Wednesday, March 19, 2014

ഞാനും പിന്നെ ഞാനും!


ഇരുപത്തിമൂന്ന് വര്ഷത്തെ ജീവിതത്തിനിടയില് ഒരുപാട് പേരെ കണ്ടിട്ടുണ്ട്. പല തരക്കാര്, പല സ്വഭാവക്കാര്, പല ദേശക്കാര്. അവരില് ചിലരൊക്കെ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മറ്റു ചിലര് എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. ചിലര് ഒരുപാട് സുഖമുള്ള ഓര്മകള് തന്നിട്ടുണ്ട്. അവരില് പലരും എന്റെ കഥകളില്, അങ്ങനെ വിളിക്കാമോ എന്നറിയില്ല, എന്റെ ബോറടിപ്പിക്കുന്ന കുറിപ്പുകളില് ഒളിഞ്ഞോ തെളിഞ്ഞോ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. എന്റെ എഴുത്തിനെ തുറന്നഭിനന്ദിച്ചത് ആകെ വിരലിലെണ്ണാവുന്നവരേയുള്ളൂ. അതൊരു പോരായ്മയായി തോന്നിയിട്ടില്ല. അർഹിക്കുന്നതിനല്ലേ അംഗീകാരം കിട്ടൂ. എന്റെ എഴുത്തുകള് അത്ര മാത്രമേ അർഹിക്കുന്നുള്ളൂ എന്നാണ് ഞാന് മനസ്സിലാക്കുന്നത്.
സുഖമുള്ള ഓര്മകള് വളരെ കുറവാണെനിക്ക്. എങ്കിലും തിരിഞ്ഞു നോക്കുമ്പോള് ഒരു രീതിയില് ഞാന് കൃതാര്ഥനാണ്. അക്ഷരങ്ങളുടെ ലോകം അളവില്ലാതെ സമ്മാനിച്ച സൈബര് ലോകത്തോട് ഞാന് കടപ്പെട്ടിരിക്കുന്നു, അവിടെ എനിക്ക് കിട്ടിയ ഒരുപാട് നല്ല സൌഹൃദങ്ങളോടും.

എന്നെ പഠിപ്പിച്ച എന്റെ അദ്ധ്യാപകര്ക്ക് ശേഷം എന്റെ എഴുത്തിനെ പരിധികളില്ലാതെ അഭിനന്ദിച്ചതും പ്രചോദിപ്പിച്ചതും മൂന്നു പേരാണ്, ഇ ലോകത്തുള്ളത്. ഒരാള് ഇ ലോകത്തെ അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണ്‌. മറ്റൊരാള് ഇ ലോകത്തിലെക്കാളേറെ ഈ ലോകത്തില്, ആനുകാലികങ്ങളില് നിറഞ്ഞു നിൽക്കുന്നയാളാണ്. മൂന്നാമത്തെയാള്, രണ്ടു ലോകത്തും പല രീതിയിലും സംഭാവനകള് നല്കിക്കൊണ്ടിരിക്കുന്ന അതുല്യനായ ഒരു മനുഷ്യനാണ്. ഗായകന്, എഴുത്തുകാരന്, പത്രപ്രവര്ത്തകന്, തിരക്കഥാകൃത്ത് എന്നിങ്ങനെ അദ്ദേഹം വിരാജിക്കുന്ന മേഖലകള് ഒരുപാടാണ്‌. അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്, 'നിന്റെ എഴുത്തുകള് ഉറൂബിനെയോ വൈക്കം മുഹമ്മദ്‌ ബഷീറിനെയോ ഒക്കെ ഓര്മിപ്പിക്കുന്നു' എന്ന്. അവരുടെ നിലവാരം എനിക്കും അദ്ദേഹത്തിനും നന്നായിട്ടറിയാം. എന്നെ പ്രചോദിപ്പിക്കാനായിരുന്നു അത്തരമൊരു അഭിനന്ദനം എന്നെനിക്ക് തോന്നുന്നു.

പിന്നെ മറ്റൊരാളുണ്ട്. ഞാന് ചെയ്യുന്ന എന്തിലും ശരി കണ്ടുപിടിക്കാന് ശ്രമിക്കുന്ന എന്റെ ഉമ്മ. എന്റെ വീട്ടില് എഴുത്തും പരന്ന വായനയും പോലും നിഷിദ്ധമാണ്. ഞാന് എഴുതിയ എന്തെങ്കിലും എന്റെ വാപ്പ വായിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഉമ്മ എഴുത്തിനെക്കുറിച്ച് ഒന്നും ചോദിക്കാറില്ല. കുറ്റപ്പെടുത്താറില്ല, അഭിനന്ദിക്കാറുമില്ല. എന്നോടുള്ള സ്നേഹത്തിനും വാപ്പയോടുള്ള ഭയത്തിനുമിടയില് പകച്ചു പോയതാണ് എന്റെ ഉമ്മ.
ഇക്കഴിഞ്ഞ ദിവസം, രാത്രി കുറച്ചു നേരത്തെയാണ് ഞാന് വീട്ടിലെത്തിയത്. അപ്പോള് ഉമ്മയെന്തോ വായിച്ചു കൊണ്ടിരിക്കുകയാണ്. ഞാന് ശ്രദ്ധിച്ചില്ല. റൂമിലേക്ക് ചെന്ന് ഡ്രസ്സ്‌ മാറി പുറത്തിറങ്ങുമ്പോള് ഉമ്മ ആ ബുക്കുമായി വന്നു.
"നീ എഴുതിയതാണോ ഇത്?"
ഞാന് ബുക്ക് ശ്രദ്ധിച്ചു. സ്കൂള് ജീവിതത്തിനിടയില് കുത്തിക്കുറിച്ച കഥകളാണ് ആ ബുക്കില്.
"ങും" ഞാന് ഒന്ന് മൂളി.
ഉമ്മ ഒന്നും മിണ്ടിയില്ല. വാചാലമായി എന്നെയൊന്നു നോക്കി. ആ നോട്ടത്തില് ഒരുപാട് അഭിമാനം അടങ്ങിയിരുന്നു എന്ന് പെട്ടെന്ന് തന്നെ എനിക്ക് മനസ്സിലായി. എന്റെ മനസ്സ് നിറഞ്ഞു. നേരത്തെ എനിക്ക് കിട്ടിയ 'ഉറൂബ്' പരാമര്ശത്തെക്കാള് എനിക്ക് എത്രയോ മടങ്ങ്‌ സന്തോഷം നല്കി ഉമ്മയുടെ ആ നോട്ടം.

-അബ്ബാസിക്കയുടെ പോസ്റ്റില് ഒരു വിവരണം കണ്ടിരുന്നു, അലാറം അടിക്കുമ്പോള് ഇത്തിരി കഴിയുമ്പോള് നില്ക്കും. ഉമ്മയാണെങ്കിലോ, നമ്മള് എഴുന്നേല്ക്കുന്നത് വരെ വിളിച്ചു കൊണ്ടിരിക്കും 

2 comments: