Thursday, April 16, 2015

മീറ്റ് ചരിതം, അവസാന ഭാഗം


പോകാൻ ഒരു കൂട്ടില്ല എന്നറിഞ്ഞതു കൊണ്ട്‌ മീറ്റിനു പോകണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു ഞാൻ. സുനൈസ്‌ വരുന്നില്ല എന്നു പറഞ്ഞു. മീറ്റിനു വിട്ടാൽ മുഫിക്കുട്ടന്‌ കുപ്പിപ്പാൽ കൊടുക്കാൻ ആരുമില്ല എന്നു പറഞ്ഞ്‌ അവനെ വീട്ടിൽ നിന്ന് വിട്ടില്ല. തൽഹത്ത്‌ സകലമാന എന്റ്രൻസ്‌ പരീക്ഷകളും എഴുതുന്നതു കൊണ്ട്‌ അവസാന നിമിഷം വരുന്നില്ല എന്നറിയിച്ചു. സംഗീതേട്ടനോട്‌ ചോദിച്ചപ്പോ ചിലപ്പോഴേ വരൂ എന്ന്. ഇനിയിപ്പോ എന്തിനാ പോകുന്നത്‌ എന്ന് ചിന്തിച്ചപ്പോഴാണ്‌ ശബ്നയും പോകാനൊരു കൂട്ടില്ലാതെ നിൽക്കുന്നു എന്നറിഞ്ഞത്‌. അങ്ങനെ ഞങ്ങളൊരുമിച്ച്‌ പോകാം എന്നു തീരുമാനിച്ചു.

