Tuesday, March 19, 2013

ഡ്രാക്കുള 2012 3D- ഉഗ്രൻ കോമഡി പടം

ഹൊറർ സിനിമയാണെന്ന് വിചാരിച്ചാണ് വിയൻ സാറിന്റെ 'ഡ്രാക്കുള 2012 3D കാണാന്‍ കേറിയത്. പോരാത്തതിന് ത്രിമാന അനുഭവവും കിട്ടും. പക്ഷേ, പടം പുരോഗമിക്കും തോറും മനസ്സിലായി, സിനിമയുടെ കാറ്റഗറി ഹൊറർ അല്ല, കോമഡിയാണെന്ന്. ചിരിച്ചു ചിരിച്ച് മടുത്തു.പടം കഴിഞ്ഞിറങ്ങിയപ്പോള് 90 രൂപ ഡ്രാക്കുളയുടെ അണ്ണാക്കിലേക്ക് പോയല്ലോ എന്ന സങ്കടമായിരുന്നു. 3D കണ്ണട അടിച്ചു മാറ്റി അല്പം നിര്വൃതിയടഞ്ഞു. തിയറ്ററിൻറെ മുന്നിലിട്ടു തന്നെ കണ്ണട ചവിട്ടിപ്പൊട്ടിച്ച് സമാധിയടഞ്ഞു. ഇനി മേലില് വിനയന് പടം....

ലക്കി ഉള്ളതു കൊണ്ട് 'ലക്കി'

'ലക്കി സ്റ്റാർ' കണ്ടു, പടം പോര. ഒരു തുടക്കക്കാരന്റെ എല്ലാ സംഭ്രമങ്ങളും ചിത്രത്തിൽ നിഴലിച്ചു കാണാം. ആദ്യ പകുതി വിരസമാണ്‌. ചില രംഗങ്ങളിൽ വല്ലാത്ത വലിച്ചിലുമുണ്ട്‌. ഒരാവശ്യവുമില്ലാത്ത ഒരു ഐറ്റം ഡാൻസ്‌ കൊണ്ട്‌ പ്രേക്ഷകരെ ഇക്കിളിപ്പെടുത്തി തീയെറ്ററിൽ പിടിച്ചിരുത്താമെന്നു സംവിധായകൻ ചിന്തിച്ചിരിക്കണം. അല്ലെങ്കിൽ അങ്ങനെയൊരു ഐറ്റം ഡാൻസിന്റെ ആവശ്യം ചിത്രത്തിനുണ്ടാവുമായിരുന്നില്ല. വർത്തമാന കാലമാണ്‌ ചിത്രത്തിൽ ചർച്ച ചെയ്യുന്നത്‌ എന്നു പ്രേക്ഷകരെ ബോധ്യപ്പെടുത്താനാവണം തിരക്കഥാകൃത്ത് അനാവശ്യമായി ചിത്രത്തിലേക്ക്‌ ഫേസ്ബുക്കിനെ വലിച്ചിഴക്കുന്നുണ്ട്‌. രണ്ടാം പകുതി കുറേക്കൂടി രസകരമാണ്‌. ചിത്രത്തിന്‌ കുറേക്കൂടി ചടുലതയുണ്ട്‌. ചീറ്റിപ്പോയ തമാശകൾ ഒരുപാടുണ്ട്‌ ചിത്രത്തിൽ. അതൊക്കെ കല്ലുകടിയായി എന്നു പറയാതെ വയ്യ.ജയറാം കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട്‌. രചന 'മറിമായ'ത്തിന്റെ ഹാങ്ങോവറിൽ നിന്നും ഇനിയും മുക്തയായിട്ടില്ലെന്നു തോന്നുന്നു. മറിമായത്തിൽ രചനയുടെ മുഖത്ത്‌ എപ്പോഴും ഉണ്ടാകുന്ന ആ പുച്ഛച്ചിരി അവരെ വിട്ടു പോയിട്ടില്ല. വികാരം ഏതായാലും മുഖത്ത്‌ ആ ചിരി കാണാം, കരയുമ്പോൾ പോലും! രണ്ടാം പകുതിയുടെ മുഴുവൻ ക്രെഡിറ്റും ഞാൻ ലക്കിയ്ക്ക്‌ കൊടുക്കുന്നു. കുസൃതി നിറഞ്ഞ ആ മുഖമാണു രണ്ടാം പകുതി വർണാഭമാക്കിയത്‌. പ്രേക്ഷകർ ഉടനെയൊന്നും ആ മുഖം മറക്കില്ല. അവസാനത്തെ മുക്കാൽ മണിക്കൂർ സുന്ദരമാണ്‌. കുറച്ചു കൂടി കെട്ടുറപ്പുള്ള ഒരു തിരക്കഥയും കുറച്ചു കൂടി നല്ല സംവിധായകനുമായിരുന്നെങ്കിൽ ചിത്രം ഒരുപാട്‌ മെച്ചപ്പെട്ടേനെ...

Tuesday, March 12, 2013

Kerala's Most Wanted

'Kerala's Most Wanted' ഏഷ്യാനെറ്റ് പ്ളസിൻറെ മുഖഛായ മാറിയതിനു ശേഷം ചാനലിൽ സംപ്രേഷണം ചെയ്യപ്പെടുന്ന നല്ല ഒരു പരിപാടി. എനിക്കു തോന്നുന്നു, അമൃത എന്ന പെൺപുലിയെ മോശമായി കമൻറ് ചെയ്ത് അവളുടെ കയ്യിൽ നിന്നു തന്നെ കീറ് വാങ്ങേണ്ടി വന്ന രണ്ട് സുഹൃത്തുക്കള്ക്ക് വാ തുറക്കാൻ ആദ്യം അവസരം നല്കിയത് ഈ പരിപാടി ആണെന്ന്. അവർക്ക് എന്താണ് പറയാനുള്ളത് എന്ന് നമ്മൾ ആദ്യമായി കേട്ടത് അപ്പോഴായിരുന്നു. അമൃതയല്ല, അച്ഛനും മറ്റു ചിലരും ചേർന്നാണ് അവരെ തല്ലിയത് എന്നു തെളിഞ്ഞതോടെ നിയമം കയ്യിലെടുത്തതിന് അവളെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെടാനുള്ള അവസരവും നമ്മള് ആണുങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. 3 വയസ്സുകാരിയെ വരെ പീഡിപ്പിക്കുന്ന മനസാക്ഷി മരവിച്ച കാലമായതു കൊണ്ട് ഒന്നാശിക്കാം. ഇവളെ ആരെങ്കിലും ഒന്ന്...

ഏച്ചുകെട്ട്: അതിന് കണ്ടാല് എന്തെങ്കിലും തോന്നണ്ടേ...
: ങ്ങേ??

: ങാ, ഒരു മാതിരി.....

എൻറെ അവലോസുണ്ട

 മദാമ്മ: ഡാ, പോയിട്ട് വരുമോ?
 : വരും, വരും. ഞങ്ങ പറഞ്ഞാ പറഞ്ഞതാ. കഴിഞ്ഞ വട്ടം പോയിട്ട് ഞങ്ങള് നേരത്തേ വന്നില്ലേ? 
മദാമ്മ: ങും, എന്നാ പിന്നെ ഒരു കാര്യം ചെയ്യ്. കൊറച്ച് ചക്കയും അവലോസുണ്ടയുമൊക്കെ പൊതിഞ്ഞു കെട്ടിത്തരാം. എൻറെ കുഞ്ഞമ്മേടെ വീടിനടുത്ത് താമസിച്ചിരുന്ന ഫ്രെഡറിക്കിനും പെട്രീഷ്യക്കും കൊണ്ടു കൊടുക്കുമോ?
:ആ വളവിൻറെ അപ്പുറത്തെ വീടല്ലേ? താ, കൊടുത്തേക്കാം...

മദാമ്മ: ഡാ, നിങ്ങ വരണില്ലേ?
: ഞങ്ങ വരണില്ല. പറ്റിച്ചേ!!
:എന്നെ തേച്ചതാണല്ലേ?
:ങും
:അപ്പോ എൻറെ അവലോസുണ്ട?
:കീ, കീ, കീ... (കോള് കട്ടായ ശബ്ദമാണേ. വേറൊന്നുമല്ല)

സുഹൃത്തുക്കൾ

അവർ സുഹൃത്തുക്കളായിരുന്നു. വെറും സുഹൃത്തുക്കളല്ല, ബാല്യകാല സുഹൃത്തുക്കൾ. ഒരുമിച്ചു പഠിയ്ക്കാൻ പോയിരുന്നതും, മടക്കത്തിൽ മാവിനു കല്ലെറിഞ്ഞിരുന്നതും, ഒരുമിച്ച് പുഴയിൽ കുളിച്ചിരുന്നതുമൊക്കെ അവരുടെ ബാല്യത്തിൻറെ മറക്കാനാവാത്ത ഓർമകളായിരുന്നു. 

