Tuesday, April 21, 2015

ഇല്ലിക്കമലയുടെ നെറുകയിൽ

ഇല്ലിക്കൽ മല.
ഈരാറ്റുപേട്ട-തീക്കോയി- അടുക്കം. അടുക്കത്തു നിന്ന് ഏകദേശം 7 കിലോമീറ്ററാണ്‌ ഇല്ലിക്കൽ മലയിലേക്കുള്ള ദൂരം. മലയുടെ താഴ്‌വര വരെ പുതുതായി ടാർ ചെയ്ത റോഡായതു കൊണ്ട്‌ യാത്ര സുഖമാണ്‌. ചെങ്കുത്തായ കയറ്റങ്ങളും ഹെയർപിൻ വളവുകളുമൊക്കെയായി ആ റോഡിലൂടെയുള്ള യാത്ര ഒരൽപം നെഞ്ചിടിപ്പുണ്ടാക്കുന്നതാണ്‌. റോഡിന്‌ ഒരുപാട്‌ വീതിയൊന്നുമില്ല. അലക്ഷ്യമായി വണ്ടിയോടിച്ചാൽ താഴെ അടുക്കത്തോ ഈരാറ്റുപേട്ടയിലോ ഒക്കെയായി അന്ത്യവിശ്രമം കൊള്ളേണ്ടി വരും.
അടുക്കത്തു നിന്നുള്ള പുതിയ റോഡിലേക്ക്‌ കയറി കുറച്ച്‌ കഴിയുമ്പോൾ തന്നെ സുഖകരമായ കാലാവസ്ഥ തുടങ്ങും. തണുത്ത കാറ്റ്‌ സൗമ്യമായു വീശിക്കൊണ്ടിരിക്കും.
'എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം'
എന്ന കവിഭാഷ്യം പോലെയാണ്‌ ആ യാത്രയിലെ കാഴ്ചകൾ. ചുറ്റും മലനിരകളാണ്‌. പുള്ളിക്കാനം, വാഗമൺ അങ്ങിനെ ചുറ്റും പച്ചപ്പ്‌ മാത്രം. വഴിയിലുട നീളം പനയുടെ വർഗ്ഗത്തിൽ പെട്ട ഏതോ ഒരു മരം, പേരറിയില്ല. വളർന്നു തുടങ്ങിയിട്ടേയുള്ളൂ.
എത്തുന്നതിനു കുറേ മുൻപു തന്നെ മലയുടെ പിൻഭാഗം കാണാം. ഉയർന്ന് പ്രൗഢമായി നിൽക്കുന്ന ആ കാഴ്ച്ച തന്നെ സുന്ദരമാണ്‌. മലയിലേക്ക്‌ അടുക്കുന്നതിന്‌ മീറ്ററുകൾക്കിപ്പുറം ടാർ ചെയ്യാത്ത കുറച്ചു സ്ഥലമുണ്ട്‌. അവിടെ പണി നടക്കുന്നേയുള്ളൂ. പാറ പൊട്ടിച്ച്‌ താഴേക്ക്‌ കൂട്ടിയിട്ടിരിക്കുന്നു. അതു വഴി വരാം. പക്ഷേ, ശ്രദ്ധിക്കണം. റോഡിൽ ഒരുപാട്‌ കല്ലുകളുണ്ട്‌. അതിൽ കയറി ഒന്ന് തെന്നിയാൽ താഴെ കൂടിക്കിടക്കുന്ന കരിങ്കൽക്കൂട്ടങ്ങളിലാവും ചെന്ന് പതിക്കുക. എല്ല് പൊടിയ്ക്കാൻ പോലും ഒന്നും കിട്ടില്ല.
മലയിലേക്ക്‌ കയറാൻ രണ്ട്‌ വഴികളുണ്ട്‌. രണ്ടും ഒരാൾക്ക്‌ നടക്കാൻ കഴിയുന്നത്ര മാത്രം വീതിയുള്ള നടപ്പു വഴികൾ. മുകളിലെത്തണമെങ്കിൽ കുറച്ച്‌ നടക്കാനുണ്ട്‌. ഇടക്കിടെ കാണുന്ന പാറക്കൂട്ടങ്ങളിൽ അള്ളിപ്പിടിച്ച്‌ മുകളിലെത്തുമ്പോഴേക്കും നിങ്ങൾ അണച്ചു പോകും.
അവിടെത്തി കിതപ്പ്‌ മാറ്റാൻ ഒരു സിഗരറ്റും വലിച്ചു കൊണ്ട്‌ വിശ്രമിക്കേ സുഹൃത്താണ്‌ കാണിച്ചു തന്നത്‌.
"അളിയാ, വിട്ടില്‌ (ചീവീട്‌). പണിയാ. കണ്ടോ, ഒന്ന് മറ്റേതിന്റെ പുറത്ത്‌ കയറിയിരിക്കുന്നത്‌"
ഞാൻ ശ്രദ്ധിച്ചു. കുടുംബാസൂത്രണത്തിലാണ്‌ ചീവീട്‌ കുടുംബം. ഫോണിൽ ഫോട്ടോയെടുക്കാൻ ഞാനൊരു ശ്രമം നടത്തി. പോസ്‌ ചെയ്തില്ലാന്നു മാത്രമല്ല, അവർ ഫോൺ കൊണ്ടു പോകുന്നതിനനുസരിച്ച്‌ മാറി മാറിപ്പോവുകയും ചെയ്തു. അങ്ങനെ ആ ശ്രമം വിട്ടു.
അവിടെ നിന്നും വളരെ ശ്രദ്ധിച്ച്‌ താഴേക്കിറങ്ങി ഒരു നൂൽപ്പാലത്തിലെന്ന വണ്ണം, ഒരു പാദം മാത്രം ഒരു സമയത്ത്‌ വെക്കാൻ പറ്റുന്ന ഇടുങ്ങിയ വഴിയിലൂടെ താഴേക്ക്‌ നോക്കാതെ ഒരൽപം നടന്നാൽ നമുക്ക്‌ മലയുടെ മുനമ്പിനു താഴെയെത്താം. വലിയൊരു പാറയാണത്‌. 100 കണക്കിനു വർഷങ്ങൾക്കു മുൻപ്‌ ആ പാറയിൽ നിന്നും ഒരു കഷണം അടർന്നു വീണു എന്നാണ്‌ പറയപ്പെടുന്നത്‌. നോക്കിയാൽ അടർന്നു വീണെന്ന് തോന്നുകയും ചെയ്യും. ഈരാറ്റുപേട്ടയിൽ എവിടെ നിന്നു നോക്കിയാലും കാണാവുന്ന ഇംഗ്ലീഷ്‌ അക്ഷരം 'V' യുടെ ആകൃതിയിൽ ഒരു വിടവു കാണാം. ആ വിടവാണ്‌ ഈ വിടവ്‌.
പാറയിലൂടെ ഒരൽപം സാഹസികമായി മുകളിലേക്ക്‌ ഒരൽപം കയറിയാൽ ഒരു ഗുഹ കാണാം. പക്ഷേ, കേറുമ്പോ സൂക്ഷിക്കണം. ഒരു പാദചലനം പിഴച്ചാൽ നൂറടിയോളം താഴേക്കാണ്‌ നാം പതിക്കുക. പാറയിലൂടെ അള്ളിപ്പിടിച്ച്‌ കയറുമ്പോൾ രക്തം തണുത്തുറയുന്നതു പോലെ തോന്നാം, പതറരുത്‌. ഗുഹ തീരെ ചെറുതാണ്‌. ഇരുട്ടും ഭീതിയും നിറഞ്ഞ സങ്കീർണ്ണമായ ഒരവസ്ഥയാണപ്പോൾ നമുക്കുണ്ടാവുക. അവിടെ നിന്നും മുകളിൽ വിവരിച്ചതു സാവധാനം, വളരെ ശ്രദ്ധിച്ച്‌ തിരിച്ചിറങ്ങണം. എന്നിട്ട്‌ മലയുടെ മുകളിൽ ശുദ്ധമായ തണുത്ത കാറ്റേറ്റ്‌ പച്ചപ്പ്‌ ആസ്വദിച്ച്‌ കുറേ നേരം ഇരുന്നിട്ട്‌ മടങ്ങാം.

ഏച്ചുകെട്ട്‌:- അറിയപ്പെട്ടു തുടങ്ങിയിട്ടേയുള്ളൂ സ്ഥലം. കച്ചവടക്കണ്ണുകൾ പതിയാതിരുന്നാൽ നന്ന്

Sunday, April 19, 2015

ഡ്രാക്കുള റിട്ടേൺസ്

-അദ്ധ്യായം മൂന്ന്-

പിറ്റേന്ന് രാവിലെ എലീനയാണ്‌ ഗോമസിനെ വിളിച്ചുണര്‌ത്തിയത്‌.
"ഇതെന്തൊരുറക്കമാ? ഇതെന്താ, ഇന്നു പോകുന്നില്ലേ?"
ഗോമസ്‌ കട്ടിലിൽ എഴിന്നേറ്റിരുന്നു.
"സമയം എത്രയായി?"
"ഒമ്പതര"
"മൈ ഗോഡ്‌. പത്തു മണിക്കാണ്‌ ബസ്സ്‌. സമയമില്ല"
അയാൾ പെട്ടെന്നെഴുന്നേറ്റ്‌ ബ്രഷിൽ പേസ്റ്റ്‌ ചാലിച്ച്‌ വാഷ്‌ ബേസിനരികിൽ വന്ന് ബ്രഷ്‌ ചെയ്യാൻ തുടങ്ങി.
പെട്ടെന്ന് കോളിംഗ്‌ ബെല്ലടിച്ചു. എലീന വാതിൽ തുറന്നു.
റൂം ബോയിയാണ്‌. അവൻ അകത്തേക്ക്‌ വന്ന് ഇരുവർക്കുമുള്ള ഭക്ഷണം മേശപ്പുറത്തേക്ക്‌ വെച്ചു.
"ഇവിടുന്ന് എപ്പഴൊക്കെയാണ്‌ ബിസ്റ്റ്രിറ്റ്സിലേക്ക്‌ വണ്ടിയുള്ളത്‌?"
ഗോമസ്‌ ചോദിച്ചു.
"ഇരുപത്‌ മിനിട്ടിനകം ഉണ്ട്‌ സാർ"
"അവിടെ നിന്ന് ബുക്കോവിനയ്ക്കോ?"
ബുക്കോവിന എന്ന് പേര്‌ കേട്ടപ്പോൾ അവനൊന്ന് ഞെട്ടിയതായി തോന്നി.
"സർ എവിടേക്കാണ്‌ പോകുന്നത്‌?"
പതിഞ്ഞ ശബ്ദത്തിൽ അവൻ ചോദിച്ചു. അവന്റെ ചോദ്യത്തിൽ ഭയം കൂടു കൂട്ടിയിരുന്നു.
"ട്രാൻസില്വേനിയയിലേക്ക്‌"
ഗോമസിന്റെ മറുപടി കേട്ടതും റൂം ബോയ്‌ സ്തബ്ധനായി നിന്നു.
"പറയൂ, ബുക്കോവിനയ്ക്ക്‌ എപ്പോഴാണ്‌ വണ്ടി?"
ആ ചോദ്യം അവനിൽ ഒരു ഞെട്ടലുണ്ടാക്കി.
"അത്‌ ബിസ്റ്റ്രിറ്റ്സിൽ ചോദിച്ചാൽ അറിയാം സാർ"
അത്രയും പറഞ്ഞ ശേഷം അവൻ അവിടെ നിന്നും നിഷ്ക്രമിച്ചു.
"ആരെയാണ്‌ അവൻ ഭയക്കുന്നത്‌?"
എലീന ആരോടെന്നില്ലാതെ ചോദിച്ചു.
"ഡ്രാക്കുള പ്രഭുവിനെ"
അത്‌ പറഞ്ഞ്‌ ഗോമസ്‌ പൊട്ടിച്ചിരിച്ചു.
എലീനയ്ക്ക്‌ എന്തോ ആ തമാശയിൽ പങ്കു ചേരാൻ തോന്നിയില്ല.