ആലുവയിൽ നിന്നും 7 മണിക്കുള്ള ഇന്റർസ്സിറ്റിയിൽ കേറി. ട്രെയിനിൽ കാല്‌ കുത്താൻ വയ്യാത്ത വണ്ണം തിരക്ക്‌. നിലത്തൊരു വിധേന ഇരുന്നും ഒരു കാല്‌ മാത്രം കുത്തി നിന്നുമൊക്കെ 10 മണിയോടെ തുഞ്ചന്റെ മണ്ണിലെത്തി.
ആദ്യം കണ്ടത്‌ സൗത്തിന്ത്യയിലെ ഒരേയൊരു ഡിസൈനർ ബ്ലോഗറായ റഫീക്കിനെ. ഔപചാരികതയേതുമില്ലാതെ പരിചയപ്പെട്ടു. രജിസ്റ്റർ ചെയ്ത്‌ ഹാളിലേക്ക്‌ കടന്നു. കൊട്ടോട്ടി സംസാരിച്ച്‌ നിർത്തുകയാണ്‌. കൊട്ടോട്ടി മൈക്കൊഴിയാൻ കാത്തു നിന്നതു പോലെ ശരീഫിക്ക മൈക്ക്‌ കയ്യിലെടുത്തു. ഞാൻ പിൻ നിരയിലെ ഒരു കസേരയിൽ ചെന്നിരുന്നു. ശരീഫിക്കയുടെ നേതൃത്വത്തിൽ ഓരോരുത്തരായി പരിചയപ്പെടുത്തൽ തുടങ്ങി. അപ്പോ അതാ, ലിങ്കെറിഞ്ഞ്‌ ലിങ്കെറിഞ്ഞ്‌ ബ്ലോഗേഴ്സിനെല്ലാം ലിങ്കോപേടിയോഫോബിയ എന്ന മാരക രോഗം പിടിപ്പിച്ച്‌ ഇപ്പോൾ അതിൽ പ്രാക്ടീസ്‌ ചെയ്യുന്ന സർവ്വശ്രീ ഡോക്ടർ അബ്സാർ ക്യാമറയുമായി ഓടുന്നു. പിന്നാലെ ഓടി തടഞ്ഞു നിർത്തി.
"ങാ, ബാസിത്ത്‌. ഇടിപിഎ!"
ഇ-മഷി വാർഷികപ്പതിപ്പിന്റെ പ്രകാശനത്തിനു കണ്ട പരിചയം അപ്പോഴും ഇക്ക മറന്നില്ല. ചുരുങ്ങിയ വാക്കുകളിൽ പരിചയം പുതുക്കി തിരികെ വന്നിരുന്നപ്പോൾ അതാ മറ്റൊരാൾ. ചളിയെഴുത്തുകളുടെ സ്ഥാപകരിലൊരാളായ ശ്രീമാൻ മുനീർ. സ്വയം പരിചയപ്പെടുത്തിയപ്പോൾ എന്നെ ആകെക്കൂടെയൊന്ന് നോക്കി.
"നിന്റെ മുടി എവിടെടാ?"
നീളൻ മുടി വെട്ടി മൊട്ടയടിച്ചത്‌ പുള്ളിക്കാരൻ അറിഞ്ഞിട്ടില്ല.
"ങാ, അത്‌ വെട്ടി"
"അതാ. പെട്ടെന്ന് മനസ്സിലായില്ല"
അപ്പഴാണ്‌ ഉട്ടോപ്യനെക്കാണുന്നത്‌. ഉട്ട്യോപ്പനോടൊപ്പം ജനിച്ചു വീണതാണോ ഈ ക്യാമറ! അത്‌ ചോദിച്ച്‌ പിണക്കിയാൽ ചിലപ്പോ എന്റെ ഫോട്ടോകളൊന്നും എടുത്തില്ലെങ്കിലോ എന്നോർത്ത്‌ മിണ്ടിയില്ല.
"ഉട്ടോ, അറിയാലോ... എന്റെ തല, എന്റെ ഫുൾ ഫിഗര്‌"
ഒന്നോർമ്മിപ്പിച്ചിട്ട്‌ ഞാൻ തിരികെ വന്നിരുന്നു.
പരിചയപ്പെടുത്തൽ തുടരുകയാണ്‌. അപ്പഴാണ്‌ രണ്ട്‌ സംഗീതുമാരും കൂടി ഒരുമിച്ചൊരു പരിചയപ്പെടുത്തൽ. അവർക്ക്‌ പലതും കോമണാണത്രേ. ജനിച്ച തീയതിയും, മുടിയുടെ നിറവും, കണ്ണുകളും അങ്ങനെ കുറേ കാര്യങ്ങൾ ഒരു പോലെയാണെന്നു പറഞ്ഞ്‌ അവർ വേദിയൊഴിഞ്ഞു.
"രണ്ട്‌ പേർക്കും കൂടി ഒരിലയില്‌ ഊണ്‌ മതിയാകുമല്ലോ, അല്ലേ?"
