സഞ്ചു വിശ്വനാഥ് സാംസണ്. ഈ ഐപിഎല്‍ സീസണില്‍ കൊടി കെട്ടിയ രാജ്യാന്തര താരങ്ങളോടൊപ്പം ഉയര്‍ന്നു കേട്ട ചില പേരുകളില്‍ ഒന്ന്. ഈ ഐപിഎല്ലിന്റെ ഭാവി താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ചു കേരളാ ക്രിക്കറ്റിന്റെ പുതിയ മുഖമാണ്. ശ്രീശാന്തിനെതിരായ കോഴ വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട സഞ്ചുവിലാണ് കേരള ക്രിക്കറ്റ് ആശ്വാസം കണ്ടെത്തുന്നത്. കഴിഞ്ഞ സീസണില്‍ കൊൽകത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്ന സഞ്ചുവിനെ രാജസ്ഥാന് പാളയത്തിലെത്തിച്ചത് ശ്രീശാന്താണ്. സഞ്ചുവിനൊപ്പം സച്ചിന് ബേബിയെക്കൂടി ടീമിലെത്തിച്ചെങ്കിലും ഒരു കളിയില്‍ മാത്രമാണ് സച്ചിന് ബേബി ബാറ്റിങ്ങിനിറങ്ങിയത്. വെറും 18 വയസ്സേയുള്ളൂ സഞ്ചുവിന്. പക്ഷേ, സഞ്ചുവിന്റെ ടൈമിങ്ങും കളിയോടുള്ള സമീപനവും ക്രിക്കറ്റ് വിദഗ്ധരുടെ പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു. സഞ്ചുവിനെക്കുറിച്ച് കമന്റേറ്ററ് ഹർഷ ഭോഗ്ലെയുടെ ഒരു ലേഖനം തന്നെയുണ്ട് ഇഎസ്പിഎന്‍ ക്രികിൻഫോയുടെ വെബ്സൈറ്റില്‍. അതില്‍ അദ്ദേഹം സഞ്ചുവിന്റെ ഒരൊറ്റ ഷോട്ട് മാത്രമേ സഞ്ചുവിന്റെ ക്ലാസ്സ് വ്യക്തമാക്കാന്‍ വിശദീകരിക്കുന്നുള്ളൂ. പൂനെ വാരിയേഴ്സുമായി നടന്ന കളിയില്‍ സ്റ്റുവർട് ബിന്നിയുമായി 25 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ സഞ്ചു നേരിട്ട ആദ്യ രണ്ടു പന്തുകളിലും ബൗണ്ടറി നേടി. അതില്‍ ആദ്യത്തെ ഷോട്ട് ആണ് ഹർഷ വിശദീകരിക്കുന്നത്. ഓഫ് സ്റ്റമ്പിനു പുറത്ത് കുത്തിയ ഒരു ഗുഡ് ലെങ്ങ്ത് ബോള്‍, ബാക്ക്ഫൂട്ടിൽ കവറിലൂടെ നേടിയ ബൗണ്ടറി സഞ്ചുവിന്റെ കളിയോടുള്ള സമീപനം വ്യക്തമാക്കുന്നു എന്ന് ഹർഷ പറയുന്നു. ഏറെ ബുദ്ധിമുട്ടേറിയ ഷോട്ട് അനായാസമായി കളിച്ച സഞ്ചുവില് പ്രതീക്ഷ വെക്കാമെന്നും ഹർഷ പറയുന്നു. ഐപിഎല്ലില്‍ അർദ്ധ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ഇപ്പോള്‍ സഞ്ചുവിന്റെ പേർക്കാണ്.
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ 41 പന്തുകളില്‍ സഞ്ചു നേടിയ 63 റൺസിന്റെ പിൻബലത്തിലാണ് ആ കളി രാജസ്ഥാന് ജയിക്കുന്നത്. ആ കളി 'മാന്‍ ഓഫ് ദി മാച്ച്' പുരസ്കാരവും സഞ്ചുവിനെ തേടിയെത്തി. ഉത്തരേന്റ്യന് ലോബികളുടെ സ്വാഥീനം മറി കടന്ന് സഞ്ചു ഇന്ത്യന്‍ ടീമിലെത്തുമോ എന്ന് സംശയമാണ്. എങ്കിലും നമുക്ക് പ്രതീക്ഷ വെക്കാം, ഈ താരത്തില്‍…
സഞ്ചുവിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങ് കാണണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...
'നേരം രണ്ട് തരമുണ്ട്. ഒന്ന് ചീത്ത നേരം, മറ്റൊന്ന് നല്ല നേരം. ചീത്ത നേരത്തിനു ശേഷം നല്ല നേരം വരും'
പുതുമുഖ ചിത്രം 'നേരം' കണ്ടു; തരക്കേടില്ലാത്ത ചിത്രം. പുതുമുഖ സംരംഭം എന്ന നിലയില്‍ ചിത്രം അഭിനന്ദനമര്‍ഹിക്കുന്നു. കയ്യടക്കമുള്ള തിരക്കഥയും സംവിധാനവുമാണ് എടുത്തു പറയേണ്ടത്. പുതുമുഖ സംവിധായകന് ആയിട്ടു പോലും ചിത്രം ഒരിക്കല്‍ പോലും സംവിധായകന്റെ കൈ വിട്ടു പോയിട്ടില്ല. ചിത്രത്തിന്റെ കാസ്റ്റിങ്ങും മികച്ചതാണ്. ഒരു ദിവസത്തെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. സംശയിക്കേണ്ട, ഇതൊരു ന്യൂ ജെനറേഷൻ സിനിമ തന്നെയാണ്. പക്ഷേ, അസഹനീയമായ ദ്വയാർദ്ധ പ്രയോഗങ്ങളോ ന്യൂ ജെനറേഷൻ സിനിമയുടെ കൂടപ്പിറപ്പായ 'ബീപ്' ശബ്ദമോ ചിത്രത്തില്‍ കാണാന്‍ കഴിയില്ല. അതായത്, കുടുംബസമേതം കാണാവുന്ന ന്യൂ ജെനറേഷൻ സിനിമയാണ് 'നേരം' എന്നു ചുരുക്കം. അല്ലെങ്കിലും ന്യൂ ജെനറേഷൻ സിനിമ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കാടടച്ച് വെടി വെയ്ക്കുന്നതിനു പകരം മറ്റേ 'ബീപ്' ശബ്ദത്തോടൊപ്പം പുറത്തിറങ്ങുന്ന സിനിമകളെ മാത്രം വിമര്ശിക്കുന്നതാവും ഉചിതം. നല്ല മാറ്റങ്ങള്‍ വരട്ടെ. ഏതായാലും പുതുമയുള്ള ഈ നല്ല സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും വിജയാശംസകള്‍!
ഇതൊരു വല്ലാത്ത ചതി ആയിപ്പോയി. സൂര്യ ടിവിയിലെ മലയാളി ഹൗസ് നിർത്താന്‍ പോകുന്നെന്ന്! കുറച്ചു ദിവസങ്ങളായി രാത്രി 8 മുതല്‍ 9 വരെ നല്ലൊരു ടൈം പാസ് ആയിരുന്നു ഈ പ്രോഗ്രാം. ഗ്രാൻഡ്മാസ്റ്ററിന്റെയും രാഹുൽ ഈശ്വറിന്റെയും ഒക്കെ നോൺ വെജ് ചർച്ചകളും തിങ്കളിന്റെ ഐറ്റം ഡാൻസുകളും സിന്ധു ജോയിയും സന്തോഷ് പണ്ഡിറ്റുമായിട്ടുള്ള ചില കൈ കൊട്ടിപ്പാട്ടുകളും... അങ്ങനെ സംഗതി കിടിലം ആയിരുന്നു. ചാനലിലൂടെ സംപ്രേഷണം ചെയ്യാത്ത ചില ചൂടൻ രംഗങ്ങൾ കാണണമെങ്കില്‍ യൂടൂബില്‍ 'മലയാളി ഹൗസ് കാണാത്ത കാഴ്ചകള്‍' എന്ന് സെർച്ച് ചെയ്തു നോക്കൂ. കാണാത്ത കാഴ്ച്ചകളുടെ ചില സാമ്പിള്‍ വെടിക്കെട്ടുകള്‍ കേട്ടോളൂ- ഒരു ചർച്ച. ചർച്ചയില്‍ പങ്കെടുക്കുന്നത് ജി. എസ്. പ്രദീപ്, രാഹുല്‍ ഈശ്വര്‍, തിങ്കള്‍, പിന്നെ വേറൊരാളും. ജി. എസ്. പ്രദീപ് തിങ്കളിനോട്- "രണ്ടു