Wednesday, December 26, 2018

കണ്ണകി"അഭീ, നീ എന്താ ഇടവഴീലോട്ട് നോക്കി നിക്കുന്നേ? പോയിക്കിടക്ക്. പനി കൂടിയാൽ സ്കൂളീ പോവാൻ പറ്റില്ലാട്ടോ"
ഇടവഴിയുടെ കാഴ്ചയിൽ നിന്നും കണ്ണു പറിച്ച് ഞാൻ തിരിഞ്ഞു നോക്കി. അമ്മ മുറ്റം അടിക്കുകയാണ്. ഞാൻ അവിടെത്തന്നെ നിന്നു. ഇപ്പോ ഹേമ വരും. അത് കണ്ടിട്ടേ പോകുന്നുള്ളൂ. ഹേമയ്ക്ക് വലിയ കണ്ണുകളാണ്. അവൾ കണ്മഷി എഴുതാറില്ലെന്ന് തോന്നുന്നു. തലതാഴ്ത്തി വേഗത്തിലാണ് നടപ്പ്. നടക്കുമ്പോൾ ഇരു വശത്തേക്കും പിന്നിയിട്ട് ചുവന്ന റിബൺ കെട്ടിയ മുടി ഇളകിക്കൊണ്ടിരിക്കും. കൂട്ടുകാരി എന്നാണോ പറയേണ്ടത്? അറിയില്ല. ഒരു അഞ്ചാം ക്ലാസുകാരന് കൂട്ടുകാരിയ്ക്കപ്പുറം ഒന്നും പാടില്ലേ? അതും അറിയില്ല.
നോക്കി നിൽക്കേ സുധാകരൻ മാഷ് വരുന്നത് കണ്ടു. മലയാളമാണ് മാഷ് പഠിപ്പിക്കുന്നത്. കാലൻ കുട നിലത്ത് കുത്തി സാവധാനത്തിൽ അടി വെച്ച് വരുന്ന മാഷ് മുറ്റത്ത് നിൽക്കുന്ന എന്നെ കണ്ടു.
"എന്താ അഭിനന്ദ്, സ്കൂളിൽ പോണില്ലേ?"
കുട എൻ്റെ നേർക്ക് ചൂണ്ടിക്കൊണ്ട് മാഷ് ചോദിച്ചു.
"പനിയാണ് മാഷേ"
ശബ്ദത്തിൽ ആവുന്നത്ര ദൈന്യത വരുത്തി ഞാൻ പറഞ്ഞു.
"എന്നിട്ട് മുറ്റത്തിറങ്ങി നിൽക്കാണോ? പോയി കിടന്നു കൂടേ?"
ഞാൻ വികൃതമായി ഒന്ന് ചിരിച്ചു. മാഷ് എന്നെക്കടന്ന് നടന്നു. വഴിയരികിലെ നാട്ടുമാവിനു ചുവട്ടിൽ ഒരു നിമിഷം നിന്ന മാഷ് കുനിഞ്ഞ് ഒരു മാമ്പഴം എടുത്തു. നല്ല മധുരമുള്ള മാങ്ങകളാണ് അതിൽ ഉണ്ടാവുക. എൻ്റെ കല്ലേറു കൊണ്ട് പരിക്ക് പറ്റിയ ഒരുപാട് മാങ്ങകൾ ഇതിലുണ്ടാവും. മാഷ് മാമ്പഴം എൻ്റെ നേർക്കു നീട്ടി.
"കഴുകിയിട്ട് കഴിക്കണം. നല്ല മധുരമുണ്ടാവും."
മാഷ് നടക്കാൻ തുടങ്ങിയിട്ട് പെട്ടെന്ന് തിരിഞ്ഞു.
"ഇവിടെ നിൽക്കണ്ട. പോയിക്കിടക്ക്. അമ്മയോട് ചുക്ക് കാപ്പി ഇട്ടു തരാൻ പറയൂ. പനി മാറും"
ഞാൻ ഒന്നും പറഞ്ഞില്ല. മാഷ് ഒന്നു ചിരിച്ചിട്ട് വീണ്ടും നടന്നു. അമ്മയെ കാണാനില്ല. പിന്നാമ്പുറം അടിച്ച് വാരുകയാവും. ഞാൻ കയ്യിലിരുന്ന മാമ്പഴം ഒന്ന് സൂക്ഷിച്ചു നോക്കി. ചളി പറ്റിയിട്ടുണ്ട്. ഞാൻ മാമ്പഴം ഷർട്ടിൽ തുടച്ചു. 'ഹേമയ്ക്ക് കൊടുക്കാം.' ഞാൻ വിചാരിച്ചു.
