Friday, January 6, 2017

ഒരു അപൂർവ കൊല

ഞങ്ങൾ ഓഫീസിൽ ഇരിക്കുകയായിരുന്നു. ഞങ്ങൾ എന്നാൽ ഞാനും അലക്സും. പെട്ടെന്ന് മുപ്പത്‌ വയസ്സ്‌ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ഓടിക്കിതച്ച്‌ ഓഫീസിലേക്ക്‌ വന്നു.
"മിസ്റ്റർ അലക്സുണ്ടോ?"
ധൃതിയിൽ അവർ ചോദിച്ചു. അവരുടെ ചോദ്യം കേട്ട്‌ ജനാലയ്ക്കരികിൽ നിന്ന് പുക വലിച്ചു കൊണ്ടിരുന്ന അലക്സ്‌ തിരിഞ്ഞു നോക്കി.
"അതാ, അതാണ്‌"
ഞാൻ അയാൾക്കു നേരെ കൈ ചൂണ്ടി. ആ സ്ത്രീ പെട്ടെന്ന് അലക്സിനരികിലേക്ക്‌ ചെന്നു. അയാൾ ധൃതിയിൽ സിഗരറ്റ്‌ കുത്തിക്കെടുത്തി.
"സാർ, എന്നെ സഹായിക്കണം"
ആ സ്ത്രീ വളരെ ദുഖിതയായും ചിന്താമഗ്നയായും കാണപ്പെട്ടു.
"ഇരിക്കൂ"
അലക്സ്‌ മുന്നിലെ കസേര ചൂണ്ടിക്കാട്ടി സ്ത്രീയോട്‌ പറഞ്ഞു.
"ഇല്ല, ഇരിക്കാനൊന്നും സമയമില്ല. ഞാൻ പറയുന്നത്‌ കേൾക്കൂ"
വേഗം തന്നെ ഞാനും ആ സ്ത്രീയുടെ അരികിലേക്ക്‌ ചെന്നു.
"ശരി, പറയൂ"
അലക്സ്‌ കാതു കൂർപ്പിച്ചു.
"എന്റെ നായയെ ആരോ കൊന്നു. അതാരാണെന്ന് കണ്ടു പിടിച്ചു തരണം"
ഞാനും അലക്സും പരസ്പരം നോക്കി.
"നോക്ക്‌ മാഡം..."
അലക്സ്‌ അർദ്ധോക്തിയിൽ നിറുത്തി.
"ഡയാന"
സ്ത്രീ പെട്ടെന്ന് പറഞ്ഞു.
"ഡയാന, നായയെ കൊന്നതാരാണെന്ന് കണ്ടു പിടിക്കലല്ല ഞങ്ങളുടെ ജോലി. കേവലമൊരു നായയുടെ കൊലപാതകിയെ അന്വേഷിക്കാനുള്ള സമയം ഇപ്പോഴില്ല"
"പക്ഷേ സർ, എന്റെ നായ എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു. അവൾ ഒരു പാവമായിരുന്നു. അവളെ ആരോ കരുതിക്കൂട്ടി കൊന്നതാണ്‌. സഹായിക്കണം"
അലക്സ്‌ അൽപ സമയം കണ്ണടച്ചു നിന്നു.
"ശരി. നിങ്ങൾക്കറിയാവുന്നതൊക്കെ പറയൂ"
ഞാൻ അത്ഭുതത്തോടെ അലക്സിനെ നോക്കി.
"ഇപ്പോ പറയാൻ സമയമില്ല. കാറിൽ വെച്ച്‌ പറയാം. എന്റെ നായ ഇപ്പോഴും അവിടെ കിടക്കുകയാണ്‌"
"എങ്കിൽ വരൂ, പോകാം"
അലക്സ്‌ ധൃതിയിൽ പുറത്തേക്ക്‌ നടന്നു. എനിക്കും അവരെ അനുഗമിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു.
