Wednesday, February 18, 2015

ഡ്രാക്കുള റിട്ടേൺസ്


-അദ്ധ്യായം രണ്ട്-

എലീന എല്ലാം മൂളിക്കേട്ടു.
"ഇതൊക്കെ ജൊനാതൻ ഹാർക്കർ താമസിച്ചിരുന്ന സ്ഥലങ്ങളാണല്ലോ?"
"അതെ. അതു കൊണ്ട്‌ തന്നെയാണ്‌ അവിടെത്തന്നെ താമസിക്കണമെന്ന് തീരുമാനിച്ചതും"
പെട്ടെന്നെന്തോ ഓർത്തിട്ടെന്ന പോലെ ഗോമസ്‌ ചോദിച്ചു:
"താനെന്തിനാണ്‌ വീട്ടിൽ നിന്നും ഇറങ്ങിയതിനു ശേഷം കയറിപ്പോയത്‌?"
അതിനു മറുപടിയായി എലീന ഒന്നു പുഞ്ചിരിച്ചു. ശേഷം അവൾ കോട്ടിന്റെ പോക്കറ്റിൽ നിന്നും രണ്ട്‌ കുരിശുമാലകൾ പുറത്തെടുത്തു.
"ദാ, ഇതെടുക്കാൻ വേണ്ടി"
അവൾ ഒന്ന് കഴുത്തിലേക്കണിഞ്ഞു. മറ്റേ മാല അവൾ ഗോമസിനു നേർക്ക്‌ നീട്ടി.
"ഇതെന്തിനാ?"
"ഇരിക്കട്ടെ. എന്റെയൊരു സമാധാനത്തിനാണെന്നു കരുതിയാൽ മതി"
"ങും"
അയാൾ മാല വാങ്ങി.
"എന്തായാലും നമുക്കാവശ്യമുള്ളതൊക്കെ അവിടെ നിന്നു കിട്ടുമല്ലോ അല്ലേ?"
എലീന ചോദിച്ചു.
അതുറപ്പാണ്‌. ജൊനാതന്റെ കൃതികളിൽ അവിടുത്തെ സസ്യസമ്പത്തിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. ഇപ്പോൾ അത്രയൊന്നും കാണില്ലെങ്കിലും ഉണ്ടാവും"
"ങും. ലെറ്റ്സ്‌ ഹോപ്‌"
"ട്രെയിൻ വരാൻ സമയമായി. വാ പോകാം"
ഗോമസ്‌ എഴുന്നേറ്റു. ഒപ്പം എഴുന്നേറ്റു. ബില്ല് പേ ചെയ്തതിനു ശേഷം അവർ പുറത്തിറങ്ങി. അൽപ സമയത്തിനുള്ളിൽ തന്നെ പച്ചച്ചായമടിച്ച ട്രെയിൻ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കിതച്ചു കൊണ്ടു നിന്നു.
--------------------------------------------------------

തീവണ്ടി ബുഡാപെസ്റ്റ്‌ സ്റ്റേഷനിൽ ചൂളമടിച്ച്‌ നിന്നു. അവിടെ കാൽ മണിക്കൂറോളം ട്രെയിൻ നിറുത്തിയിടാറുണ്ട്‌. ട്രെയിനിന്റെ പതിമൂന്നാമത്തെ കമ്പാർട്ട്മെന്റിൽ നിന്നും ഗോമസും എലീനയും പുറത്തേക്കിറങ്ങി.
"നമുക്ക്‌ ഡാന്യൂബ്‌ നദിക്കര വരെ ഒന്നു നടന്നാലോ?"
എലീന ചോദിച്ചു.
"ആവാം"
അവർ റെയിൽ വേ സ്റ്റേഷനടുത്തുള്ള ഡാന്യൂബ്‌ നദിക്കരയിലേക്ക്‌ നടന്നു. പുഴ ശാന്തമായി ഒഴുകുന്നു. സൂര്യൻ മടക്കയാത്രയിലാണ്‌. ചെഞ്ചായം നദീജലത്തിന്‌ ഒരു കാൽപനിക ഭാവം നൽകിയിരിക്കുന്നു. 
"ഗോമസ്‌, ട്രെയിൻ എത്ര മിനിട്ട്‌ നിൽക്കും?"
