Monday, April 13, 2015

ഒരു അപ്ഡേറ്റഡ് വേശ്യ

കുറേ നാളുകൾക്ക് മുൻപാണ് അവളെ കണ്ടത്. കൃത്യമായി പറഞ്ഞാൽ ഹൈദരാബാദ് യാത്രയിൽ വെച്ച് ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ ലോബിയിൽ 'Deccan Chronicle' പത്രം തുറന്ന് പിടിച്ചു കൊണ്ട് മുട്ടോളം വരുന്ന ഒരു പാവാടയും ഒരു സ്ലീവ്ലെസ്സ് ടിഷർട്ടും ധരിച്ച് അവൾ ഇരിക്കുന്നു. പത്രം തുറന്നു പിടിച്ചിട്ടുണ്ടെങ്കിലും ഞാൻ അവളെ കടന്നു പോകുമ്പോൾ അവൾ എന്നെ നോക്കി വശ്യമായി ചിരിച്ചു. ഉടനെ ഞാൻ റിസപ്ഷനിസ്റ്റിനോട് അവളെപ്പറ്റി അന്വേഷിച്ചു. അയാൾ ശബ്ദമുണ്ടാക്കാതെ ചിരിച്ചു. എന്നിട്ട് ഒരു ജാലവിദ്യക്കാരനെപ്പോലെ ചോദിച്ചു:
"നിനക്ക് വേണോ?"
"ങേ...!?" ഞാനൊന്ന് ഞെട്ടി.
"2000 രൂപയാണ് ഒരു രാത്രി ചാർജ്ജ്. നിനക്ക് വേണോ?"
ഓഹോ, അപ്പോ അങ്ങനെയാണ് കാര്യങ്ങൾ. ഇത്ര സുന്ദരിയും ഇംഗ്ലീഷ് പത്രം വായിക്കാനുള്ള വിവരവും ഉള്ള ഇവളെന്തിനാണ് ഈ ജോലി ചെയ്യുന്നത്! ഉത്തരം കണ്ടെത്താനാവാതെ ഞാൻ കുഴങ്ങി.
"എനിക്ക് താത്പര്യമുണ്ട്. പക്ഷേ, അതിനു മുൻപ് എനിക്കവളോടൊന്ന് സംസാരിക്കണം"
രെജിസ്റ്ററിലേക്ക് നോക്കാൻ തുടങ്ങിയ റിസപ്ഷനിസ്റ്റ് അബ്ദുല്ലയോട് ഞാൻ പറഞ്ഞു. അയാൾ വീണ്ടും ശബ്ദമുണ്ടാക്കാതെ ചിരിച്ചു. ഇത്തവണ ആ ചിരിക്ക് 'അമ്പട കള്ളാ' എന്നൊരു ഭാവവും ഉണ്ടായിരുന്നു.
"എന്തിന് സംസാരിക്കണം? നിനക്കവളെ കെട്ടാനൊന്നുമല്ലല്ലോ"
"എന്നാലും എനിക്കൊന്ന് സംസാരിച്ച് കാര്യങ്ങൾ ഒന്ന് ഫൈനലൈസ് ചെയ്യണം. ചുമ്മാ ആരെയെങ്കിലുമൊക്കെ അങ്ങു കേറി ***** പറ്റുമോ?"
അയാളുടെ മുഖത്ത് ഗൗരവം നിറഞ്ഞു.
"ശരി, നമുക്ക് വഴിയുണ്ടാക്കാം"
"ഇവിടെ പറ്റുമോ?"
"ഇവിടെ പറ്റില്ല. അവൾക്കിന്നൊരാളുണ്ട്. മലയാളിയാണ്. അയാളിവിടെയാണ് താമസിക്കുന്നത്. പക്ഷേ, ഇവിടെ ഇപ്പരിപാടി പറ്റില്ല. വേറെ സ്ഥലമുണ്ട്. അയാളിപ്പോ വരും"
എന്നിട്ടയാൾ അവളുടെ അടുത്തേക്ക് നടന്നു. അയാളെ കണ്ട അവൾ പത്രം മടക്കി.