റിസപ്ഷനിലേക്ക്‌ താക്കോൽ ഏൽപ്പിക്കുമ്പോൾ റിസപ്ഷനിലെ തള്ള അവരെ വല്ലാതെയൊന്നു നോക്കി.
"നിങ്ങളെങ്ങോട്ടാണ്‌ പോകുന്നത്‌?"
ഗോമസും എലീനയും പരസ്പരം മുഖത്തേക്ക്‌ നോക്കി.
"അതെ, ഞങ്ങൾ ഡ്രാക്കുളക്കോട്ടയിലേക്കാണ്‌!"
ഗോമസ്‌ മുഖവുരയൊന്നും കൂടാതെ നിസ്സംഗതയോടെ പറഞ്ഞു.
"ഞങ്ങൾ പഴയ ആൾക്കാരുടെ വിശ്വാസമാണെന്നു കരുതിക്കോളൂ. അവിടേക്കുള്ള പോക്ക്‌ അത്ര നല്ലതല്ല."
ഇത്രയും പറഞ്ഞ്‌ അവർ എലീനയുടെ കഴുത്തിലേക്ക്‌ നോക്കി. കോട്ടിന്റെ തുറന്നു കിടന്ന മുകളിലെ ബട്ടണിടയിലൂടെ അവളുടെ കഴുത്തിലെ കുരിശുമാല കണ്ടത്‌. ഗോമസിന്റെ കഴുത്തിനു നേരെയും അവരുടെ നോട്ടം നീണ്ടു. പെട്ടെന്ന് തന്നെ ഗോമസ്‌ പറഞ്ഞു.
"ഉണ്ട്‌. എന്റെ കഴുത്തിലുണ്ട്‌"
ചിരിച്ചു കൊണ്ട്‌ അയാൾ തന്റെ കഴുത്തിൽ മാലയ്ക്കായി പരതി. അടുത്ത നിമിഷം ഒരു ഞെട്ടലോടെ അയാൾ അറിഞ്ഞു. മാലയില്ല! അയാൾക്ക്‌ ഒരു ഉൾക്കിടിലമുണ്ടായി.
"എന്താ, മാല കാണുന്നില്ലേ?"
അയാളുടെ പരിഭ്രമം കണ്ട തള്ള ചോദിച്ചു.
"ഓ, ഞാനിന്നലെ കുളിക്കാൻ കയറിയപ്പോൾ കുളിമുറിയിൽ ഊരി വെച്ചതാണ്‌. എടുക്കാൻ മറന്നു."
ഓർത്തെടുത്തു കൊണ്ട്‌ ഗോമസ്‌ തുടർന്നു.
"പ്ലീസ്‌, ആ താക്കോലൊന്നു തരൂ"
സ്ത്രീ താക്കോൽ അയാളുടെ കയ്യിൽ കൊടുത്തു. താക്കോൽ കിട്ടേണ്ട താമസം, അന്തം വിട്ടു നിൽക്കുന്ന എലീനയുടെ അടുക്കൽ തന്റെ ബാഗ്‌ വെച്ചിട്ട്‌ അയാൾ മുകളിലേക്ക്‌ കുതിച്ചു.
അയാൾ കുതിച്ചിറങ്ങി വന്നപ്പോഴേക്കും ബസ്സ്‌ വന്നു കഴിഞ്ഞു.
ഇനി ഡ്രാക്കുളക്കോട്ടയിലേക്ക്‌.
ബസ്സ്‌ ബോർഗ്ഗോ മലയിടുക്കിലേക്കു പ്രവേശിച്ചു. ആളുകൾ ഓരോന്നായി കൊഴിഞ്ഞു കൊണ്ടിരുന്നു. ഇനി ബസ്സിലേക്ക്‌ കയറാനുള്ളവർ ഇല്ല. ഇറങ്ങാനുള്ളവരാണ്‌ എല്ലാം.
ബിസ്ട്രിറ്റ്സിൽ ബസ്സ്‌ എത്തിയപ്പോൾ ഒരു മണി കഴിഞ്ഞിരുന്നു. ബസ്സിൽ നിന്നും അവർ പുറത്തിറങ്ങി. വയർ കത്തിയാളുകയാണ്‌. അവർ ഉച്ചഭക്ഷണം കഴിക്കാനായി ചെറിയ ഒരു ഹോട്ടലിലേക്ക്‌ കയറി.
ഭക്ഷണം കഴിഞ്ഞിറങ്ങിയപ്പോൾ ബുക്കോവിനയ്ക്കുള്ള ബസ്സ്‌ നിറുത്തിയിട്ടിരിക്കുന്നു. അവർ ബസ്സിലേക്ക്‌ കയറി.
ബസ്സ്‌ നീങ്ങിത്തുടങ്ങി. വികസിതമല്ലാത്ത ചെറിയ പട്ടണങ്ങളിൽക്കൂടിയാണ്‌ ബസ്സ്‌ പോകുന്നത്‌. ഇടക്കിടെ പച്ചപ്പ്‌ കാണാം.
"എവിടേക്കാ?"
കണ്ടക്ടറുടെ ചോദ്യം കേട്ടാണ്‌ എലീന പുസ്തകത്തിൽ നിന്നും തലയുയർത്തിയത്‌.
"ബുക്കോവിന"
ഗോമസ്‌ നോട്ടുകൾ കണ്ടക്ടർക്കു നേരെ നീട്ടി.
അയാൾ അൽപമൊന്നമ്പരന്നു.
"ബുക്കോവിനയ്ക്കോ?"
"അതെ"
ഗോമസ്‌ നിസ്സംഗനായിരുന്നു.
അത്ഭുതവും ഭയവും നിറയുന്ന മുഖത്തോടെ അയാൾ ടിക്കേറ്റ്ഴുതി.
പൈൻ മരങ്ങളും സുന്ദരമായ പുൽത്തകിടികളുമാണ്‌ പുറത്തെ കാഴ്ച്ചകൾ. അൽപസമയത്തിനുള്ളിൽ തന്നെ പച്ചപ്പിന്റെ സൗന്ദര്യം മാറി അന്തരീക്ഷം പരുക്കനായിത്തുടങ്ങി. തരിശു ഭൂമികൾ കാണാൻ തുടങ്ങി. അകലെ കാർപ്പേത്യൻ മലനിരകളുടെ ഗിരിശൃംഗങ്ങൾ ഉയർന്നു നിൽക്കുന്നു.
ബസ്സ്‌ ബുക്കോവിനയിലെത്തിയപ്പോൾ ബസ്സിനുള്ളിൽ യാത്രക്കാരായി ഗോമസും എലീനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കണ്ടക്ടർ അൽപമൊന്നു ശങ്കിച്ച ശേഷം അവർക്കരികെ വന്നിരുന്നു.
"ബുക്കോവിനയിൽ നിന്നും എങ്ങോട്ടാണ്‌?"
ഗോമസ്‌ ഒന്നു ചിരിച്ചു.
"കോട്ടയിലേക്കാണ്‌"
കണ്ടക്ടർ പെട്ടെന്നെന്തോ പറയാൻ തുടങ്ങി. അപ്പോൾ തന്നെ ഗോമസ്‌ കഴുത്തിലെ കുരിശുമാല ഉയർത്തിക്കാട്ടി. അത്‌ കണ്ടപ്പോൾ കണ്ടക്ടർ ഒന്നു നിശ്വസിച്ചു.
"പക്ഷേ, ശ്രദ്ധിക്കണം"
ഗോമസ്‌ മറുപടിയായി ഒന്നു മന്ദഹസിച്ചു.
അഞ്ചു മണിയായപ്പോഴാണ്‌ ബസ്സ്‌ ബുക്കോവിനയിലെത്തിയത്‌.
"ദാ, അവിടുന്ന് ട്രാൻസില്വേനിയയിലേക്ക്‌ കുതിര വണ്ടി കിട്ടും. അവിടേക്ക്‌ ബസ്സ്‌ സർവ്വീസില്ല"
ഗോമസിനും എലീനയ്ക്കും പിറകെ ബസ്സിൽ നിന്നിറങ്ങിയ കണ്ടക്ടർ ഒരു കുതിര വണ്ടി മാത്രം നിർത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്ക്‌ കൈ ചൂണ്ടി.
കണ്ടക്ടർക്ക്‌ നന്ദി പറഞ്ഞു കൊണ്ട്‌ അവർ കുതിര വണ്ടിക്കടുത്തേക്ക്‌ നടന്നു.
കുതിര വണ്ടിയിൽ പൂട്ടിയിരുന്ന രണ്ട്‌ കുതിരകളും വയസ്സരും ക്ഷീണിതരുമായിരുന്നു. വണ്ടിക്കാരനായ കിഴവൻ വണ്ടിക്കുള്ളിൽ കിടന്ന് കൂർക്കം വലിച്ച്‌ ഉറക്കമാണ്‌. ഗോമസ്‌ ഒന്നു രണ്ടു തവണ അയാളെ 'ഹേയ്‌' എന്നു വിളിച്ച്‌ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അത്‌ പരാജയപ്പെട്ടപ്പോൾ അയാൾ വൃദ്ധനെ തട്ടി വിളിച്ചു. അയാൾ ഒന്നു ഞരങ്ങിയ ശേഷം ചാടിയെഴുന്നേറ്റ്‌ ചാട്ട കയ്യിലെടുത്തു.
"എവിടേക്കാ?"
അൽപം മുരണ്ട ശബ്ദത്തിൽ അയാൾ ചോദിച്ചു.
"ട്രാൻസില്വേനിയ"
വൃദ്ധൻ തന്റെ ചത്ത കണ്ണുകൾ കൊണ്ട്‌ അവരെയൊന്ന് ചുഴിഞ്ഞു നോക്കി.
"കോട്ടയിലേക്കാണോ?"
"അതെ"
"ശരി, കേറ്‌"
ഗോമസും എലീനയും കുതിര വണ്ടിയിലേക്കു കയറി.
വണ്ടി നീങ്ങിത്തുടങ്ങി. വയസ്സായ കുതിരകളെ വൃദ്ധൻ ചാട്ട കൊണ്ട്‌ ആഞ്ഞു പ്രഹരിച്ചു കൊണ്ടിരുന്നു. എന്നാൽ അവ ഒരിക്കലും വേഗത്തിൽ നടന്നില്ല. മടുത്ത വണ്ടിക്കാരൻ പ്രഹരം നിർത്തി. കുതിരകൾ മെല്ലെ നടന്നു. ഇരു വശത്തേയും മങ്ങിയ വെളിച്ചത്തെ ഇരുട്ടിലേക്കാവാഹിച്ചു കൊണ്ട്‌ സമയം മുന്നോട്ടു പോയി.
കുതിര വണ്ടിയേക്കാൾ വേഗത്തിൽ സമയം കടന്നു പോയി. സന്ധ്യ കഴിഞ്ഞ്‌ രാത്രിയുടെ വരവായി. നിലാവുണ്ട്‌.
വണ്ടി മോൾഡേവിയൻ താഴ്‌വരയിലേക്കു പ്രവേശിച്ചു. അടുത്ത്‌ കാർപ്പേത്യൻ മല തന്റെ ഉയരത്തിന്റെ ബലത്തിൽ അവരെ പരിഹസിച്ചു കൊണ്ട്‌ ഉയർന്നു നിൽക്കുന്നു. ചുറ്റും നിശബ്ദമായ ഇരുട്ടിലെ ക്രൂര ശബ്ദങ്ങൾ. അടിയിൽ തൂക്കിയിരിക്കുന്ന റാന്തലിന്റെ നേരിയ വെളിച്ചത്തിൽ കുതിര വണ്ടി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.
നിശയുടെ മൂടു പടം കൂടുതൽ ശക്തമായതോടെ എലീന ഉറക്കത്തിലേക്ക്‌ വഴുതി വീഴാൻ തുടങ്ങി.
"നീ കിടന്നോളൂ"
ഗോമസ്‌ അവളോട്‌ പറഞ്ഞു.
കുറച്ചു സമയം ആലോചിച്ച ശേഷം അവൾ വണ്ടിക്കുള്ളിലേക്ക്‌ ചാഞ്ഞു.
-------------------------------------------
ചുറ്റും കട്ട പിടിച്ച ഇരുട്ടാണ്‌. കുതിര വണ്ടി കോട്ടയിൽ നിന്നും മീറ്ററുകൾ മാത്രം അകലെയാണിപ്പോൾ. ചുറ്റും കാർപ്പേത്യൻ മലനിരകളാണ്‌. മുന്നോട്ടുള്ള വഴി മോശമായിക്കൊണ്ടിരിക്കുന്നു.
എലീന ഉറക്കമാണ്‌. ഗോമസ്‌ ഏതോ പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു.
അൽപ സമയം കഴിഞ്ഞു. ദൂരെയെവിടെ നിന്നോ ഒരു ചെന്നായയുടെ ഓരിയിടൽ. അതിന്‌ ഐക്യദാർഢ്യമെന്നോണം ഒന്നിനു പിറകെ ഒന്നായി ധാരാളം ചെന്നായ്ക്കളുടെ ഓരിയിടൽ അവിടെ മുഴങ്ങി. ഗോമസ്‌ പുസ്തകത്തിൽ നിന്നും തലയുയർത്തി. നേരിയ ഒരു ഭയം അയാളെ പിടികൂടി.
"അതാ, അതാണ്‌ കോട്ട"
വൃദ്ധന്റെ ശബ്ദം കേട്ട ഗോമസ്‌ തലയുയർത്തി നോക്കി. നിലാവിന്റെ പ്രകാശത്തിൽ അയാൾ കണ്ടു, തൊട്ടു മുന്നിൽ പ്രൗഢമായി ഉയർന്നു നിൽക്കുന്ന ഡ്രാക്കുളക്കോട്ട!

