Saturday, July 20, 2013

നോമ്പ്‌ എന്നാല്

അതിഥി


"മരണം ക്രൂരനായ ഒരതിഥിയാണ്‌"

മരണത്തിന്റെ ഭീകരത ഞാന്‌ അറിഞ്ഞത്‌ എന്റെ അഞ്ചാം വയസ്സിലായിരുന്നു. അന്ന് എന്റെ വാപ്പ ഗള്‌ഫിലായിരുന്നു. ഒരു ശരാശരി മലയാളിയുടെ സാമ്പത്തിക പ്രശ്നങ്ങള്‌ക്‌ ഇന്നും ആദ്യം എത്തുന്ന പരിഹാരം പ്രവാസം തന്നെയാണല്ലോ. അങ്ങനെയാണ്‌ വാപ്പ എന്റെ രണ്ടാം വയസ്സില്‌ വിമാനം കയറുന്നത്‌. അന്ന് സാമ്പത്തികമായി തരക്കേടില്ലാത്ത നിലയിലായിരുന്നു ഞങ്ങള്‌. ചെറുതെങ്കിലും സുന്ദരമായ വീട്‌, വാപ്പയ്ക്ക്‌ തരക്കേടില്ലാത്ത ജോലി. ഇവിടുത്തെ ആദ്യകാല ഇൻസ്റ്റാള്‌മെന്റ്‌കാരില്‌ ഒരാളായിരുന്നു വാപ്പ. അന്ന് ഈരാറ്റുപേട്ടയില്‌ ഇൻസ്റ്റാള്‌മന്റ്‌ വ്യാപകമാകുന്നേയുള്ളൂ. ജോലിയും കളഞ്ഞ്‌ വീടും വിറ്റിട്ടാണ്‌ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും ഭാണ്ഢം പേറി വാപ്പ മണലാരണ്യത്തിലേക്ക്‌ പോകുന്നത്‌. അന്ന് വാപ്പയോടൊപ്പം ഇൻസ്റ്റാള്‌മെന്റില്‌ പങ്കാളികളായിരുന്ന പലരും ഇന്ന് നല്ല നിലയിലാണ്‌.
നീണ്ട നാലര വര്‌ഷം വാപ്പ അവിടെ നിന്നു; ഇടക്കൊന്ന് നാട്ടില്‌ പോലും വരാതെ. വിസ ഏജന്റിന്റെ ചതിയില്‌ കുടുങ്ങി മണല്‌ക്കാട്ടില്‌ നരകയാതന അനുഭവിക്കേണ്ടി വന്ന അനേകായിരം പേരില്‌ ഒരാളായിരുന്നു എന്റെ വാപ്പയും. നാലര വര്‌ഷത്തെ സുദീര്‌ഘമായ പ്രവാസ ജീവിതത്തിനു ശേഷം തിരികെ വന്ന വാപ്പ പിന്നെയൊരു വീട്‌ വെച്ചത്‌ എട്ട്‌ വര്‌ഷങ്ങള്‌ക്ക്‌ ശേഷമാണ്‌. ആദ്യത്തെ വീടിന്റെ പകുതി പോലും പകിട്ടില്ലാത്ത ഒരു ഷെഡ്ഡ്‌.
പറഞ്ഞു വന്നത്‌ മരണത്തെക്കുറിച്ചാണ്‌. വാപ്പയുടെ പ്രവാസം എന്നെ കൂടുതല്‌ അടുപ്പിച്ചത്‌ ഉപ്പ എന്ന് ഞങ്ങള്‌ വിളിക്കുമായിരുന്ന എന്റെ വാപ്പയുടെ വാപ്പയിലേക്കായിരുന്നു. എന്നെ വലിയ സ്നേഹമായിരുന്നു ഉപ്പയ്ക്ക്‌.
മലഞ്ചരക്ക്‌ വ്യാപാരം കഴിഞ്ഞ്‌ വലിയ ചാക്കുകെട്ടും തലയിലേറ്റി വരുന്ന ഉപ്പയെ ദൂരെ വെച്ചു കാണുമ്പോഴേ ഞാന്‌ ഓടിച്ചെല്ലും. എന്നെ പൊക്കി ഉപ്പ ചുമലിലിരുത്തും. എന്നിട്ട്‌ ഒരു മുഷിഞ്ഞ കടലാസില്‌ പൊതിഞ്ഞ കുറേ മിഠായികളും തരും. എന്റെ ജീവിത കാലത്തിലിന്നു വരെ അത്രയും സ്വാദുള്ള മിഠായി ഞാന്‌ കഴിച്ചിട്ടില്ല. എല്ലാ ദിവസവും ഉള്ള പതിവായിരുന്നു അത്‌. എന്നെയും ഒപ്പം ചാക്കുകെട്ടിനെയും ചുമന്നാണ്‌ ഉപ്പ വീട്ടിലെത്തുക. മിക്കപ്പോഴും എന്റെ ഉമ്മയുടെ വക ശകാരം കേട്ടാണ്‌ ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് എനിക്ക്‌ തോന്നിയിട്ടുള്ള ഉപ്പയുടെ ചുമലില്‌ നിന്ന് ഞാന്‌ താഴെയിറങ്ങുക.
