ഗ്രൗണ്ടിന്റെ ഒരു വശത്തു കൂടി മീനച്ചിലാർ ഒഴുകുന്നു.ഗ്രൊണ്ടിന്റെ സംരക്ഷണ ഭിത്തി നിറയെ പല പല ചിത്രപ്പണികളാണ്. തവിട്ടു നിറത്തിൽ മാനും മയിലും ആടും പിന്നെ വേറെന്തൊക്കെയോ ആ ഭിത്തിയിൽ ജീവസുറ്റ രേഖകളായി ഉത്സവം തീർത്തു.
ഇന്റർവല്ലിനു ബെല്ലടിച്ചാൽ ആദ്യത്തെ ജോലി മതിലിനടുത്തേക്കോടി നിരന്നു നിൽക്കലാണ്. എല്ലാവരും വരുന്നതു വരെ കാത്തു നിൽക്കണം. എല്ലാവരും ആയാൽ ആരെങ്കിലും അറിയിക്കും.
"ങാ, തുടങ്ങിക്കോ"
പിന്നെയാണു ചിത്രപ്പണി.
വരച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചിലപ്പോ മൂത്രം തീർന്നു പോകും. ചിത്രം മുഴുമിക്കുന്നത് അടുത്ത ഇന്റർവല്ലിനാണ്.
ഇനിയാണ് മാച്ച് തുടങ്ങുക.
"ആറ്റിൽ പൊങ്ങി വീണാൽ ഔട്ട്. അടിച്ചിട്ടയാള് തന്നെ പന്ത് മേടിക്കണം"-റൂൾ നമ്പർ വൺ
"ഓടിലോ ഷീറ്റിലോ കൊണ്ടാലും ഔട്ട്. ശബ്ദം കേട്ട് ടീച്ചർ വന്ന് 'ആരാടാ പന്തടിച്ചത്?' എന്നു ചോദിച്ചാൽ ഒരു ദാക്ഷിണ്യവുമില്ലാതെ അടിച്ചവനെ കുരുതി കൊടുക്കുന്നതാണ്."- റൂൾ നമ്പർ ടൂ
"കീപ്പറിനു പിന്നിലേക്ക് റണ്ണില്ല. ഇറങ്ങിയോടി റൺ ഔട്ടായാൽ അത് ഔട്ടാണ്"-റൂൾ നമ്പർ ത്രീ
"കൈ കഴുകുന്ന പൈപ്പിനപ്പുറം പൊങ്ങുപ്പോയാൽ സിക്സ്. ഉരുണ്ടു പോയാൽ ഫോർ"-റൂൾ നമ്പർ ഫോർ
"സൈഡിലെ ഭിത്തിയിൽ പന്ത് ഉരുണ്ടു കൊണ്ടാൽ 1 റൺ. പൊങ്ങിക്കൊണ്ടാൽ രണ്ട് റൺസ്"- റൂൾ നമ്പർ ഫൈവ്
ഇതൊക്കെയായിരുന്നു അന്നത്തെ നിയമാവലി.
അപ്പോൾ നിങ്ങൾക്കൊരു സംശയം ഉണ്ടാവും (ഉണ്ടായില്ലെങ്കിലും കുഴപ്പമില്ല. പറയാനുള്ളത് പറഞ്ഞല്ലേ പറ്റൂ) ഞാൻ ബാറ്റ്‌സ്മാനോ അതോ ബോളറോ എന്ന്.
ബാറ്റ്‌സ്മാനല്ല. കാരണം, നാലാം ക്ലാസ്സ് മുതൽ ഡിഗ്രി അവസാന വർഷവും പിന്നൊരു വർഷവും നീണ്ട എന്റെ ക്രിക്കെറ്റ് കരിയറിൽ എന്റെ ടോപ് സ്ക്കോർ ഇരുപത്തി ഒന്ന്!
മാത്രമല്ല എന്റെ ബാറ്റിംഗ് പൊസിഷൻ നമ്പർ ഉപയോഗിച്ച് പറയാൻ പറ്റില്ല. ഏറ്റവും അവസാനം എന്നു പറയണം. ചിലപ്പോ അത് പത്തൊൻപതോ ഇരുപതോ സ്ഥാനം വരെ ആകാം.
എന്റെ ഹൈ സ്ക്കോർ സംഭവിച്ചത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു.
എന്റെ ക്ലാസ്സ് 8 എഫും 8 ബിയും തമ്മിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മാച്ചിലായിരുന്നു ആ വീരോചിത ഇന്നിങ്ങ്‌സ്. എങ്ങനെയൊക്കെയോ കിട്ടിയ മൂന്ന് ഫോറുകളടക്കം ഇരുപത്തൊന്നിലെത്തിയപ്പോൾ 8 ബിയിലെ ഹലീലിന്റെ ഒരു യോർക്കർ എന്നെ പവലിയനിലും സ്റ്റമ്പിനെ അങ്ങേലോകത്തും എത്തിച്ചു. ഒടിഞ്ഞ സ്റ്റമ്പിനു പകരം സ്കൂളിനു പിൻഭാഗത്തെ തോട്ടത്തിൽ ചെന്ന് സ്റ്റമ്പ് വെട്ടിയത് ഞാനും സജിത്തും കൂടിയായിരുന്നു.
അപ്പോ നിങ്ങള് വിചാരിക്കും, ഞാൻ ബോളറാണെന്ന്. ഒരിക്കലുമല്ല. തെറ്റിദ്ധാരണ എനിക്കിഷ്ടമല്ല.
മേൽപ്പറഞ്ഞ പതിനഞ്ച് വർഷങ്ങളിൽ ഒരോവറിൽ ഏറ്റവും കുറവ് റൺസ് വഴങ്ങിയത് പത്തിൽ പഠിക്കുമ്പോഴായിരുന്നു. 10 ഇയും 10 ഡിയുമായി നടന്ന മാച്ചിൽ 10 ഡിയിലെ അജ്മൽ മിഡ് വിക്കെറ്റിലൂടെ നേടിയ ഒരു ബൗണ്ടറിയടക്കം എന്റെ ഓവറിൽ പിറന്നത് ഒൻപത് റൺസ്.
പിന്നെ ഫീൽഡിംഗ്. ഞാൻ ഏറ്റവും കൂടുതൽ തെറി കേൾകുന്നത് ഫീൽഡ് ചെയ്യുമ്പോഴാണ് (മറ്റു രണ്ട് മേഖലകളിൽ കേൾക്കുന്നതിനേക്കാൾ എന്നു വായിക്കണം). അടുത്തു കൂടി ഒരു പന്ത് പോയി ഞാൻ കൈ നീട്ടുമ്പോഴേക്കും പന്ത് അതിന്റെ പാട്ടിനു പോയിട്ടുണ്ടാവും.
ഇപ്പോ മനസ്സിലായില്ലേ എന്റെ പേര് ടീം ഷീറ്റിൽ കേറിപ്പറ്റണമെങ്കിൽ എതിർ ടീമിലെ കളിക്കാരേക്കാൾ ഞങ്ങളുടെ ടീമിൽ ആളെണ്ണം കുറവായിരിക്കണമെന്ന്?
Ha ha...
ReplyDelete