Friday, June 21, 2013

നായിന്റെ മക്കള്!


ഹൗ, കാല് വേദനിക്കുന്നു. ആരോ കാലില് ചവിട്ടി നില്ക്കുകയാണെന്ന് തോന്നുന്നു.

വേഗം തലവഴി മൂടിയിരുന്ന ചാക്ക് മാറ്റാന് ശ്രമിച്ചു. പക്ഷേ, കുറേ നാളായിട്ട് മനസ്സെത്തുന്നിടത്ത് കയ്യെത്തുന്നില്ല. സാവധാനം ചാക്ക് മാറ്റി. ഒരുത്തന് ഷൂസിട്ട കാലു കൊണ്ട് തന്റെ കാലില് ചവിട്ടി നില്ക്കുകയാണ്. ഹോ, മാറുന്നില്ലല്ലോ. വേദനിച്ചിട്ട് മേല.

ചാക്ക് കുറച്ചു കൂടി മാറ്റി.

ഓ, അവന് തന്നെ കണ്ടു. അവന് അത്ഭുതം.

തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് സാവധാനം അവന് കാലില് നിന്നും മാറി.

ഇവനൊന്നും കണ്ണ് കണ്ടു കൂടേ.

നായിന്റെ മോന്!

അയാള് എഴുന്നേറ്റിരുന്നു.

ഉറക്കം പോയി. അവന്റെ ഒടുക്കത്തെ ചവിട്ട്!

പയ്യനാണ്. 18 വയസ്സിനപ്പുറം പ്രായമില്ല. ഒരു സിഗരറ്റിന് തീ കൊളുത്തുകയാണവന്.
ഒരു പുക കിട്ടിയിരുന്നെങ്കില് തണുപ്പിനൊരു പരിഹാരമായേനേ.

ഒരാഴ്ചയായി തോരാത്ത മഴയാണ്, 'തുള്ളിക്കൊരു കുടം' കണക്കെ. മഴ തുടങ്ങിയപ്പോള് കിടപ്പാടവും പോയി.

തമ്പാനൂര് ബസ്‌സ്റ്റാന്റിനടുത്തുള്ള ഒരു ചായക്കടയുടെ വരാന്തയായിരുന്നു തന്റെ കിടപ്പു സ്ഥലം. മഴയും വെയിലും ഒന്നും കൊള്ളാത്ത നല്ല സ്ഥലം. പക്ഷേ, മഴയായപ്പോള് സ്ഥലത്തിന് ആവശ്യക്കാര് കൂടി. എവിടുന്നോ വന്ന കുറച്ചു പേര് സ്ഥലം കയ്യേറി. ഫലം, താന് പുറത്ത്!

പിന്നെ രണ്ടുമൂന്ന് ദിവസം അലഞ്ഞു തിരിഞ്ഞ് നടപ്പായിരുന്നു. നന്നായി മഴ നനഞ്ഞു. പനിയും പിടിച്ചു. മിനിഞ്ഞാന്നാണ് ഈ കിടപ്പാടം കിട്ടിയത്.

റെയില്വേ സ്റ്റേഷന്റെ  അടുത്തുള്ള റിസര്‌വേഷന് സെന്ററിന്റെ വശത്ത്. ഇവിടെ മഴ കൊള്ളാതിരിക്കണാമെങ്കില് ചുരുണ്ടു കൂടി കിടക്കണം.

അത് റിസര്‌വേഷന് സെന്റര് ആണെന്നൊക്കെ മനസ്സിലാക്കിത്തന്നത് തന്റെ കിങ്ങിണിയായിരുന്നു.

അവള് കഴിഞ്ഞ വര്ഷം മരിച്ചു. മരിച്ചതല്ല, കൊന്നതാണ്!

അന്ന് തനിക്കൊരു ജോലിയുണ്ടായിരുന്നു. തെമ്മാടിക്കുഴിയിലേക്ക് വരുന്ന പേരറിയാത്ത ശവങ്ങളെ  മറവ് ചെയ്തിരുന്നത് താനായിരുന്നു. ആലങ്കാരികമായി പറഞ്ഞാല് സര്കാര് ജോലി, ഹും!!

കിങ്ങിണി അന്ന് ഒന്പതാം ക്ളാസില് പഠിക്കുകയായിരുന്നു. അന്നും ചായക്കട വരാന്തയിലായിരുന്നു കിടപ്പ്. സത്യം പറഞ്ഞാല് അന്നൊന്നും രാത്രി താന് ഉറങ്ങാറുണ്ടായിരുന്നില്ല. പേടിയായിരുന്നു; ചുറ്റും കഴുകന്മാര്.

എന്നിട്ടും താന് പനിച്ചു കിടന്നതിന്റെ മൂന്നാം നാള്, കഴിഞ്ഞ രണ്ടു ദിവസവും പട്ടിണിയായിരുന്നു. ഉച്ച കഴിഞ്ഞപ്പോള് ഒരാള് വന്നു കിങ്ങിണിയെ വിളിച്ചു.
"വാ മോളേ, രണ്ടു ദിവസമായി പട്ടിണിയാണല്ലേ? വാ, ഭക്ഷണം തരാം"
കിങ്ങിണി പ്രതീക്ഷയോടെ തന്നെ നോക്കി. അവളെ പട്ടിണിക്കിടാന് മനസ്സനുവദിക്കുന്നില്ല. പോയി വരാന് പറഞ്ഞു.

