Friday, October 30, 2015

കാട്ടാളന്മാരുടെ രാജ്യം

"അനാം, നീയറിഞ്ഞോ? ബീഫ്‌ കഴിച്ചു എന്നാരോപിച്ച്‌ ഒരാളെ കൊന്നിരിക്കുന്നു!"
കയ്യിലിരുന്ന കുട കൊണ്ട്‌ മേശമേൽ ശബ്ദമുണ്ടാക്കി നാരായണ പട്ടേൽ പറഞ്ഞു.
അനാം കടയിലെ ചില്ലു ഗ്ലാസിൽ റൊട്ടി അടുക്കി വെക്കുകയായിരുന്നു. അയാൾ ഭയവിഹ്വലതയോടെ കണ്ണുകൾ തുറന്നു പിടിച്ചു.
"എവിടെ?"
ഭീതി കൊണ്ട്‌ വിറങ്ങലിച്ച അയാളുടെ ശബ്ദം അടുപ്പിൽ വീണെരിഞ്ഞു.
"മഹാരാഷ്ട്രയില്‌"
നാരായണ പട്ടേലിന്റെ ശബ്ദത്തില്‌ അമ്പരപ്പും ദേഷ്യവും തലയുയർത്തി നിന്നു. അനാം റൊട്ടി പെറുക്കിക്കൊണ്ടിരുന്ന പാത്രം നിലത്തേക്കിട്ടെന്ന പോലെ മേശപ്പുറത്ത്‌ വെച്ചു.
"ഇന്ത്യയിൽ തന്നെയോ?"
അയാളുടെ ശബ്ദം വിറച്ചു.
"അതേന്നേ. നായ്ക്കൾ! മൃഗങ്ങളുടെ പേരിൽ മനുഷ്യരെ കൊല്ലുന്ന ഒരു നാടായിരിക്കുന്നു ഇത്‌"
അനാം വിറച്ചു കൊണ്ട്‌ അവിടെക്കിടന്ന ബെഞ്ചിലേക്കിരുന്നു.
"പക്ഷേ ഭയ്യാ, നിങ്ങളെങ്ങനെ വാർത്തയറിഞ്ഞു, പത്രം വന്നില്ലല്ലോ?"
"ടിവിയിൽ കണ്ടതാണ്‌. ഇന്നലെ രാത്രിയാണ്‌ സംഭവം"
അനാം താടിക്ക്‌ കൈ കൊടുത്തു. അപ്പഴേക്കും പത്രക്കാരൻ വന്നു. സൈക്കിൾ നിർത്താതെ തന്നെ ഒരു സർക്കസ്‌ അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ സൈക്കിളിന്റെ കാരിയറിൽ നിന്നും പത്രമെടുത്ത്‌ കടയിലേക്ക്‌ വീശിയെറിഞ്ഞു. പത്രം അന്തരീക്ഷത്തിലൂടെ ഒന്ന് കറങ്ങി കൃത്യം കടയിലെ ഡെസ്കിനു മുകളിൽ വന്ന് വീണു. അനാം ധൃതിയിൽ പത്രം കൈക്കലാക്കി.
"വാർത്തയുണ്ടോ എന്ന് നോക്കട്ടെ"
"ഉണ്ടാവില്ല. ഇന്നലെ രാത്രി നടന്നതാണ്‌"
നാരായണ പട്ടേൽ ഇരുന്നയിടത്തു നിന്നും അനങ്ങാതെ പറഞ്ഞു.
അനാമിന്റെ കണ്ണുകൾ പത്രത്തിന്റെ മുൻപേജിലൂടെ ഓടി നടന്നു.
"അല്ല, ഉണ്ട്‌"
അയാൾ ഒന്നു ഞെട്ടിയതായി തോന്നി. പട്ടേൽ ധൃതിയിൽ അയാൾക്കരികിലേക്ക്‌ വന്നു.
"അല്ല, ഇതെങ്ങനെ പത്രത്തിൽ...?"
അയാൾ അത്ഭുതം കൂറി.
"എന്താണ്‌ ഭയ്യാ ഇത്‌. ഇത്‌ സെൻസേഷണൽ ന്യൂസല്ലേ. വരാതെ പറ്റുമോ? മറ്റു പത്രക്കാർ കൊടുക്കുന്നതിനു മുൻപേ കൊടുത്താൽ സർക്കുലേഷനിൽ പോലും വ്യത്യാസമുണ്ടാവും"
അനാം പുച്ഛ സ്വരത്തിൽ പറഞ്ഞു.
"ശരിയാണ്‌. അതിനൊരു വർഗ്ഗീയ മുഖം കൂടി നൽകിയാൽ ചാനലുകൾക്ക്‌ ആഘോഷിക്കാനുള്ളതായി"
പട്ടേൽ അത്‌ ശരി വെച്ചു.
"എന്താണിവിടെയൊരു കൂട്ടം?"
റമീസിന്റെ ശബ്ദം അവരുടെ ശബ്ദങ്ങൾക്കു മുകളിൽ പതിച്ചു. അയാൾ ഒരു യുവ ആർക്കിടെക്ടാണ്‌.
"ങാ, റമീസ്‌. താനറിഞ്ഞില്ലേ ഈ വാർത്ത?"
അനാം പത്രം റമീസിനു നേരെ നീക്കി വെച്ചു.
"ഏത്‌ വാർത്ത?"
"ഈ വാർത്ത"
അനാം പത്രത്തിൽ ആ വാർത്ത ചൂണ്ടിക്കാട്ടിക്കൊടുത്തു.
"ഓ, അത്‌ ഞാനിന്നലെ അറിഞ്ഞു"
അയാളുടെ ശബ്ദത്തിലെ നിസ്സംഗത കണ്ട്‌ പട്ടേൽ അത്ഭുതം കൂറി.
"എന്ത്‌ പറഞ്ഞിട്ടെന്താ. എല്ലാം നശിക്കാറായി. പിന്നെ നമ്മൾ ഇവിടിരുന്ന് വെറുതേ ചർച്ച ചെയ്തിട്ടെന്താ കാര്യം?"
"ഈ തലമുറയുടെ കുഴപ്പമാണ്‌ ഭയ്യാ"
അനാം വീണ്ടും കടയ്ക്കുള്ളിലേക്ക്‌ കയറി.
"അനാം, ഒരു ചായ"
പട്ടേൽ കൈവിരൽ കൊണ്ട്‌ 'ഒന്ന്' എന്നാംഗ്യം കാണിച്ച്‌ പറഞ്ഞു.
"ങാ, റമീസ്‌ നിനക്കോ?"
അയാൾ ചില്ലു ഗ്ലാസ്‌ കയ്യിലിട്ട്‌ തിരുമിക്കഴുകുന്നതിനിടെ ചോദിച്ചു.
"ങാ, എനിക്കും"
സെൽഫോണിൽ നിന്ന് കണ്ണെടുക്കാതെ റമീസ്‌ പറഞ്ഞു.

