Tuesday, April 21, 2015

ഇല്ലിക്കമലയുടെ നെറുകയിൽ

ഇല്ലിക്കൽ മല.
ഈരാറ്റുപേട്ട-തീക്കോയി- അടുക്കം. അടുക്കത്തു നിന്ന് ഏകദേശം 7 കിലോമീറ്ററാണ്‌ ഇല്ലിക്കൽ മലയിലേക്കുള്ള ദൂരം. മലയുടെ താഴ്‌വര വരെ പുതുതായി ടാർ ചെയ്ത റോഡായതു കൊണ്ട്‌ യാത്ര സുഖമാണ്‌. ചെങ്കുത്തായ കയറ്റങ്ങളും ഹെയർപിൻ വളവുകളുമൊക്കെയായി ആ റോഡിലൂടെയുള്ള യാത്ര ഒരൽപം നെഞ്ചിടിപ്പുണ്ടാക്കുന്നതാണ്‌. റോഡിന്‌ ഒരുപാട്‌ വീതിയൊന്നുമില്ല. അലക്ഷ്യമായി വണ്ടിയോടിച്ചാൽ താഴെ അടുക്കത്തോ ഈരാറ്റുപേട്ടയിലോ ഒക്കെയായി അന്ത്യവിശ്രമം കൊള്ളേണ്ടി വരും.
അടുക്കത്തു നിന്നുള്ള പുതിയ റോഡിലേക്ക്‌ കയറി കുറച്ച്‌ കഴിയുമ്പോൾ തന്നെ സുഖകരമായ കാലാവസ്ഥ തുടങ്ങും. തണുത്ത കാറ്റ്‌ സൗമ്യമായു വീശിക്കൊണ്ടിരിക്കും.
'എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം'
എന്ന കവിഭാഷ്യം പോലെയാണ്‌ ആ യാത്രയിലെ കാഴ്ചകൾ. ചുറ്റും മലനിരകളാണ്‌. പുള്ളിക്കാനം, വാഗമൺ അങ്ങിനെ ചുറ്റും പച്ചപ്പ്‌ മാത്രം. വഴിയിലുട നീളം പനയുടെ വർഗ്ഗത്തിൽ പെട്ട ഏതോ ഒരു മരം, പേരറിയില്ല. വളർന്നു തുടങ്ങിയിട്ടേയുള്ളൂ.
എത്തുന്നതിനു കുറേ മുൻപു തന്നെ മലയുടെ പിൻഭാഗം കാണാം. ഉയർന്ന് പ്രൗഢമായി നിൽക്കുന്ന ആ കാഴ്ച്ച തന്നെ സുന്ദരമാണ്‌. മലയിലേക്ക്‌ അടുക്കുന്നതിന്‌ മീറ്ററുകൾക്കിപ്പുറം ടാർ ചെയ്യാത്ത കുറച്ചു സ്ഥലമുണ്ട്‌. അവിടെ പണി നടക്കുന്നേയുള്ളൂ. പാറ പൊട്ടിച്ച്‌ താഴേക്ക്‌ കൂട്ടിയിട്ടിരിക്കുന്നു. അതു വഴി വരാം. പക്ഷേ, ശ്രദ്ധിക്കണം. റോഡിൽ ഒരുപാട്‌ കല്ലുകളുണ്ട്‌. അതിൽ കയറി ഒന്ന് തെന്നിയാൽ താഴെ കൂടിക്കിടക്കുന്ന കരിങ്കൽക്കൂട്ടങ്ങളിലാവും ചെന്ന് പതിക്കുക. എല്ല് പൊടിയ്ക്കാൻ പോലും ഒന്നും കിട്ടില്ല.
മലയിലേക്ക്‌ കയറാൻ രണ്ട്‌ വഴികളുണ്ട്‌. രണ്ടും ഒരാൾക്ക്‌ നടക്കാൻ കഴിയുന്നത്ര മാത്രം വീതിയുള്ള നടപ്പു വഴികൾ. മുകളിലെത്തണമെങ്കിൽ കുറച്ച്‌ നടക്കാനുണ്ട്‌. ഇടക്കിടെ കാണുന്ന പാറക്കൂട്ടങ്ങളിൽ അള്ളിപ്പിടിച്ച്‌ മുകളിലെത്തുമ്പോഴേക്കും നിങ്ങൾ അണച്ചു പോകും.