വൈകിട്ട് തിരികെ വന്നപ്പോള് അവളുടെ കയ്യില് ചോറുപാത്രം ഉണ്ടായിരുന്നു, കുറച്ച് കറികളും.
പക്ഷേ, താന് കഴിക്കുമ്പോള് അവള് കരയുകയായിരുന്നു. കുറേ ചോദിച്ചതിനു ശേഷമാണ് അവള് കാര്യം പറഞ്ഞത്.

അവള്ക്കുണ്ടായിരുന്നതു പോലെ അയാള്ക്കും വിശപ്പായിരുന്നു; കാമത്തിന്റെ വിശപ്പ്!
അവള് കരയുകയായിരുന്നു.

നിസ്സഹായതയോടെ തല കുമ്പിട്ടിരിക്കാനേ കഴിഞ്ഞുള്ളൂ. നാടോടിപ്പെണ്ണിന് എന്ത് പാതിവ്രത്യം!
പക്ഷേ, പിറ്റേന്ന് ബസ്സിനു മുന്നില് ചാടി അവള് ആത്മഹത്യ ചെയ്തു.

തെമ്മാടിക്കുഴിയില് അവള്ക്കുള്ള കൊച്ചു കുഴി വെട്ടിയതും അയാള് തന്നെയായിരുന്നു.
അയാള് വെട്ടിയ അവസാനത്തെ കുഴി!

ഓര്മകളുടെ നനവ് അയാളുടെ കണ്ണിലേക്കും പടര്ന്നു.

ഈയിടെ ഒരാഴ്ചയായി ആഹാരം കഴിച്ചിട്ടില്ല. പനിച്ചിട്ട് തല പൊക്കാന് വയ്യ. കിടപ്പ് തന്നെയായിരുന്നു.

മിനിഞ്ഞാന്ന് രണ്ടു പേര് ഒരു മൈക്കും ക്യാമറയുമൊക്കെയായി വന്നിരുന്നു. തന്നെയൊക്കെ ക്യാമറയിലെടുക്കുന്നത് കണ്ടു. മറ്റേയാള് ക്യാമറയില് നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
'അഭയാര്ത്ഥികള് അധികരിക്കുന്നു' എന്നോ 'ഗവണ്മെന്റ് നിഷ്ക്രിയരാണ്' എന്നോ ഒക്കെ.
ഒന്നും മനസ്സിലായില്ല.

തനിക്കൊരു വീട് തരാനുള്ള പുറപ്പാടോ മറ്റോ ആണോ എന്ന് തെറ്റിദ്ധരിച്ചു പോയി. വീട് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, കിടക്കാനൊരിടം കിട്ടിയാലും മതി എന്ന ഓര്ത്തു.

പക്ഷേ, എന്തിനാണ് അവന്മാര് വന്നതെന്ന് പിന്നെയാണ് മനസ്സിലായത്.
"നിന്നെയൊക്കെ ഇവിടുന്ന് മാറ്റാന് പോകുവാ"
എന്ന് ഒരാള് വന്നു പറഞ്ഞു, അവന് എന്നോടെന്തോ വൈരാഗ്യമുള്ളതു പോലെ.
അതിനാണ് മൈകൊക്കെയായിട്റ്റ് അവര് വന്നതത്രേ!

നായിന്റെ മക്കള്!

ഇന്നലെ രാത്രി അടുത്തുള്ള വേസ്റ്റ് പാത്രത്തില് നിന്നും കുറച്ച് ചോറ് കിട്ടിയതാണ്. എടുത്ത് വെച്ചപ്പോഴാണ് ശ്രദ്ധിച്ചത്, കയ്യില് ആകെ ചെളി.

കുറച്ചകലെയുള്ള പൊതുടാപ്പില് നിന്ന് കൈ കഴുകി വന്നപ്പോള് കണ്ടത് എടുത്തു വെച്ചിരുന്ന ചോറ് പട്ടി തിന്നുന്നതാണ്.

നായിന്റെ മോന്!

നേരം വെളുത്തു തുടങ്ങി.

ആ പയ്യനെ എങ്ങും കാണുന്നില്ല. പോയിക്കാണും.

ഇവിടെ വരുന്നവരെല്ലാം യാത്രക്കാരാണ്. ആരും ഇവിടെ തങ്ങുന്നില്ല.

അയാളും ഒരു യാത്രയ്ക്ക് തയാറെടുക്കുകയായിരുന്നു.

അയാള് വീണ്ടും കിടന്നു.

ആ കിടപ്പ് ഒരാഴ്ചത്തേക്ക് നീണ്ടു. അപ്പോഴേക്കും ആ ശരീരത്തില് നിന് ദുര്ഗന്ധം വമിച്ചു തുടങ്ങിയിരുന്നു.

4 comments:

  1. യാത്രക്കിടയിലെ സത്രം...അതാവാം ജീവിതം ! :)

    ReplyDelete
  2. തെരുവിന്റെ മക്കള്‍
    കഥ നന്നായിട്ടുണ്ട്
    (ബ്ലോഗിന്റെ ലയൌട്ട് എന്തോ അത്ര സുഖം പോര )

    ReplyDelete
    Replies
    1. ബ്ലോഗ്‌ ഡിസൈന് ചെയ്തു തരാനൊക്കെ ആരെങ്കിലും വേണ്ടേ ചേട്ടാ?

      Delete