Friday, July 10, 2015

ബഷീറിനെപ്പറ്റി! ഏത് ബഷീർ എന്ന് ചോദിക്കരുത്

വൈ.മു.ബ.
ഒരുപക്ഷേ, മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഷോർട്ട്‌ ഫോം ഇതാവാം. ഈ ഷോർട്ട്‌ ഫോമിനൊരു വിശദീകരണമാവശ്യമുണ്ടെന്നും തോന്നുന്നില്ല. കാരണം, ഒരിത്തിരി വായിക്കുന്നവർക്കൊക്കെ ഇതാരാണെന്നറിയാം.
വൈക്കം മുഹമ്മദ്‌ ബഷീർ എന്ന പ്രൗഢഗംഭീരമായ ആ പേര്‌ കേൾക്കുമ്പോൾ ഞങ്ങൾ കോട്ടയംകാർക്ക്‌ അഭിമാനമാണ്‌, കാരണം ആ പേരിന്റെ ആദ്യമുള്ള വൈക്കം, അത്‌ കോട്ടയത്താണ്‌. പിന്നീട്‌ ബേപ്പൂർ സുൽത്താനായി ബഷീർ ലോകം മുഴുവൻ പടർന്നു പന്തലിച്ചപ്പോഴും വൈക്കം എന്ന ആ സ്ഥലപ്പേര്‌ അദ്ദേഹം ഒഴിവാക്കിയില്ല എന്നത്‌ ശ്രദ്ധേയമാണ്‌. മലയാളത്തിൽ ഇത്രയധികം ജനസമ്മതിയുള്ള മറ്റൊരെഴുത്തുകാരനുണ്ടോ എന്ന് സംശയമാണ്‌. പ്രേമലേഖനം, ബാല്യകാലസഖി, പാത്തുമ്മയുടെ ആട്‌ എന്നു തുടങ്ങി അദ്ദേഹമെഴുതിയ ഏത്‌ സാഹിത്യ സൃഷ്ടിയാണ്‌ സുന്ദരമല്ലാത്തത്‌? എന്തിന്‌ പലവക എന്ന പേരിലെഴുതിയ യാ ഇലാഹി പോലും ചിന്തനീയവും ചിരിയുണർത്തുന്നതുമാണ്‌.
പത്താം ക്ലാസിലെ മലയാളം പാഠപുസ്തകം പാത്തുമ്മയുടെ ആടാണ്‌ ബഷീർ കൃതികളിൽ ഞാനാദ്യം വായിക്കുന്നത്‌. എത്രയാവർത്തി വായിച്ചു എന്നെനിക്കു തന്നെ അറിയില്ല. ഏറ്റവും ഇളയ കൊച്ചുമ്മ പത്തിൽ പഠിക്കാൻ തുടങ്ങിയതു മുതൽ വായിക്കുന്നതാണത്‌.
'ഡും, പാത്തുമ്മയുടെ ആട്‌ പെറ്റു' എന്നാണ്‌ പാത്തുമ്മയുടെ ആട്‌ പെറ്റതിനെപ്പറ്റി ബഷീർ പറയുന്നത്‌. ഇത്ര ലളിതമായും സുന്ദരമായും മറ്റാരെങ്കിലും പേറിനെപ്പറ്റി പറഞ്ഞിട്ടുണ്ടോ?
'വിശ്വവിഖ്യാതമായ മൂക്ക്‌' പൂർണ്ണമായ ഒരു സാമൂഹ്യ വിമർശ്ശനമാകുന്നു. മൂക്ക്‌ നീണ്ടയാളെ ദിവ്യൻ പോലുമാക്കുന്ന സമൂഹം അയാളെ അനർഹമായ ഒരിടത്ത്‌ നിർബന്ധിച്ചു കൊണ്ടിരുത്തുന്നു. സെൻസേഷൻ എന്ന പ്രഹേളികക്ക്‌ പിന്നാലെ പോകുന്ന നവ മാധ്യമ സംസ്കാരത്തെ ഇതിലും നന്നായി പരിഹസിക്കാൻ കഴിയുമോ?
ശബ്ദങ്ങളും ശക്തമായൊരു പ്രമേയമാണ്‌ മുന്നോട്ടു വെക്കുന്നത്‌. ഒട്ടേറെ വിമർശ്ശനങ്ങളുണ്ടായെങ്കിലും 'ശബ്ദങ്ങൾ' ഇന്നും ബഷീർ കൃതികളിൽ വേറിട്ട്‌ നിൽക്കുന്നു.
