Sunday, May 5, 2013

കഥയും ജീവിതവും

സാംസ്കാരിക കേരളമേ, ലജ്ജിക്കുക!
'കഥയല്ലിത് ജീവിതം.' ഒരു പ്രമുഖ ചാനലില്‍ ദിനേന സംപ്രേഷണം ചെയ്യുന്ന നല്ല റേറ്റിംഗ് ഉള്ള പ്രോഗ്രാം. പക്ഷേ, റേറ്റിംഗ് കൂട്ടാന്‍ തികച്ചും തരം താണ രീതിയാണ് അവര്‍ തിരഞ്ഞെടുത്തിരിയ്ക്കുന്നത്.
ഭാര്യാഭര്‍ത്ത്രുബന്ധത്തില്‍ ഉരസലുകളുണ്ടാവുക സ്വാഭാവികമാണ്. ആ കുടുംബത്തിനകത്തു പരിഹരിയ്ക്കപ്പെടേണ്ട ആ പ്രശ്നം ക്യാമറയ്ക്കു മുന്നിലേയ്ക്കു വലിച്ചിഴച്ച് ലോകം മുഴുവനുമുള്ള മലയാളികളുടെ തീന്‍മേശയിലേയ്ക്ക് എത്തിച്ച് ചാനല്‍ റേറ്റിംഗ് കൂട്ടുന്ന ഒരു ദുഷിച്ച 'റിയാലിറ്റി ഷോ' അങ്ങനെ തന്നെ പറയണം ആ പരിപാടിയെക്കുറിച്ച്. കുടുംബത്തിലെ എല്ലാ അംഗങ്ങളും;ചിലപ്പോള്‍ നാട്ടുകാര്‍ പോലും പങ്കെടുക്കുന്ന, തരക്കേടില്ലാത്ത ഒരു അവതാരകയും വിധികര്‍ത്താക്കളും ഒക്കെയുള്ള ഒരു പക്കാ റിയാലിറ്റി ഷോ. ഷോ കഴിയുമ്ബോള്‍ ആ കുടുംബത്തിനു കിട്ടുക തങ്ങളുടെ മാത്രം പ്രശ്നങ്ങള്‍ ലോകം മുഴുവന്‍ അറിഞ്ഞു എന്ന സംത്റുപ്തി.
മറ്റുള്ളവരുടെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കുക എന്നത് മനുഷ്യന്‍റെ സഹജ സ്വഭാവമാണ്. അടച്ചു വെച്ചിരിയ്ക്കുന്നതെന്തും തുറന്നു നോക്കാന്‍ മനുഷ്യന്‍ ആഗ്രഹിയ്ക്കുന്നു. പണ്ടോറയുടെ പെട്ടി മുതല്‍ തുടങ്ങുന്നു മനുഷ്യന്‍റെ ആ ദുശീലം. ഈ ദുശീലത്തെ പരമാവധി ദുര്‍വിനിയോഗം ചെയ്താണ് ചാനല്‍ കാശുണ്ടാക്കുന്നത്.
ഈ തറപ്പരിപാടിയ്ക്ക് ആവശ്യമായ കുരുട്ടുബുദ്ധി ചാനല്‍ രാക്ഷസന്‍ റൂപര്‍ട്ട് മര്‍ഡോക്കിന്‍റെ തലയില്‍ പോലും ഉദിച്ചില്ലെന്നു വേണം. അല്ലെങ്കില്‍ ആ മഹാന്‍റെ ചാനല്‍ ഈ പരിപാടിയ്ക്ക് തുടക്കമിട്ടേനേ. ഒറ്റപ്പെട്ട ചില പ്രതിഷേധസ്വരങ്ങള്‍ക്കപ്പുറം പറയുന്നത് കേള്‍ക്കാന്‍ ശ്രോതാക്കള്‍ ഒരുപാടുള്ള ആരും ഈ പരിപാടിക്കെതിരെ മാത്രം പ്രതിഷേധിച്ചു കണ്ടില്ല. അതു കൊണ്ടാണ് ശ്രോതാക്കള്‍ ഒട്ടുമില്ലാത്ത ഈയുള്ളവന്‍ സ്വയം പ്രതിഷേധിയ്ക്കുന്നത്. 

No comments:

Post a Comment