Wednesday, April 10, 2013

-നിഴൽജിത്ത്‌ (ഇന്ദ്രനെ ജയിച്ചവൻ ഇന്ദ്രജിത്ത്. അപ്പോ നിഴലിനെ ജയിച്ചവൻ നിഴല്ജിത്ത്. എന്താ, അങ്ങനെയല്ലേ?)



കടയിൽ നിന്നും വീട്ടിലേക്ക്‌ നടക്കുകയാണ്‌.
രാത്രി.
വഴിവിളക്കിന്റെ പ്രകാശമുണ്ട്‌.
പെട്ടെന്നാരോ വിളിച്ചു-
"ഡാ, ബാസീ"
ഞാൻ തിരിഞ്ഞും മറിഞ്ഞുമൊക്കെ നോക്കി. ആരുമില്ല.
'തോന്നിയതാണോ?"
രണ്ടടി വെച്ച്പ്പോഴേക്കും വീണ്ടും-
"ഡാ, ഇവിടെ"
'ഇനിയിപ്പോ സമയമായി എന്നറിയിക്കാൻ മുകളിൽ നിന്ന് പടച്ചവനെങ്ങാനും വിളിക്കുന്നതാണോ?'
ആകാംക്ഷയോടെ മുകളിലേക്കു നോക്കി.
അല്ല, പടച്ചവനല്ല. നിരാശനായി.
"മുകളിലല്ലെടാ, താഴെ താഴെ..."
'താഴെയോ?'
ഞാൻ താഴേക്കു നോക്കി.
'ഓ, നിഴലാണ്‌. എന്റെ നിഴൽ!'
എനിക്ക്‌ കലി വന്നു.
ഞാൻ ദേഷ്യത്തോടെ മുന്നോട്ട്‌ നടന്നു.
"ഡാ, നിന്റെ പോക്കത്ത്ര ശരിയല്ല"
"ങും, എന്റെ പോക്കിനെന്താ കുഴപ്പം?"
"ഇനി ഞാൻ പറഞ്ഞു തരണോ?"
ഞാൻ ഒന്നും മിണ്ടിയില്ല.
"നീ വലിയും കുടിയുമൊക്കെ തുടങ്ങിയല്ലേ?"
'ഓ, ഉപദേശം!'
"അതിന്‌ നിനക്കെന്താ? ഇതൊക്കെ വലിക്കാനും കുടിക്കാനുമൊക്കെ ഉള്ളതല്ലേ."
"ങ്‌ഹും, എനിക്കിതൊന്നും ഇഷ്ടമല്ല. നീ കുടിക്കുമ്പോഴും വലിക്കുമ്പോഴുമൊക്കെ നിന്നോടൊക്കെ ഞാനും ഇതൊക്കെ ചെയ്യേണ്ടി വരും"
"ഞാൻ പറഞ്ഞോ നിന്നോടിതൊക്കെ ചെയ്യാൻ?"
"നീ പറയാതെ തന്നെ ഞങ്ങൾ ഇതൊക്കെ ചെയ്യണം. ഞങ്ങളുടെ കടമയാണത്‌"
"ഓ"
"കഴിഞ്ഞ ജന്മത്തിൽ ഞാൻ ആരുടെ നിഴലായിരുന്നു എന്ന് നിനക്കറിയാമോ?"
"
ആരുടെയായാലും എനിക്കെന്താ?"

