Thursday, June 19, 2014

പ്രണയം ചിതലരിക്കപ്പെട്ടാല്


തല്ക്കാലം അവളെ നമുക്ക് ഷെമി എന്നു വിളിക്കാം. ഞങ്ങള് വീട് വെച്ച് താമസിക്കാന് തുടങ്ങിയതിന്റെ രണ്ടാം വര്ഷമാണ് അവര് ഞങ്ങളുടെ വീടിനടുത്തേക്ക് താമസം മാറുന്നത്. ആ സമയത്ത് ഞാന് ഹോസ്ടലില് പഠിക്കുകയായിരുന്നു. അവളുടെ വാപ്പ എന്റെ വാപ്പയുടെ സുഹൃത്തായിരുനു. ചെറുപ്പത്തില് വാപ്പയോടൊപ്പം പള്ളിയിലേക്കും മറ്റും പോകുമ്പോള് അയാളെ ഞാന് കണ്ടിട്ടുണ്ട്. ഒരു പാവം മനുഷ്യന്. അയാളായിരുന്നു എനിക്ക് ആദ്യമായി പോളോ വാങ്ങിത്തന്നത്. അയാളുടെ പേര് തത്കാലം പറയുന്നില്ല.
അപ്പോ പറഞ്ഞു വന്നത് അവര് താമസിക്കാന് വന്നതാണ്. ഇടക്കെപ്പോഴോ വീട്ടിലേക്ക് വിളിച്ചപ്പോള് ഉമ്മ പറഞ്ഞു, അവര് വീടിനടുത്തേക്ക് താമസം മാറിയെന്ന്. പ്രത്യേകിച്ചൊന്നും തോന്നിയില്ല. വാപ്പയുടെ കൂട്ടുകാരന്, എനിക്ക് പരിചയമുള്ള ഒരു ആള് കുടുംബത്തോടൊപ്പം താമസിക്കാന് വന്നു. അതിലിപ്പോള് എന്താ.
അവധിക്ക് ഞാന് നാട്ടിലെത്തി. വഴിയില് വെച്ചു തന്നെ അയാളെ കണ്ടു. പരസ്പരം വിശേഷങ്ങള് ചോദിച്ചറിഞ്ഞു.
"വീട്ടിലേക്കൊക്കെ വരണം. നമുക്ക് ക്രിക്കറ്റ് കളിക്കാം"
അതൊരു പ്രലോഭനപരമായ ക്ഷണമായിരുന്നു, എനിക്ക്.
അങ്ങനെ പിറ്റേന്ന് രാവിലെ അയാളുടെ വീട്ടില് ചെന്ന് പത്രത്തിലെ കായികം പേജ് വായിച്ച് പരസ്പരം അഭിപ്രായ പ്രകടനം നടത്തുന്നതിനിടയിലാണ് അവളെ ഞാന് ആദ്യമായി കാണുന്നത്.
"ഉമ്മീ, ഇന്നു വൈകിട്ട് ഞാന് വരുമ്പോള് ആ ചുരിദാര് തയ്ച്ചു വെച്ചേക്കണം"
എന്ന് ഉമ്മയോടു പറഞ്ഞ് വരാന്തയിലേക്ക് ഉമ്മയോടൊപ്പം അവള് ഇറങ്ങി വന്നു. അവള് എന്നെ ഒന്നു നോക്കി. ഞാന് അവളെയും. എന്നിട്ട് ഉമ്മയോടും വാപ്പയോടും യാത്ര പറഞ്ഞ് അവള് പോയി. അവള് പോയ പാടെ അവളുടെ ഉമ്മ അകത്തേക്കും കയറിപ്പോയി. അപ്പോള് അവളുടെ വാപ്പ ചോദിച്ചു-
"നീ കണ്ടിട്ടില്ലേ അവളെ?"