അവിടെത്തി കിതപ്പ്‌ മാറ്റാൻ ഒരു സിഗരറ്റും വലിച്ചു കൊണ്ട്‌ വിശ്രമിക്കേ സുഹൃത്താണ്‌ കാണിച്ചു തന്നത്‌.
"അളിയാ, വിട്ടില്‌ (ചീവീട്‌). പണിയാ. കണ്ടോ, ഒന്ന് മറ്റേതിന്റെ പുറത്ത്‌ കയറിയിരിക്കുന്നത്‌"
ഞാൻ ശ്രദ്ധിച്ചു. കുടുംബാസൂത്രണത്തിലാണ്‌ ചീവീട്‌ കുടുംബം. ഫോണിൽ ഫോട്ടോയെടുക്കാൻ ഞാനൊരു ശ്രമം നടത്തി. പോസ്‌ ചെയ്തില്ലാന്നു മാത്രമല്ല, അവർ ഫോൺ കൊണ്ടു പോകുന്നതിനനുസരിച്ച്‌ മാറി മാറിപ്പോവുകയും ചെയ്തു. അങ്ങനെ ആ ശ്രമം വിട്ടു.
അവിടെ നിന്നും വളരെ ശ്രദ്ധിച്ച്‌ താഴേക്കിറങ്ങി ഒരു നൂൽപ്പാലത്തിലെന്ന വണ്ണം, ഒരു പാദം മാത്രം ഒരു സമയത്ത്‌ വെക്കാൻ പറ്റുന്ന ഇടുങ്ങിയ വഴിയിലൂടെ താഴേക്ക്‌ നോക്കാതെ ഒരൽപം നടന്നാൽ നമുക്ക്‌ മലയുടെ മുനമ്പിനു താഴെയെത്താം. വലിയൊരു പാറയാണത്‌. 100 കണക്കിനു വർഷങ്ങൾക്കു മുൻപ്‌ ആ പാറയിൽ നിന്നും ഒരു കഷണം അടർന്നു വീണു എന്നാണ്‌ പറയപ്പെടുന്നത്‌. നോക്കിയാൽ അടർന്നു വീണെന്ന് തോന്നുകയും ചെയ്യും. ഈരാറ്റുപേട്ടയിൽ എവിടെ നിന്നു നോക്കിയാലും കാണാവുന്ന ഇംഗ്ലീഷ്‌ അക്ഷരം 'V' യുടെ ആകൃതിയിൽ ഒരു വിടവു കാണാം. ആ വിടവാണ്‌ ഈ വിടവ്‌.
പാറയിലൂടെ ഒരൽപം സാഹസികമായി മുകളിലേക്ക്‌ ഒരൽപം കയറിയാൽ ഒരു ഗുഹ കാണാം. പക്ഷേ, കേറുമ്പോ സൂക്ഷിക്കണം. ഒരു പാദചലനം പിഴച്ചാൽ നൂറടിയോളം താഴേക്കാണ്‌ നാം പതിക്കുക. പാറയിലൂടെ അള്ളിപ്പിടിച്ച്‌ കയറുമ്പോൾ രക്തം തണുത്തുറയുന്നതു പോലെ തോന്നാം, പതറരുത്‌. ഗുഹ തീരെ ചെറുതാണ്‌. ഇരുട്ടും ഭീതിയും നിറഞ്ഞ സങ്കീർണ്ണമായ ഒരവസ്ഥയാണപ്പോൾ നമുക്കുണ്ടാവുക. അവിടെ നിന്നും മുകളിൽ വിവരിച്ചതു സാവധാനം, വളരെ ശ്രദ്ധിച്ച്‌ തിരിച്ചിറങ്ങണം. എന്നിട്ട്‌ മലയുടെ മുകളിൽ ശുദ്ധമായ തണുത്ത കാറ്റേറ്റ്‌ പച്ചപ്പ്‌ ആസ്വദിച്ച്‌ കുറേ നേരം ഇരുന്നിട്ട്‌ മടങ്ങാം.

