Tuesday, March 12, 2013

സുഹൃത്തുക്കൾ

അവർ സുഹൃത്തുക്കളായിരുന്നു. വെറും സുഹൃത്തുക്കളല്ല, ബാല്യകാല സുഹൃത്തുക്കൾ. ഒരുമിച്ചു പഠിയ്ക്കാൻ പോയിരുന്നതും, മടക്കത്തിൽ മാവിനു കല്ലെറിഞ്ഞിരുന്നതും, ഒരുമിച്ച് പുഴയിൽ കുളിച്ചിരുന്നതുമൊക്കെ അവരുടെ ബാല്യത്തിൻറെ മറക്കാനാവാത്ത ഓർമകളായിരുന്നു. 

കാലം അവരെ വളർത്തി. വിധി അവരെ രണ്ടു തുറകളിലെത്തിച്ചു. സ്കൂളും കോളേജും കടന്ന് ഒരാൾ പടർന്നു പന്തലിച്ചപ്പോൾ അപരൻ പതിനൊന്നാം ക്ളാസിൽ വെച്ച് പഠനം നിറുത്തി ജോലിക്കാരനായി. അവരുടെ സൌഹ്റുദം വല്ലപ്പോഴുമുള്ള ചില കണ്ടുമുട്ടലുകളിലും ഫോൺ വിളികളിലും മാത്രമായി ഒതുങ്ങി.



കോളേജ് ബിരുദവും കരസ്ഥമാക്കി വീട്ടിലേക്ക് വരുമ്പോഴാണ് അവൻ കാണുന്നത്, ഒരു ആക്സിഡൻറ്. വഴിയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോകുന്ന ലോറി. അവൻറെ മൊബൈൽ ക്യാമറക്കണ്ണുകൾ മിഴി തുറന്നു. ശരവേഗത്തിൽ പായുന്ന ലോറിയുടെ നമ്പർ പ്ളറ്റിലേയ്ക്ക് ഒരു 'സൂമിംഗ്'. പിന്നെ പിടഞ്ഞു കൊണ്ടിരിയ്ക്കുന്ന ആ മനുഷ്യ ജീവൻറെ അന്ത്യ ചലനങ്ങൾ... ലൈകും കമൻറും കുമിഞ്ഞു കൂടുന്ന ഫേസ്ബുക്ക് മതിലായിരുന്നു അപ്പോൾ അവൻറെ മനസ്സിൽ.

ചാനലുകളിൽ അന്നത്തെ എക്സ്ക്ളൂസിവ് വീഡിയോ അവൻറെ മൊബൈലിൽ നിന്നും പിറവിയെടുത്ത ആ ഫേസ്ബുക് വീഡിയോ ആയിരുന്നു. 

മരിച്ചത് തൻറെ പ്രിയപ്പെട്ട കൂട്ടുകാരനാണെന്നറിഞ്ഞിട്ടും തൻറെ വീഡിയോക്ക് കിട്ടിയ 86 ലൈകും 55 കമൻറും അവനെ കൃതാർത്ഥനാക്കി.

1 comment: