Thursday, August 25, 2016

ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ ഡയറിക്കുറിപ്പുകൾ

ദേവദാസ്

7-8-2016

ഏപ്രൺ വലിച്ചു കെട്ടി ധൃതിയിൽ മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോ വാച്ചിലേക്ക് നോക്കി. സമയം പതിനൊന്നര. എന്ന് വെച്ചാൽ ദേവകി ഡോക്ടർ വേട്ടക്കിറങ്ങുന്ന സമയം. മുറിയിൽ നിന്നുള്ള ഇടനാഴി തിരിഞ്ഞതും മുന്നിൽ ദേവകി ഡോക്ടർ. അവർ എന്നെ ദഹിപ്പിക്കുന്ന ഒരു നോക്കി.
"ഇയാൾ എന്നും ലേറ്റാണല്ലോ. എന്നെ കണ്ടിട്ട് പോയാ മതി"
ഉഗ്രശാസനം നടത്തി ഡോക്ടർ പോയി.
'തൊലഞ്ഞ്, എന്ത് പണിയാണാവോ കിട്ടാൻ പോകുന്നത്'
ഡ്യൂട്ടി റൂമിൽ ആറ് ജൂനിയർ ഡോക്ടർമാർ ശ്വാസഗതി പോലും കഴിക്കാൻ പറ്റാതെ നിൽക്കുന്നു.
ഞാൻ വാതിൽക്കൽ നിന്ന് കണ്ണു കൊണ്ട് അകത്തു നിൽക്കുന്ന അരുന്ധതിയോട് സംസാരിക്കാൻ ശ്രമിച്ചു. അവൾ പക്ഷേ, കലാപത്തോടെ നിലത്തേക്ക് നോക്കി നിന്നു. ഞാൻ വാതിൽക്കൽ ചെന്ന് ഒരു വിഡ്ഡിയെപ്പോലെ അകത്തേക്ക് നോക്കി നിന്നു.
"ങാ, ദേവദാസ്. ലൈക്ക് ഓൾവെയ്‌സ്, ഇന്നും ലേറ്റ്. കമിന്!"
കിട്ടാൻ പോകുന്ന ചീത്ത വിളി മനസ്സിൽ കണ്ടു കൊണ്ട് ഞാൻ അകത്തേക് ചെന്നു. ഡോക്ടർ തന്റെ മുന്നിൽ മേശമേലിരുന്ന നെയിം ബോർഡ് ചൂണ്ടി എന്നോട് പറഞ്ഞു.
"വായിക്ക്"
"ഡോക്ടർ സലാഹുദ്ദീൻ"
പരുങ്ങലോടെ ഞാൻ വായിച്ചു.
"ആദ്യം എഴുതിയ ആ ഡോക്ടർ പട്ടം കിട്ടിയിട്ടാണിവിടെ ഇങ്ങനെയിരിക്കുന്നത്. നിനക്കൊക്കെ തോന്നുമ്പോ വരാനും അപ്പോ പഠിപ്പിക്കാനുമൊന്നും എന്നെ കിട്ടില്ല. മനസ്സിലായോ?"
ഞാൻ മൃദുവായി തലയാട്ടി. അയാൾ മേശപ്പുറത്തിരുന്ന നീണ്ട സ്‌കെയിലെടുത്ത് ചുമലിൽ ചുരുട്ടി വെച്ചിരുന്ന  എന്റെ ഏപ്രൺ ഒന്നുയർത്തി.
"യാ റബ്ബൽ ആലമീൻ"
മൂക്ക് പൊത്തിക്കൊണ്ട് അയാൾ നിലവിളിച്ചു.
"എത്ര നാളായെടോ ഇതൊന്ന് കഴുകിയിട്ട്?"
ഞാൻ ഒരു വളിച്ച ചിരി അണിഞ്ഞു കൊണ്ട് നിന്നു.
"ആ, പോ പോ"
ഞാൻ മെല്ലെ നടന്ന് ജൂനിയർ ഡോക്ടർമാരോടൊപ്പം ലയിച്ചു.
"ഒന്ന് നേരത്തെ വന്നൂടെ ദേവാ? എന്നും വഴക്ക് കേട്ട് മടുത്തില്ലേ?"
അരുന്ധതി തീരെ ശബ്ദം താഴ്ത്തി ചോദിച്ചു.
'ഇന്നലെ കിടന്നപ്പോ ലേറ്റായി"
"ഹം, ഇന്നലെ എന്തായിരുന്നു?"
"ഫുട്‍ബോൾ. രണ്ട് ഗോളടിച്ചു"
"വല്യ കാര്യായിപ്പോയി. നാളെ മര്യാദയ്ക്ക് ഏപ്രൺ കഴുകിക്കോണം"
പെട്ടെന്ന് സലാഹുദ്ധീൻ ഡോക്ടറുടെ ശബ്ദം മുഴങ്ങി.
"പ്രിയപ്പെട്ട ഡോക്ടേഴ്സ്, ഇന്നത്തെ കേസ് ഒരു ഡയബറ്റിസ് പേഷ്യറിട്ടതാണ്. രവി, 32 വയസ്സ്. കുട്ടികളില്ല. ഡയബറ്റിക് റെറ്റിനോപ്പതി! അപകടകരമാം വിധം കണ്ണിനെ ആക്രമിച്ചു തുടങ്ങിയിരിക്കുന്നു. ബട്ട് സ്റ്റിൽ, നമുക്ക് ഹോപ്പുണ്ട്"
ഞങ്ങൾ ശ്രദ്ധയോടെ കേട്ടു.
"അയാൾ കോമൺ കൺസൾട്ടിംഗ് റൂമിലുണ്ട്. ഗോ ആൻഡ് അസിസ്ററ് ദ പേഷ്യന്റ്"
ഞങ്ങൾ ദീർഘനിശ്വാസം വിട്ടു കൊണ്ട് മുറിയിൽ നിന്നിറങ്ങി.
"എന്തൊരു നാറ്റമാണ് ദേവാ നിന്റെ ഏപ്രണ്. കഴുകിക്കൂടെ?"
അരുന്ധതി ഒപ്പം നടന്നു കൊണ്ട് ചോദിച്ചു.
"നീ കഴുകിത്തരുവോ?"
അവളെന്നെ പുച്ഛത്തോടെ ഒന്ന് നോക്കി.
"ഡയറി മിൽക്ക് വാങ്ങിത്തരാടീ. പ്ലീസ്"
അവൾ ഒന്നും മിണ്ടിയില്ല.
:ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ ഡയറിക്കുറിപ്പ്:

