Wednesday, May 11, 2016

നിന്റെയും എന്റെയും ലോകത്തെപ്പറ്റി

ശിശുദിനത്തിനു വേണ്ടി എടുത്ത ചിത്രങ്ങൾ മാറി മാറി നോക്കുകയായിരുന്നു ഞാൻ. ഏത്‌ കൊടുക്കണമെന്ന് കൺഫ്യൂഷൻ.
"കോപ്പ്‌"
ദേഷ്യത്തോടെ അവ മേശപ്പുറത്തേക്കെറിഞ്ഞു. സിഗരറ്റ്‌ പാക്കേറ്റ്ടുത്ത്‌ തുറന്നു. ശൂന്യം!
"മൈ**, ഇത്‌ തീർന്നോ"
ചുരുട്ടിക്കൂട്ടി അത്‌ വേസ്റ്റ്‌ ബിന്നിലേക്കിട്ടു. ഞാൻ മേശവലിപ്പുകൾ മാറി മാറി തുറന്നു. ഹാവൂ, ഭാഗ്യം. ഇത്തരം അത്യാവശ്യ ഘട്ടത്തിൽ വലിക്കാൻ മാറ്റി വെച്ചിരുന്ന സിഗരറ്റ്‌ പാക്കറ്റ്‌ അവിടെയുണ്ട്‌. ഒന്നെടുത്ത്‌ പാക്കറ്റ്‌ മേശപ്പുറത്തേക്കിട്ടു. ലൈറ്ററെടുത്ത്‌ സിഗരറ്റ്‌ കത്തിച്ച്‌ ചുണ്ടത്തു വെച്ച്‌ പുക വിട്ടു. അപ്പോഴാണ്‌ ഫോൺ ബെല്ലടിച്ചത്‌. ഫോണെടുത്ത്‌ ഡിസ്പ്ലേയിലേക്ക്‌ നോക്കി. അൺനോൺ നമ്പരാണ്‌. സെയിലന്റാക്കി ഫോൺ കട്ടിലിലേക്കിട്ടു. ജാലകവിരി മാറ്റി ഞാൻ ജനാലയിലൂടെ പുറത്തേക്ക്‌ നോക്കി. വെളിച്ചത്തിൽ മുങ്ങി നഗരം. എങ്ങും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമാണ്‌. താഴെ നിരത്തിലൂടെ തീപ്പെട്ടിക്കൂടുകൾ പോലെ വാഹനങ്ങൾ പോകുന്നത്‌ കാണാം.
ഫോൺ വീണ്ടും ബെല്ലടിച്ചു. എടുത്ത്‌ നോക്കിയപ്പോ വീണ്ടും അതേ നമ്പർ.
"മൈ**, ആരാണാവോ?"
ഞാൻ കോൾ സ്വീകരിച്ച്‌ ചെവിയോട്‌ ചേർത്തു.
"ഹലോ"
അങ്ങേത്തലയ്ക്കൽ രണ്ട്‌ നിമിഷത്തെ നിശബ്ദത.
"ഹലോ, ജഗനല്ലേ?"
പെൺശബ്ദമാണ്‌. ആ ശബ്ദം കേട്ടപ്പോ ഒരു വിറ. ഈ ശബ്ദം എവിടെയോ... ഞാൻ ഓർമ്മകളിലേക്ക്‌ കൂപ്പു കുത്താൻ ശ്രമിച്ചു. കഴിഞ്ഞില്ല. എനിക്കിപ്പോ കഴിഞ്ഞ അഞ്ചു കൊല്ലത്തെ ഓർമ്മകൾക്കപ്പുറം ഓർമ്മകളില്ല. ഞാൻ പറഞ്ഞു:
"അതേ, ആരാണ്‌?"
അപ്പുറത്ത്‌ ദീർഗ്ഘനിശ്വാസം.
"ഞാൻ നന്ദയാണ്‌"
ഞാൻ ശൂന്യനായി.
"നന്ദ?"
ഒരു നെടുവീർപ്പ്‌ ഞാൻ കേട്ടു.
"അത്‌, കുഞ്ഞി!"
കുഞ്ഞി! തലച്ചോറിൽ ഒരു പ്രളയം പോലെ. ഞാൻ വീഴാതിരിക്കാൻ ഭിത്തിയിൽ പിടിച്ചു. ഞങ്ങൾക്കിടയിൽ മൗനം വിറങ്ങലിച്ചു നിന്നു.
