Wednesday, May 15, 2013

അമ്മ

ഒരു കഥയുണ്ട്‌. ഒരു പഴയ കഥയാണ്‌; എല്ലാവരും കേട്ടിട്ടുള്ള കഥ. ഇവിടെ അതിനേക്കാൾ മികച്ച ഒന്നും പറയാനില്ല എന്നതാണ്‌ സത്യം. കുറച്ച്‌ ആധുനികവത്കരിച്ച്‌ ആ കഥ ഞാൻ പറയാം-
ഒരിടത്ത്‌ രണ്ടു കമിതാക്കൾ ഉണ്ടായിരുന്നു. ആധുനിക കാമുകനെപ്പോലെ തന്നെ വെറും പോങ്ങനായിരുന്നു അന്നത്തെ ആ കാമുകനും; നമ്മുടെ കഥാനായകൻ. അവന്റെ സെറ്റപ്പ്‌ ന്യൂ ജനറേഷൻ കാമുകിമാരെപ്പോലെ തന്നെ തന്റെ എല്ലാമെല്ലാമായ ബോയ്ഫ്രണ്ടിനെ പിഴിയാൻ മിടുക്കിയായിരുന്നു.
അവരുടെ ലവ്‌ സ്റ്റോറി അവന്റെ നഷ്ടങ്ങളിലൂടെ മുന്നേറിക്കൊണ്ടിരുന്നു.
മഞ്ച്‌, കിറ്റ്‌കാറ്റ്‌, ഡയറി മിൽക്‌ തുടങ്ങി വാച്ച്‌, മൊബൈൽ ഫോൺ, ലാപ്‌ ടോപ്‌ എന്നിങ്ങനെ അവൾ സാധ്യതകളുടെ പുതിയൊരു ലോകം അവനിലൂടെ സൃഷ്ടിച്ചെടുത്തു. അവൾ തന്നെ പിഴിഞ്ഞ്‌ നീരൂറ്റിക്കുടിക്കുകയാണെന്ന് മനസ്സിലാക്കാതെ പോങ്ങൻ കാമുകൻ അവളെ നോക്കി വെള്ളമിറക്കി, തോണി എന്നെങ്കിലും കരയ്ക്കടുക്കും എന്ന് ചുമ്മാ മനക്കോട്ട കെട്ടി ജീവിതം മുന്നോട്ട്‌ ഉന്തിത്തള്ളി കൊണ്ടു പൊയ്ക്കൊണ്ടിരുന്നു.
ഒരിക്കൽ, ഒരു ഫെബ്രുവരി പതിമൂന്നിന്‌ ഒരു റെസ്റ്റോറന്റിലിരുന്ന് കെ എഫ്‌ സിയുടെ കോഴിക്കാൽ കടിച്ചു പറിച്ചു കൊണ്ടിരിക്കെ അവൾ അവനോട്‌ ചോദിച്ചു
"ഡാ, നാളെ വാലെന്റൈൻസ്‌ ഡേ ആണ്‌. എനിക്കെന്ത്‌ ഗിഫ്റ്റാ തരുന്നത്‌?"
'നാളെ ആ ഡേ ആണെന്ന് അറിയുന്നത്‌ ഇപ്പഴാ. അഞ്ചിന്റെ പൈസ കയ്യിലില്ല'
എന്നാലും 'എൽസമ്മ എന്ന ആൺകുട്ടി'യിൽ ജഗതിച്ചേട്ടന്റെ ഡയലോഗ്‌ അവൻ എടുത്തിട്ട്‌ അലക്കി.
"ഞാനൊരു സമ്മാനം തരും!"
"ഞാനൊരു സമ്മാനം ചോദിച്ചാൽ എനിക്ക്‌ തരുമോ?"
അവൾ കടക്കണ്ണ്‌ വെട്ടിച്ചു കൊണ്ട്‌ ചോദിച്ചു.
'ഹോ, ഇനിയെന്ത്‌ മാരണമാണാവോ?'
പക്ഷേ അവൻ പറഞ്ഞത്‌ ഇങ്ങനെയാണ്‌.
"ചോദിക്ക്‌ മുത്തേ"
"എനിക്കൊരു ഹൃദയം വേണം, ജീവനുള്ള മനുഷ്യ ഹൃദയം!"
"അതെന്തിനാ?"
"ഞാനിതു വരെ ഹൃദയം നേരിട്ട്‌ കണ്ടിട്ടില്ല. എനിക്ക്‌ തരില്ലേ?"
കഴിയുന്നത്ര മസാലയിട്ട്‌ അവൾ ചോദിച്ചു.
"തരും, തരും!"
പോങ്ങൻ!!!
'ആലോചിച്ചിട്ട്‌ ഒരെത്തും പിടിയും പിടിയ്‌ കിട്ടുന്നില്ല. വില കൊടുത്താൽ കിട്ടുന്നതാണോ ഹൃദയം'
അവൻ അസ്വസ്ഥനായി.
അവൻ വീട്ടിലെത്തി.
"നീ എവിടായിരുന്നൂടാ ഇത്ര നേരം?"
അമ്മ ചോദിച്ചു.
"ഒന്നു മിണ്ടാതിരി അമ്മേ. എല്ലാം അറിയണോ?"
അവൻ ആലോചനയിൽ മുഴുകി കയറിക്കിടന്നു.
"വാ മോനേ, ചോറു കഴിക്കാം"
അവൻ എഴുന്നേറ്റു.
അമ്മ അടുത്തിരുന്ന് അവന്‌ ചോറു വിളമ്പിക്കൊടുത്തു.
അവന്റെ ചിന്താമണ്ഢലത്തിനു ചൂടുപിടിച്ചു.
അവൻ അമ്മയോടു ചോദിച്ചു.
"അമ്മേ, ഞാനൊരു കൂട്ടം ചോദിച്ചാൽ തരുമോ?"
"എന്താടാ നിനക്ക്‌ വേണ്ടത്‌?"
അമ്മ സ്നേഹത്തോടെ അവന്റെ തലമുടിയിൽ തലോടി.
"എനിക്ക്‌ അമ്മയുടെ ഹൃദയം വേണം. എന്റെ ഗേൾഫ്രണ്ടിനു കൊടുക്കാനാ"
അമ്മ ഒരു നിമിഷം നിശബ്ദയായി.
"എടുത്തോളൂ, എന്റെ മോന്റെ ആഗ്രഹമല്ലേ"
അങ്ങനെ ആ പോങ്ങൻ കാമുകൻ അമ്മയുടെ ഹൃദയവുമായി അവളുടെ അരികിലേക്ക്‌ ഓടുകയാണ്‌. പെട്ടെന്ന് ഒരു കല്ലിൽ തട്ടി അവൻ മറിഞ്ഞു വീണു. കയ്യിലിരുന്ന അമ്മയുടെ ഹൃദയം തെറിച്ച്‌ ദൂരേക്ക്‌ വീണു. ഒരു രോദനം അവൻ കേട്ടു.
പെട്ടെന്നു തന്നെ അവൻ ചാടിയെഴുന്നേറ്റു.
നിലത്ത്‌ മണ്ണു പുരണ്ടു കിടക്കുന്ന അമ്മയുടെ ഹൃദയം എടുത്ത്‌ വീണ്ടും ഓടാൻ തുടങ്ങുമ്പോൾ ഹൃദയത്തിൽ നിന്നും ഒരു ചോദ്യം-
"മോനേ, നിനക്ക്‌ വല്ലതും പറ്റിയോ?"

ഈ കഥയുടെ മൂലരൂപം ആരെഴുതിയതാണെന്ന് എനിക്കറിയില്ല. പക്ഷേ, ഈ കഥ വായിക്കുമ്പോഴെല്ലാം എന്റെ കണ്ണു നിറയാറുണ്ട്‌.

ലേബൽ:-ഇന്ന് ലോക മാതൃദിനം. എല്ലാ അമ്മമാർക്കുമായി ഈ കഥ സമർപ്പിക്കുന്നു.

4 comments:

  1. അമ്മാമാര്‍ക്ക് മാത്രമായി ഒരു ദിനം നമുക്ക് എന്തിനു

    ReplyDelete
    Replies
    1. ആ ദിനത്തിലെങ്കിലും ഒന്നോര്‍ക്കട്ടെ മാഷേ, അമ്മയെ മറന്നവര്‍!!!!!!!!!!!!!!

      Delete
  2. അമ്മ അത് സത്യമാണ്, മറ്റൊന്നുമില്ല അതിനോളം

    ReplyDelete
    Replies
    1. അതെ, അമ്മയാണ് സത്യം. അമ്മ മാത്രം

      Delete