Friday, March 8, 2013

സ്ത്രീ എന്നാല്‍...



'സ്ത്രീ എന്നാല്‍ അമ്മയാണ്‌, ദേവിയാണ്‌, ഐശ്വര്യമാണ്. 
കുറച്ചു നേരം അവള്‍ പ്രസംഗം കേട്ടു നിന്നു.
സമയം പോകുന്നു.
അവള്‍ മനസ്സിലാക്കി.
തോളില്‍ മയങ്ങിക്കിടക്കുന്ന കുഞ്ഞ്  ഇടയ്ക്കിടെ ഞരങ്ങുന്നുണ്ട്. 
അവള്‍ക്ക് പനിയാണ്‌... 
എതിരെ വന്ന ഒരാളുടെ നേര്‍ക്ക് അവള്‍ കൈ നീട്ടി.
"പോ പോ...."
അയാള്‍ കൈ വീശി അവളെ ഓടിച്ചു.
അവളുടെ മനസ്സ് താന്‍ കേട്ട പ്രസംഗത്തിലേക്ക് പിന്തിരിഞ്ഞു നടന്നു.
'സ്ത്രീ എന്നാല്‍ അമ്മയാണ്‌, ദേവിയാണ്‌'
അവള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ട് തോന്നി.
വൈകുന്നേരം, അയാള്‍ വരും. അവന്റെ പേര് ഇതു  വരെ തനിക്ക്  വഴങ്ങിയിട്ടില്ല.കൊണ്ടുപോകുന്ന നാണയത്തുട്ടുകള്‍ കുറഞ്ഞു പോയാല്‍ പിന്നെ തല്ലാണ്‌..
ഇന്നലെ തന്റെ നേര്‍ക്കായിരുന്നു.
"എവിടെടി കിട്ടിയത്?
അവള്‍ അന്ന് കിട്ടിയത് അയാളുടെ മുന്നിലേക്ക് ചൊരിഞ്ഞു.
"ഇത്രേയുള്ളോ?"
അതൊരു അലര്‍ച്ചയായിരുന്നു.
അയാള്‍ അവളെ തലങ്ങും വിലങ്ങും അടിച്ചു.
"കൂത്തിച്ചി, (സ്ത്രീ എന്നാല്‍ അമ്മയാണ്പൊലയാടിച്ചി (ദേവിയാണ് )"-
പിന്നെയും എന്തൊക്കെയോ പറഞ്ഞ് തല്ലി.
കുഞ്ഞ് പേടിച്ച് കരയുകയായിരുന്നു.
"അണ്ണാ, കൊച്ചിന് വയ്യായിരുന്നു."
അടിക്കിടയില്‍ അവള്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
"നിന്റെ ഒരു കൊച്ച്!"
അയാള്‍ കുഞ്ഞിനെ കടന്നു പിടിച്ചു.
"ഇതിനെ കളഞ്ഞേക്കാം, പ്രശ്നം തീര്‍ന്നല്ലോ"
"അണ്ണാ, ഇനി കൃത്യമായിട്ട് കാശ് കൊണ്ട് വന്നോളാം. എന്റെ കൊച്ച്, എന്റെ കൊച്ച്...."
അവളുടെ കണ്ണുനീര്‍ അയാളുടെ കാല്‍ക്കല്‍ വീണു.
'ഹാ, മാറെടീ."
അയാള്‍ അവളെ തൊഴിച്ചു മാറ്റി.
"നാളെയും കൂടി നോക്കും. കാശ് കുറവാണെങ്കില്‍ പിന്നെ ഈ സാധനത്തിനെ നീ കാണില്ല. ഓര്‍ത്തോ"
അവള്‍ കുഞ്ഞിനെ വാരിയെടുത് തെരുതെരെ ചുംബിച്ചു.
കുഞ്ഞ് അപ്പോഴും വാവിട്ട് കരയുകയായിരുന്നു.
തമിഴ്നാട്ടിലെ സേലത്തു നിന്നും ഭിക്ഷാടന്‍ മാഫിയയുടെ കയ്യില്‍ അവള്‍ വന്നു ചേര്‍ന്നത് മൂന്നു വര്ഷം മുന്പ്, പതിനാലാം വയസ്സില്‍...
ദാരിദ്ര്യം പോലും പങ്കിടാന്‍ തികയാതെ വന്നപ്പോള്‍ അച്ഛനുമമ്മയും അവളെ വിറ്റു.