"അയാളെവിടെ? കണ്ടില്ലല്ലോ"
ശുദ്ധമായ ഇംഗ്ലീഷിലുള്ള അവളുടെ ചോദ്യം കേട്ട ഞാൻ ഞെട്ടി. അവൾ ഒരു ദുരൂഹതയായി എന്റെയുള്ളിൽ മാറാല കെട്ടാൻ തുടങ്ങിയിരിക്കുന്നു.
"ഇപ്പോ വരും, പായൽ. മാഡം കുറച്ചു കൂടി ക്ഷമിയ്ക്ക്"
അബ്ദുല്ല അവളെ തണുപ്പിക്കാനെന്ന വണ്ണം പറഞ്ഞു.
"പിന്നെ, ഇയാൾക്ക്..."
അയാൾ എന്റെ നേരെ കൈ ചൂണ്ടി. പായൽ അവളുടെ നീല മിഴികളുയർത്തി എന്നെയൊന്ന് കടാക്ഷിച്ചു.
"...ഒന്നു സംസാരിക്കണമെന്ന്"
അവൾ വീണ്ടും എന്നെ നോക്കി.
"നാളെ?"
"ഓ, മതി." ഞാൻ വാക്കുകൾ പരതുകയായിരുന്നു. വിയർക്കുന്നുണ്ട്.
"ഓകെ. നാളെ രാത്രി ഈ സമയത്ത് ഞാനിവിടെ കാണും"
അവൾ വീണ്ടും മാദകത്വം നിറഞ്ഞ ആ ചിരി ചിരിച്ചു.
അപ്പോൾ അബ്ദുല്ല ഇടപെട്ടു.
"മാഡം, അവന് ആദ്യമൊന്ന് സംസാരിക്കണമെന്ന്"
അവൾ പൊട്ടിച്ചിരിച്ചു. നിരയൊത്ത അവളുടെ പല്ലുകൾ പുറത്തു കണ്ടു. എന്റെ ശരീരത്തിലൂടെ ഒരു വിറ പാഞ്ഞു കയറി.
"എന്തിനാ? ഇന്റർവ്യൂ?"
അടങ്ങി വരുന്ന ചിരിക്കിടയിലൂടെ അവൾ ചോദിച്ചു. ഞാൻ ചിരിക്കാൻ ശ്രമിച്ചു.
"ശരി. നാളെ ഇപ്പറഞ്ഞ സ്ഥലത്ത് നമുക്ക് സംസാരിക്കാം. എന്നിട്ട് തീരുമാനിക്ക് വേണോ വേണ്ടയോ എന്ന്" അവളുടെ വാക്കുകളിൽ കാമം തുളുമ്പുന്നു. ഞാൻ എങ്ങനെയോ തല കുലുക്കിയെന്നു വരുത്തി. ലിഫ്റ്റിലൂടെ ആരോ താഴേക്ക് വരുന്നു. ഞാൻ വേഗം ലിഫ്റ്റിലേക്ക് നടന്നു. ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങിയത് ഞങ്ങളുടെ മുറിയുടെ അടുത്ത മുറിയിൽ താമസിച്ചിരുന്ന ഒരു തൃശൂരുകാരനായിരുന്നു. ഞാനൊന്ന് തിരിഞ്ഞ് നോക്കി. അയാളെ കണ്ട പായൽ വശ്യമായി ചിരിച്ചു കൊണ്ട് എഴുന്നേൽക്കുന്നു. ഞാൻ തിരിഞ്ഞു നോക്കുന്നതു കണ്ട അവൾ എന്നെ നോക്കി കണ്ണിറുക്കി. ഞാൻ ലിഫ്റ്റിൽ കേറി, മുകളിലേക്ക്.

വെപ്രാളത്തിൽ ഞാൻ ഓടി റൂമിലെത്തി. സുഹൃത്തുക്കൾ റൂമിലെ ദേശീയ വസ്ത്രമായ 'വൺ പീസ്‌' ധരിച്ച്‌ നിലക്കണ്ണാടിയുടെ മുന്നിൽ നിന്ന് ചന്തം നോക്കുകയാണ്‌.
"നീ ഏത്‌ **** എടേലായിരുന്നു?"
റൂമിലേക്ക്‌ ചെന്നയുടനെ അവന്മാരുടെ ചോദ്യം.
"ഒരു പെണ്ണ്‌"
"പെണ്ണോ? എവിടെ?"
"താഴെ ഹോട്ടൽ ലോബിയിൽ"
"വാടാ പോയി നോക്കാം"
അവന്മാർ ആക്രാന്തിച്ച്‌ പാന്റും ഷർട്ടുമൊക്കെ വലിച്ചു കേറ്റാൻ തുടങ്ങി.
"അവള്‌ പോയി"
"ഡേയ്‌, അവള്‌ പോയി"
പരിണാമ ദശയിലെങ്ങോ ശങ്കിച്ചു നിന്ന് വംശനാശം സംഭവിച്ചു പോയ ഏതോ വിചിത്ര ജീവിയെപ്പോലെ ഒറ്റക്കാൽ പാന്റുമായി അവന്മാർ കുറച്ചു നേരം ഇതികർത്തവ്യാമൂഢരായി നിന്നു.
"ഒന്ന് വിളിക്കാൻ മേലായിരുന്നോടാ മൈ***?"
ഇച്ഛാഭംഗത്തോടെ അവന്മാർ വീണ്ടും വൺ പീസിലെത്തി.
"അന്നേരം ആ അവസ്ഥയിലല്ലായിരുന്നളിയാ"
അവന്മാർക്ക്‌ എന്തോ മണമടിച്ചു.
"എന്താ സംഭവം? തെളിച്ചു പറ"
സഹനത തീരെയില്ലാത്ത തെണ്ടികൾ എന്റെ ചുറ്റും കൂടി.
"താഴെ ഒരു പെണ്ണ്‌, കിടിലൻ ചരക്ക്‌. കണ്ടായിരുന്നോ?"
"ഇംഗ്ലീഷ്‌ പത്രം വായിച്ചോണ്ടിരുന്ന ഐറ്റമാണോ?"
"അതു തന്നെ. കണ്ടായിരുന്നോ?"
"അവള്‌ ഹിന്ദിക്കാരിയല്ലേ?"
"അതേ, പായൽ"
"പായലോ? വല്ല കൊളത്തിലും കെടന്നതായിരിക്കും"
അവന്മാർക്ക്‌ പുഛം.
"പോട തെണ്ടീ" unsure emoticon
ഞാനുമിട്ടു പുഛ സ്മയ്‌ലി പത്തെണ്ണം.
"പായല്‌. എന്ത്‌ പേരെടേ. നീ ബാക്കി പറ"
"ബാക്കി പറയാനൊന്നുമില്ല. നാളെ അവള്‌ വരും. നാളത്തെ രാത്രി അവളുടെ കൂടെ"
അവന്മാർ ശരിക്കും ഞെട്ടി. കുറച്ചു നേരം കനത്ത നിശബ്ദത.
"പിന്നേ, കോപ്പാ. ഒന്നു പോടാ മൈ***"
"വിശ്വാസമില്ലെങ്കിൽ നിങ്ങള്‌ നാളെ കണ്ടോ"
അവന്മാർ തണുത്തു.
"അളിയാ, ഞങ്ങളേം കൊണ്ടു പോടാ"
"വെരി സോറി ഡിയർ. അവൾക്ക്‌ ത്രീസം, ഫോർസ്സം ഒന്നും താത്പര്യമില്ല"
അവളെപാറ്റിയുള്ള നിരാശയുടെ പുഴുക്കുത്ത്‌ വീണ സംസാരങ്ങളിൽ അന്നത്തെ രാത്രി തെന്നി മാറി.
പിറ്റേന്ന് അവൾ പറഞ്ഞ സമയത്ത്‌ ഞാൻ, ഞങ്ങള്‌ ഹോട്ടൽ ലോബിയിലെത്തി.