വാക്കുകളുള്ള ഒരു വാചകം പറയാം. രണ്ടു വാക്കുകളുടെയും ആദ്യത്തെ അക്ഷരങ്ങള്‍ പരസ്പരം മാറ്റി പറയണം" "ഓകെ" "ശെരി, തല മുട്ടരുത്" തിങ്കൾ ഒന്നാലോചിച്ചു. "മുട്ടൽ തല?" "അല്ല അല്ല. ആദ്യത്തെ അക്ഷരങ്ങൾ മാത്രം മാറ്റിയാല്‍ മതി. രാഹുല്‍ ഈശ്വർ ചിരിക്കുന്നു. തിങ്കള്‍ ആലോചിക്കുന്നു. "അയ്യേ" "എന്ത് അയ്യേ? 'തല മുട്ടരുത്' വാട്സ് റോങ്?"- രാഹുല്‍ "അയ്യേ"- വീണ്ടും തിങ്കള്‍ അപ്പോള്‍ ജി. എസ്. പ്രദീപ്, "അങ്ങനെ മുട്ടിയാല്‍ 'തല മുഴയ്ക്കും" "അയ്യേ" അങ്ങനെ ഒരുപാട് നാള് മുട്ടിയാല്‍ 'ഇല മുടിയും" ഇതാണ് ചർച്ച. എങ്ങനെയുണ്ട്? മറ്റൊന്ന്- ചർച്ച. പങ്കെടുക്കുന്നത് സിന്ധു ജോയി, നീനാ കുറുപ്പ്, തിങ്കള്‍, പിന്നെ പേരറിയില്ലാത്ത കുറേ പെണ്ണുങ്ങളും. തീർത്തും പയ്യെ സംസാരിക്കുന്നതു കൊണ്ട് നന്നായി കേൾക്കാൻ പറ്റുന്നില്ല. ഇടക്ക് നീനാ കുറുപ്പ് തന്റെ റ്റീ-ഷർട്ട് പൊക്കി പൊക്കിളിനു മുകളില്‍ വെച്ച് കെട്ടിയിട്ട് പറയുന്നു, "ഞാന്‍ നാളെ മുതല്‍ ഇങ്ങനെ നടക്കാന്‍ പോകുന്നു" അത് കേട്ട് ആർത്തു ചിരിക്കുന്ന മറ്റുള്ളവർ. മറ്റൊരാളുടെ റ്റി-ഷർട്ട് പൊക്കി വയറ് നോക്കുന്ന സിന്ധു ജോയി. അവരുടെ ചുരിദാറ് പൊക്കി മറ്റൊരാള്‍ വയറ് നോക്കുന്നു. വയറു കാണല്‍ ചടങ്ങ് സൂപ്പറല്ലേ? മറ്റൊന്ന്- ചർച്ച- സന്ദീപ് എന്ന സാൻഡി, തിങ്കള്‍ തിങ്കള്‍-" - ""എന്നു വെച്ചാല്‍ കിസ്സ് മാത്രമോ?" സന്ദീപ് -"ങുഹും, എല്ലാം" -"എല്ലാമോ?" -"ങും" -ലാസ്റ്റ് ചെയ്തത് എപ്പഴാ?" -"ങും........ ത്രീ ഡേയ്സ് ബാക്ക്"" -ഓ, ഗ്രേറ്റ്""" -നീയോ?" "ജാനുവരി...." പൊളപ്പനല്ലേ? ഇതു പോലെ കിണ്ണൻ, ചൂടൻ സീനുകള്‍ എമ്പാടും ഉണ്ട് ഈ 'കാണാത്ത കാഴ്ച്ചകളി'ല്‍. പക്ഷേങ്കില്, ഇത് നിർത്ത്വാണെങ്കില് അത് ബല്ലാതൊരു അടിയായിപ്പോകും പഹയാ. ഇതിനെല്ലാം കാരണം ചില ഫേസ്ബുക്ക് ബുജികളാണ്. അവന്മാര് രാത്രി ടിവിയിലും പിന്നെ യൂടൂബിലും കണ്ട് നിർവൃതിയടഞ്ഞിട്ട് സദാചാര തേങ്ങാക്കൊല എന്നും പറഞ്ഞ് പരിപാടിയെ അച്ചാലും മുച്ചാലും വിമർശിച്ച് ഫേസ്ബുക്കില്‍ നാലു കീറ്. ത്ഭൂ, സമാധാനമായല്ലോ നിനക്കൊക്കെ! ഇനി പൊട്ടന് ആട്ടം കാണുന്നതു പോലെ 'ബിഗ് ബോസ്' തന്നെ കാണേണ്ടി വരുമല്ലോ കർത്താവേ.