ആനപ്പൂട എന്ന കഥ വായൊക്കുമ്പോൾ പുഴയിൽ കുളിക്കുന്ന ആനയുടെ വാലിൽ കടിച്ച്‌ രോമം പറിക്കുന്ന വീരനായ്കനിൽ നാം കാണുക നമ്മുടെ തന്നെ കുട്ടിക്കാലമാണ്‌.
ഗാന്ധിജിയെ തൊട്ട കഥ, അതെ തൊട്ട കഥ ബഷീർ അവതരിപ്പിക്കുന്നത്‌ 'ഞാൻ കാന്തീനെ തൊട്ടു!' എന്നാണ്‌. ആ പറച്ചിൽ കേട്ട്‌ അന്തം വിട്ടു നിൽക്കുന്ന ഉമ്മയുടെ ചിത്രം അന്നത്തെ ശരാശരി കുടുംബത്തിനെ അവസ്ഥ പറയാതെ പറയുന്നുണ്ട്‌.
ബാല്യകാലസഖി ഒരു നോവാണ്‌. എഴുതപ്പെട്ട പ്രണയ കഥകളിൽ ഏറ്റവും സുന്ദരമായത്‌ എന്നാണെനിക്ക്‌ തോന്നിയിട്ടുള്ളത്‌. 'രാജകുമാരീ' എന്നതിനേക്കാൾ പ്രണയം മധുരിക്കുന്ന മറ്റേതെങ്കിലും പേര്‌ ഒരു കാമുകിക്ക്‌ ചേരുമോ?
'ഇമ്മിണി ബല്യ ഒന്നി'നെപ്പറ്റി ഞാൻ ചിന്തിച്ചപ്പോഴൊക്കെ ബഷീറിന്റെ കണ്ടു പിടുത്തത്തിൽ എന്തെങ്കിലും പോരായ്മയുള്ളതായി എനിക്ക്‌ തോന്നിയിട്ടില്ല. രണ്ട്‌ പുഴകൾ കൂടിച്ചേർന്ന് ഒരു വലിയ പുഴ ഉണ്ടാകുന്നു എങ്കിൽ രണ്ടൊന്നുകൾ ചേർന്ന് സാമാന്യം വലിയ ഒരൊന്നല്ലേ ആവേണ്ടത്‌, അല്ലേ? യുക്തി കൊണ്ടൊന്ന് ചിന്തിച്ചു നോക്കൂ.
ആനവാരി രാമൻ നായർ, പൊന്‌കുരിശു തോമ, മണ്ടൻ മൂത്തപാ എന്നിങ്ങനെ പേര്‌ കേൾക്കുമ്പോൾ തന്നെ ചിരിയുണർത്തുന്ന കഥാപാത്രങ്ങൾ മലയാളത്തിൽ എത്രയെണ്ണം ബഷീറിന്റേതല്ലാതായി എണ്ണിയെടുക്കാം? അതൊക്കെ ആ തൂലികയിൽ നിന്നു മാത്രം ഉണ്ടാവുന്ന ഒന്നാണ്‌.
പെണ്ണിനെ മാർക്കറ്റ്‌ ചെയ്യാനുള്ള കഴിവ്‌ മറ്റേതെഴുത്തുകാരനെപ്പോലെ ബഷീറിനുമുണ്ട്‌. പക്ഷേ മേറ്റ്ഴുത്തുകാർ അവ വ്യംഗ്യമായിപ്പറയുമ്പോൾ ബഷീർ സുതാര്യമായും വ്യക്തമായും പറഞ്ഞു എന്ന് മാത്രം. ഉദാഹരണങ്ങളിലേക്ക്‌ കടക്കുന്നില്ല.
എഴുതിയാൽ, വൈക്കം സുൽത്താനെപ്പറ്റി ഒരുപാടുണ്ട്‌. വലിയ എഴുത്തുകാരും നിരൂപകരുമൊക്കെ നടത്തിയ പഠനത്തിലപ്പുറം ഞാനെന്തു പറയാൻ!
പിന്നൊന്നുണ്ട്, മാങ്കോസ്റ്റിൻ മരം, ഫ്ലാസ്കിലെ ചായ, ബീഡി, ചാരു കസേര, പിന്നെ 'എടീ, ഫാബിയേ'യും