"വന്നോ?"
അബ്ദുല്ല എപ്പോഴുമെന്ന പോലെ അപ്പോഴും രജിസ്റ്ററിൽ എന്തോ കാണാതെ പോയതു പോലെ പരതുകയായിരുന്നു. എന്റെ ചോദ്യം കേട്ട്‌ അയാൾ തലയുയർത്തി. അയാൾ പേന വിരലിലിട്ട്‌ കറക്കിക്കൊണ്ടിരുന്നു.
"വരും. എന്താ ഇത്ര തിടുക്കം?"
അയാൾ ഒരു ആക്കിയ ചിരി ചിരിച്ചു.
അപ്പോൾ പിന്നിൽ ഒരു കാൽപെരുമാറ്റം. അബ്ദുല്ലയുടെ കണ്ണിലെ തിളക്കം കണ്ട്‌ വന്നത്‌ പായലാണെന്നെനിക്ക്‌ മനസ്സിലായി. നെഞ്ച്‌ പടപടാ ഇടിക്കുന്നു. ഞാൻ തിരിഞ്ഞു. ഇന്നലെ കണ്ട രൂപമല്ല. ഒരു കുര്‌ത്തയും ജീൻസുമാണ്‌ വേഷം. മാറിലൂടെ ഷാൾ അലക്ഷ്യമായി ഇട്ടിരിക്കുന്നു. നെറ്റിയിലൊരു നീല പൊട്ട്‌. അവളെ കണ്ട സുഹൃത്തുക്കളും പാഞ്ഞെത്തി.
"പോകാം"
അവരുടെ നേർക്ക്‌ അലക്ഷ്യമായ ഒരു നോട്ടമെറിഞ്ഞ്‌ അവൾ എന്നോട്‌ ചോദിച്ചു. ഇംഗ്ലീഷ്‌ മാറി ഹിന്ദിയായിരിക്കുന്നു. മാനസാന്തരപ്പെട്ടതു പോലെ ആകെയൊരു മാറ്റം.
അവൾ പുറത്തേക്ക്‌ നടന്നു. യാന്ത്രികമായി ഞാൻ പിന്നാലെ നടന്നു. ഹോട്ടലിന്റെ മുറ്റത്ത്‌ ഒരു കാറ്‌. അവൾ അതിന്റെ ഡ്രൈവിംഗ്‌ സീറ്റിലേക്ക്‌ കയറി. ദുരൂഹത ഏറി വരുന്നു.
"വാ, കേറ്‌"
ഞാൻ പിന്നിലെ ഡോറ്‌ തുറന്നു.
"ങുഹും, ഇവിടെ കേറ്‌"
അവൾ മുന്നിലേക്ക്‌ ചൂണ്ടിപ്പറഞ്ഞു. ചിന്തകളുടെ ഭാരം പേറിക്കൊണ്ട്‌ ഞാൻ മുന്നിലെ ഡോറ്‌ തുറന്ന് കയറിയിരുന്നു.
"ആർ യൂ കംഫർട്ടബ്‌ൾ ദേർ?"
കാർ മുന്നോട്ടെടുത്തു കൊണ്ട്‌ അവളുടെ ചോദ്യം.
"യാ, വെരി മച്ച്‌"
ഞാനൊരു കള്ളം പറഞ്ഞു.
കാർ ഓടിത്തുടങ്ങി. പെട്ടെന്ന് മൊബെയിൽ ചിലയ്ക്കുന്നു. ഫോണെടുത്ത്‌ ഡിസ്പ്ലേയിലേക്ക്‌ നോക്കിയപ്പോ സുഹൃത്തുക്കളിൽ ഒരാളാണ്‌. കോൾ കട്ട്‌ ചെയ്ത്‌ സ്വിച്ചോഫ്‌ ചെയ്തു വെച്ചു.
"ആർ യൂ എ ജേണലിസ്റ്റ്‌?"
പെട്ടെന്നവളുടെ ചോദ്യം.
