടന്നു.
പ്രീഡിഗ്രി കഴിഞ്ഞ്‌ വീട്ടില്‌ വെറുതേയിരിക്കുമ്പോഴാണ്‌ തയ്യല്‌ പഠിക്കാന്‌ തീരുമാനിച്ചത്‌. അമ്മയുടെ പാതി സമ്മതത്തോടെയാണ്‌ പോയത്‌. തയ്യല്‌ പഠിക്കുന്നതിനേക്കാള്‌ ആ വീട്ടില്‌ നിന്നും രക്ഷപ്പെടാമല്ലോ എന്ന ചിന്തയായിരുന്നു തയ്യല്‌ പഠിക്കാന്‌ എന്നെ പ്രേരിപ്പിച്ചത്‌. ഇതിനിടയില്‌ എപ്പൊഴൊക്കെയോ ചേച്ചിമാരുടെ കല്യാണം കഴിഞ്ഞിരുന്നു. അവര്‌ക്കങ്ങനെ എന്റെ കഥയില്‌ വലിയ സ്ഥാനമില്ല.
തയ്യല്‌ പഠിക്കാന്‌ പോകുമ്പോ വഴിയരികില്‌ നിന്നുള്ള ചൂളം വിളികളും കണ്ണേറുകളും നന്നായി ആസ്വദിച്ചിരുന്നു. ഒരു വൈകുന്നേരമാണ്‌ അല്‌പം തടിച്ച ഒരാള്‌ എന്നോട്‌ വന്ന് പറയുന്നത്‌; "നിന്നെ ഇഷ്ടമാണ്‌" എന്ന്. ഒരു ഞെട്ടലോടെ ഞാന്‌ ഒന്നും മിണ്ടാതെ വഴി മാറി നടന്നു. പക്ഷേ, അന്ന് മുഴുവന്‌ ഞാന്‌ കണ്ണാടിയില്‌ നോക്കി സമയം കലഞ്ഞു. 'എന്നെ കാണാന്‌ അത്ര സുന്ദരിയാണോ, ഒരു പുരുഷന്‌ പ്രണയം തോന്നാന്‌ തക്കവണ്ണം?' എന്ന് പല തവണ സ്വയം ചോദിക്കുകയും ചെയ്തു. പക്ഷേ, അയാളെ എനിക്ക്‌ ഇഷ്ടമായിരുന്നില്ല.
പിറ്റേന്നും അയാള്‌ വഴിയില്‌ തടഞ്ഞു നിര്‌ത്തി ഇഷ്ടം പറഞ്ഞു. "തന്നെ എനിക്കിഷ്ടമല്ല. ഇനി എന്നെ ശല്യപ്പെടുത്തരുത്‌" എന്നു പറഞ്ഞ്‌ ഞാന്‌ നടന്നു. അപ്പോള്‌ അത്രയും പറയാനുള്ള ധൈര്യം എനിക്ക്‌ എവിടെ നിന്നുണ്ടായി എന്നറിയില്ല. ഒരു പക്ഷേ, ഇനിയുള്ള ജീവിതത്തില്‌ ഇതും ഇതിലപ്പുറവും പറയേണ്ടി വരും എന്ന് ജീവിതം തന്നെ എനിക്ക്‌ മനസ്സിലാക്കിത്തന്നതാവാം. അപ്പോള്‌ അങ്ങനെ പറഞ്ഞെങ്കിലും എനിക്ക്‌ ഉള്ളില്‌ പേടിയുണ്ടായിരുന്നു. തയ്യല്‌ പഠിക്കാന്‌ പോകുമ്പോഴൊക്കെ ഭീതിയോടെയാണ്‌ ഞാന്‌ പൊയ്ക്കൊണ്ടിരുന്നത്‌. പക്ഷേ, പിന്നീട്‌ കുറേ നാളത്തേക്ക്‌ അയാളെ കണ്ടില്ല.
ഇതിനിടെ വീട്ടില്‌ എന്തൊക്കെയോ രഹസ്യ ചര്‌ച്ചകള്‌ നടക്കുന്നുണ്ടായിരുന്നു. എന്നെ കൂട്ടാതെ എന്തൊക്കെയോ ഗൗരവമായ ചര്‌ച്ചകള്‌. ഒരിക്കല്‌ അച്ഛന്‌ വിളിച്ച്‌ എന്റെ കല്യാണം ഉറപ്പിച്ചെന്നും ഇത്രാം തീയതിയാണെന്നും പറഞ്ഞു. ഞാന്‌ ഒന്നും പറഞ്ഞില്ല. ഒരു തരം മരവിപ്പായിരുന്നു എനിക്ക്‌. ആദ്യ രാത്രി വരെ എന്റെ ഭര്‌ത്താവിനെ ഞാന്‌ കണ്ടില്ല. പക്ഷേ, ആദ്യ രാത്രി ആ മുഖം കണ്ട്‌ ഞാന്‌ ഞെട്ടി. അന്ന് എന്നോട്‌ ഇഷ്ടം പറഞ്ഞ ആള്‌. അയാള്‌ കട്ടിലില്‌ എന്റെ അടുത്ത്‌ വന്നിരുന്നു. ഞാന്‌ വിറയ്ക്കുകയായിരുന്നു.
"നിനക്കെന്നെ ഇഷ്ടമല്ല, അല്ലേടീ പുല്ലേ..?"
എന്നൊരലര്‌ച്ചയായിരുന്നു ആദ്യം. മദ്യത്തിന്റെ മണമുണ്ട്‌. പക്ഷേ, ഒരുപാടൊന്നും കുടിച്ചിട്ടില്ല. എന്തൊക്കെയോ പറഞ്ഞ്‌ അയാള്‌ അട്ടഹസിക്കുന്നുണ്ടായിരുന്നു. അന്ന് കൊച്ചപ്പന്റെ കണ്ണുകളില്‌ കണ്ട, എന്നെ ഭയപ്പെടുത്തിയ ആ ഭാവം ഇന്ന് ഞാന്‌ അയാളുടെ കണ്ണുകളില്‌ കാണുന്നു.
അന്ന് രാത്രി, പതിനേഴാം വയസ്സില്‌ സ്വന്തം ഭര്‌ത്താവിനാല്‌ ഞാന്‌ ആദ്യമായി ബലാത്സംഗം ചെയ്യപ്പെട്ടു.
വിയര്‌പ്പ്‌, പറഞ്ഞറിയിക്കാന്‌ കഴിയാത്ത വേദന. ഞാന്‌ മരിച്ചു പോകുമെന്ന് തോന്നി. അയാളുടെ ശരീര ഭാരം സഹിക്കാന്‌ കഴിയുന്നതിനും അപ്പുറമായിരുന്നു. ഒരു പോരുകാളയെപ്പോലെ പലപ്പോഴും അയാള്‌ അമറി. എവിടെയൊക്കെയോ രക്തം പൊടിയുന്നതായി എനിക്ക്‌ അനുഭവപ്പെട്ടു. അരുതാത്തതൊക്കെയോ സംഭവിക്കുന്നത്‌ പോലെ...
എല്ലാം കഴിഞ്ഞ്‌ ഞാന്‌ കട്ടിലിന്റെ ഒരു വശത്തിരുന്ന് തേങ്ങിക്കരഞ്ഞു. എന്താണ്‌ സംഭവിച്ചതെന്ന് ഓര്‌ത്തെടുക്കാന്‌ പോലും എനിക്ക്‌ ഭയമായിരുന്നു. പക്ഷേ, പിന്നീടൊരിക്കലും ഞങ്ങള്‌ ലൈംഗികമായി ബന്ധപ്പെട്ടിട്ടില്ല. അയാള്‌ വേറെയും ബന്ധങ്ങളുണ്ടായിരുന്നു. ഒരു വീട്ടില്‌, ഒരു മുറിയില്‌, ഒരു കട്ടിലില്‌ ഞങ്ങള്‌ 15 വര്‌ഷം രണ്ട്‌ ആത്മാക്കളായി ജീവിച്ചു. ഒരു സുപ്രഭാതത്തില്‌ എങ്ങോട്ടോ പോയ അയാള്‌ പിന്നെ തിരിച്ചു വന്നില്ല. എനിക്ക്‌ എന്റെ മോനെ വളര്‌ത്തണമായിരുന്നു. പല ജോലികളും ചെയ്തു. അവസാനമാണ്‌ ഈ ജോലിയിലേക്കിറങ്ങിയത്‌. അവനും അറിയാം എന്റെ ജോലി. പക്ഷേ, ഇന്നു വരെ അവന്‌ എന്നോട്‌ ഒന്നും ചോദിച്ചിട്ടില്ല. ശ്രീക്കുട്ടന്‌ എന്നാണ്‌ അവന്റെ പേര്‌. ഞാന്‌ കുട്ടാ എന്നാണ്‌ വിളിക്കാറുള്ളത്‌. എന്നെ വലിയ സ്നേഹമാണവന്‌. 'അമ്മേ' എന്ന് തികച്ചും വിളിക്കില്ല അവന്‌.

അവള്‌ ചുറ്റും നോക്കി. ഇല്ല, തന്നെ നോക്കുന്നതായി ആരുമില്ല. പെട്ടെന്നൊരു മുഖം, പയ്യനാണ്‌. കുട്ടനോളം പ്രായമേ കാണൂ. അവന്‌ നോക്കുന്നത്‌ തന്നെയാണ്‌. അവള്‌ പെട്ടെന്ന് കുട്ടന്റെ മുഖം ഓര്‌ത്തു. അവള്‌ വല്ലാതായി. 'ദൈവമേ, അവന്‌ എന്റടുത്തേക്ക്‌ വരല്ലേ' എന്ന് അവള്‌ ഉള്ളുരുകി പ്രാര്‌ത്ഥിച്ചു. ലോകത്താദ്യമായിട്ടായിരിക്കണം ഒരു വേശ്യ തന്റെ ക്ലയന്റ്‌ തന്റെ അടുത്തേക്ക്‌ വരല്ലേ എന്നു പ്രാര്‌ത്ഥിക്കുന്നത്‌. പക്ഷേ, വേശ്യാ വൃത്തി ദൈവത്തിനു നിരക്കാത്ത കൊടിയ പാപം ആയതു കൊണ്ട്‌ ദൈവം അവളുടെ പ്രാര്‌ത്ഥന പിന്‌കാലു കൊണ്ട്‌ തട്ടിയെറിഞ്ഞു.
"അതേ..." എന്ന വിളി കേട്ട്‌ അവള്‌ തിരിഞ്ഞു നോക്കി. ആ പയ്യനാണ്‌. പരിഭ്രമമാണ്‌ ആ മുഖത്ത്‌.
"എന്താ?"
ചോദ്യത്തിന്‌ ആവശ്യത്തില്‌ കൂടുതല്‌ ഗൗരവം അവള്‌ കൊടുത്തു.
"വരുന്നോ?"
സങ്കോചത്തോടെ അവന്റെ ചോദ്യം കേട്ട അവള്‌ തളര്‌ന്നു. തീരുമാനമെടുക്കാനാവാതെ അവള്‌ കുഴങ്ങി. അപ്പോള്‌ പയ്യന്‌ പേഴ്സ്‌ തുറന്ന് ആയിരത്തിന്റെ ഒരു നോട്ടെടുത്തു.
"ഇത്‌ അഡ്വാന്‌സ്‌. ഇതു പോലെ രണ്ടു നോട്ടുകള്‌ കൂടി തരാം"
ആയിരം രൂപ! കണ്ട കാലം മറന്നു. മൊത്തം മൂവായിരം. അതൊരു വലിയ തുകയാണ്‌. കിട്ടിയാല്‌ കുട്ടന്‌ ഒരു പുതിയ പാന്റും ഷര്‌ട്ടും വാങ്ങിക്കൊടുക്കാം. അവള്‌ മനസാക്ഷിയെ വഞ്ചിച്ച്‌ ആ നോട്ട്‌ വാങ്ങി.
"ശരി, വാ പോകാം"
അവള്‌ ആ പയ്യനു പിന്നാലെ നടന്നു. അവന്റെ കാറിലിരുന്ന് ഏതോ ഒരു വലിയ ഹോട്ടലിലെത്തി മുറിയിലെത്തുന്നതു വരെയും അവര്‌ ഒന്നും സംസാരിച്ചില്ല. മുറിയിലേക്ക്‌ കയറിയതും സങ്കോചത്തോടെ അവന്‌ പറഞ്ഞു.
"ചേച്ചീ, ഇതൊന്നും എനിക്ക്‌ മുന്‌പ്‌ പരിചയമില്ല. അതു കൊണ്ട്‌..."
അവള്‌ക്ക്‌ ആ തുറന്നു പറച്ചിലിന്റെ ധ്വനി മനസ്സിലായി.
ഇടക്കെപ്പൊഴോ അവന്റെ പരിഭ്രമത്തിന്റെയും പരിചയക്കുറവിന്റെയും മദ്ധ്യേ, വിയര്‌പ്പിന്റെയും കിതപ്പിന്റെയും മദ്ധ്യേ അവള്‌ കണ്ടു. കട്ടിലില്‌ കുട്ടനാണ്‌, തന്റെ മകന്‌! അവള്‌ പിറ്റഞ്ഞെഴുന്നേറ്റു.
"കുട്ടാ, നീ..."
പക്ഷേ കുട്ടന്‌ അപ്പോള്‌ മറ്റൊരാളായിരുന്നു.
"അമ്മേ, പോകല്ലേ. എന്റെ വികാരം ഒന്നു ശമിപ്പിക്കൂ. വരൂ"
അവള്‌ക്ക്‌ തല ചുറ്റി. ലോകം അവസാനിക്കുകയാണോ? അവള്‌ രക്ഷപ്പെടാനുള്ള വഴിയിലേക്ക്‌ നോക്കി. വിജനമാണ്‌. രക്ഷപ്പെടാന്‌ ആരുമില്ലെന്നോ? ഈ ജീവിതത്തില്‌ എല്ലാവരും തൃപ്തരാണെന്നോ? അവള്‌ ഒരായിരം ചോദ്യങ്ങള്‌ സ്വയം ചോദിച്ചു. കണ്ണെത്താ ദൂരമുള്ള ആ വഴിയിലേക്ക്‌ കടന്ന് താന്‌ നഗ്നയാണെന്നു പോലും ഓര്‌ക്കാതെ അവള്‌ ഓടി. പിന്നില്‌ അപ്പോഴും അവന്റെ വിളി കേള്‌ക്കാമായിരുന്നു.
"അമ്മേ..."