Wednesday, May 11, 2016

സ്നേഹിക്കപ്പെടേണ്ടവർ

ഒരു ജോലിയില്ല. കയ്യിൽ കാശില്ല. അക്കൗണ്ട്‌ ബാലൻസ്‌ ശൂന്യത്തിലെത്തിയിട്ട്‌ മാസം ഒന്നാകുന്നു. പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. അങ്ങനെയാണ്‌ ഫോൺ വിറ്റു കളയാം എന്ന് തീരുമാനിച്ചത്‌. ഓഎല്ലെക്സിൽ ഒരു ആഡ്‌ ഇട്ടു കൊണ്ടിരിക്കെ ഒരു ഫേസ്ബുക്ക്‌ നോട്ടിഫിക്കേഷൻ വന്നു. ശ്രദ്ധിച്ചില്ല. ആഡ്‌ പോസ്റ്റ്‌ ചെയ്തു കഴിഞ്ഞ്‌ നോട്ടിഫിക്കേഷൻ ബാറ്‌ നോക്കിയപ്പോൾ 'Faseela Jaleel sent you a friend request'
എനിക്ക്‌ ഇങ്ങോട്ട്‌ ഫ്രണ്ട്‌ റിക്വസ്റ്റുകൾ വരാൻ തുടങ്ങിയിട്ട്‌ ഏറെ നാളായില്ല. അതിൽ തന്നെ വിരലിലെണ്ണാവുന്ന ചില പെൺകുട്ടികൾ മാത്രമേയുള്ളൂ.
'ഇതാരാണപ്പാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ?'
ഞാൻ ആ പ്രൊഫെയിലിൽ കേറിയൊന്ന് പരതി. അവിടവിടെയായി ചില ബിക്കിനി സ്റ്റാറ്റസുകൾ. പിന്നെ, കുറേ ഷെയറുകൾ. മൊത്തത്തിലൊന്ന് വായിച്ചാൽ ഒറ്റപ്പെടലിന്റെ നീറ്റലനുഭവിക്കുന്ന ഒരു കുട്ടി. എനിക്കെന്തോ അക്സപ്റ്റ്‌ ചെയ്യാൻ തോന്നിയില്ല. ഞാൻ ടൈം ലൈനിലേക്ക്‌ കണ്ണു നട്ടു. അൽപ നേരം കഴിഞ്ഞപ്പോൾ വീണ്ടും നോട്ടിഫിക്കേഷൻ.
'ഫസീല ജലീൽ ലൈക്ക്ഡ്‌ യുവർ പോസ്റ്റ്‌'
അവസാനം പോസ്റ്റ്‌ ചെയ്ത 'എന്റെയും നിന്റെയും ലോകത്തെപ്പറ്റി' എന്ന കഥയാണ്‌ ഇഷ്ടപ്പെട്ടിരിക്കുന്നത്‌. 'വായിക്കാനിഷ്ടപ്പെടുന്നയാളാണെന്ന് തോന്നുന്നു'
ഞാൻ അവളുടെ പ്രൊഫെയിലിൽ കേറി റിക്വസ്റ്റ്‌ അക്സപ്റ്റ്‌ ചെയ്തു. അടുത്ത നിമിഷം മെസേജ്‌.
"ങാഹാ, അപ്പോ പോസ്റ്റ്‌ ലൈക്ക്‌ ചെയ്താലേ റിക്വസ്റ്റ്‌ സ്വീകരിക്കൂ, അല്ലേ?"
ഞാൻ അൽപമൊന്നാലോചിച്ചു.
"ഹേയ്‌, അതല്ല. അന്നേരം തോന്നിയില്ല, പിന്നീട്‌ തോന്നി. ചിലപ്പോ ഒറ്റപ്പെടലിന്റെ നീറ്റൽ എനിക്കും അറിയുന്നതു കൊണ്ടാവാം അത്‌ പങ്കു വെക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. അതു കൊണ്ടാണ്‌"
അവൾ പുഞ്ചിരിക്കുന്ന ഒരു സ്മൈലി അയച്ചു.
"പേടിക്കണ്ട. ഞാൻ ബോറടിപ്പിക്കില്ല"
അവളുടെ മറുപടി.
ഇത്തവണ പുഞ്ചിരി സ്മൈലി അയക്കാനുള്ള നിയോഗം എനിക്കായിരുന്നു. അപ്പോഴാണ്‌ ഒരു സ്മൈലിക്കും പ്രകടിപ്പിക്കാൻ കഴിയാത്ത വികാരങ്ങൾ നമുക്കുണ്ട്‌ എന്ന് മനസ്സിലായത്‌. പലപ്പോഴും സ്മൈലികൾ മുഖം മൂടികളാണ്‌.
പിന്നീട്‌ ദിനം പ്രതി ഒരുപാട്‌ ചാറ്റ്‌ ചെയ്തു. മണിക്കൂറുകളോളം വിശേഷങ്ങൾ പങ്കു വെച്ചു. ഇതിനിടയിൽ ഓഎല്ലെക്സിലെ ആഡ്‌ ഞാൻ റിമൂവ്‌ ചെയ്തിരുന്നു. ജോലിയില്ല, കാശില്ല എന്നൊക്കെപ്പറഞ്ഞപ്പോഴെല്ലാം അവൾ എനിക്കു മുന്നിൽ അനവധി പ്രതിവിധികൾ തുറന്നു. ഒരുപാട്‌ കഥകൾ പറഞ്ഞ് എന്നെ പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു. ഇടക്കെപ്പഴോ അവൾ ചോദിച്ചു:
"ബാസീ, നിന്റെ മൊബെയിൽ നമ്പറെത്രയാണ്‌?"
ഞാൻ അത്ഭുതപ്പെട്ടു. പല തവണ പലരോടും ചോദിച്ചിട്ടുള്ള ചോദ്യം തിരിച്ച്‌ ചോദിക്കപ്പെടുന്നതിന്റെ കൗതുകം എനിക്കുണ്ടായി.
"എന്തിനാ?"
പലപ്പോഴും ഞാൻ കേട്ട, ഉത്തരമില്ലാത്തത്‌ എന്നെനിക്ക്‌ തോന്നിയിട്ടുള്ള ചോദ്യം. എന്തിനെന്നറിയില്ല, ഞാനത്‌ അവളോട്‌ ചോദിച്ചു.
മറുപടിയായി വന്നത്‌ ഒരു പുഞ്ചിരി സ്മൈലിയാണ്.
"ആ ചോദ്യം അനാവശ്യമല്ലേ? ഒരാളുടെ നമ്പർ ചോദിക്കുന്നത്‌ വിളിക്കാനായിരിക്കണമല്ലോ"
അവളുടെ ചോദ്യം. എനിക്ക്‌ പലരോടുമുള്ള ഉത്തരവും.
ഞാൻ നമ്പർ പറഞ്ഞു.
പിന്നീട്‌ ചാറ്റിംഗ്‌ വാട്സപ്പിലായി. ഇടക്ക്‌ ഫോൺ സംസാരങ്ങളായി. എന്താണ്‌ പറയുന്നത്‌ എന്ന യാതൊരു രൂപവുമില്ലാതെ ഞങ്ങൾ മണിക്കൂറുകളോളം സംസാരിച്ചു.   അവൾ കലപില സംസാരിച്ചു കൊണ്ടേയിരിക്കും. എത്ര സംസാരിച്ചാലും മടുക്കാത്ത പ്രകൃതം. ഒരുപക്ഷേ, അവൾ ഇത്ര നാളും അടക്കി വെച്ചിരുന്നതൊക്കെ കേൾക്കാനൊരാളെക്കിട്ടിയപ്പോൾ പുറത്തേക്കെടുക്കുകയാണോ എന്നെനിക്ക്‌ തോന്നിപ്പോയി. അതു കൊണ്ടു തന്നെ ഞാൻ നല്ലൊരു കേൾവിക്കാരനായി. ഓരോ തവണ ഞാൻ ജീവിതത്തിന്റെ മുന്നിൽ തോൽക്കാൻ തുടങ്ങുമ്പോഴും അവൾ എന്നെ എന്തൊക്കെയോ പറഞ്ഞ്‌ ഉന്മേഷവാനാക്കുമായിരുന്നു. അധികം ഉച്ചത്തിലല്ല അവൾ ചിരിക്കുന്നത്‌. പക്ഷേ ചിരിച്ചാൽ ചിരിച്ചു കൊണ്ടേയിരിക്കും. ഇടയ്ക്ക്‌ വെറുതേ കൂവും. ചോദിച്ചാൽ തർക്കുത്തരം പറയും.
"നിങ്ങൾ ആണുങ്ങൾക്ക്‌ മാത്രമേ കൂവാൻ പാടുള്ളോ?"
"അല്ല ഭവതീ, അങ്ങനല്ല. പെൺകുട്ടികൾ കൂവാൻ പാടില്ലെന്നത്രേ പഴമക്കാർ പറയുന്നത്‌"
"അതെന്താ?"
"നല്ല നായരെക്കിട്ടില്ലെന്നാണ്‌"
"ഓ, എനിക്ക്‌ നല്ല നായരെ വേണ്ട. കുറച്ച്‌ മോശം തന്നെ ആയിക്കോട്ടെ"
വഴക്ക്‌ കൂടിയാലും ഒരു നൂറ്‌ 'സോറി'കളുമായി അവൾ വീണ്ടും എന്നോട്‌ കൂട്ടാവും. 'ബാസി' എന്ന അവളുടെ വിളി ഒരു പ്രത്യേക തരത്തിലായിരുന്നു. എന്റെ ഹൃദയാന്തരങ്ങളിലെവിടെയോ എന്തൊക്കെയോ എന്നെ അലട്ടാൻ തുടങ്ങി. ഒരിക്കൽ ഞാൻ ചോദിച്ചു:
"നമുക്ക്‌ കാണണ്ടേ?"
അൽപനേരം അവൾ നിശബ്ദയായി.
"അത്‌ വേണോ ബാസീ? ഞാൻ വല്ലാതെ കറുത്തിട്ടാണ്‌. കാണാൻ ഒരു ഭംഗിയുമില്ല"
എനിക്ക്‌ ദേഷ്യം വന്നു.
"കാണാൻ വയ്യെങ്കിൽ നീ അത്‌ പറഞ്ഞാ മതി. ഡയലോഗടിക്കണ്ട"
"അയ്യോ, അതല്ല. കണ്ട്‌ കഴിഞ്ഞാ നിനക്ക്‌ തന്നെ തോന്നും കാണണ്ടായിരുന്നെന്ന്"
"എന്റെ മനസ്സെങ്ങനെയാ നീ വായിക്കുന്നത്‌?"
അവൾ വീണ്ടും എന്തൊക്കെയോ ഒഴിവുകഴിവുകൾ പറഞ്ഞ്‌ രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ, ഞാൻ വിട്ടില്ല. അവസാനം ഡിസംബറിലെ അവസാനത്തെ ഞായറാഴ്ച കൊച്ചി മറൈൻ ഡ്രൈവിൽ വെച്ച്‌ കണ്ടുമുട്ടാം എന്ന് തീരുമാനിച്ചു.

കായലിനോടഭിമുഖമായിട്ടിരിക്കുന്ന ഒരു ബെഞ്ചിൽ ഞാനിരുന്നു
"എവിടെ?"
ഞാനൊരു മെസേജയച്ചു.
"ഒന്ന് ചുറ്റും നോക്ക്‌. എന്നെ കണ്ട്‌ പിടിക്കാൻ പറ്റുമോ എന്ന്"
'അത്‌ ഈസിയാണ്‌. ഫോൺ പിടിച്ചിരിക്കുന്ന പെൺകുട്ടിയെ നോക്കിയാൽ മതിയല്ലോ'
ഞാൻ ചുറ്റുപാടും നോക്കി. അവിടെ ഇരിക്കുന്ന പെൺകുട്ടികളെല്ലാവരും മൊബെയിൽ ഫോണിന്റെ ലോകത്താണ്‌.
"എനിക്കറിയില്ല, തോറ്റു. എവിടെയാണെന്ന് പറ"
മെസേജിന്‌ റിപ്ലേ ഇല്ല. ഞാൻ ഫോണെടുത്ത്‌ അവളുടെ നമ്പർ ഡയൽ ചെയ്തു. പെട്ടെന്ന് പിന്നിൽ നിന്ന് ആ ശബ്ദം.
"ബാസീ"
ജീവിതത്തിൽ ഇന്നോളം ഞാൻ കൈവരിച്ചിട്ടുള്ള എല്ലാ പ്രസന്നതയും മുഖത്തേക്കാവാഹിച്ച്‌ ഞാൻ തിരിഞ്ഞു. ഞെട്ടിപ്പോയി. എന്റെ പ്രതീക്ഷകളൊക്കെ തകിടം മറിഞ്ഞു. അതിസുന്ദരിയായ ഒരു പെൺകുട്ടിയാണ്‌ അവിടെ. മേൽച്ചുണ്ടിനു മുകളിൽ വിയർപ്പു കണങ്ങൾ. മൂക്ക്‌ കുത്തിയിരിക്കുന്നു. നീലത്തട്ടത്തിനുള്ളിലെ വെളുത്ത മുഖം ജ്വലിച്ചു നിന്നു. എനിക്ക്‌ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. അവൾ പുഞ്ചിരിച്ചു കൊണ്ട്‌ ബെഞ്ചിന്റെ ഒരു വശത്ത്‌ വന്നിരുന്നു. എനിക്ക്‌ ആ മുഖത്തു നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. അവളുടെ മുഖത്ത്‌ ലജ്ജ ഞാൻ കണ്ടു.
"വല്ലാതെ കറുത്തിട്ടാണ്‌. കാണാൻ ഒരു ഭംഗിയുമില്ല"
ഞാൻ അവളെന്നോട്‌ പറഞ്ഞ വാചകങ്ങൾ ആവർത്തിച്ചു. അവൾ ചിരിച്ചു.
"എന്നെ പറ്റിച്ചതാണല്ലേ?"
അവൾ എനിക്കു മുന്നിൽ പുഞ്ചിരി സ്മൈലി കിട്ടാതെ കുഴങ്ങി.
"ബാസീ..."
ആ വിളിയിൽ ഒരു നോവുണ്ടായിരുന്നു.
"അയാം ആൻ എച്ചൈവി പോസിറ്റിവ്‌"
വിറയലോടെ അവളുടെ ശബ്ദം തെന്നിച്ചിതറി വീണു. എന്റെ ഹൃദയത്തിനു മുകളിൽ ഒരു ഭാരം കയറ്റി വെക്കപ്പെട്ടതു പോലെ എനിക്ക്‌ വേദന അനുഭവപ്പെട്ടു. ഞാൻ ബെഞ്ചിൽ നിന്നെഴുന്നേറ്റ്‌ കായലിലേക്ക്‌ കണ്ണെറിഞ്ഞു. അകലെ വല്ലാർപ്പാടം കണ്ടൈനർ ടെർമ്മിനൽ. എനിക്ക്‌ ശ്വാസം മുട്ടുന്നത്‌ പോലെ തോന്നി. കണ്ണ്‌ നിറയുന്നുണ്ടോ? വീണ്ടും അവളുടെ ശബ്ദം.
"ഞാനായിട്ടൊന്നും ചെയ്തതല്ല. ഞാൻ..."
ഞാൻ വീണ്ടും ബെഞ്ചിലേക്കിരുന്നു.
"വേണ്ട. വിശദീകരിക്കണ്ട. എനിക്ക്‌ മനസ്സിലാവും. എനിക്ക്‌ പെട്ടെന്ന്, ഷോക്കായിപ്പോയി"
ഞാൻ ചിരിക്കാൻ ശ്രമിച്ചു.
അവളുടെ മുഖം വല്ലാതെ ചുവന്നിരുന്നു. മൂക്കുത്തി വിറച്ചു കൊണ്ടിരുന്നു. ഞങ്ങൾ ഒന്നും സംസാരിച്ചില്ല.
"ബാസീ..."
ഞാൻ തിരിഞ്ഞ്‌ അവളെ നോക്കി.
"കാൻ യൂ ലവ്‌ മീ?"
ഞാൻ ഒന്നും മിണ്ടാനാവാത്ത ഒരവസ്ഥയിലായിരുന്നു. മറുപടിയായി ഞാനൊരു വിളറിയ ചിരി ചിരിച്ചു. അവൾ തുടർന്നു.
"ഒരുപാടൊന്നും വേണ്ട. ഏറിയാൽ നാലോ അഞ്ചോ കൊല്ലങ്ങൾ കൂടിയേ എനിക്കായുസ്സുള്ളൂ. ഞാൻ ഒരു കാര്യത്തിനും ബുദ്ധിമുട്ടിക്കില്ല. മരിക്കുന്നത്‌ വരെ ജീവിക്കാൻ എനിക്കൊരു കാരണം വേണ്ടേ? ബാസീ പ്ലീസ്‌, എന്നെ പ്രണയിക്കാൻ കഴിയുമോ?"
അവളുടെ കണ്ണ്‌ നിറയുന്നു. പെട്ടെന്ന് ഞാൻ അവളെ ചേർത്ത്‌ പിടിച്ചു. യാത്രക്കാരെ കയറ്റിപ്പോകുന്ന ബോട്ടുകൾ കായലിൽ കാണാം. ഞാൻ ആ ബോട്ടിലേക്ക്‌ കൈ ചൂണ്ടി.
"കണ്ടോ, ബോട്ട്‌. അതിൽ കേറുന്ന ആർക്കുമറിയില്ല അത്‌ മുങ്ങുമോ ഇല്ലയോ എന്ന്. എന്നാലും അവർ അതിൽ കേറുന്നു, ആടുന്നു, പാടുന്നു. അല്ലേ? അങ്ങനെയാവണം. അങ്ങനെയാവണം"
അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു.
"ഇനിയെത്ര കൊല്ലം നീയുണ്ടായാലും ഒരു ജീവിതത്തിൽ അനുഭവിക്കേണ്ടതും കാണേണ്ടതുമായ എല്ലാം കണ്ടും അനുഭവിച്ചും കഴിഞ്ഞേ നിന്നെ ഞാൻ വിടൂ"
അവൾ നിറഞ്ഞ്‌ ചിരിച്ചു.
ബോട്ടൊരെണ്ണം തിരികെ വന്നു. നിറയെ യാത്രക്കാരുമായി മറ്റൊരെണ്ണം പുറപ്പെടുന്നു. അങ്ങനെയാവണം, അങ്ങനെയാവണം ജീവിതം!

ദൈവത്തിന്റെ വികൃതികൾ; രണ്ടാം ഖണ്ഡം

പ്രത്യേക അറിയിപ്പ്‌:- നീല അൽപം കൂടുതലാണ്‌. വായിച്ചിട്ട്‌ ബാസിത്ത്‌ സദാചാരത്തിന്റെ വരമ്പുകൾ ലംഘിച്ചു എന്ന് പറയരുത്‌.

"നന്നായിട്ട്‌ കുനിഞ്ഞു നിക്ക്‌"
ഗുദമൈഥുനം ചെയ്യാൻ വെമ്പിക്കൊണ്ട്‌ ഞാനവളുടെ പുറത്തടിച്ചു.
"സാറേ, വേണ്ട"
അവൾ പിന്തിരിഞ്ഞു നോക്കിക്കൊണ്ട്‌ പറഞ്ഞു. ആ കണ്ണുകളിൽ ദൈന്യത ഞാൻ കണ്ടു. പക്ഷേ, ഞാനപ്പോൾ ഒരു വന്യ മൃഗമായിരുന്നു.
"പിന്നെ കാശെണ്ണി വാങ്ങിയതെന്തിനാ? അങ്ങോട്ട്‌ നിക്കെടീ"
ഞാൻ ദേഷ്യപ്പെട്ടു. പിന്നീടവൾ ഒന്നും മിണ്ടിയില്ല. യാതൊരു പ്രതികരണവുമില്ലാതെ ഒരു യന്ത്രപ്പാവയെപ്പോലെ അവൾ ആ നിൽപ്പ്‌ നിന്നു.
കാമം ശമിച്ച്‌ കഴിഞ്ഞപ്പോൾ ഞാൻ ബാഗിൽ നിന്നു റമ്മെടുത്ത്‌ അവിടെക്കിടന്ന കസേരയിലേക്കിരുന്നു. അവൾ ആദ്യം കട്ടിലിലിരുന്നു. വേദനയെടുത്തത്‌ കൊണ്ടാവണം പിന്നീട്‌ കട്ടിലിൽ കമിഴ്‌ന്ന് കിടക്കുന്നത്‌ കണ്ടു. എനിക്ക്‌ കുറ്റബോധം തോന്നി. ഞാൻ റം ബോട്ടിൽ പൊട്ടിച്ചു.
"എടീ, നിനക്ക്‌ വേണോ?"
ഞാൻ തിരിഞ്ഞ്‌ അവളോട്‌ ചോദിച്ചു.
"ഓ, വേണ്ട സാറേ"
"ഹ, വാ. വന്നടിയ്ക്ക്‌. നീ ആദ്യം ഡ്രസ്സൊക്കെയിട്‌. എന്നിട്ട്‌ വാ"
അവൾ മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റു. ഞാൻ രണ്ട്‌ ഗ്ലാസുകളിൽ മദ്യം നിറച്ചു. സോഡ പൊട്ടിച്ച്‌ ഒഴിച്ചപ്പോഴേക്കും അവൾ സാരി വാരിച്ചുറ്റി എന്റെ അടുത്ത്‌ വന്നു നിന്നു. ഞാൻ ഒരു കസേര നീക്കി അവൾക്കിട്ടു കൊടുത്തു.
"ഇരിക്ക്‌"
അവൾ ഇരിക്കാൻ തുടങ്ങിയതും ഞാൻ പറഞ്ഞു:
"ദാ, ആ തലയണ എടുത്ത്‌ വെച്ചോ"
ഞാൻ കട്ടിലിലേക്ക്‌ കൈ ചൂണ്ടി. അവൾ കട്ടിലിൽ നിന്നും ഒരു തലയണ എടുത്ത്‌ കസേരയിലിട്ടിട്ട്‌ അതിലിരുന്നു. ഞാൻ മദ്യം നിറച്ച ഒരു ഗ്ലാസ്‌ അവളുടെ മുന്നിലേക്ക്‌ നീക്കി വെച്ചു.
"ങും, അടിക്ക്‌"
അവൾ ഒറ്റ വലിയ്ക്ക്‌ അത്‌ അകത്താക്കി ചിറി തുടച്ചു. ഒന്ന് ചീറിയിട്ട്‌ പ്ലേറ്റിൽ കുടഞ്ഞിട്ടിരുന്ന മിക്സ്ചർ ഒരു പിടിയെടുത്ത്‌ അവൾ വായിലിട്ടു. ഞാൻ മദ്യം മെല്ലെ സിപ്പ്‌ ചെയ്യുകയായിരുന്നു.
"ഇത്ര പെട്ടെന്ന് കുടിച്ചോ?"
"ഓ, ഇതൊക്കെ എന്നാ നോക്കാനാ? വയറ്റീപ്പോയാ എന്നായാലും കൊള്ളത്തില്ല. അപ്പപ്പിന്നെ ഇങ്ങനെ അനത്തിക്കുടിക്കുന്നതെന്നാത്തിനാ? അല്ലെങ്കിലും വല്യ സാറന്മാരിങ്ങനെ അനത്തിയേ കുടിക്കാറൊള്ള്‌. അതെന്നാ സാറേ?"
അവൾ സംസാരിക്കുന്നത്‌ കൗതുകപൂർവ്വം കേൾക്കുകയായിരുന്നു ഞാൻ. ഇത്രയും നേരം കാര്യമായ സംസാരമില്ലായിരുന്നല്ലോ. ഞാൻ വീണ്ടും അവൾക്കു വേണ്ടി ഗ്ലാസിൽ മദ്യം നിറച്ചു.
"എന്നാത്തിനാ സാറേ ഇങ്ങനെ പയ്യെക്കുടിക്കുന്നേ?"
അവൾ വീണ്ടും ചോദിച്ചു. ഞാൻ മറുപടിയായി അർത്ഥങ്ങളൊന്നുമില്ലാത്ത ഒരു ചിരി ചിരിച്ചു.
"ഓ, പറയത്തില്ലായിരിക്കും. പണക്കാരുടെ കാര്യമായത്‌ കൊണ്ടാരിക്കും. അല്ലേ സാറേ?"
"ഏയ്‌, അതല്ല. നീ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം എനിക്കറിയില്ല"
അവളുടെ മുഖത്ത അത്ഭുതം ഞാൻ കണ്ടു. വീണ്ടും അവൾ ഗ്ലാസ്‌ കാലിയാക്കി.
