Friday, June 12, 2015

ഉദയം- തിരക്കഥ

സീൻ ഒന്ന്
Ext/Day
(കടപ്പുറം. അസ്തമിക്കാൻ തുടങ്ങുന്ന സൂര്യനിൽ ടൈറ്റിലുകൾ അവസാനിക്കുന്നു. ദൃശ്യം മെല്ലെ വലുതാവുന്നു. വലിയ തിരക്കില്ലാത്ത, എന്നാൽ ചെറിയ ഒരു ബീച്ചിന്റെ എല്ലാ തിരക്കുകളുമുള്ള കടപ്പുറം. തിരമാലയ്ക്കൊപ്പം കളിക്കുന്ന കുട്ടികൾ, മണലിൽ തോളോടു തോൾ ചേർന്നിരിക്കുന്ന കമിതാക്കൾ, അലക്ഷ്യമായി നിന്ന് സംസാരിക്കുന്ന ആൾക്കാർ, അനാഥമായി മണലിൽ കിടക്കുന്ന ചെരിപ്പുകൾ, ഒന്നു രണ്ട്‌ ഐസ്‌ വണ്ടികൾ)
-കട്ട്‌ റ്റു-
(ചിന്താമഗ്നനായി നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ. ഏതാണ്ട്‌ 25 വയസ്സോളം പ്രായം. അലക്ഷ്യമായതും എന്നാൽ വൃത്തിയുള്ളതുമായ വസ്ത്രധാരണം. അയാളുടെ ഉള്ളിലും ഒരു കടൽ തിരയടിക്കുന്നു എന്ന് മനസ്സിലാകുന്നു. മാറത്ത്‌ കൈകൾ പിണച്ചു കെട്ടി വിദൂരതയിലേക്കു നോക്കിയാണ്‌ അയാൾ നിൽക്കുന്നത്‌. മുന്നിലൂടെ ബഹളം വെച്ചോടുന്ന രണ്ടു കുട്ടികൾ. അസ്വസ്ഥതയോടെ അയാൾ മുഖം ചുളിക്കുന്നു)
-കട്ട്‌ റ്റു-
(ബീച്ചിന്റെ വിശാലമായ ദൃശ്യം. OBV തുടങ്ങുന്നു)
OBV : ഞാൻ ദീപക്‌. ആത്മഹത്യ ചെയ്യാനാണ്‌ ഇന്നിവിടെ ഞാൻ വന്നത്‌. ഇവർ, ഈ ജനങ്ങൾ പോകാൻ വേണ്ടിയാണ്‌ ഞാൻ കാത്തു നിൽക്കുന്നത്‌
-കട്ട്‌ റ്റു-
(ആർത്തലക്കുന്ന തിരകൾ)
OBV : മനസ്സിലും തിരകളാണ്‌.
-കട്ട്‌ റ്റു-
(ദീപക്കിന്റെ മുഖം. പെട്ടെന്ന് 'ദീപു' എന്ന ഒരു വിളി, പെൺശബ്ദം അയാളുടെ മുഖത്ത്‌ പതിക്കുന്നു. അയാൾ തിരിയുഞ്ഞു നോക്കുന്നു. അവിടെ ഒരു പെൺകുട്ടി. 20-22 വയസ്സ്‌ പ്രായം. സുന്ദരി. എങ്കിലും അവൾ അസ്വസ്ഥയാണ്‌. നെറ്റിയിൽ വിയർപ്പിൽ കുതിർന്ന ചന്ദനം. മാഞ്ഞു പോകാറായ നിലയിൽ കുങ്കുമം. അയാൾ പൂർണ്ണമായും അവൾക്കഭിമുഖമായി തിരിയുന്നു)
-കട്ട്‌ റ്റു-
(ഇരുവരും ഒരു ഫ്രെയിമിൽ. വശത്തു നിന്നുള്ള ദൃശ്യം)
പെൺകുട്ടി: മറന്നോ?
(അയാൾ വേദനയോടെ ഒന്നു ചിരിക്കുന്നു)
ദീപക്‌: മറക്കാനോ? നിന്നെ മാത്രം മറക്കാൻ എനിക്ക്‌ കഴിയില്ല.
(പെൺകുട്ടി സാവധാനം അയാൾക്കരികിലേക്ക്‌ നടക്കുന്നു)
പെൺകുട്ടി: നമുക്ക്‌ ഇരിക്കാം
(ഇരുവരും കടപ്പുറത്തിരിക്കുന്നു. ബോധപൂർവ്വം ഇരുവരും തങ്ങൾക്കിടയിൽ ഒരു വിടവിടുന്നുണ്ട്‌. അടുത്തായിട്ടും അകലെയെന്ന പോലെയുള്ള ആ വിടവ്‌ അവരെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിലും ആ വിടവ്‌ അനിവാര്യമാണെന്ന തിരിച്ചറിവിലാണ്‌ അവരുടെ ഇരിപ്പ്‌)
ദീപക്‌: എന്താണിവിടെ? എങ്ങനെ പോകുന്നു ലൈഫ്‌?
രാജേശ്വരി: (ഒരു ദീര്‌ഘ നിശ്വാസമുതിർത്തു കൊണ്ട്‌) ലൈഫ്‌ നല്ല ബോറായി അങ്ങനെ പോകുന്നു.
