Monday, April 22, 2013

ഭൌമദിനം; ഒരു ചിന്ത

-എന്നോ എവിടെയോ വായിച്ച ഒരു കവിതയോട്‌ കടപ്പാട്‌-

അവധിക്ക്‌ നാട്ടിലെത്തിയതായിരുന്നു അയാൾ.
പുറപ്പെടുമ്പോൾ സഹമുറിയന്മാർ എല്ലാവരും ആവശ്യപ്പെട്ടത്‌ ഒരു കാര്യമായിരുന്നു.
"ഡാ, വരുമ്പോ നിന്റെ നാടിന്റെ കുറച്ച്‌ ഫോട്ടോ കൊണ്ടു വരണേ..."
ഫിലിപ്പൈൻകാരൻ റോയ്‌ കുറച്ചു കൂടി വ്യക്തമായി ആവശ്യപ്പെട്ടു.
"ഹെയ്‌ അബ്ബാസ്‌, ഐ നീഡ്‌ എ കമ്പ്ലിറ്റ്‌ പിക്ചർ എബൗട്ട്‌ യുവർ വില്ലേജ്‌"
നാടിനെക്കുറിച്ച്‌ ഒരുപാട്‌ പറഞ്ഞിട്ടുണ്ടായിരുന്നു അയാൾ.
വീടിനു മുന്നിലൂടെ ഒഴുകുന്ന പുഴയെക്കുറിച്ചും, വീടിനടുത്തുള്ള സർപ്പക്കാവിനെക്കുറിച്ചും, വീട്ടിലെ തൊഴുത്തിനെപ്പറ്റിയും പിന്നെ വേറെയുൻ ഒത്തിരി കാര്യങ്ങൾ.
അതിന്റെയൊക്കെ ചിത്രങ്ങൾ എടുത്തു കൊണ്ട്‌ വരാനാണ്‌ അവർ പറഞ്ഞത്‌.
"ഏറ്റു, ഏറ്റു"
ഓരോരുത്തരും അവരവരുടെ വീട്ടിലേക്ക്‌ എത്തിക്കേണ്ട സാധനങ്ങൾ പാക്ക്‌ ചെയ്തു തന്നു. അയാളുടെ കുറേ സാധനങ്ങൾ അയാൾക്ക്‌ ഒഴിവാക്കേണ്ടിയും വന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽ അയാളെ സ്വീകരിക്കാൻ ഉമ്മയും വാപ്പയും ഭാര്യയും മോനും ഉണ്ടായിരുന്നു.
"നീ ഒത്തിരി മെലിഞ്ഞല്ലോടാ"
നീണ്ട അഞ്ച്‌ വർഷങ്ങൾക്ക്‌ ശേഷം കാണുന്ന തന്റെ മോന്റെ കവിളിൽ തലോടിക്കൊണ്ട്‌ ആ ഉമ്മ കരഞ്ഞു.
മോൻ ഇതൊക്കെക്കണ്ട്‌ അന്തം വിട്ടു നിൽക്കുകയാണ്‌. അയാൾ അവനെ വാരിയെടുത്ത്‌ ഒരു ഉമ്മ കൊടുത്തു.
"സിദ്ദൂ, നീ സ്കൂളിൽ പോകുന്നില്ലേടാ?"
സിദാൻ ഒരൽപം അകൽച്ച കാണിച്ചു.
അപ്പോഴാണ്‌ ശാലുവിനെ കണ്ടത്‌. നിറകണ്ണുകളോടെ അയാളെ നോക്കി സായൂജ്യമടയുകയായിരുന്നു അവൾ.
അന്നു രാത്രി അയാൾക്ക്‌ പറയാൻ ഒരുപാടുണ്ടായിരുന്നു. ശാലുവിന്റെ കണ്ണുനീരിന്റെ ഉപ്പിന്‌ ഒരു പ്രത്യേക സ്വാദുണ്ടെന്ന് അയാൾക്ക്‌ മനസ്സിലായത്‌ അന്നാണ്‌.
പിറ്റേന്ന് പൊള്ളച്ചിരിയുമായി വന്ന ബന്ധുക്കളുടെ ശല്യം ഒന്നു ശമിച്ചപ്പോൾ അയാൾ സിദാനുമൊത്ത്‌ പുറത്തിറങ്ങി.
"എങ്ങോട്ടാ ഇക്കാ?"
ഇറങ്ങാൻ നേരത്ത്‌ ശാലുവിന്റെ അന്വേഷണം.
"ഒന്നു പുറത്തേക്കിറങ്ങുവാടീ, വരുന്നോ?"
"ഇല്ല. ഉപ്പയും മോനും കൂടി പോയിട്ട്‌ വാ. വേഗം വരണേ"
"ങാ, വന്നേക്കാം"
അയാൾ തോട്ടുവക്കത്ത്‌ ചെന്നു. കുറച്ച്‌ ഫോട്ടോ എടുക്കണം; തോടിന്റെ ഫോട്ടോ തന്നെ.
തന്റെ ഡിജിറ്റൽ ക്യാമറ അയാൾ തോട്ടിലേക്ക്‌ തിരിച്ചു. ഫ്രെയിമിൽ തോട്‌ കാണുന്നില്ല! അയാൾ വീണ്ടും നോക്കി. ഇല്ല; തോടില്ല!! ഫ്രെയിമിൽ തെളിയുന്നത്‌ കുറച്ച്‌ വേസ്റ്റ്‌ കുപ്പികളും പാട്ടകളും അറവുശാലയിലെ മാലിന്യങ്ങളും മാത്രമാണ്‌.
'ഓ, തോട്‌ നഷ്ടപ്പെട്ടു'
വേദനയോടെ അയാൾ മനസ്സിലാക്കി.
ഫ്രെയിമിൽ കുടുങ്ങിയ കുറേ മലിന വസ്തുക്കളെയും കൊണ്ട്‌ അയാൾ വീട്ടിൽ കയറി.
അയാൾ നിരാശനായിരുന്നു.
"ആഹാ, കഴിഞ്ഞോ?"
ശാലു അയാളുടെ തലക്കൽ; മെത്തയിൽ വന്നിരുന്നു.
അയാൾ ഒന്നും മിണ്ടിയില്ല.
'ഇനിയിപ്പോ തൊഴുത്തേയുള്ളൂ'
അയാൾ എഴുന്നേറ്റു.
ഇത്തവണ ശാലു പിന്നാലെ വന്നു.
തൊഴുത്ത്‌ നിന്നിടം ശൂന്യം!
അയാളുടെ കണ്ണിലെ ചോദ്യഭാവം കണ്ടിട്ടാവണം അവൾ പറഞ്ഞു-
"അത്‌ പൊളിച്ചു. അറിയിക്കാൻ പറ്റിയില്ല."
"അതെന്താ?"
അയാളുടെ ശബ്ദം ഇടറി.
അവൾ മുന്നോട്ട്‌ നടന്നു.
"അയ്യേ, ഇത്രയും വലിയ ഒരു ഗൾഫ്‌കാരന്റെ വീട്ടില്‌ പശുവിനെ വളർത്തുന്നതെന്തിനാ?"
അയാൾ നിസ്സഹായനായി നിന്നു.
ചവിട്ടി നിൽക്കുന്ന ഭൂമി താഴ്‌ന്നു പോകുന്നത്‌ ഒരു വേദനയോടെ അയാൾ അറിഞ്ഞു. 'തിരികെ പോകാൻ ഇനിയെത്ര ദിവസങ്ങൾ ഉണ്ട്‌?' എന്നു ചിന്തിക്കുകയായിരുന്നു അയാൾ.

ലേബൽ: ഇന്ന് ലോക ഭൗമദിനം

No comments:

Post a Comment