Wednesday, January 25, 2017

കൊലയാളിയുടെ ന്യായം

ഞാനും അലക്സും ഓഫീസിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ സംഭാഷണത്തിനു മേൽ ഒരു പാട പോലെയാണ്‌ ടെലഫോൺ മണി ശബ്ദിച്ചത്‌. ഞാൻ റിസീവർ കാതിലേക്ക്‌ വെച്ചു.
"അലക്സില്ലേ?"
"ഉണ്ടല്ലോ. കൊടുക്കണോ?"
"വേണ്ട വേണ്ട. എത്രയും വേഗം രാഗം ഗാനമേളയുടെ ഓഫീസിലെത്താൻ പറയൂ"
"ശരി"
ഞാൻ റിസീവർ ക്രാഡിലിലേക്കിട്ട്‌ അലക്സിനു നേരെ തിരിഞ്ഞു.
"പോകാം?"
ഫോണിൽ സംസാരിച്ചത്‌ കേട്ടതു പോലെ അലക്സ്‌ എഴുന്നേറ്റ്‌ നിൽക്കുന്നു. ഞാൻ അത്ഭുതത്തോടെ തലയാട്ടി.
"എവിടേക്കാണെന്ന് പക്ഷേ അരവിന്ദ്‌ പറയണം"
കുസൃതിയോടെ അലക്സ്‌ പറഞ്ഞു.
"രാഗം ഗാനമേളയുടെ ഓഫീസിൽ"
അലക്സ്‌ ഒരു ഞൊടി ചിന്തിക്കുന്നത്‌ കണ്ടു.
"രാഗം! ഫൈസൽ!"
അയാൾ തിടുക്കത്തിൽ വാതിൽക്കലേക്ക്‌ നീങ്ങി.
"വേഗം പോകാം"
*****
ഞങ്ങൾ പ്രതീക്ഷിച്ചതു പോലെ അവിടെ ഓഫീസിനു മുന്നിൽ ജനത്തിരക്കായിരുന്നു. ടാക്സിയിൽ നിന്നിറങ്ങിയതും വെളുത്ത്‌ മെലിഞ്ഞ ഒരു യുവാവ്‌ ഞങ്ങളുടെ അരികിലേക്ക്‌ ഓടി വന്നു.
"ടാക്സി ചാർജ്ജ്‌ ഞാൻ കൊടുക്കാം"
അയാൾ പോക്കറ്റിൽ നിന്നും പണമെടുത്ത്‌ കൊടുത്തു.
"എന്താണ്‌ ഫൈസൽ? ആരാണ്‌ മരണപ്പെട്ടത്‌?"
അലക്സ്‌ അയാളുടെ ഒപ്പം തിരക്കിട്ട്‌ നടക്കുന്നതിനിടെ ചോദിച്ചു.
"വരൂ, നേരിട്ട്‌ കാണാം"
ഫൈസൽ നന്നായി പരിഭ്രമിക്കുന്നതായി എനിക്ക്‌ തോന്നി. ഞങ്ങൾ നിശബ്ദരായി അയാളെ അനുഗമിച്ചു.
ഞങ്ങൾ ചെന്നെത്തിയത്‌ ഇടുങ്ങിയ ഒരു മുറിയിലേക്കായിരുന്നു. വാതിൽക്കൽ നിൽക്കുന്ന ആൾക്കാരെ വകഞ്ഞു മാറ്റി ഫൈസൽ ഞങ്ങളെ മുറിയ്ക്കകത്തേക്ക്‌ ക്ഷണിച്ചു.
മുറിയിൽ ഭിത്തിയോടു ചേർന്ന് ഒരാൾ കണ്ണു തുറിച്ച്‌ കിടപ്പുണ്ടായിരുന്നു. അലക്സിന്റെ കണ്ണുകൾ വികസിച്ചു. ഞങ്ങൾ മുറിയ്ക്കകത്തേക്ക്‌ കയറി.
ആറടിയോളം ഉയരമുള്ള ഒരു യുവാവായിരുന്നു മരിച്ചു കിടന്നിരുന്നത്‌. ഭിത്തിയിൽ തല വെച്ച്‌ ഉടൽ നിലത്തേക്കിഴഞ്ഞതു പോലെ കിടക്കുന്ന ആ മൃതദേഹം കണ്ടപ്പോൾ ഞാൻ ഏതോ സിനിമയുടെ രംഗം എന്റെ മനസ്സിലേക്ക്‌ വന്നു. മുറിയിൽ ഒരു വശത്തായി ഒഴിഞ്ഞ ഒരു റം ബോട്ടിലും ഒരു ഗ്ലാസും മരണത്തിന്റെ മൂകസാക്ഷിയെന്നോണം കാണപ്പെട്ടു. സിഗരറ്റിന്റെ കുറ്റികൾ അവിടവിടെയായി ചിതറിക്കിടക്കുന്നു. മുറിയിലേക്ക്‌ തുറക്കുന്ന വാതിൽ ഒരു പാളി മാത്രമേ തുറന്നിട്ടുണ്ടായിരുന്നുള്ളൂ. അലക്സ്‌ രണ്ട്‌ മൂന്ന് തവണ ആ വാതിലിന്റെ കുറ്റി തുറന്നടച്ചു. ഇടക്ക്‌ അയാൾ മൃതദേഹത്തിന്റെ വായ മണപ്പിച്ചു നോക്കുന്നതു കണ്ടപ്പോൾ എനിക്ക്‌ അറപ്ലു തോന്നി. വീണ്ടും അലക്സ്‌ വളരെ ശ്രദ്ധയോടെ മുറി ആകമാനം പരിശോധിക്കുന്നത്‌ കണ്ടു. ഇടക്കൊക്കെ അയാൾ നിലത്തിരുന്ന് വളരെ ഔത്സുക്യത്തോടെ എന്തോ തിരഞ്ഞു കൊണ്ടിരുന്നു. നിലത്ത്‌ കുനിഞ്ഞിരുന്ന് അയാൾ എന്തോ എടുത്തു. ഗൂഢമായ ഒരു മന്ദഹാസം അയാളുടെ മുഖത്ത്‌ ഞാൻ കണ്ടു. ഇതിനിടയിൽ പൊട്ടിക്കിടന്ന ഒരു ഗ്ലാസ്‌ ഞാൻ കണ്ടു പിടിച്ചിരുന്നു. മുറിയിലുണ്ടായിരുന്ന മേശയുടെ താഴെ അത്ര പെട്ടെന്ന് നോട്ടമെത്താത്ത ഒരിടത്തായിരുന്നു അത്‌ കിടന്നിരുന്നത്‌. ഞാൻ അലക്സിനെ വിളിച്ച്‌ അത്‌ ചൂണ്ടിക്കാണിച്ചു. അലക്സ്‌ നിലത്ത്‌ കുനിഞ്ഞിരുന്ന് വളരെ വിശദമായി അത്‌ വീക്ഷിച്ചു.
"കൊള്ളാം, നല്ല നിരീക്ഷണം"
നിലത്തു നിന്ന് എഴുന്നേൽക്കുമ്പോൾ അയാൾ എന്റെ തോളിൽ തട്ടി പറഞ്ഞു. ഞങ്ങൾ പുറത്തേക്കിറങ്ങി. ഞങ്ങൾ ഇറങ്ങിയതും ഒരു പോലീസ്‌ ജീപ്പ്പ്‌ ആൾക്കൂട്ടത്തിനിടയിൽ വന്ന് ബ്രേക്കിട്ടു.
"ഫൈസൽ"
അലക്സ്‌ തിരിഞ്ഞു നോക്കി വിളിച്ചു.
"ങാ, അലക്സ്‌"
അവിടെ എവിടെ നിന്നോ അയാൾ ഞങ്ങൾക്കരികിലേക്ക്‌ വന്നു.
"ഈ മരിച്ചു കിടക്കുന്നയാൾ, അയാളുടെ പേർ..?"
"ആന്റോ"
"ങാ, ഈ ആന്റോയ്ക്ക്‌ പ്രണയം വല്ലതും ഉണ്ടായിരുന്നോ?"
ഫൈസൽ ഒരു നിമിഷം ആലോചിച്ചു.
"അതെനിക്കറിയില്ല. ഞാൻ അവരുടെ മാനേജറാണെങ്കിൽ പോലും അവരുടെ സ്വകാര്യജീവിതത്തെപ്പറ്റിയൊന്നും എനിക്കറിയില്ല. ട്രൂപ്പിൽ ഒപ്പമുള്ളവർക്ക്‌ അറിയാമായിരിക്കും"
"ശരി, എങ്കിൽ അവരിൽ പെൺകുട്ടികളെ മാത്രം എനിക്ക്‌ കാണണം"
"വരൂ വരൂ"
ഫൈസലിനു പിന്നാലെ ഞങ്ങൾ നടന്നു. ട്രൂപ്പിന്റ്ര് ഓഫീസിലാണ്‌ ഞങ്ങളെത്തിയത്‌.
"ഇരിക്ക്‌. ഞാൻ ഇപ്പോ വിളിക്കാം"
ഞങ്ങൾ അവിടെക്കിടന്ന കസേരകളിലിരുന്നു. അലക്സ്‌ എന്തോ അഗാധമായ ചിന്തയിലായിരുന്നു. അയാളുടെ ചുണ്ടുകൾ ആൾക്കുരങ്ങ്‌ കോപ്രായം കാണിക്കുന്നതു പോലെ കോടിയിരുന്നു.
അൽപനേരം കഴിഞ്ഞപ്പോൾ മൂന്ന് പെൺകുട്ടികൾ മുറിയിലേക്ക്‌ വന്നു. മൂവരുടെയും മുഖത്ത്‌ അകാരണമായ പരിഭ്രമം ഞാൻ ശ്രദ്ധിച്ചു. പെൺകുട്ടികൾ ഭിത്തിയോടു ചേർന്ന് നിന്നു.
"വരൂ, വരൂ. ഇരിക്കൂ"
അലക്സ്‌ മൂന്ന് കസേരകൾ നീക്കിയിട്ടു കൊണ്ട്‌ അവരോട്‌ പറഞ്ഞു. ആ സാഹചര്യത്തോട്‌ പൂർണ്ണമായി ഇണങ്ങാൻ സാധിക്കാത്ത നിലയിൽ അവർ കസേരകളിൽ ഇരുന്നു.
"ശരി, എന്താണ്‌ പേര്‌?"
നീല ഗൗണണിഞ്ഞ ചുരുളൻ മുടിക്കാരിയോട്‌ അലക്സ്‌ ചോദിച്ചു.
"ഉം, സ്വാതി.."
അലക്സ്‌ അടുത്ത ആൾക്കു നേരെ നോട്ടമെറിഞ്ഞു.
"ജ്യോതി"
പല്ലിൽ കമ്പിയിട്ട, തടിച്ച ശരീരപ്രകൃതമുള്ള പെൺകുട്ടി പറഞ്ഞു.
"അമല"
അവസാനമായി, ബലിഷ്ഠമായ കരങ്ങളുള്ള, മുടി വിടർത്തി പിന്നിലേക്കിട്ട പെൺകുട്ടി വളരെ ഉറച്ച്‌ ശബ്ദത്തിൽ മറുപടി നൽകി.
"ശരി, മരിച്ചയാളെപ്പറ്റി, ആന്റോയെപ്പറ്റി എന്താണഭിപ്രായം?"
പെൺകുട്ടികൾ പരസ്പരം നോക്കി.
"അയാൾ നല്ല ഒരു പാട്ടുകാരനായിരുന്നു"
അമലയാണ്‌ പറഞ്ഞത്‌.
"അതെ. മാത്രമല്ല, അയാൾ നന്നായി കീബോർഡ്‌ വായിക്കുമായിരുന്നു"
സ്വാതി ഏറ്റു പിടിച്ചു. അലക്സ്‌ ഒന്ന് തല കുലുക്കി.
"അമലയുടെ വീടെവിടെയാണ്‌?"
പരസ്പര ബന്ധമില്ലാത്ത ആ ചോദ്യത്തിൽ അവളൊന്ന് പകച്ചു.
"ഒറ്റപ്പാലം"
"പോയി വരാറാണോ?"
ആ ചോദ്യം അവളെ ദേഷ്യം പിടിപ്പിച്ചെന്ന് തോന്നുന്നു. താഴേക്ക്‌ നോക്കി തീരെ താത്പര്യമില്ലാത്തതു പോലെ അവൾ പറഞ്ഞു.
"അല്ല, ഇവിടെ താമസിക്കാറാണ്‌ പതിവ്‌. ഇടക്ക്‌ പോവാറുണ്ട്‌"
അലക്സ്‌ ഒന്ന് തല കുലുക്കി.
"ഈ ആന്റോ സ്ത്രീ വിഷയത്തിൽ എങ്ങനെയാണ്‌?"
പെൺകുട്ടികൾ പരിഭ്രമിച്ചതു പോലെ തോന്നി.
"അത്‌ ഞങ്ങൾക്കറിയില്ല"
ജ്യോതിയുടെ ശബ്ദമുയർന്നു.
"നിങ്ങളോടെങ്ങനെയായിരുന്നു?"
"ഞങ്ങളോട്‌ കുഴപ്പമില്ലായിരുന്നു"
അവളുടെ ശബ്ദത്തിലെ വിറയൽ ഞാൻ ശ്രദ്ധിച്ചു.
"അരവിന്ദ്‌.."
അലക്സ്‌ പെട്ടെന്ന് എന്നെ വിളിച്ചു.
"വരൂ"
അയാൾ പുറത്തേക്ക്‌ നടന്നു. പെട്ടെന്നയാൾ തിരിഞ്ഞു നിന്നു.
"ങാ, നിങ്ങളിവിടെയിരിക്കണം. ഇപ്പോ വരാം"
പരിഭ്രമം കൊണ്ട്‌ ശവശരീരങ്ങളെപ്പോലെ വിളറി വെളുത്ത ആ പെൺകുട്ടികളോട്‌ അലക്സ്‌ പറഞ്ഞു.
ഞങ്ങൾ പുറത്തെത്തി. അലക്സ്‌ ഒരു സിഗരറ്റ്‌ കത്തിച്ചു.
"അവർ കള്ളം പറയുകയാണ്‌"
ഞാൻ കേൾക്കുകയായിരുന്നു.
"ആന്റോ സ്ത്രീ വിഷയത്തിൽ അത്ര ശുദ്ധനായിരുന്നില്ല. അതുവർക്കറിയാം. മാത്രമല്ല, അമല വീട്ടുകാരുമായി പിണങ്ങിക്കഴിയുകയാണെന്ന് തോന്നുന്നു. ചിലപ്പോ ആന്റോയുമായുള്ള പ്രണഗബന്ധമാവാം കാരണം"
പെൺകുട്ടികൾ അതൊക്കെ എപ്പഴാണ്‌ പറഞ്ഞത്‌ എന്നാലോചിച്ച്‌ ഞാൻ നിന്നു.
"അരവിന്ദ്‌, താങ്കൾ ശ്രദ്ധിച്ചോ അമല പറഞ്ഞ രീതി? നിലത്തേക്ക്‌ നോക്കി, അകാരണമായ ദേഷ്യത്തിൽ.. കള്ളം പറയുമ്പോൾ സ്വാഭാവികമായും നമ്മൾ അസ്വസ്ഥരാവും. മുഖം കൊടുക്കാതിരിക്കാൻ ശ്രമിക്കും"
"പക്ഷേ, അത്‌ സ്വകാര്യമായ വിവരങ്ങൾ അന്വേഷിക്കുന്നതു കൊണ്ടും ആയിക്കൂടേ?"
അലക്സ്‌ പുകയൂതിപ്പറത്തി.
"ആവാം. അങ്ങനെയാവാം. പക്ഷേ, ഞാൻ പറഞ്ഞതു പോലെയുമാവാമല്ലോ"
ഞാൻ തലകുലുക്കി. അല്ലെങ്കിലും അലക്സിന്റെ വിചിത്രമായ ചിന്തകൾ പലപ്പോഴും എന്നെ കുഴക്കിയിട്ടുണ്ട്‌.
"ഈ പെൺകുട്ടികൾക്കും ആന്റോക്കുമിടയിൽ എന്തോ ഉണ്ട്‌. സ്ത്രീ വിഷയത്തെപ്പറ്റി ചോദിച്ചപ്പോൾ അവർ വല്ലാതെ പരിഭ്രമിച്ചു പോയി"
ഞാൻ നിശബ്ദനായി നിന്നു.
"അരവിന്ദ്‌, താങ്കളിവിടെ നിൽക്കൂ. ഞാൻ ഒരാളോട്‌ സംസാരിക്കാം. മറ്റു രണ്ടു പേരോട്‌ പുറത്തു നിന്ന് താങ്കൾ സംസാരിക്കണം. ഈ വിഷയസംബന്ധമായി ഒരക്ഷരം മിണ്ടിയേക്കരുത്‌. മറ്റു വിഷയങ്ങൾ പറഞ്ഞ്‌ അവരുടെ സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുക"
ഞാൻ സമ്മതഭാവത്തിൽ തലയാട്ടി.
അലക്സ്‌ അകത്തേക്ക്‌ പോയി. നിമിഷങ്ങൾക്കുള്ളിൽ തന്നെ സ്വാതിയും ജ്യോതിയും പുറത്തേക്ക്‌ വന്നു. അവർ നന്നായി പരിഭ്രമിച്ചിരുന്നു. ഞാൻ അവരോട്‌ ഇന്ത്യൻ സംഗീതത്തിൽ ഇറ്റാലിയൻ സംഗീതം ചേർത്തുള്ള ഫ്യൂഷനെപ്പറ്റിയും ഉദിത്‌ നാരായണനെപ്പറ്റിയുമൊക്കെ സംസാരിച്ചു കൊണ്ടിരുന്നു. അൽപ സമയം കഴിഞ്ഞപ്പോൾ അലക്സ്‌ പുറത്തേക്ക്‌ വന്നു.
"വരൂ, എല്ലാവരും"
ഞങ്ങൾ അകത്തെത്തുമ്പോൾ അമല കുനിഞ്ഞിരിക്കുകയായിരുന്നു.
അലക്സ്‌ കസേരയിൽ ഒന്ന് ചാഞ്ഞിരുന്നു.
"അപ്പോൾ, നിങ്ങൾ മൂന്ന് പേരുമായും അയാൾക്ക്‌ പ്രണയബന്ധമുണ്ടായിരുന്നു!"
അമല ഒഴികെ മറ്റു രണ്ടു പെൺകുട്ടികളും ഞെട്ടിത്തെറിച്ച്‌ അലക്സിനെ നോക്കി. അമല കുറ്റബോധത്തോടെ തല കുനിച്ചിരുന്നു.
"അയാളെ കൊല്ലാൻ നിങ്ങൾ മൂവരും ആഗ്രഹിച്ചിരുന്നു. സ്ത്രീതൽപരനായ അയാളോട്‌ നിങ്ങൾക്ക്‌ അടങ്ങാത്ത പകയുണ്ടായിരുന്നു. അമല വീട്ടുകാരുമായി പിണങ്ങിയതു പോലും അയാളോടുള്ള ബന്ധത്തിന്റെ പേരിലാണ്‌, അല്ലേ?"
പെൺകുട്ടികൾ നിശബ്ദരായി അത്‌ അംഗീകരിച്ചു.
"ഇനി എനിക്കറിയേണ്ടത്‌ അയാളുടെ കൊലപാതകത്തെപ്പറ്റിയാണ്‌. ആരു പറയും?"
അലക്സിന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി.
"ഞാൻ, ഞാൻ പറയാം..."
അമലയുടെ ശബ്ദം ഉയർന്നു കേട്ടു. ഞങ്ങൾ കാതു കൂർപ്പിച്ചിരുന്നു. അലക്സ്‌ ഒരു സിഗരറ്റിനു തിരി കൊളുത്തി.
"അയാൾ..."
അമല പറയാൻ തുടങ്ങിയതും അലക്സ്‌ കൈ ഉയർത്തി അവളെ തടഞ്ഞു. അയാൾ വളരെ നാടകീയമായി വിളിച്ചു:
"ജ്യോതി"
ജ്യോതി ഞെട്ടലോടെ അലക്സിനെ നോക്കി.
"ആ വീണക്കമ്പി എവിടെയാണിരിക്കുന്നത്‌?"
പെൺകുട്ടികൾ ഭയത്തോടെയും അത്ഭുതത്തോടെയും പരസ്പരം നോക്കി.
"അത്‌... ഞങ്ങളുടെ മുറിയിലാണ്‌"
വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ പറഞ്ഞൊപ്പിച്ചു.
"ഒന്ന് എടുത്തു കൊണ്ട്‌ വരാമോ?"
ജ്യോതി കൂട്ടുകാരികളെ ഭയപ്പാടോടെ നോക്കിക്കൊണ്ട്‌ എഴുന്നേറ്റു. അവൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. പതിഞ്ഞ കാൽ വെപ്പുകളോടെ ജ്യോതി മുറിയിൽ നിന്നിറങ്ങിപ്പോയി.
"പറയൂ അമല"
അലക്സ്‌ കസേരയിൽ ചാരിക്കിടന്ന് മച്ചിലേക്ക്‌ ദൃഷ്ടിയുറൽപിച്ചു കൊണ്ട്‌ പറഞ്ഞു.
"സർ, അയാൾ ഒരു സ്ത്രീതത്പരനായിരുന്നു. അയാളുടെ ജീവിതത്തിൽ എത്ര പെൺകുട്ടികളെ അയാൾ പ്രണയം നടിച്ച്‌ വഞ്ചിച്ചിട്ടുണ്ട്‌ എന്നെനിക്കറിയില്ല. ഞങ്ങൾ മൂവരും അയാളുടെ ഇരകളായിരുന്നു"
പതിഞ്ഞ സ്വരത്തിലുള്ള ഒരു തേങ്ങൽ സ്വാതിയിൽ നിന്നുയർന്നു. അമല തുടർന്നു:
"ആദ്യം അയാൾ ജ്യോതിയുമായി പ്രണയത്തിലായിരുന്നു. പിന്നീട്‌ സ്വാതിയോടും അവസാനം എന്നോടും. അയാളുടെ വെള്ളിക്കണ്ണുകൾ, മനോഹരമായ ശബ്ദം ഇതൊക്കെക്കാരണം പെൺകുട്ടികൾ വളരെ എളുപ്പത്തിൽ അയാളിൽ അനുരക്തരാകുമായിരുന്നു"
പെട്ടെന്ന് അകത്തേക്ക്‌ കാൽപെരുമാറ്റം കേട്ടു. അലക്സ്‌ തലയുയർത്തി നോക്കി. കയ്യിൽ ഒരു വീണക്കമ്പിയുമായി ജ്യോതി അകത്തേക്ക്‌ വന്നു.
"ഇവിടെ വെച്ചേക്കൂ"
മേശയിലേക്ക്‌ ചൂണ്ടി അലക്സ്‌ പറഞ്ഞു. ജ്യോതി അത്‌ അവിടെ വെച്ചു. ആ സാധനം എവിടെ നിന്ന് വന്നു എന്നെനിക്ക്‌ മനസ്സിലായില്ല. ആ പെൺകുട്ടികളുടെ കയ്യിൽ വീണക്കമ്പിയുണ്ടെന്ന് അലക്സെങ്ങനെ അറിഞ്ഞു എന്നും ഞാനതിശയിച്ചു. ജ്യോതി വീണ്ടും കസേരയിലേക്കിരുന്നു.