ദീപക്‌: (തിടുക്കത്തിൽ അവളെ നോക്കിക്കൊണ്ട്‌) എന്താണ്‌ ബോറ്‌? അല്ല,
(ചുറ്റും നോക്കിക്കൊണ്ട്‌) നിന്റെ ഭർത്താവെവിടെ?
(അവൾ അൽപ സമയം നിശബ്ദയാകുന്നു. എന്നിട്ടവൾ അസ്തമയ സൂര്യനു നേർക്ക്‌ കൈ ചൂണ്ടുന്നു)
രാജേശ്വരി: ആ ബന്ധം ഇപ്പോൾ ഇങ്ങനെയാണ്‌.
ദീപക്‌ : (അവിശ്വസനീയതയോടെ) അസ്തമയം?!
രാജേശ്വരി : (മുഖത്ത്‌ ബോധപൂർവ്വമായ നിസ്സംഗത വരുത്താൻ ശ്രമിച്ചു കൊണ്ട്‌) അതെ
(നിശബ്ദമായിരിക്കുന്ന ദീപക്‌. രാജേശ്വരി ഒന്നു നിർത്തിയിട്ട്‌ തുടരുന്നു)
രാജേശ്വരി: ഡിവോസ്‌ നോട്ടീസ്‌ ഈയാഴ്ച തന്നെ കിട്ടും. കൂട്ടിൽ നിന്നും പറന്നകലാൻ വെമ്പി നിൽക്കുന്ന പക്ഷിയുടെ മാനസികാവസ്ഥയിലാണ്‌ ഞാൻ. മടുത്തു തുടങ്ങിയിരിക്കുന്നു. ഞാൻ ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നു.
ദീപക്‌: (നിസ്സംഗതയോടെ) ഞാനും!
രാജേശ്വരി : (തിടുക്കത്തിൽ, പക്ഷേ ആലോചനയോടെ) എങ്കിലെന്തു കൊണ്ട്‌ നമുക്ക്‌ ജീവിച്ചു കൂടാ?
(അത്ഭുതത്തോടെ അവളെ നോക്കുന്ന ദീപക്‌)
-കട്ട്‌ റ്റു-
സീൻ 2
(ഒരു ഇടത്തരം ഹോട്ടൽ മുറിയുടെ ഉൾവശം. തീരെ ചെറുതല്ലാത്ത മുറി. വശത്ത്‌ ഭംഗിയായി വിരിച്ചിട്ട ഒരു കട്ടിൽ. കട്ടിലിനടുത്ത്‌ തലക്കൽ ഒരു ചെറിയ മേശ. പുറത്തേക്ക്‌ തുറക്കുന്ന ജനാലയിൽ വൃത്തിയുള്ള ജനാലവിരികൾ. ഭിത്തിയിൽ ഉറപ്പിച്ച നിലയിൽ ടിവി. സീൻ തുടങ്ങുമ്പോൾ കട്ടിലിലേക്കിരിക്കുന്ന രാജേശ്വരി. ദീപക്‌ അവൾക്കരികെ വന്നിരിക്കുന്നു. ഇത്തവണ അവർ വളരെ അടുത്താണിരിക്കുന്നത്‌)
ദീപക്‌: കൊതിച്ചിരുന്നു, ഒരുപാട്‌.
രാജേശ്വരി: (ദീപക്കിനു നേരെ നോക്കിക്ക്ണ്ട്‌) എന്ത്‌?
ദീപക്‌: ഇങ്ങനെയൊരു രാത്രി!
(രാജേശ്വരി പ്രണയത്തോടെ ദീപക്കിനെ നോക്കുന്നു. മുഖത്തോടു മുഖം നോക്കിയിരിക്കുന്ന ഇരുവരിൽ നിന്നും ക്യാമറ പിന്വാങ്ങുന്നു. മുറിയുടെ വാതിൽ കടക്കുമ്പോൾ വാതിലടയുന്നു. പിന്നിലേക്ക്‌ വന്ന് ക്യാമറ ഹോട്ടലിന്റെ ഗേറ്റ്‌ കടക്കുന്നു)
-ഫ്രീസ്‌-
സീൻ മൂന്ന്
Ext/Day
(ഹോട്ടലിന്റെ ദൃശ്യം. ആൾക്കാർ കൂടി നിൽക്കുന്നു. സീൻ രണ്ടിൽ പിന്നിലേക്ക്‌ വന്നതു പോലെ ക്യാമറ ഹോട്ടലിനുള്ളിലേക്ക്‌. മുറിയുടെ കതക്‌ തുറന്ന് അകത്തേക്ക്‌ കടക്കുമ്പോൾ കട്ടിലിൽ കെട്ടിപ്പിടിച്ച നിലയിൽ മരിച്ചു കിടക്കുന്ന രാജേശ്വരിയും ദീപക്കും. രണ്ട്‌ പോലീസുകാർ മുറിക്കുള്ളിലുണ്ട്‌. അവർ ദീപക്കിന്റെ ഹൃദയസ്പന്ദനം നോക്കുന്നു. ക്യാമറ പാൻ ചെയ്ത് ജനാലയിലൂടെ പുറത്തേക്ക്‌. അപ്പോൾ മുറിയിൽ നിന്ന പോലീസുകാരന്റെ OBV )
OBV: മരിച്ചു
(ക്യാമറയിൽ ഉദയസൂര്യന്റെ ദൃശ്യം)
OBV: ഇത്‌ അസ്തമയമല്ല, ഉദയമാണ്‌. പുതിയൊരു ഉദയം.
-ഫ്രീസ്‌-
(ഉദയ സൂര്യനിൽ ടൈറ്റിൽ, 'A film bye Basith')