കാലം അവരെ വളർത്തി. വിധി അവരെ രണ്ടു തുറകളിലെത്തിച്ചു. സ്കൂളും കോളേജും കടന്ന് ഒരാൾ പടർന്നു പന്തലിച്ചപ്പോൾ അപരൻ പതിനൊന്നാം ക്ളാസിൽ വെച്ച് പഠനം നിറുത്തി ജോലിക്കാരനായി. അവരുടെ സൌഹ്റുദം വല്ലപ്പോഴുമുള്ള ചില കണ്ടുമുട്ടലുകളിലും ഫോൺ വിളികളിലും മാത്രമായി ഒതുങ്ങി.



കോളേജ് ബിരുദവും കരസ്ഥമാക്കി വീട്ടിലേക്ക് വരുമ്പോഴാണ് അവൻ കാണുന്നത്, ഒരു ആക്സിഡൻറ്. വഴിയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോകുന്ന ലോറി. അവൻറെ മൊബൈൽ ക്യാമറക്കണ്ണുകൾ മിഴി തുറന്നു. ശരവേഗത്തിൽ പായുന്ന ലോറിയുടെ നമ്പർ പ്ളറ്റിലേയ്ക്ക് ഒരു 'സൂമിംഗ്'. പിന്നെ പിടഞ്ഞു കൊണ്ടിരിയ്ക്കുന്ന ആ മനുഷ്യ ജീവൻറെ അന്ത്യ ചലനങ്ങൾ... ലൈകും കമൻറും കുമിഞ്ഞു കൂടുന്ന ഫേസ്ബുക്ക് മതിലായിരുന്നു അപ്പോൾ അവൻറെ മനസ്സിൽ.

ചാനലുകളിൽ അന്നത്തെ എക്സ്ക്ളൂസിവ് വീഡിയോ അവൻറെ മൊബൈലിൽ നിന്നും പിറവിയെടുത്ത ആ ഫേസ്ബുക് വീഡിയോ ആയിരുന്നു. 

മരിച്ചത് തൻറെ പ്രിയപ്പെട്ട കൂട്ടുകാരനാണെന്നറിഞ്ഞിട്ടും തൻറെ വീഡിയോക്ക് കിട്ടിയ 86 ലൈകും 55 കമൻറും അവനെ കൃതാർത്ഥനാക്കി.

Friday, March 8, 2013

സ്ത്രീ എന്നാല്‍...