ശരീഫിക്കയുടെ ഉഗ്രൻ കൗണ്ടർ. ഹാളിൽ കൂട്ടച്ചിരി മുഴങ്ങി. പരിചയപ്പെടുത്തൽ പകുതിയായപ്പോൾ ചായ കുടിക്കാൻ പുറത്തിറങ്ങി. അറിയില്ലാത്ത ഒരുപാട്‌ മുഖങ്ങൾ കണ്ടു, അറിയാവുന്ന ചിലരെയും. അന്വറിക്കാക്ക്‌ എന്റെ കാര്യത്തിൽ ആശങ്കയാണ്‌. സ്നേഹിക്കാൻ മാത്രമറിയുന്ന അദ്ദേഹം ആശങ്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇടക്കിടെ ചാറ്റിൽ വന്ന് വിശേഷങ്ങൾ തിരക്കുന്ന നിഷേച്ചി പ്രിയതമനോടൊപ്പം എന്നെയൊന്ന് ക്രോസ്‌ വിസ്താരം ചെയ്തു.
പരിചയപ്പെടുത്തൽ തുടർന്നു. മനസ്സിൽ നന്മയുള്ളതു കൊണ്ടാവണം, ശ്രുതി പരിചയപ്പെടുത്താൻ മൈക്ക്‌ കയ്യിലെടുത്തപ്പോൾ കരണ്ട്‌ പോയി. മൈക്കില്ലാതെ സംസാരിച്ചു കഴിഞ്ഞ്‌ തിരികെ പോയിരുന്നപ്പോൾ കരണ്ട്‌ വരികയും ചെയ്തു.
ഇടക്ക്‌ വീണ്ടും കരണ്ട്‌ പോയി.
"ശബ്ദസൗകുമാര്യമുള്ള ആരെങ്കിലും വരൂ, മൈക്കില്ല"
എന്ന് ശരീഫിക്ക പറഞ്ഞതനുസരിച്ച്‌ അവിടെക്കൂടിയിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ ശബ്ദസൗകുമാര്യമുണ്ടായിരുന്ന ഞാൻ നെഞ്ചും വിരിച്ച്‌ ചെന്നു. മോശമല്ലാത്ത രീതിയിൽ എന്നെ ഞാൻ പരിചയപ്പെടുത്തി എന്നാണെന്റെ വിശ്വാസം.
പരിചയപ്പെടുത്തൽ കഴിഞ്ഞ്‌ തിരികെ വന്നിരുന്നപ്പോൾ അടുത്തൊരാൾ വന്നിരുന്നു.
"ങാഹാ, അപ്പോ നീയാണല്ലേ ഈ ബാസിത്ത്‌?'
"ങും?"
"നിന്നെ ഞാനൊന്ന് കാണാനിരിക്കുകയായിരുന്നു. എന്റെ പോസ്റ്റുകളിലൊക്കെ വന്ന് കുറേ ചളി കോരിയിട്ടിട്ട്‌ പോവുകയല്ലേ നീ"
"ങേ, ഞാനോ?"
"അതെ, നീ തന്നെ. എന്നെ മനസ്സിലായോ?"
"ഇല്ല"
"രാഗേഷ്‌. രാഗേഷ്‌ ആർ ദാസ്‌"
ഭയങ്കരം തന്നെ!
ഒട്ടേറെ യുവബ്ലോഗർമ്മാർ വളർന്നു വരുന്നുണ്ട്‌ എന്നത്‌ ആശ്വാസകരമാണ്‌. രണ്ട്‌ കുട്ടി ബ്ലോഗർമ്മാരും ഉണ്ടായിരുന്നു മീറ്റിന്‌.
പരിചയപ്പെടുത്തൽ കഴിഞ്ഞ്‌ എല്ലാവരും പുറത്തേക്കിറങ്ങി. പിന്നെ നടന്നത്‌ ഒരു മാരത്തൺ ഫോട്ടോഷൂട്ടാണ്‌. അവിടവിടെയായി ഫോട്ടോ ഷൂട്ട്‌ 'ഗംഭീകരമായി' നടന്നു.
പിന്നെ നടന്നത്‌ ശരിക്കും ഒരു യുദ്ധമായിരുന്നു. മീറ്റിന്റെ പ്രധാന പരിപാടി ഈറ്റ്‌ എന്ന കുരുക്ഷേത്ര യുദ്ധം. അഞ്ചാമതും ആറാമതുമൊക്കെ ചോറ്‌ വലിച്ചു കേറ്റി എല്ലാവരും ആ യജ്ഞത്തിൽ പങ്കെടുത്തു.