"15 മിനിട്ട്‌"
"കോട്ടയിൽ ചെല്ലുമ്പോൾ ആരാണവിടെ നമുക്കൊരു സഹായത്തിന്‌?"
"ആ ദീപക്‌ തന്നെ. ആൾ കാര്യക്ഷമതയുള്ളവനാണെന്നാണ്‌ അറിഞ്ഞത്‌"
അവർ നദിക്കരയിലൂടെ കുറച്ചു സമയം നടന്നു. നദിയുടെ കളകളാരവം മാത്രമേ കേൾക്കാനുള്ളൂ. അത്‌ ആസ്വദിക്കാനെന്ന വണ്ണം അവരും നിശബ്ദത പാലിച്ചു.
"ഡാന്യൂബ്‌ സൗന്ദര്യവതി തന്നെ, അല്ലേ?"
എലീന ചോദിച്ചു.
"അതെ. എലീനയെപ്പോലെ"
അവൾ മൃദുവായി ഒന്നു ചിരിച്ചു.
നദിക്കരയിലെ ഇളം കാറ്റ്‌ അവളുടെ സ്വർണ്ണ മുടിയിഴകളെ പാറിപ്പറപ്പിക്കുന്നുണ്ട്‌. മുഖത്തേക്ക്‌ വീഴുന്ന മുടിയിഴകളെ അവൾ മാടിയൊതുക്കിക്കൊണ്ടിരുന്നു. അപ്പോൾ ട്രെയിനിന്റെ നീട്ടിയുള്ള ഹോണടി കേട്ടു.
"ട്രെയിൻ പുറപ്പെടാൻ സമയമായി. വാ"
ഗോമസ്‌ മുന്നോട്ട്‌ നടന്നു. കൂടെ എലീനയും.
ട്രെയിൻ പുറപ്പെടാനൊരുങ്ങി നിൽക്കുകയാണ്‌. സ്റ്റേഷനിൽ അധികം തിരക്കില്ല. അവർ തിരികെ ട്രെയിനിലേക്കു കയറി അൽപ സമയത്തിനുള്ളിൽ തന്നെ ട്രെയിൻ വീണ്ടും പുറപ്പെട്ടു. 
---------------------------------------------------------
ട്രെയിൻ വിയന്നയിലെത്തിയപ്പോൾ ഏതാണ്ട്‌ 8 മണി കഴിഞ്ഞിരുന്നു. ഗോമസും എലീനയും തിരക്കേറിയ വിയന്ന റെയില്വേ സ്റ്റേഷനിലേക്ക്‌ ഊളിയിട്ടു.
സ്റ്റേഷനിലെ തിരക്കിൽ നിന്നും ഒരു വിധേന അവർ പുറത്തിറങ്ങി.
"വാ, നമുക്ക്‌ ആ ഹോട്ടലിലേക്ക്‌ കയറാം"
അടുത്തുണ്ടായിരുന്ന ഒരു ലഘുഭക്ഷണശാല ചൂണ്ടിക്കാണിച്ചു കൊണ്ട്‌ ഗോമസ്‌ പറഞ്ഞു. അവർ അതിലേക്ക്‌ കയറി.
"ഗോമസ്‌, എനിക്കെന്തോ അകാരണമായ ഭയം"
കഴിച്ചു കൊണ്ടിരിക്കെ പതിഞ്ഞ ശബ്ദത്തിൽ എലീന പറഞ്ഞു.
"ഭയമോ? എന്തിന്‌?"
"ഡ്രാക്കുള പ്രഭു എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു"
"അതൊക്കെ കഴിഞ്ഞ കഥകളല്ലേ എലീനാ? കുറച്ചു കൂടി പക്വത കാണിക്കൂ"
"ങും. ഗോമസ്‌ ആ മാല എവിടെ?"
കുരിശുമാലയെപ്പറ്റി പെട്ടെന്നാണ്‌ എലീന ചോദിച്ചത്‌.
"ഉണ്ടെടോ"
ഗോമസ്‌ കഴുത്തിലിട്ടിരുന്ന മാല കോട്ടിനുള്ളിൽ നിന്നും പുറത്തേക്കിട്ടു.
