Wednesday, December 26, 2018

കണ്ണകി



"അഭീ, നീ എന്താ ഇടവഴീലോട്ട് നോക്കി നിക്കുന്നേ? പോയിക്കിടക്ക്. പനി കൂടിയാൽ സ്കൂളീ പോവാൻ പറ്റില്ലാട്ടോ"
ഇടവഴിയുടെ കാഴ്ചയിൽ നിന്നും കണ്ണു പറിച്ച് ഞാൻ തിരിഞ്ഞു നോക്കി. അമ്മ മുറ്റം അടിക്കുകയാണ്. ഞാൻ അവിടെത്തന്നെ നിന്നു. ഇപ്പോ ഹേമ വരും. അത് കണ്ടിട്ടേ പോകുന്നുള്ളൂ. ഹേമയ്ക്ക് വലിയ കണ്ണുകളാണ്. അവൾ കണ്മഷി എഴുതാറില്ലെന്ന് തോന്നുന്നു. തലതാഴ്ത്തി വേഗത്തിലാണ് നടപ്പ്. നടക്കുമ്പോൾ ഇരു വശത്തേക്കും പിന്നിയിട്ട് ചുവന്ന റിബൺ കെട്ടിയ മുടി ഇളകിക്കൊണ്ടിരിക്കും. കൂട്ടുകാരി എന്നാണോ പറയേണ്ടത്? അറിയില്ല. ഒരു അഞ്ചാം ക്ലാസുകാരന് കൂട്ടുകാരിയ്ക്കപ്പുറം ഒന്നും പാടില്ലേ? അതും അറിയില്ല.
നോക്കി നിൽക്കേ സുധാകരൻ മാഷ് വരുന്നത് കണ്ടു. മലയാളമാണ് മാഷ് പഠിപ്പിക്കുന്നത്. കാലൻ കുട നിലത്ത് കുത്തി സാവധാനത്തിൽ അടി വെച്ച് വരുന്ന മാഷ് മുറ്റത്ത് നിൽക്കുന്ന എന്നെ കണ്ടു.
"എന്താ അഭിനന്ദ്, സ്കൂളിൽ പോണില്ലേ?"
കുട എൻ്റെ നേർക്ക് ചൂണ്ടിക്കൊണ്ട് മാഷ് ചോദിച്ചു.
"പനിയാണ് മാഷേ"
ശബ്ദത്തിൽ ആവുന്നത്ര ദൈന്യത വരുത്തി ഞാൻ പറഞ്ഞു.
"എന്നിട്ട് മുറ്റത്തിറങ്ങി നിൽക്കാണോ? പോയി കിടന്നു കൂടേ?"
ഞാൻ വികൃതമായി ഒന്ന് ചിരിച്ചു. മാഷ് എന്നെക്കടന്ന് നടന്നു. വഴിയരികിലെ നാട്ടുമാവിനു ചുവട്ടിൽ ഒരു നിമിഷം നിന്ന മാഷ് കുനിഞ്ഞ് ഒരു മാമ്പഴം എടുത്തു. നല്ല മധുരമുള്ള മാങ്ങകളാണ് അതിൽ ഉണ്ടാവുക. എൻ്റെ കല്ലേറു കൊണ്ട് പരിക്ക് പറ്റിയ ഒരുപാട് മാങ്ങകൾ ഇതിലുണ്ടാവും. മാഷ് മാമ്പഴം എൻ്റെ നേർക്കു നീട്ടി.
"കഴുകിയിട്ട് കഴിക്കണം. നല്ല മധുരമുണ്ടാവും."
മാഷ് നടക്കാൻ തുടങ്ങിയിട്ട് പെട്ടെന്ന് തിരിഞ്ഞു.
"ഇവിടെ നിൽക്കണ്ട. പോയിക്കിടക്ക്. അമ്മയോട് ചുക്ക് കാപ്പി ഇട്ടു തരാൻ പറയൂ. പനി മാറും"
ഞാൻ ഒന്നും പറഞ്ഞില്ല. മാഷ് ഒന്നു ചിരിച്ചിട്ട് വീണ്ടും നടന്നു. അമ്മയെ കാണാനില്ല. പിന്നാമ്പുറം അടിച്ച് വാരുകയാവും. ഞാൻ കയ്യിലിരുന്ന മാമ്പഴം ഒന്ന് സൂക്ഷിച്ചു നോക്കി. ചളി പറ്റിയിട്ടുണ്ട്. ഞാൻ മാമ്പഴം ഷർട്ടിൽ തുടച്ചു. 'ഹേമയ്ക്ക് കൊടുക്കാം.' ഞാൻ വിചാരിച്ചു.
ഇന്നലെ കൊണ്ട മഴയാണ് ഇന്ന് പനിയായി മാറിയത്. അതും ഹേമയ്ക്ക് വേണ്ടി കൊണ്ട മഴ. ഹേമ നാടക സംഘത്തിലുണ്ട്. സ്കൂൾ വിട്ടു കഴിഞ്ഞാലും കലോത്സവത്തിൽ അവതരിപ്പിക്കാനുള്ള നാടകത്തിൻ്റെ റിഹേഴ്സലിലാവും അവൾ. പാതി വിരിഞ്ഞ ചിരിയും ധൃതിയിൽ പിടഞ്ഞു മാറുന്ന നോട്ടവും സമ്മാനിച്ചിട്ടാണ് അവൾ നാടക റിഹേഴ്സൽ നടക്കുന്ന ക്ലാസ് മുറിയിലേക്ക് കയറുക. അവളെ കാത്ത് ഞാൻ വീണ്ടും സ്കൂളിൽ തന്നെ ചുറ്റിപ്പറ്റി നിൽക്കും. പുളിയച്ചാറോ കൂടൈസോ അതുമല്ലെങ്കിൽ എറിഞ്ഞു വീഴ്ത്തിയ പേരക്കകളോ നുണഞ്ഞു കൊണ്ട് അവൾ വരുന്നത് വരെ ഞാൻ സ്കൂൾ ഗേറ്റിനു മുന്നിലിരിക്കും. അവൾ വന്നാൽ ഒരുമിച്ച് നടക്കും. ഒന്നും സംസാരിക്കാറില്ല. ഒരുമിച്ച് നടക്കുമ്പോൾ തന്നെ പരസ്പരം അകൽച്ചയിട്ടാണ് നടപ്പ്. ഇടവഴിയിൽ നിന്നും ഞാൻ വീട്ടിലേക്ക് കയറും. അവൾ ധൃതിയിൽ നടക്കും. കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിൽക്കും. ഇതുവരെ ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല. പിന്നെന്തിനാണ് ഞാൻ വീണ്ടും അവളെ കാത്തു നിൽക്കുന്നത്? അവളോടൊപ്പം നടക്കുന്നത്? അറിയില്ല.
ഇന്നലെ പക്ഷേ, ഞാൻ നാടക റിഹേഴ്സൽ എങ്ങനെയുണ്ടെന്നറിയാൻ തീരുമാനിച്ചു. ജനാലയുടെ പുറത്തു നിന്ന് ഞാൻ ക്ലാസ് മുറിയിലേക്ക് പാളി നോക്കി. രൗദ്രഭാവത്തിലാണ് ഹേമ. കാലിൽ ഒറ്റച്ചിലമ്പും കയ്യിൽ ഒരു അരിവാളും കണ്ണിൽ തീജ്വാലയും. എനിക്ക് പേടിയായി. അവൾ അട്ടഹസിക്കുകയാണ്. അരിവാൾ ഉയർന്നു താഴുന്നത് കണ്ടു. ഞാൻ കണ്ണടച്ചു. ഞാൻ വേഗം അവിടെ നിന്നു മാറി ഗേറ്റിനു മുന്നിൽ പോയിരുന്നു. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. ഞാൻ അവിടെത്തന്നെയിരുന്നു. കുട ചൂടിക്കൊണ്ട് ഹേമ വരുന്നു. ഞാൻ എഴുന്നേറ്റു. ഞങ്ങൾ നടന്നു. ഞാൻ നനഞ്ഞും അവൾ കുട ചൂടിയും നടന്നു. നനഞ്ഞ് കുളിച്ച് വീട്ടിലേക്ക് കയറിയ എനിക്ക് ആദ്യം കിട്ടിയത് അമ്മയുടെ തല്ലാണ്. തല തുവർത്തുന്നതിനിടയിൽ വീണ്ടും കിട്ടി, ഒന്നു രണ്ട് നുള്ള്. ഞാൻ അവളുടെ രൗദ്ര ഭാവം ആലോചിക്കുകയായിരുന്നു.
എന്തോ ശബ്ദം കേട്ട് പെട്ടെന്ന് മുഖമുയർത്തിയത് ഹേമയിലേക്കാണ്. പതിവു പോലെ മുടി രണ്ടായി പിന്നിയിട്ട് അറ്റത്ത് ചുവന്ന റിബൺ കെട്ടി ധൃതിയിൽ അവൾ നടന്നു വരുന്നു. എൻ്റെ നേർക്ക് അവളുടെ ഒളികണ്ണുകൾ നീണ്ടു വരുന്നതും ചൊടിയിൽ പൂർണ്ണമാവാത്തൊരു പുഞ്ചിരി വിരിയുന്നതും ഞാൻ ശ്രദ്ധിച്ചു. എൻ്റെ അടുത്തെത്തിയ അവൾ പെട്ടെന്ന് നിന്നു.
"വേണോ?"
ചുരുട്ടിപ്പിടിച്ചിരുന്ന ഉള്ളം കൈ നിവർത്തി അവൾ ചോദിച്ചു. ചുവന്നു തുടുത്ത രണ്ട് നെല്ലിക്കകൾ. ഞാൻ അന്തം വിട്ടു നിന്നു.
"വീട്ടിലുണ്ടായതാ. അഭിക്ക് വേണോ?"
അവൾ കൈ നീട്ടിപ്പിടിച്ച് തന്നെ നിൽക്കുകയാണ്. ഞാൻ മുറ്റത്തു നിന്നും ഇടവഴിയിലേക്ക് ചാടിയിറങ്ങി. കാലിടറിപ്പോയ ഞാൻ വേച്ച് വീഴാൻ പോയി. പക്ഷേ വീണില്ല. പെട്ടെന്നെഴുന്നേറ്റ് നോക്കുമ്പോൾ പൂർണതയെത്തിയ ഒരു ചിരിയുണ്ട് അവളുടെ മുഖത്ത്. ഞാൻ കൈ നീട്ടി. അവൾ നെല്ലിക്കകൾ എൻ്റെ കയ്യിൽ വെച്ചു തന്നു.
"ഞാൻ കണ്ടായിരുന്നു."
കൈ പിൻവലിച്ച് അവൾ പറഞ്ഞു.
"എന്ത്?"
"ജനാലയുടെ പുറത്ത് നിക്കുന്നത്"
ഞാൻ ഒന്നും മിണ്ടിയില്ല.
"ഇന്നലെ കുടയിൽ കേറാഞ്ഞതെന്താ? അപ്പോ പനി വരില്ലായിരുന്നല്ലോ"
ഞാൻ അപ്പോഴും ഒന്നും മിണ്ടിയില്ല.
"അത് കണ്ണകിയാണ്"
"ഏത്?"
"ഇന്നലെ നാടകത്തിൽ ഞാൻ അഭിനയിച്ചത്"
ഞാൻ തലയാട്ടി. അവൾ കണ്ണകിയുടെ കഥ പറഞ്ഞു തുടങ്ങി. എൻ്റെ ഉള്ളം കയ്യിലിരുന്ന നെല്ലിക്കകൾക്ക് തീ പിടിച്ചു. എൻ്റെ കൈ പൊള്ളി. അവൾ കഥ പറഞ്ഞു കൊണ്ടേയിരുന്നു. അവളുടെ കണ്ണുകളിൽ ചാടി എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നി.

