Sunday, May 5, 2013

ഒരു പൈങ്കിളി കഥ










"ബാലൂ"
ബാലു തിരിഞ്ഞു നിന്നു.
"നീയെന്താ താമസിച്ചേ? എത്ര നേരായിട്ട്‌ ഞാൻ കാത്തുനിക്കണൂന്നോ"
"എന്റെ അമ്മൂ, വീട്ടിൽ നിന്നിറങ്ങാൻ താമസിച്ചു."
"ഹും, നിന്റെ അമ്മുവാണെന്ന്ള്ള തോന്നല്‌ണ്ടെങ്കില്‌ നീ നേരത്തേ വന്നേനേ"
അവൻ ഒന്നു ചിരിച്ചു.
അവർ കോളേജിനകത്തേക്ക്‌ നടന്നു.
"ബാലൂ, എന്നെ എപ്പഴാ കെട്ടിക്കൊണ്ട്‌ പോണേ?"
എപ്പോഴും ചോദിക്കാറുള്ളതു പോലെ അന്നും അവൾ ചോദിച്ചു.
"എനിക്കൊന്ന് ആലോചിക്കാന്‌ണ്ട്‌"
അവളെ ഒന്ന് ശുണ്ഠി പിടിപ്പിക്കാനായി അവൻ പറഞ്ഞു.
"ങും, നീ ആലോചിച്ചോണ്ടിരുന്നോ. കോഴ്സ്‌ തീരാൻ ഇനി അഞ്ച്‌ മാസം കൂടിയേ ഉള്ളൂ. അത്‌ കഴിഞ്ഞാ എന്നെ ആരെയെങ്കിലും കൂടെ കെട്ടിച്ചു വിടും"
"കെട്ടിച്ചു വിട്ടാല്‌ നീ പോകുവോ?"
അവൾ പെട്ടെന്നവനെ ഒന്ന് നോക്കി. അവന്റെ ചോദ്യത്തിനുള്ള മറുപടി ആ നോട്ടത്തിലുണ്ടായിരുന്നു.
അവർ കോളേജിലെ സിമന്റ്‌ ബെഞ്ചുകളിലൊന്നിൽ ഇരുന്നു.
"അമ്മൂ, നിനക്കോർമ്മയുണ്ടോ അത്‌?"
"ഏത്‌?"
അവൻ തന്റെ ചുണ്ട്‌ അവളുടെ ചെവിയോട്‌ ചേർത്തു.
"ആദ്യ ചുംബനം!"
"ഒന്ന് പോ ബാലൂ"
അവളുടെ മുഖം നാണത്താൽ ചുവന്നു.
രണ്ട്‌ മാസങ്ങൾക്ക്‌ മുൻപ്‌ കോളേജ്‌ ക്യാന്റീനിൽ വെച്ച്‌ കിട്ടിയ ആ ചുംബനത്തിന്റെ ഓർമ്മയിൽ ബാലു തന്റെ കവിൾ തടവി.
"അമ്മൂ"
അവൾ സിമന്റ്‌ ബെഞ്ചിന്റെ കൈപ്പിടിയിൽ എന്തോ കോറുകയായിരുന്നു.
"ങും"
"നിനക്കോർമ്മയുണ്ടോ നമ്മൾ ആദ്യമായി കണ്ടത്‌ എന്നാണെന്ന്?"
അവൾ ഒന്ന് ചാഞ്ഞിരുന്നു.
"ങും, അന്ന് നിനക്കൊരു സൈക്കിൾ ഉണ്ടായിരുന്നു."
'ശരിയാണ്‌. അവൾ എല്ലാം ഓർക്കുന്നു'
പ്ലസ്‌ വണ്ണിലെ ക്ലാസ്സ്‌ തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ്‌ ആദ്യമായി അവളെ കാണുന്നത്‌.
സൈക്കിളിൽ പോകുമ്പോൾ വെറുതേ ബസ്സ്‌ സ്റ്റോപിലേക്കൊന്നു കണ്ണോടിച്ചതാണ്‌. ആദ്യം കണ്ടത്‌ അവളെയാണ്‌. പിന്നെ കണ്ണെടുത്തില്ല.
പിന്നെ എല്ലാ ദിവസവും ബസ്സ്‌ സ്റ്റോപിനു കുറച്ചിപ്പുറത്ത്‌ അവൻ സൈക്കിൾ നിർത്തി അവളെ നോക്കി നിൽക്കും. അവൾ ബസ്സ്‌ കയറിപ്പോയിട്ടേ അവൻ പോകുമായിരുന്നുള്ളൂ.