ഇന്നലെ കൊണ്ട മഴയാണ് ഇന്ന് പനിയായി മാറിയത്. അതും ഹേമയ്ക്ക് വേണ്ടി കൊണ്ട മഴ. ഹേമ നാടക സംഘത്തിലുണ്ട്. സ്കൂൾ വിട്ടു കഴിഞ്ഞാലും കലോത്സവത്തിൽ അവതരിപ്പിക്കാനുള്ള നാടകത്തിൻ്റെ റിഹേഴ്സലിലാവും അവൾ. പാതി വിരിഞ്ഞ ചിരിയും ധൃതിയിൽ പിടഞ്ഞു മാറുന്ന നോട്ടവും സമ്മാനിച്ചിട്ടാണ് അവൾ നാടക റിഹേഴ്സൽ നടക്കുന്ന ക്ലാസ് മുറിയിലേക്ക് കയറുക. അവളെ കാത്ത് ഞാൻ വീണ്ടും സ്കൂളിൽ തന്നെ ചുറ്റിപ്പറ്റി നിൽക്കും. പുളിയച്ചാറോ കൂടൈസോ അതുമല്ലെങ്കിൽ എറിഞ്ഞു വീഴ്ത്തിയ പേരക്കകളോ നുണഞ്ഞു കൊണ്ട് അവൾ വരുന്നത് വരെ ഞാൻ സ്കൂൾ ഗേറ്റിനു മുന്നിലിരിക്കും. അവൾ വന്നാൽ ഒരുമിച്ച് നടക്കും. ഒന്നും സംസാരിക്കാറില്ല. ഒരുമിച്ച് നടക്കുമ്പോൾ തന്നെ പരസ്പരം അകൽച്ചയിട്ടാണ് നടപ്പ്. ഇടവഴിയിൽ നിന്നും ഞാൻ വീട്ടിലേക്ക് കയറും. അവൾ ധൃതിയിൽ നടക്കും. കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിൽക്കും. ഇതുവരെ ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല. പിന്നെന്തിനാണ് ഞാൻ വീണ്ടും അവളെ കാത്തു നിൽക്കുന്നത്? അവളോടൊപ്പം നടക്കുന്നത്? അറിയില്ല.
ഇന്നലെ പക്ഷേ, ഞാൻ നാടക റിഹേഴ്സൽ എങ്ങനെയുണ്ടെന്നറിയാൻ തീരുമാനിച്ചു. ജനാലയുടെ പുറത്തു നിന്ന് ഞാൻ ക്ലാസ് മുറിയിലേക്ക് പാളി നോക്കി. രൗദ്രഭാവത്തിലാണ് ഹേമ. കാലിൽ ഒറ്റച്ചിലമ്പും കയ്യിൽ ഒരു അരിവാളും കണ്ണിൽ തീജ്വാലയും. എനിക്ക് പേടിയായി. അവൾ അട്ടഹസിക്കുകയാണ്. അരിവാൾ ഉയർന്നു താഴുന്നത് കണ്ടു. ഞാൻ കണ്ണടച്ചു. ഞാൻ വേഗം അവിടെ നിന്നു മാറി ഗേറ്റിനു മുന്നിൽ പോയിരുന്നു. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. ഞാൻ അവിടെത്തന്നെയിരുന്നു. കുട ചൂടിക്കൊണ്ട് ഹേമ വരുന്നു. ഞാൻ എഴുന്നേറ്റു. ഞങ്ങൾ നടന്നു. ഞാൻ നനഞ്ഞും അവൾ കുട ചൂടിയും നടന്നു. നനഞ്ഞ് കുളിച്ച് വീട്ടിലേക്ക് കയറിയ എനിക്ക് ആദ്യം കിട്ടിയത് അമ്മയുടെ തല്ലാണ്. തല തുവർത്തുന്നതിനിടയിൽ വീണ്ടും കിട്ടി, ഒന്നു രണ്ട് നുള്ള്. ഞാൻ അവളുടെ രൗദ്ര ഭാവം ആലോചിക്കുകയായിരുന്നു.
എന്തോ ശബ്ദം കേട്ട് പെട്ടെന്ന് മുഖമുയർത്തിയത് ഹേമയിലേക്കാണ്. പതിവു പോലെ മുടി രണ്ടായി പിന്നിയിട്ട് അറ്റത്ത് ചുവന്ന റിബൺ കെട്ടി ധൃതിയിൽ അവൾ നടന്നു വരുന്നു. എൻ്റെ നേർക്ക് അവളുടെ ഒളികണ്ണുകൾ നീണ്ടു വരുന്നതും ചൊടിയിൽ പൂർണ്ണമാവാത്തൊരു പുഞ്ചിരി വിരിയുന്നതും ഞാൻ ശ്രദ്ധിച്ചു. എൻ്റെ അടുത്തെത്തിയ അവൾ പെട്ടെന്ന് നിന്നു.
"വേണോ?"
ചുരുട്ടിപ്പിടിച്ചിരുന്ന ഉള്ളം കൈ നിവർത്തി അവൾ ചോദിച്ചു. ചുവന്നു തുടുത്ത രണ്ട് നെല്ലിക്കകൾ. ഞാൻ അന്തം വിട്ടു നിന്നു.
"വീട്ടിലുണ്ടായതാ. അഭിക്ക് വേണോ?"
അവൾ കൈ നീട്ടിപ്പിടിച്ച് തന്നെ നിൽക്കുകയാണ്. ഞാൻ മുറ്റത്തു നിന്നും ഇടവഴിയിലേക്ക് ചാടിയിറങ്ങി. കാലിടറിപ്പോയ ഞാൻ വേച്ച് വീഴാൻ പോയി. പക്ഷേ വീണില്ല. പെട്ടെന്നെഴുന്നേറ്റ് നോക്കുമ്പോൾ പൂർണതയെത്തിയ ഒരു ചിരിയുണ്ട് അവളുടെ മുഖത്ത്. ഞാൻ കൈ നീട്ടി. അവൾ നെല്ലിക്കകൾ എൻ്റെ കയ്യിൽ വെച്ചു തന്നു.
"ഞാൻ കണ്ടായിരുന്നു."
കൈ പിൻവലിച്ച് അവൾ പറഞ്ഞു.
"എന്ത്?"
"ജനാലയുടെ പുറത്ത് നിക്കുന്നത്"
ഞാൻ ഒന്നും മിണ്ടിയില്ല.
"ഇന്നലെ കുടയിൽ കേറാഞ്ഞതെന്താ? അപ്പോ പനി വരില്ലായിരുന്നല്ലോ"
ഞാൻ അപ്പോഴും ഒന്നും മിണ്ടിയില്ല.
"അത് കണ്ണകിയാണ്"
"ഏത്?"
"ഇന്നലെ നാടകത്തിൽ ഞാൻ അഭിനയിച്ചത്"
ഞാൻ തലയാട്ടി. അവൾ കണ്ണകിയുടെ കഥ പറഞ്ഞു തുടങ്ങി. എൻ്റെ ഉള്ളം കയ്യിലിരുന്ന നെല്ലിക്കകൾക്ക് തീ പിടിച്ചു. എൻ്റെ കൈ പൊള്ളി. അവൾ കഥ പറഞ്ഞു കൊണ്ടേയിരുന്നു. അവളുടെ കണ്ണുകളിൽ ചാടി എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നി.

3 comments:

  1. മികച്ച എഴുത്ത്. അനു ലിങ്ക് തന്നിട്ട് വന്നതാണ്. വായന മോശമായില്ല....

    ReplyDelete
  2. എൻ്റെ ഉള്ളം കയ്യിലിരുന്ന നെല്ലിക്കകൾക്ക് തീ പിടിച്ചു. എൻ്റെ കൈ പൊള്ളി. അവൾ കഥ പറഞ്ഞു കൊണ്ടേയിരുന്നു. അവളുടെ കണ്ണുകളിൽ ചാടി എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നി..... മനോഹരം...

    ReplyDelete
  3. ❤️ വലിയ കണ്ണുള്ള കണ്ണകി 😍

    ReplyDelete