Monday, August 17, 2015

പ്രഭാമയം

"പ്രഭേ"
മറുപടിയില്ല.
വീണ്ടും വിളിച്ചു, ഇത്തവണ അൽപം ശബ്ദമുയർത്തി.
"പ്രഭേ.."
"എന്താ ഇക്കാ?"
എന്നൊരു വിളി കേട്ടു. വിളി മാത്രം.
"നീ ഇങ്ങ്‌ വന്നേ"
ചുരിദാറിന്റെ ഷാളിൽ കയ്യ്‌ തുടച്ചു കൊണ്ട്‌ അവൾ അടുക്കളയിൽ നിന്നും പുറത്തേക്ക്‌ വന്നു. നെറ്റിയിൽ വിയർപ്പ്‌ കണങ്ങൾ.
"എന്താ?"
"പറയാം. നീ ഇവിടെ ഇരിക്ക്‌"
"അയ്യോ. ഇക്കാ മീനടുപ്പത്താ. കരിയും"
"ഞാൻ കരിഞ്ഞ മീൻ തിന്നോളാം"
ഞാനൊന്ന് മുഖം വക്രിച്ചു.
"ഈ ചെക്കന്റെയൊരു കാര്യം!"
എന്ന് പറഞ്ഞ്‌ അവൾ സോഫയിൽ എന്റെ അടുത്തിരുന്നു. ഈ ചെക്കൻ എന്ന വിളി വല്ലപ്പോഴുമേ ഉണ്ടാവൂ. ഇഷ്ടം കൂടുമ്പോഴോ അല്ലെങ്കിൽ എന്റെ ദേഷ്യം തണുപ്പിക്കാനോ വേണ്ടി അവൾ പ്രയോഗിക്കുന്ന ഒരു പൊടിക്കൈയാണ്‌ ഈ വിളി. ഞാനവളെ പ്രേമപൂർവ്വം ഒന്ന് നോക്കി.
"നിനക്ക്‌ ഏകാന്തത എന്താന്നറിയോ?"
അവൾ മുഖം കോട്ടി എന്നെയൊന്ന് നോക്കി.
"അടുക്കളയിൽ നിന്ന എന്നെ വിളിച്ചടുത്തിരുത്തിയത്‌ മനുഷ്യനു മനസ്സിലാവാത്ത ഈ വക കാര്യങ്ങൾ പറയാനാണോ?"
"എടി പെണ്ണേ, നിനക്കറിയോ? അത്‌ പറ"
"എനിക്കെങ്ങുമറിയില്ല. ഞാൻ പറഞ്ഞിട്ടുണ്ട്‌ ഇത്തരം വലിയ വലിയ കാര്യങ്ങൾ എനിക്ക്‌ മനസ്സിലാവില്ലെന്ന്"
"എങ്കിൽ ഞാൻ പറയാം"
"എന്നാ പറ"
"ഏകാന്തത എന്നാൽ ഒരു തിരിച്ചറിവാണ്‌. നാം ഏകനാണ്‌ എന്ന തിരിച്ചറിവ്‌. അതിജീവിക്കണമെങ്കിൽ നമുക്ക്‌ നാം തന്നെ വേണം എന്ന തിരിച്ചറിവ്‌. ഒറ്റയായി ജീവിക്കേണ്ടതെങ്ങനെ എന്ന തിരിച്ചറിവ്‌. എക്സിസ്റ്റ്‌ ചെയ്യുക അഥവാ നിലനിൽക്കുക എന്ന തിരിച്ചറിവ്‌.."
"പിന്നെ പിന്നെ..."
അവൾ ഇടക്ക്‌ കയറി.
"നിനക്കെന്താ, എതിരഭിപ്രായമുണ്ടോ?"
"ഉണ്ടെങ്കിൽ..?"
അവൾ എളിക്ക്‌ കൈ കൊടുത്തു.
"ഷൂട്ട്‌"
"ഈ ഏകാന്തതാന്ന് പറഞ്ഞാലേ കുറേ ദൂരം ഒരുമിച്ച്‌ നടന്നിട്ട്‌ പെട്ടെന്ന് ഒപ്പം വന്നയാൾ വഴിമാറി നടക്കുമ്പോൾ നമുക്കുണ്ടാവുന്ന അവസ്ഥയാ. അല്ലാണ്ട്‌ ഈ പറഞ്ഞതൊന്നുമല്ല"
അവൾ അത്രയും പറഞ്ഞ്‌ എന്നെയൊന്നു നോക്കി. ലളിതമായി അവൾ ഏകാന്തതയെ വിശദീകരിച്ചു കഴിഞ്ഞു. ഞാൻ നിശബ്ദനായി.
"ഒരു പാട്ട്‌ പാട്‌ ചെക്കാ"
പെട്ടെന്നാണവൾ പറഞ്ഞത്‌.
ഞാൻ ചിരിച്ചു പോയി.
"ചിരിക്കണ്ട, പാട്‌"
"സുറുമയെഴുതിയ മിഴികളേ..."
എന്ന് ഞാൻ പാടിത്തുടങ്ങുമ്പോൾ അവളെന്റെ കണ്ണുകളിൽ നോക്കിയിരുന്നു.
"ഈശ്വരാ, എന്റെ മീൻ!"
തലയിൽ കൈ വെച്ച്‌ അവൾ എഴുന്നേറ്റ്‌ അടുക്കളയിലേക്കോടി.
കരിഞ്ഞ മീൻ മുന്നിൽ വെച്ച്‌ അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച്‌ ചെവിയിൽ പാട്ട്‌ മൂളുമ്പോൾ ഏകാന്തത മഹാബോറാണെന്ന് എനിക്ക്‌ മനസ്സിലാവുകയായിരുന്നു.
നീ എന്നിലേക്ക്‌ വന്നത്‌ കുറേയേറെ പുതുമകളുമായാണ്‌. നീ ഒപ്പം കൂട്ടിയത്‌ ഒരുപാട്‌ മാറ്റങ്ങളാണ്‌. ഞാനിപ്പോൾ മനസ്സു തുറന്ന് ചിരിക്കുന്നുണ്ട്‌. സങ്കടപ്പെടുത്തുന്ന കാര്യങ്ങളിൽ മനസ്സ്‌ ആർദ്ദ്രമാവാറുണ്ട്‌. സ്നേഹം പ്രകടിപ്പിക്കാൻ കഴിയുന്നുണ്ട്‌. പ്രതീക്ഷകളും ആശകളുമുണ്ട്‌. നീ കുറേയേറെ ഉത്തരങ്ങളായിരുന്നു.
"ഇക്കാ"
അവൾ അടുത്ത്‌ വന്നിരുന്നു.
"ഇതെന്താ എഴുതുന്നേ?"
അവൾ കടലാസെടുത്ത്‌ വായിക്കാൻ തുടങ്ങി. ഞാനവളുടെ മുഖത്ത്‌ നോക്കിയിരുന്നു. വായിച്ചു കഴിഞ്ഞ്‌ അവൾ ആ കടലാസ്‌ തിരികെ മേശപ്പുറത്തേക്ക്‌ വെച്ചു.
"പുതിയതാ?"
"ങും, അതെ"
"ഇക്കാ ഇപ്പോ വല്ലാണ്ട്‌ പൈങ്കിളിയാവുന്നുണ്ട്‌. നോവലിന്‌ അവാർഡൊക്കെ കിട്ടിയ സ്ഥിതിക്ക്‌ ഉത്തരവാദിത്തം കൂടിയിട്ടുണ്ട്‌. എന്നിട്ടും ഈ പൈങ്കിളി എഴുതിക്കോണ്ടിരിക്ക്യാണോ?"
"അതിന്‌ കാരണമാരാ?"
"ആരാ?"
"നീ കാരണമാ പെണ്ണേ"
"ങാഹാ.."
അവൾ എളിക്ക്‌ കൈ കൊടുത്തു.
"ഇനി എന്നെ കുറ്റം പറഞ്ഞോ. ഞാനെന്ത്‌ ചെയ്തു?"
"നീ ചെയ്തതാണ്‌ ഇതൊക്കെ"
ഞാൻ ആ കടലാസെടുത്ത്‌ വീണ്ടും അവളുടെ കയ്യിൽ കൊടുത്തു.
അവളുടെ മുഖം ലജ്ജ കൊണ്ട്‌ ചുവന്നു.
"എങ്കിൽ ഞാനൊരു കാര്യം പറയട്ടെ?"
"ഒന്നോ രണ്ടോ പറ"
"ഇതിന്റെയെല്ലാം കാരണമെന്താന്നറിയോ?"
"എന്താ?"
"കാരണം..., യൂ ആർ ഇൻ ലവ്‌!"
ഞാൻ നിശബ്ദനായിപ്പോയി. വീണ്ടും സിമ്പിളായി അവൾ കാര്യം പറഞ്ഞു കഴിഞ്ഞു.
"യൂ ആർ ഇൻ ലവ്‌ ചെക്കാ"
അവൾ വീണ്ടും മെല്ലെ ചെവിയിൽ മൊഴിഞ്ഞു.
"വിത്‌... യൂ..."
ഞാൻ കൂട്ടിച്ചേർത്തു. അവൾ കിലുങ്ങിച്ചിരിച്ചു.
"ഹോ, ചെക്കൻ റൊമാന്റിക്കാവുന്നത്‌ കണ്ടോ"
അവൾ എന്റെ മുഖത്തു നിന്നും കണ്ണടയൂരി മേശമേൽ വെച്ചു. അവളുടെ അഭിപ്രായത്തിൽ കണ്ണട, മുഖത്തെ ശ്മശ്രുക്കൾ എന്നിവയൊക്കെ എന്റെ മുഖത്തിന്‌ ചേരാത്തതാണ്‌. പ്രായക്കൂടുതൽ തോന്നുമത്രേ.
അവൾ മുഖം എന്റെ മുഖത്തോടു ചേർത്തു.
"ചെക്കാ, ഞാനൊരു കാര്യം ചോദിച്ചോട്ടെ?"
പടച്ചോനേ, പ്രശ്നമായോ? ഇവളിനി ചന്ദ്രനെപ്പിടിച്ചു തരാനോ മറ്റോ ചോദിക്കുമോ?
