Friday, October 30, 2015

തുറക്കാത്ത ജനാല

"പ്രതീക്ഷ, അല്ലേ?"
ചാരനിറമുള്ള വലിയ കണ്ണട ഫ്രെയിമിനു മുകളിലൂടെ നോട്ടമെറിഞ്ഞ്‌ ഡോക്ടർ സലാഹുദ്ദീൻ ചോദിച്ചു.
അവൾ ഒന്നു ചിരിച്ചു.
"ഈ പേര്‌ ആരാണിട്ടത്‌?"
ഇത്തവണ നോട്ടം പ്രതീക്ഷയുടെ അച്ഛനു നേരെ നീണ്ടു.
"ഞാൻ തന്നെയാ ഡോക്ടർ"
"നല്ല പ്രതീക്ഷയുള്ള പേര്‌"
അയാൾ ചിരിച്ചു.
"ഗോപകുമാർ, എത്ര നാളായി ഈ അസുഖം തുടങ്ങിയിട്ട്‌?"
"ഏതാണ്ട്‌ രണ്ടു മാസം സാർ"
അയാൾ ഒന്ന് ചാഞ്ഞിരുന്നു. ഡോക്ടർ ഒന്ന് കനപ്പിച്ചു മൂളി.
"കുഴപ്പമില്ല, ചികിത്സിച്ചു മാറ്റാം. എന്തായാലും ഒരു രണ്ടാഴ്ചയോളം അഡ്മിറ്റാവേണ്ടി വരും"
ഗോപകുമാർ പ്രതീക്ഷയെ നോക്കി. അവൾ പകച്ചു നിൽക്കുകയാണ്‌.
"അത്‌ കുഴപ്പമില്ല സാർ. അസുഖം മാറിയാൽ മതി"
അയാളുടെ ശബ്ദം ഇടറി.
"ഡോണ്ട്‌ വറി മാൻ. നമുക്ക്‌ ശരിയാക്കാം. അല്ലേ പ്രതീക്ഷ?"
അവൾ ചിരിക്കാൻ ശ്രമിച്ചു.
"ഓകെ"
ഡോക്ടർ മേശമേൽ വെച്ചിരുന്ന ബെല്ലമർത്തി. നിമിഷങ്ങൾക്കകം സദാ പുഞ്ചിരിച്ച മുഖവുമായി മാത്രം കാണുന്ന സിസ്റ്റർ ഏയ്ഞ്ചൽ വാതിൽക്കലെത്തി.
"ങാ, ഏയ്ഞ്ചൽ. ടേക്ക്‌ കീയർ ഓഫ്‌ ഹർ"
റൂം നമ്പർ നൂറ്റിനാല്‌. മുറിയിലേക്ക്‌ കയറിയപ്പോഴേ അവൾ ജനാല തുറന്നു. നേർത്ത തണുത്ത കാറ്റ്‌ മുറിയിലേക്ക്‌ അരിച്ചു കയറി.
"ചിമ്മൂ, ജനലടക്ക്‌. തണുപ്പ്‌ കേറും"
അയാൾ ധൃതിയിൽ പറഞ്ഞു.
അവൾ നിരാശയോടെ അയാളെ നോക്കി.
"പറഞ്ഞത്‌ കേൾക്ക്‌ മോളേ. അതടക്ക്‌"
അവൾ ഇച്ഛാഭംഗത്തോടെ ജനാലയടച്ചു.
"പപ്പാ, അമ്മ വരുവോ?"
കൂടയിൽ നിന്നും ഒരാപ്പിളെടുത്ത്‌ കടിച്ചു കൊണ്ട്‌ അവൾ ചോദിച്ചു.
"അറിയില്ലല്ലോ മോളേ"
അയാൾ കിടക്കയിലേക്കിരുന്നു.
അടച്ച ജനാലയ്ക്കൽ കാറ്റ്‌ മൃദുവായി തലോടിക്കൊണ്ടിരുന്നു.