കോട്ടയ്ക്കു മുന്നിലെത്തിയപ്പോൾ വൃദ്ധൻ വണ്ടി നിർത്തി. ഗോമസ്‌ എലീനയെ വിളിച്ചുണർത്തി. അവൾ പെട്ടെന്ന് തന്നെ എഴുന്നേറ്റു. നല്ല തണുപ്പുണ്ട്‌. അവൾ തന്റെ ബാഗിൽ നിന്നും ഒരു സ്വെറ്റർ എടുത്ത്‌ ധരിച്ചു. അവർ വണ്ടിയ്ക്കുള്ളിൽ നിന്നും പുറത്തിറങ്ങി. ചോദിച്ചതിനേക്കാൾ അധികം കൂലി കൊടുത്തതു കൊണ്ടാവണം, വൃദ്ധൻ കൃതഞ്ജതയോടെ അവരെ നോക്കി.
"കോട്ടയുടെ മുന്നിൽ വലിയ കിടങ്ങുണ്ട്‌. കോട്ടവാതിലിൽ നിന്നും നീണ്ടു കിടക്കുന്ന വള്ളിയിൽ പിടിച്ചു വലിച്ചാൽ കിടങ്ങിനു കുറുകെ അതൊരു പാലമാകും. അതു വഴി കോട്ടയിൽ കടക്കാം.
ഇത്രയും പറഞ്ഞ ശേഷം അയാൾ തിരിഞ്ഞ്‌ വണ്ടിയിലേക്ക്‌ കയറി. ചാട്ടയടിയുടെ ശബ്ദം മുഴങ്ങി. കുതിരവണ്ടി സാവധാനം നീങ്ങിത്തുടങ്ങി. ഗോമസ്‌ തന്റെ കയ്യിലുണ്ടായിരുന്ന ടോർച്ചെടുത്ത്‌ കോട്ടവാതിൽക്കലേക്ക്‌ പ്രകാശിപ്പിച്ചു. വണ്ടിക്കാരൻ പറഞ്ഞ കിടങ്ങ്‌ അയാൾ കണ്ടു. ഗോമസ്‌ തന്റെ ടോർച്ച്‌ ചുറ്റും പ്രകാശിപ്പിച്ചു. അയാൾ പറഞ്ഞ വള്ളി തേടുകയായിരുന്നു ഗോമസ്‌. താമസിയാതെ അയാൾ അത്‌ കണ്ടെത്തി. കിടങ്ങിനിപ്പുറം ഒരു മരക്കുറ്റിയിൽ കെട്ടിയിരുന്ന ആ വള്ളി കുറച്ചു ശക്തിയിൽ അയാൾ വലിച്ചു. വലിയൊരു ശബ്ദത്തോടെ കോട്ടയുടെ ഊക്കൻ വാതിൽ കിടങ്ങിനു കുറുകെ വലിയൊരു പാലം പോലെ വീണു. ഭീകരമായ ആ ശബ്ദത്തിൽ അവിടമാകെ പ്രകമ്പനം കൊണ്ടു.
'ഓ, ജീസസ്‌'
എലീന അറിയാതെ വിളിച്ചു പോയി.
വാതിൽപ്പാലത്തിലേക്ക്‌ ആദ്യം കാലെടുത്തു വെച്ചത്‌ ഗോമസാണ്‌. അയാൾക്കു പിറകെ എലീനയും പാലത്തിൽ കയറി. അവർ കോട്ടയിലേക്ക്‌ നടന്നു. ഗോമസ്‌ കോട്ടയ്ക്കുള്ളിൽ കാൽ കുത്തേണ്ട താമസം ഊക്കനൊരു മിന്നൽ; പിറകെ കാതടപ്പിക്കുന്ന ഇടിയൊച്ചയും! അവർ ഇരുവരും അറിയാതെ ഒന്നു ഞെട്ടി. അടുത്ത നിമിഷം ആയിരക്കണക്കിന്‌ ചെന്നായ്ക്കളുടെ ഓരിയിടൽ അവിടെ മുഴങ്ങി. അസംഖ്യം എലികൾ കോട്ടയ്ക്കുള്ളിൽ നിന്നും കൂട്ടത്തോടെ പുറത്തേക്കു വന്നു. അവയ്ക്കു പിന്നാലെ ദുസ്സഹമായ ശബ്ദം പുറപ്പെടുവിച്ച്‌ കുറേ കടവാവലുകളും പുറത്തേക്ക്‌ പറന്നു. അറിയാത്ത എന്തോ ഒരു ഭയം തന്നെ പിടികൂടിയിരിക്കുന്നു എന്ന് ഗോമസിനു തോന്നി. അതിൽ നിന്നും രക്ഷപ്പെടാനെന്ന വണ്ണം ഗോമസ്‌ കുരിശിൽ മുറുകെപ്പിടിച്ചു. അടുത്ത നിമിഷം ചെന്നായ്ക്കളുടെ ഓരിയിടൽ ഒരു സ്വിച്ചിട്ടതു പോലെ അവസാനിച്ചു.
ഗോമസ്‌ തിരിഞ്ഞ്‌ എലീനയെ നോക്കി. ഭയവും അത്ഭുതവും ആകാംക്ഷയുമൊക്കെ ആ മുഖത്ത്‌ സമ്മേളിച്ചിരുന്നു.
"താൻ ഭയന്നിരിക്കുന്നു, അല്ലേ?"
അവൾ മെല്ലെ തല കുലുക്കി.
"വളരെ പഴയ കൊട്ടാരമല്ലേ. ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം"
അവർ കോട്ടയ്ക്കുള്ളിലേക്കു കടന്നു. എന്നിട്ട്‌ അയാൾ തുടർന്നു.
"എലികളൊക്കെയുണ്ടാവും"
വിശാലമായ ഒരു ഹാളിലാണ്‌ അവർ എത്തിയത്‌. ഒരു മെഴുകുതിരി വെളിച്ചം പോലും ആ മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്നില്ല. ഗോമസ്‌ തന്റെ ടോർച്ച്‌ പ്രകാശിപ്പിച്ചു. പൊടി പിടിച്ച മേശകൾ, കസേരകൾ, മാറാല തൂങ്ങുന്ന മച്ച്‌. പൊടി പുരണ്ട അമൂല്യമായ ചിത്രങ്ങൾ ചുവരിൽ തൂങ്ങുന്നു. അതൊക്കെക്കണ്ട്‌ ഗോമസിൽ നിന്നും ആഹ്ലാദസൂചകമായ ഒരു ശബ്ദം പുറപ്പെട്ടു.
"ഒരു മാസമല്ല, ഒരു വർഷം പഠനം നടത്താനുള്ള വകുപ്പുണ്ട്‌ കോട്ടയിൽ"
അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.
ഉടൻ തന്നെ ഗോമസ്‌ തന്റെ ബാഗിൽ നിന്നും ഒരു മെഴുകുതിരിയും ലൈറ്ററുമെടുത്തു. മെഴുകുതിരി കത്തിച്ച്‌ അയാൾ അത്‌ ഒരു മേശ മേൽ സ്ഥാപിച്ചു. ഗോമസ്‌ തന്റെ ടോർച്ച്‌ പ്രകാശിപ്പിച്ച്‌ ഭിത്തിയിലേക്കടിച്ചു. കുറച്ചു സമയം ഭിത്തിയിൽ പരതി നടന്ന പ്രകാശ ഗോളം അവസാനം ചുവരിലെ ഏറെ പഴക്കമുള്ള സ്വിച്ച്നു മുകളിൽ ചെന്നു പതിച്ചു. അയാൾ മുന്നോട്ടു നടന്നു ചെന്ന് സ്വിച്ച്‌ ഓണാക്കി. ഹാളിന്റെ നടുവിൽ ഒരു ബൾബ്‌ ചിമ്മി കണ്ണു തുറന്നു. ബൾബ്‌ പൊടി കൊണ്ട്‌ മൂടിയിരുന്നു. അയാൾ തന്റെ തൂവാലയെടുത്ത്‌ ബൾബ്‌ തുടച്ചു. മോശമല്ലാത്ത ഒരു പ്രകാശം ബൾബിൽ നിന്ന് പുറപ്പെട്ടു.
ഇരുട്ടിന്റെ കനത്ത കരിമ്പടം നീങ്ങി വെളിച്ചത്തിന്റെ സുഖകരമായ അന്തരീക്ഷത്തിലേക്ക്‌ വന്നതു കൊണ്ടാവണം എലീനയിൽ നിന്നും ഒരു ദീര്‌ഘനിശ്വാസമുയർന്നു.
ഗോമസ്‌ ആ ഹാൾ മുഴുവൻ പരിശോധിച്ചു. വളരെ വില കൂടിയ ഫർണ്ണിച്ചറുകളാണ്‌ ഹാളിലുള്ളത്‌. മുഴുവൻ പൊടിയിൽ മുങ്ങിയിരിക്കുകയാണ്‌.
"ഇവിടെയെങ്ങും ഒരാളെയും കാണാനില്ലല്ലോ?"

