Tuesday, March 19, 2013

ലക്കി ഉള്ളതു കൊണ്ട് 'ലക്കി'

'ലക്കി സ്റ്റാർ' കണ്ടു, പടം പോര. ഒരു തുടക്കക്കാരന്റെ എല്ലാ സംഭ്രമങ്ങളും ചിത്രത്തിൽ നിഴലിച്ചു കാണാം. ആദ്യ പകുതി വിരസമാണ്‌. ചില രംഗങ്ങളിൽ വല്ലാത്ത വലിച്ചിലുമുണ്ട്‌. ഒരാവശ്യവുമില്ലാത്ത ഒരു ഐറ്റം ഡാൻസ്‌ കൊണ്ട്‌ പ്രേക്ഷകരെ ഇക്കിളിപ്പെടുത്തി തീയെറ്ററിൽ പിടിച്ചിരുത്താമെന്നു സംവിധായകൻ ചിന്തിച്ചിരിക്കണം. അല്ലെങ്കിൽ അങ്ങനെയൊരു ഐറ്റം ഡാൻസിന്റെ ആവശ്യം ചിത്രത്തിനുണ്ടാവുമായിരുന്നില്ല. വർത്തമാന കാലമാണ്‌ ചിത്രത്തിൽ ചർച്ച ചെയ്യുന്നത്‌ എന്നു പ്രേക്ഷകരെ ബോധ്യപ്പെടുത്താനാവണം തിരക്കഥാകൃത്ത് അനാവശ്യമായി ചിത്രത്തിലേക്ക്‌ ഫേസ്ബുക്കിനെ വലിച്ചിഴക്കുന്നുണ്ട്‌. രണ്ടാം പകുതി കുറേക്കൂടി രസകരമാണ്‌. ചിത്രത്തിന്‌ കുറേക്കൂടി ചടുലതയുണ്ട്‌. ചീറ്റിപ്പോയ തമാശകൾ ഒരുപാടുണ്ട്‌ ചിത്രത്തിൽ. അതൊക്കെ കല്ലുകടിയായി എന്നു പറയാതെ വയ്യ.ജയറാം കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട്‌. രചന 'മറിമായ'ത്തിന്റെ ഹാങ്ങോവറിൽ നിന്നും ഇനിയും മുക്തയായിട്ടില്ലെന്നു തോന്നുന്നു. മറിമായത്തിൽ രചനയുടെ മുഖത്ത്‌ എപ്പോഴും ഉണ്ടാകുന്ന ആ പുച്ഛച്ചിരി അവരെ വിട്ടു പോയിട്ടില്ല. വികാരം ഏതായാലും മുഖത്ത്‌ ആ ചിരി കാണാം, കരയുമ്പോൾ പോലും! രണ്ടാം പകുതിയുടെ മുഴുവൻ ക്രെഡിറ്റും ഞാൻ ലക്കിയ്ക്ക്‌ കൊടുക്കുന്നു. കുസൃതി നിറഞ്ഞ ആ മുഖമാണു രണ്ടാം പകുതി വർണാഭമാക്കിയത്‌. പ്രേക്ഷകർ ഉടനെയൊന്നും ആ മുഖം മറക്കില്ല. അവസാനത്തെ മുക്കാൽ മണിക്കൂർ സുന്ദരമാണ്‌. കുറച്ചു കൂടി കെട്ടുറപ്പുള്ള ഒരു തിരക്കഥയും കുറച്ചു കൂടി നല്ല സംവിധായകനുമായിരുന്നെങ്കിൽ ചിത്രം ഒരുപാട്‌ മെച്ചപ്പെട്ടേനെ...

1 comment:

  1. എനിക്കും വളരെ നല്ല അഭിപ്രായമില്ല പക്ഷെ ചിത്രത്തിൻറെ തീം വളരെ നല്ലതാണ് ..

    ReplyDelete