"ചെറിയ ആഗ്രഹം വല്ലതുമാണെങ്കിൽ ചോദിച്ചോ"
"ദേ ഇക്കാ, എനിക്ക്‌ ദേഷ്യം വരുന്നുണ്ടേ"
അവൾ മുഖം ചൊടിച്ചു.
"ശരി, ചോദിക്ക്‌"
ഞാൻ സകലദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു പോയി.
"എനിക്കേ..., എനിക്ക്‌ ഇക്ക സാരി ഉടുപ്പിച്ച്‌ തരോ?"
ഞാൻ പെട്ടെന്ന് തിരിഞ്ഞ്‌ അവളെ നോക്കി.
"എന്താ?"
"എനിക്ക്‌ സാരി ഉടുപ്പിച്ച്‌ തരുമോന്ന്"
"പ്രഭേ, നീ ഈയിടെയായിട്ട്‌ നിലവാരമില്ലാത്ത ചളിയടിക്കുന്നുണ്ട്‌. ഫേസ്ബുക്കിലെ സകലമാന ചളികളും വിടാതെ വായിക്കുന്നുണ്ടല്ലേ?"
"ഇത്‌ തമാശയല്ല ഇക്കാ. എന്റെ ഒരാഗ്രഹാ"
"പ്രഭേ, നീയൊന്ന് ചുമ്മാതിരുന്നേ. എനിക്ക്‌ സാരി ഉടുപ്പിക്കാനൊന്നുമറിയില്ല"
"അത്‌ സാരമില്ല. ഞാൻ പഠിപ്പിച്ചു തരാം"
"പ്രഭേ..."
"ഞാൻ പിന്നെ വേറാരോടാ ഇതൊക്കെ ചോദിക്ക്യ? വഴീക്കൂടെപ്പോണ ആളുകളോട്‌ ചോയ്ക്കാൻ പറ്റോ?"
"വഴീക്കൂടെപ്പോണോരോട്‌ ചോദിച്ചാ അന്നെന്റെ കർട്ടൻ വീഴും"
അവൾ പെട്ടെന്നെന്റെ വായ പൊത്തി.
"ഹോ, ഒരു കാര്യം പറയാൻ പറ്റില്ല ഈ ചെക്കനോട്‌"
"ഉം.."
"പറ, ഉടുപ്പിച്ച്‌ തരോ?"
"ഉം, തരാം"
"ങേ?!"
അവളൊന്ന് അതിശയിച്ചതു പോലെ.
"തരാംന്ന്"
"എങ്കിൽ ഞാൻ പെട്ടെന്നൊന്ന് പണിയൊക്കെ ഒതുക്കട്ടെ"
അവൾ ഉത്സാഹത്തോടെ എഴുന്നേറ്റു. പെട്ടെന്നാണ്‌ അവൾ കുനിഞ്ഞ്‌ എന്റെ കവിളിൽ ചുംബിച്ചത്‌. ഞാൻ ആലസ്യത്തോടെയിരുന്നു. അവൾ വീണ്ടും എന്റെ കവിളിലേക്ക്‌ മുഖം ചേർത്തു. മെല്ലെ, വേദനിപ്പിക്കാതെ ഒരു കടി.
പുറത്ത്‌ നല്ല നിലാവുണ്ടായിരുന്നു...!

"ഇക്കാ"
എന്റെ കഴുത്തിലൂടെ കൈ ചുറ്റി പ്രഭ അവളുടെ താടി എന്റെ തലയിൽ മുട്ടിച്ചു കൊണ്ട്‌ നിന്നു.
"വായനയാണോ?"
"ങും, അതെ"
"ഏതാ പുസ്തകം?"
അവൾ കൈ വിട്ട്‌ മേശപ്പുറത്തിരുന്ന പുസ്തകം എടുത്തു.
"പയ്യൻ കഥകൾ, വി.കെ.എന്നിന്റെ"
ഞാൻ പറഞ്ഞു. അവൾ പുസ്തകം തിരിച്ചും മറിച്ചും നോക്കി.
"നല്ലതാ?"
"കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ കിട്ടിയ പുസ്തകമാണ്‌"
"ങാഹാ, എന്നാലൊന്ന് വായിക്കണമല്ലോ"
"ങും"
"ഇക്കാ, ഞാനൊരു കാര്യം ചോദിക്കട്ടെ?"
"മുഖവുര വേണ്ട പ്രഭേ"
"ങാ, എങ്കിൽ നമുക്ക്‌ അങ്ങോട്ടിരിക്കാം"
ഞങ്ങൾ സോഫയിലേക്കിരുന്നു. അവൾ പറഞ്ഞു തുടങ്ങി:
"ഇപ്പോ ഈ തെരുവു നായകളെപ്പറ്റി മൊത്തം ചർച്ചയാണല്ലോ. കൊല്ലണമെന്ന് ഒരുപാട്‌ പേര്‌ പറഞ്ഞപ്പോ രഞ്ജിനി ഹരിദാസിനേയും വിശാലിനേയും പോലുള്ളവർ അവരെയും ജീവിക്കാനനുവദിക്കണമെന്നും കൊല്ലരുതെന്നും വാദിക്കുന്നു. ഇക്കാര്യത്തിൽ ഫേസ്ബുക്കിലൊക്കെ ഭയങ്കര ചർച്ചകളും വാദപ്രതിവാദങ്ങളും നടക്കുകയാണല്ലോ. പക്ഷേ ഇക്ക അതിനെപ്പറ്റി പ്രതികരിച്ചു കണ്ടില്ലല്ലോ. അതെന്താ?"
"എന്തിന്‌ പ്രതികരിക്കണം"
"അല്ല, എഴുത്തുകാരൊക്കെയാകുമ്പോ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കണ്ടേ?"
"പ്രഭേ, നാല്‌ ചുവരുകൾക്കുള്ളിലിരുന്ന് പ്രതികരിക്കാൻ ആർക്കും പറ്റും. അതിനപ്പുറം തെരുവിലിറങ്ങി ശബ്ദമുയർത്താൻ ആർക്കും വയ്യ. അത്തരം പ്രതികരണങ്ങൾ നാടകീയത നിറഞ്ഞതാണ്‌"
"പക്ഷേ എഴുത്തുകാർക്ക്‌ സോഷ്യൽ കമ്മിറ്റ്‌മന്റ്‌ എന്നൊന്നില്ലേ, സാമൂഹ്യപ്രതിബദ്ധത?"
"അതു കൊണ്ട്‌?"
"അതു കൊണ്ട്‌ നമുക്ക്‌ കഴിയുന്ന രീതിയിൽ പ്രതികരിക്കണ്ടേ? വാളിനേക്കാൾ മൂർച്ച അക്ഷരങ്ങൾക്കുണ്ടല്ലോ"
ഞാൻ അത്ഭുതത്തോടെ അവളെ നോക്കി.
"ങും, ശരിയാണ്‌"
അവൾ ആഹ്ലാദസൂചകമായ ഒരു ശബ്ദം പുറപ്പെടുവിച്ചു.
"ഹോ, ആദ്യമായിട്ട്‌ എന്റെ വാദം ഇക്ക അംഗീകരിച്ചു. എനിക്കിത്‌ മതി"
ഞാൻ ചിരിച്ചു പോയി.
"ങും. പറ പറ. അവരെ കൊല്ലണോ വേണ്ടയോ?"
"അത്‌..."
ഞാൻ കണ്ണടക്ക്‌ മുകളിലൂടെ അവളെ നോക്കി. ശ്രദ്ധിച്ചിരിക്കുകയാണവൾ.
"നിന്റെ അഭിപ്രായമെന്താണ്‌?"
"കൊല്ലണം എന്നാണെന്റെ അഭിപ്രായം. മനുഷ്യർക്ക്‌ ഭീഷണിയാകുന്നു എങ്കിൽ കൊന്നു കളയണം"
"ശരി. എങ്കിൽ ഈ ലോകം മനുഷ്യർക്ക്‌ മാത്രമുള്ളതല്ല. എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അനുവാദമുണ്ട്‌. മനുഷ്യർക്ക്‌ ഭൂമി തീറെഴുതിക്കൊടുത്തിട്ടില്ല"
"പക്ഷേ..."
അവൾ ഇടക്ക്‌ കയറി.
"നിക്ക്‌, ഞാനൊന്ന് പറയട്ടെ. നീ തൊണ്ടയിൽ കേറി കസേരയിടല്ലേ"
"എന്ന് വെച്ചാൽ..?"
അവളുടെ കണ്ണുകൾ വിടർന്നു.
"തോക്കിൽ കേറി വെടി വെക്കല്ലേന്ന്"
അവൾ പൊട്ടിച്ചിരിച്ചു.
"ഇത്‌ കൊള്ളാലോ. തൊണ്ടയിൽ കേറി കസേരയിടല്ലേ"
അവൾ ആ വാചകം രണ്ടാവർത്തി പറഞ്ഞ്‌ വെറുതേ ചിരിച്ചു.
"ങാ, എന്നിട്ട്‌ ബാക്കി പറ"
"പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികളെയും വിദേശികളെയുമടക്കം ദേഹോപദ്രവമേൽപ്പിക്കുന്നുണ്ടെങ്കിൽ അതിന്‌ ശാശ്വതമായ ഒരു പരിഹാരം തീർച്ചയായും കാണണം. പക്ഷേ, കൊല ഏറ്റവും അവസാനത്തെ വഴിയാണ്‌. മറ്റു വഴികളൊന്നുമില്ലെങ്കിൽ മാത്രം അവയെ കൊല്ലുക. കാരണം ഒരു ജീവിയെയും കൊല്ലാൻ അനുവാദമില്ല. എന്നല്ല, കൊല്ലരുത്‌. മറ്റു വഴികളില്ലെങ്കിൽ, ഇല്ലെങ്കിൽ മാത്രം കൊല്ലാം"
"മറ്റു വഴികൾ എന്നു വെച്ചാൽ..?"
"അത്‌ അധികൃതർ തീരുമാനിക്കേണ്ടതാണ്‌, എന്താണ്‌ ബദൽ മാർഗ്ഗങ്ങളെന്ന്"
ഞാൻ പൂർത്തിയാക്കി സോഫയിലേക്ക്‌ ചാഞ്ഞിരുന്നു. അവൾ പെട്ടെന്ന് എന്റെ കണ്ണടയൂരി.
