Wednesday, May 6, 2015

പോലീസുകാരന്റെ കഥ

കോളേജ്‌ ഗ്രൗണ്ടിന്റെ ഓരത്ത്‌ ഒരു സിഗരറ്റും പുകച്ചു കൊണ്ട്‌ അയാൾ നിന്നു. ഇന്നയാൾക്ക്‌ അവിടെയാണ്‌ ഡ്യൂട്ടി. അയാൾ അക്ഷമയോടെ വാച്ചിൽ നോക്കിക്കൊണ്ടിരുന്നു. സമയം ആറാകുന്നു. ആൾക്കാർ വന്നു തുടങ്ങിയിട്ടുണ്ട്‌. പെട്ടെന്ന് പിന്നിൽ നിന്നൊരു വിളി-
"സാറേ"
അയാൾ തിരിഞ്ഞു.
"ങാ, അഭിജിത്തേ. പെരുന്നാൾ കൂടാൻ വന്നതായിരിക്കും അല്ലേ?"
"പിന്നല്ലാതെ പള്ളിപ്പെരുന്നാൾ നടക്കുന്ന സ്ഥലത്ത്‌ ആരെങ്കിലും ഷേവ്‌ ചെയ്യാൻ വരുമോ സാറേ?"
അവൻ ഉച്ചത്തിൽ ചിരിച്ചു.
അയാൾക്ക്‌ പക്ഷേ ആ തമാശ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
"എന്താ സാറേ, ഒരു വെഷമം പോലെ?"
"ഒന്നും പറയണ്ടെടാ. കൊച്ചിനു പനിയാ. ഇന്നു വൈകിട്ട്‌ ആശുപത്രിക്ക്‌ കൊണ്ടു പോകാംന്നോർത്തിരുന്നതാ. അപ്പഴാ ഇവിടെ ഡ്യൂക്കിട്ടത്‌. ഇനിയിപ്പോ വെടിക്കെട്ടൊക്കെക്കഴിയുമ്പോ പാതിരയാകും"
"ഓഹോ, വീട്ടില്‌ വേറെ ആരുമില്ലേ?"
"ഓ, ഇല്ല. കെട്ടിയവള്‌ ഒറ്റക്കൊന്നും പോകുകേല. ഞാൻ പോണം. അവളിപ്പഴും വിളിച്ചതാ. പോലീസുകാരനായിപ്പോയില്ലേ. എന്നാ ചെയ്യാനാ"
അയാളുടെ ശബ്ദം ഇടറി. അഭിജിത്ത്‌ വല്ലാതെയായി.
"കള സാറേ. ദൈവത്തിന്റെ അടുത്തല്ലേ ഡ്യൂട്ടി. കൊച്ചിനെ അങ്ങേര്‌ കാത്തോളും"
"അതൊക്കെ വെറുതേ പറയുന്നതാടാ. നമ്മള്‌ തന്നെ നമ്മളെ നോക്കണം. പുള്ളിക്ക്‌ വേറെന്തെല്ലാം പണി കിടക്കുന്നു"
"ഓ"
അഭിജിത്തിന്‌ മിണ്ടാട്ടം മുട്ടിപ്പോയി.
"ങാ, പിന്നെ സാറേ..."
അവൻ പോക്കറ്റിൽ കയ്യിട്ട്‌ അൻപത്‌ രൂപയുടെ ഒരു നോട്ടെടുത്തു.
"...മറ്റേ അമ്പത്‌"
"ഏതമ്പത്‌?"
അയാൾ നീട്ടിപ്പിടിച്ച ആ നോട്ടിലേക്കു നോക്കിക്കൊണ്ട്‌ ചോദിച്ചു.
"അന്ന് ഞാൻ മേടിച്ചില്ലേ, കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡില്‌ വെച്ച്‌?"
"ങാ, അത്‌ നീ വെച്ചോ"
"പക്ഷേ സാറേ..."
"ഹ, നീ വെച്ചോടാ"
അവൻ നോട്ട്‌ പോക്കറ്റിലേക്കിട്ടു.
"നീയിന്ന് കോളേജീപ്പോയില്ലേ?"
"ഓ, എന്നാത്തിന്‌. ഒരു കാര്യോമില്ല. ചുമ്മാ കൊറേ ഒറങ്ങാം"
"അറ്റൻഡൻസ്‌ ഷോട്ടേജ്‌ വരുകേലേ ഡാ?"
"അതൊക്കെ നേരത്തേ വന്നതാ സാറേ"
"എന്നിട്ട്‌?"
"എന്നിട്ടെന്നാ, വഴിയിൽ കണ്ട ഒരു ചേട്ടനെപ്പിടിച്ച്‌ അച്ഛനാക്കി. 100 രൂപായ്ക്ക്‌ കാര്യം സോൾവായി"
"നിന്നെയല്ല, ഇങ്ങനെ വിളിക്കുമ്പം വിളിക്കുമ്പം അച്ഛൻ വേഷം കെട്ടാൻ റെഡിയായിട്ട്‌ നടക്കുന്നവന്മാരെ വേണം തല്ലാൻ"
"എന്റെ പൊന്നു സാറേ. എന്റെ കഞ്ഞീ പാറ്റയിടല്ല്"
"ങും ങും"
ആൾക്കാർ പെരുകിക്കൊണ്ടിരുന്നു. വിശാലമായ കോളേജ്‌ ഗ്രൗണ്ടിന്റെ ചുറ്റും ജനം തിങ്ങി നിറഞ്ഞു. പോലീസുകാർ വെടിക്കെട്ട്‌ കാണാൻ വന്ന ജനക്കൂട്ടത്തെ നിയന്ത്രിച്ചു കൊണ്ടിരുന്നു. പോലീസുകാരന്റെ മനസ്സ്‌ ആകെ കലുഷിതമായിരുന്നു. പെട്ടെന്നാണ്‌ വീണ്ടും അഭിജിത്തിന്റെ വിളി-
"സാറേ, അതു കണ്ടോ"
അവൻ കുറച്ചകലേക്ക്‌ കൈ ചൂണ്ടി. അവിടെ പടക്കങ്ങൾക്ക്‌ തീ കൊടുക്കാൻ ഒരുക്കിയിരിക്കുന്ന സ്ഥലത്തിനടുത്ത്‌ കുറച്ച്‌ കുട്ടികൾ അലക്ഷ്യമായി നിൽക്കുന്നു. പോലീസുകാരൻ തന്റെ ലാത്തിയെടുത്ത്‌ അവർക്കു നേരേ ഓടി
"മാറി നിക്കെടാ എല്ലാം. പൊട്ടിയെങ്ങാനും തെറിച്ചാപ്പിന്നെ ഞങ്ങക്കാ ജോലി"
അയാളുടെ ആക്രോശം കേട്ട കുട്ടികൾ ഓടി മാറി.
കരിമരുന്ന് കലാപ്രകടനം കൊടുമ്പിരിക്കൊള്ളുകയാണ്‌. ഒരു സെറ്റ്‌ തീർന്നു.
"സാറേ, ചീറ്റിയ കുറച്ച്‌ പടക്കം കെടപ്പുണ്ടവിടെ. ചെലപ്പം നല്ലതായിരിക്കും. ഞാനൊന്ന് നോക്കിയിട്ട്‌ വരാം"
അഭിജിത്ത്‌ മുന്നോട്ടു നടന്നു.
"ഡാ, വേണ്ട. പൊട്ടും"
അയാൾ അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ട്‌ അവന്റെ പുറകെ നടന്നു. പെട്ടെന്ന്...