"നോ, നോ. അയാം ജസ്റ്റ്‌ എ സ്റ്റുഡന്റ്‌"
അവൾ കുറച്ചു നേരം മൗനം പാലിച്ചു.
"ഞാനുമായി രതിയിലേർപ്പെടാൻ നിങ്ങൾക്ക്‌ താത്പര്യമില്ല, അല്ലേ?"
നിസ്സംഗതയോടെ, എന്നാൽ കൗശലത്തോടെ അവളുടെ ചോദ്യം. അവളുടെ നീലക്കണ്ണുകൾ ഒരസ്ത്രം പോലെ ഹൃദയത്തിൽ തറയ്ക്കുന്നു.
"ഇല്ല, ഒരിക്കലുമില്ല"
അവൾ ഒന്ന് പുഞ്ചിരിച്ചു.
"പക്ഷേ, അതെങ്ങനെ മനസ്സിലാക്കി?"
ഞാൻ തുടർന്ന് ചോദിച്ചു.
"ഞാൻ ഈ ജോലി തുടങ്ങിയിട്ട്‌ വർഷം കുറേയായി മോനേ..."
അവൾ കണ്ണിറുക്കിക്കൊണ്ട്‌ പറഞ്ഞു.
കാർ ഒരു ചെറിയ ഹോട്ടലിന്റെ വളപ്പിലേക്ക്‌ കടന്നു. ഹോട്ടലിന്റെ ഒരു വശത്ത്‌ അവൾ കാർ നിറുത്തി.
"വാ"
യാന്ത്രികമായി ഞാനവളുടെ പിന്നാലെ നടന്നു. ഹോട്ടലിനു മുന്നിലും ഉള്ളിലും അങ്ങിങ്ങായി നിന്നിരുന്ന ആളുകളെല്ലാം ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പടിക്കെട്ടുകൾ കയറി ഒരു മുറിയുടെ മുന്നിലത്തിയ അവൾ പേഴ്സിൽ നിന്നും താക്കോലെടുത്ത്‌ മുറി തുറന്നു.
"വാ, കേറ്‌"
ഞാൻ അകത്തേക്ക്‌ കയറി അന്തം വിട്ടു നിന്നു. അവൾ പിന്നിൽ വാതിൽ കുറ്റിയിടുന്ന ശബ്ദം.

"ഇരിയ്ക്കൂ"
വശത്തു കിടന്ന ഒറ്റക്കയ്യൻ കസേര നീക്കിയിട്ടു കൊണ്ട്‌ അവൾ പറഞ്ഞു. ഞാൻ ചുറ്റുപാടും ഒന്ന് നോക്കി. ചെറുതെങ്കിലും വൃത്തിയുള്ള മുറിയാണ്‌. മേശപ്പുറത്ത്‌ ഒരു ഫ്ലാസ്ക്‌. അടുത്ത്‌ കുറച്ച്‌ ഗുളികകൾ അലക്ഷ്യമായി കിടക്കുന്നു. കിടക്ക സുന്ദരമായി വിരിച്ചിരിക്കുന്നു. ഞാൻ മെല്ലെ കസേരയിലിരുന്നു. പായൽ മുടിയൊന്ന് ഒതുക്കിക്കെട്ടി കിടക്കയിലിരുന്നു.
"നിങ്ങളുടെ പേരെന്താണ്‌?"
അലക്ഷ്യമായി എന്റെ നേർക്ക്‌ നോട്ടമെറിഞ്ഞു കൊണ്ട്‌ അവൾ ചോദിച്ചു.
"ബാസിത്ത്‌"
"ങ്‌! എന്താ? മനസ്സിലായില്ല"
"പേര്‌ അജ്‌മൽ"
"ഓ, അപ്പോ നേരത്തേ മറ്റൊരു പേര്‌ പറഞ്ഞല്ലോ?"
"അതെന്റെ ഔദ്യോഗിക നാമമാണ്‌. അജ്‌മൽ എന്ന് വിളിച്ചോളൂ"
"ഓകെ. നിങ്ങൾ ഒരു എഴുത്തുകാരനാണെന്ന് തോന്നുന്നു. അല്ലേ?"
നെയിൽ പോളീഷ്‌ ചെയ്ത തന്റെ വിരലുകൾ ഞൊട്ടയിട്ടു കൊണ്ട്‌ അവൾ ചോദിച്ചു.
"ബ്ലോഗറാണ്‌. പക്ഷേ, എങ്ങനെ മനസ്സിലാക്കി?"
ഞാൻ മുന്നിലേക്ക്‌ ആഞ്ഞിരുന്നു.
അവൾ മൃദുവായി ചിരിച്ചു.
"ഞങ്ങളെപ്പോലുള്ളവരെ കാമത്തോടെ മാത്രം നോക്കാത്തത്‌ പത്രക്കാരും എഴുത്തുകാരും മാത്രമാണ്‌. നിങ്ങളൊരു പത്രക്കാരനല്ലെങ്കിൽ തീർച്ചയായും ഒരു എഴുത്തുകാരനാവും എന്ന് ഞാനൂഹിച്ചു"
ഞാൻ ഒന്നും മിണ്ടിയില്ല.
"എന്താണ്‌ നിങ്ങൾ എഴുതാറുള്ളത്‌?"
"കഥകളാണ്‌ കൂടുതൽ. പിന്നെ, ചില അനുഭവങ്ങൾ. മലയാളത്തിലാണെഴുത്ത്‌"
"ഓ, അതു ശരി. നിങ്ങൾക്കെന്താണറിയേണ്ടത്‌?"
"പറഞ്ഞോളൂ. ഇങ്ങനെയായ സാഹചര്യം"
"തമിഴ്‌നാടാണ്‌ ഞാൻ ജനിച്ചത്‌. അച്ഛനും അമ്മയും ഒരു അനിയനുമുണ്ട്‌. സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിലുള്ള ലൈംഗിക അരാജകത്വത്തെപ്പറ്റി ഞാൻ ചിന്തിച്ചു തുടങ്ങിയത്‌ ഹയർ സെക്കണ്ടറി പഠന കാലത്താണ്‌. പുരുഷൻ പണം മുടക്കി വേശ്യകളെ തേടിപ്പോകുന്നു. വേശ്യകൾക്ക്‌ പറയാനുള്ളത്‌ ഇല്ലായ്മയുടെ കഥകൾ മാത്രം. പൂർണ്ണമായ അർപ്പണ ബോധത്തോടെ എന്തു കൊണ്ട്‌ ഈ തൊഴിൽ ചെയ്തു കൂടാ എന്ന് ഞാൻ ചിന്തിച്ചു. ഇപ്പോ ഇവിടെ ഒരു ഐടി സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ്‌ ഞാൻ. അവിടെ ഒരു ദിവസം കിട്ടുന്നതിന്റെ ഇരട്ടിയോളം എനിക്ക്‌ ഒരു രാത്രി കിട്ടും. പിന്നെ ബന്ധങ്ങൾ"
ഞാൻ അസ്വസ്ഥനായി.
"പക്ഷേ, സമൂഹത്തിന്റെ കണ്ണിൽ നിങ്ങൾ തെറ്റുകാരിയല്ലേ?"
"നോക്കൂ. തെറ്റെന്നത്‌ ആപേക്ഷികമാണ്‌. ഞാൻ ചെയ്യുന്നത്‌ എനിക്ക്‌ തെറ്റായി തോന്നാത്ത നാൾ വരെ ഞാൻ അത്‌ ചെയ്യും. കാരണം എന്റെ ശരിയാണത്‌. അത്‌ ചിലപ്പോ നിങ്ങൾക്ക്‌ തെറ്റായി തോന്നിയേക്കാം"
"ഒരിക്കൽ ഈ ജീവിതത്തെപ്പറ്റി കുറ്റബോധം തോന്നിയാൽ?"