2 comments:

  1. ഇത്‌ അസ്തമയമല്ല, ഉദയമാണ്‌. പുതിയൊരു ഉദയം.

    ആശംസകൾ

    ReplyDelete
  2. ഡാ, ഈ കഥയൊക്കെ 1970കളിൽ ഇറങ്ങിയതാ.. പുതിയത് എന്തേലും ഇറക്കു..

    പക്ഷെ തിരക്കഥ കൊള്ളാം.

    (അവൾ അൽപ സമയം നിശബ്ദയാകുന്നു. എന്നിട്ടവൾ അസ്തമയ സൂര്യനു നേർക്ക്‌ കൈ ചൂണ്ടുന്നു)
    രാജേശ്വരി: ആ ബന്ധം ഇപ്പോൾ ഇങ്ങനെയാണ്‌.

    മുറിയുടെ വാതിൽ കടക്കുമ്പോൾ വാതിലടയുന്നു. പിന്നിലേക്ക്‌ വന്ന് ക്യാമറ ഹോട്ടലിന്റെ ഗേറ്റ്‌ കടക്കുന്നു)
    -ഫ്രീസ്‌-

    മുകളിലെ രണ്ടു സീൻ ആൻഡ്‌ ക്യാമറ കൊള്ളാം.

    ReplyDelete