"ഇല്ല, ഓര്മയില്ല"
"കുഞ്ഞിലേ കണ്ടിട്ടുണ്ട്. മൂത്ത മോളാ"
"ഓ"
പിന്നെ എല്ലാ ദിവസവും രാവിലെ ഞാന് അവളുടെ വീട്ടില് ഹാജരുണ്ടായിരുന്നു. സത്യമായും അവളെ കാണാന് ആയിരുന്നില്ല. പത്രവും വായിച്ച് ക്രിക്കറ്റും കളിക്കാനായുള്ള പോക്കായിരുന്നു അത്. എന്റെ ഈ പതിവ് തുടര്ന്നപ്പോള് അവളുടെ ഉമ്മ ഒരിക്കല് അവളുടെയും അവളുടെ വാപ്പയുടെയും മുന്നില് വെച്ച് ആരോടെന്നില്ലാതെ പറഞ്ഞു-"ഇവിടെ ചിലര് വരുന്നത് എന്തിനാണെന്നൊക്കെ അറിയാം"
അവള് എന്നെയും ഉമ്മയേയും മാറി മാറി നോക്കി. എന്നും കാണുന്നുണ്ടെങ്കിലും ഇതു വരെ ഞങ്ങള് തമ്മില് ഒന്നു സംസാരിച്ചിട്ടു കൂടിയില്ല. പക്ഷെ, അവളുടെ ഉമ്മ അപ്പറഞ്ഞത് എനിക്ക് കൊണ്ട്. അപ്പോ തന്നെ ആ വീട്ടില് നിന്നും ഇറങ്ങി. പിന്നീട് കുറേ കാലത്തേക്ക് അങ്ങോട്ട്‌ പോയിട്ടേയില്ല.
അവധി കഴിഞ്ഞ് ഞാന് തിരിച്ചു പോയെങ്കിലും ഉടനേ വരേണ്ടി വന്നു. പോയി രണ്ടാഴ്ച്ച കഴിഞ്ഞപ്പോള് തന്നെ പനി പിടിച്ച് ഞാന് വീണ്ടും വീട്ടിലെത്തി. മഴക്കാലമായിരുന്നു. അവള് അപ്പോള് പ്ലസ് ടൂവിലായിരുന്നു പഠിച്ചിരുന്നത്. മിക്ക ദിവസവും അവള് സ്കൂള് കഴിഞ്ഞു വരുന്നത് ഞാന് കാണാറുണ്ടായിരുന്നു. ഒരിക്കലും സംസാരിക്കാന് ശ്രമിച്ചില്ല. കുറച്ചു ദിവസങ്ങള് കഴിഞ്ഞപ്പോള് പനി കുറഞ്ഞു. രണ്ടു ദിവസം കൂടി കഴിഞ്ഞു പോകാമെന്ന് കരുതി. അന്നു വൈകിട്ട് അവള് വരുമ്പോള് ഞാന് ഇത്തയുമായി സംസാരിച്ചു കൊണ്ട് മുറ്റത്തു നില്ക്കുകയായിരുന്നു. അവളെ കാണാത്തതു പോലെ ഞാനും എന്നെ കാണാത്തതു പോലെ അവളും പെരുമാറി. ഇത്തയോട് അവള് എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു.
"എന്തെടേ, നിങ്ങള് മിണ്ടില്ലേ?"
അവള് പോയിക്കഴിഞ്ഞപ്പോള് ഇത്ത എന്നോട് ചോദിച്ചു.
"ഇല്ല"
"അതെന്താ?"
ഒന്നും പറയാതെ ഞാന് ഒഴിഞ്ഞു മാറി.
പിറ്റേന്ന് നല്ല മഴയത്താണ്. ഞാന് കൊച്ച്ചാപ്പയുടെ ബൈക്കില് ഡ്രൈവിങ്ങ് പഠിക്കുകയായിരുന്നു. ഉമ്മ വീട്ടില് നിന്ന് എന്നെ വഴക്കു പറയുന്നു.