ഈരാറ്റുപേട്ട അരുവിത്തുറപ്പള്ളിയിൽ വെടിക്കെട്ടിനിടെ നടന്ന അപകടത്തിൽ ഒരു പോലീസുകാരനടക്കം രണ്ടു മരണം- വാർത്ത

4 comments:

  1. ഏറ്റവും ലളിതമായി ഒതുക്കിപ്പറഞ്ഞ നല്ല കഥ.

    ReplyDelete
  2. കൊള്ളാം.. അരുവിത്തുറപ്പള്ളിയും കാഞ്ഞിരപ്പള്ളിയുമൊക്കെ ആയതുകൊണ്ട് നാട്ടിലെ കഥ വായിച്ച ഫീൽ. :) ഞാനും ചിലപ്പോ ഇങ്ങനെ എന്തെങ്കിലും കണ്ടാൽ അതിന്റെയും കാണുന്ന ആളുകളുടെയും പിന്നാമ്പുറം ഭാവനയിൽ ചികയാറുണ്ട്. ആശംസകൾ

    ReplyDelete
  3. കൊള്ളാം.. അരുവിത്തുറപ്പള്ളിയും കാഞ്ഞിരപ്പള്ളിയുമൊക്കെ ആയതുകൊണ്ട് നാട്ടിലെ കഥ വായിച്ച ഫീൽ. :) ഞാനും ചിലപ്പോ ഇങ്ങനെ എന്തെങ്കിലും കണ്ടാൽ അതിന്റെയും കാണുന്ന ആളുകളുടെയും പിന്നാമ്പുറം ഭാവനയിൽ ചികയാറുണ്ട്. ആശംസകൾ

    ReplyDelete