ഒരു കഥയുണ്ട്. ഒരു പഴയ കഥയാണ്; എല്ലാവരും കേട്ടിട്ടുള്ള കഥ. ഇവിടെ അതിനേക്കാൾ മികച്ച ഒന്നും പറയാനില്ല എന്നതാണ് സത്യം. കുറച്ച് ആധുനികവത്കരിച്ച് ആ കഥ ഞാൻ പറയാം- ഒരിടത്ത് രണ്ടു കമിതാക്കൾ ഉണ്ടായിരുന്നു. ആധുനിക കാമുകനെപ്പോലെ തന്നെ വെറും പോങ്ങനായിരുന്നു അന്നത്തെ ആ കാമുകനും; നമ്മുടെ കഥാനായകൻ. അവന്റെ സെറ്റപ്പ് ന്യൂ ജനറേഷൻ കാമുകിമാരെപ്പോലെ തന്നെ തന്റെ എല്ലാമെല്ലാമായ ബോയ്ഫ്രണ്ടിനെ പിഴിയാൻ മിടുക്കിയായിരുന്നു. അവരുടെ ലവ് സ്റ്റോറി അവന്റെ നഷ്ടങ്ങളിലൂടെ മുന്നേറിക്കൊണ്ടിരുന്നു. മഞ്ച്, കിറ്റ്കാറ്റ്, ഡയറി മിൽക് തുടങ്ങി വാച്ച്, മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിങ്ങനെ അവൾ സാധ്യതകളുടെ പുതിയൊരു ലോകം അവനിലൂടെ സൃഷ്ടിച്ചെടുത്തു. അവൾ തന്നെ പിഴിഞ്ഞ് നീരൂറ്റിക്കുടിക്കുകയാണെന്ന് മനസ്സിലാക്കാതെ പോങ്ങൻ കാമുകൻ അവളെ നോക്കി വെള്ളമിറക്കി, തോണി എന്നെങ്കിലും കരയ്ക്കടുക്കും എന്ന് ചുമ്മാ മനക്കോട്ട കെട്ടി ജീവിതം മുന്നോട്ട് ഉന്തിത്തള്ളി കൊണ്ടു പൊയ്ക്കൊണ്ടിരുന്നു. ഒരിക്കൽ, ഒരു ഫെബ്രുവരി പതിമൂന്നിന് ഒരു റെസ്റ്റോറന്റിലിരുന്ന് കെ എഫ് സിയുടെ കോഴിക്കാൽ കടിച്ചു പറിച്ചു കൊണ്ടിരിക്കെ അവൾ അവനോട് ചോദിച്ചു "ഡാ, നാളെ വാലെന്റൈൻസ് ഡേ ആണ്. എനിക്കെന്ത് ഗിഫ്റ്റാ തരുന്നത്?" 'നാളെ ആ ഡേ ആണെന്ന് അറിയുന്നത് ഇപ്പഴാ. അഞ്ചിന്റെ പൈസ കയ്യിലില്ല' എന്നാലും 'എൽസമ്മ എന്ന ആൺകുട്ടി'യിൽ ജഗതിച്ചേട്ടന്റെ ഡയലോഗ് അവൻ എടുത്തിട്ട് അലക്കി. "ഞാനൊരു സമ്മാനം തരും!" "ഞാനൊരു സമ്മാനം ചോദിച്ചാൽ എനിക്ക് തരുമോ?" അവൾ കടക്കണ്ണ് വെട്ടിച്ചു കൊണ്ട് ചോദിച്ചു. 'ഹോ, ഇനിയെന്ത് മാരണമാണാവോ?' പക്ഷേ അവൻ പറഞ്ഞത് ഇങ്ങനെയാണ്. "ചോദിക്ക് മുത്തേ" "എനിക്കൊരു ഹൃദയം വേണം, ജീവനുള്ള മനുഷ്യ ഹൃദയം!" "അതെന്തിനാ?" "ഞാനിതു വരെ ഹൃദയം നേരിട്ട് കണ്ടിട്ടില്ല. എനിക്ക് തരില്ലേ?" കഴിയുന്നത്ര മസാലയിട്ട് അവൾ ചോദിച്ചു. "തരും, തരും!" പോങ്ങൻ!!! 'ആലോചിച്ചിട്ട് ഒരെത്തും പിടിയും പിടിയ് കിട്ടുന്നില്ല. വില കൊടുത്താൽ കിട്ടുന്നതാണോ ഹൃദയം' അവൻ അസ്വസ്ഥനായി. അവൻ വീട്ടിലെത്തി. "നീ എവിടായിരുന്നൂടാ ഇത്ര നേരം?" അമ്മ ചോദിച്ചു. "ഒന്നു മിണ്ടാതിരി അമ്മേ. എല്ലാം അറിയണോ?" അവൻ ആലോചനയിൽ മുഴുകി കയറിക്കിടന്നു. "വാ മോനേ, ചോറു കഴിക്കാം" അവൻ എഴുന്നേറ്റു. അമ്മ അടുത്തിരുന്ന് അവന് ചോറു വിളമ്പിക്കൊടുത്തു. അവന്റെ ചിന്താമണ്ഢലത്തിനു ചൂടുപിടിച്ചു. അവൻ അമ്മയോടു ചോദിച്ചു. "അമ്മേ, ഞാനൊരു കൂട്ടം ചോദിച്ചാൽ തരുമോ?" "എന്താടാ നിനക്ക് വേണ്ടത്?" അമ്മ സ്നേഹത്തോടെ അവന്റെ തലമുടിയിൽ തലോടി. "എനിക്ക് അമ്മയുടെ ഹൃദയം വേണം. എന്റെ ഗേൾഫ്രണ്ടിനു കൊടുക്കാനാ" അമ്മ ഒരു നിമിഷം നിശബ്ദയായി. "എടുത്തോളൂ, എന്റെ മോന്റെ ആഗ്രഹമല്ലേ" അങ്ങനെ ആ പോങ്ങൻ കാമുകൻ അമ്മയുടെ ഹൃദയവുമായി അവളുടെ അരികിലേക്ക് ഓടുകയാണ്. പെട്ടെന്ന് ഒരു കല്ലിൽ തട്ടി അവൻ മറിഞ്ഞു വീണു. കയ്യിലിരുന്ന അമ്മയുടെ ഹൃദയം തെറിച്ച് ദൂരേക്ക് വീണു. ഒരു രോദനം അവൻ കേട്ടു. പെട്ടെന്നു തന്നെ അവൻ ചാടിയെഴുന്നേറ്റു. നിലത്ത് മണ്ണു പുരണ്ടു കിടക്കുന്ന അമ്മയുടെ ഹൃദയം എടുത്ത് വീണ്ടും ഓടാൻ തുടങ്ങുമ്പോൾ ഹൃദയത്തിൽ നിന്നും ഒരു ചോദ്യം- "മോനേ, നിനക്ക് വല്ലതും പറ്റിയോ?"
