Saturday, April 13, 2013

വിഷുച്ചിന്തകള്

വിഷു!
കേരളത്തിന്റെ കാർഷികോത്സവം.
എന്റെ ജീവിതത്തിലാദ്യമായാണ്‌ വിഷുവിന്‌ മനസ്സു തുറന്ന് ഒന്നാഘോഷിക്കുന്നത്‌.
ചിതലരിച്ച ഒരു ബാല്യമായിരുന്നു എന്റേത്‌. എന്നു വെച്ചാൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ എന്റെ നാട്ടിൽ നിന്നും എന്റെ സുഹൃത്തുക്കളിൽ നിന്നും വിധി എന്നെ തിരുവനന്തപുരത്തെ ഒരു ഹോസ്റ്റലിന്റെ നാലു ചുവരുകൾക്കുള്ളിലേക്ക്‌ പറിച്ചു നട്ടു.
വിധിയെത്തന്നെ പഴിക്കാം. മാതാപിതാക്കളെ പഴിക്കാൻ മനസ്സ്‌ അനുവദിക്കുന്നില്ല.
പിന്നെ ഡിഗ്രി അവസാന വർഷം വരെ എന്റെ ജീവിതം ഹോസ്റ്റലുകൾ തിന്നു തീർത്തു. ഓണവും ക്രിസ്ത്മസുമൊക്കെ അവധിയുണ്ടായിരുന്നതു കൊണ്ട്‌ അറിഞ്ഞു. പക്ഷേ, അറബി സ്കൂളുകൾക്കും അവധി തരാൻ ഒരു പരിധിയുണ്ടല്ലോ. എന്റെ ഒൻപത്‌ വർഷത്തെ വിഷു ഹോസ്റ്റലിനുള്ളിൽ എരിഞ്ഞടങ്ങി.
അവധിക്ക്‌ നാട്ടിൽ വരുമ്പോൾ രാജകീയ പരിഗണനയാണ്‌. ഇഷ്ടമുള്ളതെല്ലാം വെച്ചു വിളമ്പിത്തന്നും ആവശ്യങ്ങൾ നിറവേറ്റിത്തന്നും എന്റെ അവധിക്കാലം എല്ലാവരും വർണാഭമാക്കി.
എനിക്ക്‌ നഷ്ടമായത്‌ എന്തായിരുന്നു എന്നു മനസ്സിലായത്‌ ഇപ്പോഴാണ്‌.
അനിയനും അനിയത്തിയും പടക്കം പൊട്ടിക്കുന്നതു കണ്ട എനിക്ക്‌ എന്റെ നഷ്ടം എത്ര വലുതായിരുന്നു എന്ന് മനസ്സിലായി.
അവരോടൊപ്പം ചേർന്ന് പടക്കം പൊട്ടിക്കുമ്പോൾ എന്റെ കുഞ്ഞനിയൻ ചോദിച്ചു-
"ഇക്കച്ചിയെന്തിനാ ഇപ്പം പടക്കം പൊട്ടിക്ക്ന്നത്‌? കുഞ്ഞിലേ ഇക്കച്ചിയും പൊട്ടിച്ചിട്ടില്ലേ?"
ഞാൻ അത്‌ കേട്ടില്ല.
ഞാൻ എന്റെ ബാല്യം ആഘോഷിക്കുകയായിരുന്നു. എന്റെ നഷ്ടം ഞാൻ മറക്കാൻ ശ്രമിക്കുകയായിരുന്നു.
അതു കൊണ്ടാവണം എന്റെ അനിയനെ ഞാൻ ഇത്ര സ്നേഹിക്കുന്നത്‌.
എനിക്ക്‌ നഷ്ടപ്പെട്ടതൊന്നും അവന്‌ നഷ്ടപ്പെട്ടു കൂടാ. അവന്റെ ചിന്തകൾക്കും അഭിപ്രായങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടത്ര പരിഗണന ലഭിക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നതും അതു കൊണ്ടാവണം.

നീട്ടുന്നില്ല, എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...

No comments:

Post a Comment