"ഇനി മതി"
"എന്ത്‌?"
"ഗൗരവം"
"അതിന്‌ കണ്ണടയൂരുന്നതെന്തിനാ?"
"ങാ, അത്‌ കണ്ണട വെച്ചാൽ ഭയങ്കര സീരിയസാ ചെക്കാ നീ. അതു കൊണ്ട്‌ സീരിയസ്‌ കാര്യങ്ങൾ പറയാത്തപ്പോ കണ്ണടയൂരണം"
"ഓഹോ, പക്ഷേ ഞാനിപ്പഴും സീരിയസാണല്ലോ"
"അത്‌ മാറ്റാൻ എനിക്കറിയാം"
"എന്നാൽ ഒന്ന് കാണട്ടെ"
ഞൊടിയിടയിൽ അവൾ എന്റെ മുഖം കവർന്നെടുത്ത്‌ കവിളത്ത്‌ മൃദുവായി കടിച്ചു.
"ഹാ, പെണ്ണേ..."
"കണ്ടോ കണ്ടോ. ഗൗരവം പോയതു കണ്ടോ"
ഞാൻ പൊട്ടിച്ചിരിച്ചു കൊണ്ട്‌ അവളെ നെഞ്ചോടു ചേർത്തു.
അസൂയപ്പെടരുത്‌, ഞങ്ങളൊന്ന് സ്നേഹിച്ചോട്ടെ!
ഞാൻ ടെറസിൽ നക്ഷത്രങ്ങളെ നോക്കി ചാരുകസേരയിൽ കിടക്കുകയായിരുന്നു. ആകാശം തെളിവുള്ളതാണ്‌. ചന്ദ്രൻ പ്രകാശിക്കുന്നുണ്ട്‌. ഞാൻ അവൾ വരുന്നുണ്ടോ എന്നൊളിഞ്ഞു നോക്കി ഒരു സിഗരറ്റിന്‌ തീ കൊളുത്തി. ആദ്യ പുക എടുത്ത്‌ തീരും മുൻപേ ഒരു കൈ എന്റെ ചുണ്ടത്തു നിന്ന് സിഗരറ്റ്‌ റാഞ്ചിയെടുത്തു. നോക്കുമ്പോൾ ജൂനിയർ പ്രഭ, അയിഷുക്കുട്ടി. അവൾക്കാ പേര്‌ മതി എന്ന് തീരുമാനിച്ചത്‌ പ്രഭയാണ്‌. വയസ്സ്‌ മൂന്നേ ആയുള്ളൂ. പക്ഷേ, അമ്മയുടെ എല്ലാ ഗുണഗണങ്ങളും കിട്ടിയിട്ടുണ്ട്‌. സിഗരറ്റ്‌ കയ്യിലെടുത്താൽ എവിടുന്നെങ്കിലും ഓടി വന്ന് അതൊടിച്ചു കളയും. ഞാനവളെ കോരിയെടുത്ത്‌ എന്റെ മടിയിലിരുത്തി.
"ഇവിടെ വാടീ അമ്മേടെ മോളേ"
"അപ്പോ ഞാൻ വാപ്പീടേം മോളല്ലേ?"
"എന്നെ സിഗരറ്റ്‌ വലിക്കാൻ സമ്മതിക്കാത്തയാളെങ്ങനെയാ എന്റെ മോളാവുന്നത്‌?"
അവളുടെ മുഖം ചുവന്നു.
"വാപ്പി ചുമയ്ക്കാതിരിക്കാനല്ലേ അയിഷുക്കുട്ടി സിഗരേറ്റ്ടുത്ത്‌ കളേണത്‌. വാപ്പിക്ക്‌ വയ്യാണ്ടായാ ഞങ്ങക്കാരുമുണ്ടാവില്ലല്ലോ"
അവൾ കരച്ചിലിന്റെ വക്കിലാണ്‌.
"വാപ്പി ചുമ്മാ പറഞ്ഞതല്ലേ. വാപ്പീടെ ചക്കരയല്ലേ നീ"
ഞാനവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ച്‌ നെറുകയിൽ ചുംബിച്ചു. അവൾ ചിരിച്ചു കൊണ്ട്‌ എന്റെ തോളിൽ തൂങ്ങി.
"അപ്പോ ഞാനാരാ?"
പിന്നിൽ കുസൃതി നിറഞ്ഞ ഒരു ചോദ്യം. ഞാനും അയിഷുവും തിരിഞ്ഞു. അവിടെ കണ്ണുകളിൽ കുസൃതിയൊളിപ്പിച്ച്‌ എളിക്ക്‌ കൈ കൊടുത്ത്‌ അവൾ.
"ദേ, ഇക്കാന്റെ പ്രഭ"
അയിഷു ഉറക്കെപ്പറഞ്ഞു. പ്രഭ ഓടി വന്ന് അവളുടെ കവിളിലൊരു നുള്ള്‌ കൊടുത്തു.
"നിനക്കസൂയയാ, എനിക്കറിയാം"
അവൾ എന്റെ അടുക്കൽ നിലത്തിരുന്നു.
"അമ്മയ്ക്കാ അസൂയ. ഞങ്ങടെ സ്നേഹം കണ്ടിട്ട്‌. ഇല്ലേ വാപ്പീ?"
അയിഷു ഒരു മുഴം നീട്ടിയെറിഞ്ഞു.
"അതെ, പിന്നല്ലാതെ!"
ഞാൻ അയിഷുവിനെ പിന്താങ്ങി.
"ഉം, എന്നാലേ വാപ്പിയും മോളും കൂടെ ആയിക്കോ. ഇതൊക്കെ കഴിഞ്ഞിട്ടേ 'പ്രഭേ' എന്നും വിളിച്ച്‌ ബെഡ്‌ റൂമിലേക്ക്‌ വരുമല്ലോ. അപ്പഴേ ഞാനും പറയും, ഇന്ന് ലീവാണെന്ന്"
അവൾ ദേഷ്യത്തോടെ എഴുന്നേറ്റ്‌ പോയി.
"പ്രഭേ, ചതിക്കരുത്‌. പ്രഭേ..."
ഒരു രക്ഷയുമില്ല, പോയി.
അയിഷു എന്റെ കവിളത്ത്‌ തോണ്ടി.
"വാപ്പീ"
"എന്താ അയിഷുക്കുട്ടീ?"
"അമ്മയെന്താ ഇന്ന് ലീവാണെന്ന് പറഞ്ഞത്‌?"
"ങേ!"
"എന്താ ഇന്ന് ലീവ്‌?"
"അത്‌..."
"പറ, എന്താ?"
കൊഴഞ്ഞു.
"പ്രഭേ..."
ഞാൻ നീട്ടി വിളിച്ചു.
"എടീ പ്രഭേ..."
ഞാൻ വൈകുന്നേരം സോഫയിലിരുന്ന് പത്രം വായിക്കുകയായിരുന്നു. പ്രഭ ജോലി കഴിഞ്ഞ്‌ ഹാളിലേക്ക്‌ വന്നു.
"ദേ.."
അവൾ എന്റെ മുഖത്തിനു നേരെ വിരൽ ചൂണ്ടി. ഞാൻ മുഖമുയർത്തി. വല്ലാത്ത ദേഷ്യത്തിലാണവൾ.
"എന്താ?"
ഞാൻ പത്രം മടക്കി സോഫയിലേക്കിട്ടു.
"ഇതിനി വയ്യ, മടുത്തു"
അവളുടെ മുഖത്ത്‌ ഇതു വരെ കാണാത്ത ഒരു ഭാവം.
"എന്ത്‌? എനിക്കൊന്നും മനസ്സിലാവുന്നില്ല"
"മടുത്തു നിങ്ങളുടെ കൂടെയുള്ള ഈ പൊറുതി"
ഞാൻ ഞെട്ടിപ്പോയി.
"എന്താ പ്രഭേ ഇപ്പോ ഉണ്ടായത്‌?"
ഞാൻ സോഫയിൽ നിന്നെഴുന്നേറ്റ്‌ അവളുടെ ചുമലിൽ കൈ വെച്ചു. അവൾ എന്റെ കയ്യ്‌ തട്ടി മാറ്റി.
"എന്നെ തൊടരുത്‌. ഇനി ഞാനും നിങ്ങളും ശരിയാവില്ല. എനിക്ക്‌ മടുത്തു. ഈ പൈങ്കിളി, വയ്യെനിക്ക്‌. എന്നെ വിട്ടേക്ക്‌"
അവൾ കൈ കൂപ്പി. ഞാൻ സ്തബ്ധനായിപ്പോയി.
അവൾ തിടുത്തിൽ മുറിയിലേക്ക്‌ ചെന്നു. അൽപ സമയങ്ങൾക്കു ശേഷം അവളുടെ സാധനങ്ങൾ കെട്ടിപ്പെറുക്കിക്കൊണ്ട്‌ ഒരു വാക്കു പോലും പറയാതെ കൊടുങ്കാറ്റു പോലെ ഇറങ്ങിപ്പോയി.
അപ്പോ ഞാൻ, അതായത്‌ പ്രഭയുടെ എഴുത്തുകാരൻ. അയാൾ ഇനിയില്ല. മരിച്ചു!
ഏച്ചുകെട്ട്‌:- പ്രഭ ഇനിയില്ല. പൈങ്കിളി ഒന്നു പരീക്ഷിച്ചതാണ്‌. പക്ഷേ, അതൊരു ലേബലാവാൻ പാടില്ല. മാത്രമല്ല, പ്രഭയുമായി മാനസികമായി വല്ലാതെ അടുത്തു പോയി. എനിക്ക്‌ വിട്ടു പോകാൻ കഴിയാത്തതു കൊണ്ടാണ്‌ അവളെ അങ്ങനെയാക്കിയത്‌. അവൾ പോകാനാഗ്രഹിക്കുന്നു. പോട്ടെ! അത്‌ മാത്രമല്ല, ഇനി എഴുത്തിൽ നിന്നും ഒരിടവേളയെടുക്കുന്നു. ഒന്നാമത്‌ ജോലിത്തിരക്കാണ്‌ കാരണം. പിന്നെ ചിലരുടെ പെട്ടെന്നുണ്ടായ അകൽച്ച, കൊഴിഞ്ഞു പോക്ക്‌. മനസ്സ്‌ ആകെ കലുഷിതമാണ്‌. പക്ഷേ, ലൈക്കും കമന്റുകളും ഇനിയുമുണ്ടാവും. എഴുത്ത്‌ കുറേക്കാലത്തേക്കില്ല. അതാണ്‌ നല്ലത്‌.

പ്രഭേ,
വല്ലാത്ത ബോറാണ്‌ നീയില്ലാതെ. ഈ വീട്‌ വല്ലാതെ ഞെരുങ്ങിയിരിക്കുന്നു. നീ നട്ട റോസയിൽ നിറയെ പൂക്കളുണ്ടിപ്പോ. അപ്പുറത്തെ വീട്ടിലെ ആർദ്ദ്രക്കുട്ടി ഇപ്പോഴും എന്നും രാവിലെ വന്ന് ഓരോ പൂവുകൾ പറിച്ച്‌ തലയിൽ ചൂടിക്കൊണ്ട്‌ പോകും. ഇന്നലെ ഇവിടെ വന്നിരുന്ന് കുറേ നേരം അവളെന്നോട്‌ സംസാരിച്ചു. ഞാൻ മെലിഞ്ഞു പോയത്രേ. അതൊക്കെ ആര്‌ ശ്രദ്ധിക്കുന്നു.
കഴിഞ്ഞയാഴ്ച വീണ്ടും ഗോപൻ വന്നിരുന്നു, എന്നെക്കൊണ്ട്‌ ആത്മകഥ എഴുതിക്കാൻ. ആത്മാവില്ലാത്ത എനിക്ക്‌ എന്ത്‌ ആത്മകഥ എന്ന് ചോദിച്ച്‌ ഞാൻ ഒഴിവാക്കി വിട്ടു. വീണ്ടും വരും എന്ന് പറഞ്ഞ്‌ പോയിരിക്കുകയാണ്‌ അയാൾ. ഇതിപ്പോ അയാളുടെ നാലാമത്തെ വരവാണ്‌. വെറുതേ നടന്ന് ചെരിപ്പ്‌ തീർക്കാം എന്നല്ലാതെ പ്രയോജനമുണ്ടാവില്ല. പിന്നെ 'എന്റെ പ്രഭ'യുടെ എട്ടാം പതിപ്പ്‌ ഈ ബുധനാഴ്ച ഇറങ്ങും. ഒരുപാട്‌ കത്തുകൾ ആ പുസ്തകത്തെപ്പറ്റി വരുന്നുണ്ട്‌. എല്ലാം വായിച്ചു. വേറെ പണിയൊന്നുമില്ലല്ലോ. പ്രഭേ, നിന്നോടാണ്‌ ആ കത്തുകളുടെ സംവേദനമത്രയും. പ്രേമലേഖനങ്ങൾ വരെയുണ്ട്‌ കത്തുകളിൽ.
അയിഷ കഴിഞ്ഞ ദിവസം വന്നിട്ട്‌ വീടൊക്കെ ഒന്നടിച്ചു വാരിയിട്ടു. എന്നെ ഒരുപാട്‌ വഴക്കു പറഞ്ഞു. അവൾ ഓസ്ട്രേലിയക്ക്‌ പോവുകയാണ്‌. മരുമോൻ വന്നില്ല. അവൻ നാട്ടിലേക്കിനി ഇല്ലാത്രേ. അയിഷയും കൂടി അവന്റെയടുത്തേക്ക്‌ പോകുമ്പോ ഇനി പേരക്കുട്ടികളെ കാണാൻ കഴിയില്ലല്ലോ എന്ന സങ്കടമുണ്ട്‌. പക്ഷേ, പോവണ്ട എന്ന് പറയാൻ കഴിയുമോ? എന്നെ ഒരുപാട്‌ വിളിച്ചതാണ്‌ ഒപ്പം പോകാൻ. വാപ്പിയിവിടെ ഒറ്റക്കെങ്ങനെ കഴിയും എന്ന് ചോദിച്ചു അവൾ. പക്ഷേ, ഞാനിവിടെ ഒറ്റക്കല്ലെന്നും ഒപ്പം നീയുണ്ടെന്നും അവൾക്കറിയില്ലല്ലോ. നിന്നെപ്പോലെ തന്നെ മണ്ടിയാണവൾ.
ആദർശ്ശ്‌ എറണാകുളത്ത്‌ പുതിയൊരു വില്ല വാങ്ങി. അവനും ഭാര്യയും രണ്ടാഴ്ചക്ക്‌ മുൻപ്‌ വന്നിട്ടുണ്ടായിരുന്നു. അവന്‌ പ്രമോഷനായി, ഡിവിഷൻ ഹെഡ്ഡായിട്ട്‌.
