Monday, April 22, 2013

ഭൌമദിനം; ഒരു ചിന്ത

-എന്നോ എവിടെയോ വായിച്ച ഒരു കവിതയോട്‌ കടപ്പാട്‌-

അവധിക്ക്‌ നാട്ടിലെത്തിയതായിരുന്നു അയാൾ.
പുറപ്പെടുമ്പോൾ സഹമുറിയന്മാർ എല്ലാവരും ആവശ്യപ്പെട്ടത്‌ ഒരു കാര്യമായിരുന്നു.
"ഡാ, വരുമ്പോ നിന്റെ നാടിന്റെ കുറച്ച്‌ ഫോട്ടോ കൊണ്ടു വരണേ..."
ഫിലിപ്പൈൻകാരൻ റോയ്‌ കുറച്ചു കൂടി വ്യക്തമായി ആവശ്യപ്പെട്ടു.
"ഹെയ്‌ അബ്ബാസ്‌, ഐ നീഡ്‌ എ കമ്പ്ലിറ്റ്‌ പിക്ചർ എബൗട്ട്‌ യുവർ വില്ലേജ്‌"
നാടിനെക്കുറിച്ച്‌ ഒരുപാട്‌ പറഞ്ഞിട്ടുണ്ടായിരുന്നു അയാൾ.
വീടിനു മുന്നിലൂടെ ഒഴുകുന്ന പുഴയെക്കുറിച്ചും, വീടിനടുത്തുള്ള സർപ്പക്കാവിനെക്കുറിച്ചും, വീട്ടിലെ തൊഴുത്തിനെപ്പറ്റിയും പിന്നെ വേറെയുൻ ഒത്തിരി കാര്യങ്ങൾ.
അതിന്റെയൊക്കെ ചിത്രങ്ങൾ എടുത്തു കൊണ്ട്‌ വരാനാണ്‌ അവർ പറഞ്ഞത്‌.
"ഏറ്റു, ഏറ്റു"
ഓരോരുത്തരും അവരവരുടെ വീട്ടിലേക്ക്‌ എത്തിക്കേണ്ട സാധനങ്ങൾ പാക്ക്‌ ചെയ്തു തന്നു. അയാളുടെ കുറേ സാധനങ്ങൾ അയാൾക്ക്‌ ഒഴിവാക്കേണ്ടിയും വന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽ അയാളെ സ്വീകരിക്കാൻ ഉമ്മയും വാപ്പയും ഭാര്യയും മോനും ഉണ്ടായിരുന്നു.
"നീ ഒത്തിരി മെലിഞ്ഞല്ലോടാ"
നീണ്ട അഞ്ച്‌ വർഷങ്ങൾക്ക്‌ ശേഷം കാണുന്ന തന്റെ മോന്റെ കവിളിൽ തലോടിക്കൊണ്ട്‌ ആ ഉമ്മ കരഞ്ഞു.
മോൻ ഇതൊക്കെക്കണ്ട്‌ അന്തം വിട്ടു നിൽക്കുകയാണ്‌. അയാൾ അവനെ വാരിയെടുത്ത്‌ ഒരു ഉമ്മ കൊടുത്തു.
"സിദ്ദൂ, നീ സ്കൂളിൽ പോകുന്നില്ലേടാ?"
സിദാൻ ഒരൽപം അകൽച്ച കാണിച്ചു.
അപ്പോഴാണ്‌ ശാലുവിനെ കണ്ടത്‌. നിറകണ്ണുകളോടെ അയാളെ നോക്കി സായൂജ്യമടയുകയായിരുന്നു അവൾ.
അന്നു രാത്രി അയാൾക്ക്‌ പറയാൻ ഒരുപാടുണ്ടായിരുന്നു. ശാലുവിന്റെ കണ്ണുനീരിന്റെ ഉപ്പിന്‌ ഒരു പ്രത്യേക സ്വാദുണ്ടെന്ന് അയാൾക്ക്‌ മനസ്സിലായത്‌ അന്നാണ്‌.
പിറ്റേന്ന് പൊള്ളച്ചിരിയുമായി വന്ന ബന്ധുക്കളുടെ ശല്യം ഒന്നു ശമിച്ചപ്പോൾ അയാൾ സിദാനുമൊത്ത്‌ പുറത്തിറങ്ങി.
"എങ്ങോട്ടാ ഇക്കാ?"
ഇറങ്ങാൻ നേരത്ത്‌ ശാലുവിന്റെ അന്വേഷണം.
"ഒന്നു പുറത്തേക്കിറങ്ങുവാടീ, വരുന്നോ?"
"ഇല്ല. ഉപ്പയും മോനും കൂടി പോയിട്ട്‌ വാ. വേഗം വരണേ"
"ങാ, വന്നേക്കാം"
അയാൾ തോട്ടുവക്കത്ത്‌ ചെന്നു. കുറച്ച്‌ ഫോട്ടോ എടുക്കണം; തോടിന്റെ ഫോട്ടോ തന്നെ.
തന്റെ ഡിജിറ്റൽ ക്യാമറ അയാൾ തോട്ടിലേക്ക്‌ തിരിച്ചു. ഫ്രെയിമിൽ തോട്‌ കാണുന്നില്ല! അയാൾ വീണ്ടും നോക്കി. ഇല്ല; തോടില്ല!! ഫ്രെയിമിൽ തെളിയുന്നത്‌ കുറച്ച്‌ വേസ്റ്റ്‌ കുപ്പികളും പാട്ടകളും അറവുശാലയിലെ മാലിന്യങ്ങളും മാത്രമാണ്‌.
'ഓ, തോട്‌ നഷ്ടപ്പെട്ടു'
വേദനയോടെ അയാൾ മനസ്സിലാക്കി.
ഫ്രെയിമിൽ കുടുങ്ങിയ കുറേ മലിന വസ്തുക്കളെയും കൊണ്ട്‌ അയാൾ വീട്ടിൽ കയറി.
അയാൾ നിരാശനായിരുന്നു.
"ആഹാ, കഴിഞ്ഞോ?"
ശാലു അയാളുടെ തലക്കൽ; മെത്തയിൽ വന്നിരുന്നു.
അയാൾ ഒന്നും മിണ്ടിയില്ല.
'ഇനിയിപ്പോ തൊഴുത്തേയുള്ളൂ'
അയാൾ എഴുന്നേറ്റു.
ഇത്തവണ ശാലു പിന്നാലെ വന്നു.
തൊഴുത്ത്‌ നിന്നിടം ശൂന്യം!
അയാളുടെ കണ്ണിലെ ചോദ്യഭാവം കണ്ടിട്ടാവണം അവൾ പറഞ്ഞു-
"അത്‌ പൊളിച്ചു. അറിയിക്കാൻ പറ്റിയില്ല."
"അതെന്താ?"
അയാളുടെ ശബ്ദം ഇടറി.
അവൾ മുന്നോട്ട്‌ നടന്നു.
"അയ്യേ, ഇത്രയും വലിയ ഒരു ഗൾഫ്‌കാരന്റെ വീട്ടില്‌ പശുവിനെ വളർത്തുന്നതെന്തിനാ?"
അയാൾ നിസ്സഹായനായി നിന്നു.
ചവിട്ടി നിൽക്കുന്ന ഭൂമി താഴ്‌ന്നു പോകുന്നത്‌ ഒരു വേദനയോടെ അയാൾ അറിഞ്ഞു. 'തിരികെ പോകാൻ ഇനിയെത്ര ദിവസങ്ങൾ ഉണ്ട്‌?' എന്നു ചിന്തിക്കുകയായിരുന്നു അയാൾ.

ലേബൽ: ഇന്ന് ലോക ഭൗമദിനം

Sunday, April 21, 2013

നല്ല സുഹൃത്തുക്കള്ക്ക് സ്വാഗതം

കുറച്ചു ദിവസമായി പലരും എന്നോട്‌ ചോദിക്കുന്നു, എന്റെ ഫ്രണ്ട്‌ ലിസ്റ്റിലെ എണ്ണം ദിനം പ്രതി കുറയുന്നതിന്റെ കാരണം എന്താണെന്ന്.
ഒരു ശുദ്ധികലശം തുടങ്ങി.
ശുദ്ധികലശമോ?
അതെ. ഒരു പ്രയോജനവുമില്ലാതെ ഫ്രണ്ട്‌ ലിസ്റ്റിൽ കിടക്കുന്ന ഫ്രണ്ട്‌സിനെയെല്ലാം ചുമ്മാ അങ്ങ്‌ അൺഫ്രണ്ട്‌ ചെയ്യുകയാണ്‌ കുറച്ചു ദിവസമായിട്ട്‌. ഫേസ്ബുക്കിൽ പിച്ച വെക്കുന്ന സമയത്ത്‌ ശറഫറാ റിക്വസ്റ്റ്‌ അയച്ച്‌ ഫ്രണ്ട്‌ ആക്കിയ കുറേ ഫൈകും ഫൈക്‌ അല്ലാത്തതുമായ എല്ലാത്തിനേയും പടിയടച്ച്‌ പിണ്ഢം വെച്ചു കൊണ്ടിരിക്കുകയാണ്‌.
പെണ്ണുങ്ങളെയാണെന്നു പറയേണ്ട കാര്യമില്ലല്ലോ.
പക്ഷേ, പറയുന്നതു പോലെ എളുപ്പമല്ല ഈ ശുദ്ധികലശം. നല്ല മനക്കട്ടി വേണം. അൺഫ്രണ്ട്‌ ബട്ടണിൽ ക്ലിക്ക്‌ ചെയ്യാൻ നേരത്ത്‌ ഒരു പത്തു വട്ടം ആലോചിക്കും. 'വേണോ വേണ്ടയോ?'
അവസാനം വിറക്കുന്ന കൈകളോടെയാവും അൺഫ്രണ്ട്‌ ചെയ്യുക.
എല്ലാ പെൺപിള്ളേരും ഇതൊരു അറിയിപ്പായിട്ട്‌ എടുക്കുക.

ഏച്ചുകെട്ട്‌: അൺഫ്രണ്ട്‌ ചെയ്തു ചെയ്ത്‌ അവസാനം ആളൊഴിഞ്ഞ പൂരപ്പറമ്പ്‌ പോലെയാകുമോ ആവോ?

Saturday, April 13, 2013

ഞാനെന്ന ക്രിക്കറ്റ്‌ പ്ലയര്

ചെറുപ്പം മുതലേ ക്രിക്കറ്റ്‌ കളിക്കാറുണ്ടായിരുന്നു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ഞാനും ക്രിക്കറ്റുമായി പ്രണയത്തിലായിക്കഴിഞ്ഞിരുന്നു. ഇന്റർവെല്ലിനും ഉച്ചഭക്ഷണത്തിനു ശേഷമുള്ള സമയത്തും മടൽ ബാറ്റും സ്റ്റമ്പർ ബോളുമായി സ്കൂൾ ഗ്രൗണ്ടിൽ മാച്ച്‌ കളിക്കുന്ന ഒരു കാലമുണ്ടായിരുന്നു.
ഗ്രൗണ്ടിന്റെ ഒരു വശത്തു കൂടി മീനച്ചിലാർ ഒഴുകുന്നു.ഗ്രൊണ്ടിന്റെ സംരക്ഷണ ഭിത്തി നിറയെ പല പല ചിത്രപ്പണികളാണ്‌. തവിട്ടു നിറത്തിൽ മാനും മയിലും ആടും പിന്നെ വേറെന്തൊക്കെയോ ആ ഭിത്തിയിൽ ജീവസുറ്റ രേഖകളായി ഉത്സവം തീർത്തു.
ഇന്റർവല്ലിനു ബെല്ലടിച്ചാൽ ആദ്യത്തെ ജോലി മതിലിനടുത്തേക്കോടി നിരന്നു നിൽക്കലാണ്‌. എല്ലാവരും വരുന്നതു വരെ കാത്തു നിൽക്കണം. എല്ലാവരും ആയാൽ ആരെങ്കിലും അറിയിക്കും.
"ങാ, തുടങ്ങിക്കോ"
പിന്നെയാണു ചിത്രപ്പണി.
വരച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചിലപ്പോ മൂത്രം തീർന്നു പോകും. ചിത്രം മുഴുമിക്കുന്നത്‌ അടുത്ത ഇന്റർവല്ലിനാണ്‌.
ഇനിയാണ്‌ മാച്ച്‌ തുടങ്ങുക.
"ആറ്റിൽ പൊങ്ങി വീണാൽ ഔട്ട്‌. അടിച്ചിട്ടയാള്‌ തന്നെ പന്ത്‌ മേടിക്കണം"-റൂൾ നമ്പർ വൺ
"ഓടിലോ ഷീറ്റിലോ കൊണ്ടാലും ഔട്ട്‌. ശബ്ദം കേട്ട്‌ ടീച്ചർ വന്ന് 'ആരാടാ പന്തടിച്ചത്‌?' എന്നു ചോദിച്ചാൽ ഒരു ദാക്ഷിണ്യവുമില്ലാതെ അടിച്ചവനെ കുരുതി കൊടുക്കുന്നതാണ്‌."- റൂൾ നമ്പർ ടൂ
"കീപ്പറിനു പിന്നിലേക്ക്‌ റണ്ണില്ല. ഇറങ്ങിയോടി റൺ ഔട്ടായാൽ അത്‌ ഔട്ടാണ്‌"-റൂൾ നമ്പർ ത്രീ
"കൈ കഴുകുന്ന പൈപ്പിനപ്പുറം പൊങ്ങുപ്പോയാൽ സിക്സ്‌. ഉരുണ്ടു പോയാൽ ഫോർ"-റൂൾ നമ്പർ ഫോർ
"സൈഡിലെ ഭിത്തിയിൽ പന്ത്‌ ഉരുണ്ടു കൊണ്ടാൽ 1 റൺ. പൊങ്ങിക്കൊണ്ടാൽ രണ്ട്‌ റൺസ്‌"- റൂൾ നമ്പർ ഫൈവ്‌
ഇതൊക്കെയായിരുന്നു അന്നത്തെ നിയമാവലി.
അപ്പോൾ നിങ്ങൾക്കൊരു സംശയം ഉണ്ടാവും (ഉണ്ടായില്ലെങ്കിലും കുഴപ്പമില്ല. പറയാനുള്ളത്‌ പറഞ്ഞല്ലേ പറ്റൂ) ഞാൻ ബാറ്റ്‌സ്മാനോ അതോ ബോളറോ എന്ന്.
ബാറ്റ്‌സ്മാനല്ല. കാരണം, നാലാം ക്ലാസ്സ്‌ മുതൽ ഡിഗ്രി അവസാന വർഷവും പിന്നൊരു വർഷവും നീണ്ട എന്റെ ക്രിക്കെറ്റ്‌ കരിയറിൽ എന്റെ ടോപ്‌ സ്ക്കോർ ഇരുപത്തി ഒന്ന്!
മാത്രമല്ല എന്റെ ബാറ്റിംഗ്‌ പൊസിഷൻ നമ്പർ ഉപയോഗിച്ച്‌ പറയാൻ പറ്റില്ല. ഏറ്റവും അവസാനം എന്നു പറയണം. ചിലപ്പോ അത്‌ പത്തൊൻപതോ ഇരുപതോ സ്ഥാനം വരെ ആകാം.
എന്റെ ഹൈ സ്ക്കോർ സംഭവിച്ചത്‌ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു.
എന്റെ ക്ലാസ്സ്‌ 8 എഫും 8 ബിയും തമ്മിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മാച്ചിലായിരുന്നു ആ വീരോചിത ഇന്നിങ്ങ്‌സ്‌. എങ്ങനെയൊക്കെയോ കിട്ടിയ മൂന്ന് ഫോറുകളടക്കം ഇരുപത്തൊന്നിലെത്തിയപ്പോൾ 8 ബിയിലെ ഹലീലിന്റെ ഒരു യോർക്കർ എന്നെ പവലിയനിലും സ്റ്റമ്പിനെ അങ്ങേലോകത്തും എത്തിച്ചു. ഒടിഞ്ഞ സ്റ്റമ്പിനു പകരം സ്കൂളിനു പിൻഭാഗത്തെ തോട്ടത്തിൽ ചെന്ന് സ്റ്റമ്പ്‌ വെട്ടിയത്‌ ഞാനും സജിത്തും കൂടിയായിരുന്നു.
അപ്പോ നിങ്ങള്‌ വിചാരിക്കും, ഞാൻ ബോളറാണെന്ന്. ഒരിക്കലുമല്ല. തെറ്റിദ്ധാരണ എനിക്കിഷ്ടമല്ല.
മേൽപ്പറഞ്ഞ പതിനഞ്ച്‌ വർഷങ്ങളിൽ ഒരോവറിൽ ഏറ്റവും കുറവ്‌ റൺസ്‌ വഴങ്ങിയത്‌ പത്തിൽ പഠിക്കുമ്പോഴായിരുന്നു. 10 ഇയും 10 ഡിയുമായി നടന്ന മാച്ചിൽ 10 ഡിയിലെ അജ്മൽ മിഡ്‌ വിക്കെറ്റിലൂടെ നേടിയ ഒരു ബൗണ്ടറിയടക്കം എന്റെ ഓവറിൽ പിറന്നത്‌ ഒൻപത്‌ റൺസ്‌.
പിന്നെ ഫീൽഡിംഗ്‌. ഞാൻ ഏറ്റവും കൂടുതൽ തെറി കേൾകുന്നത്‌ ഫീൽഡ്‌ ചെയ്യുമ്പോഴാണ്‌ (മറ്റു രണ്ട്‌ മേഖലകളിൽ കേൾക്കുന്നതിനേക്കാൾ എന്നു വായിക്കണം). അടുത്തു കൂടി ഒരു പന്ത്‌ പോയി ഞാൻ കൈ നീട്ടുമ്പോഴേക്കും പന്ത്‌ അതിന്റെ പാട്ടിനു പോയിട്ടുണ്ടാവും.
ഇപ്പോ മനസ്സിലായില്ലേ എന്റെ പേര്‌ ടീം ഷീറ്റിൽ കേറിപ്പറ്റണമെങ്കിൽ എതിർ ടീമിലെ കളിക്കാരേക്കാൾ ഞങ്ങളുടെ ടീമിൽ ആളെണ്ണം കുറവായിരിക്കണമെന്ന്?


വിഷുച്ചിന്തകള്

വിഷു!
കേരളത്തിന്റെ കാർഷികോത്സവം.
എന്റെ ജീവിതത്തിലാദ്യമായാണ്‌ വിഷുവിന്‌ മനസ്സു തുറന്ന് ഒന്നാഘോഷിക്കുന്നത്‌.
ചിതലരിച്ച ഒരു ബാല്യമായിരുന്നു എന്റേത്‌. എന്നു വെച്ചാൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ എന്റെ നാട്ടിൽ നിന്നും എന്റെ സുഹൃത്തുക്കളിൽ നിന്നും വിധി എന്നെ തിരുവനന്തപുരത്തെ ഒരു ഹോസ്റ്റലിന്റെ നാലു ചുവരുകൾക്കുള്ളിലേക്ക്‌ പറിച്ചു നട്ടു.
വിധിയെത്തന്നെ പഴിക്കാം. മാതാപിതാക്കളെ പഴിക്കാൻ മനസ്സ്‌ അനുവദിക്കുന്നില്ല.
പിന്നെ ഡിഗ്രി അവസാന വർഷം വരെ എന്റെ ജീവിതം ഹോസ്റ്റലുകൾ തിന്നു തീർത്തു. ഓണവും ക്രിസ്ത്മസുമൊക്കെ അവധിയുണ്ടായിരുന്നതു കൊണ്ട്‌ അറിഞ്ഞു. പക്ഷേ, അറബി സ്കൂളുകൾക്കും അവധി തരാൻ ഒരു പരിധിയുണ്ടല്ലോ. എന്റെ ഒൻപത്‌ വർഷത്തെ വിഷു ഹോസ്റ്റലിനുള്ളിൽ എരിഞ്ഞടങ്ങി.
അവധിക്ക്‌ നാട്ടിൽ വരുമ്പോൾ രാജകീയ പരിഗണനയാണ്‌. ഇഷ്ടമുള്ളതെല്ലാം വെച്ചു വിളമ്പിത്തന്നും ആവശ്യങ്ങൾ നിറവേറ്റിത്തന്നും എന്റെ അവധിക്കാലം എല്ലാവരും വർണാഭമാക്കി.
എനിക്ക്‌ നഷ്ടമായത്‌ എന്തായിരുന്നു എന്നു മനസ്സിലായത്‌ ഇപ്പോഴാണ്‌.
അനിയനും അനിയത്തിയും പടക്കം പൊട്ടിക്കുന്നതു കണ്ട എനിക്ക്‌ എന്റെ നഷ്ടം എത്ര വലുതായിരുന്നു എന്ന് മനസ്സിലായി.
അവരോടൊപ്പം ചേർന്ന് പടക്കം പൊട്ടിക്കുമ്പോൾ എന്റെ കുഞ്ഞനിയൻ ചോദിച്ചു-
"ഇക്കച്ചിയെന്തിനാ ഇപ്പം പടക്കം പൊട്ടിക്ക്ന്നത്‌? കുഞ്ഞിലേ ഇക്കച്ചിയും പൊട്ടിച്ചിട്ടില്ലേ?"
ഞാൻ അത്‌ കേട്ടില്ല.
ഞാൻ എന്റെ ബാല്യം ആഘോഷിക്കുകയായിരുന്നു. എന്റെ നഷ്ടം ഞാൻ മറക്കാൻ ശ്രമിക്കുകയായിരുന്നു.
അതു കൊണ്ടാവണം എന്റെ അനിയനെ ഞാൻ ഇത്ര സ്നേഹിക്കുന്നത്‌.
എനിക്ക്‌ നഷ്ടപ്പെട്ടതൊന്നും അവന്‌ നഷ്ടപ്പെട്ടു കൂടാ. അവന്റെ ചിന്തകൾക്കും അഭിപ്രായങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടത്ര പരിഗണന ലഭിക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നതും അതു കൊണ്ടാവണം.

നീട്ടുന്നില്ല, എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...

Wednesday, April 10, 2013

-നിഴൽജിത്ത്‌ (ഇന്ദ്രനെ ജയിച്ചവൻ ഇന്ദ്രജിത്ത്. അപ്പോ നിഴലിനെ ജയിച്ചവൻ നിഴല്ജിത്ത്. എന്താ, അങ്ങനെയല്ലേ?)



കടയിൽ നിന്നും വീട്ടിലേക്ക്‌ നടക്കുകയാണ്‌.
രാത്രി.
വഴിവിളക്കിന്റെ പ്രകാശമുണ്ട്‌.
പെട്ടെന്നാരോ വിളിച്ചു-
"ഡാ, ബാസീ"
ഞാൻ തിരിഞ്ഞും മറിഞ്ഞുമൊക്കെ നോക്കി. ആരുമില്ല.
'തോന്നിയതാണോ?"
രണ്ടടി വെച്ച്പ്പോഴേക്കും വീണ്ടും-
"ഡാ, ഇവിടെ"
'ഇനിയിപ്പോ സമയമായി എന്നറിയിക്കാൻ മുകളിൽ നിന്ന് പടച്ചവനെങ്ങാനും വിളിക്കുന്നതാണോ?'
ആകാംക്ഷയോടെ മുകളിലേക്കു നോക്കി.
അല്ല, പടച്ചവനല്ല. നിരാശനായി.
"മുകളിലല്ലെടാ, താഴെ താഴെ..."
'താഴെയോ?'
ഞാൻ താഴേക്കു നോക്കി.
'ഓ, നിഴലാണ്‌. എന്റെ നിഴൽ!'
എനിക്ക്‌ കലി വന്നു.
ഞാൻ ദേഷ്യത്തോടെ മുന്നോട്ട്‌ നടന്നു.
"ഡാ, നിന്റെ പോക്കത്ത്ര ശരിയല്ല"
"ങും, എന്റെ പോക്കിനെന്താ കുഴപ്പം?"
"ഇനി ഞാൻ പറഞ്ഞു തരണോ?"
ഞാൻ ഒന്നും മിണ്ടിയില്ല.
"നീ വലിയും കുടിയുമൊക്കെ തുടങ്ങിയല്ലേ?"
'ഓ, ഉപദേശം!'
"അതിന്‌ നിനക്കെന്താ? ഇതൊക്കെ വലിക്കാനും കുടിക്കാനുമൊക്കെ ഉള്ളതല്ലേ."
"ങ്‌ഹും, എനിക്കിതൊന്നും ഇഷ്ടമല്ല. നീ കുടിക്കുമ്പോഴും വലിക്കുമ്പോഴുമൊക്കെ നിന്നോടൊക്കെ ഞാനും ഇതൊക്കെ ചെയ്യേണ്ടി വരും"
"ഞാൻ പറഞ്ഞോ നിന്നോടിതൊക്കെ ചെയ്യാൻ?"
"നീ പറയാതെ തന്നെ ഞങ്ങൾ ഇതൊക്കെ ചെയ്യണം. ഞങ്ങളുടെ കടമയാണത്‌"
"ഓ"
"കഴിഞ്ഞ ജന്മത്തിൽ ഞാൻ ആരുടെ നിഴലായിരുന്നു എന്ന് നിനക്കറിയാമോ?"
"
ആരുടെയായാലും എനിക്കെന്താ?"

ഞാൻ കാത്‌ കൂർപ്പിച്ചു.
"ഹരിശ്ചന്ദ്രന്റെ നിഴലായിരുന്നു ഞാൻ"
"ഏത്‌ ഹരിശ്ചന്ദ്രന്റെ?"
"സാക്ഷാൽ ഹരിശ്ചന്ദ്രന്റെ!"
"ഞാൻ അട്ടഹസിച്ച്‌ ചിരിച്ചു.
"ഹ ഹ ഹാ... ഒഞ്ഞു പോടാപ്പാ. ഹരിശ്ചന്ദ്രന്റെ നിഴലാകാൻ പറ്റിയ ഒരു ചരക്ക്‌!"
"നീ ചിരിക്കും. അല്ലെങ്കിലും എപ്പോഴും സത്യത്തിനു നേരെ കൊഞ്ഞനം കാണിക്കുക എന്നതാണല്ലോ നിന്റെ പതിവ്‌"
"ദേ, എനിക്ക്‌ ദേഷ്യം വരുന്നുണ്ട്‌"
"ഹും, ദേഷ്യം! കുറേപ്പേരെ നിരത്തി നിർത്തി പടച്ചവൻ എന്നോട്‌ ചോദിച്ചതാ, നിനക്ക്‌ ആരെ വേണമെടാ കൊച്ചേ എന്ന്"
ഞാൻ ഇടക്ക്‌ കയറി.
"പടച്ചവനോ?!! നീ ഹിന്ദു നിഴൽ അല്ലായിരുന്നോ? നിനക്കെവിടാ പടച്ചവൻ? നിനക്ക്‌ ബ്രഹ്മാവല്ലേ?"
"ഛായ്‌, നിനക്ക്‌ മനസ്സിലാകാൻ വേണ്ടി പറഞ്ഞതാടേ. നിങ്ങൾക്കല്ലേ പലർക്കും പല ദൈവം എന്ന വിശ്വാസം. പല പേരുകളിൽ ദൈവത്തെ വിളിക്കുന്നത്‌ നിങ്ങളല്ലേ. ആകെ ഒരാളെയുള്ളൂ ഞങ്ങൾക്ക്‌"
"ഞങ്ങൾക്ക്‌ എന്നു പറഞ്ഞാൽ?"
"ഞങ്ങൾ നിഴലുകൾക്ക്‌!"
"ഓ"
"അന്ന് ഞാൻ നിന്നെ തിരഞ്ഞെടുത്തു. അബദ്ധം പറ്റിപ്പോയി"
"അതെന്റെ തെറ്റാണോ?"
"അല്ലേയല്ല. എന്റെ തെറ്റാ"
"ങ്‌ഹും"
"ഡാ, നീയെന്തിനാ ആ പെണ്ണിനോട്‌ ഇഷ്ടമല്ല എന്നു പറഞ്ഞത്‌. എനിക്കാണെങ്കിൽ ഒത്തിരി ഇഷ്ടമായി"
"ങേ?"
"അവളുടെ നിഴലിനെ"
"ഏത്‌ പെണ്ണ്‌?"
"ഇന്നലെ കടയിൽ വന്ന ആ പെണ്ണ്‌"
"ഓ, പ്രേമം. മണ്ണാങ്കട്ട! യു ജസ്റ്റ്‌ ഗെറ്റ്‌ ഓഫ്‌!"*
"ഇതാ കുഴപ്പം. ഈ പിള്ളേരൊക്കെ ദേഷ്യം വന്നാൽ പിന്നെ ചറപറാ ഇംഗ്ലീഷാ!"
"എടാവ്വേ, എനിക്ക്‌ ദേഷ്യം വരുന്നുണ്ട്‌ കേട്ടോ. ഒന്നു പോകുന്നുണ്ടോ"
നിഴൽ ആർത്തു ചിരിച്ചു.
"ഹാ ഹാ ഹാാ..., ഞാനെങ്ങനെ പോകാനാ? നീ ഇല്ലാതായാലല്ലേ ഞാനും ഇല്ലാതാകൂ"
"അതുടനെയുണ്ടാകും"
"ഹ ഹ ഹാ, ഭാഗ്യം!"
"ഇനിയും എന്നെ ഹരാസ്സ്‌ ചെയ്യാനാണ്‌ നിന്റെ ഭാവമെങ്കിൽ 
  വിൽ ഫിനിഷ്‌ യു!"
"പോടേ പോടേ, പേടിപ്പിക്കല്ലേ"
ഉടൻ തന്നെ ഞാൻ ഇരുട്ടത്തെക്ക്‌ മാറി നടന്നു.
ഇരുട്ടിന്റെ ദംഷ്ട്രങ്ങളിൽ കിടന്ന് പിടയുന്ന എന്റെ നിഴലിന്റെ ചിത്രം എന്നെ ആഹ്ലാദചിത്തനാക്കി.
പിന്നീടൊരിക്കലും ഞാൻ വെളിച്ചത്തിലൂടെ നടന്നിട്ടില്ല.
ഇവിടെ, എന്റെ കല്ലറയിലിരുന്ന് പാണിനി കീപാഡ്‌ ഉപയോഗിച്ച്‌ ഇത്‌ ടൈപ്പ്‌ ചെയ്യുമ്പോഴും ഞാൻ ഇരുട്ടത്താണ്‌. എനിക്ക്‌ വെളിച്ചം വേണ്ട, തമസ്സല്ലോ സുഖപ്രദം!
*'കിട്ടാത്ത മുന്തിരി പുളിക്കും' എന്ന പഴഞ്ചൊല്ലു കൊണ്ട്‌ ഈ വാചകത്തെ വ്യാഖ്യാനിക്കണമെന്ന് ഞാൻ വായനക്കാരോട്‌ അഭ്യർത്ഥിക്കുന്നു.

Tuesday, April 9, 2013

യാത്രാമൊഴി

കോട്ടയത്തു നിന്ന് തിക്കിത്തിരക്കിയാണ്‌ ട്രെയിനിൽ കയറിയത്‌. ലോകൽ കമ്പാർട്ട്‌മന്റ്‌ ആയിട്ടു പോലും ട്രെയിനിൽ വലിയ തിരക്കില്ല. പെട്ടെന്ന് ഒരു സീറ്റിലേക്ക്‌ ഇരുന്നു. ആരൊക്കെയോ അടുത്ത്‌ വന്നിരുന്നു. പെട്ടെന്നു തന്നെ സീറ്റുകളൊക്കെ നിറഞ്ഞു. ട്രെയിൻ നീങ്ങിയപ്പോഴാണ്‌ അടുത്തിരിക്കുന്നവരെ ശ്രദ്ധിക്കുന്നത്‌.
എന്റെ വലതുവശത്ത്‌ ഇരിക്കുന്ന തടിച്ച ആളുടെ മൊബൈൽ നിർത്താതെ ചിലച്ചു കൊണ്ടിരിക്കുന്നു. ഇടക്കൊക്കെ അയാൾ ഉറക്കെ ഫോണിൽ സംസാരിക്കുന്നുമുണ്ടായിരുന്നു.
"ങാ, റ്റ്വെന്റി ലാക്സിന്റെ ഡീലായിരുന്നെടാ"
"ഏയ്‌, 2 ക്രോർസേയുള്ളൂ"
ഏതോ വലിയ പുള്ളി ആണെന്നു മനസ്സിലായി. അയാളുടെ തൊട്ടടുത്ത്‌ ജനാലയോടു ചേർന്ന് ഒരു തടിച്ച സ്ത്രീ, അയാളുടെ ഭാര്യ ആണെന്നു തോന്നുന്നു. രണ്ടു പേരും പരസ്പരം പരിചയമില്ലാത്തവരെപ്പോലെയാണ്‌ ഇരിപ്പ്‌. ആ സ്ത്രീ ജനലിനു പുറത്തെ കാഴ്ചകളിൽ വ്യാപൃതയാണ്‌.
എന്റെ ഇടതു വശത്ത്‌ മൂന്നു പേർ. ഹിന്ദിക്കാരാണെന്നു തോന്നുന്നു. മൂവരും ഇയർ ഫോൺ വെച്ച്‌ നല്ല ഉറക്കമാണ്‌. പാട്ട്‌ പുറത്തേക്ക്‌ കേൾക്കാം. പഴയ ഏതോ ഹിന്ദിപ്പാട്ടാണ്‌.
നേരെ എതിർവശത്തെ സീറ്റിൽ ജനാലക്കരികിൽ മൊബൈലിൽ കണ്ണു നട്ട്‌ ഒരു ചെറുപ്പക്കാരൻ. തൊട്ടരികെ അതു പോലെ തന്നെ വേറൊരാൾ. രണ്ടു പേരും സുഹൃത്തുക്കളാണെന്നു തോന്നുന്നു. അയാളുടെ അടുത്തിരിക്കുന്നത്‌ ഒരു വയസ്സനാണ്‌. ഇടക്കിടക്ക്‌ വായിൽ നിറയുന്ന മുറുക്കാൻ തുപ്പാൻ വേണ്ടി അയാൾ ഏങ്ങി ജനലിനരികിലേക്ക്‌ വരുമ്പോൾ മറ്റു രണ്ടു പേരും ഈർഷ്യയോടെ അയാളെ നോക്കുന്നുണ്ടായിരുന്നു. വയസ്സന്റെ അടുത്ത്‌ ഒരു സ്ത്രീ ഇരിപ്പുണ്ട്‌. അവർ ഹാൻഡ്‌ ബാഗ്‌ മടിയിലേക്ക്‌ ഉറക്കമാണ്‌. അവരുടെ അടുത്ത്‌ ഇടയ്ക്കിടയ്ക്ക്‌ ഉറക്കത്തിൽ നിന്നും ഞെട്ടിയുണരുന്ന ഒരാൾ. ഉണർന്നിട്ട്‌ എന്തോ പിറുപിറുത്തതിനു ശേഷം അയാൾ വീണ്ടും ഉറക്കത്തിലേക്ക്‌ വീഴും.അയാളുടെ അടുത്ത്‌ സീറ്റിന്റെ ഏറ്റവും അരികിൽ ഒരു തമിഴത്തി. കയ്യിൽ ഒരു കുഞ്ഞുണ്ട്‌. കുറേയധികം വലിയ ഭാണ്ടക്കെട്ടുകൾ പലയിടങ്ങളിലായി അവർ തള്ളി വെച്ചു. അവർ എപ്പോഴും ആ കുട്ടിയെ താലോലിച്ചു കൊണ്ടിരുന്നു.
കായംകുളം എത്തിയപ്പോൾ ഞാനും തമിഴത്തിയും ഹിന്ദിക്കാരുമൊഴികെ ബാക്കിയെല്ലാവരും ഇറങ്ങി. സീറ്റുകൾ കുറേ കാലിയായി. ഞാൻ ജനലിനരികിലേക്ക്‌ നീങ്ങിയിരുന്നു. കായംകുളത്തു നിന്ന് കയറാനും ഒരുപാട്‌ പേരുണ്ടായിരുന്നു. സീറ്റുകൾ വീണ്ടും നിറഞ്ഞു. എത്ര പെട്ടെന്നാണ്‌ ജീവിതം മാറുന്നത്‌! എന്റെ നേരെ എതിർവശത്ത്‌ ജനാലയ്ക്കരികെ ഒരു കൊച്ചു പെൺകുട്ടിയും അവളുടെ അമ്മയെന്നു തോന്നിക്കുന്ന ഒരു സ്ത്രീയും വന്നിരുന്നു. അവർ കേറിയ പാടെ സീറ്റിൽ ചാരിക്കിടന്ന് ഉറങ്ങാൻ തുടങ്ങി. ഒരു സാരി വാരിച്ചുറ്റിയിട്ടുണ്ട്‌. നെറ്റിയിൽ കുങ്കുമവും അലക്ഷ്യമായി പരന്നു കിടന്നു.
ഞാൻ ആ പെൺകുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു. പത്ത്‌ വയസ്സിനപ്പുറം പ്രായമില്ല. നീണ്ട തലമുടി ഇരുവശത്തേക്കും ഭംഗിയായി ചീകി വെച്ചിരിക്കുന്നു. ഒരു ചുവന്ന മിഡിയും ടോപ്പുമാണ്‌ വേഷം. നെറ്റിയിൽ ചെറിയൊരു പൊട്ട്‌. ഓമനത്വം നിറഞ്ഞ മുഖം. പിടഞ്ഞു കൊണ്ടിരിക്കുന്ന ആ കണ്ണുകൾ അവൾ ആരെയോ ഭയപ്പെടുന്നു എന്ന് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.
അവൾ പുറത്തേക്ക്‌ നോക്കിയിരിക്കുകയായിരുന്നു. അവളെ കണ്ടപ്പോൾ എനിക്ക്‌ എന്റെ അനിയത്തിയെയാണ്‌ ഓർമ വന്നത്‌. ഒരുപാട്‌ സംസാരിക്കുന്ന, എന്നെ ഒത്തിരി സ്നേഹിക്കുന്ന എന്റെ അനിയത്തി.
ആ കുട്ടി പുറത്തേക്ക്‌ നോക്കിയിരിക്കുകയായിരുന്നു. എങ്കിലും അവളുടെ നോട്ടം ഒരിടത്ത്‌ ഉറയ്ക്കുന്നില്ല. കണ്ണുകൾ ഉഴറി നടക്കുന്നു. പലയിടത്തായി അവളുടെ നോട്ടം പാറിവീഴുന്നുണ്ടായിരുന്നു. ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ അവൾ അസ്വസ്ഥയായി.
എന്റെ നേരെ അവൾ ഒന്ന് പാളി നോക്കി. ഞാനൊന്ന് ചിരിച്ചു. അവൾ പെട്ടെന്ന് ഭീതിയോടെ അമ്മയെ നോക്കി. അവർ ഉറക്കമാണ്‌. വീണ്ടും അവൾ എന്റെ മുഖത്തേക്ക്‌ നോക്കി. അവൾ ആരെയോ പേടിക്കുന്നുണ്ടായിരുന്നു. വീണ്ടും അവൾ പുറത്തേക്ക്‌ നോക്കി. എനിക്ക്‌ കൗതുകം തോന്നി.
അടുത്ത സ്റ്റേഷനെത്തിയപ്പോൾ പുറത്ത്‌ ഫ്രൂട്ടി വിൽപനയുമായി ഒരാൾ.
അവൾക്ക്‌ ഫ്രൂട്ടി വേണം. അമ്മയെ വിളിച്ചിട്ട്‌ അവർ അറിയുന്നു പോലുമില്ല.
ഞാൻ ഒരു ഫ്രൂട്ടി വാങ്ങി.
അവൾ എന്നെ ശ്രദ്ധിച്ചു. ഞാൻ ഫ്രൂട്ടി അവൾക്ക്‌ നേരെ നീട്ടി. അവൾ പെട്ടെന്ന് അനുവാദം വാങ്ങാനെന്ന വണ്ണം അമ്മയുടെ മുഖത്തേക്ക്‌ നോക്കി. അവർ ഉറക്കമാണ്‌. അവൾ തിരിഞ്ഞ്‌ എന്റെ മുഖത്തേക്ക്‌ നോക്കി. 'വാങ്ങിച്ചോളൂ' എന്ന് ഞാൻ ആംഗ്യം കാണിച്ചു. അവൾ മെല്ലെ, മടിച്ചു മടിച്ച്‌ എന്റെ കയ്യിൽ നിന്നും ഫ്രൂട്ടി വാങ്ങി. ഒരു ചെറുപുഞ്ചിരി അവളുടെ മുഖത്ത്‌ വിടർന്നു. ഫ്രൂട്ടി അവൾക്ക്‌ പൊട്ടിക്കാൻ അറിയില്ല. ഇത്തവണ അവൾ എന്നെയാണ്‌ നോക്കിയത്‌. ഞാൻ ഫ്രൂട്ടി വാങ്ങി പൊട്ടിച്ച്‌ സ്ട്രോ ഇട്ട്‌ കൊടുത്തു. നേർത്ത ഒരു പുഞ്ചിരിയോടെ അത്‌ വാങ്ങിയ അവൾ അത്‌ മുഴുവൻ കുടിച്ചു. ജനാലയിലൂടെ ഫ്രൂട്ടി കവർ പുറത്തേക്കെറിഞ്ഞ അവൾ എന്നെ നോക്കി ചിരിച്ചു.
"ഹേയ്‌, എന്താ മോൾടെ പേര്‌?"
മുന്നോട്ടാഞ്ഞ്‌ ഞാൻ ചോദിച്ചു.
"ശ്രീലക്ഷ്മി" അവളുടെ ഭയം പോയിരുന്നു.
"ശ്രീലക്ഷ്മിയെപ്പോലെ എനിക്കുമുണ്ട്‌ ഒരു അനിയത്തി"
അവൾ നിറഞ്ഞ്‌ ചിരിച്ചു.
"ഇത്‌ അമ്മയാണോ?"
അവളുടെ അടുത്തിരുന്നുറങ്ങുന്ന സ്ത്രീയെ ചൂണ്ടി ഞാൻ ചോദിച്ചു.
"ങും"
"എങ്ങോട്ടാ പോണേ?"
"കന്യാകുമാരി"
"അവിടെ എന്താ?"
"എന്റെ അമ്മായിയുടെ വീട്ടിലേക്ക്‌ പോവ്വാ"
പെട്ടെന്ന് അവൾ എഴുന്നേറ്റ്‌ എന്റെ അടുത്ത്‌ ജനലിനരികിൽ വന്നിരുന്നു.
"നേരത്തെ എന്തിനാ എന്നെക്കണ്ടപ്പോ പേടിച്ചത്‌?"
അവൾ കുറച്ചു സമയം നിശബ്ദയായി.
"എന്റെ ചേട്ടനെ എനിക്ക്‌ പേടിയാ"
"എന്നെയും പേടിയാണോ?"
"ഇല്ല"
ഒരു ചെറിയ ചിരിയോടെ അവൾ പറഞ്ഞു.
"എന്തിനാ ചേട്ടനെ പേടിക്കുന്നത്‌?"
"എന്റെ ചേട്ടൻ എന്നെ എപ്പഴും ഉപദ്രവിക്കും."
"അയ്യോ, അത്‌ തമാശക്കാവും"
"അല്ല, അല്ല"
അവൾ നിഷേധാർത്ഥ്ത്തിൽ തലയാട്ടി.
"ചേട്ടൻ എന്താ ചെയ്യണേ?"
"പഠിക്കുവാ, പ്ലസ്‌ വണ്ണിൽ. എനിക്ക്‌ ചേട്ടനെ ഇഷ്ടമല്ല. ചേട്ടൻ ചീത്തയാ"
"സ്വന്തം ചേട്ടനല്ലേ? അങ്ങനൊക്കെ പറയാമോ?"
അവൾ പെട്ടെന്ന് ഒരു മറുചോദ്യം ചോദിച്ചു.
"ചേട്ടന്റെ അനിയത്തിയെ ചേട്ടൻ ഉപദ്രവിക്ക്കുമോ?"
"പിന്നേ... ഞാൻ അവളെ നുള്ളും, അടിക്കും. അവളെന്നെയും..."
അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.
"ഞാൻ അമ്മായിയുടെ വീട്ടിൽ നിന്നാ ഇനി പഠിക്കണേ. ഞാൻ വീട്ടിലേക്ക്‌ വരില്ല"
"അതെന്താ?"
"എനിക്ക്‌ ചേട്ടനെ പേടിയാ. എന്റെ ചേട്ടൻ ചീത്തയാ"
കാരണം ചോ
ദിക്കുന്നതിനു മുൻപേ അവൾ സാവധാനം പറഞ്ഞു.
"എന്റെ ചേട്ടൻ എന്നെ മൊബൈലിൽ എന്തൊക്കെയോ വീഡിയോ കാണിക്കും. എന്നിട്ട്‌..."
അവൾ അർദ്ധോക്തിയിൽ നിർത്തി.
ഹൃദയത്തിൽ ആരോ കാരമുള്ളു കൊണ്ട്‌ വരഞ്ഞതു പോലെ തോന്നി എനിക്ക്‌. ഞങ്ങൾക്കിടയിൽ അകലം വർധിക്കുന്നതു പോലെ. അടുത്തിരുന്നിട്ടും കാതങ്ങൾ അകലെയാണ്‌ ഞങ്ങളെന്നു തോന്നി.
അവൾ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാനൊന്നും കേട്ടില്ല. എന്റെ പ്രജ്ഞ നശിക്കുന്നതു പോലെ.
തിരുവനന്തപുരത്ത്‌ ഇറങ്ങാൻ തുടങ്ങുമ്പോൾ അവൽ ചോദിച്ചു.
"ചേട്ടൻ പോവ്വാ?"
"ങും"
എനിക്കൊന്ന് മൂളാനേ കഴിഞ്ഞുള്ളൂ.
ട്രെയിനിൽ നിന്നിറങ്ങി ജനാലക്കരികിൽ എത്തിയപ്പോൾ അവൾ വിളിച്ചു. ഞാൻ അരികിലേക്ക്‌ ചെന്നു.
"ചേട്ടന്റെ പേരെന്താ?"
ഞാൻ ഒന്നും പറഞ്ഞില്ല.
ഒരു പുഞ്ചിരി കൊണ്ട്‌ മറച്ചു പിടിക്കാൻ കഴിയാത്ത ഹൃദയ വ്യഥയോടെ ഞാൻ അവളുടെ കവിളിൽ മൃദുവായി ഒന്നു തട്ടിയ ശേഷം നടന്നകന്നു.

Thursday, April 4, 2013

എന്നെക്കുറിച്ച്

ഞാൻ ഒരു പഴഞ്ചനാണെന്നു തോന്നിയിട്ടുണ്ട്‌, പലപ്പോഴും. ഇപ്പോഴത്തെ ന്യൂ ജെനറേഷൻ സ്റ്റൈൽ ഒന്നും എനിക്കിതു വരെ ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല. ഞാൻ ആകോണിനെയും ജസ്റ്റിൻ ബീബെറിനെയുമൊന്നും കേൾക്കാറില്ല. ആകോൺ ആരാണെന്നറിഞ്ഞത്‌ 'റാവൺ' എന്ന ഹിന്ദിച്ചിത്രത്തിൽ അദ്ദേഹം പാടിയ പാട്ട്‌ കേട്ടതിനു ശേഷമാണ്‌. ഷാകിറയെക്കുറിച്ച്‌ അറിഞ്ഞത്‌ 'വക്കാ വക്ക'യ്ക്കു ശേഷവും. ജസ്റ്റിൻ ബീബെറിനെക്കുറിച്ചൊക്കെ അറിഞ്ഞത്‌ ഫേസ്ബുക്കിലെ ന്യൂ ജെനെറേഷൻ പിള്ളേരുടെ പ്രൊഫൈൽ കണ്ടതിനു ശേഷമാണ്‌. എങ്കിലും ഇപ്പോഴും ഞാൻ കേൾക്കുന്നത്‌ മെലഡിയും മറ്റുമാണ്‌. മുകളിൽ പറഞ്ഞതൊന്നും എനിക്ക്‌ ദഹിക്കില്ല. ന്യൂ ജെനെറേഷൻ സിനിമകളൊന്നും എനിക്ക്‌ ഇഷ്ടമല്ല. സത്യത്തിൽ അങ്ങനെയൊരു കാറ്റഗറി ഉണ്ടെന്നു മനസ്സിലായത്‌ 'ട്രിവാണ്ട്രം ലോഡ്ജ്‌' കണ്ടതിനു ശേഷമാണ്‌. പിന്നെ ഇതു വരെ ആ വിഭാഗം സിനിമകൾ കണ്ടിട്ടില്ല. പാന്റ്‌ എത്ര ഇറക്കിയിട്ടാലും ഷർട്ട്‌ എങ്ങനെയൊക്കെ ഇൻസെർട്‌ ചെയ്താലും എനിക്കൊരു ഫ്രീക്‌ ലുക്ക്‌ വരാറില്ല. മാക്സിമം ശ്രമിക്കുന്നുണ്ട്‌, നടക്കുന്നില്ല. ഞാനീ പഴയ ആൾക്കാരുടെ കൂടെ, സ്വപ്നങ്ങൾക്ക്‌ സന്തോഷത്തോടെ കടിഞ്ഞാണിട്ടു കൊണ്ട്‌, പഴയ പാട്ടുകൾ കേട്ട്‌ ഇങ്ങനെ.... ജീവിതം ഒന്നല്ലേയുള്ളൂ, ഇങ്ങനെ തന്നെ അങ്ങു പോട്ടെ.

മനസാക്ഷി

ഞങ്ങൾ ഒരുമിച്ചിരിക്കുകയായിരുന്നു. പെട്ടെന്നവൾ ചോദിച്ചു-
"നീ സിഗെരെറ്റ്‌ വലിയ്ക്കുമോ?"
'എന്തു പറയണം?'
ഞാൻ ആലോചിച്ചു.
ഒരൽപം പരുങ്ങലോടെ ഞാൻ മൂളി, 'ഉവ്വ്‌' എന്ന അർത്ഥത്തിൽ.
അവൾ കുറച്ചു നേരം മിണ്ടാതിരുന്നു.
"ങാ, ആണുങ്ങളായാൽ അതൊക്കെയുണ്ടാവും"
വീണ്ടും അവൾ ചോദിച്ചു-
"കള്ള്‌ കുടിയ്ക്കുമോ?"
ഒട്ടും ആലോചിച്ചില്ല, മൂളി.
അപ്പോഴും അവൾ കുറച്ചു നേരം മിണ്ടാതിരുന്നു.
"ങാ, അതും ഉണ്ടാവും"
കുറച്ചു കഴിഞ്ഞ്‌ വീണ്ടും അവൾ ചോദിച്ചു,
"പെണ്ണ്‌ പിടിയും ഉണ്ടോ?"
ആദ്യത്തെ രണ്ടു ചോദ്യങ്ങളിൽ നിന്നു തന്നെ എനിയ്ക്ക്‌ അവളെ മനസ്സിലായി. അതു കൊണ്ട്‌ ഞാനൊരു കള്ളം പറഞ്ഞു.
"ഇല്ല"
സ്പഷ്ടമായിത്തന്നെ പറഞ്ഞു.
ഞാനവളെ ഒളി കണ്ണിട്ട്‌ ഒന്നു നോക്കി, അവൾ ഭാവഭേദമില്ലാതെ ഇരിക്കുകയാണ്‌. 
പതിയെ അവൾ എന്റെ തോളിലേക്ക്‌ ചാഞ്ഞു. എന്നിട്ട്‌ മെല്ലെ പറഞ്ഞു-
"എനിക്കറിയാം, ഞാനായിരിയ്ക്കും നിന്റെ ജീവിതത്തിലെ ഒരേയൊരു പെണ്ണെന്ന്"
അപ്പോൾ എന്റെ മനസ്സിൽ മനസാക്ഷിയെ പറ്റിച്ച സന്തോഷം നിറഞ്ഞു കവിയുകയായിരുന്നു.

(ഇത്‌ വെറുമൊരു കഥയാണേ, കലഹമുണ്ടാക്കരുത്‌ :P)

Tuesday, April 2, 2013

ആ..., കിളി പോയി!

വായിൽ നോട്ടം കൊണ്ട്‌ ഒരുപാട്‌ പ്രയോജനങ്ങളുണ്ട്‌. ഈയിടെ എവിടെയോ വായിച്ചതാണ്‌. വായിൽ നോക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഒരു പോസിറ്റിവ്‌ എനർജ്ജി രൂപപ്പെടുമത്രേ. അത്‌ നമ്മുടെ ആന്തരികാവയങ്ങളുടെ പ്രവർത്തനം കൂടുതൽ സുഗമമാക്കും എന്നൊക്കെയാണ്‌ അതിൽ വിവരിക്കുന്നത്‌. അതെന്തോ, എന്തായാലും കണ്ണിനു കുളിർമ്മ ലഭിക്കുന്നതു കൂടാതെ ഇങ്ങനെയും ചില പ്രയോജനങ്ങൾ വായിൽ നോട്ടം കൊണ്ടുണ്ട്‌ എന്നു മനസ്സിലായി. പറഞ്ഞു വന്നത്‌ അതല്ല, കഴിഞ്ഞ ദിവസം വൈകുന്നേരം ചായ കുടിക്കാനായി പുറത്തേക്കിറങ്ങിയതാ. ബസ്സ്‌ സ്റ്റോപിനു മുന്നിലൂടെയാണു പോകുന്നത്‌. ഒരുപാട്‌ പെൺകുട്ടികൾ നിൽപ്പുണ്ട്‌. നോക്കി നോക്കി പോകുമ്പോൾ പെട്ടെന്നൊരു മുഖം; എന്നെ നോക്കുന്നു, ചിരിക്കുന്നു. ജീവിതത്തിൽ ആദ്യത്തെ സംഭവമാണ്‌, ഇങ്ങോട്ടെന്തെങ്കിലും പ്രതികരണം കിട്ടുന്നത്‌. മനസ്സിൽ ഒന്നല്ല, ഒരു പത്ത്‌ ലഡു ഒരുമിച്ച്‌ പൊട്ടി. എന്തായാലും നോക്കി ചിരിച്ചതല്ലേ എന്നു കരുതി പയ്യെ അടുത്തു പോയി നിന്നു.
"എങ്ങോട്ടാ?"
ഞാൻ ഞെട്ടിപ്പോയി.
'അപ്പോ ഇവൾ എന്നെ നേരത്തേ നോക്കുന്നുണ്ടാവും'
"ഞാനൊരു ചായ കുടിക്കാനായിട്ട്‌ ഇറങ്ങിയതാ"
"നീ ആരുടെ കൂടെയാ വന്നത്‌? അച്ഛനുണ്ടോ?"
'സംഗതി കൈ വിട്ട്‌ പോയെന്നു തോന്നുന്നു'
"അച്ഛനോ, ഏയ്‌..."
"ജെയിംസ്‌ കുട്ടിച്ചേട്ടന്റെ മോൻ റോഷനല്ലേ"
'പണി പാളി!!'
"അല്ല"
"അയ്യോ, സോറിട്ടോ. ഞാൻ ഓർത്തത്‌ റോഷനാണെന്നാ. അവൻ നല്ല നോർമ്മലല്ല. ചിലപ്പോഴൊക്കെ അസുഖം കൂടുമ്പോൾ അവൻ ഇങ്ങനെ എങ്ങോട്ടെങ്കിലുമൊക്കെ ഇറങ്ങിപ്പോകും. അതാ ചൊതിച്ചേ"

'ആ..., കിളി പോയി!'

പിന്നെ ഞാൻ പോയ വഴി വേറെ ആരും പോയിട്ടില്ല എന്നാണ്‌ കേൾക്കുന്നത്‌.