ഈ കഥയുടെ മൂലരൂപം ആരെഴുതിയതാണെന്ന് എനിക്കറിയില്ല. പക്ഷേ, ഈ കഥ വായിക്കുമ്പോഴെല്ലാം എന്റെ കണ്ണു നിറയാറുണ്ട്.
ലേബൽ:-ഇന്ന് ലോക മാതൃദിനം. എല്ലാ അമ്മമാർക്കുമായി ഈ കഥ സമർപ്പിക്കുന്നു.
'എന്താണ് തെറ്റ്?' ഒരൽപം സങ്കീണമായ ചോദ്യം. ഒരു മഹാനുഭാവൻ പറഞ്ഞിട്ടുണ്ട്- "തെറ്റ് എന്നാൽ നിന്റെ ഹൃദയത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതും (നീ ചെയ്യുന്നത്) ജനങ്ങൾ കാണുന്നതിനെ (നീ) വെറുക്കുന്നതുമായ കാര്യമാണ്" പറഞ്ഞയാളെ നോക്കണ്ട; പറഞ്ഞ വാചകങ്ങളിലേക്ക് നോക്കൂ (ആളെ പറഞ്ഞാൽ ചില ഫേസ്ബുക്ക് ബുജികൾക്ക് അത് ദഹിച്ചെന്നു വരില്ല). തെറ്റിന് ഇതിനേക്കാൾ അനുയോജ്യമായ ഒരു നിർവ്വചനം കൊടുക്കാൻ കഴിയുമോ? 'നീ ചെയ്യുന്നത് തെറ്റാണ്' എന്ന് ഹൃദയം പറയുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ഹൃദയത്തെ മാറ്റി നിറുത്തിയാൽ നമ്മൾ ചെയ്യുന്നതെല്ലാം ശരിയാണ്. 'ഞാൻ ചെയ്യുന്നത് മറ്റുള്ളവർ കാണരുത്' എന്ന ചിന്തയോടെ ചെയ്യുന്ന കാര്യങ്ങളും തെറ്റാണ്. ഒരു പരിധി വരെ നമ്മുടെ ജീവിതം സുതാര്യമാകണമെന്നതും ശരിയെ നിർവ്വചിക്കാനുള്ള ഒരു മാദ്ധ്യമമാണ്. നമ്മുടെ ചിന്തകൾ ശരികളാകട്ടെ, നമ്മുടെ ദു:ഖം ശരികളാകട്ടെ, നമ്മുടെ സന്തോഷവും ശരികളാകട്ടെ...!!
"എനിക്ക് രണ്ട് സ്വത്തുക്കളേയുള്ളൂ. സന്തോഷവും ദു:ഖവും. സന്തോഷം ഞാൻ ആർക്കും കൊടുക്കും. പക്ഷേ ദു:ഖം, അതെനിക്ക് വേണം" (മുകളിലെ ബുജി വാചകങ്ങൾക്ക് 'ഗൃഹപ്രവേശം' എന്ന സിനിമയോട് കടപ്പാട്)
"ബാലൂ" ബാലു തിരിഞ്ഞു നിന്നു. "നീയെന്താ താമസിച്ചേ? എത്ര നേരായിട്ട് ഞാൻ കാത്തുനിക്കണൂന്നോ" "എന്റെ അമ്മൂ, വീട്ടിൽ നിന്നിറങ്ങാൻ താമസിച്ചു." "ഹും, നിന്റെ അമ്മുവാണെന്ന്ള്ള തോന്നല്ണ്ടെങ്കില് നീ നേരത്തേ വന്നേനേ" അവൻ ഒന്നു ചിരിച്ചു. അവർ കോളേജിനകത്തേക്ക് നടന്നു. "ബാലൂ, എന്നെ എപ്പഴാ കെട്ടിക്കൊണ്ട് പോണേ?" എപ്പോഴും ചോദിക്കാറുള്ളതു പോലെ അന്നും അവൾ ചോദിച്ചു. "എനിക്കൊന്ന് ആലോചിക്കാന്ണ്ട്" അവളെ ഒന്ന് ശുണ്ഠി പിടിപ്പിക്കാനായി അവൻ പറഞ്ഞു. "ങും, നീ ആലോചിച്ചോണ്ടിരുന്നോ. കോഴ്സ് തീരാൻ ഇനി അഞ്ച് മാസം കൂടിയേ ഉള്ളൂ. അത് കഴിഞ്ഞാ എന്നെ ആരെയെങ്കിലും കൂടെ കെട്ടിച്ചു വിടും" "കെട്ടിച്ചു വിട്ടാല്‍ നീ പോകുവോ?" അവൾ പെട്ടെന്നവനെ ഒന്ന് നോക്കി. അവന്റെ ചോദ്യത്തിനുള്ള മറുപടി ആ നോട്ടത്തിലുണ്ടായിരുന്നു. അവർ കോളേജിലെ സിമന്റ് ബെഞ്ചുകളിലൊന്നിൽ ഇരുന്നു. "അമ്മൂ, നിനക്കോർമ്മയുണ്ടോ അത്?" "ഏത്?" അവൻ തന്റെ ചുണ്ട് അവളുടെ ചെവിയോട് ചേർത്തു. "ആദ്യ ചുംബനം!" "ഒന്ന് പോ ബാലൂ" അവളുടെ മുഖം നാണത്താൽ ചുവന്നു. രണ്ട് മാസങ്ങൾക്ക് മുൻപ് കോളേജ് ക്യാന്റീനിൽ വെച്ച് കിട്ടിയ ആ ചുംബനത്തിന്റെ ഓർമ്മയിൽ ബാലു തന്റെ കവിൾ തടവി. "അമ്മൂ" അവൾ സിമന്റ് ബെഞ്ചിന്റെ കൈപ്പിടിയിൽ എന്തോ കോറുകയായിരുന്നു. "ങും" "നിനക്കോർമ്മയുണ്ടോ നമ്മൾ ആദ്യമായി കണ്ടത് എന്നാണെന്ന്?" അവൾ ഒന്ന് ചാഞ്ഞിരുന്നു. "ങും, അന്ന് നിനക്കൊരു സൈക്കിൾ ഉണ്ടായിരുന്നു." 'ശരിയാണ്. അവൾ എല്ലാം ഓർക്കുന്നു' പ്ലസ് വണ്ണിലെ ക്ലാസ്സ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് ആദ്യമായി അവളെ കാണുന്നത്. സൈക്കിളിൽ പോകുമ്പോൾ വെറുതേ ബസ്സ് സ്റ്റോപിലേക്കൊന്നു കണ്ണോടിച്ചതാണ്. ആദ്യം കണ്ടത് അവളെയാണ്. പിന്നെ കണ്ണെടുത്തില്ല. പിന്നെ എല്ലാ ദിവസവും ബസ്സ് സ്റ്റോപിനു കുറച്ചിപ്പുറത്ത് അവൻ സൈക്കിൾ നിർത്തി അവളെ നോക്കി നിൽക്കും. അവൾ ബസ്സ് കയറിപ്പോയിട്ടേ അവൻ പോകുമായിരുന്നുള്ളൂ. രണ്ടു വർഷം ഇങ്ങനെയൊക്കെ ആയിട്ടും ഒരു പ്രണയം മൊട്ടിടാൻ കോളേജ് വേണ്ടി വന്നു. ഒരു നിമിത്തം പോലെ അവർ ഇരുവരും ഒരു ക്ലാസ്സിലെത്തിപ്പെട്ടു. "എന്താ പേര്?" ആദ്യമായി അവൻ ചോദിച്ചത് അതായിരുന്നു. "അമൃത" അവന്റെ മുഖത്തു നോക്കാതെയാണ് അവൾ മറുപടി പറഞ്ഞത്. എന്തു പറയണമെന്നറിയാതെ അവൻ ഒന്നു പരുങ്ങി. "ങും, അത്... എന്റെ പേര് ബാലഗോപാൽ. വീട് ഇവിടെ അടുത്ത് തന്നാ" "ങും" അതായിരുന്നു അവരുടെ ആദ്യ സംഭാഷണം. പിന്നീട് കാലം അവരെ കമിതാക്കളാക്കി മാറ്റിയത് വളരെ പെട്ടെന്നായിരുന്നു. "ഡാ ബാലാ, എഴുന്നേറ്റേ. ഒറക്കമാണോ നീ?" അയാൾ പെട്ടെന്ന് മേശയിൽ നിന്ന് മുഖമുയർത്തി. അമ്മയാണ്. "നീ ഒറക്കമാണോ?" അയാൾ ഒന്നും മിണ്ടിയില്ല. വാഷ്ബേസിനിൽ ചെന്ന് മുഖം കഴുകുമ്പോൾ അയാൾ കണ്ണാടിയിലേക്ക് നോക്കി. 'താടി രോമങ്ങൾ പോലും നരക്കാൻ തുടങ്ങിയിരിക്കുന്നു. അയാൾ സാവധാനം തന്റെ താടി രോമങ്ങളിൽക്കൂടി വിരലോടിച്ചു. പുതിയ നോവൽ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് പഴയ ഓർമ്മകളിലേക്ക് ഊളിയിട്ടത്. 'അവൾ മാത്രമേ തന്നെ ബാലു എന്ന് വിളിച്ചിരുന്നുള്ളൂ. ബാക്കിയെല്ലാവർക്കും ഞാൻ ബാലയാണ്. അത്രയൊക്കെയായിട്ടും എന്തിനായിരുന്നു അവൾ എന്നിൽ നിന്നും അകന്നത്? അല്ല, അവൾ അകന്നതല്ല; ദൈവം അകറ്റിയതാണ്. അവിടുന്നായിരുന്നു എന്റെ നിരീശ്വരവാദത്തിന്റെ തുടക്കം. ഹും, അവൾ എന്നെ ഉപേക്ഷിച്ച് പോയി; അവൾക്ക് കുറേക്കൂടി സുഖം വേണമത്രേ!' അയാൾ എഴുന്നേറ്റു. എവിടെയോ ലക്ഷ്യമാക്കി അയാൾ പുറത്തേക്ക് നടന്നു. അയാൾ ചെന്നു നിന്നത് പുഴക്കരയിലായിരുന്നു. 