നഷ്ടം



മയം രാത്രി എട്ടര.
മുറി പൂട്ടി പുറത്തിറങ്ങി. തലേന്ന് രാത്രി കഴിച്ച ഭക്ഷണാവശിഷ്ടത്തിന്റെ പൊതിയിൽ പൂച്ച പരാക്രമം കാട്ടുന്നു. അതിനെ കൈവീശി ഓടിച്ച്‌ പൊതിയെടുത്ത്‌ വേസ്റ്റ്‌ പാത്രത്തിലേക്കിട്ടു. മുറിയിൽ നിന്നും നീണ്ട ഗോവണിയിറങ്ങി നിരത്തിലെത്തി.
ആ വഴിയിലൂടെ നേരെ ഒരു കിലോമീറ്ററോളം നടന്നാൽ അവിടെ സഹീറിന്റെ ഹോട്ടലുണ്ട്‌. അവിടെ നല്ല കഞ്ഞി കിട്ടും. രാത്രിയിലെ സ്ഥിരം ഭക്ഷണം അവിടുന്നാണ്‌. വളരെ വിരളമായി മാത്രമേ ഭക്ഷണം വരുത്തിക്കാറുള്ളൂ.
നിരത്തിലൂടെ അല്പ ദൂരം നടന്നപ്പോൾ വശ്യമായ ഒരു സുഗന്ധം എവിടെ നിന്നോ ഒഴുകി വന്നു. പാലപ്പൂവിന്റെ മണമാണ്‌. പക്ഷേ, ഇവിടെ പാലയുണ്ടോ?
ഞാൻ വശങ്ങളിൽ ശ്രദ്ധിച്ചു. പെട്ടെന്ന് കണ്ടു, എന്റെ ഇടതു വശത്ത്‌ ഒരു കള്ളിയെപ്പോലെ നിൽക്കുന്ന പാല മരം.
'ഇങ്ങനെയൊന്ന് ഇവിടെ ഉണ്ടായിരുന്നോ?'
ഞാൻ അതിശയിച്ചു പോയി. നാല്‌ മാസങ്ങളായി ഈ വഴി സ്ഥിരമായി നടക്കാറുണ്ടായിരുന്നെങ്കിലും ഇങ്ങനെ ഒരു മരം ഇവിടെയുള്ളതായി ഇതു വരെ ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഞാൻ അത്‌ പിന്നിട്ട്‌ മുന്നോട്ടു നടന്നു. പെട്ടെന്നാണ്‌ വഴിയരികിൽ വിഷാദഭാവത്തിൽ ഒരു പെൺകുട്ടി നിൽക്കുന്നതു കണ്ടത്‌. നീല നിറമുള്ള ഒരു സാരിയായിരുന്നു അവൾ ധരിച്ചിരുന്നത്‌. കയ്യിൽ ഒരു ചെറിയ ബാഗ്‌. ഭീതിയോടെ പിടഞ്ഞു കൊണ്ടിരിക്കുന്ന വലിയ കണ്ണുകൾ. അവൾ എന്നെ ഒന്ന് പാളി നോക്കി.
'ഒരു പെൺകുട്ടി, ഇവിടെ, ഇങ്ങനെ'
സദാചാരം ഫണം വിടർത്തിയ ഒരു കൂട്ടം ചോദ്യങ്ങളെ പ്രഹരിച്ചു കൊണ്ട്‌ ഞാൻ പിന്നെയും നടന്നു.
തിരികെ വന്നപ്പോഴും അവളെ ഞാൻ അവിടെ കണ്ടു. അവളുടെ കണ്ണുകളിലെ ഭയം മാറി ദയനീയതയായിരിക്കുന്നു. അവളെക്കടന്ന് മുന്നോട്ടു പോകാൻ തുനിഞ്ഞെങ്കിലും എന്റെ കാലുകൾ അനങ്ങിയില്ല.
"എന്തു പറ്റി?"
ഞാൻ അടുത്തേക്കു ചെന്ന് ചോദിച്ചു. അവൾക്ക്‌ പറയാൻ ഒരുപാടുള്ളതു പോലെ എന്നെ നിസ്സഹായതയോടെ നോക്കി.
"ശരി, വാ"
അവൾ അനുസരണയുള്ള ഒരു മാൻപേടയെപ്പോലെ എന്റെ പിന്നാലെ നടന്നു. മുറിയിലേക്കുള്ള ഗോവണി കേറുമ്പോൾ പൂച്ചയുടെ നിലവിളി കേട്ടു. ഒപ്പം പഴയ കോഴിക്കൂടിനു മുകളിലെ തകര ഷീറ്റിലേക്ക്‌ അത്‌ ചാടുന്ന ശബ്ദവും.
മുറിയുടെ മുന്നികെത്തിയപ്പോൾ വീണ്ടും ഭക്ഷ്യാവശിഷ്ടത്തിന്റെ പൊതി നിലത്തു കിടക്കുന്നത്‌ കണ്ടു.
"ഒരു പൂച്ചയുണ്ട്‌. ശല്യമാണ്‌"
അവളോട്‌ പറഞ്ഞു കൊണ്ട്‌ ഞാൻ ആ പൊതിയെടുത്ത്‌ വീണ്ടും വേസ്റ്റ്‌ പാത്രത്തിലേക്കിട്ടു.
ഞാൻ മുറി തുറന്നു. മുറിയിലും പാലപ്പൂക്കളുടെ മണമോ! ഞാൻ അതിശയിച്ചു.
"ഇവിടെ ഇരിക്കാം"
ഞാൻ കിടക്ക ചൂണ്ടിക്കാട്ടി അവളോട്‌ പറഞ്ഞു.
"ഇനി പറയൂ, എന്താണ്‌ പ്രശ്നം?"
ഞാൻ ഭിത്തിയിൽ ചാരി കയ്യ്‌ കെട്ടി നിന്നു.
"ഒളിച്ചോടിയതാ"
വളരെ മൃദുവായ ശബ്ദം. പണ്ടെങ്ങോ കേട്ടു മറന്നതു പോലെ.
"ഒളിച്ചോടിയതോ?!"
എന്റെ ശബ്ദത്തിൽ ഞെട്ടലുണ്ടായിരുന്നു.
"അതെ. പക്ഷേ, അയാൾ വന്നില്ല. പറ്റിച്ചു"
അവളുടെ മുഖം വിളറുന്നത്‌ ഞാൻ ശ്രദ്ധിച്ചു. ഈ വിഷയം ഇനി തുടർന്നാൽ ഒരു പൊട്ടിക്കരച്ചിൽ കാണേണ്ടി വരും എന്ന് തോന്നിയതു കൊണ്ടു തന്നെ ഞാൻ വിഷയം മാറ്റി.
"ങാ, എങ്കിൽ ഇന്നിവിടെ തങ്ങിയിട്ട്‌ നാളെ പോകാം. ഞാൻ വരാന്തയിൽ കിടക്കാം"
അവൾ പെട്ടെന്നൊന്ന് ചിരിച്ചു.
"എനിക്കൊന്ന് കുളിക്കണം"
പെട്ടെന്നാണ്‌ അവളുടെ പ്രഖ്യാപനം ഉണ്ടായത്‌.
"അത്‌, പിന്നെ... ദാ, അവിടെയുണ്ട്‌. അവിടെയുണ്ട്‌"
ഞാൻ കുളിമുറിക്കു നേരെ കൈ ചൂണ്ടി.
"എങ്കിൽ ഞാനൊന്ന് കുളിച്ചിട്ടു വരാം"
ഞാൻ പുറത്തേക്കിറങ്ങി ഒരു സിഗരറ്റ്‌ പുകച്ചു കൊണ്ട്‌ നിന്നു.
കുളിമുറിയിൽ വെള്ളത്തുള്ളികൾ നിലത്തു വീണ്‌ ചിതറുന്ന ശബ്ദം.
പേരോ ഊരോ അറിയാത്തൊരു പെണ്ണ്‌. ആകെ അറിയാവുന്നത്‌ അവൾ പറഞ്ഞ ഒരു കഥ മാത്രം. അവസാനം പണിയാകുമോ എന്നൊരു സംശയം ഇല്ലാതില്ല.
"എനിക്ക്‌ മാറാൻ ഒന്നുമില്ല. ഡ്രസ്സ്‌ എന്തെങ്കിലും കാണുമോ?"
പെട്ടെന്നാണ്‌ കുളിമുറിയിൽ നിന്നും ആ ചോദ്യം ഉയർന്നു കേട്ടത്‌. ഞാൻ പെട്ടെന്ന് സിഗരറ്റ്‌ കുത്തിക്കെടുത്തി.
ഞാനെവിടുന്ന് കൊടുക്കാനാണ്‌ അവൾക്ക്‌ ഡ്രസ്സ്‌!
"അതിപ്പോ ഞാൻ, എന്നോട്‌ പുരുഷന്മാർ ധരിക്കുന്ന വസ്ത്രങ്ങളേയുള്ളൂ"
അവളുടെ പൊട്ടിച്ചിരി കേട്ടു.
"പുരുഷന്മാർക്ക്‌ ധരിക്കാവുന്നത്‌, സ്ത്രീകൾക്ക്‌ ധരിക്കാവുന്നത്‌ എന്നിങ്ങനെ വർഗ്ഗീകരിക്കപ്പെട്ട വസ്ത്രങ്ങളുമുണ്ടോ?"
ഞാൻ സ്തബ്ധനായിപ്പോയി.
"ഞാനൊന്ന് നോക്കട്ടെ"
കുളിമുറിയിൽ ഏതോ ഒരു മൂളിപ്പാട്ടുയർന്നു. ഡ്രസ്സൺനും അലക്കിയിട്ടില്ല. ഒക്കെ മുഷിഞ്ഞു കിടക്കുകയാണ്‌. ആകെയുള്ളത്‌ ഒരു ത്രീഫോർത്തും ഒരു ടിഷർട്ടുമാണ്‌.
"അലക്കിയത്‌ ആകെ ഒരു ത്രീഫോർത്തും ടിഷർട്ടുമാണ്‌. അത്‌ മതിയാകുമോ?"
"ധാരാളം!"
"ശരി. ഇതാ"
വാതിൽ മെല്ലെ തുറക്കപ്പെട്ടു. തുറന്ന വാതിലിലൂടെ അവളുടെ നഗ്നത ഒരു നോക്ക്‌ ഞാൻ കണ്ടു. ഞാൻ പെട്ടെന്ന് തന്നെ കണ്ണുകൾ മാറ്റിയെങ്കിലും ആ ദൃശ്യം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. കവികൾക്ക്‌ വർണ്ണിച്ച്‌ മതി വരാത്ത സ്ത്രീസൗന്ദര്യം അപ്പാടെ എന്റെ മുന്നിൽ എന്ന് തോന്നി എനിക്ക്‌. ഞാൻ വീണ്ടും ഒരു സിഗരറ്റ്‌ കത്തിച്ചു.
"സിഗരറ്റ്‌ വലിക്കുമോ?"
വാതിൽ തുറന്ന് പുറത്തേക്കിറങ്ങി അവളുടെ ചോദ്യം. ഞാൻ അവളുടെ മുഖത്തേക്ക്‌ മാത്രം നോക്കാൻ ശ്രദ്ധിച്ചു.
"ഉവ്വ്‌"
ഒന്നു മൂളിക്കൊണ്ട്‌ അവൾ കട്ടിലിലേക്കിരുന്നു. ഞാൻ പെട്ടെന്ന് എന്തോ ഉൾപ്രേരണ പോലെ സിഗരറ്റ്‌ കുത്തിക്കെടുത്തി. മുറിയിലേക്ക്‌ ചെന്നപ്പോൾ അവളുടെ കണ്ണുകളിൽ എന്തോ ഒരു തിളക്കം ഞാൻ കണ്ടു. ഞാൻ വീണ്ടും ഭിത്തിയിൽ ചാരി നിന്നു.
"ഒക്കെ നമ്മുടെ തിരഞ്ഞെടുപ്പിന്റെ പ്രശ്നമാണല്ലേ?"
പെട്ടെന്ന് അവൾ ചോദിച്ചു. എനിക്ക്‌ മനസ്സിലായില്ല.
"ങേ?!"
"അല്ല, നമ്മുടെ തിരഞ്ഞെടുപ്പുകളാണ്‌ സന്തോഷവും സങ്കടവുമൊക്കെ നൽകുന്നത്‌ എന്ന്"
"അതെ. ശരിയാണ്‌"
"തെറ്റായ തിരഞ്ഞെടുപ്പുകൾ സംഭവിക്കാതിരിക്കാൻ എന്താണ്‌ ചെയ്യേണ്ടത്‌?"
ഞാൻ പെട്ടെന്ന് ഒരു ഉപദേശകന്റെ രൂപമെടുത്തു.
"നോക്ക്‌..., പേര്‌ പറഞ്ഞില്ല!"
അവൾ ഒന്ന് മന്ദഹസിച്ചു.
"അക്ഷയ"
"നോക്ക്‌ അക്ഷയ, അനുഭവങ്ങൾ എന്നൊന്നുണ്ട്‌. അതാണ്‌ നമ്മെ ജീവിക്കാൻ പഠിപ്പിക്കുന്നത്‌. നമുക്ക്‌ സംഭവിക്കുന്ന ഓരോ കാര്യങ്ങളും നമുക്ക്‌ ഓരോ അനുഭവങ്ങളാണ്‌. അവയിൽ നിന്നൊക്കെയാണ്‌ ജീവിക്കാൻ പഠിക്കേണ്ടതും"
അവൾ ഒന്ന് മൂളി.
"ഇയാളുടെ പേരും പറഞ്ഞില്ല!"
"ങ്‌, ഫൈസൽ"
"അപ്പോ ഫൈസി എന്നാവും വിളിക്കുന്നത്‌, അല്ലേ?"
"അതെ"
"ഫൈസിക്ക്‌ ഇത്തരം അനുഭവങ്ങൾ, ഈ പ്രേമനൈരാശ്യം?"
"രണ്ട്‌ തവണ"
അവൾ പൊട്ടിച്ചിരിച്ചു. ഞാൻ പെട്ടെന്ന് ചുണ്ടുകളിൽ ചൂണ്ടു വിരൽ വെച്ച്‌ "ശ്..." എന്നാംഗ്യം കാണിച്ചു.
"ഹൗസോണർ കേട്ടാൽ പിന്നെ തീർന്നു. പെൺകുട്ടിയെ കയറ്റി എന്ന് പറഞ്ഞ്‌ ആകെ പ്രശ്നമാകും"
അവൾ പെട്ടെന്ന് ചിരി നിർത്തി.
"ഞാനായിട്ട്‌ ഫൈസിയുടെ മാന്യത കളയുന്നില്ല"
ഞാൻ അലസമായി ചിരിച്ചു.
"താൻ ഇരിക്കാറില്ലേ?"
അവൾ ചോദിച്ചു. ഞാൻ മറുപടി പറയും മുൻപേ കിടക്ക ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു.
"ഇവിടെ ഇരിക്കൂ"
ഞാൻ അവളിൽ നിന്നും ഒരൽപം മാറി ഇരുന്നു. അവൾ വിദൂരതയിലേക്ക്‌ നോക്കി ഇരിക്കുകയായിരുന്നു.
"നമ്മുടെ ജീവിതം നമുക്ക്‌ തീരുമാനിക്കാൻ കഴിയുമെങ്കിൽ എത്ര നന്നായേനെ!"
അവൾ നെടുവീർപ്പിട്ടു.
"വല്ലാത്ത ബോറായേനെ"
എന്റെ എതിരഭിപ്രായം കേട്ട്‌ അവൾ എന്റെ നേരെ തിരിഞ്ഞു.
"അതെങ്ങനെ?"
അവളുടെ നോട്ടം നേരിടാൻ കഴിയാതെ ഞാൻ മുഖം താഴ്ത്തി.
"നാളെ എന്ത്‌ സംഭവിക്കും എന്നറിഞ്ഞ്‌ ജീവിക്കുന്നതിൽ എന്ത്‌ ത്രില്ലാണുള്ളത്‌? ജീവിതം ഇത്ര ത്രില്ലാവുന്നത്‌ തന്നെ അതിന്റെ സസ്പൻസ്‌ സ്വഭാവം കാരണമാണ്‌. അപ്രതീക്ഷിതമായ ചില സംഭവങ്ങൾ, ചില കൊഴിഞ്ഞു പോകലുകൾ, ചില ആഗമനങ്ങൾ. ഒരു സിനിമ രണ്ടാമത്‌ കാണുമ്പോൾ ആദ്യം കണ്ട സുഖം അനുഭവിക്കാൻ കഴിയില്ല എന്നതു പോലെ തന്നെയാണിതും"
അവൾ തലയാട്ടി. ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. കുറേയേറെ, എന്തൊക്കെയോ. അവൾ എന്നെ അവളിലേക്ക്‌ വലിച്ചടുപ്പിക്കുകയായിരുന്നു.
"ഫൈസീ, നിങ്ങൾ നിങ്ങളെക്കിട്ടാനാണ്‌ ഞാനിപ്പോൾ ഏറെ ആഗ്രഹിക്കുന്നത്‌"
എന്ന് പറഞ്ഞപ്പോൾ ഞാൻ സ്വർഗ്ഗത്തിലാണെന്ന് തോന്നിപ്പോയി. ഞാൻ അവളുടെ മുഖം എന്റെ കൈകളിലെടുത്ത്‌ കവിളിൽ അമർത്തി ചുംബിച്ചു. അവളുടെ ചുണ്ടുകൾക്ക്‌ പറഞ്ഞറിയിക്കാൻ കഴിയാത്ത മാധുര്യമുണ്ടായിരുന്നു. അവളുടെ ശരീരത്തിന്‌ ഇളം ചൂടായിരുന്നു. അവളുടെ വയറ്റിലെ മറുകിൽ ഞാൻ മുഖം ചേർത്തപ്പോൾ അവളുടെ കൈകൾ എന്റെ തലമുടിയിലൂടെ വിരലുകളോടിക്കുന്നത്‌ ഞാനറിഞ്ഞു.

******

പ്രഭാതത്തിന്റെ ചില സൂചനകൾ പ്രകൃതി കാട്ടിത്തുടങ്ങി. അവൾ എന്റെ നെഞ്ചിൽ നിന്നും പിടഞ്ഞെണീറ്റു.
"എനിക്ക്‌ പോണം"
"എവിടേക്ക്‌?"
എന്റെ ചോദ്യം അവൾ കേട്ടില്ലെന്ന് തോന്നി.
"എവിടേക്കാണ്‌ അക്ഷയാ നീ പോകുന്നത്‌?"
അവൾ എന്നെ ആർദ്ദ്രതയോടെ നോക്കി.
"എന്നോട്‌ ക്ഷമിക്കണം. ഞാൻ, ഞാനൊരു യക്ഷിയാണ്‌. നിങ്ങളുമായി രമിക്കാനല്ല ഞാൻ വന്നത്‌. പക്ഷേ, നിങ്ങൾ..."
അവളുടെ കണ്ണുകൾ സജലങ്ങളായി. അവൾ പെരുവിരലിൽ ഊന്നി നിന്ന് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടോട്‌ ചേർത്തു. അതിൽ ഞാൻ അലിഞ്ഞില്ലാതാകവേ ധൃതിയിൽ അവൾ വാതിൽ തുറന്ന് പുറത്തേക്ക്‌ പോയി. 'അക്ഷയ.." എന്നു വിളിച്ച്‌ ഞാൻ പുറത്തേക്കോടിയെങ്കിലും അവളെ അവിടെയൊന്നും കണ്ടില്ല. പാലപ്പൂവിന്റെ മണം അപ്രത്യക്ഷമായിരിക്കുന്നു എന്ന് ഞാൻ അപ്പോഴാണറിഞ്ഞത്‌. ഞാൻ ധൃതിയിൽ മുറിയിലെത്തി പേപ്പറും പേനയുമെടുത്തു.
'നഷ്ടം!'
ഞാൻ എഴുതിത്തുടങ്ങി.

Thursday, September 7, 2017

പ്രതികാരം

ഏതോ ഊടുവഴിയിലൂടെ ആടിയുലഞ്ഞും തകരം ഉരയുന്ന പല്ല് പുള്ളിക്കുന്ന ശബ്ദങ്ങൾ പുറപ്പെടുവിച്ചും വണ്ടി നീങ്ങിക്കൊണ്ടിരുന്നു. ഞാൻ ജനാലയ്ക്കരികെ തല വെച്ച്‌ പുറത്തേക്ക്‌ യാന്ത്രികമായി നോക്കിയിരിക്കുകയായിരുന്നു. പുറത്തുള്ളവർ ഏതോ ഒരു വിചിത്ര ജീവിയെന്ന പോലെ എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
"നിതാ, ഇവിടെ. ഇറങ്ങ്‌"
എന്റെ ചുമലിൽ പിടിച്ച്‌ വിവേക്‌ പറഞ്ഞപ്പോ ഞാൻ ശ്രദ്ധിച്ചത്‌ അവന്റെ ശബ്ദത്തിലെ ഭയമാണ്‌. ഞാൻ വണ്ടിയിൽ നിന്നിറങ്ങി.
"ഇതോ?"
ഒരു പഴയ ഗോഡൗൺ പോലെ തോന്നുന്ന കെട്ടിടത്തെച്ചൂണ്ടി ഞാൻ ചോദിച്ചു. വിവേക്‌ തല കുലുക്കി.
"നീ ഇയാളുടെ കൂടെ പൊയ്ക്കോ. ഞാനിപ്പോ വരാം"
ഞങ്ങളെ കൊണ്ടു വന്ന ഡ്രൈവറുടെ നേരെ നോക്കി വിവേക്‌ പറഞ്ഞു. അയാൾ നിലത്തു കിടന്ന ഒരു ഈർക്കിലെടുത്ത്‌ തന്റെ പല്ലിട കുത്തുകയാണ്‌. മുഖത്ത്‌ നിറയെ കലകളുള്ള ഒരു ആജാനുബാഹു. ഞാൻ ക്ഷീണത്തോടെ ചിരിച്ചു. വിവേക്‌ അയാളോട്‌ എന്തോ പറഞ്ഞു. അയാൾ ഈർക്കിൽ കളഞ്ഞിട്ട്‌ കെട്ടിടത്തിന്റെ ഉള്ളിലേക്കുള്ള പടികളിൽ കാലുറപ്പിച്ചിട്ട്‌ എന്നെ നോക്കി.
"ആവോ"
കൈ കൊണ്ട്‌ വരാൻ ആംഗ്യം കാണിച്ചിട്ട്‌ അയാളുടെ ആജ്ഞ. ഞാൻ തിരിഞ്ഞ്‌ വിവേകിനെ നോക്കി. ഭീതി കാണാം ആ മുഖത്ത്‌. ഞാൻ ചിരിച്ചു. വിവേകും കഷ്ടപ്പെട്ട്‌ ചിരിച്ചെന്നു വരുത്തി. ഞാൻ ഡ്രൈവറുടെ പിന്നാലെ നടന്നു.
കാൽ വെച്ച്‌ കേറിയതും ഇരുട്ടിലേക്കായിരുന്നു.
"ബീ കെയർ ഫുൾ. ഹിയർ ഈസ്‌ ലോട്ടോഫ്‌ തിംഗ്സ്‌. യൂ വിൽ വൗണ്ട്‌"
നിലത്ത്‌ മൂർച്ചയുള്ള എന്തൊക്കെയോ ഉണ്ടെന്നും സൂക്ഷിച്ചില്ലെങ്കിൽ കാൽ മുറിയുമെന്നും അയാളുടെ മുറി ഇംഗ്ലീഷിൽ നിന്നും എനിക്ക്‌ മനസ്സിലായി. ഇരുട്ടത്ത്‌ ഇര തേടുന്ന മാർജ്ജാരനെപ്പോലെ അയാൾ ധൃതിയിൽ നടന്നു കൊണ്ടിരുന്നു. പലപ്പോഴും അയാൾക്കൊപ്പമെത്താൻ ഞാൻ ബുദ്ധിമുട്ടി. കാൽ എവിടെയൊക്കെയോ ഇടിച്ചു. ഒരു വേള എനിക്ക്‌ പറയേണ്ടി വന്നു.
"ഹേയ്‌, സ്റ്റോപ്പ്‌. വെയ്റ്റ്‌"
അയാൾ തിരിഞ്ഞു നിന്നു.
"കം ഫാസ്റ്റ്‌"
കുറച്ച്‌ വളവുകളും തിരിവുകളും ഓരോ കാലടി വെക്കുമ്പോഴും എന്തൊക്കെയോ താഴേക്ക്‌ കൊഴിയുന്ന മരപ്പടികളും കടന്ന് ഞങ്ങൾ ഇടുങ്ങിയ ഒരു മുറിയിലെത്തി.
"സിറ്റ്‌ ദെയർ"
കൈ വരി ഒടിഞ്ഞു തൂങ്ങിയ ഒരു നീണ്ട ബെഞ്ച്‌ ചൂണ്ടിക്കാണിച്ചു കൊണ്ട്‌ അയാൾ എന്നോട്‌ പറഞ്ഞു.
"അയാം ഗോയിംഗ്‌"
ഞാൻ തലയാട്ടി.
ഞാൻ ബെഞ്ചിന്റെ ഒരു അരികത്ത്‌ ചെന്നിരുന്നു. ബെഞ്ച്‌ ഒന്നുലഞ്ഞു. ഒടിഞ്ഞു വീണേക്കും എന്ന് തോന്നി. ഞാൻ ധൃതി പിടിച്ചെഴുന്നേറ്റു. പെട്ടെന്ന് എന്റെ മുന്നിലൂടെ സാരിയുടുത്ത ഒരു സ്ത്രീ വേഗത്തിൽ നടന്നു പോയി. ഞാൻ അവരെ വിളിക്കാനാഞ്ഞതും അവർ ഒരു മുറിയിൽ കയറി കതകടച്ചു. വാതിൽ തുറന്നപ്പോ ഒരു ഞരക്കം കേട്ടുവോ?
ഞാൻ ജനാലയ്ക്കരികെ പോയി പുറത്തേക്കുള്ള കാഴ്ചകൾ നോക്കിക്കൊണ്ട്‌ നിന്നു. ജനാലയുടെ താഴെ നിലത്തൊരു മൂലയിൽ കുറേ സിഗരറ്റ്‌ കുറ്റികളും മദ്യക്കുപ്പികളും. ഞാൻ നെറ്റി ചുളിച്ചു. ആ മുറിയുടെ ഭിത്തിയിലെല്ലാം ആഭാസങ്ങൾ എഴുതിയും വരച്ചും വെച്ചിരിക്കുന്നു. പൂർണ്ണനഗ്നരായ ഒരു സ്ത്രീയും പുരുഷനും ലൈംഗിക കേളിയിലേർപ്പെടുന്ന ഒരു ചിത്രം എന്നെ ആകർഷിച്ചു. കരി കൊണ്ടാണ്‌ ചിത്രം വരച്ചിരിക്കുന്നത്‌. അറിയപ്പെടാതെ പോയൊരു കലാകാരൻ.
തെരുവിൽ കുട്ടികൾ തല്ലു കൂടി നടക്കുന്നു. പെണ്ണുങ്ങൾ കൂട്ടമായി പൊതു ടാപ്പിൽ നിന്നും ഉച്ചത്തിൽ എന്തൊക്കെയോ സംസാരിച്ച്‌ വെള്ളം ശേഖരിക്കുന്നു.
"ഏയ്‌"
ഒരു വിളി കേട്ടാണ്‌ ഞാൻ തിരിഞ്ഞു നോക്കിയത്‌. ഒരാൾ, മദ്ധ്യവയസ്കൻ. എന്നെയാണ്‌ വിളിച്ചത്‌.
"മാഡം"
അയാൾ അടുത്തേക്ക്‌ വന്നു.
"യൂ ആർ നോട്ട്‌ സപ്പോസ്ഡ്‌ റ്റു ബി ഹിയർ"
എന്നോ മറ്റോ അയാൾ എന്നോട്‌ പറഞ്ഞു.
"മുജേ ഹിന്ദി ആത്തീ ഹേ"
ഞാൻ പിറുപിറുത്തു. അയാൾ ചിരിച്ചു.
"അഛാ, ചലിയേ. ഉദർ ബൈഠിയേ മാഡം"
അയാൾ എന്നോട്‌ ബെഞ്ചിലിരിക്കാനാണ്‌ പറയുന്നത്‌. ബഹുമാനം നൽകുന്നുണ്ട്‌, അയാൾ. ഞാൻ മറുത്ത്‌ പറഞ്ഞില്ല. ബെഞ്ചിൽ പോയിരുന്നു. അയാൾ അടുത്തേക്ക്‌ വന്നു.
"മാഡം, ക്യാ ആപ്കോ പാനീ ചാഹിയേ?"
"ഹാ"
അയാൾ പെട്ടെന്ന് ഒരു ഗ്ലാസ്‌ വെള്ളവുമായി വന്നു.
"താങ്ക്സ്‌"
"നെവർ മൈൻഡ്‌ മാഡം"
പെട്ടെന്ന് മരപ്പടികളിലൂടെ ആരോ കയറി വരുന്ന ശബ്ദം കേട്ടു. രണ്ട്‌ പേരുണ്ടാവണം. ആ കോണിപ്പടി ഉടനെ തന്നെ പൊളിഞ്ഞു വീഴുമെന്നാണ്‌ എനിക്കു തോന്നുന്നത്‌. കോണിപ്പടികൾ കയറുന്ന ശബ്ദം തീർന്ന് സെക്കൻഡുകൾക്കകം നേരത്തെ എന്നെ ഇവിടേക്കെത്തിച്ച അജാനുബാഹു ഡ്രൈവറും അവർക്ക്‌ പിന്നാലെ ഒരു പുരുഷനും ഒരു പെൺകുട്ടിയും പ്രവേശിച്ചു. അവർ എന്റെ എതിർവ്വശത്തുള്ള ബെഞ്ചിൽ ചെന്നിരുന്നു. ഡ്രൈവർ വീണ്ടും പോയി.
പെൺകുട്ടിക്ക്‌ പതിമൂന്നോ പതിനാലോ വയസ്സുണ്ടാവണം. കൗമാരത്തിന്റെ കൗതുകത്തിലേക്ക്‌ കാലെടുത്ത്‌ വെക്കുന്ന പ്രായം. എനിക്ക്‌ ശ്വാസം മുട്ടി. ഒപ്പം വന്നിരിക്കുന്നയാൾക്ക്‌ 30-35 വയസ്സ്‌ പ്രായം വരും. ക്ഷീണിതനായ ഒരു മനുഷ്യൻ. അയാൾ തല പിന്നാക്കം ചായ്ച്ച്‌ കണ്ണടച്ചിരിക്കുകയാണ്‌. പെൺകുട്ടിയുടെ കൗതുകം നിറഞ്ഞ കണ്ണുകൾ അവിടവിടെ പരതി നടന്നു. നേരത്തെ ഞാൻ കണ്ട ചിത്രത്തിൽ അവളുടെയും നോട്ടം ചെന്നു. അവൾ പെട്ടെന്ന് കണ്ണു വലിച്ചു. എന്നിട്ട്‌ വീണ്ടും മെല്ലെ നോക്കി. എന്നിട്ട്‌ പെട്ടെന്ന് എന്നെ നോക്കി. ഞാൻ അവളെ നോക്കുകയാണെന്നറിഞ്ഞ്‌ അവളുടെ മുഖത്ത്‌ ജാള്യത. അവൾ നോട്ടം നിലത്തേക്കാക്കി.
സമയം ഇഴഞ്ഞ്‌ നീങ്ങിക്കൊണ്ടിരുന്നു. വിവേക്‌ വന്നിട്ടില്ല. അവിടെ മുഴങ്ങുന്ന ഓരോ ശബ്ദവും ആയിരം മടങ്ങ്‌ തീവ്രതയോടെ എന്റെ ചെവിയിൽ വന്നടിച്ചു.
"അബ്ബാ, മുജേ ഭൂക്ക്‌ ലഗി ഹേ"
പെൺകുട്ടിയുടെ ശബ്ദം അവിടെ പെട്ടെന്നുയർന്നു കേട്ടു. കൂടെ വന്നിരിക്കുന്നത്‌ കുട്ടിയുടെ അച്ഛനാണ്‌.
അച്ഛൻ! ഞാനൊന്ന് നെടുവീർപ്പിട്ടു.
അയാൾ ചുണ്ടിൽ ചൂണ്ടു വിരൽ വെച്ച്‌ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു. പെൺകുട്ടി തന്റെ ആവശ്യം രഹസ്യമായി ഒന്നു കൂടി ആവർത്തിച്ചു. അയാൾ തന്റെ കയ്യിലിരുന്ന പൊതി അഴിച്ച്‌ അവൾക്ക്‌ കൊടുത്തു. അവൾ കഴിക്കുന്നത്‌ അൽപ നേരം നോക്കി നിന്നിട്ട്‌ അയാൾ വീണ്ടും കണ്ണടച്ച്‌ ചാരിയിരുന്നു. പെട്ടെന്ന് അകത്തു നിന്നും നേരത്തെ കണ്ട ആൾ ഇറങ്ങി വന്നു.
"മാഡം, സബ്‌ തയാർ ഹേ. ആപ്കാ നമ്പർ ഹേ തീൻ"
അയാൾ '3' എന്നെഴുതിയ ഒരു കടലാസ്‌ സേഫ്റ്റി പിന്നുപയോഗിച്ച്‌ എന്റെ മടിയിലേക്ക്‌ വെച്ചു. അങ്ങനെ വെക്കുമ്പോൾ അയാൾ എന്റെ മാറിടത്തിൽ മനപൂർവ്വം സ്പർശ്ശിച്ചതായി എനിക്ക്‌ തോന്നി. ഞാൻ രൂക്ഷമായി അയാളെ നോക്കി. അയാൾ ചിരിച്ചു കൊണ്ട്‌ നിന്നു. അൽപം കഴിഞ്ഞ്‌ അയാൾ കടലാസ്‌ എടുക്കാനെന്ന വ്യാജേന വീണ്ടും എന്റെ മാറിടത്തിൽ തൊട്ടു. ഇത്തവണ അൽപം കൂടി ശക്തമായാണ്‌ സ്പർശ്ശിച്ചത്‌. എന്റെ സമനില തെറ്റി. ഞാൻ ചാടിയെഴുന്നേറ്റ്‌ അയാളുടെ കരണത്തൊന്ന് പൊട്ടിച്ചു.
"ബേഷരം, ബാസ്റ്റഡ്‌. ബിഹേവ്‌ യുവർ സെൽഫ്‌"
അയാൾ കവിൾ തടവി ഞെട്ടലോടെ നിന്നു. പെട്ടെന്ന് വിവേക്‌ അവിടേക്ക്‌ വന്നു.
"എന്താ പ്രശ്നം?"
അവൻ എന്നെ പിടിച്ച്‌ ബെഞ്ചിലിരുത്തി.
"ഒന്നൂല്ല"
***************
'നമ്പർ ത്രീ'
അകത്തു നിന്നും വിളി വന്നു.
"വാ"
വിവേക്‌ എഴുന്നേറ്റു. പിന്നാലെ ഞാനും. ഇടുങ്ങിയ ഒരു മുറി. ഒരു മേശയ്ക്കു പിന്നിലായി അൽപം തടിച്ച, സാരിയുടുത്ത ഒരു സ്ത്രീ ഇരിക്കുന്നു. അവർ തന്റെ കണ്ണട തുടച്ചു കൊണ്ടിരിക്കുകയാണ്‌. അവരുടെ പിന്നിലായി മുറിയുടെ മൂലയിൽ കുറേ ഹാർഡ്‌ ബോർഡ്‌ പെട്ടികൾ.
"പ്ലീസ്‌ സിറ്റ്‌"
അവർ കണ്ണട വെച്ചു കൊണ്ട്‌ പറഞ്ഞു.
വില കുറഞ്ഞ രണ്ട്‌ ഫൈബർ കസേരകളിലായി ഞങ്ങൾ ഇരുന്നു. സ്ത്രീ ഞങ്ങളെയൊന്ന് ചുഴിഞ്ഞു നോക്കി.
"ആർ യൂ റിയലി എ ഡോക്ടർ?"
എനിക്ക്‌ പെട്ടെന്ന് അങ്ങനെ ചോദിക്കാനാണ്‌ തോന്നിയത്‌. അവർ പൊട്ടിച്ചിരിച്ചു.
"യെസ്‌ യെസ്‌. ദേഖിയേ"
അവർ മേശ വലിപ്പു തുറന്ന് സർട്ടിഫിക്കറ്റുകൾ എന്റെ മുന്നിലേക്കിട്ടു.
"ഓക്കേ"
അവർ ഞങ്ങളെ ഒന്ന് സൂക്ഷിച്ചു നോക്കി.
"ലവേഴ്സ്‌?"
ഞങ്ങൾ പരസ്പരം നോക്കി.
"യെസ്‌"
വിവേകാണ്‌ പറഞ്ഞത്‌.
"സോ, ബൈ മിസ്റ്റേക്ക്‌, റൈറ്റ്‌?"
നിശബ്ദത.
"നോ!"
എന്റെ ശബ്ദം. ഞെട്ടലോടെ എന്നെ നോക്കുന്ന വിവേകിനെ ഞാൻ അവഗണിച്ചു.
ഡോക്ടർ പെട്ടെന്ന് ഞങ്ങളുടെ ഫയലിലേക്ക്‌ നോക്കി.
"ഓഹോ, മലയാളികളാണല്ലേ? ഐ നോ മലയാളം. അയാം ഫ്രം ട്രിച്ചി. തമിഴ്‌ പൊണ്ണ്‌. ബട്ട്‌, ഞാൻ  ട്രിവാൻഡ്രമിലെ അപ്പോളോ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു. ഓൾമോസ്റ്റ്‌ ടൂ ആൻഡ്‌ ഹാഫ്‌ യേഴ്സ്‌. സോ, എനക്ക്‌ മലയാളം അറിയും"
അവർ രംഗം ലഘൂകരിക്കാനുള്ള ശ്രമമാണ്‌.
"എങ്ങനെയാണ്‌ ഡോക്ടർ, ഒരാണും പെണ്ണും തമ്മിൽ അബദ്ധത്തിൽ ബന്ധപ്പെടുന്നത്‌? എങ്ങനെയാണ്‌ ഡോക്ടർ അബ്ദ്ധത്തിൽ കുട്ടി പിറക്കുന്നത്‌?"
വിവേക്‌ വിയർക്കുന്നത്‌ ഞാനറിഞ്ഞു. ഡോക്ടർ വിളറിപ്പോയി. അവർ ചിരിക്കാൻ ശ്രമിച്ചു.
"ഇപ്പോ എന്ത്‌ ചെയ്യണം?"
ഡോക്ടർ ചോദിച്ചു.
"അബോർഷൻ ചെയ്യാനാണിവിടെ വന്നത്‌. സോ, അയാം റെഡി. ബട്ട്‌..."
നിശബ്ദത.
"ബട്ട്‌?"
ഡോക്ടർ കാത്‌ കൂർപ്പിച്ചു.
"ഇവന്റെ ലിംഗവും ഛേദിക്കണം. ഐ മീൻ, കട്ട്‌ ഹിസ്‌ പീനിസ്‌ ഓൾസോ"
ഒരു ഞെട്ടൽ ഞാനവിടെ അറിഞ്ഞു. എനിക്ക്‌ ചുറ്റും കറങ്ങുന്ന ഒരു ലോകം ഞാൻ കണ്ടു. ഞാൻ പല്ലിറുമി.

Wednesday, September 6, 2017

സന്ധ്യ പൂക്കുമ്പോൾ

ബസ്സിറങ്ങി വയൽപ്പരപ്പിലൂടെ നടന്നു. പാടത്ത് ഇപ്പോൾ കൃഷിയില്ല. അവിടം ക്രിക്കറ്റ് മൈതാനവും ഫുട്ബോൾ കോർട്ടും ഒക്കെയായി പരിണമിച്ചിരിക്കുന്നു.
സന്ധ്യ വിരിച്ച തവിട്ട് കമ്പളം അവിടമാകെ മൂടിക്കിടന്നു. തോളിൽ തൂക്കിയിരുന്ന ഭാരമേറിയ ബാഗ് ഒരു കയ്യ് കൊണ്ട് താങ്ങിപ്പിടിച്ച് ഞാൻ നടന്നു. തീരെ താല്പര്യമുണ്ടായിട്ടല്ല വീട്ടിലേക്ക് വരുന്നത്. അവധികൾക്കൊന്നും വീട്ടിലേക്ക് വരാറേ ഇല്ലായിരുന്നു. എന്നെ ആകർഷിക്കുന്ന യാതൊന്നും ഇവിടെയില്ല. കോളേജ് അടച്ച് സുഹൃത്തുക്കളെല്ലാം അവരവരുടെ വീടുകളിലേക്ക് പോയി. അവിടെ നിന്നിട്ട് എനിക്കൊന്നും ചെയ്യാനില്ല. അത്തരമൊരവസ്ഥയിൽ വീട്ടിലേക്ക് വരികയല്ലാതെ വേറെ വഴിയില്ലായിരുന്നു. അമ്പലക്കുളം കടന്നപ്പോൾ എനിക്കവളുടെ ഗന്ധമടിച്ചു. കാട്ടു റോസയുടെ മണം. ഞാൻ മൂക്ക് വിടർത്തി. ഈ വരവ് ധന്യമായോ? ഞാൻ ഓർമകളിലേക്ക് ഊളിയിട്ടു.
അവർ വീട് മാറി വന്നതായിരുന്നു. ചന്നം പിന്നം മഴ പെയ്യുന്നൊരു പുലർച്ചെ കിടക്കപ്പായിൽ നിന്നെഴുന്നേറ്റ് ചായ കുടിക്കാൻ അടുക്കളയിലേക്ക് ചെന്നപ്പോഴാണ് ആദ്യമായി ഞാൻ അവളെ കാണുന്നത്. നിറയെ ചിരിച്ചു കൊണ്ട് അമ്മയോട് വർത്തമാനം പറയുന്നൊരു കറുമ്പി. അവൾ കറുത്തിരുണ്ട കണ്ണുകൾ കൊണ്ട് എന്നെ നോക്കി. എനിക്ക് ഷോക്കടിച്ചു. ഷർട്ട് ഇട്ടിട്ടില്ല എന്ന ബോധം വന്നപ്പോൾ ധൃതിയിൽ മുറിയിലേക്കോടി. ഉള്ളതിൽ നല്ലൊരു ഷർട്ട് ധരിച്ച് നിലക്കണ്ണാടിയുടെ മുന്നിൽ നിന്ന് ഒന്ന് ചന്തം വരുത്തിയിട്ടാണ് പിന്നീട് അടുക്കളയിലേക്ക് ചെന്നത്. ഞാൻ അവളുടെ നോട്ടത്തിന്റെ ശക്തിയിലായിരുന്നു അപ്പോഴും.
"ചായ താമ്മാ..."
അടുക്കള വാതിലിൽ അവൾ നില്പുണ്ട് എന്നുറപ്പു വരുത്തി ഞാൻ അമ്മയോട് ചേർന്നു നിന്നു. 'അമ്മ ചിരിച്ചു.
"മൂത്തോനാ, ഒമ്പതിലാ. പക്ഷെ, ചെക്കനിപ്പഴും എന്റെ സാരിത്തുമ്പിലാ.."
അമ്മ അവളോട് പറഞ്ഞു. എനിക്ക് നാണം വന്നു പോയി. അമ്മയുടെ സാരിത്തുമ്പിലാത്രേ! ഹും!
അതറിഞ്ഞിട്ടെന്ന വണ്ണം അവളും നിന്ന് ചിരിച്ചു. തുമ്പപ്പൂ പോലെ വെളുത്ത അവളുടെ പല്ലുകൾ പുറത്തു കണ്ടു.
"ഞാൻ പോട്ടെ ചേച്ചീ, 'അമ്മ വിളിക്കാൻ തുടങ്ങും"
നരച്ച സാരിത്തലപ്പ് തലയിലേക്കിട്ട് മഴ കൊള്ളാതെ അടുക്കള വാതിലിൽ നിന്നും നടന്നോടുന്നതിനു മുൻപ് എന്റെ നേർക്കൊരു നോട്ടം എറിഞ്ഞു തരാൻ അവൾ മറന്നില്ല. കടലിൽ മുങ്ങിപ്പോകും പോലെ തോന്നി എനിക്ക്.
"ആരാമ്മേ അത്?"
അവൾ ദൃഷ്ടിയിൽ നിന്ന് മറഞ്ഞപ്പോൾ അത്ര നേരം അടക്കി വെച്ചിരുന്ന ആ ചോദ്യം ഞാൻ പുറത്തെടുത്തു.
"പുതിയ താമസക്കാരാടാ. അപ്പറത്ത് ശങ്കരേട്ടന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കാൻ വന്നതാ"
'അമ്മ അടുപ്പിലെ തീ ഊതാൻ തുടങ്ങി. എനിക്ക് പക്ഷെ, ഉത്തരം പൂര്ണമായിരുന്നില്ല.
"എന്താമ്മേ ആ ചേച്ചീടെ പേര്?"
പുക ഉള്ളിൽ കയറി 'അമ്മ ചുമച്ചു.
"രജനി"
"രജനി"
ഞാൻ മെല്ലെ ഉരുവിട്ടു.
"അത് ബിഎഡ് വരെ പഠിച്ചതാത്രേ. നിനക്കിനി വേണെങ്കീ കണക്ക് അതിനോട് ചോദിച്ച് പഠിക്കാലോ"
ആ സാധ്യത ഞാൻ തള്ളിക്കളഞ്ഞില്ല. കണക്ക് എനിക്ക് ഇഷ്ടമല്ലായിരുന്നു. കണക്ക് ക്ലാസിൽ ഞാനിരിക്കുന്നത് തന്നെ ഒരു മഹാ ത്യാഗം ചെയ്യുന്ന മനസ്സോടെയായിരുന്നു. പക്ഷെ, രജനി പഠിപ്പിച്ചാൽ..., ചിലപ്പോ ഞാൻ പഠിച്ചേക്കും. ഇരുണ്ട നിറമുള്ള അവളുടെ രൂപം എന്റെ മനസ്സിലേക്കോടി വന്നു. അവളുടെ ചിരി എന്നെ വല്ലാതെ ഹതാശയനാക്കിക്കളഞ്ഞു. രജനി! അഥവാ, രാത്രി. സന്ധ്യയുടെ നിറമുള്ള രാത്രി!

കിണറ്റിലെ ഐസിനെക്കാൾ തണുത്ത വെള്ളം കോരിയൊഴിച്ചുള്ള കുളിയായിരുന്നു പതിവ്. അന്നത് കുളിമുറിയിലേക്ക് മാറ്റി. അവളെങ്ങാനും കണ്ടാലോ. ശരീരം മുഴുവൻ ചുംബിച്ച് നിലത്തേക്കു വീണ് ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികളിൽ അവളുടെ രൂപം ഞാൻ കണ്ടു. അവളുടെ ചിരി. രോമകൂപങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ആ തണുപ്പിലും ഞാൻ വിയർത്തു. എനിക്ക് കുളിരു കോരി.
കുളി കഴിഞ്ഞ് ദോശയും ചമ്മന്തിയും കഴിച്ച് ബാഗും തൂക്കി സ്കൂളിലേക്ക് പോകാൻ പുറത്തേക്കിറങ്ങുമ്പോൾ ഞാൻ അവളുടെ വീട്ടിലേക്ക് പാളി നോക്കി. ഇല്ല, കാണാനില്ല. ഞാൻ തല താഴ്ത്തി പടിപ്പുര കടന്നു. പടിപ്പുരയും കടന്ന് ഇടവഴിയിലൂടെ നടന്നു. ഇരു വശവും നിരന്നു നിന്നിരുന്ന വാകയിൽ നിന്നും പിണങ്ങിക്കൊഴിഞ്ഞ പൂവുകൾ ആരോ ചായം കോരിയൊഴിച്ചതു പോലെ അവിടെ പരന്ന് കിടന്നു. തല താഴ്ത്തിയായിരുന്നു നടന്നത്. കാട്ടുറോസയുടെ മണം.
"എപ്പഴും നിലത്ത് നോക്കിയാ നടക്കണേ?"
ചോദ്യം കേട്ട് ധൃതിയിൽ തലയുയർത്തി നോക്കി. പെട്ടെന്ന് എവിടെ നിന്നോ മഴത്തുള്ളികൾ ചിതറി വീണു.
"അയ്യോ, മഴ തൊടങ്ങീലോ. കൊടയില്ലേ നിന്നോട്?"
ഞാൻ വിറങ്ങലിച്ച് നിൽക്കുകയായിരുന്നു. തൊട്ടുമുന്നിൽ, കൈ നീട്ടിയാൽ തൊടാൻ പാകത്തിൽ അവൾ പൂത്ത് നിൽക്കുന്നു. കുളത്തിലെ കുളിയും അലക്കും കഴിഞ്ഞ് ഈറൻ മുടി വാരിക്കെട്ടി അതിന്മേലൊരു തോർത്ത് മുണ്ട് ചുറ്റി സന്ധ്യ നേരത്തെ വന്നിരിക്കുന്നു. അവളുടെ സാരിയിൽ നിർവൃതി പൂണ്ടിരിക്കുന്ന നീർച്ചാലുകൾ. അവളെക്കണ്ട് വാക കുളിരണിഞ്ഞു. മഴത്തുള്ളികൾ ഘനത്തിൽ നിലത്തേക്ക് വീണ് വാകപ്പൂവുകളിൽ ഒളിച്ചിരുന്നു.
"ണ്ട്"
ഞാൻ ബാഗിൽ നിന്നും കുട എടുത്ത് നിവർത്തി. പെട്ടെന്ന് ക്ലാര എന്റെ ഓർമയിൽ വന്ന്മുട്ടി. അവൾ തന്റെ വെളുത്ത പല്ലുകൾ കാട്ടി ഒന്ന് ചിരിച്ചു.
"ബലരാമൻ എന്നാല്ലെ പേര്? കണ്ടാൽ പറയില്ലാട്ടോ"
ഗംഭീരമായ ഒരു തമാശ പറഞ്ഞത് പോലെ അവൾ പൊട്ടിച്ചിരിച്ചു. ഞാൻ അന്തം വിട്ട് നിൽക്കുകയാണെന്ന് കണ്ട അവൾ ചിരി നിർത്തി.
"ചെക്കൻ മിണ്ടില്ലേ?"
അവൾ എന്റെ താടിയിൽ പിടിച്ച് വാത്സല്യത്തോടെ ചോദിച്ചു. എനിക്ക് അതിഷ്ടമായില്ല.
"ഞാൻ കൊച്ചു കുട്ടിയോന്ന്വല്ല, ഒന്പതിലാ"
കൈ തട്ടി മാറ്റിക്കൊണ്ട് വീറോടെ ഞാൻ പറഞ്ഞു. അവൾ ആശ്ചര്യ ഭാവത്തിൽ തലകുലുക്കി.
"അപ്പൊ സംസാരിക്കാനൊക്കെ അറിയാം, ല്ലേ?"
ഞാൻ മിണ്ടാതെ നിന്നു.
"അല്ല, കൊച്ചു കുട്ടിയാണെന്ന് ഞാൻ പറഞ്ഞില്ലാട്ടോ"
കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു. മഴത്തുള്ളികൾ ആർത്തിയോടെ അവളിൽ പെയ്യുന്നുണ്ട്. ഞാൻ അവളിൽ നനഞ്ഞു. അവൾ കുസൃതി വിടാതെ ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു. ഞാൻ പാവനമായൊരനുഭൂതിയിൽ നനഞ്ഞു കൊണ്ട് കുട ചൂടി യാന്ത്രികമായി നടന്നു. അല്പം നടന്ന ശേഷം ഞാൻ വെറുതേ ഒന്ന് തിരിഞ്ഞു നോക്കി. ഈറനിൽ കുതിർന്ന് അവൾ എന്നിലേക്ക് കണ്ണെറിഞ്ഞ് അവിടെ നിൽക്കുന്നു. അവൾ ചിരിച്ചു. ഞാനും ചിരിച്ചു. ചിരി മായാതെ സാരിത്തലപ്പ് തലയിലേക്കിട്ട് അവൾ ഓടി.
എപ്പോഴോ മഴ മാറിയിരുന്നു.

കാലപ്പഴക്കം കൊണ്ട് ചാര നിറം പൂണ്ട മച്ചിലൂടെ ഒഴുകിയ മഴയുടെ ശേഷിപ്പുകൾ നിലത്ത് ഒരു താത്കാലിക കുളം നിർമിക്കുന്നത് നോക്കി ബെഞ്ചിൽ തല വെച്ച് അലസതയോടെ ഞാൻ കിടന്നു. രത്‌നാകരൻ സാർ പൈയുടെ മൂല്യം പഠിപ്പിക്കുകയാണ്. എനിക്ക് ശ്രദ്ധിക്കാൻ തോന്നിയില്ല. വേഗം വീട്ടിലെത്തണമായിരുന്നു എനിക്ക്. ഞാൻ മെല്ലെ കണ്ണുകളടച്ചു. തൂവെള്ള നിറമുള്ള ഇരട്ടക്കുതിരകളെപ്പൂട്ടിയ ഒരു രഥം അവിടെ ഉണ്ടായിരുന്നു. കുതിരകൾ ചിനച്ചു കൊണ്ട് ചുര മാന്തി. ഞാൻ പെട്ടെന്ന് കടലിലേക്ക് എടുത്തെറിയപ്പെട്ടു. പക്ഷെ, കടലിനടിയിലും എനിക്ക് ശ്വസിക്കാമായിരുന്നു. സവിശേഷകരമായ ഏതോ ഒരു അനുഭൂതിയായിരുന്നു എനിക്ക്. ഞാൻ കണ്ണ് തുറന്നു. അവിടെ കണ്മഷിയെക്കാൾ കറുത്ത ഒരു ജോഡി കണ്ണുകൾ ഞാൻ കണ്ടു.
"ങാഹാ, ഒറക്കമാല്ലേ?"
ഞാൻ ഞെട്ടിയെഴുന്നേറ്റു. രത്‌നാകരൻ സാർ ചൂരലുമായി നിൽക്കുന്നു. ക്ലാസിലെ എല്ലാ മുഖങ്ങളും എന്റെ നേർക്ക് തിരിഞ്ഞിരിക്കുന്നു.
"എണീക്കടാ"
ചൂരൽ ചുഴറ്റിക്കൊണ്ടുള്ള സാറിന്റെ ആജ്ഞ കേട്ട ഞാൻ തല കുനിച്ച് എഴുന്നേറ്റു.
കൈ വെള്ളയിൽ നേർത്ത് ചുവന്ന മൂന്ന് പാടുകളുമായാണ് ഞാൻ അന്ന് വീട്ടിലേക്ക് നടന്നത്. ഞാൻ തിരഞ്ഞത് കാട്ടുറോസയുടെ ഗന്ധമായിരുന്നു. എനിക്ക് കാണേണ്ടത് സന്ധ്യയെയായിരുന്നു. പക്ഷെ, വഴിയിലെങ്ങും അവളെ കണ്ടില്ല. വീട്ടിലുണ്ടാവുമോ എന്ന ആകാംക്ഷയായിരുന്നു എനിക്ക്. ധൃതിയിൽ നടന്ന് പടിപ്പുര കടന്നപ്പോഴേക്കും ഉണക്കാനിട്ട പാവയ്ക്കാച്ചീന്തുകൾ കൈ കൊണ്ട് നിരത്തി 'അമ്മ മുറ്റത്തു നിൽക്കുന്നത് കണ്ടു.
"ങാ വന്നോ?"
'അമ്മ നിവർന്നു. ഞാൻ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു.
"എന്താടാ നിനക്കൊരു വയ്യായ്ക? ക്ഷീണണ്ടാ?"
എന്റെ പിന്നാലെ നടന്ന് 'അമ്മ ചോദിച്ചു.
"ഇല്ല"
ഞാൻ ബാഗ് വരാന്തയിലെ സോഫയിലിട്ട് മുറിയിലേക്ക് കയറി. 'അമ്മ അടുക്കളയിലേക്ക് നടന്നു. ഞാൻ കട്ടിലിൽ മലർന്നു കിടന്നു. അൽപ സമയം കഴിഞ്ഞപ്പോൾ 'അമ്മ ചായയും കയ്യിലൊരു കിണ്ണത്തിൽ അവിൽ തിരുമ്മിയതുമായി വന്നു. ചായ മേശമേൽ വെച്ച് 'അമ്മ എന്റെ നെറ്റിയിൽ തൊട്ട് ചൂട് നോക്കി.
"ഏയ്, പനിയൊന്നൂല്ല. ദാ, ചൂട് പോവാണ്ട് കുടിച്ചോ. എന്നിട്ട് ആ ഉടുപ്പ് മാറ്"
'അമ്മ പുറത്തേക്ക് നടന്നു. വാതിൽക്കലെത്തിയപ്പോൾ 'അമ്മ പെട്ടെന്ന് എന്തോ ഓർത്തതു പോലെ തിരിഞ്ഞു നിന്നു.
"ങാ, രജനി നിനക്ക് കണക്ക് പറഞ്ഞ് തരാന്ന് സമ്മതിച്ചിട്ട്ണ്ട്. കണക്ക്ന്ന് കേട്ടാലേ നിനക്ക് കലിയല്ലേ. എന്തേ, നീ പഠിക്ക്വൊ? ഞാൻ അവളോടെന്താ പറയണ്ടേ?"
വായിലേക്കിട്ട അവൽ ഞാൻ അറിയാതെ വിഴുങ്ങിപ്പോയി.
"ങാ, പൂവ്വാം"
പെട്ടെന്നാണ് ഞാൻ പറഞ്ഞത്.
"നല്ല കാര്യം"
'അമ്മ പുറത്തേക്ക് പോയി. ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി. മുറ്റത്തെ മണൽത്തരികളിൽ തട്ടി അസ്തമയ സൂര്യന്റെ ശോഭ പ്രതിഫലിക്കുന്നു. സന്ധ്യയുടെ വരവായി.
"ങാഹാ, ചെക്കന് കണക്ക് ഇഷ്ടല്ലാലേ?"
ഞാൻ ഞെട്ടിത്തിരിഞ്ഞു. പുറത്ത് കാക്കകൾ കൂടണയുന്ന ബഹളം. വയലറ്റ് നിറമുള്ള ഒരു ഓയിൽ സാരി അലസമായി ഉടുത്ത് മുടി മാടിയൊതുക്കി നെറ്റിയിൽ ചന്ദനം തൊട്ട് രാത്രി സന്ധ്യയിൽ പൂത്തു നിന്നു. അവളുടെ നോട്ടം എന്റെ ഹൃദയാന്തരങ്ങളോളം ചെന്നു.
"ഇഷ്ടല്ലായിരുന്നു"
എന്തു കൊണ്ട് ഞാൻ അങ്ങനെയൊരു മറുപടി നൽകി എന്നെനിക്കറിയില്ല. എന്റെ ഉത്തരം കേട്ട അവൾ വായ പൊത്തി ശബ്ദം പുറത്ത് കേൾക്കാതെ ചിരിച്ചു. 'കൈയെടുക്കൂ, ആ ചിരി എന്നെ ഉന്മത്തനാക്കട്ടെ' എന്ന് പറയാൻ തോന്നി എനിക്ക്. പക്ഷെ, പറഞ്ഞില്ല.
"ങും, ചെക്കനപ്പോ നന്നായിട്ട് സംസാരിക്കുമല്ലേ?"
അവൾ എന്നെ അളക്കും പോലെ പറഞ്ഞു. ഞാൻ കൊതി തീരാതെ അവളെ നോക്കിക്കൊണ്ടിരുന്നു.
"എനിക്കിത്തിരി ചായ തരുമോ? കുടിച്ചോട്ടെ?"
മേശപ്പുറത്തെ ചായ ഗ്ലാസ്സിലേക്ക് ചൂണ്ടി അവൾ ചോദിച്ചു.
"ങാ"
എനിക്ക് സന്തോഷമായിരുന്നു. അവൾ ഒരു കള്ളച്ചിരിയോടെ നോട്ടം എന്നിലുറപ്പിച്ചു കൊണ്ട് ചായ ഒരിറക്ക് കുറിച്ച് ഗ്ളാസ് തിരികെ വെച്ചു.
"ഞാൻ പോവ്വാ, ചെക്കന് കണക്ക് പഠിക്കാൻ തോന്നുമ്പോ വീട്ടിലേക്ക് വന്നേക്ക്"
എനിക്കു വേണ്ടി ഒരു ചിരി കൂടി എറിഞ്ഞു തന്നിട്ട് അവൾ പുറത്തേക്ക് നടന്നു.
ഞാൻ ചായ കുടിച്ചു. മൾബറിയുടെ സ്വാദ്! ചായയ്ക്ക് മൾബറിപ്പഴത്തിന്റെ സ്വാദ്!