റൂം നമ്പർ നൂറ്റിയൊന്നു മുതൽ നൂറ്റിപ്പത്ത്‌ വരെയാണ്‌ അവിടെയുള്ളത്‌, ആ നിലയിൽ. ഇടനാഴി ഇരുണ്ടതാണ്‌. പകൽ പോലും അവിടെ വെളിച്ചമുണ്ടാവില്ല. അതിനു ബദലെന്നോണം രാത്രി ഇടനാഴിയിലെ ബൾബ്‌ കത്താറുമില്ല. അറ്റത്തെ രണ്ട്‌ മുറികൾ തുറക്കാറേയില്ല. ഇടനാഴിയുടെ അങ്ങേയറ്റത്ത്‌ ഒരു ജനാലയുണ്ട്‌. ഒരിക്കലും തുറക്കാത്ത ഒരു ജനാല.
പ്രതീക്ഷയ്ക്ക്‌ ആ ജനലിനപ്പുറം എന്താണെന്നറിയാനുള്ള ആകാംക്ഷയായി.
"പപ്പാ, ആ ജനല്‌ തൊറക്കാമ്പറ്റോ?"
"ഏതാണ്‌?"
"ആ അറ്റത്തെ"
"അത്‌ തുറക്കാനൊന്നും പറ്റൂല. നീ വെർത്തേയിരുന്നേ"
പ്രതീക്ഷ പിന്നെയൊന്നും പറഞ്ഞില്ല.
രണ്ടാഴ്ചകൾ ധൃതിയിൽ കടന്നു പോയി. അയാൾ മുറിയിലേക്ക്‌ വന്നപ്പോ പ്രതീക്ഷയെക്കണ്ടില്ല.
"ചിമ്മൂ..."
അയാൾ പുറത്തിറങ്ങി വിളിച്ചു. പെട്ടെന്ന് ഇടനാഴിയുടെ അങ്ങേയറ്റത്തു നിന്ന് തീവ്രമായ ഒരു വെളിച്ചം അവിടേക്ക്‌ വീണു. അയാൾ അത്ഭുതത്തോടെ അവിടേക്ക് നോക്കി. ജനാല തുറന്നിരിക്കുന്നു! അവിടെ നിന്നും ചിമ്മു ഓടി വന്നു.
"വാ പപ്പാ, ഞാൻ ജനല് തൊറന്നു. എന്ത് രസാന്നറിയോ. നല്ല ഭംഗീണ്ട്. അവിടെ മൊത്തം പൂക്കളാ. പിന്നെ കൊറേ കിളികളും. ഒരു പുഴയുമുണ്ട്. ആരും അത് തുറന്നില്ല. അതാ കാണാഞ്ഞേ. വാ പപ്പാ"
അവൾ അയാളുടെ കയ്യ് പിടിച്ചു വലിച്ചു.
"ചിമ്മൂ, നീയിതെന്തൊക്കെയാ പറയുന്നത്? ജനലിനു പുറത്ത് പൂന്തോട്ടമോ?"
"സത്യാ പപ്പാ, വാ"
അയാൾ അവളുടെ നിർബന്ധത്തിനു വഴങ്ങി ജനാലയ്ക്കരികിലേക്ക് പോയി.
"നോക്കിയേ"
അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി. അവള് പറഞ്ഞതു പോലെ ജനാലയ്ക്കപ്പുറം പൂന്തോട്ടമായിരുന്നു. പക്ഷികളും പുഴകളും പിന്നെ നന്മകളും മാത്രമുള്ള പൂന്തോട്ടം. ജനാലയ്ക്കരികിലേക്ക് പിന്നീട് ആ ആശുപത്രിയിലെ എല്ലാവരും വന്നു, ഡോക്ടറടക്കം. ഇരുൾ വീണ ആ ഇടനാഴി പിന്നീട് ആ ആശുപത്രിയിലെ ഏറ്റവും വെളിച്ചമുള്ള ഇടമായി. അവിടെ വന്നു നിൽക്കാൻ പിന്നീട് ഒരുപാട് പേരുണ്ടായി.
ആ ജനാല പിന്നെ അടഞ്ഞിട്ടില്ല.

No comments:

Post a Comment