'ഇവിടെ, ഇവിടെയാണ് അവളെ ദഹിപ്പിച്ചത്' അയാൾ പുഴക്കരയിലേക്കിരുന്നു. ഓർമ്മകൾ ചികഞ്ഞെടുക്കാതിരിക്കാൻ അയാൾ ശ്രമിച്ചു. ചക്രവാള സീമയിലേക്ക് കണ്ണു നട്ട് അയാൾ ഇരുന്നു. അവൾ അയാളുടെ അടുത്ത് വന്നിരുന്നു. "ബാലൂ" അവർ സംസാരിച്ചു തുടങ്ങി.
സാംസ്കാരിക കേരളമേ, ലജ്ജിക്കുക! 'കഥയല്ലിത് ജീവിതം.' ഒരു പ്രമുഖ ചാനലില്‍ ദിനേന സംപ്രേഷണം ചെയ്യുന്ന നല്ല റേറ്റിംഗ് ഉള്ള പ്രോഗ്രാം. പക്ഷേ, റേറ്റിംഗ് കൂട്ടാന്‍ തികച്ചും തരം താണ രീതിയാണ് അവര്‍ തിരഞ്ഞെടുത്തിരിയ്ക്കുന്നത്. ഭാര്യാഭര്ത്ത്രുബന്ധത്തില് ഉരസലുകളുണ്ടാവുക സ്വാഭാവികമാണ്. ആ കുടുംബത്തിനകത്തു പരിഹരിയ്ക്കപ്പെടേണ്ട ആ പ്രശ്നം ക്യാമറയ്ക്കു മുന്നിലേയ്ക്കു വലിച്ചിഴച്ച് ലോകം മുഴുവനുമുള്ള മലയാളികളുടെ തീന്മേശയിലേയ്ക്ക് എത്തിച്ച് ചാനല്‍ റേറ്റിംഗ് കൂട്ടുന്ന ഒരു ദുഷിച്ച 'റിയാലിറ്റി ഷോ' അങ്ങനെ തന്നെ പറയണം ആ പരിപാടിയെക്കുറിച്ച്. കുടുംബത്തിലെ എല്ലാ അംഗങ്ങളും;ചിലപ്പോള്‍ നാട്ടുകാര്‍ പോലും പങ്കെടുക്കുന്ന, തരക്കേടില്ലാത്ത ഒരു അവതാരകയും വിധികര്‍ത്താക്കളും ഒക്കെയുള്ള ഒരു പക്കാ റിയാലിറ്റി ഷോ. ഷോ കഴിയുമ്ബോള്‍ ആ കുടുംബത്തിനു കിട്ടുക തങ്ങളുടെ മാത്രം പ്രശ്നങ്ങള്‍ ലോകം മുഴുവന്‍ അറിഞ്ഞു എന്ന സംത്റുപ്തി. മറ്റുള്ളവരുടെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കുക എന്നത് മനുഷ്യന്റെ സഹജ സ്വഭാവമാണ്. അടച്ചു വെച്ചിരിയ്ക്കുന്നതെന്തും തുറന്നു നോക്കാന്‍ മനുഷ്യന് ആഗ്രഹിയ്ക്കുന്നു. പണ്ടോറയുടെ പെട്ടി മുതല്‍ തുടങ്ങുന്നു മനുഷ്യന്റെ ആ ദുശീലം. ഈ ദുശീലത്തെ പരമാവധി ദുര്‍വിനിയോഗം ചെയ്താണ് ചാനല്‍ കാശുണ്ടാക്കുന്നത്. ഈ തറപ്പരിപാടിയ്ക്ക് ആവശ്യമായ കുരുട്ടുബുദ്ധി ചാനല്‍ രാക്ഷസന് റൂപര്‍ട്ട് മര്‍ഡോക്കിന്റെ തലയില്‍ പോലും ഉദിച്ചില്ലെന്നു വേണം. അല്ലെങ്കില്‍ ആ മഹാന്റെ ചാനല്‍ ഈ പരിപാടിയ്ക്ക് തുടക്കമിട്ടേനേ. ഒറ്റപ്പെട്ട ചില പ്രതിഷേധസ്വരങ്ങള്ക്കപ്പുറം പറയുന്നത് കേള്‍ക്കാന്‍ ശ്രോതാക്കള്‍ ഒരുപാടുള്ള ആരും ഈ പരിപാടിക്കെതിരെ മാത്രം പ്രതിഷേധിച്ചു കണ്ടില്ല. അതു കൊണ്ടാണ് ശ്രോതാക്കള്‍ ഒട്ടുമില്ലാത്ത ഈയുള്ളവന് സ്വയം പ്രതിഷേധിയ്ക്കുന്നത്.
ഇന്നലെയാണ് 'ലേഡീസ് ആൻഡ് ജെന്റിൽമാൻ' കണ്ടത്. സിനിമ എനിക്ക് സമ്മാനിച്ചത് എന്റെ പ്രിയ സംവിധായകരുടെ ലിസ്റ്റിലേക്ക് ഒരാളെക്കൂടിയാണ്.
സിദ്ധിക്ക് എന്ന സംവിധായകൻ ഒരുപാട് വളർന്നിരിക്കുന്നു; അസൂയാർഹമാം വിധം അദ്ദേഹം. മോഹൻലാൽ എന്ന മഹാനടനെ വളരെ കൃത്യമായി സിനിമയിൽ അദ്ദേഹം ചൂഷണം ചെയ്തിരിക്കുന്നു. കഥാപാത്രത്തെ സംവിധായകൻ ഉദ്ദേശിച്ചതിനേക്കാൾ ഒരുപാട് മേലെ അദ്ദേഹം എത്തിച്ചു. രഞ്ജിത്തിന്റെ 'സ്പിരിറ്റ്' എന്ന സിനിമയിൽ നാം കണ്ട രഘുനന്ദനും 'ലേഡീസ് ആൻഡ് ജെന്റിൽമാനി'ൽ നാം കാണുന്ന ചന്ദ്രബോസും ഒരേ മാനറിസങ്ങൾ ഉള്ള രണ്ടു കഥാപാത്രങ്ങളാണ്. 'ജീവിതം അഥവാ മദ്യപാനം' എന്ന തത്വത്തിൽ വിശ്വസിക്കുന്നു ഇരുവരും. എന്നാൽ രണ്ടു പേരും രണ്ടു തലത്തിലുള്ള മദ്യപാനികളാണ്. അതല്ലെങ്കിൽ കുടിക്കാൻ രണ്ടു പേരും കണ്ടെത്തുന്ന കാരണങ്ങൾ വ്യത്യസ്ഥമാണ്. 'Wine is a bottled poetry' എന്ന് വിശ്വസിച്ച് കള്ളുകുടിയിൽ ജീവിതത്തെ തിരഞ്ഞ് ബുദ്ധിമുട്ടുന്ന രഘുനന്ദനും അച്ചുവില്ലാത്ത ഒറ്റപ്പെടലിന്റെ വീർപ്പുമുട്ടലിൽ ജീവിതം തിരിച്ചു പിടിക്കാൻ മദ്യത്തെ ആശ്രയിക്കുന്ന ചന്ദ്രബോസും. രണ്ടും രണ്ടു കഥാപാത്രങ്ങൾ. ആ രണ്ടു കഥാപാത്രങ്ങളെയും രണ്ടായിത്തന്നെ മോഹൻലാൽ അവതരിപ്പിച്ചു എന്നത് അത്ഭുതപ്പെടുത്തുന്നു. അതാണ് അദ്ദേഹത്തിന്റെ റേഞ്ച്. കലാഭവൻ ഷാജോണിന് ഇതിലും നേരത്തെ ഇത്തരം നല്ല കഥാപാത്രങ്ങൾ കിട്ടേണ്ടിയിരുന്നു. ഒഴുക്കുള്ള കഥ, സുന്ദരമായ തിരക്കഥ, മനോഹരമായ ഗാനങ്ങൾ... അങ്ങനെ ഒരു നല്ല സിനിമക്കു വേണ്ടതെല്ലാം ചിത്രത്തിനുണ്ട്. ഒരൽപം രസക്കേട് തോന്നിയത് ക്ലൈമാക്സ് മാത്രം. അതങ്ങു വിടാം, അല്ലേ?