രണ്ടു വർഷം ഇങ്ങനെയൊക്കെ ആയിട്ടും ഒരു പ്രണയം മൊട്ടിടാൻ കോളേജ്‌ വേണ്ടി വന്നു.
ഒരു നിമിത്തം പോലെ അവർ ഇരുവരും ഒരു ക്ലാസ്സിലെത്തിപ്പെട്ടു.
"എന്താ പേര്‌?"
ആദ്യമായി അവൻ ചോദിച്ചത്‌ അതായിരുന്നു.
"അമൃത"
അവന്റെ മുഖത്തു നോക്കാതെയാണ്‌ അവൾ മറുപടി പറഞ്ഞത്‌.
എന്തു പറയണമെന്നറിയാതെ അവൻ ഒന്നു പരുങ്ങി.
"ങും, അത്‌... എന്റെ പേര്‌ ബാലഗോപാൽ. വീട്‌ ഇവിടെ അടുത്ത്‌ തന്നാ"
"ങും"
അതായിരുന്നു അവരുടെ ആദ്യ സംഭാഷണം.
പിന്നീട്‌ കാലം അവരെ കമിതാക്കളാക്കി മാറ്റിയത്‌ വളരെ പെട്ടെന്നായിരുന്നു.
"ഡാ ബാലാ, എഴുന്നേറ്റേ. ഒറക്കമാണോ നീ?"
അയാൾ പെട്ടെന്ന് മേശയിൽ നിന്ന് മുഖമുയർത്തി.
അമ്മയാണ്‌.
"നീ ഒറക്കമാണോ?"
അയാൾ ഒന്നും മിണ്ടിയില്ല.
വാഷ്ബേസിനിൽ ചെന്ന് മുഖം കഴുകുമ്പോൾ അയാൾ കണ്ണാടിയിലേക്ക്‌ നോക്കി.
'താടി രോമങ്ങൾ പോലും നരക്കാൻ തുടങ്ങിയിരിക്കുന്നു.
അയാൾ സാവധാനം തന്റെ താടി രോമങ്ങളിൽക്കൂടി വിരലോടിച്ചു.
പുതിയ നോവൽ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ്‌ പഴയ ഓർമ്മകളിലേക്ക്‌ ഊളിയിട്ടത്‌.
'അവൾ മാത്രമേ തന്നെ ബാലു എന്ന് വിളിച്ചിരുന്നുള്ളൂ. ബാക്കിയെല്ലാവർക്കും ഞാൻ ബാലയാണ്‌. അത്രയൊക്കെയായിട്ടും എന്തിനായിരുന്നു അവൾ എന്നിൽ നിന്നും അകന്നത്‌? അല്ല, അവൾ അകന്നതല്ല; ദൈവം അകറ്റിയതാണ്‌. അവിടുന്നായിരുന്നു എന്റെ നിരീശ്വരവാദത്തിന്റെ തുടക്കം.
ഹും, അവൾ എന്നെ ഉപേക്ഷിച്ച്‌ പോയി; അവൾക്ക്‌ കുറേക്കൂടി സുഖം വേണമത്രേ!'
അയാൾ എഴുന്നേറ്റു. എവിടെയോ ലക്ഷ്യമാക്കി അയാൾ പുറത്തേക്ക്‌ നടന്നു.
അയാൾ ചെന്നു നിന്നത്‌ പുഴക്കരയിലായിരുന്നു.
'ഇവിടെ, ഇവിടെയാണ്‌ അവളെ ദഹിപ്പിച്ചത്‌'
അയാൾ പുഴക്കരയിലേക്കിരുന്നു.
ഓർമ്മകൾ ചികഞ്ഞെടുക്കാതിരിക്കാൻ അയാൾ ശ്രമിച്ചു.
ചക്രവാള സീമയിലേക്ക്‌ കണ്ണു നട്ട്‌ അയാൾ ഇരുന്നു. അവൾ അയാളുടെ അടുത്ത്‌ വന്നിരുന്നു.
"ബാലൂ"
അവർ സംസാരിച്ചു തുടങ്ങി.

2 comments: