Thursday, August 25, 2016

ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ ഡയറിക്കുറിപ്പുകൾ-2

ദേവദാസ്

12/8/2016

അന്നൊരു ബുധനാഴ്ചയായിരുന്നു. തലേന്ന് രാത്രി കഴിച്ച മദ്യം എന്നെക്കൊണ്ട് മോണിംഗ് സെഷന്‍ കട്ട് ചെയ്യിപ്പിച്ചു. ഉച്ചക്ക് ശേഷം ആശുപത്രിയുടെ എന്നോ മരണപ്പെട്ട ഇടനാഴിയിലൂടെ അലസമായി നടക്കുമ്പോഴാണ് ഞാനാദ്യമായി അവളെ കാണുന്നത്. പതിവു പോലെ ഏപ്രൺ എന്റെ തോളത്തായിരുന്നു. ഞാൻ നോക്കുമ്പോൾ എട്ട് വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടി. അവൾക്ക് ഒരു കാൽ ഇല്ലായിരുന്നു. ദിനേന കാലില്ലാത്തവരെയും കയ്യില്ലാത്തവരെയുമൊക്കെ കാണുന്നതാണെങ്കിൽക്കൂടി ആ കാഴ്ച എന്നെ ഒന്ന് പൊള്ളിക്കാതിരുന്നില്ല. അവൾ ഒരു കൈ വീല്ചെയറിന്റെ ഒരു വശത്ത്‌ പിടിച്ച് ഒരു  ചട്ടിച്ചട്ടി വരികയാണ്. അവളുടെ 'അമ്മ വീൽചെയർ വെറുതേ തള്ളുന്നുണ്ട്. എനിക്ക് ദേഷ്യം വന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.
"നിങ്ങൾ എന്താണീ കാണിക്കുന്നത്? വയ്യാത്ത കുട്ടിയെയാണോ നടത്തിക്കുന്നത്?"
അതിനു മറുപടി പറഞ്ഞത് ആ പെൺകുട്ടിയായിരുന്നു.
"എനിക്ക് നടക്കാനാ ഇഷ്ടം"
വേദനയിലും അവളുടെ മറുപടി കേട്ട് ഞാന്‍ ഒന്ന് പുഞ്ചിരിച്ചു. ഞാൻ അവളുടെ അടുക്കൽ കുന്തിച്ചിരുന്നു.
"അത്രക്കിഷ്ടാ നടക്കാൻ?"
"ഉം"
അവൾ തല കുലുക്കി. ഇരു വശത്തേക്കും പിന്നിയിട്ട അവളുടെ തലമുടി അന്തരീക്ഷത്തിലൂടെ ഒന്ന് ചുറ്റിക്കളിച്ചു.
"എന്താ മോൾടെ പേര്?"
"ചഞ്ചൽ"
അവളുടെ നോട്ടം എന്റെ  ഏപ്രണിലേക്കെത്തിയതു പോലെ തോന്നി. അവളുടെ മുഖം വിളറുന്നത് ഞാൻ കണ്ടു.
"ചഞ്ചലിനു നടക്കണമല്ലേ?"
അവൾ വീണ്ടും മുടി ചുഴറ്റിക്കൊണ്ട് തല കുലുക്കി. ഞാൻ അവളുടെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്തു പിടിച്ച് നടന്നു. അവൾ ഒറ്റക്കാലിൽ ചാടിച്ചാടി എന്റെ ഒപ്പം നടന്നു. അവളുടെ കാലിലെ പാദസരത്തിന്റെ ശബ്ദം് ആ ഇടനാഴിയെ ശബ്ദോന്മുഖരിതമാക്കി.
“ചഞ്ചല്‍ സ്കൂളില്‍ പോകുന്നില്ലേ?”
“ഇപ്പോ എനിക്ക് വയ്യല്ലോ. ഇവിടുന്ന് പുതിയ കാല്‍ കിട്ടിക്കഴിഞ്ഞ് പോകാമെന്നാ അമ്മ പറഞ്ഞത്. ല്ലേ, അമ്മേ?”
അവള്‍ തിരിഞ്ഞ് അമ്മയെ നോക്കി. അവര്‍ കണ്ണീരൊളിപ്പിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. പെട്ടെന്ന് ഞാന്‍ ഇടപെട്ടു.
“പിന്നേ, തീര്ച്ചയായും പോകാം”
“ചേട്ടന്റെ പേരെന്താ?”
പെട്ടെന്നവള്‍ ചോദിച്ചു.
“ദേവദാസ്”
അവള്‍ അല്പമൊന്നാലോചിച്ചു. എന്നിട്ട് ചോദിച്ചു.
“അപ്പോ എനിക്ക് നടക്കാന്‍ പറ്റോ?”
“പിന്നെ പറ്റാതെ!”
“എനിക്ക് സ്കൂള്‍ മത്സരത്തിന്‌ ഏയ്ഞ്ചലിനെ തോല്പ്പിക്കണം. അവള്ക്കാ  ഓട്ടത്തിനെപ്പഴും ഫസ്റ്റ്. അത് പറ്റുമോ?’
തൊണ്ടയിലെ ഉമിനീര്‍ വറ്റിപ്പോകും പോലെ തോന്നി എനിക്ക്.
“പിന്നേ. ചഞ്ചലല്ലേ അടുത്ത പി.ടി. ഉഷ”
അവള്‍ ചിരിച്ചു.
“അപ്പോ ചാടാന്‍ പറ്റുമോ?”
“പിന്നെന്താ. ഓടാം, ചാടാം, തലകുത്തി മറിയാം. എന്ത് വേണമെങ്കിലും ചെയ്യാം”
“ഞാനും കൂട്ടുകാരി അമൃതയും കൂടി കൊന്നിക്കളിക്കാറുണ്ടായിരുന്നു, ഒരു കാലില്‍ ചാടിച്ചാടി. ഇനിയും അത് പറ്റുമോ?”
എനിക്ക് വാക്കുകള്‍ തീരെ ദുര്ലഭമായിരിക്കുന്നു.
“പറ്റുമല്ലോ”
അപ്പഴേക്കും ഞാന്‍ ഡ്യൂട്ടി റൂമിന്റെ‍ വാതില്ക്കലെത്തി.
“ചഞ്ചല്‍ അമ്മയുടെ കൂടെ ചെല്ല്. ഞാന്‍ വരാം”
അല്പ നേരം കഴിഞ്ഞ് ഞാന്‍ അവരുടെ മുറിയിലേക്ക് ചെന്നു. ഞാന്‍ അപ്പോള്‍ ഏപ്രണ്‍ ധരിച്ചിട്ടുണ്ടായിരുന്നു. എന്നെ കണ്ടതും ചഞ്ചല്‍ പൊട്ടിക്കരയാന്‍ തുടങ്ങി. അവള്‍ വലിയ വായില്‍ നിലവിളിച്ചു കൊണ്ട് അമ്മയുടെ പിന്നില്‍ ഒളിച്ചു. ഞാന്‍ പറയാന്‍ ശ്രമിച്ചു.
“ചഞ്ചല്‍, ഞാനാണ്‌ ദേവദാസ്. വേദനിക്കില്ല”
പെട്ടെന്ന് അവളുടെ അമ്മ ഇറ്റപെട്ടു.
“ഡോക്ടര്‍, അവള്ക്ക്  നിങ്ങളെയല്ല, ഈ ഏപ്രണെയാണ്‌ പേടി. അവള്ക്ക്  അറിവായതു മുതല്‍ ഈ ഏപ്രണ്‍ ധരിച്ചവരെല്ലാം വരുന്നത് ഇവളെ കുത്തി വെക്കാനാണ്‌”
ആ മറുപടി എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. ഞാന്‍ പെട്ടെന്ന് മുറിയില്‍ നിന്നും പുറത്തിറങ്ങി. ഏപ്രണഴിച്ച് ഡ്യൂട്ടി റൂമില്‍ കൊണ്ടു വെച്ചു. എന്നിട്ട് വീണ്ടും അവളുടെ മുറിയിലേക്ക് ചെന്നു. സംശയാസ്പദമായി എന്നെ ഒന്ന് നോക്കിയെങ്കിലും ഞാന്‍ ഒന്ന് ചിരിച്ചപ്പോഴേക്കും അവള്‍ വീണ്ടും ഉഷാറായി. ചഞ്ചല്‍ അവളുടെ പാദസരം എന്നെ കാണിച്ചു.
“കണ്ടോ?”
ഞാന്‍ അതിനെ ഒന്ന് തലോടി.
“പുതിയ കാല്‌ കിട്ടുമ്പോ അതില്‍ പാദസരം ഇടാന്‍ പറ്റുമോ?”
ഈ കുട്ടി എന്നെ വല്ലാതെ നോവിക്കുന്നു.
“ഇടാം”
അവള്‍ ഉത്സാഹത്തോടെ തന്റെ കാല്‍ ബെഡ്ഡിലടിച്ച് പാദസരത്തിന്റെ  കിലുക്കം കേള്പ്പി ച്ചു കൊണ്ടിരുന്നു.
“അപ്പോള്‍ വിദ്യ ചാടി പാദസരത്തിന്റെ കിലുക്കം കേള്പ്പിക്കുന്നതു പോലെ എനിക്കും പറ്റുമല്ലേ?”
“ഉം”
അടക്കാന്‍ കഴിയാത്തൊരു ഗദ്ഗദം മറക്കാന്‍ ഞാന്‍ ധൃതിയില്‍ മുറിയില്‍ നിന്നിറങ്ങി.

ചഞ്ചല്‍. എട്ട് വയസ്സുള്ള ഒരു സുന്ദരിക്കുട്ടി. അവള്‍ ആ ആശുപത്രി വരാന്തയിലൂടെ പിന്നീട് കുറേ ദിവസം ഓടിക്കളിച്ച് നടന്നു. ഞങ്ങള്‍ മെഡിക്കല്‍ വിദ്യാര്ത്ഥികളുടെ ഓമനയായി വളരെപ്പെട്ടെന്ന് അവള്‍ മാറി. എന്നും രാവിലെ എന്റെ  കയ്യില്‍ അവള്ക്കായി ചോക്ലേറ്റുകള്‍ ഞാന്‍ കരുതിയിരുന്നു. ചഞ്ചലിന്റെ  വീട് പണി നടക്കവേ ഭിത്തി ഇടിഞ്ഞു വീണാണ്‌ അവളുടെ വലത്തേ കാല്‍ മുറിഞ്ഞു പോയത്. എനിക്കവളോടുള്ള സ്നേഹം കണ്ട് അരുന്ധതി എന്നോട് പരിഭവിച്ചു കൊണ്ടേയിരുന്നു.
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍______________________________________________

പിന്നീടൊരു ദിവസം. കൃതിമക്കാല്‍ വെച്ചിട്ട് അവള്‍ വളരെ ബുദ്ധിമുട്ടി നടക്കുകയാണ്‌. ഞാന്‍ പെട്ടെന്ന് അടുത്തേക്ക് ചെന്നു.
“അമ്മയുടെ കയ്യില്‍ പിടിക്കാമായിരുന്നില്ലേ ചഞ്ചല്‍?”
ഞാന്‍ അവളുടെ കയ്യില്‍ പിടിക്കാന്‍ ശ്രമിച്ചു.
“വേണ്ട”
അവള്‍ പെട്ടെന്ന് പറഞ്ഞു.
“ഞാന്‍ തനിയേ നടന്നോളാം”
എന്റെ കണ്ണ് നിറയുന്നതു പോലെ തോന്നി. ഞാന്‍ അവളുടെ അടുക്കല്‍ ഇരുന്നു. എന്നിട്ട് പോക്കറ്റില്‍ നിന്നും ഒരു പൊതി എടുത്തു.
“ഇത് ചഞ്ചലിനുള്ള ഒരു സമ്മാനമാണ്‌. എന്താണെന്ന് പറയാമോ?”
അവള്‍ ഉത്സാഹത്തിലായി.
“ചോക്ലേറ്റ്?”
“ഏയ്, അല്ല”
“ബാര്ബി ഡോള്‍?”
“അല്ലേയല്ല”
“എങ്കില്‍ ദാസേട്ടന്‍ പറ”
ഞാന്‍ പൊതി അഴിച്ച് അതില്‍ നിന്നും ഒരു ജോഡി വെള്ളിക്കൊലുസുകള്‍ പുറത്തെടുത്തു.
“ഹായ്”
ചഞ്ചലിന്റെ് ആഹ്ലാദം നിറഞ്ഞ മുഖം. ഞാന്‍ കൊലുസ് രണ്ടും അവളുടെ കാലുകളില്‍ അണിയിച്ചു. പാദസരത്തിന്റെ കണ്ണിയെക്കാള്‍ തിളക്കം അപ്പോള്‍ ഞാനവളുടെ കണ്ണുകളില്‍ കണ്ടു.
“ഇനി ചഞ്ചലിന്‌ ഇഷ്ടം പോലെ ഓടിച്ചാടി പാദസരവും കിലുക്കി നടക്കാം”
അവളുടെ അമ്മ കണ്ണ് തുടയ്ക്കുന്നത് ഞാന്‍ കണ്ടു.
“പോവാം മോളേ?”
അവള്‍ അമ്മയെ നോക്കി.
“പോവാം”
പെട്ടെന്നവള്‍ എന്നെ കെട്ടിപ്പിടിച്ചു.
“വില്‍ മിസ് യൂ ദാസേട്ടാ”
എന്റെ കണ്ണുകള്‍ സജലങ്ങളായി.
“മിസ് യൂ ടൂ”
ഇടറിക്കൊണ്ട് ഞാന്‍ പറഞ്ഞൊപ്പിച്ചു.
തിരിഞ്ഞു നോക്കി കൈ വീശിക്കാണിച്ചു കൊണ്ട് സഹായിക്കാന്‍ ചെന്ന അമ്മയുടെ കൈ തട്ടി മാറ്റിക്കൊണ്ട് ചഞ്ചല്‍ ചട്ടിച്ചട്ടി നടന്നു പോയി. അവളുടെ പാദസരത്തിന്റെ കിലുക്കത്തിന്‌ അപ്പോള്‍ മാറ്റ് കൂടുതലായിരുന്നു.
കണ്ണ് തുടച്ചു കൊണ്ട് ഇരുന്ന ഇടത്തു നിന്നും എണീറ്റപ്പോഴാണ്‌ അരുന്ധതി എന്നെ ശ്രദ്ധിച്ചു കൊണ്ട് നില്ക്കു ന്നത് ഞാന്‍ കണ്ടത്. ഞാനൊരു കൃത്രിമച്ചിരി ചിരിച്ചു.
“ഇത്തരം ചിലതൊക്കെയാണല്ലേ ദേവാ നമ്മളെ മനുഷ്യരാക്കുന്നത്?”
ഞാന്‍ ഒന്നും മിണ്ടിയില്ല.

No comments:

Post a Comment