ഞാൻ കാത്‌ കൂർപ്പിച്ചു.
"ഹരിശ്ചന്ദ്രന്റെ നിഴലായിരുന്നു ഞാൻ"
"ഏത്‌ ഹരിശ്ചന്ദ്രന്റെ?"
"സാക്ഷാൽ ഹരിശ്ചന്ദ്രന്റെ!"
"ഞാൻ അട്ടഹസിച്ച്‌ ചിരിച്ചു.
"ഹ ഹ ഹാ... ഒഞ്ഞു പോടാപ്പാ. ഹരിശ്ചന്ദ്രന്റെ നിഴലാകാൻ പറ്റിയ ഒരു ചരക്ക്‌!"
"നീ ചിരിക്കും. അല്ലെങ്കിലും എപ്പോഴും സത്യത്തിനു നേരെ കൊഞ്ഞനം കാണിക്കുക എന്നതാണല്ലോ നിന്റെ പതിവ്‌"
"ദേ, എനിക്ക്‌ ദേഷ്യം വരുന്നുണ്ട്‌"
"ഹും, ദേഷ്യം! കുറേപ്പേരെ നിരത്തി നിർത്തി പടച്ചവൻ എന്നോട്‌ ചോദിച്ചതാ, നിനക്ക്‌ ആരെ വേണമെടാ കൊച്ചേ എന്ന്"
ഞാൻ ഇടക്ക്‌ കയറി.
"പടച്ചവനോ?!! നീ ഹിന്ദു നിഴൽ അല്ലായിരുന്നോ? നിനക്കെവിടാ പടച്ചവൻ? നിനക്ക്‌ ബ്രഹ്മാവല്ലേ?"
"ഛായ്‌, നിനക്ക്‌ മനസ്സിലാകാൻ വേണ്ടി പറഞ്ഞതാടേ. നിങ്ങൾക്കല്ലേ പലർക്കും പല ദൈവം എന്ന വിശ്വാസം. പല പേരുകളിൽ ദൈവത്തെ വിളിക്കുന്നത്‌ നിങ്ങളല്ലേ. ആകെ ഒരാളെയുള്ളൂ ഞങ്ങൾക്ക്‌"
"ഞങ്ങൾക്ക്‌ എന്നു പറഞ്ഞാൽ?"
"ഞങ്ങൾ നിഴലുകൾക്ക്‌!"
"ഓ"
"അന്ന് ഞാൻ നിന്നെ തിരഞ്ഞെടുത്തു. അബദ്ധം പറ്റിപ്പോയി"
"അതെന്റെ തെറ്റാണോ?"
"അല്ലേയല്ല. എന്റെ തെറ്റാ"
"ങ്‌ഹും"
"ഡാ, നീയെന്തിനാ ആ പെണ്ണിനോട്‌ ഇഷ്ടമല്ല എന്നു പറഞ്ഞത്‌. എനിക്കാണെങ്കിൽ ഒത്തിരി ഇഷ്ടമായി"
"ങേ?"
"അവളുടെ നിഴലിനെ"
"ഏത്‌ പെണ്ണ്‌?"
"ഇന്നലെ കടയിൽ വന്ന ആ പെണ്ണ്‌"
"ഓ, പ്രേമം. മണ്ണാങ്കട്ട! യു ജസ്റ്റ്‌ ഗെറ്റ്‌ ഓഫ്‌!"*
"ഇതാ കുഴപ്പം. ഈ പിള്ളേരൊക്കെ ദേഷ്യം വന്നാൽ പിന്നെ ചറപറാ ഇംഗ്ലീഷാ!"
"എടാവ്വേ, എനിക്ക്‌ ദേഷ്യം വരുന്നുണ്ട്‌ കേട്ടോ. ഒന്നു പോകുന്നുണ്ടോ"
നിഴൽ ആർത്തു ചിരിച്ചു.
"ഹാ ഹാ ഹാാ..., ഞാനെങ്ങനെ പോകാനാ? നീ ഇല്ലാതായാലല്ലേ ഞാനും ഇല്ലാതാകൂ"
"അതുടനെയുണ്ടാകും"
"ഹ ഹ ഹാ, ഭാഗ്യം!"
"ഇനിയും എന്നെ ഹരാസ്സ്‌ ചെയ്യാനാണ്‌ നിന്റെ ഭാവമെങ്കിൽ 
  വിൽ ഫിനിഷ്‌ യു!"
"പോടേ പോടേ, പേടിപ്പിക്കല്ലേ"
ഉടൻ തന്നെ ഞാൻ ഇരുട്ടത്തെക്ക്‌ മാറി നടന്നു.
ഇരുട്ടിന്റെ ദംഷ്ട്രങ്ങളിൽ കിടന്ന് പിടയുന്ന എന്റെ നിഴലിന്റെ ചിത്രം എന്നെ ആഹ്ലാദചിത്തനാക്കി.
പിന്നീടൊരിക്കലും ഞാൻ വെളിച്ചത്തിലൂടെ നടന്നിട്ടില്ല.
ഇവിടെ, എന്റെ കല്ലറയിലിരുന്ന് പാണിനി കീപാഡ്‌ ഉപയോഗിച്ച്‌ ഇത്‌ ടൈപ്പ്‌ ചെയ്യുമ്പോഴും ഞാൻ ഇരുട്ടത്താണ്‌. എനിക്ക്‌ വെളിച്ചം വേണ്ട, തമസ്സല്ലോ സുഖപ്രദം!
*'കിട്ടാത്ത മുന്തിരി പുളിക്കും' എന്ന പഴഞ്ചൊല്ലു കൊണ്ട്‌ ഈ വാചകത്തെ വ്യാഖ്യാനിക്കണമെന്ന് ഞാൻ വായനക്കാരോട്‌ അഭ്യർത്ഥിക്കുന്നു.

No comments:

Post a Comment