Tuesday, June 4, 2013

ലോകാവസാനം; ദൈവത്തിനും തെറ്റ് പറ്റിയോ?


"ബെന്നീ"
ആരോ വിളിക്കുന്നതു കേട്ടു.
സ്വപ്നമാവും എന്നു വിചാരിച്ച്‌ അയാൾ കണ്ണു തുറന്നില്ല. അല്ലെങ്കിലും അയാളെ ആരും പേര്‌ വിളിക്കാറില്ല. എല്ലാവർക്കും അയാൾ ഭ്രാന്തനാണ്‌. പിന്നെ അതിന്റെ പല വകഭേദങ്ങളും; വട്ടന്‌, കിറുക്കന്‌, പ്രാന്തന്‌. അങ്ങനെ കുറേ പേരുകള്‌.
വീണ്ടും വിളി-
"ബെന്നീ..."
മാർദ്ദവമുള്ള ശബ്ദം.
എന്നിട്ടും അയാള്‌ കണ്ണു തുറന്നില്ല.
"സ്വപ്നമല്ല ബെന്നീ, കണ്ണു തുറക്ക്‌"
'ഇതാരെടാ എന്നെ പേരു വിളിക്കുന്നത്‌?'
അയാള്‌ കണ്ണു തുറന്ന് ചുറ്റും നോക്കി.
"ആരടാ അത്‌?"
ഇരുട്ടിലേക്ക്‌ തുറിച്ചു നോക്കി അയാള്‌ ദേഷ്യപ്പെട്ടു.
"ബെന്നീ, ദേഷ്യപ്പെടണ്ട"
വീണ്ടും അതേ ശബ്ദം.
ബെന്നി ഒന്നു തണുത്തു.
"ആരാ?"
"ഞാന്‌, ദൈവം!"
'നാശം! ഇതേതവനാണോ ആവോ? ഉറങ്ങാനും സമ്മതിക്കില്ല'
അയാള്‌ മനസ്സില്‌ പ്രാകി.
"ബെന്നി ദേഷ്യപ്പെടണ്ട. ഇങ്ങോട്ടു നോക്ക്‌"
അയാള്‌ ശബ്ദം കേട്ട ദിക്കിലേക്ക്‌ നോക്കി.
ഒരു പ്രഭാവലയം! അയാള്‌ കണ്ണു ചിമ്മി.
"വിശ്വാസമായോ ബെന്നീ"
"ങും"
അയാള്‌ തലയാട്ടി.
"എന്തിനാണാവോ ഇപ്പഴൊരു വരവ്‌? ഇയാള്‌ ശരിക്കും ഒള്ളതാണോ?"
ബെന്നി കയർത്തു.
"എന്തിനാ ബെന്നീ ഇങ്ങനെ ദേഷ്യപ്പെടുന്നത്‌? എന്താ കാര്യം?"
"ഇയാള്‌ ഇത്രയും നാള്‌ കാണുന്നില്ലായിരുന്നോ എന്റെ കഷ്ടപ്പാട്‌? ആൾക്കാര്‌ പരിഹസിക്കാതെ ഒരു ദിവസം പോലും കടന്ന് പോകുന്നില്ല. എന്താണിങ്ങനെ?"
"ബെന്നീ, അതൊക്കെ വിധിയാണ്‌. സഹിച്ചേ പറ്റൂ"
"പിന്നേ, വിധി!!"
അയാള്‌ ചൊടിച്ചു.
"ഈ വിധി ഇയാളല്ലേ തീരുമാനിക്കുന്നത്‌?"
"ബെന്നീ, ഒക്കെ കഴിഞ്ഞില്ലേ. ഞാന്‌ പറയുന്നത്‌ കേൾക്കൂ"
ദൈവത്തിന്‌ ഉത്തരം മുട്ടിയെന്ന് തോന്നുന്നു.
"ങാ, പറ"
"ലോകം അവസാനിക്കാന്‌ പോകുന്നു!"
"ങാ, നന്നായി"
"ങ്ങേ, നീയെന്താ ഞെട്ടാത്തത്‌?"
"പലരും പല തവണ പറഞ്ഞതാണ്‌ മുൻപ്‌, ലോകം അവസാനിക്കുമെന്ന്. അന്നൊക്കെ ഒത്തിരി ആശിച്ചതുമാണ്‌. എന്നിട്ടൊരു കോപ്പും നടന്നില്ല!"
"പക്ഷേ ബെന്നീ, ഇത്‌ പറയുന്നത്‌ ഞാനാണ്‌; ദൈവം"
"ഓ"
"ഇന്ന് ജൂണ്‌ 3. ജൂണ്‌ 8 പകല്‌ കൃത്യം 11 മണിക്ക്‌ ലോകം അവസാനിക്കും"
"അതിനിപ്പോ ഞാന്‌ എന്തു ചെയ്യണം?"