ചായക്കടയിൽ തിരക്കു കൂടി.
'ചായ, റൊട്ടി, പോഹ'
പലർക്കും പല ആവശ്യങ്ങൾ. ചായ ഗ്ലാസുകൾ പല തവണ വന്നു പോയി. കൂലങ്കഷമായ ചർച്ചകൾ മേശക്കിരു വശവും നടന്നു. അഭിപ്രായങ്ങൾ ഒന്നൊഴിയാതെ വന്നു.
അൽപനേരം കഴിഞ്ഞപ്പോഴാണ്‌ അനാമിന്റെ മക്കൾ അവിടേക്ക്‌ വന്നത്‌. നാലും അഞ്ചും വയസ്സുള്ള പെൺകുട്ടികൾ. അവർ ഒരു ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു. രണ്ട്‌ ഗ്ലാസുകളിൽ ചായ അവരുടെ മുന്നിലെത്തി, ഒപ്പം റൊട്ടിയും ദാലും.
"ജമീലാ, നോക്കിപ്പോകണം. പട്ടിയെക്കണ്ടാൽ ഓടല്ലേ. അത്‌ പിന്നാലെ വരും"
ഒരു പൊതിയിൽ ഭാര്യക്കുള്ള ഭക്ഷണം കൊടുക്കുന്നതിനിടെ അനാം മക്കളോട്‌ പറഞ്ഞു. അപ്പോൾ റമീസ്‌ ചിരിച്ചു കൊണ്ട്‌ കുട്ടികൾക്കു നേരെ തിരിഞ്ഞു.
"ഓടണ്ട, മരത്തിൽ കേറിയാൽ മതി. അതാണിപ്പോ ഫാഷൻ"
"മരത്തിൽ കേറാൻ അറിയില്ല"
ജമീല ചുണ്ടു കൂർപ്പിച്ചു.
"വെറുതെയാ മക്കളേ. ഓടാതിരുന്നാൽ മതി. പൊയ്ക്കോ"
കുട്ടികൾ യാത്ര പറഞ്ഞ്‌ നടന്നു പോയി.
'പട്ടിയും പശുവും കൂടി മനുഷ്യനെ കൊല്ലുന്ന കാലം!'
അനാം പിറുപിറുത്തു കൊണ്ട്‌ അകത്തേക്ക്‌ കയറിപ്പോയി.
അൽപനേരം കഴിഞ്ഞു. കടയുടെ മുറ്റത്ത്‌, ഒരു തുറന്ന ജീപ്പ്പ്‌ പൊടി പടലങ്ങളുയർത്തിക്കൊണ്ട്‌ ബ്രേക്കിട്ടു. അതിൽ നിന്നും കയ്യിൽ വടിവാളുമായി ഒരു സംഘം യുവാക്കൾ ചാടിയിറങ്ങി.
"എവിടെയാ സംഭവം?"
അതിൽ കൊമ്പൻ മീശയുള്ള ഒരാൾ ചോദിച്ചു.
"ദേ, അവിടെ. തോടിന്റെ കരയിൽ"
കൂട്ടത്തിൽ ആരോ ഒരാൾ പറഞ്ഞു.
"വാ, പോകാം"
വീണ്ടും മീശക്കാരന്റെ കൽപന.
"ഏയ്‌, ഏയ്‌, ഏയ്‌ എന്താ പ്രശ്നം? എവിടേക്കാണെല്ലാവരും?"
വണ്ടിയിൽ നിന്ന് മണ്ണെണ്ണ ജാറുമായി കുതിക്കാൻ തുടങ്ങിയ സംഘത്തിനു മുന്നിലേക്ക്‌ ഓടിച്ചെന്ന് നാരായണ പട്ടേൽ ചോദിച്ചു.
"ഏയ്‌, പട്ടേൽ. മാറി നിൽക്ക്‌"
മീശക്കാരന്റെ ആജ്ഞ പട്ടേൽ വക വെച്ചില്ല.
"നിങ്ങൾ എന്താണ്‌ കാര്യമെന്ന് പറയൂ?"
"ആരോ രണ്ട്‌ പേർ അന്യമതക്കാർ നമ്മുടെ മതത്തിന്റെ ചിഹ്നത്തെ അപമാനിച്ചെന്ന്. കൊടി വലിച്ചൂരിയെന്ന്"
മീശക്കാരൻ കോപിച്ചു കൊണ്ട്‌ പറഞ്ഞു.
"അതിനവരെ ചുട്ടെരിക്കണോ? ഞാൻ സമ്മതിക്കില്ല"
പട്ടേൽ അങ്ങനെ പറഞ്ഞ്‌ കൈ നിവർത്തി അവരുടെ മുന്നിലേക്ക്‌ നിന്നതും മീശക്കാരന്റെ കയ്യിലെ വടിവാൾ ഉയർന്നു താഴ്‌ന്നതും ഒരുമിച്ചായിരുന്നു. പട്ടേൽ ഒരു ഞരക്കത്തോടെ നിലത്തേക്ക്‌ വീണു. ഓടിക്കൂടാൻ തുടങ്ങിയ ആൾക്കൂട്ടത്തിനു നേർക്ക്‌ തോക്കു ചൂണ്ടി മീശക്കാരൻ അലറി:
"ഒറ്റയൊരെണ്ണം അനങ്ങിപ്പോകരുത്‌. ഗതി ഇതായിരിക്കും അവർക്ക്‌"
ആൾക്കൂട്ടം സ്തംഭിച്ചു നിന്നു.
"നിങ്ങള്‌ പോ"
അയാൾ തിരിഞ്ഞ്‌ തന്റെ സംഘത്തോട്‌ പറഞ്ഞു. അവർ മണ്ണെണ്ണപ്പാത്രവുമായി പുഴവക്കത്തേക്കോടി. മീശക്കാരന്റെ തോക്കിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനക്കൂട്ടം വിയർത്തു കുളിച്ചു.
നിമിഷങ്ങൾക്കുള്ളിൽ പുഴയോരത്തു നിന്നും ഒരാരവം കേട്ടു.
"അവന്മാർ പണി പറ്റിച്ചു"
വികൃതമായി ചിരിച്ചു കൊണ്ട്‌ മീശക്കാരൻ പറഞ്ഞു. അയാൾ ഓടി പുഴവക്കത്തേക്ക്‌ ചെന്നു, ഒപ്പം നാട്ടുകാരും. അവിടെ കത്തിക്കൊണ്ടിരിക്കുന്ന രണ്ട്‌ കുഞ്ഞ്‌ ശരീരങ്ങളുണ്ടായിരുന്നു. അവർക്കരികിൽ മൂന്നാമതും ഗർഭിണിയായ അവരുടെ അമ്മയ്ക്കുള്ള ഭക്ഷണം തീച്ചൂടേറ്റ്‌ പൊള്ളുന്നുണ്ടായിരുന്നു.

പിന്നീട്‌ ആ രാജ്യം പരസ്പരം കൊന്നു തിന്നുന്ന നരഭോജികളുടെതായി. ഒരു കൂട്ടം കാട്ടാളർ ആ നാട്ടിൽ നിറഞ്ഞു. ക്രമേണ അത്‌ ഒരു കാട്ടാളരാജ്യമായി. മുൻപ്‌ ആ നാടിന്റെ പേര്‌ 'ഭാരതം' എന്നായിരുന്നു. 'മതേതരത്തവും' 'നാനാത്വത്തിൽ ഏകത്ത്വവുമാ'യിരുന്നു ആ നാടിന്റെ സവിശേഷതകൾ.

No comments:

Post a Comment