അവളൊന്ന് പിടഞ്ഞു. കുറച്ചു നേരം അവൾ താടിയ്ക്ക്‌ കൈ കൊടുത്തു കൊണ്ട്‌ ആലോചനാമഗ്നയായിരുന്നു.
"അറിയില്ല. ഒരുപക്ഷേ, തോന്നില്ലായിരിക്കാം"
അവളുടെ ശബ്ദം താഴ്‌ന്നിരുന്നു. ഒട്ടും ആത്മവിശ്വാസമില്ലാത്ത ഉത്തരമാണെന്ന് എനിക്ക്‌ തോന്നി.
"ശരി. മാനസികമായ സുഖം ഇതിന്‌ പൂർണ്ണമായി കിട്ടുമെന്ന് നിങ്ങൾക്ക്‌ ഉറപ്പു പറയാമോ?"
അവൾ എന്നെയൊന്ന് വല്ലാതെ നോക്കി. അടുത്ത നിമിഷം മുറിയിൽ നിന്നും എന്നെയവൾ ഇറക്കി വിട്ടേക്കുമെന്ന് തോന്നി. പക്ഷേ, ഒന്നുമുണ്ടായില്ല. അവൾ സാവധാനം എഴുന്നേറ്റു. മേശപ്പുറത്തിരുന്ന ഫ്ലാസ്കിൽ നിന്നും ഒരു കാപ്പിലേക്ക്‌ ചായ പകർന്ന് അവൾ എനിക്ക്‌ നേരെ നീട്ടി. മറ്റൊരു കാപ്പിലേക്ക്‌ ചായ പകർന്ന് അവൾ അതുമായി വീണ്ടും കിടക്കയിലേക്കിരുന്നു. ചായ ഒരിറക്കു കുടിച്ച്‌ അവൾ പറഞ്ഞു.
"നിങ്ങൾ എന്നെ വെള്ളം കുടിപ്പിക്കുന്നു"
തമാശ ആസ്വദിച്ച്‌ ഞങ്ങൾ രണ്ടു പേരും ചിരിച്ചു.
"ഇവിടെ പലതരം ആൾക്കാർ വരാറുണ്ട്‌. ചിലരോടു മാത്രമേ മാനസികമായി അടുപ്പം തോന്നാറുള്ളൂ. അവരുമായി ബന്ധപ്പെടുമ്പോഴും സന്തോഷമാണ്‌. മറ്റു ചിലർ വെറും രണ്ടാം കിട വേശ്യയായി എന്നെ തരം താഴ്ത്തും. അവരെ തളർത്താനുള്ള വഴി എന്നോടുണ്ട്‌"
അവളുടെ കണ്ണുകളിൽ കുസൃതിയുടെ തിളക്കം.
"പക്ഷേ, എനിക്കറിയാം, ഇതൊക്കെ ഒരു രാത്രി മാത്രം നീണ്ടു നിൽക്കുന്ന ബന്ധമാണെന്ന്"
നിരാശയുടെ ഒരു പുകമറ അവളുടെ സംഭാഷണത്തിലുണ്ടോ എന്ന് സംശയം.
"കുടുംബക്കാർക്ക്‌ പ്രശ്നമൊന്നുമില്ലേ?"
അവളുടെ ചുണ്ടുകളിൽ പുഛം.
"അവർക്കിതു വരെ അറിയില്ല, ഇത്‌"
"പ്രണയമൊന്നും ഉണ്ടായിട്ടില്ലേ?"
അവൾ ചായക്കപ്പ്‌ തിരികെ മേശപ്പുറത്തേക്ക്‌ വെച്ചു. അവളുടെ മുഖം ഇരുളുന്നത്‌ ഞാൻ ശ്രദ്ധിച്ചു.
"ഉവ്വ്‌"
ഒറ്റ വാക്കിൽ പറഞ്ഞ ആ ഉത്തരത്തിൽ സങ്കടമായിരുന്നു കൂടുതൽ.
"എന്നിട്ട്‌?"
"ഒറ്റ രാത്രിയിലെ ബന്ധം. അത്‌ വിട്ടു"
ഞാൻ എഴുന്നേറ്റു.