"ശരി, പറയൂ"
കാറിലിരിക്കെ അലക്സ്‌ ചോദിച്ചു.
"ഞാൻ രാവിലെ എണീറ്റ്‌ അവളെ വിളിച്ചപ്പോ കണ്ടില്ല. സാധാരണ ഞാൻ വിളിക്കുമ്പോ അവൾ ഓടി വരാറുള്ളതാ. ഞാൻ കൂടിനരികെ ചെന്ന് നോക്കിയപ്പോ അവൾ ഉറങ്ങുന്നതു പോലെ കിടക്കുന്നു. ശ്രദ്ധിച്ച്‌ നോക്കിയപ്പോഴാണ്‌ മരിച്ചു എന്ന് മനസ്സിലായത്‌"
ആ സ്ത്രീയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
"നിങ്ങളുടെ നായ ഉപദ്രവകാരിയായിരുന്നോ?"
"ഏയ്‌, അവളൊരു പാവമായിരുന്നു. അയൽക്കാർക്കൊക്കെ അവളെ വലിയ കാര്യമായിരുന്നു"
"നായയെ ഇഷ്ടമല്ലാത്ത ഒരാൾ പോലും അവിടെയില്ലെന്നാണോ നിങ്ങൾ പറയുന്നത്‌?"
"എന്റെ അറിവിൽ ഇല്ല"
പിന്നീട്‌ അവർ തമ്മിൽ ഏറെ സംസാരങ്ങളൊന്നും ഉണ്ടായില്ല.
ആ സ്ത്രീയുടെ വീട്ടിലെത്തിയപ്പോൾ അവിടെ അയൽക്കാരെന്ന് തോന്നിക്കുന്ന അഞ്ചാറ്‌ പേർ കൂടി നിൽക്കുന്നുണ്ടായിരുന്നു.
"അതാ, അവിടെയാണ്‌"
സ്ത്രീ ഞങ്ങൾക്ക്‌ വഴി കാട്ടിക്കൊണ്ട്‌ മുൻപിൽ നടന്നു.
"അലക്സ്‌, ഒരു നായയുടെ കേസൊക്കെ അന്വേഷിക്കേണ്ടത്ര അധപതിച്ചോ നാം?"
ഞാൻ രഹസ്യമായി അയാളോട്‌ ചോദിച്ചു.
"ഇത്‌ വെറുമൊരു നായക്കേസല്ല അരവിന്ദ്‌. എന്തോ ഒരു സവിശേഷത ഈ കേസിൽ ഞാൻ മണക്കുന്നു"
പിന്നീട്‌ ഞാനൊന്നും ചോദിച്ചില്ല.
നായ കൂടിനു വെളിയിൽ മുൻ കാലുകൾ നീട്ടി വെച്ച്‌ കിടക്കുകയായിരുന്നു.
"ഇങ്ങനെ തന്നെയാണോ ഇത്‌ രാവിലെ കിടന്നിരുന്നത്‌?"
"അതെ. ഇങ്ങനെ തന്നെയാണ്‌"
സ്ത്രീ പറഞ്ഞു.
അലക്സ്‌ നായയുടെ ചുറ്റും നടന്ന് സൂക്ഷ്മമായി പരിസരം വീക്ഷിച്ചു. പുല്ലു പാകിയ മുറ്റത്ത്‌ പടിഞ്ഞിരുന്ന് അയാൾ സൂക്ഷ്മമായി ചെടികളെ നോക്കിക്കൊണ്ടിരുന്നു. ശരിക്കും ഒരു നായ മണം പിടിക്കുന്നതു പോലെ എന്ന് തോന്നും ആ നിരീക്ഷണം കണ്ടാൽ.