"പറഞ്ഞോളൂ"
അലക്സ്‌ വീണ്ടും മച്ചിലേക്ക്‌ നോക്കിയിരിപ്പായി.
"ഞങ്ങൾക്ക്‌ മുൻപും ഞങ്ങൾക്ക്‌ ശേഷവും അയാൾ പല സ്ത്രീകളുമായും ബന്ധപ്പെട്ടിരുന്നു. അയാളുടെ അമ്മയ്ക്ക്‌ അയാളുടെ ഈ നടപടി തീരെ ഇഷ്ടമായിരുന്നില്ല. അതു കൊണ്ടു തന്നെ അമ്മയുമായി സ്ഥിരം വഴക്കിലായിരുന്നു അയാൾ. അയാളുടെ അച്ഛന്‌ ഇതൊന്നും അറിയുമായിരുന്നുമില്ല. അങ്ങനെ, അയാളെപ്പറ്റി കൂടുതലറിഞ്ഞപ്പോൾ അയാൾ കൊല്ലപ്പെടേണ്ടയാളാണെന്ന് ഞങ്ങൾക്കു തോന്നി. അയാളുടെ ശീലങ്ങളെപ്പറ്റി ഞങ്ങൾക്ക്‌ നന്നായറിയാമായിരുന്നു"
അലക്സ്‌ തീർന്ന സിഗരറ്റിന്റെ കുറ്റി ജനാലയിലൂടെ പുറത്തേക്ക്‌ വലിച്ചെറിഞ്ഞ്‌ പുതിയൊരെണ്ണം കത്തിച്ചു.
"അതു കൊണ്ടു തന്നെ അയാൾ മദ്യപിച്ച്‌ ബോധമില്ലാതെ കിടക്കുന്ന സമയത്ത്‌ അയാളെ കൊലപ്പെടുത്തണമെന്ന് ഞങ്ങൾ തീർച്ചയാക്കി. കത്തി കൊണ്ട്‌ കുത്തിക്കൊല്ലാം എന്നാണാദ്യം വിചാരിച്ചത്‌. പക്ഷേ, പോലീസ്‌ എളുപ്പത്തിൽ കണ്ടു പിടിക്കാൻ സാദ്ധ്യതയുണ്ട്‌ എന്ന് തോന്നിയതിനാലാണ്‌ അയാളുടെ മുറിയിലെ തന്നെ വീണയുടെ കമ്പി കഴുത്തിൽ മുറുക്കിക്കൊല്ലാം എന്ന് തീരുമാനിച്ചത്‌"
'വീണയോ? അത്തരമൊന്ന് അവിടെ ഉണ്ടായിരുന്നോ?'
ഞാൻ അത്ഭുതപ്പെട്ടു.
പെട്ടെന്ന് അലക്സ്‌ ഇടപെട്ടു. അയാൾ സിഗരറ്റ്‌ പുകച്ചു കൊണ്ട്‌ മുറിയിലൂടെ തലങ്ങും വിലങ്ങും നടന്നു കൊണ്ട്‌ പറഞ്ഞു:
"അങ്ങനെ നിങ്ങൾ അവിടെ ചെന്നു. അയാൾ മദ്യപിച്ച്‌ അവിടെ കിടക്കുകയായിരുന്നു. നിങ്ങൾ വീണയുടെ കമ്പി പറിച്ചെടുത്ത്‌ അയാളുടെ കഴുത്തു മുറുക്കി കൊന്നു, അല്ലേ?"
"അതെ"
അമലയാണ്‌ മറുപടി പറഞ്ഞത്‌.
"കള്ളം!"
അലക്സിന്റെ ശബ്ദം മുഴങ്ങി. പെൺകുട്ടികൾ, ഞാനും ഞെട്ടി അലക്സ്നിനെ നോക്കി.
"അല്ല, കൊന്നത്‌ തീർച്ചയായും നിങ്ങളല്ല. മറ്റൊരാൾ. മറ്റൊരാളാണ്‌ ഈ കൊലയ്ക്ക്‌ പിന്നിൽ"
പെൺകുട്ടികൾ ഹിസ്റ്റീരിയ പിടിച്ചവരെപ്പോലെ എന്തൊക്കെയോ പുലമ്പി.
"എന്തായാലും എല്ലാവർക്കും നന്ദി"
അലക്സ്‌ സിഗരറ്റ്‌ വലിച്ചെറിഞ്ഞു.
"അരവിന്ദ്‌!"
ഞാൻ കസേരയിൽ നിന്നെഴുന്നേറ്റു.