'സ്ത്രീ എന്നാല്‍ അമ്മയാണ്‌, ദേവിയാണ്‌, ഐശ്വര്യമാണ്. 
കുറച്ചു നേരം അവള്‍ പ്രസംഗം കേട്ടു നിന്നു.
സമയം പോകുന്നു.
അവള്‍ മനസ്സിലാക്കി.
തോളില്‍ മയങ്ങിക്കിടക്കുന്ന കുഞ്ഞ്  ഇടയ്ക്കിടെ ഞരങ്ങുന്നുണ്ട്. 
അവള്‍ക്ക് പനിയാണ്‌... 
എതിരെ വന്ന ഒരാളുടെ നേര്‍ക്ക് അവള്‍ കൈ നീട്ടി.
"പോ പോ...."
അയാള്‍ കൈ വീശി അവളെ ഓടിച്ചു.
അവളുടെ മനസ്സ് താന്‍ കേട്ട പ്രസംഗത്തിലേക്ക് പിന്തിരിഞ്ഞു നടന്നു.
'സ്ത്രീ എന്നാല്‍ അമ്മയാണ്‌, ദേവിയാണ്‌'
അവള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ട് തോന്നി.
വൈകുന്നേരം, അയാള്‍ വരും. അവന്റെ പേര് ഇതു  വരെ തനിക്ക്  വഴങ്ങിയിട്ടില്ല.കൊണ്ടുപോകുന്ന നാണയത്തുട്ടുകള്‍ കുറഞ്ഞു പോയാല്‍ പിന്നെ തല്ലാണ്‌..
ഇന്നലെ തന്റെ നേര്‍ക്കായിരുന്നു.
"എവിടെടി കിട്ടിയത്?
അവള്‍ അന്ന് കിട്ടിയത് അയാളുടെ മുന്നിലേക്ക് ചൊരിഞ്ഞു.
"ഇത്രേയുള്ളോ?"
അതൊരു അലര്‍ച്ചയായിരുന്നു.
അയാള്‍ അവളെ തലങ്ങും വിലങ്ങും അടിച്ചു.
"കൂത്തിച്ചി, (സ്ത്രീ എന്നാല്‍ അമ്മയാണ്പൊലയാടിച്ചി (ദേവിയാണ് )"-
പിന്നെയും എന്തൊക്കെയോ പറഞ്ഞ് തല്ലി.
കുഞ്ഞ് പേടിച്ച് കരയുകയായിരുന്നു.
"അണ്ണാ, കൊച്ചിന് വയ്യായിരുന്നു."
അടിക്കിടയില്‍ അവള്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
"നിന്റെ ഒരു കൊച്ച്!"
അയാള്‍ കുഞ്ഞിനെ കടന്നു പിടിച്ചു.
"ഇതിനെ കളഞ്ഞേക്കാം, പ്രശ്നം തീര്‍ന്നല്ലോ"
"അണ്ണാ, ഇനി കൃത്യമായിട്ട് കാശ് കൊണ്ട് വന്നോളാം. എന്റെ കൊച്ച്, എന്റെ കൊച്ച്...."
അവളുടെ കണ്ണുനീര്‍ അയാളുടെ കാല്‍ക്കല്‍ വീണു.
'ഹാ, മാറെടീ."
അയാള്‍ അവളെ തൊഴിച്ചു മാറ്റി.
"നാളെയും കൂടി നോക്കും. കാശ് കുറവാണെങ്കില്‍ പിന്നെ ഈ സാധനത്തിനെ നീ കാണില്ല. ഓര്‍ത്തോ"
അവള്‍ കുഞ്ഞിനെ വാരിയെടുത് തെരുതെരെ ചുംബിച്ചു.
കുഞ്ഞ് അപ്പോഴും വാവിട്ട് കരയുകയായിരുന്നു.
തമിഴ്നാട്ടിലെ സേലത്തു നിന്നും ഭിക്ഷാടന്‍ മാഫിയയുടെ കയ്യില്‍ അവള്‍ വന്നു ചേര്‍ന്നത് മൂന്നു വര്ഷം മുന്പ്, പതിനാലാം വയസ്സില്‍...
ദാരിദ്ര്യം പോലും പങ്കിടാന്‍ തികയാതെ വന്നപ്പോള്‍ അച്ഛനുമമ്മയും അവളെ വിറ്റു.
ഏതോ ഒരു ഹോട്ടല്‍ മുറിയുടെ ഇരുണ്ട വെളിച്ചത്തില്‍ വെച്ച ആരൊക്കെയാണ്‌ തന്നെ അനുഭവിചിട്ട് പോകുന്നത് എന്നവള്‍ക്ക് മനസ്സിലായില്ല. എന്താണ് സംഭവിക്കുന്നതെന്നും അവള്‍ക്ക് മനസ്സിലായില്ല.
അവരിലാരോ സമ്മാനിചതാണ്‌ ഈ കുഞ്ഞ്.
പിന്നീട് പലപ്പോഴും അന്ന് ഹോട്ടല്‍ മുറിയില്‍ വെച്ച് കണ്ട പല മുഖങ്ങളെയും അവള്‍ പലപ്പോഴായി കണ്ടു. അവരെല്ലാം വലിയവരായിരുന്നു. ചിലര്‍ കൊടി വെച്ച കാറുകളില്‍, മറ്റു ചിലര്‍ കൊടി വെക്കാത്ത കാറുകളില്‍.......
മൂന്നു വര്‍ഷങ്ങള്‍.....
ജീവിതം എങ്ങനെയൊക്കെയോ മുന്നോട്ട് പോകുന്നു. മോള്‍ക്ക്‌ വേണ്ടി മാത്രമാണ്‌ ഇപ്പോള്‍ അവളുടെ ജീവിതം.
'അവളെ പഠിപ്പിക്കണം.'
അവളുടെ ഏറ്റവും വലിയ ആഗ്രഹമാണത്.
വൈകുന്നേരം അവള്‍ കിട്ടിയ ചില്ലറ എണ്ണി നോക്കി. ഇല്ല, തികഞ്ഞിട്ടില്ല.
അവള്‍ അയാളുടെ അടുത്തേക്ക് പോകാന്‍ ഭയപ്പെട്ടു.
കുഞ്ഞിനെ അവന്‍ കൊല്ലും. അവള്‍ കുഞ്ഞിനെ മാറോടടക്കിപ്പിടിച്ചു. കുഞ്ഞ് ഞെട്ടിയുണര്‌ന്ന് കരഞ്ഞു.
അവള്‍ അന്ന് കടത്തിണ്ണയില്‍ അന്തിയുറങ്ങാമെന്നു തീരുമാനിച്ചു. തന്റെ കുഞ്ഞിനെ അവള്‍ക്ക് വേണമായിരുന്നു.
നേരം വെളുത്തു. അടുത്ത കുഞ്ഞില്ല!!
അവള്‍ക്ക് പ്രജ്ഞ നശിക്കുന്നതു പോലെ തോന്നി. എവിടെ കുഞ്ഞ്?
അവള്‍ പിടഞ്ഞെഴുന്നേറ്റു.
"ലക്ഷ്മീ, ലക്ഷ്മീ..."
അവളുടെ വാക്കുകള്‍ ഇടറിയിരുന്നു.
ഇപ്പോള്‍ എവിടെ നിന്നെങ്കിലും ഒരു കള്ളച്ചിരിയോടെ 'അമ്മാ' എന്ന് വിളിച്ച് അവള്‍ അരികിലേക്ക് വരും എന്നവള്‍ വെറുതെ ആശിച്ചു.
ഇല്ല, കാണുന്നില്ല.
അവളുടെ കാലടികള്‍ ഇടറുന്നുണ്ടായിരുന്നു.
പെട്ടെന്ന്, കുറച്ച ദൂരെ, നിലത്ത്... തന്റെ കുഞ്ഞാണോ?
അവള്‍ ഓടിച്ചെന്നു.
ഭൂമി പിളര്ന്ന്‍ താഴേക്കു പോയിരുന്നെങ്കില്‍ എന്നവള്‍ ആശിച്ചു.
തന്റെ കുഞ്ഞ്, നിലത്ത്, ഉറുമ്പരിച്ച്....
പൊട്ടിക്കരഞ്ഞു കൊണ്ട് അവള്‍ കുഞ്ഞിനെ വാരിയെടുത്തു.
'ഇവളുടെ ഉടുപ്പുകള്‍ എവിടെ? ശരീരത്തില്‍ എന്തൊക്കെയോ പാടുകള്‍ ഉണ്ടല്ലോ.
"ലക്ഷ്മീ..."
അവള്‍ വിളി കേട്ടില്ല.
കുഞ്ഞിനെ മാറോടടക്കി അവള്‍ പൊട്ടിക്കരഞ്ഞു.

#ബാക്കി നമുക്ക്  ഫേസ്ബുക്കിനും മാധ്യമങ്ങള്‍ക്കും വിട്ടു കൊടുക്കാം. അവര്‍ തീരുമാനിക്കട്ടെ, ഇനിയെന്ത് വേണമെന്ന്.

Thursday, March 7, 2013

ചുടുകാട്ടിലെ നിഴലുകൾ॥

"നാശം, രാവിലെ തുടങ്ങിയ തിരക്കാണ്. ഒരു ചായ പോലും കുടിച്ചിട്ടില്ല"
അവൾ മനസ്സിൽ ആരെയൊക്കെയോ പ്രാകി.
ഈ തിരക്കൊന്നു കുറയണമെങ്കിൽ 11 മണി കഴിയണം. അപ്പോഴാണല്ലോ ഒ. പി. സമയം കഴിയുക. പിന്നെ, ചില ഡെത്ത് കേസുകളും റൂം അന്വേഷിച്ചുള്ള സംശയങ്ങളും മാത്രമേ വരാറുള്ളൂ.അച്ഛന് എങ്ങനെയുണ്ടോ ആവോ?
ഇന്നലെ ഉച്ചയ്ക്കു ശേഷം തിരക്കൊഴിഞ്ഞ് അല്പം സ്വസ്ഥമായി ക്യാബിനിലിരിയ്ക്കുമ്പോൾ രാഖിയാണ് വന്നു പറഞ്ഞത്.
"എടീ, നിൻറെ അച്ഛനെ ഇങ്ങോട്ട് കൊണ്ടു വന്നിട്ടുണ്ട്"
വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി ചാടിയെഴുന്നേറ്റു.
"എന്താ പറ്റിയത്?
"നെഞ്ചുവേദനയാണെന്നാ പറഞ്ഞത്"
ഡോക്ടർമാർ വിധിയെഴുതി, ഹാർട്ട് അറ്റാക്ക്!
"അത് കാശുള്ളവർക്ക് വരുന്ന അസുഖമല്ലേ ഡോക്ടർ?"
ഡോക്ടർ മ്രുദുവായി ഒന്നു ചിരിച്ചു.
ഡ്യൂട്ടി കഴിഞ്ഞപ്പോൾ കുറച്ചു സമയം അവൾ അച്ഛൻറെ അടുക്കൽ ചെന്നിരുന്നു.
"മനു സ്കൂള് വിട്ടു വരും. നീ പൊക്കോ, ഞാൻ ഇരുന്നോളാം."
അമ്മ അവളെ വീട്ടിലേയ്ക്കു പറഞ്ഞു വിട്ടു.
ഇന്ന് രാവിലെ ആശുപത്രിയിലേയ്ക്ക് വന്നപ്പോൾ അവൾ അവനെയും കൂടി കൊണ്ടു വന്നു. ഞായറാഴ്ചയാണ്, ക്ളാസില്ലല്ലോ.
"രജനീ, 116ലെ പേഷ്യൻറിൻറെ ബില്ല് കൂട്ടി വെച്ചിട്ടില്ലേ?"
പിന്നിൽ നിന്ന് മുംതാസിൻറെ ചോദ്യം കേട്ടാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്.
"അവിടെ ഇരിപ്പുണ്ട്"
അവൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു.
"എവിടെ? കണ്ടില്ല"
എഴുത്ത് നിർത്തി അവൾ തിരിഞ്ഞു.
"ദാ, ആ ക്യാബിനിൽ. അകത്ത് മൂന്നാമതുണ്ട്"
"ഒന്ന് പെട്ടെന്നെഴുത് കൊച്ചേ"
പുറത്ത് ഒരാൾക്ക് രോഷം.
"ങാ, പറ ചേട്ടാ. വയസ്സ്?"
അവൾ ജോലി തുടർന്നു.
"ങാ, കിട്ടി"
പിറകിൽ മുംതാസിൻറെ ശബ്ദം.
"പിന്നെ ഇത്-
അവൾ എന്തോ ഓർത്തതു പോലെ തുടർന്നു.
-ഡോക്ടർ ഹരിപ്രസാദിനാണ് കേട്ടോ"
രജനി അവളെ ഒന്ന് പാളി നോക്കി. ഒരു ചിരിയോടെ അവൾ പോയി.
"ഹരിപ്രസാദ്! ആ പേര് കേൾക്കുമ്പോൾ എപ്പോഴും തനിയ്ക്കൊരു കുളിരാണ്. മോഹിയ്ക്കാൻ അർഹതയില്ലെങ്കിലും അവൾ അറിയാതെ അയാളെ മോഹിച്ചു കൊണ്ടിരുന്നു.
തലവേദനിച്ച് തല പൊളിയുന്നു. തിരക്കിന് അല്പമൊരു ശമനം കിട്ടിയിരുന്നെങ്കിൽ വിക്സ് എങ്കിലും എടുത്ത് പുരട്ടാമായിരുന്നു. പക്ഷേ, തിരക്ക് കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ല.ഇടയ്ക്കെപ്പഴോ അവൾ ഞൊടിയിടയിൽ പോയി വിക്സ് പുരട്ടിയിട്ട് വന്നു.
ഇടയ്ക്ക് അറ്റൻഡർ വന്നു. പുതിയ ആളാണ്. ഇന്നലെ കേറിയതേയുള്ളൂ.

"ഒരു ഡെത്ത് കേസുണ്ട്."
അയാൾ ഫയൽ അവളുടെ മേശപ്പുറത്തേക്ക് വെച്ചു.അവൾ ആ പേരിലൂടെ ഒന്ന് കണ്ണോടിച്ചു.
'എസ്. വർക്കി'
"നരകിയ്ക്കാതെ മരിച്ചല്ലോ."
ആരോ പിന്നിൽ നിന്നും പറയുന്നതു കേട്ടു.
ശരിയാണ്, നരകയാതന അനുഭവിയ്ക്കുകയായിരുന്നു അയാൾ.
ഇടയ്ക്കെപ്പൊഴോ ചായ വന്നു.
തണുത്ത് മരച്ച ചായ.
എങ്ങനെയോ അത് കുടിച്ചു.
അറ്റൻഡർ വീണ്ടും വന്നു.
അവൾ ഒരു രജിസ്ട്രേഷൻ എഴുതുകയായിരുന്നു.
"വയസ്സ്?"
"23"
"ഒരു ഡെത്ത് കേസും കൂടി"-
അയാൾ ഫയൽ മേശപ്പുറത്തേക്ക് വെച്ചു.
"ഏതു ഡോക്ടറെയാ കാണേണ്ടത്?"
പുറത്തേക്ക് ചോദ്യമെറിഞ്ഞ അവൾ ഫയലിലെ പേരിലേക്ക് കണ്ണു നട്ടു.
"ഗൈനക്കോളജി"
അപ്പോൾ അവളുടെ കണ്ണുകൾ ഫയലിലെ പേര് വായിക്കുകയായിരുന്നു.
ഒരു നിമിഷം അവളുടെ കൈ നിശ്ചലമായി. അച്ഛൻ...
തിരക്ക് അധികരിയ്ക്കുകയായിരുന്നു.ചുടുകാട്ടിലെ നിഴലുകൾ തന്നെ പൊതിയുന്നതായി അവൾക്കു തോന്നി. അവൾക്ക് ശ്വാസം മുട്ടി. പക്ഷേ, അപ്പോഴും അവളുടെ കൈ യാന്ത്രികമായി ചലിച്ചു കൊണ്ടിരുന്നു.

Wednesday, March 6, 2013

മോളേ, മാപ്പ്....

14 പേർ! അമ്മയുടെ ശരീരത്തിൻറെ ഊഷ്മളതയില് ഭൂമിയുടെ മടിത്തട്ടിൽ ഉറങ്ങിക്കിടന്ന കുരുന്നിനെ പങ്കിട്ടെടുക്കാൻ 14 പേർ!!! അമ്മയുടെ മുലപ്പാലിൻറെ മധുരം മാത്രം നുണഞ്ഞിരുന്ന ആ ഇളം ചുണ്ടുകൾക്ക് അനുഭവിയ്ക്കേണ്ടി വന്നത് 14 കാമവെറിയന്മാരുടെ വൃത്തികെട്ട വിയർപ്പിൻറെ ഉപ്പ്. ഇന്ത്യൻ നിയമവ്യവസ്ഥ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. ഡല്ഹി പെൺകുട്ടിയ്ക്ക് അമേരിക്കൻ സർക്കാരിൻറെ ധീരതയ്ക്കുള്ള അവാർഡും ചേർത്ത് വായിയ്ക്കുമ്പോൾ നമ്മുടെ രാജ്യത്തിൻറെ മൂല്യശോഷണം മറ്റു രാജ്യങ്ങൾ വിലയിരുത്താൻ തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാകുന്നു. ഇനിയും നിയമങ്ങൾ കർക്കശമാക്കിയില്ലെങ്കിൽ 'ഒരിയ്ക്കൽ ഒരു രാജ്യമുണ്ടായിരുന്നു' എന്ന് ഭാവി രേഖപ്പെടുത്തുന്ന ഒരു കറയായി നമ്മുടെ രാജ്യം അധപതിക്കും.
ദൈവമേ, ഇനിയും നിനക്ക് മതിയായില്ലേ? ഇനിയും ഇവിടെ സംഭവിക്കാൻ എന്തു മൂല്യച്യുതിയാണ് ബാക്കിയുള്ളത്? എല്ലാം അവസാനിപ്പിച്ചു കൂടേ??