ഏച്ചുകെട്ട്‌:- അറിയപ്പെട്ടു തുടങ്ങിയിട്ടേയുള്ളൂ സ്ഥലം. കച്ചവടക്കണ്ണുകൾ പതിയാതിരുന്നാൽ നന്ന്

18 comments:

  1. സ്ഥലം കിടിലം, വിവരണം കുറച്ചും കൂടെ ആവാമായിരുന്നു എന്നൊരു തോന്നൽ. എന്തായാലും ഒരിക്കൽ പോകണം അവിടെ

    ReplyDelete
  2. വിവരണം കുറഞ്ഞത് മടിയായിട്ടാണ്. എഴുതാനുള്ള മടി :(

    ReplyDelete
  3. കണ്ടിട്ടുണ്ട് പോയിട്ടില്ല...

    ReplyDelete
  4. കണ്ടിട്ടുണ്ട് പോയിട്ടില്ല...

    ReplyDelete
  5. വായിച്ചിട്ട് ഇല്ലിക്കമല കാണാന്‍ എനിക്കും തോന്നുന്നു....

    ReplyDelete
  6. ചുമ്മാ പോണം. പിന്നെ പോയിട്ട് താഴേക്ക് നോക്കരുത് :o

    ReplyDelete
  7. കൊള്ളാലോ ... നല്ല ഫോട്ടോസ്... കാണുമ്പോള്‍ തന്നെ പോകാന്‍ തോന്നുന്നു... വിവരണം അല്പം കൂടെ ശാസ്ത്രീയമാക്കാമായിരുന്നു. അങ്ങോട്ട്‌ എത്തിപ്പെടേണ്ട വഴി , വരാന്‍ പറ്റിയ സമയം.., ബസ് റൂട്ട് ആണോ അല്ലയോ ... എന്നൊക്കെ... ഏതായാലും ഞാന്‍ ഈരാറ്റുപേട്ടയില്‍ വരുമ്പോ എന്നെ ഇങ്ങോട്ട് കൊണ്ടുപോയ്ക്കോണം.. കേട്ടല്ലോ ?

    ReplyDelete
    Replies
    1. വിശദമാക്കാത്തത് മടിയായതു കൊണ്ടാണ് ഉട്ടോ :( വരുമ്പോ പറഞ്ഞാൽ മതി. മ്മക്ക് തകർക്കാം ;)

      Delete
  8. നന്നായിരിക്കുന്നു അവതരണം , ആശംസകൾ .

    ReplyDelete
  9. വാഗമണ്‍, കുട്ടക്കാനം, ഏലപ്പാറ...
    ഒക്കെ പോയിട്ടുണ്ട്. അവിടൊക്കെ കറങ്ങിത്തിരിഞ്ഞ് എഴുതി തെളിയാന്‍ ആശംസിക്കുന്നു.

    ReplyDelete
    Replies
    1. ഇല്ലിക്കമലയിലും കൂടി ഒന്നെത്തി നോക്കൂ :)

      Delete
  10. മനോഹരമായ ചിത്രങ്ങള്‍... വിവരണം അല്‍പ്പം കൂടി ആകാമായിരുന്നു :)

    ReplyDelete
  11. കഴിഞ്ഞ ഒരവധിക്ക് ഇതുവഴി മുണ്ടക്കയത്തിന് പോയി. ഹൈറേഞ്ചിലെ പല സ്ഥലങ്ങളിലും ഡ്രൈവ് ചെയ്തിട്ടുണ്ടെങ്കിലും ഈ മല കയറ്റം ഒരു “അനുഭവം”തന്നെ ആയിരുന്നു. താഴെ നിന്ന് നോക്കുമ്പോള്‍ നമ്മടെ വാഗണ്‍ ആര്‍ കേറിപ്പോവ്വോന്ന് ഒരു ഉള്‍ക്കിടിലന്‍ സംശയം വന്നു പലയിടത്തും.

    ReplyDelete