-തുടരുന്നു

ഞങ്ങൾ ചെന്ന് കേറുമ്പോൾ രോഗി കട്ടിലിൽ ഇരുന്ന് എന്തോ പിറുപിറുക്കുകയായിരുന്നു. ഞാനൊഴികെ ബാക്കിയെല്ലാവരും അയാളുടെ ചുറ്റും കൂടി നിന്നു. ഞാൻ പതിവു പോലെ ഭിത്തിയിലേക്ക്‌ ചാരി അരുന്ധതിയടക്കമുള്ള മൂന്ന് പെൺകൊടികളുടെ നിതംബഭംഗി ആസ്വദിച്ചു കൊണ്ട്‌ നിന്നു. എല്ലാവരും രോഗിയോട്‌ എന്തൊക്കെയോ ചോദിക്കുന്നുണ്ട്‌. ഉറക്ക ക്ഷീണം നന്നായുണ്ട്‌. ഞാൻ ചാരി നിന്ന് കണ്ണുകളടച്ചു.
"ഡാ..!"
കയ്യിലടി കിട്ടിയപ്പോഴാണ്‌ ഞാൻ കണ്ണു തുറന്നത്‌. അരുന്ധതിയുടെ ചുവന്ന മുഖം ഞാൻ കണ്ടു.
"വാ, കഴിഞ്ഞു. പോവാം"
അവളുടെ സംസാരത്തിൽ പുച്ഛഭാവം. തിരികെ നടക്കുമ്പോഴാണ്‌ അവൾ അയാളെപ്പറ്റി പറഞ്ഞത്‌.
"കല്യാണം കഴിഞ്ഞിട്ട്‌ വർഷം പത്തായി. ഇതു വരെ അവർക്ക്‌ കുട്ടികളില്ല. ട്രീറ്റ്‌മന്റ്‌ ചെയ്തിട്ടൊന്നും ഒരു ഫലവുമില്ല. എത്ര കാശുണ്ടായിട്ടെന്താ? മിക്കവാറും അയാളുടെ കണ്ണ്‌ പോവാൻ സാദ്ധ്യതയുണ്ട്‌"
അവൾ നെടുവീർപ്പിട്ടു.
ആശുപത്രിയിലെ നിശബ്ദമായ നീണ്ട ഇടനാഴികൾ തേങ്ങുന്നത്‌ എത്രയോ തവണ ഞാൻ കേട്ടിരിക്കുന്നു. കേട്ട്‌ കേട്ട്‌ നിസ്സംഗത ഒരു സ്ഥായീഭാവമായിരിക്കുന്നു. ഞാൻ ഒന്ന് മൂളിയിട്ട്‌ അരുന്ധതിയോടൊപ്പം നടന്നു.
ഡ്യൂട്ടി റൂമിലെത്തിയപ്പോ അവിടെ ഒരു പാത്രത്തിൽ ലഡ്ഡു.
"ഇതെന്താ സംഗതി?"
കൂട്ടത്തിലൊരു ലഡ്ഡു കൈക്കലാക്കി ഒന്ന് കടിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.
"ജനനം!"
ആരോ പറഞ്ഞു.
ലോകം കാണാനുള്ള കൗതുകത്തോടെ ഒരാൾ വന്നിരിക്കുന്നു! പെട്ടെന്ന് ആംബുലൻസിന്റെ സൈറൻ മുഴങ്ങി. അത്‌ ബ്രേക്കിടുന്ന ശബ്ദത്തോടൊപ്പ്‌ അലമുറകളുയർന്നു. ഞാൻ വാതിൽക്കൽ ചെന്ന് നിന്നു. സ്ട്രെച്ചറിൽ, ശരീരമാസകലം ചുവപ്പിൽ കുളിച്ച ഒരാളെ ആശുപത്രിയുടെ ഇടനാഴിയിലൂടെ തള്ളിക്കൊണ്ട്‌ പോകുന്നു.
"ആക്സിഡന്റാണോ?"
ഒപ്പം ധൃതിയിൽ നടക്കുന്ന ഒരു നഴ്സിനോട്‌ ഞാൻ ചോദിച്ചു.
"അതെ. ആള്‌ തീർന്നു"
മരണം!
ജനനവും മരണവും ഒരേ കണ്ണു കൊണ്ട്‌ ഒരേ നിസ്സംഗതയോടെ നോക്കിക്കാണാൻ വിധിക്കപ്പെട്ടവരാകുന്നു ഞങ്ങൾ!
***************************
മൂന്ന് മാസങ്ങൾ കഴിഞ്ഞു. വൈകി വരലും ചീത്ത കേൾക്കലും അരുന്ധതിയെക്കൊണ്ട്‌ ഏപ്രൺ കഴുകിക്കാൻ ശ്രമിക്കലുമായി എന്റെ ജീവിതം മാറ്റമില്ലാതെ തുടർന്നു. വീണ്ടും മേശമേൽ കാണപ്പെട്ട ലഡ്ഡുവിനെച്ചൊല്ലി ചോദ്യമുണ്ടായി.
"ഇതെന്താ സംഭവം?"
"ആ രവിയില്ലേ? ഡയബറ്റിസ്‌ പേഷ്യന്റ്‌. അയാളുടെ ഭാര്യ ഗർഭിണിയാണ്‌"
ഞാൻ വളരെ നിസ്സംഗമായി അത്‌ കേട്ടു കൊണ്ട്‌ നിന്നു. പെട്ടെന്നാണയാൾ ഡ്യൂട്ടി റൂമിലേക്ക്‌ വന്നത്‌.
"ഡോക്ടർ, എനിക്ക്‌ കുട്ടിയുണ്ടാവാൻ പോകുന്നു. ഞാൻ അച്ഛനാവാൻ പോകുന്നു. പത്ത്‌ വർഷത്തെ പ്രാർത്ഥനകൾക്ക്‌ ഫലമുണ്ടായിരിക്കുന്നു"
അയാൾ സന്തോഷം കൊണ്ട്‌ വീർപ്പുമുട്ടുകയാണ്‌. ഞങ്ങളെല്ലാവരും തീരെ ആത്മാർത്ഥതയില്ലാത്ത ഓരോ പുഞ്ചിരി കൊണ്ട്‌ അയാളെ യാത്രയാക്കി.
**********************
"ദേവാ, നീയറിഞ്ഞോ?"
അരുന്ധതിയാണ്‌ ചോദിച്ചത്‌.
"എന്ത്‌?"
"അയാളുണ്ടല്ലോ, ആ രവി. അയാളുടെ കാഴ്ച ശക്തി നശിച്ചിരിക്കുന്നു. ടോട്ടൽ ബ്ലൈൻഡ്നസ്സ്‌"
ഞാൻ നിശബ്ദനായിരുന്നു.
"പക്ഷേ, അതിലും വേദന അയാളുടെ ഭാര്യയുടെ പ്രസവതീയതി മറ്റന്നാളാണ്‌!"
ഹൃദയം മെല്ലെ ഒന്ന് പിടഞ്ഞു.
"പത്ത്‌ കൊല്ലം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ കാണാൻ അയാൾക്ക്‌ കഴിയില്ല ദേവാ"
അരുന്ധതിയുടെ ശബ്ദം ഇടറുന്നുണ്ട്‌.
"രണ്ട്‌ ദിവസം, രണ്ടേ രണ്ട്‌ ദിവസം കൂടി കഴിഞ്ഞിട്ടായിരുന്നെങ്കിൽ..."
എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. ദുഖം എന്ന വികാരം എനിക്കുമുണ്ട്‌ എന്ന് തോന്നിയ നിമിഷങ്ങൾ.
"ഞാൻ കണ്ടു ദേവാ, ഞാൻ അയാളെ കണ്ടു"
അരുന്ധതി ചീറിക്കൊണ്ട്‌ എന്റെ തോളിലേക്ക്‌ ചാഞ്ഞു. അവളുടെ കണ്ണുനീർ എന്റെ തോൾ നനച്ചു.
********************
കൊലുസിന്റെ ശബ്ദത്തിൽ മകളെ തിരിച്ചറിയുന്ന രവിയായിരുന്നു പിന്നീടയാൾ. വിധിയുടെ ക്രൂരമായ കളികൾ തുടരുന്നു. എല്ലാം കാണാനും നിസ്സംഗതയോടെ അടുത്തതിലേക്ക്‌ കണ്ണു നട്ടിരിക്കാനും ഇവിടെ ഞങ്ങൾ കുറേ പേർ.

No comments:

Post a Comment