പ്രഭേ, എനിക്കവരോടിപ്പോ അസൂയയാണ്‌. വയസാം കാലത്ത്‌ സ്വന്തം മക്കളോട്‌ അസൂയയോ എന്ന് കരുതണ്ട. നമ്മളൊപ്പമുണ്ടായിരുന്ന 43 വർഷങ്ങൾ വളരെ ചുരുങ്ങിയ ഒരു കാലയളവായിരുന്നു. പക്ഷേ, നീ പോയിക്കഴിഞ്ഞുണ്ടായിരുന്ന 4 വർഷങ്ങൾ വളരെ നീണ്ടതും. ഇതൊക്കെ കാണുമ്പോൾ എന്റെ ലോകം കൂടുതൽ ചുരുങ്ങുകയാണ്‌. എന്താണെന്നറിയില്ല പ്രഭേ, നിന്റെ കാര്യത്തിൽ ഞാൻ വളരെ സ്വാർത്ഥനാണ്‌.
പ്രഭേ, നിനക്കോർമ്മയുണ്ടോ ഞാനന്ന് നിന്നെ സാരിയുടുപ്പിച്ചത്‌? 'ഇക്കിളിയെടുക്കുന്നു ചെക്കാ' എന്ന് പറഞ്ഞ്‌ പിടഞ്ഞു കൊണ്ട്‌ എന്റെ കണ്ണിലേക്ക്‌ നോക്കിയത്‌ ഞാനിപ്പോഴും മറന്നിട്ടില്ല. അന്നാണ്‌ നിന്റെ അരക്കെട്ടിൽ ഞാൻ ആദ്യമായി ചുംബിക്കുന്നത്‌. നീ വിറച്ചു പോയി. ഓർമ്മയുണ്ടോ അത്‌?
ഒരു രാത്രിയിൽ എന്റെ താടിയും മീശയും വടിച്ച്‌ എന്നെ വയസ്സു കുറഞ്ഞ ഒരു പയ്യനെപ്പോലെയാക്കി മാറ്റിയതും നീ മറന്നിട്ടുണ്ടാവില്ല. ഞാൻ രാവിലെ കണ്ണ്‌ തുറന്നപ്പോ എന്റെ മുന്നിൽ നീ കണ്ണാടി പിടിച്ചു. കാര്യമറിഞ്ഞ ഞാൻ വല്ലാതെ ദേഷ്യപ്പെട്ടു. ഒടുവിൽ നീ കരഞ്ഞു. ആദ്യമായും അവസാനമായും നീ കരഞ്ഞത്‌ അന്നായിരുന്നു. പിന്നീട്‌ നീ കരഞ്ഞിട്ടില്ല.
അന്നാദ്യമായി എന്റെ ബൈക്കിന്റെ പിന്നിൽ കേറിയപ്പോ നീ ബൈക്കിന്റെ വശത്തെ കുഴയിൽ പിടിച്ചാണിരുന്നത്‌. വഴിയോരത്ത്‌ ബൈക്കൊതുക്കി 'നമുക്ക്‌ ബസ്സിൽ പോകാം' എന്ന് ഞാൻ പറഞ്ഞപ്പോ നീ കാരണം ചോദിച്ചു. 'ഇങ്ങനെ രണ്ട്‌ പേരായിട്ടിരിക്കാനാണെങ്കിൽ നമുക്ക്‌ ബസ്സിൽ പോയാൽ പോരേ?' എന്ന് ഞാൻ ചോദിച്ചപ്പോൾ നീ അവിടെ വെച്ച്‌ എന്റെ കൈത്തലം കവർന്ന് കണ്ണുകളിലേക്ക്‌ നോക്കി. പിന്നീട്‌ നമ്മളായിട്ടായിരുന്നു നമ്മുടെ യാത്ര.
പ്രഭേ, നീ മരിക്കണ്ടായിരുന്നു. പക്ഷേ, ഞാനാഗ്രഹിച്ചതു പോലെയാണ്‌ സംഭവിച്ചത്‌. ഒന്നുകിൽ ഒരുമിച്ച്‌ അല്ലെങ്കിൽ നീ ആദ്യം എന്നായിരുന്നു നമ്മുടെ മരണത്തെപ്പറ്റി എന്റെ മോഹം. കാരണം ഞാൻ ആദ്യം മരിച്ചാൽ നീ ഒരുപാട്‌ വിഷമിക്കും. അത്‌ പാടില്ല. ഇതിപ്പോ എന്റെ വിഷമം. അത്‌ ഞാനനുഭവിച്ചോളാം.
അവസാനം മരണാസന്നമായ വേളയിൽ നീയെന്റെ കരം പിടിച്ച്‌ പറഞ്ഞത്‌ ഞാൻ മറന്നിട്ടില്ല.
"എനിക്ക്‌ നിന്റെ കൂടെ ജീവിച്ച്‌ കൊതി തീർന്നിട്ടില്ല ചെക്കാ. പക്ഷേ, ദൈവം ബാക്കി ജീവിക്കാൻ പറഞ്ഞത്‌ സ്വർഗ്ഗത്തിലാ. എന്റെ ചെക്കൻ വരുന്നത്‌ വരെ ഞാനൊന്നും കഴിക്കില്ല, കേട്ടല്ലോ"
പ്രഭേ, എന്റെ കണ്ണുനീർ കടലാസിൽ വീഴുന്നു. ബാക്കി കാര്യങ്ങൾ പിന്നീടാവാം.

No comments:

Post a Comment