"പോട്ടെ?"
"ങാഹാ. കഴിഞ്ഞോ ഇന്റർവ്വ്യൂ?"
അവളും കിടക്കയിൽ നിന്നെഴുന്നേറ്റു.
"ങാ, കഴിഞ്ഞു"
"എന്നിട്ടെന്ത്‌ തീരുമാനിച്ചു? വേണോ വേണ്ടയോ?"
കുസൃതിയോടെ അവൾ സ്വകാര്യമായി മന്ത്രിച്ചു.
"ങും, ഫീസ്‌ ഞാൻ താങ്ങില്ല"
ഞാൻ ചിരിക്കാൻ ശ്രമിച്ചു.
"സൗജന്യമായിട്ടാണെങ്കിലോ?"
വീണ്ടും അവളെന്നെ അത്ഭുതപ്പെടുത്തുന്നു.
"വേണ്ട. കാമം തോന്നാൻ പറ്റിയ ഒരു അവസ്ഥയല്ല എനിക്ക്‌"
ഹൃദയവ്യധയോടെ ഞാൻ പറഞ്ഞു.
അവൾ പൊട്ടിച്ചിരിച്ചു, ഞാനും.
"ഞാൻ ഡ്രോപ്പ്‌ ചെയ്യാം"
അവൾ മേശപ്പുറത്തിരുന്ന കാറിന്റെ താക്കോലെടുത്തു.
"വേണ്ട, അടുത്തല്ലേ. ചിന്തിക്കാനുണ്ട്‌ കുറച്ച്‌"
ഞാൻ വാതിൽ തുറന്നു പിടിച്ചു കൊണ്ട്‌ പറഞ്ഞു.
"എങ്കിൽ ശരി"
"കാണാം"
"ഇല്ല. കാണില്ല. ഞാൻ ഇവിടെ നിന്ന് പോവുകയാണ്‌"
"എങ്ങോട്ട്‌"
"അറിയില്ല"
മുഖത്തു നോക്കാതെയാണ്‌ അവൾ സംസാരിക്കുന്നത്‌. ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. കൈ കൊണ്ട്‌ യാത്ര പറഞ്ഞ്‌ ഉത്തരം കിട്ടാത്ത ഒരുപാട്‌ ചോദ്യങ്ങൾ പേറിക്കൊണ്ട്‌ ഞാൻ തിരികെ നടന്നു.

8 comments:

 1. ഇനിയെന്താകും എന്നൊരു ചിന്ത സൃഷ്ടിക്കുന്ന എഴുത്ത്‌. നന്നായിരിക്കുന്നു

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)

   Delete
 2. ഡാ പഹയാ.... ഇത് ഇപ്പൊ തന്നെ ഞാൻ ഒരു 4 പ്രാവശ്യം പലയിടത്തായി വായിച്ചു.... ഇനിം വായിക്കണോ???....

  ഫേസ്ബുക്കിൽ ഞാൻ ഇട്ട കമന്റ്‌ തന്നെ ഇവിടേം വരവ് വെച്ചേരെ....

  ReplyDelete
  Replies
  1. ഹഹ. എന്റെ ബ്ലോഗ് ഒരു അലമാരയാണ്. ഫേസ്ബുക്കിലെ നല്ല പോസ്റ്റുകൾ അടുക്കി വെക്കാനുള്ള ഒന്ന്. അതാണിങ്ങനെ ;) എന്തായാലും കമന്റ് വരവു വെച്ചു

   Delete
 3. ഡാ ഭ്രാന്താ...
  വായിക്കാനൊത്തീല്ല...
  ഇനിയിവിടെ കാണും..

  ReplyDelete
 4. ആദ്യം ന്യൂജനറേഷൻ പുള്ളാരുടെ കഥ പോലെ തോന്നിച്ചെങ്കിലും അവസാനം എത്തിയപ്പോൾ അല്ലാന്നു മനസ്സിലായ് .. ഇഷ്ട്ടമായ്.. ആശംസകൾ

  ReplyDelete