എന്തോ കണ്ടെത്തിയതു പോലെ അയാൾ എഴുന്നേറ്റ്‌ നിന്നു. ശേഷം അവിടെ കൂടി നിൽക്കുന്ന അയൽക്കാരെയൊക്കെ തന്റെ ചാരക്കണ്ണുകൾ കൊണ്ട്‌ ഉഴിഞ്ഞു. അവരെയൊക്കെ വളരെ കൃത്യമായി അയാൾ മനസ്സിലാക്കിയെന്ന് ആ നോട്ടത്തിൽ നിന്നറിയാം. ശേഷം, അലക്സ്‌ നായയുടെ ചുറ്റും ഒരു തവണ വലം വെച്ചു. മരണവെപ്രാളത്തിൽ ആ ജന്തു മലവിസർജ്ജനം നടത്തിയിട്ടുണ്ടായിരുന്നു. തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ഗ്ലൗ എടുത്ത്‌ അയാൾ മലം തോണ്ടി എന്തോ പരിശോധിക്കുന്നത്‌ കണ്ടു. അതൃപ്തി നിറഞ്ഞ മുഖഭാവത്തോടെ അലക്സ്‌ ഡയാനയെ നോക്കി.
"ഇനി ഇതിനെ സംസ്കരിച്ചേക്കൂ"
ആ സ്ത്രീ മെല്ലെ തല കുലുക്കി.
അയൽക്കാർ ഓരോരുത്തരായി പിരിഞ്ഞ്‌ പോവുകയാണ്‌. അലക്സിന്റെ കണ്ണുകൾ അവരെ ഓരോരുത്തരെയും പിന്തുടർന്നു. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട്‌ അയാൾ വീടിന്റെ മതിലിനോടു ചേർന്ന് റോഡിലേക്ക്‌ നോക്കിക്കൊണ്ട്‌ നിന്നു. ഞാൻ അവിടേക്ക്‌ ചെന്നത്‌ അയാളറിഞ്ഞില്ല. അയാൾ ധൃതിയിൽ പോക്കറ്റിൽ നിന്നും ഒരു സിഗരേറ്റ്ടുത്ത്‌ കത്തിച്ച്‌ താളബദ്ധമല്ലാതെ പുകയൂതിക്കൊണ്ടിരുന്നു. ആൾ അഗാധമായ ചിന്തയിലാണെന്ന് മനസ്സിലാക്കി ഞാൻ ശല്യപ്പെടുത്താൻ പോയില്ല.
സിഗരറ്റ്‌ അയാളുടെ കൈ പൊള്ളിക്കാൻ തുടങ്ങിയതു പോലും അയാളറിഞ്ഞില്ല. പെട്ടെന്ന് ഞാൻ വിളിച്ചു:
"അലക്സ്‌"
അയാൾ ഞെട്ടിത്തിരിഞ്ഞു. കൈ പൊള്ളുകയാണെന്ന യാഥാർത്ഥ്യത്തിലേക്ക്‌ വന്ന അലക്സ്‌ തിടുക്കത്തിൽ സിഗരറ്റ്‌ ദൂരേക്കെറിഞ്ഞു.
"അരവിന്ദ്‌, ഇന്നത്തെ പത്രമൊന്ന് വേണം"
പെട്ടെന്നാണ്‌ ആവശ്യമുയർന്നത്‌.
"ഓഫീസിലുണ്ടല്ലോ"
"ആ, ഉണ്ടല്ലേ? എങ്കിൽ വാ, പോകാം"
വളരെ വേഗത്തിൽ അലക്സ്‌ റോഡിലേക്കിറങ്ങി. ടാക്സിയിലിരിക്കുമ്പോഴും അയാളൊന്നും സംസാരിച്ചില്ല.
ഓഫീസിലെത്തിയ ഉടനെ അലക്സ്‌ മേശപ്പുറത്തു കിടന്ന പത്രം കൈക്കലാക്കി. വളരെ കാര്യമായി എന്തോ തിരയുന്നതു കണ്ട്‌ ഞാൻ ശല്യപ്പെടുത്താൻ പോയില്ല.
"നാശം!"
അൽപ സമയത്തിനു ശേഷം അയാളുടെ ആക്രോശം കേട്ടു. ഞാൻ നോക്കുമ്പോൾ പത്രം അരിശത്തോടെ വലിച്ചെറിഞ്ഞ്‌ അയാൾ സിഗരറ്റെടുക്കുന്നു.
"അരവിന്ദ്‌, അയൽക്കാരിൽ ഒരാളാണ്‌ കൊലയാളി. കൃത്യമായി പറഞ്ഞാൽ ആ പന്ത്രണ്ട്‌ പേരിൽ മൂന്ന് പേരൊഴികെ ബാക്കിയാരുമാവാം. പക്ഷേ, ഇന്നത്തെ പത്രത്തിൽ ഒരു വാർത്ത ഉണ്ടാവേണ്ടതായിരുന്നു. പരാജയപ്പെട്ട ഒരു ബാങ്ക്‌ കവർച്ചയെപ്പറ്റിയോ പരാജയപ്പെട്ട ഒരു കൊലയെപ്പറ്റിയോ മറ്റോ. പക്ഷേ, അതില്ല. എന്തിനയാളത്‌ ചെയ്തു എന്നുറപ്പിക്കാൻ കഴിയുന്നില്ല. തനിക്കെന്ത്‌ തോന്നുന്നു?"
"എന്നു വെച്ചാൽ പരാജയപ്പെട്ട ഒരു കുറ്റകൃത്യത്തിന്റെ പേരിലാണ്‌ ആ പട്ടി കൊല്ലപ്പെട്ടതെന്നോ?"
"അങ്ങനെ തന്നെ"
"അതെങ്ങനെ ഉറപ്പിക്കാൻ കഴിയും?"
അലക്സ്‌ കസേരയിൽ നിന്നെഴുന്നേറ്റ്‌ മുറിയിലൂടെ ഉലാത്താൻ തുടങ്ങി. അയാൾ പിറുപിറുക്കുന്നുണ്ടായിരുന്നു.
"പക്ഷേ, ഇനി ഉറപ്പിക്കാൻ കഴിയില്ല. ഇനി ഉറപ്പിക്കാൻ കഴിയില്ല"
പെട്ടെന്നയാൾ ആക്രോശിച്ചു:
"ആ വാർത്ത ഇല്ലാത്തതു കൊണ്ട്‌ ഇനി ഉറപ്പിക്കാൻ കഴിയില്ല"
അലക്സ്‌ വീണ്ടും പിറുപിറുക്കാൻ തുടങ്ങി.
"ചെരിപ്പിടാത്തത്‌ അത്ര വലിയ തെറ്റായി കരുതുന്ന ആളല്ല, കായികമായി കരുത്തുള്ള ആളാണ്‌, വളർത്തുമൃഗങ്ങളോട്‌ വെറുപ്പുള്ള ആളല്ല. പക്ഷേ..., പക്ഷേ..."
അൽപ നേരം കഴിഞ്ഞപ്പോഴാണ്‌ അലക്സിന്റെ ശബ്ദം വീണ്ടുമുയർന്നത്‌.
"അരവിന്ദ്‌, ആ അയൽക്കാരുടെയൊക്കെ വിശദാംശങ്ങൾ കിട്ടണം. ഭാര്യയോ കാമുകിയോ ഉള്ളവരുടേത്‌ മാത്രം മതി. ഇണയുമായി അവർക്കുള്ള ബന്ധം കൃത്യമായി അറിയണം!"
അലക്സ്‌ പറഞ്ഞ എല്ലാ വിവരങ്ങളുമായി ഞാൻ പെട്ടെന്ന് തന്നെ തിരിച്ചെത്തി. ആളെ അവിടെയെങ്ങും കണ്ടില്ല.
"അലക്സ്‌!"
മറുപടിയുണ്ടായില്ല.
"അലക്സ്‌!"
ഒരൽപം ശബ്ദമുയർത്തി ഞാൻ ഒന്നു കൂടി വിളിച്ചു. അപ്പോൾ അലക്സ്‌ അകത്തെ മുറിയിൽ നിന്നും കയ്യിൽ എരിയുന്ന സിഗരറ്റുമായി പുറത്തേക്ക്‌ വന്നു. അയാളുടെ മറുകയ്യിൽ നിവർത്തിപ്പിടിച്ച ഏതോ ഒരു പുസ്തകമുണ്ടായിരുന്നു.
"ങാ, കിട്ടിയോ?"
അയാൾ ധൃതിയിൽ പുസ്തകം മേശപ്പുറത്തു വെച്ചിട്ട്‌ എന്റെ അടുത്തേക്ക്‌ വന്നു.
"കിട്ടി"
ഞാൻ പേപ്പറുകളെല്ലാം അയാളുടെ കയ്യിലേക്ക്‌ കൊടുത്തു.
"ങാ, ങാ..." എന്നു പറഞ്ഞു കൊണ്ട്‌ അലക്സ്‌ ആ പേപ്പറുകളുമായി കസേരയിലേക്കിരുന്നു. അലക്സ്‌ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിന്റെ പുറം ചട്ടയിലേക്ക്‌ ഞാൻ വെറുതേ ഒന്ന് നോക്കി.
'ഭയപ്പെടുത്താൻ എളുപ്പ വഴികൾ'
ഞാൻ അലക്സിനെ അന്തം വിട്ട്‌ നോക്കി. അയാൾ വളരെ ശ്രദ്ധയോടെ ആ വിവരണങ്ങൾ വായിക്കുകയായിരുന്നു. ആ മുഖത്ത്‌ നിഗൂഢമായ ഒരു മന്ദഹാസം വിരിയുന്നത്‌ ഞാൻ കണ്ടു. അത്‌ വിജയത്തിന്റെ ചിരിയാണ്‌!
"യെസ്‌, യെസ്‌!"
ആഹ്ലാദത്തോടെയുള്ള അലക്സിന്റെ ആക്രോശം കേട്ട്‌ ഞാൻ ഞെട്ടി അയാളെ നോക്കി.
"അരവിന്ദ്‌, ഞാനിപ്പോ വരാം"
അലക്സ്‌ പെട്ടെന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങി.
"ആ സമയത്ത്‌ താങ്കൾക്ക്‌ വേണമെങ്കിൽ ഉറങ്ങാം. കാരണം, ഇന്ന് രാത്രി നമുക്കുറങ്ങാൻ കഴിയില്ല"
മുറിയുടെ വാതിൽക്കൽ നിന്ന് ഇത്രയും പറഞ്ഞ ശേഷം അവിടെ നിന്ന് അലക്സ്‌ നിഷ്ക്രമിച്ചു.
ഇടക്ക്‌ ഇത്തരം വട്ടുകൾ അയാൾക്കുള്ളതാണ്‌. എന്താണാവോ കാര്യം? എന്തായാലും ഞാൻ ഉറങ്ങാനൊന്നും പോയില്ല. അലക്സ്‌ വായിച്ച അതേ പുസ്തകമെടുത്ത്‌ ഞാനും വായിച്ചു കൊണ്ടിരുന്നു.
*****
ഉച്ച കഴിഞ്ഞാണ്‌ അലക്സ്‌ തിരികെ വന്നത്‌.
"എവിടെയാണ്‌ പോയത്‌?"
എന്റെ ചോദ്യത്തിന്‌ വളരെ ആഹ്ലാദത്തോടെയാണ്‌ അലക്സ്‌ മറുപടി പറഞ്ഞത്‌:
"ഒന്നു രണ്ട്‌ കോളുകൾ ചെയ്തു, പോലീസ്‌ സ്റ്റേഷനിൽ പോയി, പിന്നെ പബ്ലിക്ക്‌ ലൈബ്രറിയിലും ഒന്ന് കേറി"
വൈകുന്നേരം മുഴുവൻ അലക്സ്‌ ഉല്ലാസവാനായിരുന്നു. ഇടക്കിടെ മൂളിപ്പാട്ട്‌ പാടി അയാൾ സ്വയം ആസ്വദിച്ചു കൊണ്ടിരുന്നു. ഇടക്ക്‌ റേഡിയോയിൽ ചലച്ചിത്ര ഗാനങ്ങൾ കേട്ടു കൊണ്ടിരുന്നു.
****
"അരവിന്ദ്‌"
അലക്സിന്റെ മുഴങ്ങുന്ന വിളി കേട്ട്‌ ഞാൻ പെട്ടെന്ന് കണ്ണു തുറന്നു. മുറിയിലെ സോഫയിൽ കിടന്ന് ഞാൻ ഉറങ്ങുകയായിരുന്നു എന്നെനിക്കപ്പോഴാണ്‌ ബോധോദയമുണ്ടായത്‌.
"പോകാം?"
ഞാൻ വാച്ച്‌ നോക്കി. സമയം പതിനൊന്ന്. മറുത്തൊന്നും പറയാതെ ഞാൻ അലക്സിനെ അനുഗമിച്ചു.
ഞങ്ങൾ നേരെ പോയത്‌ ഡയാനയുടെ വീടിനരികിലേക്കായിരുന്നു. ടാക്സിയെ കുറച്ചു ദൂരെ വിട്ട്‌ ഞങ്ങൾ ഇരുന്നൂറ്‌ മീറ്ററോളം നടന്നാണ്‌ അവിടെയെത്തിയത്‌. ആ പ്രദേശം മുഴുവൻ അന്ധകാരമയമായിരുന്നു. കൂരിരുട്ടത്ത്‌ ഒരു വേട്ടനായയുടെ വൈദഗ്ധ്യത്തോടെ അലക്സ്‌ നടന്നു കൊണ്ടിരുന്നു. ഡയാനയുടെ വീടിനു പിന്നിലായി വാഴത്തോട്ടത്തിൽ ഞങ്ങൾ ഇരിപ്പുറപ്പിച്ചു.
സമയം കടന്നു പോയി. ഒന്നും സംഭവിക്കുന്നില്ല. എന്റെ ക്ഷമ നശിച്ചു കൊണ്ടിരുന്നു.
"അലക്സ്‌!"
"ശ്ശ്‌..., ക്ഷമ ആട്ടിൻസൂപ്പിന്റെ ഫലം ചെയ്യും"
ഞാൻ ഉറക്കം തൂങ്ങാൻ തുടങ്ങിയിരുന്നു. ഇടക്കെപ്പോഴോ അലക്സ്‌ എന്നെ തട്ടി വിളിച്ചു.
"നോക്ക്‌"
ഞാൻ അലക്സ്‌ ചൂണ്ടിക്കാട്ടിയ ദിശയിലേക്ക്‌ ആകാംക്ഷയോടെ നോക്കി. ആരോ ഒരാൾ കുറച്ചകലെ മെല്ലെ നടന്നു പോകുന്നു. അയാളുടെ തോളിലൊരു ബാഗുണ്ട്‌. ഇരുട്ട്‌ കാരണം ആളാരാണെന്നെനിക്കും മനസ്സിലായില്ല. പെട്ടെന്ന് അലക്സ്‌ ഒരു ചീറ്റപ്പുലിയുടെ കരുത്തോടെ എഴുന്നേറ്റ്‌ അയാളുടെ നേർക്ക്‌ ഓടിയടുത്തു. അയാൾ തിരിഞ്ഞു നോക്കുമ്പോഴേക്കും അലക്സിന്റെ പിടി വീണു കഴിഞ്ഞിരുന്നു. അയാൾ കുതറി മാറാൻ ശ്രമിച്ചപ്പോൾ ഞാനും അയാളെ പിടുത്തമിട്ടു. പക്ഷേ, ഞങ്ങളെ രണ്ടു പേരെയും അയാൾ വളരെ നിസ്സാരമായി കീഴ്പ്പെടുത്തി. അതിശക്തമായ ഒരു തൊഴി എന്റെ നാഭിയിൽ പതിച്ചു. ഞാൻ വേദന കൊണ്ട്‌ നിലത്തേക്കിരുന്ന് 'അയാൾ രക്ഷപ്പെടുകയാണല്ലോ' എന്ന് പരിതപിച്ചപ്പോഴേക്കും എവിടെ നിന്നൊക്കെയോ യൂണിഫോം ധരിച്ച കുറേ പോലീസുകാർ പാഞ്ഞു വരുന്നതും അയാളെ കീഴ്പ്പെടുത്തുന്നതും കണ്ടു.
അലക്സിന്റെ മുഖത്ത്‌ വിജയത്തിന്റെ മന്ദഹാസം ഞാൻ കണ്ടു.
"താങ്ക്‌ യൂ വെരി മച്ച്‌ അലക്സ്‌. രത്നക്കടത്തുമായി ബന്ധപ്പെട്ട വലിയ ഒരു സംഘത്തിലെ ഒരു കണ്ണിയെയാണ്‌ താങ്കൾ മൂലം പിടി കൂടാൻ കഴിഞ്ഞത്‌"
പോലീസ്‌ ഓഫീസർ വളരെ ഭവ്യതയോടെ അലക്സിന്‌ ഹസ്തദാനം നൽകി. ഞാൻ അന്തം വിട്ട്‌ നിൽക്കുകയായിരുന്നു. രത്നക്കടത്തോ?
"മിസ്സ്‌ ഡയാനയ്ക്ക്‌ ഇയാളെ ഒന്ന് കാണാനുള്ള അവസരം ഉണ്ടാക്കണം. അവരുടെ പട്ടിയെ കൊന്നതാണല്ലോ എന്റെ കേസ്‌"
അലക്സ്‌ ഓഫീസറോട്‌ ഒരു അഭ്യർത്ഥന വെച്ചു.
"തീർച്ചയായും!"
പെട്ടെന്ന് ഞാൻ ഇടപെട്ടു. ഇത്ര കോലാഹലമുണ്ടാക്കിയ ആ രത്നം ഒന്നു കാണണമെന്ന് എനിക്ക് ഉൽക്കടമായ ആഗ്രഹമുണ്ടായി.
"ഓഫീസർ, ആ രത്നമൊന്ന് കാണാൻ സാധിക്കുമോ?"
"പിന്നെന്താ?"
പോലീസ് ഓഫീസർ ധൃതിയിൽ കുറ്റവാളിയുടെ ബാഗിൽ നിന്നും ഒരു‌ നെല്ലിക്കയോളം വലിപ്പമുള്ള ഒരു രത്നമെടുത്ത് എന്റെ കയ്യിൽ തന്നു. അത്ഭുതാതിരേകത്തോടെ ഞാനത് തിരിച്ചും മറിച്ചും നോക്കി.
"വിചിത്രം തന്നെ മനുഷ്യർ"
ഞാനത് തിരികെ നൽകിയിട്ട് പിറുപിറുത്തു
****
"അലക്സ്‌, എന്താണവിടെ നടന്നത്‌?"
ടാക്സിയിലിരിക്കെ ഞാൻ ചോദിച്ചു.
"അത്‌ ദേവദാസ്‌. അയാളാണ്‌ ഡയാനയുടെ പട്ടിയെ കൊന്നത്‌"
"പക്ഷേ, രത്നക്കടത്ത്‌?"