വളരെ പെട്ടെന്ന് ചായ കുടിച്ച് കണക്ക് പുസ്തകവും നോട്ടുമായി ഞാൻ അടുക്കളയിലേക്ക് ചെന്നു. 'അമ്മ രാത്രിയിലെ ചോറിനുള്ള അരി കഴുകുകയാണ്.
"ഉം...?"
എന്റെ നിൽപ്പ് കണ്ട 'അമ്മ തലയുയർത്തിക്കൊണ്ട് ചോദിച്ചു. ഞാൻ കണക്ക് പുസ്തകം അമ്മയുടെ നേർക്ക് നീട്ടി.
"കണക്ക്..., ട്യൂഷൻ..."
അമ്മയുടെ മുഖം അത്ഭുതം കൊണ്ട് വിടർന്നു. പാത്രത്തിലെ വെള്ളത്തിലുള്ള അരി കൈ കൊണ്ട് ഒന്ന് ചുറ്റിച്ചിട്ട് 'അമ്മ നിവർന്നു.
"എന്റെ കുട്ടിക്ക് നല്ല ബുദ്ധി തോന്നീലോ. നല്ല കാര്യം. ഒരാഴ്ച കഴിയുമ്പോ ഇതും കളഞ്ഞിട്ട് വരരുത്"
ഞാൻ ചുമൽ വെട്ടിച്ചു.
"ഇല്ല"
"എന്നാ പൊയ്ക്കോ"
'അമ്മ വീണ്ടും ശ്രദ്ധ അരിയിലേക്ക് മാറ്റി. ഞാൻ മുൻവാതിലിലൂടെ നടന്ന് മുറ്റത്തിറങ്ങി. ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. വീടിനു വശത്തെ അശോകമരത്തിനരികിലൂടെ പൊളിഞ്ഞു വീണ മതിൽ കടന്ന് ഞാൻ അവളുടെ വീട്ടു മുറ്റത്ത് കാലു കുത്തി. തറവാട്ടിലെ കോലായിലുള്ള ബൾബിന്റെ പ്രകാശം അശോക മരത്തിന്റെ വികലമായ വലിയൊരു നിഴൽ രൂപം ആ മുറ്റത്ത് തീർത്തിരുന്നു. ഞാൻ നിന്ന് പുകഞ്ഞു. വാതിൽ അടച്ചിരിക്കുകയാണ്. കോലായിൽ ഒരു നിലവിളക്കെരിയുന്നു. എന്റെ മുറിയുടെ പകുതിയോളം മാത്രം വലിപ്പമുള്ള കോലായിൽ കയറി ഞാൻ ഒന്ന് ശങ്കിച്ചു നിന്നു. എന്താണ് വിളിക്കേണ്ടത്? ചേച്ചി എന്നോ? പക്ഷേ, ചേച്ചി എന്ന വിളിയിലെ പൊതു സ്വഭാവം എന്റെ ചിന്തയെ മുറിച്ചു കളഞ്ഞു. ഒന്നു രണ്ട് തവണ വാതിലിൽ മുട്ടാനായി ആഞ്ഞെങ്കിലും കൈ പിൻവലിച്ച് അടഞ്ഞു കിടക്കുന്ന വാതിലിനു നേർക്ക് ഒന്നു കൂടി നോക്കി ഞാൻ തിരിച്ചു നടന്നു. നാളെ പകൽ കാണുമ്പോൾ സമയം പറഞ്ഞുറപ്പിച്ചിട്ട് പോവാം എന്നായിരുന്നു കണക്കു കൂട്ടൽ. പടിയിറങ്ങി മുറ്റത്തെത്തിയതും വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു. വിടർത്തി വാതിൽക്കൽ നിന്ന രജനി ഏതോ ഒരു എണ്ണഛായാ ചിത്രം പോലെ തോന്നി.സൂര്യൻ രാത്രിക്ക് മേൽ സന്ധ്യയുടെ സിന്ദൂരം ചാർത്തിയിരിക്കുന്നു.
"എന്തേ, പോവ്വാണോ?"
ഒരു പിൻവിളി പോലെ അവൾ ചോദിച്ചു. ഞാൻ തിരിഞ്ഞു നിന്നു.
"ആരേം കണ്ടില്ല. അതോണ്ട്..."
അവൾ പുഞ്ചിരിച്ചു.
"വിളിക്കാമല്ലോ. ആളകത്തുണ്ടെന്നറിയില്ലേ?"
അവൾ കോലായുടെ അരികത്ത് വന്ന് തൂണിൽ ചാരി നിന്നു. ഞാൻ ഒന്നും മിണ്ടിയില്ല.
"വാ..."
അത് മരിക്കാൻ പോലും എന്നെ പ്രാപ്തനാക്കുന്ന ഒരു വിളി ആയിരുന്നു. ഞാൻ നിശബ്ദം അവളുടെ പിന്നാലെ അകത്തേക്ക് നടന്നു. നിതംബം മറച്ചു കിടന്ന അവളുടെ കേശഭാരത്തിന് കാച്ചെണ്ണയുടെ മണമുണ്ടായിരുന്നു.
"ചെക്കൻ വന്നിവിടെ നിന്ന് നോക്കുന്നതൊക്കെ ഞാൻ കണ്ടിരുന്നൂട്ടോ. മനപൂർവം വാതിൽ തുറക്കാഞ്ഞതാ. എന്താ ചെയ്യാൻ പോണേന്നറിയണല്ലോ"
ഞാൻ കയറിയതിനു പിന്നാലെ വാതിലടയ്ക്കുന്നതിനിടെ മന്ത്രിക്കും പോലെ അവൾ പറഞ്ഞു. എനിക്ക് നിർവൃതിയുടെ പുഞ്ചിരിയാണ് ആ പ്രസ്താവന നൽകിയത്. അവൾ തിരിഞ്ഞു. അവളുടെ ചുടുനിശ്വാസം എന്റെ മുഖത്ത് പതിച്ചു. ഞാൻ പിടച്ചിലോടെ ആ കണ്ണുകളിലേക്ക് നോക്കി. അവിടെ തിരയടങ്ങാത്തൊരു കടൽ ഞാൻ കണ്ടു.
ഞാൻ പറക്കുകയായിരുന്നു. വെണ്മേഘങ്ങൾക്കു മുകളിലൂടെ ഞാൻ എങ്ങോട്ടോ യാത്ര ചെയ്യുകയായിരുന്നു. സൂര്യനുദിച്ചിട്ടും അത് രാത്രിയായിരുന്നു.
എന്തോ ഉൾവിളി പോലെ ധൃതിയിൽ അവൾ മുഖം മാറ്റി അവളുടെ മുറിയിലേക്ക് നടന്നു. ഞാൻ യാന്ത്രികമായി പിന്നാലെയും.
ഞാൻ അൽഗോരിതം പഠിച്ചു.
പൈയുടെ മൂല്യം പഠിച്ചു.
സമവാക്യങ്ങൾ പഠിച്ചു.
രത്നാകരൻ സാർ എന്നെ അഭിനന്ദിച്ചു.
ക്ലാസിലെ കുട്ടികൾ എന്നെ നോക്കി അതിശയിച്ചു.
രാത്രി പല വട്ടം സന്ധ്യയിൽ പൂത്തു.
"ഞാനെന്താ വിളിക്കണ്ടെ?"
ഇലക്ട്രിക് ബൾബിന്റെ വെട്ടത്തിനു താഴെ രജനിയിൽ അലിഞ്ഞിരുന്നൊരു നാൾ ഏറെ നാളായി എന്നെ അലട്ടിയിരുന്നൊരു ചോദ്യം ഞാനെടുത്തിട്ടു. അവളുടെ വട്ട മുഖത്ത് കുസൃതി നിറഞ്ഞു.
"ചെക്കനിഷ്ടമുള്ളത് വിളിച്ചോ"
എനിക്ക് അവളെ തൊടാൻ തോന്നി.
"എന്നാ ഞാൻ രജനീന്ന് വിളിച്ചോട്ടെ?"
അവളുടെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു.
"വയസ്സിനു മൂത്തോരെ പേരാ വിളിക്ക്യ?"
വീണ്ടും കുസൃതി. ഞാൻ നിരാശയോടെ തല കുനിച്ചു. അവൾ എന്റെ കയ്യിൽ തൊട്ടു. ഞാൻ വിറച്ചു.
"ചെക്കനിഷ്ടമുള്ളത് വിളിച്ചോ. രജനീന്നന്നെ വിളിച്ചോ. എനിക്കും അതാ ഷ്ടം"
ഞാൻ അവളെ രജനിയെന്നും അവളെന്നെ രാമൻ എന്നും വിളിച്ചു.
കാട്ടുറോസയുടെ മണം എന്നിലേക്കും പകർന്നു..
രാത്രിയും സന്ധ്യയും പലപ്പോഴും ഒത്തു കളിച്ചു.
ഞാൻ പത്താം ക്ളാസിലായി.
ഞാനൊരു മുതിർന്ന പയ്യനായി.
ഞാനവളെ രജനി എന്നും ദേവീ എന്നും വിളിച്ചു.
'ഓ, ഭദ്രകാളിയാവും' എന്നു പറഞ്ഞ് അവൾ വാ പൊത്താതെ ചിരിച്ചു.
അവളെന്നെ രാമൻ എന്നും ദേവൻ എന്നും വിളിച്ചു.
സന്ധ്യയിൽ രാത്രി കാട്ടുറോസകളെ പ്രസവിച്ചു.
ഞാൻ വെള്ളക്കുതിരകളെപ്പൂട്ടിയ രഥത്തിൽ രാത്രിയെ ഒളിച്ചു കടത്തി.
ഞാൻ പതിനൊന്നിലായി.
"ആരാമ്മേ അത്?"
ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് കയറുമ്പോൾ അവളുടെ വീട്ടിൽ നിന്നും കുറച്ചു പേർ ഇറങ്ങിപ്പോകുന്നതു കണ്ട ഞാൻ ചോദിച്ചു. അവളെ അവിടെയെങ്ങും കണ്ടില്ല.
"ഓ, അത് രജനിയെ പെണ്ണ് കാണാൻ വന്നവരാടാ. ഇഷ്ടായാ മതിയായിരുന്നെന്റെ ദേവീ"
ഹൃദയത്തിന് മേൽ വലിയൊരു കല്ല് കയറ്റി വെച്ചിട്ട് അമ്മ അകത്തേക്കു നടന്നു.

കോലായിലെ മരത്തൂണിൽ ചാരി തളർച്ചയോടെ ഞാൻ ഇരുന്നു. കൊല്ലവര്ഷ പരീക്ഷ അടുത്ത ആഴ്ചയാണ്. ഇന്നു മുതൽ സ്റ്റഡി ലീവ്. എല്ലാ സന്തോഷവും ഞൊടിയിട കൊണ്ട് ആവിയായി. 'അമ്മ ചപ്പുചവറുകളൊക്കെ കൂട്ടിയിട്ട് കത്തിക്കുന്നു. തീ പിടിച്ച മനസ്സുമായി ഞാൻ അകത്തേക്ക് നടന്നു.മേശപ്പുറത്ത് ചായ ഇരിപ്പുണ്ട്. കുടിക്കാൻ തോന്നിയില്ല. എനിക്ക് ശ്വാസം മുട്ടി. ഞാൻ കുളക്കരയിലേക്ക് നടന്നു.
കുളം നിശ്ചലമാണ്. ജലപ്പരപ്പ് നിശ്ചലമായി കിടക്കുന്നു. കുളത്തിലേക്കിറങ്ങാനുള്ള പടിക്കെട്ടുകളിൽ മിക്കപ്പോഴും കാണാറുള്ള ശുനകനെ അന്ന് കണ്ടില്ല. മതിലിനോടു ചേർന്ന് താനേ വിരിഞ്ഞൊരു റോസാപ്പൂ വാടി നിൽക്കുന്നു. ഞാൻ ദീർഘനിശ്വാസത്തോടെ പടികളിലൊന്നിൽ ഇരുന്നു. കുളം കലങ്ങുന്നത് ഞാനറിഞ്ഞു. ഞാനിരിക്കുന്ന പടിക്കെട്ട് കീഴ്മേൽ മറിയുന്നതു പോലെ. ഞാൻ ഭിത്തിയിൽ കയ്യൂന്നി.
"രാമാ"
വാടിയ റോസാപ്പൂവിന്റെ ശബ്ദം. ഞാൻ തിരിഞ്ഞു നോക്കി. ഒരു ബക്കറ്റിൽ അലക്കാനുള്ള കുറച്ച് തുണികളുമായി രജനി. അസ്തമയ സൂര്യൻ കുളത്തിലെ ജലപ്പരപ്പിൽ പ്രതിഫലിക്കുന്നു. സന്ധ്യയെ വിഴുങ്ങി രാത്രി അവസാനിച്ചേക്കുമോ?
അവൾ ഒന്നും മിണ്ടാതെ തുണികളുമായി കുളത്തിലേക്കിറങ്ങി. അവളുടെ മനസ്സ് ഞാൻ വായിച്ചു.
"നിനക്കെന്ത് തോന്നുന്നു?"
ഗദ്ഗദം അടക്കിപ്പിടിച്ച് കണ്ണീരിനെ തടഞ്ഞു നിർത്താൻ പണിപ്പെട്ട് അവൾ എന്റെ നേർക്ക് ചോദ്യമെറിഞ്ഞു. എനിക്കുത്തരമില്ലായിരുന്നു.
"അറിയില്ല"
ഞാൻ മുരണ്ടു. അവൾ ഒന്ന് ഞെട്ടി. വയലറ്റ് നിറമുള്ള ഓയിൽ സാരി അവൾ കല്ലിൽ ആഞ്ഞു തല്ലി. ഞാൻ മറുപടിക്കായി പരതുകയായിരുന്നു.
"ഞാൻ, ഞാൻ എന്തു ചെയ്യാനാ?"
തീരെ ദുർബലമായ ശബ്ദത്തിൽ ഞാൻ ചോദിച്ചു. അവൾ അലക്ക് നിർത്തിയില്ല.
"ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. ഒക്കെ ഇങ്ങനന്ന്യാ സംഭവിക്കാനുള്ളത്. ഒക്കെ വിധിയാ"
സോപ്പ് പതയുടെ വെളുപ്പ് കുളത്തിൽ കലർന്നു. ഞാൻ നിശ്വസിക്കാൻ ശ്രമിച്ചു. എനിക്ക് കരച്ചിൽ വന്നു.
"നിനക്ക് സങ്കടല്ല്യേ?"
അവളുടെ നിസ്സംഗത കണ്ട് എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവൾ നിവർന്നു. അന്നാദ്യമായി അവളുടെ വാടിയ കണ്ണുകൾ ഞാൻ കണ്ടു. സന്ധ്യയിലും മഴ ചാറുന്നത് ഞാനറിഞ്ഞു. എനിക്ക് ഉത്തരം കിട്ടിയിരുന്നു. ചാറ്റൽ മഴ എന്നെ നനയ്ക്കുന്നത് ഞാൻ വക വെച്ചില്ല.
"ട്യൂഷൻ നിർത്തിക്കോളാനാ 'അമ്മ പറയണേ. ആളോള് വല്ലോം പറയുംത്രേ. ഇനി കാണലുണ്ടാവില്യ"
മഴക്ക് ശക്തിയേറുന്നു. മിന്നല്പിണരുകൾ ഊക്കോടെ ഹൃദയത്തിൽ തന്നെ പതിക്കുന്നു.
"നീ ഇവിടെ ഇരിക്ക്യാ? നിന്നെ തേടി മടുത്തൂലോ"
അമ്മയാണ്. ഞാൻ എഴുന്നേറ്റു.
"അവരെന്ത് പറഞ്ഞു കുട്ടീ?"
'അമ്മ രജനിയോട് ലോഗ്യം ചോദിച്ചു.
"അവർക്ക് സമ്മതാ.."
മുഖമുയർത്താതെ അവൾ പറഞ്ഞ മറുപടി എനിക്കുള്ള ഓര്മപ്പെടുത്തലായിരുന്നു.
"ഓ, അപ്പൊ ഒരു സദ്യ ഉടനേ കഴിക്കാലോ"
അനവസരത്തിലെ അമ്മയുടെ ഫലിതം മഴയിൽ കുതിർന്ന് ചീറ്റിപ്പോയി.
"ന്നാ ഞാൻ പോട്ടെ"
മറുപടിക്ക് കാത്തു നിൽക്കാതെ കുടക്കീഴിൽ എന്നെയും ഒളിപ്പിച്ച് 'അമ്മ നടന്നു.
"ഇനി നീ ട്യൂഷന് പോണ്ടാ. അതിന്റെ കല്യാണം ഉറപ്പിച്ചു. ആളോള് അതുമിതുമൊക്കെ പറയും. മാത്രല്ല, നീയൊരു മുതിർന്ന കുട്ടിയാ. കുളക്കടവിൽ പെണ്ണുങ്ങൾ കുളിക്കുമ്പോ ഇനി പോവണ്ട"
ഞാൻ ഹൃദയവ്യഥയോടെ എല്ലാം മൂളിക്കേട്ടു.
***********************
അഞ്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ അത് സംഭവിച്ചു. എന്റെ രജനിയുടെ കല്യാണം. ഞാൻ സദ്യ കഴിച്ചില്ല. ഒരു ഗ്ളാസ് വെള്ളം പോലും ഞാൻ കുടിച്ചില്ല. അവളുടെ വരന്റെ നേർക്ക് ഞാൻ നോക്കിയില്ല.
അവൾ പട്ടു സാരി ഉടുത്തു.
സ്വര്ണവളയും മാലയുമണിഞ്ഞു.
പട്ടണത്തിലെ ബ്യൂട്ടീഷൻ അവൾക്ക് മേക്കപ്പിട്ടു.
എന്നിട്ടും അവൾക്ക് പണ്ടത്തെ ഓയിൽ സാരിയായിരുന്നു ഭംഗി.
അവളുടെ നെറ്റിയിലെ കുങ്കുമം എന്റെ ഹൃദയത്തിൽ ആഴത്തിലൊരു മുറിവുണ്ടാക്കി. ചുവന്ന രക്തം അവിടെ കട്ട പിടിച്ചു കിടന്നു.
എല്ലാവരോടും കണ്ണീരണിഞ്ഞ് യാത്ര ചോദിക്കുന്നതിനിടെ 'പോട്ടെ രാമാ' എന്ന് എന്നോട് പറഞ്ഞപ്പോൾ അവൾ പൊട്ടിപ്പോയി. ഞാൻ കരയാൻ പാടില്ലായിരുന്നു. ഒരു വിഡ്ഡിയെപ്പോലെ ഞാൻ നിന്നു. അവളുടെ കണ്ണിലെ നിസ്സഹായത എന്നെ കൊന്നു കളഞ്ഞു.
സന്ധ്യയെയും കൊണ്ട് രാത്രി പടിയിറങ്ങി. ഞാൻ ഉറക്കം വരാതെ കിടന്നു. ഒരിക്കലും ഉറക്കം വരാതെ ഒരുപാട് രാത്രികൾ...
******************
പന്ത്രണ്ടാം തരാം പാസായപ്പോൾ എന്റെ ശക്തമായ ആവശ്യം, 'പട്ടണത്തിലെ കോളേജിൽ പഠിക്കണം.' മുറുമുറുപ്പോടെ അച്ഛനും ഏങ്ങലടിയോടെ അമ്മയും സമ്മതിച്ചു. എനിക്ക് ആ നാട്ടിൽ നിന്നും ഒളിച്ചു പോകണമായിരുന്നു. പിന്നീട് നീണ്ട മൂന്ന് കൊല്ലം. നാട്ടിൽ വന്നിട്ടില്ല. ഇടക്ക് മാത്രം വരുന്ന ഫോൺ കോളുകൾ കൊണ്ട് ബിരുദ പഠനം പൂർത്തിയാക്കി ഇന്നാണ് നാട്ടിലെത്തുന്നത്.
"അമ്മാ"
കോലായിലേക്ക് കടന്ന് ഞാൻ വിളിച്ചു. മുൻവാതിൽ പൂട്ടിയിട്ടിരിക്കുന്നു. ഞാൻ ബാഗ് നിലത്തു വെച്ച് കസേരയിൽ ഇരുന്നു. വാതിൽ തുറന്നിട്ട് എന്നെ നോക്കി നിശബ്ദമായി കരയുന്ന അമ്മയെ അവഗണിച്ച് ഞാൻ മുറിയിലേക്ക് നടന്നു. വാതിൽ കുറ്റിയിട്ട് കട്ടിലിലേക്ക് വീണു.
"നിനക്ക് കഴിക്കാനൊന്നും വേണ്ടേ കുട്ട്യേ?"
അമ്മയുടെ ചിലമ്പിച്ച ശബ്ദം.
"വേണ്ട"
കാലടികൾ അകന്നു പോയി. 
പുറത്ത് അച്ഛനും അമ്മയും പരസ്പരം സംസാരിക്കുന്നത് കേട്ടു.
"കുട്ടിക്കെന്തോ പറ്റീണ്ട്. ആകെ ഒരു മ്ലാനത. എന്താണാവോ?
'അമ്മ നെടുവീർപ്പിട്ടു.
"ഒന്നുമല്ല, അഹന്ത! വലുതായീന്നുള്ള അഹന്ത. അല്ലെങ്കി സ്വന്തം പെങ്ങടെ കല്യാണത്തിന് വരാണ്ടിരിക്ക്യോ"
ലളിതയുടെ കല്യാണം മൂന്ന് മാസങ്ങൾക്കു മുൻപ് കഴിഞ്ഞു. വരണം എന്ന് തന്നെ കരുതിയതാണ്. പക്ഷേ, തലേന്ന് രാത്രി സിന്ദൂരം തൊട്ട് നിൽക്കുന്ന രജനിയുടെ രൂപം സ്വപ്നം കണ്ട് ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റു. അവസാനമായി പങ്കെടുത്ത കല്യാണം ഒരിക്കലും മായാത്തൊരു മുറിവ് മനസ്സിലുണ്ടാക്കിയതു കൊണ്ട് പോവണ്ടാ എന്ന് തീരുമാനിച്ചു.
പുറത്ത് അമ്മയുടെ കരച്ചിൽ കേട്ടു. ആ രാത്രി കണ്ണീരിൽ നനഞ്ഞു.
****************
പിറ്റേന്നത്തെ പ്രഭാതം. കോലായിൽ നിന്ന് രജനിയുടെ വീട്ടിലേക്ക് പാളി നോക്കി. വീട് അടഞ്ഞു കിടക്കുന്നു. ആരും താമസമില്ലേ അവിടെ? അകത്ത് ടിവിയിൽ ദാസേട്ടൻ പാടുന്നു:
"നീലിമ തെല്ലും പോരാതെ വാനം 
നിൻ മിഴിയിണയിൽ കുടിയിരുന്നു "
'അമ്മ ചായ എന്റെ കയ്യിൽ തന്നിട്ട് ഭിത്തിയിൽ ചാരി എന്നെ നോക്കിക്കൊണ്ട് നിന്നു.
"അവിടാരും താമസമില്ലേമ്മാ?"
എന്റെ നിയന്ത്രണം പൊട്ടിച്ച് ചോദ്യം പുറത്തു ചാടി. അമ്മ നെടുവീർപ്പിട്ടു.
"ഇല്ല. ആ കുട്ടി മരിച്ചപ്പോ അതിന്റെ അമ്മേനെ ആരോ വന്ന് കൂട്ടിക്കൊണ്ട് പോയി"
എന്റെ കണ്ണുകളിൽ ഇരുട്ട് കേറി. ഞാൻ വീഴാതിരിക്കാൻ തൂണിൽ പിടിച്ചു. 'അമ്മ പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ, ഞാനൊന്നും കേട്ടില്ല.
"ഗർഭം അലസിയപ്പോ അതും കൂടി മരിച്ചു. ആകെ ഒന്നരക്കൊല്ലം. ആ ചെക്കൻ ദാ വീണ്ടും കെട്ടാമ്പോണു. പാവം, ആ കുട്ടീടെ വിധി"
ഞാൻ കസേരയിലേക്കിരുന്നു. എന്റെ തല ചുറ്റി. ചായ ഗ്ളാസ് ഞാൻ നിലത്തേക്ക് വെച്ചു. എനിക്ക് കരയണമായിരുന്നു. ഞാൻ അമ്മയ്ക്ക് മുഖം കൊടുക്കാതെ മുറിയിൽ, കട്ടിലിൽ, തലയിണയിൽ മുഖം ചേർത്ത് കിടന്നു. ഇത്ര നാളും അടക്കി വെച്ചിരുന്ന കണ്ണുനീരെല്ലാം കിടക്കയിലൂടെ കുത്തിയൊലിച്ചു. കോളേജിൽ ആരോടും അധികം സംസാരിക്കാതെ, ഒന്നിലും പ്രത്യേക താല്പര്യം ഇല്ലാതിരുന്ന ശരാശരി വിദ്യാർത്ഥി. ആരെയും അടുപ്പിക്കാത്തതു കൊണ്ട് തന്നെ എനിക്കൊരു ഇരട്ടപ്പേരും വീണു, 'അയിത്തം തിരുനാൾ'. ഒക്കെ ഒരു തിരിച്ചു വരവ് കൊതിച്ചായിരുന്നു. എന്നിട്ടിപ്പോ...
ഞാനന്ന് പുറത്തിറങ്ങിയില്ല. അമ്മയുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറഞ്ഞില്ല. ഞാൻ രാത്രിയെ കാക്കുകയായിരുന്നു.
രാത്രി, കാട്ടുറോസയുടെ ശക്തമായ മണം കാരണമാണ് കണ്ണു തുറന്നത്. ഭീതി കൊണ്ട് എന്റെ കണ്ണു തുറിച്ചു. എന്റെ കിടക്കയിൽ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ! ഭയം കൊണ്ട് എനിക്ക് ഉറക്കെ അട്ടഹസിക്കാൻ തോന്നി. പക്ഷേ, ശബ്ദം തൊണ്ടയിൽ കുരുങ്ങി നിന്നു. കരിമഷിയെഴുതാതെ കറുത്ത കണ്ണുകൾ കൊണ്ട് അവളെന്നെ നോക്കി.
"എന്തിനാ എന്റെ രാമാ നീ പേടിക്കണേ? ഇത്, ഞാനല്ലേ"
എനിക്ക് മറുപടി ഉണ്ടായില്ല. ഞാൻ വിയർത്തു.
"നിന്നെയാണ് ഇത്ര നാൾ ഞാൻ കാത്തിരുന്നത്"
അവൾ അടുത്തേക്ക് നീങ്ങി രഹസ്യം പോലെ പറഞ്ഞു തുടങ്ങി.
"നിനക്കറിയാമോ, ഗർഭം അലസിയതല്ല. ഞാൻ അലസിപ്പിച്ചതാ. എനിക്ക് നിന്റെ കുഞ്ഞിനെയായിരുന്നു വേണ്ടത്"
അവൾ പറയുന്നതൊന്നും എനിക്ക് മനസ്സിലായില്ല. ഞാൻ വിറങ്ങലിച്ച് കിടന്നു. അവൾ കൈ നീട്ടി എന്റെ കയ്യിൽ പിടിക്കാൻ ശ്രമിച്ചു. ഞാൻ ധൃതിയിൽ കൈ വലിച്ചു. അവൾ അവിശ്വസനീയതയോടെ എന്നെ നോക്കി. ശേഷം നീറുന്ന വിശ്വാസ്യത മുഖത്ത് വരുത്തി അവൾ എഴുന്നേറ്റു.
"ഓ, ശരിയാണ്. എത്ര പ്രിയപ്പെട്ടവരായാലും മരിച്ചു കഴിഞ്ഞാൽ വെറും ജഡമാണല്ലോ. ജീവിച്ചിരുന്നപ്പോൾ എത്രയധികം സ്നേഹിച്ചവരാണെങ്കിൽ പോലും മരിച്ചാൽ പിന്നെ ഭയമാണല്ലോ"
അവളുടെ കണ്ണുകൾ പെയ്യാൻ തുടങ്ങുന്നു.
"പോവുകയാണ് രാമാ"
ഞാൻ പിടഞ്ഞെഴുന്നേറ്റു. ശരീരമാസകലം വിയർപ്പിൽ മുങ്ങിയിരിക്കുന്നു. ഞാൻ ധൃതിയിൽ ഷർട്ട് എടുത്തിട്ടു. മുറി തുറന്ന്, മുൻവാതിൽ തുറന്ന് ഞാൻ മുറ്റത്തിറങ്ങി. രാത്രി അവസാനിക്കാൻ തുടങ്ങുന്നു. ഞാൻ നടന്നു. ഇടവഴിയിലൂടെ, പൂക്കാൻ മറന്നു പോയ വാകകൾക്കിടയിലൂടെ ഞാൻ കുളക്കടവിലേക്ക് നടന്നു. അവിടെയാണല്ലോ ഓർമ്മകൾ.

Sunday, August 27, 2017

ശിവരാമന്റെ രാത്രികൾ

ഒന്ന്-അഞ്ജന

അഞ്ജന മോനെ സ്കൂൾ ബസ്സിൽ കയറ്റി വിട്ടിട്ട്‌ വീട്ടിലേക്ക്‌ വന്നു. അവൻ ഇനി രണ്ടു ദിവസം അവന്റെ അച്ഛനോടൊപ്പമാണ്‌. ദീപുവുമായി അഞ്ജന നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയിട്ട്‌ നാലു മാസങ്ങളായിരിക്കുന്നു.
അവൾ മേശപ്പുറത്ത്‌ കാസറോളിലിരുന്ന ദോശയും ചട്ണിയും കഴിച്ചു. തലേന്നത്തെ അമ്മയുടെയും മോന്റെയും പില്ലോ ഫൈറ്റിനിടയിൽ പാറിപ്പോയ പഞ്ഞിക്കഷ്ണങ്ങളെ അവൾ ഒരു ചൂലെടുത്ത്‌ അടിച്ചു വാരി വേസ്റ്റ്‌ ബിന്നിലേക്കിട്ടു. നിറം മങ്ങിയ ആ വേസ്റ്റ്‌ ബിൻ അവളുടെ ജീവിതത്തിന്റെ പ്രതീകം പോലെ അടുക്കളയുടെ ഒരു മൂലയിൽ നില കൊണ്ടു. ഷവറിനു കീഴിൽ ഇൻസ്റ്റന്റ്‌ മഴപ്പെയ്ത്ത്‌ അനുഭവിക്കുമ്പോഴാണ്‌ അവൾ ശിവരാമനെ ഓർത്തത്‌. അയാൾ എന്ത്‌ ചെയ്യുകയായിരിക്കും? മിക്കവാറും പുതച്ചു മൂടിക്കിടന്ന് ഉറങ്ങുകയായിരിക്കണം. അല്ലെങ്കിലും അവർ പരസ്പരം കാണുമ്പോഴൊക്കെ അയാൾ ഒന്നുകിൽ ഉറക്കച്ചടവിലോ അല്ലെങ്കിൽ കക്കൂസിൽ ഫ്ലഷ്‌ അടിച്ചു കളഞ്ഞതിനു ശേഷമുള്ള നിർജ്ജീവമായ സംതൃപ്തിയിലോ ആയിരുന്നു. അവൾ ഒന്ന് ഊറിച്ചിരിച്ചു.
പിയേഴ്സ്‌ സോപ്പിന്റെ മണം തങ്ങി നിൽക്കുന്ന അന്തരീക്ഷത്തിലൂടെ അവൾ കുളിമുറിയിൽ നിന്നും കിടപ്പു മുറിയിലേക്ക്‌ നടന്നു. മലയാള സിനിമയിലെ അപൂർവ്വമായ ക്ലീഷേ സങ്കൽപം പോലെ വെള്ള നിറമുള്ള അവിടുത്തെ മൊസൈക്കിൽ ജലച്ഛായം കൊണ്ട്‌ അവളുടെ കാൽപാദങ്ങൾ വളഞ്ഞ ഒരു രേഖ തീർത്തു.
വി-സ്റ്റാറിന്റെ മെറൂൺ കളറുള്ള അടിയുടുപ്പിനു മേലെ കറുത്ത ലെഗ്ഗിൻസ്‌ ഇടുമ്പോ പെട്ടെന്നവൾ ഓർത്തു. ശിവരാമനിഷ്ടം സാരിയാണ്‌!
ആകാശനീലക്കളർ സാരിയും അതിനു ചേരുന്ന ഒരു ജോഡിക്കമ്മലും ധരിച്ച്‌ തന്റെ സ്കൂട്ടിയിൽ അഞ്ജന വീടിനു പുറത്തേക്ക്‌ പോകുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു.
വീട്ടിൽ നിന്നും കഷ്ടിച്ച്‌ അര മണിക്കൂർ ഡ്രൈവിന്റെ ദൂരം മാത്രമുള്ളശിവരാമന്റെ ഫ്ലാറ്റിലെത്താൻ നഗരത്തിലെ മുടിഞ്ഞ ട്രാഫിക്ക്‌ വസൂലാക്കിയത്‌ ഒന്നേകാൽ മണിക്കൂർ. സ്കൂട്ടി പാർക്കിംഗ്‌ ഏരിയയിലേക്ക്‌ കയറ്റി ലിഫ്റ്റിൽ കേറിയ അഞ്ജന 4 എന്ന ബട്ടണിൽ വിരലമർത്തിയതിനു ശേഷം സാരി നേരെയിടാൻ തുടങ്ങി. നാലാം നിലയിൽ ലിഫ്റ്റ്‌ നിന്നിട്ടും അൽപ സമയം കൂടി ലിഫ്റ്റിനുള്ളിലെ കണ്ണാടിക്ക്‌ മുന്നിൽ ചിലവിട്ടിട്ടാണ്‌ അവൾ പുറത്തേക്കിറങ്ങിയത്‌.
ഫ്ലാറ്റ്‌ നമ്പർ 4ഡി.
രണ്ട്‌ തവണ കോളിംഗ്‌ ബെല്ലടിച്ചു. പതിവു പോലെ ഉറക്കച്ചടവോടെ ശിവരാമൻ വാതിൽ തുറന്നു. അവൻ ഒരു ബോക്സർ മാത്രമേ ഇട്ടിട്ടുള്ളൂ. നെഞ്ചിൽ മരുന്നിനു പോലും ഒരു രോമമില്ലാത്ത അവനെ അവൾ ആർത്തിയോടെ നോക്കി. തീരെ പ്രതീക്ഷിക്കാത്ത ഒരു അതിഥിയെ കണ്ടതു പോലെ അവനൊന്ന് ചൂളി. പക്ഷേ, പെട്ടെന്ന് തന്നെ അവൻ സമനില വീണ്ടെടുതു.
"അഞ്ജന, സർപ്പ്രൈസാണല്ലോ. ഞാൻ ഒറങ്ങുവായിരുന്നു. ഇരിക്ക്‌. ഞാനൊന്ന് ഫ്രഷ്‌ ആയിട്ട്‌ വരാം"
അവൾ ഉള്ളിലേക്ക്‌ കയറിയതും ശിവരാമൻ വാതിലടച്ച്‌ കുറ്റിയിട്ടു.
അയാൾ ഒന്നും മിണ്ടാതെ ഒരു ടവലെടുത്ത്‌ കുളിമുറിയിലേക്ക്‌ കയറി. അഞ്ജന ചെന്ന് കേറിയ പാടെ നോക്കിയത്‌ വേസ്റ്റ്‌ ബിന്നിലേക്കായിരുന്നു. അതിൽ ഗോൾഡ്‌ ലൈറ്റ്സിന്റെ ഒഴിഞ്ഞ രണ്ട്‌ പാക്കറ്റുകൾ. അവളുടെ മുഖം ചുളിഞ്ഞു. ഒരു ദീർഗ്ഘനിശ്വാസത്തോടെ അവൾ ഷെൽഫിലിരുന്ന പൈനാപ്പിളിന്റെ രുചിയുള്ള ബെക്കാർഡി ഒരു ഗ്ലാസിലേക്കൊഴിച്ചു. ഗ്ലാസിലെ ദ്രാവകം മെല്ലെ സിപ്പ്‌ ചെയ്ത്‌ ഹാളിലെ സോഫയിലിരിക്കുമ്പോ ടീപ്പോയിൽ കിടന്ന ഫാഷൻ മാഗസിൻ അവൾ ശ്രദ്ധിച്ചു. ഒന്ന് അമ്പരന്നെങ്കിലും അവൾ അതെടുത്ത്‌ മറിച്ചു നോക്കിക്കൊണ്ടിരുന്നു.
ശിവരാമൻ കുളി കഴിഞ്ഞിറങ്ങി നേരെ മുറിയിലേക്ക്‌ പോയി. മിനിട്ടുകൾക്കുള്ളിൽ ഒരു ലൂസ്‌ ടിഷർട്ടും ഒരു അരനിക്കറുമിട്ട്‌ അയാൾ അവൾക്കെതിരെ സോഫയിൽ ഇരുന്നു.
"ആരായിരുന്നു?"
ഫാഷൻ മാഗസിൻ ഉയർത്തിപ്പിടിച്ച്‌ അവൾ ചോദിച്ചു.
"ഓ, അതൊരു പുതിയ ആളാ"
അയാൾ അത്‌ പെട്ടെന്ന് പറഞ്ഞു തീർക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക്‌ ബാക്കി അറിയണമായിരുന്നു.
"ങും?"
"ആഹ്‌, റിയ. പി.ജി ഫൈനൽ ഇയർ സ്റ്റുഡന്റ്‌. സൈക്കോളജിക്കാരിയാ"
"കോളേജ്‌ സ്റ്റുഡന്റ്‌?"
വിശ്വാസം വരാത്തതു പോലെ അവൾ ചോദിച്ചു.
"യാ, കോളേജ്‌ സ്റ്റുഡന്റ്‌"
അഞ്ജനയുടെ മുഖം വലിഞ്ഞു മുറുകി.
"ഓ, കിളുന്തുകളെയൊക്കെ കിട്ടിത്തുടങ്ങിയല്ലേ? അപ്പോ നമ്മളൊക്കെ പതിയെ ഔട്ടാകുമായിരിക്കും"
ശിവരാമൻ മെല്ലെ ചിരിച്ചു.
"എടോ, അതാണ്‌ പാട്‌. അവർക്കൊന്നും അറിയില്ല. മായ്ച്ചു കളഞ്ഞ സ്ലേറ്റ്‌ പോലെ എല്ലാം പഠിപ്പിക്കണം. ചടങ്ങാ. പിന്നെ കാശ്‌ കിട്ടുന്ന ഏർപ്പാടായതു കൊണ്ട്‌..."
അയാൾ ചുണ്ടിന്‌ സിപ്പിടുന്നതു പോലെ ആംഗ്യം കാണിച്ചു.
അഞ്ജന ചിരിച്ചു.
"അവൾ വന്നിരുന്നോ, ദീപിക?"
ശിവരാമൻ അത്ഭുതത്തോടെ അവളെ നോക്കി.
"യാ, എങ്ങനെ മനസ്സിലായി"
"ഗോൾഡ്‌ ലൈറ്റ്സ്‌ സിഗരറ്റ്‌"
അവജ്ഞയോടെ അവൾ പറഞ്ഞു.
"അവളെയൊക്കെ ഒഴിവാക്കിക്കൂടേ?"
അവൾ ദേഷ്യത്തോടെ പിറുപിറുത്തു.
"ഹൗ.."
ശിവരാമൻ ചീറി.
"എന്റെ ആദ്യത്തെ കസ്റ്റമറായിരുന്നു ദീപിക. അങ്ങനങ്ങ്‌ ഒഴിവാക്കാൻ പറ്റുമോ?"
"നിനക്കെന്താ സെറ്റിമൻസോ അതോ സിമ്പതിയോ?"
ശിവരാമൻ ചിരിചു.
"അല്ല, കടപ്പാട്‌"
അഞ്ജന പുച്ഛത്തോടെ അവനെ നോക്കി.
"നിനക്ക്‌ വൈൻ വേണോ?"
"ആം, റെഡ്‌ വൈൻ"
അഞ്ജന പൊട്ടിച്ചിരിച്ചു.
"ആം..."
അവന്റെ സംസാര ശൈലി അനുകരിച്ചു കൊണ്ട്‌ അവൾ പറഞ്ഞു.
"എർണ്ണാളത്ത്‌ വന്നിട്ട്‌ വർഷം നാലായി. എന്നിട്ടും നിന്റെ ഭാഷയ്ക്കൊരു ചെയ്ഞ്ചൂല്ല"
അവൾ എണീറ്റ്‌ ഷെൽഫിൽ വെച്ചിരുന്ന റെഡ്‌ വൈൻ ബോട്ടിൽ തുറന്ന് വൈൻ ഗ്ലാസിലേക്ക്‌ പകർന്നു.
"കുടിക്കില്ല , വലിക്കില്ല. ആകെയുള്ളത്‌ ഈ നിരുപദ്രവകാരിയായ വൈൻ മാത്രം"
അവൾ ഗ്ലാസ്‌ ശിവരാമനു കൊടുത്തു.
"നിനക്കെങ്ങനെ ഇങ്ങനെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നു?"
ശിവരാമൻ വൈൻ ഒന്നു സിപ്പ്‌ ചെയ്ത്‌ അവളെ നോക്കി.
"അതിനെക്കാളൊക്കെ ലഹരിയുള്ളത്‌ എനിക്ക്‌ ഇവിടെ കിട്ടുന്നുണ്ടല്ലോ"
അഞ്ജന ഒന്ന് പിടഞ്ഞു.
"അയ്യട, ഈ നാക്ക്‌ കൂടി ഇല്ലായിരുന്നെങ്കിൽ..."
"നാക്കൊക്കെ പിന്നീട്‌ ഉണ്ടായതാ. ഞാൻ ഇവിടെ വരുമ്പോ ബസ്‌ സ്റ്റാന്റിനടുത്തുള്ള ആ ലോഡ്ജിലായിരുന്നു. ഞാൻ എത്തിയതിന്റെ പിറ്റേന്ന്. ഏജന്റ്‌ എന്നെ വിളിപ്പിച്ചു. ഹബീബ്‌, അതായിരുന്നു ഏജന്റിന്റെ പേര്‌"
അഞ്ജന ഇടക്ക്‌ കയറി.
"അയാളല്ലേ ഇപ്പോ ബീച്ച്‌ പരിസരത്ത്‌ ലോട്ടറിക്കച്ചവടം നടത്തുന്നത്‌?"
ഒഴുക്ക്‌ മുറിഞ്ഞ ഈർഷ്യയോടെ അയാൾ അവളെ നോക്കി.
"ആം, ബിസിനസൊക്കെ പൊട്ടി. അന്നെന്നെ വിളിച്ച്‌ ഞാൻ താഴെ എത്തിയപ്പോ അവിടെ വേറെ മൂന്ന് പേരുണ്ട്‌. ഞങ്ങളെ നിരത്തി നിർത്തി. ഒരു പെണ്ണ്‌ വന്ന് ഞങ്ങളെ സൂക്ഷിച്ച്‌ നോക്കി. എന്നിട്ട്‌ എന്നെ ചൂണ്ടീട്ട്‌ 'നീ വാടാന്ന്'. എന്റെ ആദ്യത്തെ കസ്റ്റമർ."
അയാൾ വൈൻ കുടിച്ചു തീർത്തു. അഞ്ജന അയാളെ ശ്രദ്ധിക്കുകയായിരുന്നു. അവൾ ധൃതിയിൽ ഹാൻഡ്ബാഗിൽ നിന്ന് ഏതാനും നോട്ടുകൾ എടുത്ത്‌ അവന്റെ മടിയിലേക്കിട്ടു. അത്‌ ഒരടയാളമായിരുന്നു.
**********
അഞ്ജന നഗ്നയായി കട്ടിലിൽ കിടക്കുകയായിരുന്നു. ശിവരാമൻ ധൃതിയിൽ വസ്ത്രം മാറി.
"വീഞ്ഞ്‌ പഴകുമ്പോഴാണ്‌ ശരിക്കും സ്വാദ്‌ കൂടുന്നത്‌"
അഞ്ജനയുടെ അഭിപ്രായത്തിന്‌ പ്രത്യുപകാരമായി ശിവരാമൻ അവൾക്ക്‌ ഒരു 'കോമ്പ്ലിമെന്ററി' ഉമ്മ സമ്മാനിച്ചു.
പെട്ടെന്ന് കോളിംഗ്‌ ബെൽ. അഞ്ജന ഞെട്ടിയെണീറ്റ്‌ പകപ്പോടെ ശിവരാമനെ നോക്കി.
"നീ ആരാന്ന് നോക്കിയേ. അകത്തേക്ക്‌ വിടരുത്‌. ഞാനൊന്ന് ഡ്രസ്സ്‌ മാറട്ടെ"
അവൾ പെട്ടെന്ന് വസ്ത്രം മാറാൻ തുടങ്ങി.
ശിവരാമൻ മെല്ലെ വാതിൽ തുറന്നു.
"സർ, പിസ്സ"
ചുവപ്പിൽ മുങ്ങിയ പാന്റും ഷർട്ടും ഒരു തൊപ്പിയും വെച്ച പിസ ഡെലിവറി ബോയ്‌ അവന്റെ തോളിൽ തൂക്കിയിരുന്ന ബാഗിൽ നിന്ന് ഒരു പാക്കറ്റ്‌ പിസ്സ എടുത്ത്‌ അയാളുടെ നേരെ നീട്ടി. ശിവരാമൻ അത്‌ വാങ്ങി ടീപോയിലേക്ക്‌ വെച്ചു. മേശവലിപ്പിൽ നിന്നും പണമെടുത്ത്‌ പിസ ഡെലിവറി ബോയ്ക്ക്‌ കൊടുത്ത്‌ വാതിലടക്കുമ്പോൾ മുറിയിൽ നിന്നും അഞ്ജന പതിയെ നടന്ന് വന്നു.
"ആരാ?"
"പിസ ഡെലിവറി ബോയ്‌"
അയാൾ പൊട്ടിച്ചിരിച്ചു.
അഞ്ജന നെഞ്ചിൽ കൈ വെച്ച്‌ ശ്വാസം ആഞ്ഞു വലിച്ചു.
"എന്റെ ദേവീ, എന്റെ പാതിജീവൻ പോയി"
ശിവരാമൻ പൊട്ടിച്ചിരി ബാക്കി പൂർത്തിയാക്കി.
"നിന്റെയൊരു ചിരി!"
അഞ്ജന അയാളുടെ കയ്യ്‌ സാരിക്കിടയിലൂടെ കാണുന്ന നഗ്നമായ തന്റെ വയറിലേക്ക്‌ വെച്ചു. അയാളുടെ കഴുത്തിലൂടെ കയ്യിട്ട്‌ അവൾ ചുണ്ടുകൾ കൊണ്ട്‌ അയാളുടെ നാവുഴിഞ്ഞു.
"നിന്നാൽ ശരിയാവില്ല. ഞാൻ വരാം"
ധൃതിയിൽ അതിൽ നിന്നും മോചിതയായി അവൾ വാതിൽ തുറന്നു. ഒരു നിമിഷം അയാളെ നോക്കിയ ശേഷം വാതിലടച്ച്‌ അവൾ അപ്രത്യക്ഷയായി. ശിവരാമൻ സോഫയിലേക്ക്‌ വീണു.