"ങും"
ഭക്ഷണം കഴിഞ്ഞിറങ്ങിയ അവർ പോയത്‌ ടാക്സി സ്റ്റാന്റിലേക്കാണ്‌. ഏറെ നേരം നിന്നിട്ടാണ്‌ അവർക്കൊരു ടാക്സി കിട്ടിയത്‌.
"സാർ, ഗുഡ്‌ ഷെപ്പേർഡ്‌ ഹോട്ടൽ വരെ പോകണം"
ഗോമസിന്റെ ആവശ്യം കേട്ട്‌ ചുളിഞ്ഞ മുഖമുള്ള ടാക്സി ഡ്രൈവർ അവരെയൊന്ന് ഉഴിഞ്ഞു നോക്കി.
"പറ്റില്ല"
"അങ്ങനെ പറയല്ലേ സാർ. കൂലി കൂടുതൽ തരാം"
"ശരി. കൊണ്ടു വിടാം. എത്തുമ്പോ ഞാൻ പറയുന്ന കൂലി തരണം. ഏറ്റോ?"
"ഏറ്റു"
"അവിടെത്തുമ്പോ കണാകുണാ പറഞ്ഞാ എന്റെ സ്വഭാവം മാറും"
"ഇല്ല. തരാം"
"ങാ, എന്നാ കേറ്‌"
'ഗുഡ്‌ ഷെപ്പേഡ്‌' ഹോട്ടലിനു മുന്നിൽ ടാക്സി നിന്നു. പുറമേ നിന്നു നോക്കിയാൽ തന്നെ അറിയാം, പഴയ ഹോട്ടലാണ്‌. ഹോട്ടലിന്റെ രൂപകൽപന ഗോഥിക്‌ ശൈലിയിലാണ്‌ എന്ന് അത്ഭുതത്തോടെ അയാൾ ഓർത്തു.
അവർ ടാക്സിക്കൂലി കൊടുത്തതിനു ശേഷം ഹോട്ടലിനകത്തേക്ക്‌ കയറി.
റിസപ്ഷനിൽ ഒരു തള്ളയാണ്‌ നിൽക്കുന്നത്‌. ആ സ്ത്രീ അവരെയൊന്ന് ആപാദചൂഡം നോക്കി.
"റൂം"
"ഇവിടെ സൗകര്യങ്ങളൊക്കെ കുറവാ. നിങ്ങൾ വേറെ ഏതെങ്കിലും ഹോട്ടൽ നോക്കൂ"
അവർ രജിസ്റ്റർ അടച്ചു വെച്ചു കൊണ്ട്‌ പറഞ്ഞു.
"കുഴപ്പമില്ല. ഞങ്ങൾക്ക്‌ ഇത്രയും സൗകര്യങ്ങൾ മതി"
എന്നു പറഞ്ഞു കൊണ്ട്‌ ഗോമസ്‌ കുറച്ച്‌ ഡോളറുകളെടുത്ത്‌ മേശപ്പുറത്ത്‌ വെച്ചു.
"ങാ, എങ്കിൽ നിങ്ങളുടെ ഇഷ്ടം"
ഞൊടിയിടയിൽ ആ പണം കൈക്കലാക്കിക്കൊണ്ട്‌ റിസപ്ഷനിസ്റ്റ്‌ തള്ള രെജിസ്റ്റർ തുറന്നു.
"റൂം നമ്പർ 13"
ഗോമസും എലീനയും പരസ്പരം നോക്കി.
തള്ള തിരിഞ്ഞ്‌ പിന്നിലെ ഭിത്തിയിൽ തൂക്കിയിരുന്ന താക്കോലുകളിൽ ഒന്നെടുത്ത്‌ അവർക്കു നേരേ നീട്ടി.
"ദാ, ഈ സ്റ്റെയർ കേസ്‌ വഴി മുകളിലേക്ക്‌ കയറിക്കോളൂ"
താക്കോൽ കൊടുത്ത ശേഷം തള്ള പറഞ്ഞു.
"ശരി. താങ്ക്സ്‌"
ഗോമസ്‌ താക്കോൽ വാങ്ങി.
അവർ സ്റ്റെയർ കേസ്‌ വഴി മുകളിലെത്തി. ഇരുണ്ട വെളിച്ചമുള്ള ഇടനാഴിയിലൂടെ അവർ 13ാം നമ്പർ മുറിയിലേക്ക്‌ നടന്നു.