എലീന ചോദിച്ചു.
"ഇവിടെ ഒരാളുണ്ടാവും എന്നാണല്ലോ അറിയാൻ കഴിഞ്ഞത്‌"
ഗോമസ്‌ ഷർട്ടിലേക്ക്‌ വീണ ചിലന്തിയെ തട്ടിക്കൊണ്ട്‌ പറഞ്ഞു.
"ആരും ഇല്ലാത്ത ലക്ഷണമാണ്‌"
"ഉത്തരവാദിത്തമില്ലാത്ത വർഗ്ഗം!" ഗോമസിന്റെ ശബ്ദത്തിൽ കോപം പടർന്നിരുന്നു.
"ദേഷ്യപ്പെട്ടിട്ട്‌ കാര്യമില്ല ഗോമസ്‌. നമുക്കിവിടെ കിടക്കാൻ പറ്റിയ സ്ഥലം വല്ലതുമുണ്ടോ എന്നു നോക്കാം"
എലീന മുന്നോട്ട്‌ നടന്നു.
"അതിനിവിടെ മുഴുവൻ പൊടിയല്ലേ?"
ഗോമസ്‌ തന്റെ ടോർച്ച്‌ പ്രകാശിപ്പിച്ചു കൊണ്ട്‌ അവളുടെ പിന്നാലെ നടക്കുന്നതിനിടയിൽ മുരണ്ടു.
സ്റ്റെയർ കേസിലൂടെ മുകളിലെത്തിയ അവർ മുന്നിലെ നീണ്ട ഇടനാഴിയിലൂടെ നടന്നു. വലതു വശത്ത്‌ ഒരു മുറിയുടെ വാതിൽ അടച്ചിട്ടിരിക്കുന്നതു കണ്ട ഗോമസ്‌ അത്‌ തള്ളിത്തുറന്നു. അവർ അത്ഭുതപ്പെട്ടു. കമനീയമായി അലങ്കരിച്ച വിശാലമായ ഒരു മുറി! താഴത്തെ ഹാളും ഈ മുറിയും ഒരു ബംഗ്ലാവിന്റെ ഭാഗമാണ്‌ എന്ന് വിശ്വസിക്കാൻ പ്രയാസം.
"ങും, ഇത്‌ കൊള്ളാം"
ഗോമസ്‌ മുറിയിലെ ലൈറ്റിന്റെ സ്വിച്ച്‌ ഓണാക്കി. ബൾബ്‌ നന്നായി പ്രകാശിച്ചു. അവർ ബാഗുകൾ മുറിയുടെ ഒരു മൂലയ്ക്ക്‌ വെച്ചു. ഗോമസ്‌ ആ മുറി ഒരു വിശാലമായി ഒന്നു നോക്കി. നല്ല വലിപ്പമുണ്ട്‌. വശത്ത്‌ ഒരു ഡബിൾ കോട്ട്‌ കട്ടിൽ. കട്ടിലിൽ വിരിച്ചിരിക്കുന്ന വിരിപ്പുകൾ രാജകീയമാണ്‌. കട്ടിലിന്റെ തലയ്ക്കലായി നിലത്ത്‌ ഒരു അലമാര. നേരെ എതിർ വശത്ത്‌ ഒരു മേശ. മേശമേൽ രണ്ടു പാത്രങ്ങളിൽ അത്താഴം മൂടി വെച്ചിരിക്കുന്നതു കണ്ട അവർ അത്ഭുതപ്പെട്ടു.
"ങാഹാ, ഇത്‌ കൊള്ളാമല്ലോ"
അവർ പാത്രത്തിനു മുന്നിലേക്കിരുന്നു. വിശപ്പിന്റെ പരകോടിയിലായിരുന്ന അവർ നിമിഷങ്ങൾക്കുള്ളിൽ പ്ലേറ്റ്‌ കാലിയാക്കി.
"അപ്പോൾ നമ്മെ ശ്രദ്ധിക്കുന്നുണ്ട്‌"
വാഷ്ബേസിനിൽ കൈ കഴുകിക്കൊണ്ടിരിക്കുന്നതിനിടയിൽ ഗോമസ്‌ പറഞ്ഞു.
എലീന ചെറുതായി ഒന്നു മന്ദഹസിച്ചു.
"ഞാനൊന്നു കുളിക്കട്ടെ"
എലീന ബാഗിൽ നിന്നും നിശാവസ്ത്രങ്ങളെടുത്തു.
"വേഗം വേണം. എനിക്കും ഒന്ന് കുളിക്കണം"
എലീന കുളിക്കാൻ കയറിയപ്പോൾ അയാൾ ഡയറി എഴുതാനിരുന്നു.
ഗോമസിന്റെ ഡയറി
----------------------------
കോട്ടയിലെത്തി. സംഭവബഹുലമായ ഒരു ദിവസം. വിചിത്ര സ്വഭാവക്കാരനായ കുതിര വണ്ടിക്കാരനും അയാളുടെ വയസ്സൻ കുതിരകളും ചെറുതായി വിഷമിപ്പിച്ചു. കോട്ടയിലെത്തിയപ്പോളുണ്ടായ സംഭവ വികാസങ്ങൾ എലീനയെ ഭയപ്പെടുത്തിയിട്ടുണ്ട്‌. എലീനയെ മാത്രമല്ല, എന്നെയും. കിടക്കാനൊരു നല്ല മുറി കിട്ടി എന്നതാണ്‌ ഏറ്റവും ആശ്വാസകരമായത്‌. പൊടി പിടിച്ച ഈ കോട്ടയിൽ അത്തരമൊരു മുറി അത്ഭുതം തന്നെ. നാളെ കോട്ടയൊന്ന് ചുറ്റിക്കാണണം.

എലീന കുളിച്ചിറങ്ങിയപ്പോഴേക്കും ഗോമസ്‌ ഡയറി എഴുതിക്കഴിഞ്ഞിരുന്നു. അയാളും കുളിക്കാനായി കുളിമുറിയിൽ കയറി.
കുളി കഴിഞ്ഞ്‌ കിടക്കാനായി കട്ടിലിലേക്ക്‌ കിടന്നതും ഗോമസ്‌ പിടഞ്ഞെഴുന്നേറ്റ്‌ കുളിമുറിയിലേക്കോടി. ഒരു വളിച്ച ചിരിയോടെ പുറത്തേക്ക്‌ വന്ന ഗോമസ്‌ മുഖത്ത്‌ ചോദ്യവുമായി നിൽക്കുന്ന എലീനയുടെ നേർക്ക്‌ നോക്കി കണ്ണിറുക്കി
"മാല"

(തുടരും)

Friday, April 17, 2015

തെറ്റുകാർ

അന്ന്, ഞാൻ ജനിച്ചു വീണ ദിവസം ശക്തമായ മഴയുണ്ടായിരുന്നു എന്നാണ് ഉമ്മ പറഞ്ഞ് അറിഞ്ഞിട്ടുള്ളത്. നാട്ടിലെ ശരാശരി കുടുംബക്കാരുടെ ആശുപത്രിയായ D. E. നഴ്സിംഗ് ഹോമിലെ ഏതോ ഒരു ഇരുണ്ട മൂലയിൽ ശിവരാത്രിയുടെ തലേന്നാണ് ഞാൻ ജനിച്ചത്, രാത്രി പത്തരയ്ക്ക്. ഞാൻ എന്നു പറഞ്ഞാൽ ഞങ്ങളാണ്. എന്നോടൊപ്പം എന്റെ ഇരട്ട സഹോദരനും കൂടി അന്ന് പിറന്നു. പക്ഷേ, ഏഴ് മിനിട്ടുകളുടെ വ്യത്യാസത്തിൽ ഞാനാണ് ചേട്ടൻ.
ആശുപത്രിയുടെ വശത്തു കൂടിയാണ് മീനച്ചിലാർ ഒഴുകുന്നത്. കഴിഞ്ഞ കൊല്ലം ഏതോ ഒരു അന്യസംസ്ഥാന തൊഴിലാളി ചത്തു മലച്ച് പൊങ്ങിക്കിടന്ന കടവിനു കുറച്ചു താഴെയാണ് ആശുപത്രിക്കടവ്. അയാളുടെ ഘാതകനെ ഇന്നും പോലീസ് തിരയുന്നുണ്ട്. കിട്ടുമോ ആവോ.
ആറ്റിലേക്കിറങ്ങാനുള്ളത് ഒമ്പത് പടിക്കെട്ടുകൾ. എണ്ണിയിട്ടുണ്ട് ഞാൻ, പലപ്പോഴും. മിക്കവാറും പടിയിറങ്ങി താഴെച്ചെല്ലുമ്പോൾ ആശുപത്രിയിലെ ഗേറ്റ് കീപ്പർ കിഴവൻ ഒരു ബീഡിയും പുകച്ച് വെള്ളത്തിലേക്ക് നോക്കിയിരിക്കുകയാവും.
"ങും?"
തല ഉയർത്തി ഗൗരവത്തോടെയുള്ള ആ ചോദ്യം കേൾക്കുമ്പോൾ ഞാൻ ഒന്നു തല കുലുക്കി തിരിച്ച് ഓടിക്കേറാറായിരുന്നു പതിവ്. തിരികെയെത്തുമ്പോൾ ഉമ്മയും അനിയനും മുകളിൽ നിൽപ്പുണ്ടാവും.
"പറഞ്ഞാൽ കേൾക്കില്ല. ആറ്റിലെങ്ങാനും വീണാലോ?"
ഉമ്മയുടെ ശകാരം കേട്ട് നിൽക്കുകയേയുള്ളൂ. കാരണം തിരികെ പറയാൻ എനിക്കറിയില്ല. പറയണമെന്നാഗ്രഹമുണ്ടെങ്കിലും വാക്കുകൾ പുറത്തു വരില്ല. വികൃതമായ എന്തൊക്കെയോ ശബ്ദം മാത്രമാണ് ഞാൻ പറയാറുള്ളത്. അനിയനും അങ്ങനെ തന്നെ. ഞങ്ങൾക്ക് മാനസികമായി അസുഖമാണെന്നാണ് എല്ലാവരും പറയാറ്. ചിലർ ദൈന്യതയുടെ ഒരു നോട്ടമെറിഞ്ഞു കൊണ്ട്
"അവർക്ക് വട്ടാണ്"
എന്നും പറയാറുണ്ട്.
തലച്ചോറിൽ വല്ലാത്ത താളപ്പിഴകളാണ്. ചിന്തിക്കുന്നതു പോലെ പ്രവർത്തിക്കാൻ കഴിയുന്നില്ല. ചിലപ്പോഴൊക്കെ ചിന്തിക്കാൻ പോലും കഴിയുന്നില്ല. ചിന്തിക്കാൻ കഴിയാത്ത മനുഷ്യരെയാണോ ഭ്രാന്തൻ എന്നു പറയുന്നത്?
എനിക്ക് എല്ലാത്തിനോടും ദേഷ്യമായിരുന്നു. എല്ലാവരെയും ഞാൻ ഉപദ്രവിക്കും. അവർ തിരികെ ഒന്നും ചെയ്യാത്തത് എന്നെ പേടിച്ചിട്ടാണ് എന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ, ഞാനൊരു മാനസികരോഗിയാതു കൊണ്ട് അവർ എന്നോടു കാണിക്കുന്ന അനുകമ്പ മാത്രമാണ് ആ ക്ഷമ എന്ന് മനസ്സിലാക്കാൻ ഒരുപാട് കാലം വേണ്ടി വന്നു.
എന്തിനാണ് ദൈവം ഞങ്ങളെ സൃഷ്ടിച്ചത്? ഒരുപാട് തവണ ആലോചിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ, ഉത്തരം കിട്ടിയിട്ടില്ല. ഈയിടെ റോഡിലൂടെ പോകുന്ന ഒരു കാറിനു വട്ടം ചാടി അനിയൻ ആശുപത്രിയിലായി. ഇടിച്ച ശേഷം കാറിൽ നിന്നിറങ്ങി വന്ന കാർ ഡ്രൈവർ
"ഇതിനെയൊക്കെ എന്തിനാണ് ഒണ്ടാക്കി വിടുന്നത്?"
എന്നാക്രോശിച്ചപ്പോൾ എനിക്കാദ്യമായി ഉമ്മയോടും വാപ്പയോടും വെറുപ്പ് തോന്നി. ആശുപത്രിയിൽ പോകണമെന്ന് ഞാൻ വാശി പിടിച്ചു കരഞ്ഞു. കരച്ചിൽ നിറുത്താൻ വാപ്പ മിഠായി തന്നെങ്കിലും ഞാൻ വിജയിച്ചു. അവന്റെ കിടയ്ക്കക്കരികിൽ നിലത്തിരിയ്ക്കുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു എന്നാണെന്റെ ഓർമ.
പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങളുടെ ജനന ശേഷം സാമ്പത്തികമായി ഞങ്ങൾ ഒരുപാട് ഉയർന്നു. ഞങ്ങൾക്ക് ശേഷം ജനിച്ച ഞങ്ങളുടെ കുഞ്ഞനുജത്തി പഠിച്ച സ്ഥലത്തെല്ലാം ഒന്നാമതായിരുന്നു. ഒരു കൊച്ചു സുന്ദരിയായിരുന്നു അവൾ. ഞങ്ങളുടെ കാര്യത്തിൽ അവൾക്കായിരുന്നു ഏറെ ശ്രദ്ധ. പക്ഷേ, കാര്യങ്ങൾ വഷളായത് വളരെ പെട്ടെന്നായിരുന്നു. അവൾക്ക് വന്ന കല്യാണാലോചനകൾ ഞങ്ങൾ കാരണം മുടങ്ങാൻ തുടങ്ങി. ഒന്നിനു പിറകെ ഒന്നായി ഏഴ് ആലോചനകൾ. കാരണം, ഞങ്ങളുടെ ഭ്രാന്ത് തലമുറകളിലേക്ക് പകർന്നാലോ എന്ന ഭയം. കുറ്റപ്പെടുത്തലിന്റെ കൂരമ്പുകൾ ഞങ്ങളുടെ നേർക്ക് നീണ്ടു തുടങ്ങി. അങ്ങനെയാണ് ഞങ്ങൾ അത് തീരുമാനിച്ചത്.
ഈ രാത്രി അവസാനിക്കാതിരിക്കട്ടെ. പുലർച്ചക്കു മുൻപ് ഞങ്ങൾക്ക് ഇവിടെ നിന്നും ദൂരെ പോകേണ്ടതുണ്ട്. ഞങ്ങൾ നടന്നു കൊണ്ടിരുന്നു.