ഞങ്ങളുടെ വീടിനു മുൻപില്‌ ഒരു തോടുണ്ട്‌; മാതാക്കല്‌ തോട്‌. മീനച്ചിലാറിന്റെ ഒരു പോഷക നദിയാണ്‌. ചെറുപ്പം മുതല്‌ക്കേ തോട്ടിലായിരുന്നു എന്റെ കുളി. ഒരിക്കല്‌ തോട്ടില്‌ നിന്നും വിസ്തരിച്ചൊരു കുളിയും കഴിഞ്ഞ്‌ കരയില്‌ വെച്ച്‌ ഉടുപ്പ്‌ മാറുമ്പോള്‌ കാലു തെറ്റി ഞാന്‌ തോട്ടിലേക്ക്‌ വീണു. സാരമായ പരിക്കുകളൊന്നും പറ്റിയില്ല. ശരീരത്തില്‌ അവിടവിടെയായി ചെറിയ പോറലുകളേയുള്ളൂ. എന്നിട്ടും അറിഞ്ഞപ്പോള്‌ ഉപ്പയ്ക്ക്‌ വലിയ വിഷമമായി.
"എന്റെ കുട്ടിയെ നിനക്കൊന്നും ശ്രദ്ധിക്കാന്‌ വയ്യല്ലേ?"
എന്നൊക്കെ എന്റെ ഉമ്മയോടും മറ്റും കയര്‌ത്തു ഉപ്പ.
ആ സ്നേഹം മരിക്കുവോളം എന്നോട്‌ ഉണ്ടായിരുന്നു. ഒരിക്കല്‌ എന്റെ പതിവു തെറ്റി. അന്ന് സ്കൂള്‌ വിട്ട്‌ വരുമ്പോള്‌ ഉപ്പ കട്ടിലിലായിരുന്നു. അന്നും എന്നെ അടുത്തേക്ക്‌ വിളിച്ച്‌ കയ്യില്‌ മിഠായിപ്പൊതി വെച്ചു തന്നു. നിറഞ്ഞു വരുന്ന കണ്ണുകളോടെ എന്നെ ചേര്‌ത്തു പിടിച്ച ഉപ്പ പെട്ടെന്ന് പൊട്ടിക്കരഞ്ഞപ്പോള്‌ എനിക്ക്‌ മനസ്സിലായില്ല, എന്താണ്‌ സംഭവിക്കാന്‌ പോകുന്നതെന്ന്.
പിറ്റേന്ന്, വീട്ടില്‌ പൊട്ടിക്കരച്ചിലുകളും തേങ്ങലുകളുമൊക്കെ കേട്ടാണ്‌ ഞാന്‌ ഉണര്‌ന്നത്‌. എല്ലാവരും കരയുന്നു. അത്‌ കണ്ട്‌ ഞാന്‌ ഭയപ്പെട്ടു. എന്തൊക്കെയാണ്‌ നടക്കുന്നത്‌ എന്നെനിക്ക്‌ മനസ്സിലായില്ല. എന്റെ ഉമ്മയും കൊച്ചുമ്മമാരുമൊക്കെ കരയുകയായിരുന്നു.
"കരയല്ലേ" എന്ന് പറഞ്ഞ്‌ അവര്‌ക്കിടയിലൂടെ ഓടി നടക്കാനേ എനിക്ക്‌ കഴിഞ്ഞുള്ളൂ.
വൈകിട്ട്‌, എല്ലാവരും കൂടി മയ്യിത്ത്‌ കട്ടിലിലേറ്റി ഉപ്പയെ കൊണ്ടു പോകുമ്പോഴാണ്‌ ഞാന്‌ എനിക്ക്‌ നഷ്ടപ്പെട്ടത്‌ എന്താണെന്ന് തിരിച്ചറിയുന്നത്‌. നിശബ്ദനായി ഞാന്‌ കരഞ്ഞു.
ഇന്നും ഉപ്പ എന്റെ ഒരു സങ്കടമാണ്‌. എല്ലാ വെള്ളിയാഴ്ച്ചയും ഉപ്പയുടെ ഖബര്‌ സന്ദര്‌ശിച്ച്‌ ഒരു 'യാസീന്‌'* ഓതി സമര്‌പ്പിക്കാറുണ്ട്‌. സര്‌വശക്തനായ ദൈവം അദ്ദേഹത്തിന്റെ പരലോക ജീവിതം സുഖകരമാക്കട്ടെ!
--------------------------------------------------
*യാസീന്‌- പരിശുദ്ധ ഖുര്‌-ആനിലെ ഒരു അദ്ധ്യായം.