"കുഞ്ഞീ, നീ എവിടെയാണ്‌? എത്ര നാളായി ഈ ശബ്ദമൊന്ന് കേട്ടിട്ട്‌"
എന്റെ ശബ്ദത്തിൽ വിറയലുണ്ടായിരുന്നോ.
എന്റെ കാതിൽ അവളുടെ കരച്ചിലിന്റെ ചീളുകൾ അലയടിച്ചു.
"കുഞ്ഞീ, കരയരുത്‌"
"എനിക്കൊന്ന് കാണണം"
ഏങ്ങലടിക്കിടെ അവളുടെ ആവശ്യം.
"എനിക്കും"
ഞാനങ്ങനെ പറഞ്ഞോ? ഉവ്വ്‌, പറഞ്ഞു.
**************************
അവൾക്ക്‌ മാറ്റമൊന്നുമില്ല. നിറം ഒരൽപം കുറഞ്ഞു എന്ന് തോന്നുന്നു. ചിരിക്കുമ്പോൾ ഇപ്പഴും നുണക്കുഴി വിരിയുന്നുണ്ട്‌. നടക്കുമ്പോൾ ഇടക്കിടെ കൈകൾ പിണച്ചു വെക്കുന്നുണ്ട്‌.
"എവിടെയായിരുന്നു ഇത്ര നാൾ?"
അവൾ ഒന്ന് ചിരിച്ചു.
"ഞാൻ അറിയുന്നുണ്ടായിരുന്നു നിന്നെപ്പറ്റി. ഇൻഡ്യൻ എക്സ്പ്രസിന്റെ ഫോട്ടോഗ്രാഫറായതും അവാർഡുകൾ വാരിക്കൂട്ടിയതുമൊക്കെ മുംബൈ മഹാനഗരത്തിലിരുന്ന് ഞാനറിയുന്നുണ്ടായിരുന്നു"
"മുംബൈ?"
"അതെ, അവിടെയായിരുന്നു. കല്യാണം കഴിഞ്ഞ്‌, ഇപ്പോ ഡിവോസ്ഡ്‌. എനിക്ക്‌ വേണ്ടത്‌ നിന്നെയായിരുന്നു"
ഞാൻ നിശബ്ദനായി.
"കുഞ്ഞീ, ഞാൻ പഴയ ജഗനല്ല. കുത്തഴിഞ്ഞ ജീവിതമാണെന്റേത്‌. ഞാൻ ഒരുപാട്‌ മാറിപ്പോയിരിക്കുന്നു. ഒരുപാട്‌ പെണ്ണുങ്ങൾ ജീവിതത്തിൽ വന്നു പോയി. മദ്യവും മദിരാക്ഷിയും അങ്ങനെ..., ഞാൻ, ഞാനിപ്പോ ഞാനല്ല"
അവളുടെ മുഖത്ത്‌ അവിശ്വസനീയതയുടെ നിഴലാട്ടങ്ങൾ.
"ജഗൻ, കളി പറയരുത്‌"
"അല്ല കുഞ്ഞീ, ബിലീവ്‌ മീ"
അവർക്കിടയിൽ ഒരുപാട്‌ ചോദ്യങ്ങൾ ബാക്കിയായി. ഉത്തരമില്ലാത്ത ചോദ്യങ്ങൾ!
"നീയും ഞാനും ഒരിക്കലും ഒന്നാവാൻ പറ്റാത്ത വിധം വ്യത്യസ്തരായിരിക്കുന്നു"
"എന്ന് വെച്ചാൽ?"
"എന്നു വെച്ചാൽ ഞാൻ ഞാനായും നീ നീയായുമിരിക്കട്ടെ"
ഞാൻ എഴുന്നേറ്റ് നടന്നു. പിന്നിൽ ഞാനൊന്നും കണ്ടില്ല. ഓർമകളെ വീണ്ടും ഡിലീറ്റ് ചെയ്തു.
അന്നും സൂര്യനസ്തമിച്ചത്രേ!
ഏച്ചുകെട്ട്‌:-പുരുഷപക്ഷ വായന

No comments:

Post a Comment