"ഗോമസ്‌, ഒരു കാര്യം ശ്രദ്ധിച്ചോ?"
പഴകിയ പൂട്ടിൽ താക്കോൽ തിരിയുമ്പ്പോൾ കേൾക്കുന്ന കരകര ശബ്ദത്തിന്റെ മറവിൽ അടക്കിപ്പിടിച്ച ശബ്ദത്തിൽ എലീന ചോദിച്ചു.
"എന്ത്‌?"
ഒരു ഞരക്കത്തോടെ വാതിൽ തുറന്നു. അവർ അകത്തേക്ക്‌ കയറി.
വളരെ വിശാലമല്ലെങ്കിലും ചെറുതല്ലാത്ത ഒതുക്കമുള്ള ഒരു മുറി. ഭിത്തിയിലെ പെയിന്റൊക്കെ മങ്ങിയതാണ്‌. മുറിയുടെ വലത്തേ മൂലയോടു ചേർന്ന് ഭംഗിയായി ബെഡ്‌ ഷീറ്റ്‌ വിരിച്ച്‌ ഒരു കട്ടിൽ ഇട്ടിരിക്കുന്നു. മുൻവാതിലിനോട്‌ ചേർന്ന് ഒരു എഴുത്തു മേശ.
"എലീനാ, താനെന്താ പറഞ്ഞത്‌?"
മുറിക്കുള്ളിലെ ലൈറ്റിട്ടു കൊണ്ട്‌ ഗോമസ്‌ ചോദിച്ചു.
"അത്‌, നമ്മൾ കേറിയ ട്രെയിനിൽ നമ്മുടെ കമ്പാർട്ട്മെന്റിന്റെ നമ്പർ 13, ടാക്സിയുടെ നമ്പർ 13, ഇപ്പോ ഇതാ റൂം നമ്പരും"
"അതു കൊണ്ടെന്താ?"
"അല്ല. 13 ദൗർഭാഗ്യത്തിന്റെ നമ്പരായാണല്ലോ അറിയപ്പെടുന്നത്‌. അതു കൊണ്ട്‌ എനിക്കൊരു ഭയം"
"അതൊക്കെ വെറുതേ പറയുന്നതല്ലേടോ. ബീ കൂൾ"
ഗോമസ്‌ അങ്ങനെ പറഞ്ഞെങ്കിലും അയാളുടെ മനസ്സിലും ഭയം കൂടു കൂട്ടിയിരുന്നു.
അയാൾ മുറിയിലെ ജനലുകൾ തുറന്നു. നേരിയ കാറ്റ്‌ മുറിക്കകത്തേക്ക്‌ അരിച്ചു കയറി.
"ങും. തണുപ്പുണ്ട്‌"
അയാൾ സ്വയം പറഞ്ഞു.
പെട്ടെന്ന് വാതിലിൽ മുട്ടു കേട്ടു. ഗോമസ്‌ വാതിൽ തുറന്നു.
"സാർ, അത്താഴം?"
റൂം ബോയിയാണ്‌.
"വേണമെന്നില്ല. പക്ഷേ, പ്രാതൽ വേണം"
"ശരി സാർ. ഗുഡ്‌ നൈറ്റ്‌"
"ഓകെ. ഗുഡ്‌ നൈറ്റ്‌"
അയാൾ വാതിലടച്ചു കുറ്റിയിട്ടു.
"ഞാൻ ഒന്നു കുളിച്ചിട്ടു വരാം"
തന്റെ ബാഗിൽ നിന്നും നിശാവസ്ത്രമെടുത്തു കൊണ്ട്‌ എലീന പറഞ്ഞു.
"ശരി. എനിക്ക്‌ കുറച്ചെഴുതാറുണ്ട്‌"
എലീന കുളിമുറിയിലേക്ക്‌ കയറി. ഗോമസ്‌ ബാഗിൽ നിന്നും കുറച്ച്‌ കടലാസുകളും പേനയുമെടുത്ത്‌ എഴുത്തു മേശക്ക്‌ മുന്നിലിരുന്നു.
ഗോമസിന്റെ കത്ത്‌
----------------------------
സാർ,
ജനുവരി 8 വൈകിട്ട്‌ 9 മണിക്ക്‌ ക്ലൗസൻബർഗ്ഗിലെത്തി ഹോട്ടലിൽ മുറിയെടുത്തു. നാളെ കോട്ടയിലേക്ക്‌ പോവുകയാണ്‌. ഒരു മാസം കൊണ്ട്‌ ഗവേഷണം തീർക്കണമെന്നാണ്‌ ആഗ്രഹം. എന്തായാലും എലീനയുടെ അഭിപ്രായയും കൂടി അറിഞ്ഞിട്ട്‌ അറിയിക്കാം.
വിശ്വസ്ഥതയോടെ,
ഗോമസ്‌ ഹാർക്കർ,
ക്ലൗസൻബർഗ്ഗ്‌,
ജനുവരി-9
ഗോമസ്‌ ഒന്നു കൂടി കത്തു വായിച്ച ശേഷം ഒരു കവറെടുത്ത്‌ അതിൽ അഡ്രസ്സെഴുതി കത്ത്‌ അയാൾ അതിലേക്കിട്ടു. അപ്പോൾ കുളി കഴിഞ്ഞ എലീന നിശാവസ്ത്രമണിഞ്ഞു കൊണ്ട്‌ കുളിമുറിയുടെ വാതിൽ തുറന്ന് മുറിയിലേക്ക്‌ വന്നു.
"ങാഹാ, കഴിഞ്ഞോ?"
എലീനയുടെ നേർക്ക്‌ ഒരു നോട്ടമെറിഞ്ഞു കൊണ്ട്‌ ഗോമസ്‌ ചോദിച്ചു. മറുപടിയായി എലീന ഒന്നു മന്ദഹസിച്ചു.
അവൾ കിടക്കയിലേക്ക്‌ കയറി പുതപ്പ്‌ മുഖത്തേക്ക്‌ വലിച്ചിട്ടു.
"ഗോമസ്‌, ലൈറ്റണച്ചിട്ട്‌ ടേബിൾ ലാമ്പിട്‌"
പുതപ്പിനടിയിൽ കൂടി എലീന പറഞ്ഞു. ഗോമസ്‌ ലൈറ്റണച്ചിട്ട്‌ ടേബിൾ ലാമ്പിട്ടു. അയാൾ മറ്റൊരു കടലാസെടുത്തു.
ഗോമസ്‌ ഹാർക്കറുടെ കുറിപ്പ്‌
------------------------------------------
നാളെ ബോർഗ്ഗോ മലയിടുക്ക്‌ കടന്ന് ബിസ്ട്രിക്റ്റ്സ്‌ വഴി ബുക്കോവിനയിലെത്താം. അവിടെ നിന്നും ട്രാൻസിൽ, മോൾഡേവിയ, ബുക്കോവിന എന്നീ സ്ഥലങ്ങളിലായി പരന്നു കിടക്കുന്ന കാർപ്പേത്യൻ മല പിന്നിട്ട്‌ ഡ്രാക്കുളക്കോട്ടയിൽ.
എഴുതിത്തീർന്ന ശേഷം അയാൾ നെടുതായൊന്നു നിശ്വസിച്ചു. കുറിപ്പ്‌ ബാഗിലേക്കിട്ട്‌ അയാൾ കുളിമുറിയിലേക്ക്‌ കയറി.
കുളിമുറിയിൽ കേറി കതകടച്ച അയാൾ ടിഷർട്ടും പാന്റും ഊരി ഹാങ്ങറിൽ തൂക്കി. തന്റെ കഴുത്തിൽ കിടന്ന കുരിശുമാല അയാൾ ഭിത്തിയിലെ കൊളുത്തിൽ തൂക്കി.
(തുടരും)

Saturday, February 7, 2015

ഡ്രാക്കുള റിട്ടേൺസ്‌


-അദ്ധ്യായം ഒന്ന്-
അന്നു വൈകിട്ടത്തെ ക്യാബിനറ്റ്‌ യോഗത്തിൽ തന്റെ ചിരകാലാഭിലാഷം ഗോമസ്‌ ഹാർക്കർ നേടിയെടുത്തു. ഒട്ടേറെ തടസ്സ വാദങ്ങളുണ്ടായെങ്കിലും ഏറെ നേരം തർക്കിച്ചും വാദിച്ചും അയാൾ ആ തടസ്സ വാദങ്ങളെല്ലാം ഘണ്ഡിച്ചു. അവസാനം പ്രൊഫസർ പറഞ്ഞത്‌ 'തന്റെ ഇഷ്ടം' എന്നാണ്‌.
"അത്‌ യുവർ ഓൺ റിസ്ക്‌, തന്റെ ഇഷ്ടം"
"ഷുവർ സാർ"
"ഏതായാലും എലീനയും കൂടി വരുന്നുണ്ടല്ലോ. തന്റെ നിരുത്തരവാദിത്തം അവൾ നോക്കിക്കോളും"
ഗോമസ്‌ ഒന്നു ചിരിച്ചു.
"പറഞ്ഞതു പോലെ കക്ഷിയെവിടെ? കണ്ടില്ലല്ലോ"
"പുറത്തുണ്ട്‌ സാർ. ഷീ ഈസ്‌ വെയ്റ്റിംഗ്‌ ഫോർ മീ ദെയർ"
"ഓ. അതിനർത്ഥം എന്റെ കത്തി നിർത്തണമെന്ന്, അല്ലേ?"
പ്രൊഫസർ കുലുങ്ങിച്ചിരിച്ചു.
"നോ സാർ. അങ്ങനെയല്ല. ഞാൻ..."
"അറിയാമെടോ. ഞാനൊരു കളി പറഞ്ഞതാ. താൻ പോയിട്ട്‌ വാ. ബെസ്റ്റ്‌ ഓഫ്‌ ലക്ക്‌"
"താങ്ക്‌ യൂ സാർ"
ഇരുവരും ഹസ്തദാനം നടത്തി പിരിഞ്ഞു.
പുറത്തു വരുമ്പോൾ തന്റെ കാറിൽ ചാരി എലീന നിൽപ്പുണ്ടായിരുന്നു.
"മൂന്നു വർഷത്തെ എന്റെ ആഗ്രഹം!"
ഗോമസ്‌ ആരോടെന്നില്ലാതെ പറഞ്ഞു.
"താനൊരു വല്ലാത്ത മനുഷ്യൻ തന്നെ ഗോമസ്‌. എന്തു കൊണ്ട്‌ അവിടേക്കൊരു താത്പര്യം?"
"എടോ, തനിക്കറിയില്ല അവിടുത്തെ പുരാവസ്തുക്കളെപ്പറ്റി. നൂറ്റാണ്ടുകൾക്കു മുൻപ്‌ അന്നത്തെ പ്രബല രാജ വംശമായിരുന്ന 'ദ ഗ്രേറ്റ്‌ റോയൽ ഡ്രാക്കുള'യുടെ ആസ്ഥാന കൊട്ടാരമാണത്‌. ആ വംശം നശിച്ചിട്ട്‌ കാലങ്ങളേറെയായി. പക്ഷേ, അവിടുത്തെ പഴമയിൽ കൈ വെക്കാൻ മാത്രം ആരും ധൈര്യപ്പെട്ടിട്ടില്ല"
"അതെന്താ?"
തലമുറകൾക്കു മുൻപ്‌ എന്റെ ഒരു മുത്തച്ഛൻ ജൊനാതൻ ഹാർക്കർ ആ കൊട്ടാരത്തിൽ താമസിച്ചിരുന്നു. അന്ന് പ്രൊഫസർ വാൻ ഹെൽസിങ്ങിന്റെ നേതൃത്വത്തിൽ ഡ്രാക്കുള പ്രഭുവുലിനെ നശിപ്പിച്ചത്‌ തനിക്കറിയില്ലേ?"
"ങും"
"ആ സംഭവം കൊണ്ടാവും, ആർക്കും അവിടേക്ക്‌ പോകാൻ ധൈര്യമില്ല. ഇപ്പോൾ അത്‌ നോക്കി നടത്താൻ ഒരു ഇന്ത്യക്കാരനുണ്ട്‌, ദീപക്‌. അയാൾക്ക്‌ അതിലൊന്നും താത്പര്യവുമില്ല."
ഗോമസ്‌ തന്റെ വാച്ചിലേക്ക്‌ നോക്കി.