രണ്ട്‌: ആനി

സ്ത്രീ സുരക്ഷയെപ്പറ്റിയുള്ള ക്ലാസ്‌ കഴിഞ്ഞപ്പോ സമയം 12. സംഘാടകർ ഉച്ച ഭക്ഷണം കഴിക്കാൻ ക്ഷണിച്ചെങ്കിലും ആനി ഒഴിഞ്ഞു മാറി. അവളുടെ മനസ്സിൽ മറ്റൊരു പദ്ധതി രൂപം കൊണ്ടു കഴിഞ്ഞിരുന്നു. അവൾ ഊബർ ആപ്പിൽ കയറി ഒരു ടാക്സി ഓർഡർ ചെയ്തിട്ട്‌ അടുത്തുള്ള കോഫീ ഷോപ്പിലേക്ക്‌ കയറി. ഒരു ബ്ലാക്ക്‌ ടീ മാത്രം ഓർഡർ ചെയ്ത്‌ അവിടെ ഇരിക്കുമ്പോൾ രണ്ട്‌ പെൺകുട്ടികൾ അടുത്തേക്ക്‌ വന്നു.
"മാം, ഞങ്ങളിവിടെ ഇരുന്നോട്ടെ?"
"ഇരിക്കിരിക്ക്‌"
ആനി ചുണ്ടിലൊരു പുഞ്ചിരി ഫിറ്റ്‌ ചെയ്ത്‌ അവരോട്‌ ഇരിക്കാൻ കൈയാംഗ്യം കാണിച്ചു. അവർ അവിടെ ഇരുന്നു.
"ക്ലാസ്‌ നന്നായിരുന്നു മാം"
കണ്ണട വെച്ച, തടിച്ച കുട്ടി പറഞ്ഞു. ആനി തലയാട്ടി.
"ഓ, അപ്പോ ക്ലാസിലുണ്ടായിരുന്നോ?"
കാപ്പി മേശപ്പുറത്തെത്തി.
"ഉവ്വ്‌, മാം"
മുടി രണ്ടായി പിന്നിയിട്ട മട്ടേ കുട്ടി പറഞ്ഞു.
"ആക്ച്വലി, ഞങ്ങൾ മാമിനെ ഒന്ന് കാണാനിരിക്കുകയായിരുന്നു"
ആനി കാപ്പി കുടിച്ചു കൊണ്ടിരുന്നു.
"എന്താ കാര്യം?"
അവർ പരസ്പരം നോക്കി.
"ഞങ്ങൾ ലവേഴ്സ്‌ ആണ്‌"
മടിച്ചു മടിച്ചാണ്‌ പന്നിവാൽ മുടിക്കാരി പറഞ്ഞത്‌. ആനി അത്ഭുതത്താൽ ചൂളിപ്പോയി.
"ആഹാ, കൊള്ളാലോ. കങ്ക്രാസ്‌"
അവർ ചിരിച്ചു. മുഖം തെളിഞ്ഞു.
"പക്ഷേ, മാമിനറിയാലോ സൊസൈറ്റി. സപ്പോർട്ട്‌ ഇല്ല. ഒന്ന് ഹെൽപ്‌ ചെയ്യാൻ പറ്റ്വോ?"
ആനി ചായ കുടിച്ച്‌ തീർത്തു.
"ഷുവർ. ദാ എന്റെ നമ്പർ. വിളിക്കണം, ഓക്കെ?"
അവൾ അവർക്ക്‌ തന്റെ മൊബെയിൽ നമ്പർ കൈമാറിയിട്ട്‌ വേഗം എഴുന്നേറ്റു. ടാക്സി വന്നിരിക്കുന്നു.
*******
"ലിഫ്റ്റ്‌ വർക്കിങ്ങല്ല ചേച്ചീ"
ലിഫ്റ്റിലെ ബട്ടണിൽ കുത്തിക്കൊണ്ടിരിക്കുമ്പോൾ സെക്യൂരിറ്റി എന്തോ അപരാധം പോലെ പറഞ്ഞു. അവൾ നിസ്സഹായതയോടെ പടികളിലേക്ക്‌ നോക്കി.
പഴയ ഊർജ്ജം ഇല്ല. കുറച്ചടികൾ വെക്കുമ്പോഴേക്കും തളർന്ന് പോകുന്നു. അവൾ പല തവണ നിന്ന് കിതച്ചു. അവസാനം നാലാം നിലയിലേക്ക്‌ കയറിയപ്പോൾ ഇടനാഴിയുടെ അങ്ങേയറ്റത്ത്‌ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന ശിവരാമനെ അവൾ കണ്ടു. സാരിത്തലപ്പു കൊണ്ട്‌ പെട്ടെന്ന് വിയർപ്പ്‌ ഒപ്പാൻ ശ്രമിച്ചെങ്കിലും ശിവരാമൻ അവളെ കണ്ടു.
"ഇതെന്താ, യുദ്ധമായിരുന്നോ?"
അയാൾ ഫോണിന്റെ മൗത്ത്പീസ്‌ പൊത്തിപ്പിടിച്ചു കൊണ്ട്‌ ചോദിച്ചു.
"ലിഫ്റ്റ്‌ കേടാ. നടന്നു"
വിളറിയ ഒരു ചിരിയുടെ അകമ്പടിയോടെ കിതച്ചു കൊണ്ട്‌ അവൾ പറഞ്ഞു.
"ങാ, അകത്തേക്കിരി. ഞാൻ വരാം"
അയാൾ ആംഗ്യം കൊണ്ട്‌ അത്രയും പറഞ്ഞിട്ട്‌ വീണ്ടും ഫോൺ സംസാരം തുടർന്നു.
ചെന്ന് കേറിയ പാടെ ആനി സോഫയിലേക്ക് വീണു. തന്റെ ഹാൻഡ് ബാഗ് അവൾ ടീപ്പോയിലേക്കിട്ടു. ഇരുന്ന് കിതപ്പു മാറ്റുന്നതിനിടെ ശിവരാമൻ കയറി വന്നു.
"നീ ഫെമിനിസ്റ്റാണോ?"
യാതൊരു മുഖവുരയും കൂടാതെയുള്ള ശിവരാമന്റെ ആ ചോദ്യം കേട്ടപ്പോൾ അവൾ അമ്പരന്നു.
"നീ എന്താ അങ്ങനെ ചോദിച്ചത്?"
അമ്പരപ്പ് ചോദ്യരൂപത്തിൽ പുറത്തേക്ക്. അതിനു മറുപടിയായി ശിവരാമൻ തന്റെ ലാപ്പ് തുറന്ന് അവളുടെ മുന്നിലേക്ക് വെച്ചു. ഏതോ ഒരു ഓൺലൈൻ പത്രത്തിലെ വാർത്തയാണതിൽ.
'സ്ത്രീ സുരക്ഷാ കാമ്പയിൻ; ഉത്‌ഘാടനം ആനി ജോണ്സൻ'
അവൾ അത് വായിച്ച് ചോദ്യ ഭാവത്തിൽ അയാളെ നോക്കി.
"ഇത് നീയല്ലേ?"
"അതെ. ഇന്നത്തെ പ്രോഗ്രാമായിരുന്നു. ഇത് കഴിഞ്ഞിട്ടാ ഞാനിങ്ങോട്ട് വന്നത്"
"അപ്പോ നീ ഫെമിനിസ്റ്റല്ലേ?"
അയാളുടെ മുഖത്തെ അത്ഭുത ഭാവം കണ്ട് അവൾ അമ്പരന്നു.
"അതെ, അതിനെന്താ? നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ?"
ശിവരാമൻ ലാപ്പടച്ചു.
"എനിക്കൊരു പ്രശ്നവുമില്ല. അല്ല.."
അവൾ ചെവി കൂർപ്പിച്ചു.
"നീ ഫെമിനിസ്റ്റല്ലേ? പിന്നെന്തിനാ എന്നെ തേടി വരുന്നത്?"
അവൾ അയാളെ ചുഴിഞ്ഞ് നോക്കി.
"ഞാൻ ഒരു പെണ്ണായതു കൊണ്ട്"
ആ മറുപടി അയാളെ തൃപ്തനാക്കിയില്ലെന്ന് ചുളിഞ്ഞ അയാളുടെ മുഖം സാക്ഷ്യപ്പെടുത്തി.
ആനി തുടർന്ന്:
"ഞാൻ ഫെമിനിസ്റ്റാണ്, പുരുഷ വിരോധിയല്ല"
അയാൾ പുതിയ ഒരു കാര്യം കേൾക്കുന്നതു പോലെ അവളെ ഉറ്റു നോക്കി.
"ഫെമിനിസ്റ്റെന്നാൽ പുരുഷ വിരോധി എന്ന് വിവക്ഷയില്ല. സ്ത്രീ സമത്വം ആണ് എന്റെ അജണ്ട. സോ കോൾഡ് ഫെമിനിസ്റ്റുകളുണ്ടാവും, പുരുഷ വിരോധവും പേറി നടക്കുന്നവർ. അത് വിവരക്കേടിന്റെ പ്രശ്നമാണ്. അതിൽ എന്നെ കൂട്ടണ്ട"
ശിവരാമൻ ചിരിച്ചു. പെട്ടെന്ന് ആനിയുടെ ഫോണിലേക്ക് ഒരു കോൾ. അവൾ അത് പെട്ടെന്ന് കട്ട് ചെയ്തു.
"ശല്യം!"
ശിവരാമൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
"ഓ, അത് ഒരു ലെസ്ബിയൻ കപ്പിൾസ്. എന്റെ ഹെല്പ് വേണമത്രേ. ചടങ്ങാ. ഇതൊക്കെ ആലോചിച്ച് ഇറങ്ങിപ്പുറപ്പെട്ടാൽ പോരെ? കുറേ ഹോമോസെക്ഷ്വൽസ് ഇറങ്ങിയിരിക്കുന്നു"
ഈര്ഷ്യയോടെയുള്ള അവളുടെ സംസാരം കേട്ട ശിവരാമൻ വീണ്ടും ചിരിച്ചു.
"അല്ല, സംസാരിച്ച് സമയം കളയാനാ നിന്റെ പ്ലാൻ?"
അവൾ സോഫയിൽ നിന്നും എഴുന്നേറ്റു.
"വന്നേ"
ശിവരാമന്റെ ബനിയനിൽ പിടിച്ച് അയാളെ എഴുന്നേൽപ്പിക്കുന്നതിനോടൊപ്പം അവൾ അത് ഊരി സോഫയിലേക്കിട്ടു.
***********************************
"നീ ഡിസ്റ്റർബ്ഡ് ആണോ?"
സാരിയുടെ മുന്താണി നേരെയാക്കുന്നതിനിടെ ആനി ചോദിച്ചു. ശിവരാമൻ കിടക്കുകയായിരുന്നു. അയാൾ മറുപടി ഒന്നും പറയാതെ അവളെ അലസമായി ഒന്ന് നോക്കി.
"പെർഫോമൻസ് മോശമായിരുന്നേ ..."
അപ്പോഴും അയാൾ ഒന്നും മിണ്ടിയില്ല. ആനി ഹാൻഡ് ബാഗിൽ നിന്നും ഏതാനും നോട്ടുകളെടുത്ത് മേശപ്പുറത്ത് വെച്ചു.
"ഞാൻ പോവുകയാണ്"
അപ്പോഴും അയാൾ നിശബ്ദത പാലിച്ചു.
ആനി പുറത്തേക്ക് പോയി.

മൂന്ന്: ദീപിക
ബസ്സിറങ്ങാൻ നേരം ദീപിക ശ്രദ്ധിച്ചത് വാതിൽക്കൽ നിന്ന കിളി മുട്ടിയുരുമ്മുമോ എന്നാണ്. അയാൾക്ക് ആ അസുഖം ഉള്ളതാണ്. ഇന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ അവൾ മുഖമടച്ച് ഒന്ന് കൊടുത്തേനെ. പക്ഷേ, ഒന്നുമുണ്ടായില്ല. അവൾ ബസ്സിറങ്ങി റോഡിന്റെ ഓരം ചേർന്ന് നടന്നു. സെക്യൂരിറ്റി ഗേറ്റു തുറന്നത് പുച്ഛത്തോടെയാണ്. അത് ഇപ്പോൾ പഴകിയിരിക്കുന്നു. അവൾ അത് കാര്യമാക്കിയില്ല. ദീപിക ലിഫ്റ്റ് ഉപയോഗിക്കാറില്ല. പടികൾ കയറിയാണ് അവളുടെ പോക്ക്. വാഹനം പരമാവധി ഒഴിവാക്കി നടപ്പാണ് അവളുടെ രീതി. അതു കൊണ്ട് തന്നെ ഇപ്പോഴും അവളുടെ ശരീരം ഉടയാതെ കാത്തു സൂക്ഷിക്കാൻ അവൾക്ക് കഴിയുന്നു.
ശിവരാമൻ വാതിൽ തുറന്നത് ക്ഷീണത്തോടെയാണ്.
"ഡേയ്, എന്തര് പറ്റിയെടാ?"
അവന്റെ തോളിൽ പിടിച്ചു കൊണ്ട് ദീപിക ചോദിച്ചു.
"എന്ത്, നിനക്ക് വയ്യേ?"
"ഏയ്, അതൊന്നുമില്ല. ഉറക്കമായിരുന്നു"
സോഫയിലേക്കിരുന്നു കൊണ്ട് അയാൾ പറഞ്ഞു.
"ഓ, അത്രേം ഒള്ളാരുന്നാ. ഞാനങ്ങ് പ്യാടിച്ച്"
അയാളുടെ രഹസ്യ ഭാഗത്തേക്ക് കൈ മുട്ടമർത്തി അവൾ നെടുവീർപ്പിട്ടു.
"ഇപ്പോ എവിടന്നാണ് വരവ്?"
അവളുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് ശിവരാമൻ ചോദിച്ചു.
"ഞാൻ വീട്ടില് പോയിരുന്നെടെ. അവിടെ അങ്ങേർടെ ഓരോ കളികള്. എനിക്കങ്ങ് കലിപ്പായി. ഞാൻ ഇങ്ങ് പോന്ന്"
ശിവരാമൻ ഒരു കോട്ടുവായിട്ടു.
അത് കണ്ട ദീപിക അവളുടെ കയ്യ് കൊണ്ട് അയാളുടെ വായ പൊത്തി.
"ഡേയ്, അലമ്പാക്കല്ല്. ഞാൻ വന്നിരിക്കണ തന്നെ കൊറച്ച് സമാധാനത്തിനാണ്. അറിയാലാ. അത് നീയായിട്ട് നശിപ്പിക്കല്ല്"
അയാൾ കൈ കൊണ്ട് അവളെ ചുറ്റിപ്പിടിച്ചു.
"ഏയ്, യാതൊന്നുമില്ല. ഞാൻ ഓക്കെയായി."
"വോ, അത് മതി"
***************************
"നിനക്ക് ഓര്മയുണ്ടോടാ, ഞാൻ നിന്ന ആദ്യായിട്ട് കണ്ട അന്ന്. നീ അന്ന് എന്തര് മെലിഞ്ഞതായിരുന്ന്. ഇപ്പം കേറി അങ്ങ് കൊഴുത്ത്"
ശിവരാമൻ ബെഡ്‌ഡിൽ എഴുന്നേറ്റിരുന്നു.
"പിന്നെ, ഓര്മയുണ്ടോന്ന്. അതൊന്നും ഞാൻ മറന്നിട്ടില്ല"
അവൾ വാത്സല്യത്തോടെ അയാളുടെ താടിയിൽ പിടിച്ചു.
"ഞാൻ പോണ്. താമസിച്ചാ ശരിയാവൂല"
അവൾ പെട്ടെന്നെഴുന്നേറ് സാരി ഉടുത്തു.
"പോട്ടാ?"
ഉത്തരം വേണ്ടാത്തൊരു ചോദ്യം അകത്തളത്തിലേക്കിട്ട് അവൾ പോയി. ശിവരാമൻ ചിന്തകളുടെ ഭാരവും പേറി സോഫയിലേക്കിരുന്നു.
**********************************

നാല്: ശിവരാമൻ

'കേരളത്തിലെ ആദ്യത്തെ ആൺവേശ്യ മരണപ്പെട്ട നിലയിൽ. ആത്മഹത്യ എന്ന് സംശയം' എന്ന ഫ്‌ളാഷ് ന്യൂസ് ചാനലിൽ ഓടിത്തുടങ്ങിയതിന്റെ പത്താം മിനിറ്റിൽ മൂന്ന് പെണ്ണുങ്ങളും ജാമ്യമെടുക്കാൻ വക്കീലിനെ പോലും തയാറാക്കി വെച്ചിരുന്നു. പക്ഷേ, വേണ്ടി വന്നില്ല. മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞു. ഉറക്ക ഗുളികയുടെ കുപ്പി പോലീസ് കണ്ടെടുത്തു.
അഞ്ജന വൈകുന്നേരങ്ങളെ ടിവിയിൽ ചാനൽ മാറ്റി കൊന്നു കളഞ്ഞു. അയൽക്കൂട്ടത്തിൽ പോയി നാടിന്റെ അവസ്ഥയെപ്പറ്റി ആവലാതിപ്പെട്ടു. ആൺവേശ്യയത്രേ!
ആനി പ്രസംഗപീഠങ്ങളും ഇടങ്ങളും മാറിക്കൊണ്ടിരുന്നു. 'ആൺവേശ്യ പിടിമുറുക്കുന്ന കേരളം' എന്ന ലേഖനം ദേശീയ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ആൺവേശ്യയത്രേ!
ദീപിക തന്റെ തിരച്ചിൽ വീണ്ടും തുടർന്നു. അവൾക്ക് നേരം പൊക്കാൻ കേൾവിക്കാറുണ്ടായിരുന്നില്ല. അവൾ നടപ്പ് തുടർന്നു. അവൾക്ക് വൈകുന്നേരങ്ങൾ രാത്രികളിലേക്കും രാത്രികൾ പിറ്റേന്ന് പ്രഭാതങ്ങളിലേക്കും നീട്ടണമായിരുന്നു. അവൾ വീണ്ടും ശിവരാമനെ തേടിയിറങ്ങി.