ഭക്ഷണത്തിനു ശേഷം അര മണിക്കൂറോളം വെടിവെട്ടം. രാഗേഷ്‌, ശ്രുതി, വാഴക്കോടൻ, ഇടയ്ക്ക്‌ നിരക്ഷരൻ, ബിലാത്തി അങ്ങനെ നേരമ്പോക്കിനായി കുറച്ചു നേരം.
ഇടക്ക്‌ കൊട്ടോട്ടിയുടെ അറിയിപ്പ്‌ വന്നു.
'ചർച്ച നടക്കും ഉടനേ. പങ്കെടുക്കുന്നവർ എത്രയും വേഗം ഹാളിലേക്കിരിക്കണം'
സംഘാടകരും വയസ്സ്‌ അധികമായതു കൊണ്ട്‌ നടക്കാൻ ബുദ്ധിമുട്ടുള്ളവരും ഒഴികെ ബാക്കിയെല്ലാവരും പുറത്തിറങ്ങി ആ കോമ്പൗണ്ടിലൂടെ വട്ടം ചുറ്റി നടന്നു. മുബാറക്ക്‌ വാ പൊളിച്ചു കൊണ്ട്‌ ചർച്ചയ്ക്കിരിക്കുന്നതു കണ്ടു. ഉട്ടോ, സംഗീത്‌, റഫീക്ക്‌ പിന്നെ ഞാനും കൂടി മ്യൂസിയമൊക്കെ ഒന്ന് ചുറ്റിക്കണ്ടു. നിയമവിരുദ്ധമായ കുറേ ഫോട്ടോകൾ ഉട്ടോ എടുത്തിട്ടുണ്ട്‌. പണി പാളുമോ ആവോ. കണ്ട്‌ കുറേ ആയപ്പോൾ ശ്രുതിയും മ്യൂസിയത്തിലേക്ക്‌ വന്നു. ഓന്ത്‌ നിറം മാറും പോലെ, പാമ്പ്‌ പടം പൊഴിക്കും പോലെ ആ കൊച്ച്‌ സാരി മാറി ചുരിദാർ ആയിരിക്കുന്നു.
മ്യൂസിയം കണ്ടു നടന്ന് സമയം പോയതറിഞ്ഞില്ല. നാലരയ്ക്കാണ്‌ തിരികെ പോകേണ്ട ട്രെയിൻ. ശബ്ന കൂടെയുള്ളതു കൊണ്ടാണ്‌ അത്ര നേരത്തേ പോകാം എന്ന് തീരുമാനിച്ചത്‌. അല്ലെങ്കിൽ കുറച്ച്‌ താമസിച്ചേ ഞാൻ പോകുമായിരുന്നുള്ളൂ.
നാലായപ്പോൾ അവൾ വിളിച്ചു. അതിനിടയ്ക്കെപ്പഴോ ലാല വന്നിരുന്നു. ലാല കാറിൽ റെയില്വേ സ്റ്റേഷനിൽ കൊണ്ടാക്കി. അവിടെയതാ വാഴക്കോടൻ നിൽക്കുന്നു.
ട്രെയിനിൽ അത്യാവശ്യം തിരക്കുണ്ട്‌. എന്നാലും വന്നപ്പോഴുള്ള അത്രയും ഇല്ല. ഇടക്ക്‌ വെച്ച്‌ ശബ്നയ്ക്ക്‌ ഇരിയ്ക്കാൻ സീറ്റ്‌ കിട്ടി. വാഴക്കോടനുമായി ചില നേരമ്പോക്കുകൾ പറഞ്ഞു കൊണ്ടു നിൽക്കേ ഷൊർണ്ണൂരിൽ അദ്ദേഹം ഇറങ്ങി.
സിനിമയെപ്പറ്റി സംസാരിക്കാൻ കുറച്ച്‌ പേരെ കിട്ടിയപ്പോൾ ഞാൻ അതിൽ മുഴുകിപ്പോയി. ആലുവ എത്തിയതും ശബ്ന ഇറങ്ങിപ്പോയതും അറിഞ്ഞതേയില്ല. കുറേക്കഴിഞ്ഞ്‌ 'വീട്ടിലെത്തി' എന്നു പറഞ്ഞ്‌ അവൾ വിളിച്ചപ്പോഴാണ്‌ ഞാൻ അവളിരുന്ന സീറ്റിലേക്കു പോലും നോക്കുന്നത്‌.
എറണാകുളത്തിറങ്ങി.
കോട്ടയം ട്രാൻസ്പോർട്ട്‌ ബസ്‌ സ്റ്റാന്റിൽ 4 മണിക്കൂറോളം ബസ്‌ കാത്തു നിന്നിട്ട്‌ വീട്ടിലെത്തി സ്വിച്ചോഫായ മൊബെയിൽ ചാർജ്ജറിലിട്ട്‌ ഫോൺ സ്വിച്ചോൺ ചെയ്തപ്പോൾ ഡിസ്പ്ലേയിൽ സമയം കാണിച്ചു.
പുലർച്ചെ 4:22!!


32 comments:

  1. നുമ്മ ശടേന്ന് കുടുമ്മത്തെത്തി! അപ്പോ എല്ലാം പറഞ്ഞ പോലെ...അടുത്ത മീറ്റിന് കാണാം :)

    ReplyDelete
  2. അയ്യടാ... ക്രോസ്സ്‌ വിസ്താരമോ?

    ReplyDelete
    Replies
    1. ചുമ്മാ.. ;) എന്തെങ്കിലുമൊക്കെ പറയണ്ടേ ;)

      Delete
  3. ഞാൻ വരണം എന്ന് കരുതി, നടന്നില്ല.... സാരമില്ല ഇനിം കാണൂല്ലോ? അന്ന് കാണാം

    അല്ലെ വേണ്ടാ

    നിൻറെ മുൻപിൽ ഒരിക്കൽ ഇടിത്തീ പോലെ ഞാൻ വരും നീ ഞെട്ടണതു എനിക്കൊന്നു കാണണം.....

    ReplyDelete
    Replies
    1. ഇടിത്തീ നെഞ്ചിൽ മാത്രം വീഴല്ലേ എന്നുള്ള പ്രാർത്ഥനയേയുള്ളൂ ;)

      Delete
  4. This comment has been removed by the author.

    ReplyDelete
  5. കണ്ടിരുന്നു കുരുക്ഷേത്ര യുദ്ധത്തിലെ നിന്റെ ആക്രോശം :D

    ReplyDelete
    Replies
    1. യുദ്ധം എനിക്കെന്നും ഒരു വീക്നസാണ് ;)

      Delete
  6. ninne onnu nannaayi upadeshichu vidaan marannu :(

    ReplyDelete
  7. ഇവിടെ തെറി വിളി ഹലാല്‍ ആണോ?

    ReplyDelete
  8. ഓര്‍ക്കുമ്പോ ഓര്‍ക്കുമ്പോ എനിക്ക് ദേഷ്യം വരും   ഏതായാലും നന്നായി എഴുതി... :)

    ReplyDelete
    Replies
    1. ആരും കേൾക്കാതെ വിളിച്ചോ ;)

      Delete
  9. അന്നെ ഒക്കെ ഒരു തവണ കണ്ടാ മറക്ക്വോ !!

    എന്തായാലും ഇജ്ജും ആ മുനീറും കൂടി ഉമ്മ വെച്ച് കളിച്ചത് പറയാതിരുന്നത് മോശമായി :P

    ReplyDelete
    Replies
    1. ശൊ, വിട്ടു പോയി :( ങാ, അതിങ്ങള് പോട്ടത്തില് പിടിച്ചിട്ടുണ്ടല്ലോ ;)

      Delete
  10. അന്നത്തെ നിന്റെ പോക്ക് കണ്ടപ്പോൾ വീട്ടിലെത്തും എന്ന് വിചാരിച്ചതേയില്ല...വീട്ടിൽ എത്തി എന്നറിഞ്ഞതിൽ സന്തോഷം... :P

    ReplyDelete
  11. മീറ്റ് ചരിതം: ഭ്രാന്തന്‍ വെര്‍ഷന്‍!! കൊള്ളാം

    ReplyDelete
  12. ബാസിത്ത് മീറ്റിന് പോയ പോലെന്ന് ആളുകളെ കൊണ്ട് പറയിച്ചുല്ലേ... നന്നായി :)

    ReplyDelete
    Replies
    1. പിന്നെ, ഞമ്മളാരാ മൊതല് ;)

      Delete
  13. അല്ല, തുഞ്ചൻ പറമ്പിലേക്ക് ഈ ബ്ലോഗാളോളെ കെട്ടിയെടുക്കല്ലേ എന്ന് ആളോളെക്കൊണ്ട് പറയിക്കാണ്ടിരുന്നാ അനക്ക് കൊള്ളാം..

    ല്ലെങ്കി, ല്ലെങ്കി, അത് നിങ്ങളെ മറിച്ചിടും എന്നാണല്ലോ പ്രാഞ്ച്യേട്ടഭാഷ്യം...

    ReplyDelete
    Replies
    1. ഹഹഹ :D പൂരങ്ങളുടെ പൂരമായ (ബ്ലോഗേഴ്സ് മീറ്റ്) എന്നുമുണ്ട് പ്രാഞ്ച്യേട്ട ഭാഷ്യം :p

      Delete
  14. വരാൻ പറ്റിയില്ലെങ്കിലും വന്നത് പോലെ.

    ReplyDelete
  15. കൊള്ളാം ബാസിത് ,, സരസമായ അവതരണം .

    ReplyDelete
  16. ഈ മഷി ടെ പ്രിന്‍റ് വേര്‍ഷന്‍ ഇറങ്ങിയ അന്ന് കണ്ടതാണ് നിന്നെ...മൊട്ട ലുക്ക്‌ പക്ഷേ പ്രതീക്ഷിച്ചില്ല. നിന്‍റെ ഇന്ട്രോ /അവതരണം ഇത്തിരി ഓവറായിരുന്നു എന്നാണെന്റെ അഭിപ്രായം. ;) .. എഴുത്ത് പക്ഷേ , കൊള്ളാം... ലളിതം , സരസം ... കാര്യമാത്രപ്രസക്തം. മീറ്റ്‌ ലെ കാര്യങ്ങള്‍ കുറച്ചുകൂടി വിശദീകരിക്കാമായിരുന്നു .

    ReplyDelete