മഴ നനഞ്ഞ് ബൈക്ക് ഓടിച്ചു കൊണ്ടു വരുമ്പോള് അവള് നടന്നു വരുന്നത് ഞാന് കണ്ടു. പിങ്ക് നിറത്തിലുള്ള റോസാപ്പൂക്കളുടെ പടമുള്ള ഒരു കുടയും ചൂടിയാണ് വരവ്. അവള് കടന്നു പോയ്ക്കോട്ടെ എന്നോര്ത്ത് ഞാന് ബൈക്ക് നിര്ത്തി. അവള് അടുത്തേക്ക് വന്ന് ഒന്നു ചിരിച്ചു, ഞാനും.
"മഴയത്ത്താണോ ബൈക്കോടിക്കുന്നത്?"
ഞാന് വെറുതേ ഒന്നു ചിരിച്ചു.
"പനി അല്ലായിരുന്നോ?"
"ങും"
"ഇനിയും പനി പിടിക്കില്ലേ?"
"ഇല്ല, വെറുതേ ബൈക്ക് എടുത്ത്തെന്നെയുള്ളൂ. കഴിഞ്ഞു"
"ങാ"
കുറച്ച് സമയം കൂടി അവിടെ നിന്നിട്ട് ഒരു പുഞ്ചിരി സമ്മാനിച്ച് അവള് പോയി.
അന്നാണ് ഞങ്ങള് സംസാരിക്കുന്നത്. പിറ്റേന്ന് തന്നെ ഞാന് ഹോസ്ടലിലേക്ക് തിരിച്ചു പോയി. അത് കഴിഞ്ഞ് വന്നത് 2 മാസത്തെ നീണ്ട അവധിയായിരുന്നു. ആ അവധിക്ക് ഞങ്ങള് കുറച്ചു കൂടി അടുത്തു. നല്ല സുഹൃത്തുക്കളായി. അവള് എന്റെ വീട്ടിലേക്ക് വരാന് തുടങ്ങി. എന്നാലും അവളുടെ വീട്ടിലേക്ക് ഞാന് പോയില്ല.
ആയിടക്കാണ് അവളുടെ വാപ്പ സെക്കണ്ട് ഹാൻഡ് മൊബൈല് ഫോണിന്റെ കച്ചവടം തുടങ്ങുന്നത്. ഞാനും ഒരു ഫോണ് വാങ്ങി. Nokia 6030. ഫോണ് വാങ്ങുന്ന സമയത്ത് അവളും ഉണ്ടായിരുന്നു വീട്ടില്.
ഫോണ് വാങ്ങിക്കഴിഞ്ഞപ്പോള് ഫോണിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു നോക്കാന് വേണ്ടി അവളുടെ വാപ്പ അവളോട് അകത്തു നിന്നും അയാളുടെ ഫോണ് എടുത്തു കൊണ്ട് വരാന് പറഞ്ഞു. അവള് ഫോണ് എടുത്തു കൊണ്ട് വന്നിട്ട് എന്നോട് നമ്പര് പറയാന് പറഞ്ഞു. ഞാന് നമ്പര് പറഞ്ഞു. ഞങ്ങള് പരസ്പരം ഹലോ പറഞ്ഞു ഫോണിന്റെ ഇയര് പീസും മൈക്കുമൊക്കെ ചെക്ക്‌ ചെയ്തു. കുഴപ്പമൊന്നുമില്ല. ഞാന് പോകാനായി ഇറങ്ങി. അപ്പോള് അയാളും എനിക്കൊപ്പം ഇറങ്ങി. ഞാന് മുറ്റത്തേക്കിറങ്ങിയതും എന്റെ ഫോണിലേക്കൊരു കോള്.
'ഫോണ് എടുക്കുന്നതിനു മുന്പേ കോളോ?'
ഞാന് നോക്കുമ്പോള് ഏതോ പരിചയമില്ലാത്ത നമ്പരാണ്. കോള് എടുക്കാന് തുടങ്ങിയതും കട്ടായി. അപ്പോള് അവളുടെ വാപ്പ എന്താണെന്നു ചോദിച്ചു.
"ഏയ്‌, ഒരു മിസ്‌ കോള്"
"ങാ..."
എനിക്കപ്പോള് ഒരു സംശയം. ഇനിയിപ്പോ ഷെമി ആയിരിക്കുമോ മിസ്‌ കോള് അടിച്ചത്. വീട്ടിലേക്ക് ചെന്ന് ഇത്തയുടെ ഫോണില് നോക്കി സംശയ നിവാരണം നടത്തി. അതെ, നമ്പര് അവളുടേത്‌ തന്നെ! പിന്നെ കുറേ നാളുകള് ഒളിച്ചു കളി ആയിരുന്നു. നേരിട്ടു കാണുമ്പോഴൊക്കെ ഒരുപാട് സംസാരിക്കുമെങ്കിലും ആ നമ്പറിന്റെ കാര്യം മാത്രം അവള് ഒന്നും പറഞ്ഞില്ല. പക്ഷേ, മിസ്‌ കോളുകളായും എസ്എംഎസുകളായും ആ നമ്പര് എപ്പോഴും ആക്ടീവ് ആയിരുന്നു താനും.
കുറച്ച് നാളുകള്ക്ക് ശേഷം എനിക്ക് തിരിച്ച് ഹോസ്റ്റലിലെക്ക് പോകേണ്ട ദിവസമായി. വൈകുന്നേരം, ബാഗിലേക്ക് തുണികളും മറ്റും വെക്കുന്നതിനിടെ ഫോണ് ചിലച്ചു, എസ്എംഎസ്. നോക്കുമ്പോ അവളുടെ മെസേജ് ആണ്.
'Ith njaanaanu. pokunnathinu munp veettilekk vannu paranjittu ponam
-Shemi'
എന്നായിരുന്നു എസ്എംഎസ്.
'എന്തിനാണ് ഒരു പറഞ്ഞിട്ടു പോക്ക്?'
എന്നിട്ടും ഞാന് പോയി. അവള് വരാന്തയില് തന്നെ നില്പ്പുണ്ടായിരുന്നു. ഞങ്ങള്ക്കിടയില് സംഭാഷണം തുടങ്ങാന് കുറച്ച് വൈകി. എന്താണ് പറയേണ്ടത് എന്നെനിക്കും അവള്ക്കും അറിയില്ലായിരുന്നു. ഒരു തരം പരിഭ്രമം. മൌനത്തിന്റെ കെട്ടു പൊട്ടിച്ചത് അവളാണ്.
"പോകുവാ, അല്ലെ?"
"അതെ. ആറരക്കാ ബസ്സ്‌"
വീണ്ടും കുറച്ചു നേരത്തെ നിശബ്ദത.
"ഉമ്മച്ചി എവിടെ?"
ഇത്തവണ ഞാനാണ് ചോദിച്ചത്.
"ആശുപത്രിയില് പോയതാ"
വീണ്ടും കുറച്ചു നേരം കൂടി ഒന്നും മിണ്ടാതെ ഞങ്ങള് നിന്നു.
"ശരി. പോട്ടേ?"
ഞാന് തിരിഞ്ഞപ്പോള് അവളുടെ ചോദ്യം-
"ഇനി എപ്പോ വരും? എപ്പഴാ കാണാന് പറ്റുന്നത്?"
എനിക്ക് പരിചയമില്ലാത്ത ഒരു തരം ചോദ്യമായിരുന്നു അത്. ഞാന് അവളെ നോക്കുമ്പോള് അവളുടെ മുഖത്ത് വല്ലാത്ത ഒരു വീര്പ്പുമുട്ടലോ അല്ലെങ്കില് സങ്കടമോ, പിന്നെ നിര്വചിക്കാന് കഴിയാത്ത മറ്റേതോ ഒരു വികാരമോ ഒക്കെയായിരുന്നു. എന്നിട്ടും ഞാന് പറഞ്ഞത്-
"ഇനി അവധിക്ക് കാണാം"
എന്നായിരുന്നു.
തിരിച്ച് ബസ്സില് ഹോസ്റ്റലിലേക്ക് പോകുമ്പോള് ഇടയ്ക്കിടെ 'evidethi?' എന്ന മെസേജുകളും പിന്നെ വേറെന്തൊക്കെയോ മെസേജുകളുമായി അവള് എനിക്കു മുന്നില് മനസ്സ് തുറക്കുകയായിരുന്നു. അതങ്ങനെ മുന്നോട്ടു പോയി. പരസ്പരം ഇഷ്ടമാണെന്ന് ഞങ്ങള് പറഞ്ഞിട്ടേയില്ല. പക്ഷേ, എവിടെയോ എന്തോ ഒരടുപ്പം ഞങ്ങള്ക്കിടയിലുണ്ടായിരുന്നു.
കുറച്ചു നാളുകള്ക്ക് ശേഷം ഞാനറിഞ്ഞത് അവളുടെ കല്യാണം ഉറപ്പിച്ചു എന്ന വാര്ത്തയാണ്. സത്യം പറഞ്ഞാല് 'ഇത്ര നേരത്തേ എന്തിനാണൊരു കല്യാണം?' എന്ന് മാത്രമാണ് അപ്പോള് ഞാന് ചിന്തിച്ചത്.
പിന്നീട് വീട്ടിലേക്ക് അവധിക്ക് വരുമ്പോള് ബസ്സിറങ്ങിയപ്പോള് തന്നെ കണ്ടത് ഷെമിയെ ആണ്. തോട്ടുവക്കത്ത് കൂടി ഒരുമിച്ച് നടക്കുമ്പോള് അവള് ആദ്യം പറഞ്ഞത് 'എന്റെ കല്യാണം ഉറപ്പിച്ചു' എന്നായിരുന്നു.
"എവിടുന്നാ പയ്യന്?"
എന്താണെന്നറിയില്ല. അപ്പോള് ഞാന് ചോദിച്ചത് അങ്ങനെയാണ്. അവള് അവിശ്വസനീയതയോടെ എന്നെയൊന്നു നോക്കി.
"മലപ്പുറം"
"നിനക്ക് ഇഷ്ടപ്പെട്ടോ?"
എന്റെ ആ ചോദ്യത്തിന് അവള് മറുപടിയൊന്നും പറഞ്ഞില്ല. വെറുതേ ഒന്നു നോക്കി.
കല്യാണത്തിന് ഞാന് പോയില്ല. പക്ഷേ, കല്യാണത്തിന്റെ തലേന്ന് ഇത്ത എന്നെ വിളിച്ചു.
"നിങ്ങള് തമ്മില് എന്താ?"
ഫോണ് എടുത്തയുടനെ ഇത്തയുടെ ചോദ്യം.
"ആര് തമ്മില്?"
"നീയും ഷെമിയും തമ്മില്?"
"ഞങ്ങള് തമ്മില് ഒന്നുമില്ല"
"എന്നിട്ടാണോ ഈ കല്യാണം വേണ്ട എന്നു പറഞ്ഞ് അവള് കരഞ്ഞത്? അവള് എന്നോട് എല്ലാം പറഞ്ഞു. നിന്നെ അവള്ക്ക് കാണണം എന്നു പറഞ്ഞു"
ഞാന് പറഞ്ഞു-
"വേണ്ട. അത് വേണ്ട. ഞാന് വരില്ല. അതാണ്‌ നല്ലത്"

പിന്നീട് ഞാന് അവളെ കാണുന്നത് കഴിഞ്ഞ ദിവസമാണ്. ഇത്താക്ക് പനി ആയതു കൊണ്ട് അവളുടെ വീട്ടിലായിരുന്നു എല്ലാവരും. ഞാന് ടൌണിലേക്ക് പോകാനായി ഡ്രസ്സ് മാറുകയായിരുന്നു. കോളിംഗ് ബെല്ല് കേട്ട് ഞാന് വാതില് തുറന്നു. അവള് ഒന്നു ഷോക്ക് ആയതു പോലെ. എനിക്കാദ്യം അവളെ മനസ്സിലായില്ല. കാരണം അവള് ഒരുപാട് മാറിപ്പോയിരുന്നു. ഞാന് കണ്ടിട്ടുള്ളതില് വെച്ച് എറ്റവും സുന്ദരി ആയിരുന്നു അവള്. പക്ഷേ, ഇന്ന് വിളറി, മെലിഞ്ഞ്, ഓജസ് നഷ്ടപ്പെട്ട അവളുടെ പഴയ രൂപത്തിന്റെ നിഴല് മാത്രമാണ് എന്റെ മുന്നില് നില്ക്കുന്നത്.
"ഉമ്മച്ചിയൊന്നും ഇല്ലേ?"
അവള് അകത്തേക്ക് വന്നു.
"ഇല്ല. ഇത്തച്ചിക്ക് പനിയാ. അവിടെയാ"
"ഓ"
"നീ അവിടെയാണോ?"
"അതെ"
"എപ്പഴാ വന്നത്?"
"ഇന്നലെ"
വിശേഷങ്ങള് ചോദിച്ച് വാക്കുകള്ക്ക് ക്ഷാമമായി.
"എന്തിനാണ് അന്നെന്നെ കാണണമെന്നു പറഞ്ഞത്?"
ഒടുവില് ഞാന് ചോദിച്ചു.
അവള് ഒന്നു പരുങ്ങി.
"അത് അന്ന് പറയേണ്ടതായിരുന്നു. പക്ഷേ, അന്ന് നീ വന്നില്ല. ഇന്നു പറഞ്ഞിട്ട് കാര്യവുമില്ല"
"നിനക്ക് എന്താണ് പറ്റിയത്? ഒരുപാട് മാറിപ്പോയല്ലോ?"
പിന്നീടവള് പറഞ്ഞത് സുഖകരമല്ലാത്ത അവളുടെ കുടുംബ ജീവിതത്തിന്റെ പൊള്ളിക്കുന്ന യാധാർത്ഥ്യങ്ങളായിരുന്നു. കൊട്ടാരം പോലെ ഒരു രണ്ടു നില വീട്. രാവിലെ 8 മണിക്ക് ജോലിക്ക് പോകുന്ന ഭര്ത്താവ് മടങ്ങി വരുന്നത് രാത്രി 11 മണിക്ക്. അതു വരെ ആ വീട്ടില് അവള് ഒറ്റക്ക്. നാല് വര്ഷങ്ങളായി അവള് ഈ ഏകാന്തത അനുഭവിക്കുന്നു. ഞാന് ഞെട്ടി. എന്തൊരു വിധിയാണിത്! ഒരു തരത്തില് അവളുടെ ഈ വിധിക്ക് ഞാനും ഉത്തരവാദിയല്ലേ എന്ന ചോദ്യം എന്നെ നോക്കി പള്ളിളിച്ചു.
കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം അവള് ചോദിച്ചത് ഉത്തരമില്ലാത്ത ഒരു ചോദ്യമായിരുന്നു.
"എന്നെ നിനക്ക് ശരിക്കും ഇഷ്ടമല്ലായിരുന്നോ?"
എനിക്ക് ഒന്നും പറയാന് കഴിഞ്ഞില്ല.
"അല്ലെങ്കില് തന്നെ അത് ഇപ്പൊ ചോദിച്ചിട്ട് എന്തു കാര്യം, അല്ലേ? അതൊക്കെ കഴിഞ്ഞ കഥ"
അവള് എഴുന്നേറ്റു.
"ഞാന് പോകുവാ"
"അല്ല, ഉമ്മച്ചി വന്നിട്ട് പോയാല് പോരേ?"
"വേണ്ട, ഞാന് ഇത്തയുടെ വീട്ടിലേക്ക് പൊക്കോളാം"
അവള് മുറ്റത്തേക്കിറങ്ങി എന്നെയൊന്നു നോക്കി. അന്ന്, ഞാന് യാത്ര പറയാന് അവളുടെ വീട്ടില് ചെന്നപ്പോള് കണ്ട അതേ ഭാവം വീണ്ടും ഞാന് കണ്ടു. നഷ്ടം ആര്ക്കാണ്, എനിക്കോ അവള്ക്കോ?

No comments:

Post a Comment