"നീ മുന്നറിയിപ്പ്‌ കൊടുക്കണം, എല്ലാവർക്കും"
"പിന്നേ, എനിക്കെങ്ങും വയ്യ!"
ദൈവം ചമ്മിയെന്നു തോന്നുന്നു.
"ഡേയ്‌, എന്തോന്നെടേ ഇത്‌? ഞാന്‌ ദൈവമാടേ. ഒന്നു വിശ്വസിക്കടേ"
"പക്ഷേ, ഞാന്‌ പറഞ്ഞാല്‌ ആരും വിശ്വസിക്കില്ല"
"അത്‌ നീ നോക്കണ്ട. നിന്റെ ജോലി മുന്നറിയിപ്പ്‌ കൊടുക്കല്‌ മാത്രം"
"ഓ, ശരി"
---------------------------------------------------
അയാള്‌ തന്റെ മുരടനക്കി. കയ്യിലിരുന്ന സ്റ്റീല്‌ ഗ്ലാസ്‌ മൈക്‌ ആയി സങ്കൽപ്പിച്ച്‌ അനൗൺസ്‌മന്റ്‌ ചെയ്യാന്‌ തുടങ്ങി.
"ജൂണ്‌ 8നാണ്‌ സുഹൃത്തുക്കളേ, ജൂണ്‌ 8നാണ്‌ അത്‌. അന്നാണ്‌ ലോകം അവസാനിക്കുന്നത്‌"
ജനം അയാളെ പരിഹസിച്ചു. കളിയാക്കലിന്‌ ശക്തി കൂടി. കല്ലെടുത്തെറിഞ്ഞു.
അങ്ങനെ ദിവസങ്ങള്‌ കടന്നു പോയി.
ലോകാവസാന ദിവസം!
പതിവു പോലെ ലോകാവസാനത്തെക്കുറിച്ച്‌ വിളിച്ച്‌ പറഞ്ഞു കൊണ്ട്‌ നടന്ന ബെന്നിയെ നാട്ടുകാര്‌ പിടികൂടി.
"കുറേ ദിവസമായല്ലോ തുടങ്ങിയിട്ട്‌. നിന്നോടാരാ പറഞ്ഞത്‌ ഇന്ന് ലോകം അവസാനിക്കുമെന്ന്?"
ബെന്നി ഒന്നു പരുങ്ങി.
"പറയെടാ"
"അത്‌, ദൈവം പറഞ്ഞതാ"
ജനം ആർത്തു ചിരിച്ചു.
"നീ കണ്ടോ ദൈവത്തിനെ?"
"ഞാന്‌ കണ്ടില്ല. പക്ഷേ എന്നോട്‌ പറഞ്ഞു"
"നിനക്ക്‌ വട്ട്‌ കൂടിയല്ലേ?"
"ഇല്ല!"
ഒരു അശരീരി.
ജനം കണ്ടു, ഒരു പ്രഭാവലയം. ക്രമേണ അതൊരു രൂപം പ്രാപിച്ചു.
ബെന്നി അത്ഭുതത്തോടെ അത്‌ നോക്കി നിന്നു.
'വാക്കുകള്‌ കൊണ്ട്‌ വിവരിക്കാന്‌ കഴിയുന്ന ഒരു രൂപമല്ല അത്‌. പക്ഷേ ദൈവം ക്ഷീണിതനാണ്‌.'
ബെന്നി മനസ്സിലാക്കി.
ദൈവം സാവധാനം സംസാരിച്ചു തുടങ്ങി.
"ബെന്നി പറഞ്ഞത്‌ സത്യമാണ്‌. ഇന്ന് 11 മണിക്ക്‌ ലോകം അവസാനിക്കും"
ജനം ദൈവത്തിനു നേരെ തിരിഞ്ഞു.
"പിടിയെടാ അയാളെ"
ദൈവം ഓടി.
ദൈവം വല്ലാതെ കിതക്കുന്നുണ്ടെന്നു തോന്നി ബെന്നിക്ക്‌.
കുറച്ച്‌ ഓടിയ ശേഷം ദൈവം ക്ഷീണിതനായി വീണു.
ജനം ഓടിയടുത്തു. ഒരാളുടെ കയ്യിലിരുന്ന വടിവാള്‌ ഉയർന്നു താഴുന്നത്‌ ബെന്നി കണ്ടു.
അപ്പോള്‌ ദൈവം ശ്രദ്ധിച്ചത്‌ സമീപത്തെ കടയിലെ ക്ലോക്കിലേക്കായിരുന്നു.
സമയം ആയി!!

4 comments:

  1. ഛെ....കഥ ഒരു 1 മിനുട്ട് കൂടി നീട്ടിയിരുന്നെങ്കില്‍ ......എന്ന്‍ ആഗ്രഹിച്ച് പോകുന്നു ...നല്ല അവതരണം .....കലക്കി

    ReplyDelete