"നമുക്കൊരിടം വരെ പോകണം"
********
എങ്ങോട്ടാണ്‌ പോകുന്നത്‌ എന്നെനിക്ക്‌ മനസ്സിലായില്ല. പക്ഷേ, മറ്റൊരു കാര്യത്തിൽ എനിക്കുണ്ടായിരുന്ന ആകാംക്ഷ പെട്ടെന്ന് പുറത്തു ചാടി.
"അലക്സ്‌, ആ വീണക്കമ്പി?"
"അത്‌, വീണ അയാളുടെ മുറിയിൽ മൂലയിലുണ്ടായിരുന്നു. അതിൽ നിന്നും ഒരു കമ്പി നഷ്ടപ്പെട്ടു എന്ന് ഒറ്റ നോട്ടത്തിൽ ഞാൻ മനസ്സിലാക്കി"
"എന്തു കൊണ്ട്‌ ആ പെൺകുട്ടികളല്ല കൊന്നതെന്ന് അലക്സ്‌ പറയുന്നു?"
"മരണപ്പെട്ടയാളുടെ വായയിൽ നിന്ന് ഉറക്കഗുളികയുടെ ഗന്ധം കിട്ടിയിരുന്നു"
"അപ്പോൾ അവർക്കു മുൻപേ ഒരാൾ അയാളെ കോന്നിരുന്നു"
"വളരെ ശരി"
"പക്ഷേ, അതാരാണ്‌?"
"നമ്മളങ്ങോട്ടാണ്‌ പോകുന്നത്‌, അരവിന്ദ്‌"
അലക്സ്‌ ഗൂഢമായി ചിരിച്ചു.
************
ഒരൽപം പഴക്കമുള്ള ഒരു വീടിനു മുന്നിലാണ്‌ ഞങ്ങളുടെ ടാക്സി നിന്നത്‌. ടാക്സിയിൽ നിന്നിറങ്ങി ഞങ്ങൾ വീടിനു മുന്‌വശത്തെത്തി. വരാന്തയോടു ചേർന്ന് തൂക്കിയിട്ടിരിക്കുന്ന കുടമണിയുടെ കയറിൽ പിടിച്ച്‌ അലക്സ്‌ ഒന്നു രണ്ടു തവണ കയ്യിളക്കി. മാർദ്ദവമുള്ള മണിനാദം മുഴങ്ങി. നിമിഷങ്ങൾക്കകം അകത്തു നിന്ന് പാദസരത്തിന്റെ കിലുക്കം അടുത്തേക്ക്‌ വന്നു. അലക്സിന്റെ മുഖത്ത്‌ ഗൂഡമായ ചിരി ഞാൻ കണ്ടു. വാതിൽ തുറക്കപ്പെട്ടു. ഏതാണ്‌ അമ്പത്‌ വയസ്സോളം പ്രായം വരുന്ന ഒരു സ്ത്രീ പുഞ്ചിരിച്ചു കൊണ്ട്‌ അവിടെ നിൽക്കുന്നുണ്ടായിരുന്നു.
"അകത്തേക്ക്‌ വരാമോ?"
അലക്സ്‌ ധൃതിയിൽ ചോദിച്ചു.
"ആരാണ്‌?"
സ്ത്രീ സംശയഭാവത്തിൽ ഞങ്ങളെ നോക്കി.
"ഞങ്ങൾ സെൻസസ്‌ എടുക്കാൻ വന്നവരാണ്‌. ഒരു സ്വകാര്യ കമ്പനിയുടെ സെൻസസാണ്‌. അവർ കിലുക്കമുള്ള പാദസരത്തിന്റെ മാർക്കറ്ററിയാനാഗ്രഹിക്കുന്നു. അതു കൊണ്ട്‌..."
സ്ത്രീ തന്റെ കാലുകളിലേക്ക്‌ നോക്കിയിട്ട്‌ മന്ദഹസിച്ചു.
"വരൂ"
ഞങ്ങൾ അകത്തേക്ക്‌ കയറി. ഞങ്ങൾ മൂവരും ഓരോ കസേരകളിലായി ഇരിപ്പുറപ്പിച്ചു. തീരെ അപ്രധാനമായ ചില ചോദ്യങ്ങൾക്കു ശേഷം അലക്സ്‌ ചോദിച്ചു:
"വിരോധമില്ലെങ്കിൽ നിങ്ങളുടെ പാദസരം അഴിച്ച്‌ ഒന്ന് കാണിക്കാമോ?"
"പിന്നെന്താ"
സ്ത്രീ വളരെ ഉത്സാഹത്തോടെ രണ്ട്‌ പാദസരങ്ങളും അഴിച്ച്‌ അലക്സിന്റെ കയ്യിൽ കൊടുത്തു. അലക്സ്‌ വളരെ ശ്രദ്ധയോടെ അവ പരിശോധിച്ചു. അയാൾ ചിരിച്ചു കൊണ്ട്‌ പെട്ടെന്ന് ചോദിച്ചു:
"ഇതിൽ ഒരു കുണുക്ക്‌ കാണുന്നില്ലല്ലോ"
"അതെവിടെയോ പോയി"
അവർ വളരെ സ്വാഭാവികമായി മറുപടി പറഞ്ഞു. പെട്ടെന്ന് അലക്സ്‌ തന്റെ പോക്കറ്റിൽ നിന്ന് ഒരു കുണുക്ക്‌ പുറത്തേക്കെടുത്തു.
"ഇതല്ലേ അത്‌?"
സ്ത്രീയുടെ മുഖം വിളറി വെളുക്കുന്നത്‌ ഞാൻ ശ്രദ്ധിച്ചു.
"നിങ്ങൾ ശരിക്കും ആരാണ്‌? എന്താണ്‌ നിങ്ങൾക്ക്‌ വേണ്ടത്‌? അതെവിടുന്ന് കിട്ടി?"
അവർ ഒരുപാട്‌ ചോദ്യങ്ങൾ ഒരേ സമയം ചോദിച്ചു.
അലക്സ്‌ എഴുന്നേറ്റു.
"ഞാൻ അലക്സ്‌. സ്വകാര്യ കുറ്റാന്വേഷകൻ. ഇത്‌ അരവിന്ദ്‌. എന്റെ സുഹൃത്ത്‌. നിങ്ങളുടെ മകൻ ആന്റോ കൊല്ലപ്പെട്ട കേസാണ്‌ എന്നെ ഇവിടെയെത്തിച്ചത്‌. പറയൂ..."
അലക്സ്‌ സ്ത്രീക്കടുത്തേക്ക്‌ ചെന്നു.
"ഇനിപ്പറയൂ, നിങ്ങൾ എന്തിനു വേണ്ടിയാണ്‌ അയാളെ കൊന്നത്‌?"
അവർ വിതുമ്പിക്കൊണ്ട്‌ കസേരയിലേക്കിരുന്നു.
"വേഗമാവട്ടെ. ഫൈസൽ, മാനേജർ പറഞ്ഞിരിക്കുന്നത്‌ എത്രയും വേഗം ഇത്‌ തീർക്കണമെന്നാണ്‌. സമയമില്ല"
ആ സ്ത്രീ ദുർബലമായ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.
"അവന്റെ ജീവിതം, കുത്തഴിഞ്ഞ ജീവിതം. അവൻ കാരണം തകർന്നു പോയ പെണ്മനസ്സുകൾ. അവനെ ഞാൻ കൊന്നു. മദ്യപിച്ച്‌ ബോധം പോയിക്കിടന്ന വേളയിൽ അധികമായി ഉറക്കഗുളിക നൽകി അവനെ ഞാൻ കൊന്നു"
"ഞാൻ പ്രതീക്ഷിച്ചതു പോലെ. എന്തായാലും നന്ദി. അരവിന്ദ്‌, വരൂ പോകാം"
അലക്സ്‌ ധൃതി കൂട്ടി.
"ഞാൻ പോയി പോലീസിനെ ഇവിടേക്കയക്കാം. മുങ്ങിക്കളയരുത്‌"
ചിരിച്ചു കൊണ്ട്‌ അലക്സ്‌ അവരോട്‌ പറഞ്ഞു.
*******
"അലക്സ്‌, ആ കുണുക്ക്‌?"
"അതാ മുറിയിലുണ്ടായിരുന്നു. കണ്ണ്‌ തുറന്ന് കാണാൻ പഠിക്കൂ അരവിന്ദ്‌. മറ്റേ പെൺകുട്ടികളിൽ രണ്ട്‌ പേർക്ക്‌ പാദസരം ഉണ്ടായിരുന്നു. രണ്ടും കുണുക്കില്ലാത്തത്‌, ഒന്ന് സ്വർണ്ണം, മറ്റൊന്ന് വെള്ളി. അമ്മയുമായി പിണങ്ങിയാണ്‌ താമസം എന്ന അമലയുടെ വാക്കുകൾ എന്നെ ഈ വഴിക്ക്‌ ചിന്തിക്കാൻ പ്രേരിപ്പിച്ചു. വീട്ടിൽ ചെന്നപ്പോൾ കേട്ട കൊലുസിന്റെ ശബ്ദം എന്റെ സംശയം ഇരട്ടിപ്പിച്ചു. പിന്നീട്‌, ദാ ഇതു വരെ"
അയാൾ ചിരിച്ചു കൊണ്ട്‌ കണ്ണിറുക്കി.

സർ ആർതർ കോനൽ ഡോയലിനു കടപ്പാട്

No comments:

Post a Comment