Saturday, March 15, 2014

പെണ്ണ്!



ഇന്നലെ വനിതാദിനമായിരുന്നു. വനിതാദിനത്തിലെന്നല്ല, എപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയ ഒരേയൊരു സ്ത്രീയെയുള്ളൂ ഈ ലോകത്തില്; എന്റെ ഉമ്മ! അമ്മയെക്കുറിച്ചുള്ള എല്ലാ വിശേഷണങ്ങളും ചിലപ്പോള് അതിലപ്പുറവും ഉള്ക്കൊള്ളുന്ന ഒരമ്മയാണ് എന്റെ ഉമ്മ. ഉമ്മയെക്കുറിച്ച് ഞാന് പറഞ്ഞിട്ടുണ്ട്. ഇപ്പോള് ഞാന് പറയുന്നത് മറ്റൊരാളെക്കുറിച്ചാണ്.

അവള് സുന്ദരിയാണ്. കാര്യങ്ങള് വ്യക്തമായി തന്റേടത്തോടെ പറയുന്നവളാണ്. ഒരു സകലകലാവല്ലഭയുമാണ്. ചിത്രരചന, കഥ, കവിത അങ്ങനെ അവള് കൈ വെക്കാത്ത മേഖലകളില്ല. കൈ വെച്ച മേഖലകളിലൊന്നും മോശമാക്കിയിട്ടുമില്ല. ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഒരു പെണ്‍കുട്ടി.അവളുടെ രചനകള് പലതും എകാന്തതയെയോ നഷ്ടപ്പെടലിനെയോ ഒക്കെ ഓര്മിപ്പിക്കുന്നു. പക്ഷേ, തീരുമാനങ്ങള് ദൈവത്തിനു വിട്ടു കൊടുത്ത് അവന്റെ വിധി ഇരു കൈകളും നീട്ടി സ്വീകരിക്കുകയും അവനെ വിശ്വസിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിനി. പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു കാമുകി. ചെറിയ ചില ആഗ്രഹങ്ങളും കുറച്ച് സ്വപ്നങ്ങളുമുള്ള ഒരു പൊട്ടിപ്പെണ്ണ്‍. ഒരു സാധാരണ പെണ്‍കുട്ടിയെപ്പോലെ പിതാവിനോട് കൂടുതല് അടുപ്പമുള്ള സ്നേഹമയിയായ ഒരു മകള്. ഇതിലെല്ലാമുപരി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില് ഒരാള്. പലപ്പോഴും അവളുടെ ചിന്തകളുടെ വ്യാപ്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിശാലമായി ചിന്തിക്കാന് കഴിയുന്ന ഒരു മനസ്സ് അവള്ക്കുണ്ട്. പലപ്പോഴും എന്റെ ചില വ്യക്തിപരമായ പ്രശ്നങ്ങളില് അവളോട് പരിഹാരം ചോദിച്ചിട്ടുണ്ട്. അവള് നിര്ദ്ദേശങ്ങള് നല്കിയിട്ടുമുണ്ട്. എന്റെ അപൂര്വം ചില തുറന്നു പറച്ചിലുകള് അവളോട്‌ മാത്രമേ ഞാന് നടത്തിയിട്ടുള്ളൂ. അങ്ങനെ ധീരയും തന്റേടിയുമായ ഈ പെണ്‍കുട്ടി കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞു-
"ഡാ, വീട്ടില് എനിക്ക് കല്യാണം ആലോചിക്കുന്നു"
"അതിന്?"
"എനിക്ക് ഇപ്പോ കല്യാണം കഴിക്കണ്ട"
"അത് നീ വീട്ടുകാരോട് പറഞ്ഞില്ലേ?"
"വീട്ടുകാരേക്കാള് നാട്ടുകാര്ക്കാണ് എന്റെ കല്യാണത്തിന് ധൃതി"
എനിക്ക് ദേഷ്യം വന്നു. എന്റെ ജീവിതം ഇങ്ങനെയായിപ്പോകാന് കാരണക്കാരും ഞാട്ടുകാരാണ്. കഴുവേറികള്!
"നാട്ടുകാരോട് പോകാന് പറ. നിന്റെ ജീവിതം തീരുമാനിക്കേണ്ടത് നീയല്ലേ? നാട്ടുകാരല്ലല്ലോ"
"കുറേയെണ്ണം കാണാന് വന്നു. എനിക്കാണെങ്കില് ഒരു കോന്തനെയും ഇഷ്ടപ്പെട്ടില്ല"
"നിനക്ക് വേറെ പ്രണയബന്ധം വല്ലതും?"
"ഇല്ല. I am a free bird"
"പിന്നെന്താ പ്രശ്നം? വീട്ടുകാരോട് തുറന്നു പറയൂ. പറഞ്ഞാല് മനസ്സിലാവില്ലേ?"
"ങും"

മുഖപുസ്തകത്തില് സുന്ദരമായി ആശയവിനിമയം നടത്തുന്ന, ഒരു പരിചയമില്ലാത്തവരോട് പോലും തന്റെ വാദമുഖങ്ങള് ശരിയാണെന്ന് വാദിക്കാന് മടിയില്ലാത്ത ഇവള്ക്ക് പിന്നെന്താണ് തന്റെ മാതാപിതാക്കളോട് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനത്തെക്കുറിച്ച് പറയാന് ഭയം?
പ്രിയപ്പെട്ട കൂട്ടുകാരി, തുറന്നു പറച്ചിലുകള് എന്നും നല്ലതാണ്. അല്ലെങ്കില് എന്നെപ്പോലെ ഒരിക്കല് നീ ദു:ഖിക്കും. ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി അത് അവശേഷിക്കും. എന്നും നന്മകള് ആശംസിക്കുന്നു. ദൈവം രക്ഷിക്കട്ടെ!

അപ്പോ, എന്റെ ഉമ്മക്കും പിന്നെ ഈ കൂട്ടുകാരിക്കും മറ്റെല്ലാ അമ്മമാര്ക്കും എല്ലാ സ്ത്രീജനങ്ങള്ക്കും അതിജീവനത്തിന്റെ ഒരു വനിതാദിനം ആശംസിക്കുന്നു

No comments:

Post a Comment