"ഞാൻ പുറത്തു പോയിരുന്നില്ലേ? പോലീസ്‌ സ്റ്റേഷനിൽ പോയി ഈ അടുത്ത കാലയളവിലെന്തെങ്കിലും അസാധാരണ സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്നന്വേഷിച്ചു. ഒരു പ്രത്യേക തരം രത്നം ഇവിടെയെത്തിയിട്ടുണ്ടെന്നറിയാൻ കഴിഞ്ഞു. രത്നക്കടത്തിന്റെ ഭാഗമാണെന്നും അവർ സൂചിപ്പിച്ചു. അരവിന്ദ്‌ തന്ന വിവരണങ്ങളിൽ ദേവദാസുൾപ്പെടെ മൂന്ന്‌ പേരാണ്‌ ഇണയുമായി നല്ല ബന്ധത്തിലല്ലായിരുന്നത്‌. മൂന്ന് പേരെയും വിളിച്ച്‌ ഭീഷണിപ്പെടുത്തി. രത്നം അവരോടുണ്ടെന്നറിവ്‌ കിട്ടിയെന്നും പോലീസിൽ പറയാതിരിക്കണമെങ്കിൽ പണം തരണമെന്നും. അവൻ അതിൽ വീണു. ഹഹഹഹ!"
അലക്സ്‌ പൊട്ടിച്ചിരിച്ചു.
"പക്ഷേ, ഭാര്യയുമായി പിണങ്ങിയതും ഇതും തമ്മിൽ?"
"അരവിന്ദ്‌, മനസ്സിൽ വളരെ വലിയൊരു ഭാരം കിടക്കുമ്പോ നമ്മുടെ ബന്ധങ്ങളിൽ വിള്ളൽ വീഴുക സ്വാഭാവികമാണ്‌. അത്‌ ഒരു സൈക്കോളജിയാണ്‌"
"അപ്പോ പട്ടിയെ കൊന്നത്‌ ഇതുമായി എങ്ങനെ ബന്ധപ്പെടുന്നു?"
"ദേവദാസുമായി നന്നായി ഇണങ്ങിയ പട്ടിയായിരുന്നു അത്‌. ഇന്നലെയാണ്‌ രത്നം അയാളുടെ കയ്യിലെത്തിയത്‌. അയാൾ അത്‌ പട്ടിയെക്കൊണ്ട്‌ തീറ്റിച്ചു. അത്‌ മലവിസർജ്ജനം നടത്താതിരിക്കാനുള്ള ഗുളികയും അയാൾ പട്ടിക്ക്‌ നൽകി. രാത്രി പട്ടിയെ കഴുത്ത്‌ മുറുക്കി കൊന്നപ്പോൾ പട്ടി മലം വിസർജ്ജിച്ചു. അയാൾ അതിൽ നിന്നും രത്നം കണ്ടെടുത്തു. മലം ചിക്കിച്ചികഞ്ഞു എന്നെനിക്ക്‌ മനസ്സിലായിരുന്നു. രത്നം കടത്തുക ഇന്ന് തന്നെയാവും എന്ന് ഞാനറിഞ്ഞു. അതു കൊണ്ടു തന്നെ നേരം വെളുക്കാൻ കാത്തു നിൽക്കാതെ അയാൾ രക്ഷപെടാൻ ശ്രമിച്ചേക്കും എന്നും തോന്നി. എല്ലാം കൂടിച്ചേർത്ത്‌ വായിച്ചപ്പോൾ ആൾ വലയിൽ!"
"പക്ഷേ, അയാൾ അന്ന് രാത്രി രക്ഷപ്പെടാൻ ശ്രമിച്ചില്ലായിരുന്നെങ്കിൽ? പട്ടി മലവിസർജ്ജനം നടത്തിയില്ലായിരുന്നെങ്കിൽ?"
അലക്സ്‌ ഒന്ന് മന്ദഹസിച്ചു.
"അങ്ങനെയാണെങ്കിൽ, അങ്ങനെയല്ലെങ്കിൽ... അതിനെന്താണ്‌ സ്ഥാനമുള്ളത്‌. അഥവാ അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ അയാൾ കൈ വിട്ട്‌ പോയേനെ. പക്ഷേ, സംഭവിച്ചു. അതാണ്‌ വിധി!"

No comments:

Post a Comment