"വേദനിച്ചോ?"
ഞാൻ പെട്ടെന്ന് അവളോട്‌ ചോദിച്ചു.
"എന്നാ സാറേ?"
"വേദനിച്ചോന്ന്"
അവൾക്ക്‌ പെട്ടെന്ന് മനസ്സിലായില്ലെങ്കിലും ധൃതിയിൽ ആലോചിച്ചെടുത്തു.
"ങാ, ചെറുതായിട്ട്‌. സാരമില്ല സാറേ. സാറ്‌ പറഞ്ഞതു പോലെ കാശെണ്ണിത്തന്നിട്ടല്ലേ"
ഞാൻ ഒന്നും മിണ്ടിയില്ല.
"പക്ഷേ സാറേ, കാശ്‌ തന്നാലും അവിടൊന്നും ഞാൻ ആരേം സമ്മതിച്ചിട്ടില്ല"
അവളുടെ ശബ്ദം നിർമ്മലമായി. ഞാൻ അവളെ നോക്കി.
"സാറിനെക്കണ്ടപ്പം എനിക്കെന്റെ മോനെ ഓർമ്മ വന്ന്. അതാ"
"ബുൾഷിറ്റ്‌"
ഞാനൊരു ശബ്ദത്തോടെ ഗ്ലാസ്‌ മേശപ്പുറത്തേക്ക്‌ വെച്ചു. മദ്യം തുളുമ്പി ഗ്ലാസിനു പുറത്തേക്ക്‌ തെറിച്ചു.
"സത്യമാ സാറേ. അവനും ഇപ്പം ഇത്രയൊക്കെ ആയിക്കാണും. ഇരുപത്തഞ്ച്‌ വയസായിക്കാണും. സാറിനും അത്രയൊക്കെയല്ലേയുള്ളൂ"
എന്റെ നാവിനാരോ കൂച്ചു വിലങ്ങിട്ടതു പോലെ.
"പതിനാറാമത്തെ വയസീ എന്റെ കല്യാണം കഴിഞ്ഞതാ സാറേ. പാലാ സെന്റ്‌ മേരീസ്‌ പള്ളീ വെച്ചായിരുന്നു കെട്ട്‌. പാലാ ചന്തേല്‌ പച്ചക്കറിക്കട നടത്തുവാരുന്ന സണ്ണിയാരുന്നു ഈ കഴുത്തേലൊരു മിന്ന് കെട്ടിയത്‌. ആദ്യരാത്രീത്തന്നെ എന്നെ അങ്ങേര്‌ ബലാത്സംഗം ചെയ്തെങ്കിലും എനിക്ക്‌ ഇച്ചായനെ ഇഷ്ടമാരുന്നു. അടുത്ത കൊല്ലം കൊച്ചും ഉണ്ടായി. ജോസഫ്‌ മോൻ. അവന് ഇച്ചിരി ‌പ്രായമായപ്പം മൊതലേ ഇച്ചായൻ എന്നെ വിയ്ക്കാൻ തൊടങ്ങി. കള്ള്‌ കുടീം ചീട്ട്‌ കളീം. അതിന് കാശ് വേണ്ടേ? കാശുണ്ടാക്കാൻ അങ്ങേരെന്നെ പലർക്കും വിറ്റു. എന്നിട്ട്‌ പതിനഞ്ച്‌ കൊല്ലം മുൻപ്‌, എന്റെ മോൻ കുട്ടന്‌ പത്ത്‌ വയസായപ്പം ഞാൻ പൊറത്തായി. ഇവിടെ, ഈ മൈസൂരില്‌ അങ്ങേരെന്നെ അവസാനത്തെ വിൽപ്പന നടത്തി"
നിസ്സംഗതയോടെയാണ്‌ അവൾ പറയുന്നത്‌. കണ്ണുകളിൽ കണ്ണീരിന്റെ കണിക പോലുമില്ല.
"ഇപ്പം, എന്റെ മോനും സാറിന്റത്രേം ആയിക്കാണും. അവനും ഇതു പോലെ ആരുടെയെങ്കിലും കൂടെ ആയിരിക്കുമോ സാറേ? പറ സാറേ"
അവൾ എന്റെ കോളറിൽ പിടിച്ചു. അവളുടെ ശബ്ദത്തിലെ ഇടർച്ച ഞാൻ ശ്രദ്ധിച്ചു.
"അങ്ങനെയെങ്ങാനും ആയാ അവനെ അന്ന് ഞാൻ കൊല്ലും"
എന്നിട്ട്‌ സ്വയം സമാധാനിക്കാനെന്ന വണ്ണം അവൾ പറഞ്ഞു:
"ഏയ്‌, ആയിരിക്കത്തില്ല. അല്ലേ സാറേ?"
എന്റെ നാവ്‌ കുഴഞ്ഞു പോയിരുന്നു.
"എന്നാ ഞാമ്പോട്ടെ സാറേ?"
അവൾ കസേരയിൽ നിന്നെഴുന്നേറ്റു. ഞാൻ യാന്ത്രികമായി തല കുലുക്കി.
അവൾ വാതിൽ തുറന്നു പിടിച്ച്‌ അൽപ നേരം നിന്നു.
"സാറേ, താഴെ ആ ഏജന്റ്‌ പറഞ്ഞത്‌ സാറിവിടെ പതിവുകാരനാണെന്നും പെണ്ൺ വേണമെന്ന് പറയുന്നത്‌ ഇന്നാണെന്നുമാണ്‌. നല്ല രീതിയിൽ സഹകരിക്കണമെന്ന് അങ്ങേരെന്നോട്‌ പറഞ്ഞായിരുന്നു. എന്നാലേ സാറിനീം പെണ്ണുങ്ങളെത്തേടി വരത്തൊള്ളൂന്ന്. അങ്ങേര്‌ ചോദിച്ചാ ഞാൻ നന്നായിട്ട്‌ പെരുമാറിയെന്ന് പറഞ്ഞേക്കണേ"
ഞാൻ തല കുലുക്കി.
"പിന്നെ സാറേ..."
അവൾ ഒന്ന് നിർത്തി.
"ഇനി വരുമ്പം സാറ്‌ എന്നെ വേണമെന്ന് പറയരുത്‌. സാറിനെക്കാണുമ്പം എനിക്കെന്റെ മോനെ ഓർമ്മ വരും"
അത്രയും പറഞ്ഞ ശേഷം കണ്ണുകളിൽ ഉരുണ്ടു കൂടിയ കണ്ണുനീര്‌ മറയ്ക്കാനെന്ന വണ്ണം അവൾ ധൃതിയിൽ ഹോട്ടലിന്റെ ഇരുണ്ട ഇടനാഴിയിലൂടെ മുന്നോട്ട്‌ നടന്ന് മറന്നു.

നിന്റെയും എന്റെയും ലോകത്തെപ്പറ്റി

ശിശുദിനത്തിനു വേണ്ടി എടുത്ത ചിത്രങ്ങൾ മാറി മാറി നോക്കുകയായിരുന്നു ഞാൻ. ഏത്‌ കൊടുക്കണമെന്ന് കൺഫ്യൂഷൻ.
"കോപ്പ്‌"
ദേഷ്യത്തോടെ അവ മേശപ്പുറത്തേക്കെറിഞ്ഞു. സിഗരറ്റ്‌ പാക്കേറ്റ്ടുത്ത്‌ തുറന്നു. ശൂന്യം!
"മൈ**, ഇത്‌ തീർന്നോ"
ചുരുട്ടിക്കൂട്ടി അത്‌ വേസ്റ്റ്‌ ബിന്നിലേക്കിട്ടു. ഞാൻ മേശവലിപ്പുകൾ മാറി മാറി തുറന്നു. ഹാവൂ, ഭാഗ്യം. ഇത്തരം അത്യാവശ്യ ഘട്ടത്തിൽ വലിക്കാൻ മാറ്റി വെച്ചിരുന്ന സിഗരറ്റ്‌ പാക്കറ്റ്‌ അവിടെയുണ്ട്‌. ഒന്നെടുത്ത്‌ പാക്കറ്റ്‌ മേശപ്പുറത്തേക്കിട്ടു. ലൈറ്ററെടുത്ത്‌ സിഗരറ്റ്‌ കത്തിച്ച്‌ ചുണ്ടത്തു വെച്ച്‌ പുക വിട്ടു. അപ്പോഴാണ്‌ ഫോൺ ബെല്ലടിച്ചത്‌. ഫോണെടുത്ത്‌ ഡിസ്പ്ലേയിലേക്ക്‌ നോക്കി. അൺനോൺ നമ്പരാണ്‌. സെയിലന്റാക്കി ഫോൺ കട്ടിലിലേക്കിട്ടു. ജാലകവിരി മാറ്റി ഞാൻ ജനാലയിലൂടെ പുറത്തേക്ക്‌ നോക്കി. വെളിച്ചത്തിൽ മുങ്ങി നഗരം. എങ്ങും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമാണ്‌. താഴെ നിരത്തിലൂടെ തീപ്പെട്ടിക്കൂടുകൾ പോലെ വാഹനങ്ങൾ പോകുന്നത്‌ കാണാം.
ഫോൺ വീണ്ടും ബെല്ലടിച്ചു. എടുത്ത്‌ നോക്കിയപ്പോ വീണ്ടും അതേ നമ്പർ.
"മൈ**, ആരാണാവോ?"
ഞാൻ കോൾ സ്വീകരിച്ച്‌ ചെവിയോട്‌ ചേർത്തു.
"ഹലോ"
അങ്ങേത്തലയ്ക്കൽ രണ്ട്‌ നിമിഷത്തെ നിശബ്ദത.
"ഹലോ, ജഗനല്ലേ?"
പെൺശബ്ദമാണ്‌. ആ ശബ്ദം കേട്ടപ്പോ ഒരു വിറ. ഈ ശബ്ദം എവിടെയോ... ഞാൻ ഓർമ്മകളിലേക്ക്‌ കൂപ്പു കുത്താൻ ശ്രമിച്ചു. കഴിഞ്ഞില്ല. എനിക്കിപ്പോ കഴിഞ്ഞ അഞ്ചു കൊല്ലത്തെ ഓർമ്മകൾക്കപ്പുറം ഓർമ്മകളില്ല. ഞാൻ പറഞ്ഞു:
"അതേ, ആരാണ്‌?"
അപ്പുറത്ത്‌ ദീർഗ്ഘനിശ്വാസം.
"ഞാൻ നന്ദയാണ്‌"
ഞാൻ ശൂന്യനായി.
"നന്ദ?"
ഒരു നെടുവീർപ്പ്‌ ഞാൻ കേട്ടു.
"അത്‌, കുഞ്ഞി!"
കുഞ്ഞി! തലച്ചോറിൽ ഒരു പ്രളയം പോലെ. ഞാൻ വീഴാതിരിക്കാൻ ഭിത്തിയിൽ പിടിച്ചു. ഞങ്ങൾക്കിടയിൽ മൗനം വിറങ്ങലിച്ചു നിന്നു.
"കുഞ്ഞീ, നീ എവിടെയാണ്‌? എത്ര നാളായി ഈ ശബ്ദമൊന്ന് കേട്ടിട്ട്‌"
എന്റെ ശബ്ദത്തിൽ വിറയലുണ്ടായിരുന്നോ.
എന്റെ കാതിൽ അവളുടെ കരച്ചിലിന്റെ ചീളുകൾ അലയടിച്ചു.
"കുഞ്ഞീ, കരയരുത്‌"
"എനിക്കൊന്ന് കാണണം"
ഏങ്ങലടിക്കിടെ അവളുടെ ആവശ്യം.
"എനിക്കും"
ഞാനങ്ങനെ പറഞ്ഞോ? ഉവ്വ്‌, പറഞ്ഞു.
**************************
അവൾക്ക്‌ മാറ്റമൊന്നുമില്ല. നിറം ഒരൽപം കുറഞ്ഞു എന്ന് തോന്നുന്നു. ചിരിക്കുമ്പോൾ ഇപ്പഴും നുണക്കുഴി വിരിയുന്നുണ്ട്‌. നടക്കുമ്പോൾ ഇടക്കിടെ കൈകൾ പിണച്ചു വെക്കുന്നുണ്ട്‌.
"എവിടെയായിരുന്നു ഇത്ര നാൾ?"
അവൾ ഒന്ന് ചിരിച്ചു.
"ഞാൻ അറിയുന്നുണ്ടായിരുന്നു നിന്നെപ്പറ്റി. ഇൻഡ്യൻ എക്സ്പ്രസിന്റെ ഫോട്ടോഗ്രാഫറായതും അവാർഡുകൾ വാരിക്കൂട്ടിയതുമൊക്കെ മുംബൈ മഹാനഗരത്തിലിരുന്ന് ഞാനറിയുന്നുണ്ടായിരുന്നു"
"മുംബൈ?"
"അതെ, അവിടെയായിരുന്നു. കല്യാണം കഴിഞ്ഞ്‌, ഇപ്പോ ഡിവോസ്ഡ്‌. എനിക്ക്‌ വേണ്ടത്‌ നിന്നെയായിരുന്നു"
ഞാൻ നിശബ്ദനായി.
"കുഞ്ഞീ, ഞാൻ പഴയ ജഗനല്ല. കുത്തഴിഞ്ഞ ജീവിതമാണെന്റേത്‌. ഞാൻ ഒരുപാട്‌ മാറിപ്പോയിരിക്കുന്നു. ഒരുപാട്‌ പെണ്ണുങ്ങൾ ജീവിതത്തിൽ വന്നു പോയി. മദ്യവും മദിരാക്ഷിയും അങ്ങനെ..., ഞാൻ, ഞാനിപ്പോ ഞാനല്ല"
അവളുടെ മുഖത്ത്‌ അവിശ്വസനീയതയുടെ നിഴലാട്ടങ്ങൾ.
"ജഗൻ, കളി പറയരുത്‌"
"അല്ല കുഞ്ഞീ, ബിലീവ്‌ മീ"
അവർക്കിടയിൽ ഒരുപാട്‌ ചോദ്യങ്ങൾ ബാക്കിയായി. ഉത്തരമില്ലാത്ത ചോദ്യങ്ങൾ!
"നീയും ഞാനും ഒരിക്കലും ഒന്നാവാൻ പറ്റാത്ത വിധം വ്യത്യസ്തരായിരിക്കുന്നു"
"എന്ന് വെച്ചാൽ?"
"എന്നു വെച്ചാൽ ഞാൻ ഞാനായും നീ നീയായുമിരിക്കട്ടെ"
ഞാൻ എഴുന്നേറ്റ് നടന്നു. പിന്നിൽ ഞാനൊന്നും കണ്ടില്ല. ഓർമകളെ വീണ്ടും ഡിലീറ്റ് ചെയ്തു.
അന്നും സൂര്യനസ്തമിച്ചത്രേ!
ഏച്ചുകെട്ട്‌:-പുരുഷപക്ഷ വായന