ഏതോ ഒരു ഹോട്ടല്‍ മുറിയുടെ ഇരുണ്ട വെളിച്ചത്തില്‍ വെച്ച ആരൊക്കെയാണ്‌ തന്നെ അനുഭവിചിട്ട് പോകുന്നത് എന്നവള്‍ക്ക് മനസ്സിലായില്ല. എന്താണ് സംഭവിക്കുന്നതെന്നും അവള്‍ക്ക് മനസ്സിലായില്ല.
അവരിലാരോ സമ്മാനിചതാണ്‌ ഈ കുഞ്ഞ്.
പിന്നീട് പലപ്പോഴും അന്ന് ഹോട്ടല്‍ മുറിയില്‍ വെച്ച് കണ്ട പല മുഖങ്ങളെയും അവള്‍ പലപ്പോഴായി കണ്ടു. അവരെല്ലാം വലിയവരായിരുന്നു. ചിലര്‍ കൊടി വെച്ച കാറുകളില്‍, മറ്റു ചിലര്‍ കൊടി വെക്കാത്ത കാറുകളില്‍.......
മൂന്നു വര്‍ഷങ്ങള്‍.....
ജീവിതം എങ്ങനെയൊക്കെയോ മുന്നോട്ട് പോകുന്നു. മോള്‍ക്ക്‌ വേണ്ടി മാത്രമാണ്‌ ഇപ്പോള്‍ അവളുടെ ജീവിതം.
'അവളെ പഠിപ്പിക്കണം.'
അവളുടെ ഏറ്റവും വലിയ ആഗ്രഹമാണത്.
വൈകുന്നേരം അവള്‍ കിട്ടിയ ചില്ലറ എണ്ണി നോക്കി. ഇല്ല, തികഞ്ഞിട്ടില്ല.
അവള്‍ അയാളുടെ അടുത്തേക്ക് പോകാന്‍ ഭയപ്പെട്ടു.
കുഞ്ഞിനെ അവന്‍ കൊല്ലും. അവള്‍ കുഞ്ഞിനെ മാറോടടക്കിപ്പിടിച്ചു. കുഞ്ഞ് ഞെട്ടിയുണര്‌ന്ന് കരഞ്ഞു.
അവള്‍ അന്ന് കടത്തിണ്ണയില്‍ അന്തിയുറങ്ങാമെന്നു തീരുമാനിച്ചു. തന്റെ കുഞ്ഞിനെ അവള്‍ക്ക് വേണമായിരുന്നു.
നേരം വെളുത്തു. അടുത്ത കുഞ്ഞില്ല!!
അവള്‍ക്ക് പ്രജ്ഞ നശിക്കുന്നതു പോലെ തോന്നി. എവിടെ കുഞ്ഞ്?
അവള്‍ പിടഞ്ഞെഴുന്നേറ്റു.
"ലക്ഷ്മീ, ലക്ഷ്മീ..."
അവളുടെ വാക്കുകള്‍ ഇടറിയിരുന്നു.
ഇപ്പോള്‍ എവിടെ നിന്നെങ്കിലും ഒരു കള്ളച്ചിരിയോടെ 'അമ്മാ' എന്ന് വിളിച്ച് അവള്‍ അരികിലേക്ക് വരും എന്നവള്‍ വെറുതെ ആശിച്ചു.
ഇല്ല, കാണുന്നില്ല.
അവളുടെ കാലടികള്‍ ഇടറുന്നുണ്ടായിരുന്നു.
പെട്ടെന്ന്, കുറച്ച ദൂരെ, നിലത്ത്... തന്റെ കുഞ്ഞാണോ?
അവള്‍ ഓടിച്ചെന്നു.
ഭൂമി പിളര്ന്ന്‍ താഴേക്കു പോയിരുന്നെങ്കില്‍ എന്നവള്‍ ആശിച്ചു.
തന്റെ കുഞ്ഞ്, നിലത്ത്, ഉറുമ്പരിച്ച്....
പൊട്ടിക്കരഞ്ഞു കൊണ്ട് അവള്‍ കുഞ്ഞിനെ വാരിയെടുത്തു.
'ഇവളുടെ ഉടുപ്പുകള്‍ എവിടെ? ശരീരത്തില്‍ എന്തൊക്കെയോ പാടുകള്‍ ഉണ്ടല്ലോ.
"ലക്ഷ്മീ..."
അവള്‍ വിളി കേട്ടില്ല.
കുഞ്ഞിനെ മാറോടടക്കി അവള്‍ പൊട്ടിക്കരഞ്ഞു.

#ബാക്കി നമുക്ക്  ഫേസ്ബുക്കിനും മാധ്യമങ്ങള്‍ക്കും വിട്ടു കൊടുക്കാം. അവര്‍ തീരുമാനിക്കട്ടെ, ഇനിയെന്ത് വേണമെന്ന്.

1 comment:

  1. അവർ പോലിപ്പിചോളും.... ഇതിപ്പോൾ സാധാരണ കാഴ്ചയാണ് ...

    ReplyDelete