Friday, May 2, 2014

അവിയല് പോലൊരു ഓര്മ്മക്കൂട്ട്


ഇനി ഞാന് എന്നെക്കുറിച്ച് പറയാം. ബോറിംഗ് ആയിരിക്കും. എന്നാലും എന്നെ കണ്ടാല് പാവമാണെന്നു തോന്നിക്കുമെന്നും വയസ്സ് തോന്നിക്കില്ല എന്നുമൊക്കെ പറയുന്ന അസൂയാലുക്കള് അറിയാന് വേണ്ടി 

ഞാന് അബ്ദുല് ബാസിത്ത്. അടുപ്പമുള്ളവര് 'ബാസി' എന്നോ 'ബാസു' എന്നോ വിളിക്കും. ഉമ്മ എന്നെ ഇപ്പോഴും 'മോനേ' എന്നേ വിളിക്കൂ. ഉമ്മ മാത്രമല്ല, ചെറുപ്പത്തിലേ എന്നെ വിളിച്ചിരുന്ന 'മോൻ' എന്ന ചെല്ലപ്പേര് ഉറച്ചു പോയതു കൊണ്ട് നാട്ടില് എന്റെ കുടുംബവുമായി ബന്ധമുള്ളവർക്കെല്ലാം ഞാന് 'മോൻ' ആണ്. എന്റെ താഴെയുള്ള കുടുംബത്തിലെയും നാട്ടിലെയും മറ്റു കുട്ടിപ്പട്ടാളങ്ങൾക്ക് 'മോനിക്ക'യും.
നഴ്സറി മുതല് നാലാം ക്ലാസ് വരെ അടുത്തുള്ള മുസ്ലിം എല്. പി. സ്കൂളില്. സ്കൂളിലേക്ക് ഞാനും എന്നെക്കാള് 2 വയസ്സ് മുതിര്ന്ന എന്റെ ഇത്തയും ഒരുമിച്ചായിരുന്നു പോയിക്കൊണ്ടിരുന്നത്. അത്യാവശ്യം അക്ഷരങ്ങള് കൂട്ടി വായിക്കാന് പഠിച്ചപ്പോള് തന്നെ ഞാന് വഴിയരികിലെ സിനിമാ പോസ്റ്റരും കടകളുടെ ബോർഡും ഒക്കെ വായിച്ച് മെല്ലെയാവും നടക്കുക. അതിന് ഇത്തയുടെ വക ചീത്തയും കിട്ടിയിട്ടുണ്ട്. വഴിയില് വീണു കിടക്കുന്ന പത്രക്കടലാസുകള് പെറുക്കിയെടുത്ത് അതു പോലും വായിക്കുമായിരുന്നു അന്നൊക്കെ. എന്റെ ഈ മെല്ലെപ്പോക്ക് കാരണം എന്നെ വഴിയിലുപേക്ഷിച്ച് ഇത്ത പലതവണ അവളുടെ പാട്ടിനു പോയിട്ടുണ്ട്. കണ്ടവരുടെ പറമ്പിലൂടെ, വെള്ളം കുറവുള്ളപ്പോള് മുട്ടോളമുള്ള നിക്കര് വീണ്ടും ഉയര്ത്തിപ്പിടിച്ച്ച് ആറ് മുറിച്ചു കടന്നും ആറ്റില് വെള്ളം കൂടുതലുള്ളപ്പോള് എന്റെ ഉപ്പുപ്പയുടെ (ഉമ്മയുടെ വാപ്പ) ജ്യേഷ്ഠന്റെ കടത്തു വള്ളത്തില് 50 പൈസക്ക് അക്കരെയെത്തിയും കടത്ത് കടന്ന് കേറുമ്പോള് രണ്ടാമത് കാണുന്ന വീട്ടിലെ ചാമ്പക്ക അവരറിയാതെ പറിച്ച് അവര് വരുമ്പോള് ഓടി മറഞ്ഞ് ചിരിച്ചുല്ലസിച്ച് ചാമ്പക്കയും തിന്ന് സ്കൂളിലെക്കെത്തുന്ന സുന്ദരമായ ബാല്യകാലം. അന്നത്തെ വിശേഷങ്ങള് പറയാന് ഒരുപാടുണ്ട്. പിന്നൊരിക്കലാവാം.
5 മുതല് 7 വരെ കുറച്ചകലെയുള്ള സെന്റ്‌. മേരീസ് ഹയര് സെക്കണ്ടറി സ്കൂളില്. ബസ്സിലാണ് യാത്ര. സാധാരണയായി 8.45നുണ്ടായിരുന്ന ഞങ്ങള് 'പറക്കും തളിക' എന്ന ഓമനപ്പേരില് വിളിച്ചിരുന്ന തല്ലിപ്പൊളി ബസ്സിലായിരുന്നു സ്കൂളിലേക്കുള്ള യാത്ര. 50 പൈസയായിരുന്നു അന്ന് ബസ് കൂലി. വൈകിട്ട്, പലപ്പോഴും സ്കൂളിനു മുന്നില് ബസ്സുകള് നിര്ത്തില്ല. നിർത്തിയാലും നിര്ത്തിയില്ലെങ്കിലും ചിലപ്പോഴൊക്കെ ബസ്സിനു കൊടുക്കുന്ന 50 പൈസ ലാഭിക്കാന് വേണ്ടി സ്കൂളില് നിന്നും നടന്ന് വീടു വരെ വരും. 8 കിലോമീറ്ററോളം ദൂരമുണ്ട് ഈ നടത്തത്തിന്. എന്നിട്ട് ആ 50 പൈസക്ക് നാരങ്ങാ മിട്ടായി വാങ്ങി കഴിക്കും. ഏഴാം ക്ലാസ് ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞപ്പോള് ഞാന് ആ സ്കൂളില് നിന്നും പടിയിറങ്ങി. ഒരു പറിച്ചു നടലില് ബലി കഴിക്കേണ്ടി വന്ന എന്റെ ദുരവസ്ഥയുടെ കഥ അവിടെ തുടങ്ങുന്നു.
വീണ്ടും 7 മുതല് പത്തു വരെ തിരുവനന്തപുരത്ത്. 8 മുതലുള്ള കഥകളേ പറയപ്പെടേണ്ടതുള്ളൂ. ആ 3 വര്ഷം ഞാന് പഠിച്ചത് തിരുവനന്തപുരത്തെ ഗവ. വി. എച്ച്. എസ്. എസ്. സ്കൂളിലായിരുന്നു. പൂവച്ചല് എന്ന സ്ഥലത്ത്. അവിടെ വെച്ചാണ് എന്റെ വഴി എനിക്ക് മനസ്സിലാവുന്നത്. എഴുത്തും വായനയുമൊക്കെ അവിടെ വെച്ചാണ് ഗൌരവമാകുന്നത്. അവിടെ വെച്ചാണ് ആദ്യ പ്രണയവും ആദ്യ പ്രണയ പരാജയവും സംഭവിക്കുന്നത്.


ആദ്യ പ്രണയം! സത്യമാണ്. മറക്കാന് കഴിയില്ല.
ഞാന് അന്ന് എട്ടാം ക്ലാസ്സില് പഠിക്കുന്നു. സ്കൂള് തുറന്ന ആദ്യ ആഴ്ചയാണ്. സുഹൃത്തുക്കളെയൊക്കെ പരിചയപ്പെട്ട് വരുന്നതേയുള്ളൂ. ഒരു ദിവസം സ്കൂളിലെ ആദ്യ ഇടവേളയുടെ സമയത്ത് പുതുതായി കിട്ടിയ കൂട്ടുകാരോടൊത്ത് ക്ലാസിനു വാതിലില് നിന്ന് പുറത്തേക്ക് നോക്കി നില്ക്കുകയായിരുന്നു ഞാന്. പെട്ടെന്നാണ് അവള് എന്റെ മുന്നിലൂടെ കടന്നു പോയത്. കണ്ണട വെച്ച്, മെലിഞ്ഞ്, തലമുടി ഇരു വശത്തേക്കും പിന്നിയിട്ട് കൂട്ടുകാരിയോട് എന്തോ പറഞ്ഞു കൊണ്ട് അവള് നടന്നു പോയി. അന്നാദ്യമായി എന്റെ അടിവയറ്റില് മഞ്ഞു വീഴുന്ന ഒരു സുഖം എനിക്ക് അനുഭവപ്പെട്ടു.  പിന്നീട് അവിചാരിതമായി പലപ്പോഴും അവളെ കണ്ടു. അപ്പോഴൊക്കെ നേരത്തേ പറഞ്ഞ മഞ്ഞു വീഴ്ചയുടെ സുഖം ഞാനറിഞ്ഞു. പിന്നീടാണ് അവളെ പരിചയപ്പെടണമെന്ന് ആഗ്രഹമുദിക്കുന്നത്. അതിനെന്താ ഒരു വഴി? തല പുകഞ്ഞ് ആലോചിച്ചു. അങ്ങനെയൊരു ദിവസം ഞാന് ഇച്ഛിച്ചതും ദൈവം കല്പ്പിച്ചതും ഒന്നായി. അതായത്, താല്കാലികമായി ഞങ്ങളുടെ ക്ലാസ് റൂമിന് തൊട്ടടുത്ത മുറിയിലേക്ക് അവരുടെ ക്ലാസ് മാറ്റി. കണക്ക് പിരിയഡ് വന്നപ്പോള് ജ്യോമട്രി ബോക്സ് ഇല്ലാ എന്ന വ്യാജേന അപ്പുറത്ത് അവരുടെ ക്ലാസിലേക്ക് ചെന്ന് ഒരു ബോക്സ് തരാമോ എന്ന് ചോദിച്ചു. വീണ്ടും ഭാഗ്യം! കിട്ടിയത് അവളുടെ ബോക്സ്. കണക്ക് പിരിയഡ് സമയത്ത് അവളുടെ ബോക്സിനെ തൊട്ടു തലോടി സമയം കളഞ്ഞു. തിരികെ കൊണ്ടു പോയി കൊടുത്തപ്പോ ബോക്സ് വാങ്ങിയിട്ട് അവള് പറഞ്ഞു:-
"നില്ല്. എന്തെങ്കിലും കുഴപ്പം പറ്റിയോന്നു നോക്കട്ടെ" 
ബോക്സ് അടിമുടി തുറന്ന് പരിശോധിച്ച അവള് പെന്സില് കയ്യിലെടുത്തു കൊണ്ട് രൂക്ഷമായി എന്നെയൊന്നു നോക്കി.
"ഈ പെന്സിലിന് ഇതിനേക്കാള് നീളമുണ്ടായിരുന്നു" 
ഞാന് നിന്നു പരുങ്ങി. അങ്ങനെ ഞങ്ങള് സുഹൃത്തുക്കളായി. ആ സമയത്താണ് എനിക്ക് എഴുത്തിന്റെ അസ്ക്യത തുടങ്ങുന്നത്. അവളും കവിതയൊക്കെ എഴുതുമായിരുന്നു. അങ്ങനെ എന്റെ ചളികള് ആദ്യമായി വായിക്കാനും മാര്ക്കിടാനും യോഗമുണ്ടായത് അവള്ക്കാണ്. ആ വര്ഷം അങ്ങനെ ബഹളങ്ങളൊന്നുമില്ലാതെ കടന്നു പോയി. എന്റെ ക്ലാസിലെ കുറച്ചു പേരൊക്കെ എന്റെ ഇഷ്ടം അറിഞ്ഞു തുടങ്ങി. ഒന്പതാം ക്ലാസ് പകുതിയായപ്പോള് എന്റെ വണ്‍ വേ ലൈനില് അസൂയ മൂത്ത എന്റൊരു സഹപാഠി എന്റെ അസുഖ വിവരം അവളെ അറിയിച്ചു. അത് പക്ഷേ, ഞാനറിഞ്ഞില്ല.
അങ്ങനെയിരിക്കെ സ്കൂളില് എക്സിബിഷന്റെ തിരക്കുകള് തുടങ്ങി. അവളുള്പ്പെടെ ഞങ്ങള് കുറച്ചു പേര് എക്സിബിഷന് ജോലികളുമായി ലൈബ്രറിയിലിരിക്കുമ്പോഴാണ് അവള് എന്നോട് ചോദിക്കുന്നത്:-
"ഞാന് ഒരു കാര്യം കേട്ടു. സത്യമാണോ അത്?"
കാര്യമെന്താണെന്ന് എനിക്ക് മനസ്സിലായി. ഞാന് ഒരു കള്ളം പറഞ്ഞു-
"അല്ല"
കണ്ണടക്ക്‌ മുകളിലൂടെ രൂക്ഷമായി എന്നെയൊന്നു നോക്കിയിട്ട് അവള് നടന്നു മാറി. പിന്നീട് ഒരു വര്ഷത്തോളം ഞങ്ങള് സംസാരിച്ചില്ല.
ഞാന് മത്സരങ്ങല്ക്കൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. പ്രസംഗം, പാട്ട്, ദഫ്ഫ് മുട്ട്, കോല്ക്കളി അങ്ങനെ കഴിയുന്നത്ര മത്സരങ്ങളില് പങ്കെടുത്ത് എല്ലാവരേയും വെറുപ്പിക്കുക എന്നതായിരുന്നു അന്നത്തെ എന്റെ അജണ്ട. അത്യാവശ്യം സമ്മാനങ്ങളും കിട്ടിയിരുന്നു. ആയിടക്കാണ് കേരളാ വനം വകുപ്പ് സംസ്ഥാന തലത്തില് നടത്തിയ പ്രസംഗ മത്സരത്തില് എനിക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. അതോടെ എനിക്ക് പണി കൂടി. പത്താം ക്ലാസ് തുടങ്ങി ഓണപ്പരീക്ഷക്ക് മുന്പ് എന്നോട് ശിശു ഭവന് നടത്തിയ ഉപന്യാസ മത്സരത്തില് പങ്കെടുക്കണമെന്ന് സ്കൂളില് നിന്നും അറിയിച്ചു. ഒരു വെള്ളിയാഴ്ച്ചയാണ് എന്നോടിതു പറയുന്നത്. പിറ്റേന്ന്, ശനിയാഴ്ച്ചയാണ്‌ മത്സരം. അങ്ങോട്ടേക്ക് പോകാനുള്ള വണ്ടിക്കൂലിയും സ്കൂളില് നിന്ന് തന്നെ തരും എന്നറിയിച്ചിരുന്നതു കൊണ്ട് വെള്ളിയാഴ്ച്ച വൈകിട്ട് ആ പൈസയും വാങ്ങി ഞാന് ഹോസ്ടലിലെക്ക് പോകുകയാണ്. സ്കൂളിനു സമീപത്തായി രണ്ട് ട്യൂഷന് സെന്ററുകളുണ്ട്. അതിലൊന്നിലാണ് കഥാനായികയും എന്റെ രണ്ട് പെണ് സുഹൃത്തുക്കളും പഠിക്കുന്നത്. ഞാന് അതിനു മുന്നിലൂടെയാണ്‌ നടന്നു പോകുന്നത്. അപ്പോള് ട്യൂഷന് സെന്ററിന്റെ മുകളില് നിന്നും ഒരു വിളി. ഞാന് നോക്കുമ്പോ അവിടെ കഥാനായികയും രണ്ടു സുഹൃത്തുക്കലും നില്പ്പുണ്ട്. അതിലൊരാളെ ഞാന് ഒരു പേരു വിളിച്ച് കളിയാക്കാറുണ്ടായിരുന്നു. (ഇടക്ക് ഒരു കാര്യം. ആ സുഹൃത്ത് തൃശൂര് പോയി എന്ജിനീയറിംഗ് ഒക്കെ പഠിച്ചപ്പോള് ഒരുപാട് മാറിപ്പോയി. ഇപ്പോ അവള്ക്ക് വലിയ തലക്കനമാണ്) ആ പേരൊന്നു വിളിച്ച് അവളെ കളിയാക്കിയിട്ടു പോകൂ എന്ന അര്ത്ഥത്തില് മറ്റേ സുഹൃത്ത് "പറഞ്ഞിട്ട് പോടാ" എന്ന് എന്നോട് പറഞ്ഞു. ഞാന് അത് മനസ്സിലാക്കാതെ കഥാനായികയോട് "ങാ, പോകുവാ" എന്നു പറഞ്ഞിട്ട് നടന്നു. അതിന്റെ പേരില് എന്തൊക്കെ പ്രശ്നമാണ് ഇനി തിങ്കളാഴ്ച്ച ഉണ്ടാകാന് പോകുന്നത് എന്ന ടെന്ഷന് കാരണം എനിക്ക് നന്നായി ഉപന്യാസം എഴുതാന് പോലും പറ്റിയില്ല. രണ്ടാം സ്ഥാനമേ കിട്ടിയുള്ളൂ.
തിങ്കളാഴ്ച എന്റെ ക്ലാസായിരുന്നു അസംബ്ലി നടത്തേണ്ടത്. എന്ന് വെച്ചാല് പ്രാർഥനാ ഗാനം, അന്നത്തെ പത്രത്തിലെ പ്രധാന തലക്കെട്ടുകള്, പ്രതിജ്ഞ ഇവയൊക്കെ ഞങ്ങളുടെ ക്ലാസുകാരാണ്‌ അവതരിപ്പിക്കേണ്ടത്. ഞാന് വാര്ത്ത വായിക്കാനായി ദാ, ഈ ഫോട്ടോയില് കാണുന്ന സ്ഥലത്ത് ടെന്ഷനടിച്ചു പണ്ടാരമടങ്ങി നില്ക്കുമ്പോഴാണ് അവളുടെ ക്ലാസ് വരി വരിയായി സ്കൂള് മുറ്റത്തേക്ക് വരുന്നത്. കണ്ടപ്പോഴേ പതിവില്ലാത്ത ഒരു ചിരി അവളുടെ മുഖത്ത്. ആ ചിരിയുടെ ഷോക്കില് എങ്ങനെയൊക്കെയോ വാര്ത്ത വായിച്ചു തീർത്തു. ഉച്ച ഭക്ഷണ സമയത്ത് നേരത്തെ ഞാന് പറഞ്ഞ എന്റെ പെണ് സുഹൃത്ത് "നിന്നോട് ഒരു കാര്യം പറയാനുണ്ട്" എന്ന് എന്നോട് പറഞ്ഞു. നേരത്തേ കിട്ടിയ ചിരി എന്റെ മനസ്സിലുണ്ടായിരുന്നത് കൊണ്ട് എനിക്ക് അറിയാന് ആകാംക്ഷയായി. "എന്താ കാര്യം?" എന്ന് ഞാന് ചോദിച്ചെങ്കിലും "നീ നേരിട്ട് അറിയും" എന്ന് പറഞ്ഞ് എന്റെ രക്തസമ്മർദം അവര് കൂട്ടി.
അങ്ങനെ, വൈകുന്നേരത്തെ ഇടവേള സമയത്ത് ഇവിടെ വെച്ച് അവള് എന്നോട് അവളുടെ ഇഷ്ടം പറഞ്ഞു
"ആരോടും പറയണ്ട"
ഞാന് അന്തം വിട്ടു നില്ക്കുകയായിരുന്നു.
പക്ഷേ, ആദ്യ പ്രണയം അധിക നാള് നീണ്ടു നിന്നില്ല. ഒന്നോ രണ്ടോ മാസങ്ങള്ക്ക് ശേഷം എന്നെ കളഞ്ഞിട്ട് അവള് പോയി. കുറേ നാള് മാനസ മൈനേയോക്കെപ്പടി തേരാപാരാ നടന്നു. പിന്നീട് എല്ലാം ശരിയായി. ഒരു അനുഭവമായിരുന്നു അത്, പ്രണയ പരാജയം.
'പ്രണയം ഒരു അനുഭൂതിയാണെങ്കില് പ്രണയ പരാജയം ഒരു അനുഭവമാണ്'

പത്താം ക്ലാസില് വെച്ച് സ്കൂള് ലൈബ്രറിയില് നിന്നും ഏറ്റവും കൂടുതല് പുസ്തകം വായിക്കുന്നവര്ക്ക് സമ്മാനം എര്പ്പെടുത്തി. ഒന്നാം സ്ഥാനം എനിക്കായിരുന്നു. പക്ഷേ, അന്ന് ലൈബ്രറിയിലെ രജിസ്ടരില് എഴുതിയതിന്റെ മൂന്നിരട്ടി പുസ്തകങ്ങളെങ്കിലും അന്ന് ഞാന് വായിച്ചിട്ടുണ്ട്. കാരണം, ഓരോ തവണ പുസ്തകം എടുത്ത് ലൈബ്രറിയില് രേഖപ്പെടുത്തുമ്പോഴും ഒന്നോ രണ്ടോ പുസ്തകങ്ങള് എന്റെ അരയിലുണ്ടാവും. ആഴ്ചയില് ഒരു പുസ്തകം മാത്രമേ ലൈബ്രറിയില് നിന്ന് കിട്ടുമായിരുന്നുള്ളൂ. എനിക്ക് വായിക്കാതിരുന്നാല് വല്ലാത്ത അസ്വസ്ഥതയാണ്.
പ്ലസ് വണ്ണും പ്ലസ് ടൂവും പിന്നെ ഡിഗ്രിയും പ്രൈവറ്റായി പഠിച്ചു. ഏറെയൊന്നും ഓർക്കാനില്ലാത്ത 5 വര്ഷങ്ങള്.
ഇതാണ് എല്ലാവരും അറിയുന്ന ഞാന്. അറിയാത്ത ഞാനുണ്ട്. 23 വയസ്സ് ആയെങ്കിലും 16ഇല് നിന്നും വളരാത്ത മനസ്സുള്ള ഒരു ബാലിശന്. ശരാശരിയില് താഴെ മാത്രം സൌന്ദര്യമുള്ളയാളാണെന്ന സ്വബോധമുണ്ട്. മടുക്കാതെ പെണ്‍കുട്ടികളെ വായില് നോക്കാനും മടുക്കാതെ പ്രകൃതിയെ നോക്കാനും ഇഷ്ടപ്പെടുന്ന ഒരു സൌന്ദര്യാരാധകന്. കുന്നോളം സ്നേഹം ഉള്ളിലുണ്ടെങ്കിലും സഹോദരങ്ങളോട് പോലും അത് പ്രകടിപ്പിക്കാന് അറിയാത്ത മുരടന്. മാതാപിതാക്കളുടെ ആഗ്രഹങ്ങളൊന്നും തന്നെ സാധിപ്പിച്ചു കൊടുക്കാന് കഴിഞ്ഞിട്ടില്ലാത്ത പരിപൂർണനല്ലാത്ത ഒരു മകന്. പുസ്തകങ്ങള് ഏറെയിഷ്ടപ്പെടുന്ന ഒരു പുസ്തകപ്പുഴു.' ദൈവം ഉണ്ടോ' എന്ന് പല തവണ ചിന്തിച്ച് എല്ലായ്പ്പോഴും 'ഉണ്ട്' എന്ന വിശ്വാസത്തില് എത്തിച്ചേരുന്ന ഒരു വിശ്വാസി. ശരികേട് ആരുടെ ഭാഗത്തു നിന്ന് കണ്ടാലും മുഖത്തു നോക്കി ചോദ്യം ചെയ്യാന് ചങ്കുറപ്പുള്ള ഒരു തന്റേടി. വ്യക്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമുള്ള, ആരുടേയും മൂട് താങ്ങാന് സൌകര്യമില്ലാത്ത ഒരു താന്തോന്നി. ശരിയെന്നു തോന്നുന്നത് ചെയ്യാന് മടിക്കാത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാല് തിരുത്താന് മടിയില്ലാത്ത ഒരു നിഷേധി. ആഗ്രഹിച്ചതൊന്നും കിട്ടാത്തതു കൊണ്ട് ആഗ്രഹങ്ങളും പ്രതീക്ഷകളുമില്ലാതെ യന്ത്ര സമാനമായി ജീവിക്കുന്ന ഒരു നിര്ഭാഗ്യന്. മുഖത്ത്തെപ്പോഴും സ്ഥായിയായ പുച്ഛ ഭാവമോ ദേഷ്യ ഭാവമോ കാത്തു സൂക്ഷിക്കുന്ന കഠിനഹൃദയന്. പഴയ പാട്ടുകളും പഴയ സിനിമകളും പുസ്തകങ്ങളുമൊക്കെ ഇഷ്ടപ്പെടുന്ന, ലോ വെയ്സ്റ്റ് പാന്റോ കാന്വാസോ കൂളിംഗ് ഗ്ലാസോ പഥ്യമില്ലാത്ത പഴഞ്ചന്. ബന്ധങ്ങള്ക്ക് വില കല്പ്പിക്കുന്ന ഒരു സാമൂഹ്യ ജീവി. കേവലം ലൈക്കിനും കമന്റിനും ചാറ്റ് ബോക്സിനുമൊക്കെ അപ്പുറത്ത് സൗഹൃദം വളരണമെന്നും ആരോഗ്യകരമായ ബന്ധങ്ങള് ഉണ്ടാവണമെന്നും ആഗ്രഹിക്കുന്ന ഒരു അതിമോഹി. ലോകത്ത് ഏറ്റവും പവിത്രമായത് സൗഹൃദമാണ് എന്ന് വിശ്വസിക്കുന്ന നല്ലൊരു സുഹൃത്ത്.

B-Bad
A-Arrogant
S-Stupid
I-Idiot
T-Tough
H-Hungry

എന്റെ നമ്പര്: 9544684369
വാട്ട്സപ്പും സ്കൈപ്പും വൈബരും ഹൈക്കും എല്ലാ തേങ്ങയും ഇത് തന്നെ!

No comments:

Post a Comment