"ങാ. എലീനാ, നാളെ 7 മണിക്ക്‌ റെഡിയായി നിൽക്കൂ. ഞാൻ വരാം"
"ശരി"
അവൾ കാറിൽ കയറി ഡോറടച്ചു. കയ്യുയർത്തി വിഷ്‌ ചെയ്തു കൊണ്ട്‌ അവൾ കാർ മുന്നോട്ടെടുത്തു.
------------------------------------------------------
പിറ്റേന്ന് രാവിലെ തന്നെ ഗോമസ്‌ എലീനയുടെ വീട്ടിലെത്തി. അയാൾ കോളിംഗ്‌ ബെല്ലിൽ വിരലമർത്തി. അൽപസമയം കഴിഞ്ഞപ്പോൾ എലീനയുടെ അമ്മ വാതിൽ തുറന്നു.
"ങാ ഗോമസ്‌, കേറിയിരിക്ക്‌"
"എലീന റെഡിയായില്ലേ" എന്നു ചോദിച്ച്‌ അയാൾ അകത്തേക്ക്‌ കയറി.
"ദാ, ഞാനെത്തി"
കയ്യിലൊരു ബാഗുമായി എലീന പുറത്തേക്ക്‌ വൻഞ്ഞ്‌.
"എല്ലാം എടുത്തിട്ടില്ലേ?"
ഗോമസ്‌ ചോദിച്ചു.
"ഉവ്വ്‌"
അവർ പുറത്തേക്കിറങ്ങി. പെട്ടന്നവൾ ഒന്നു നിന്നു.
"ഗോമസ്‌, ഒരു സെക്കണ്ട്‌" എന്നു പറഞ്ഞ്‌ അവൾ അകത്തേക്കോടി.
"ഹോ, അവൾ എന്തോ മറന്നു"
ഗോമസ്‌ അക്ഷമനായി. ഉടൻ തന്നെ എലീന തിരിച്ചെത്തി.
"പോകാം"
"ഇനിയെന്തെങ്കിലും എടുക്കാനുണ്ടോ നിനക്ക്‌?"
കൃത്രിമ ദേഷ്യം അഭിനയിച്ച്‌ ഗോമസ്‌ ചോദിച്ചു.
"ഹഹ. ഇല്ലേയില്ല. പോകാം"
അവർ കാറിൽ കയറി.
"ശരി മമ്മീ. പോയി വരാം"
എലീന കൈ വീശി അമ്മയോട്‌ യാത്ര പറഞ്ഞു.
------------–-------------------------------------------
അവർ മ്യൂണിച്ച്‌ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ 10 മണി കഴിഞ്ഞിരുന്നു.
"ട്രെയിൻ വരാൻ അര മണിക്കൂർ കൂടിയുണ്ട്‌. നമുക്കെന്തെങ്കിലും കഴിക്കാം"
വാച്ചിൽ നോക്കി ഗോമസ്‌ പറഞ്ഞു.
അവർ തങ്ങളുടെ ബാഗുകളുമായി ഹോട്ടൽ കൊറോണയിലേക്ക്‌ കയറി. ഗോമസ്‌ രണ്ട്‌ ലൈം ജ്യോൂസുകൾ ഓർഡർ ചെയ്തു.
"ഗോമസ്‌, എങ്ങിനെയാണ്‌ നമ്മുടെ ഷെഡ്യൂൾ?"
ലൈം ജ്യോൂസ്‌ സിപ്പ്‌ ചെയ്തു കൊണ്ടിരിക്കെ എലീന ചോദിച്ചു.
"ട്രെയിനിൽ നമ്മൾ വിയന്നയിലെത്തുമ്പോൾ വൈകുന്നേരമാവും. അവിടെ നിന്ന് ക്ലൗസൻ ബർഗ്ഗിലേക്ക്‌ ഒരു ടാക്സിയിൽ പോകാം. അവിടെ ഏതെങ്കിലും ഒരു ഹോട്ടലിൽ അന്ന് തങ്ങുന്നു. പിറ്റേന്ന് രാവിലെ ട്രാൻസില്വേനിയയിലേക്ക്‌. അവിടെ നിന്നും കോട്ടയിലേക്കും"
(തുടരും)