Monday, June 10, 2013

എന്തു കൊണ്ട്‌ ശ്രീശാന്ത്‌?

എന്തിനാണ്‌ ശ്രീശാന്തിനെ ഇങ്ങനെ ക്രൂശിക്കുന്നത്‌? ലോക ക്രിക്കെറ്റിലെ തന്നെ ഏറ്റവും മികച്ച ന്യൂ ബോളെർമാരില്‌ ഒരാളാണ്‌ (ആയിരുന്നു?) ശ്രീശാന്ത്‌. പന്ത്‌ റിലീസ്‌ ചെയ്യുമ്പോഴുള്ള ഉയർന്ന സീം പൊസിഷനും വിക്കറ്റിന്റെ ഇരുവശത്തേക്കും പന്ത്‌ സ്വിങ്ങ്‌ ചെയ്യിക്കാനുള്ള കഴിവുമാണ്‌ ശ്രീശാന്തിനെ വ്യത്യസ്ഥനാക്കുന്നത്‌.
വിഖ്യാത പേസർ അലൻ ഡൊണാൾഡിന്റെ ശിക്ഷണത്തില്‌ ചെന്നൈയിലെ എം.ആർ.എഫ്‌ പേസ്‌ ഫൗണ്ടേഷനില്‌ നിന്നും പരിശീലനം കഴിഞ്ഞിറങ്ങിയ ശ്രീശാന്തിന്റെ ആദ്യ ഫസ്റ്റ്‌ ക്ലാസ്സ്‌ മത്സരം 2002-2003 സീസണില്‌ ഗോവയ്ക്കെതിരെയായിരുന്നു. 7 മത്സരങ്ങളില്‌ നിന്നും 22 വിക്കെറ്റെടുത്ത ശ്രീശാന്തിന്റെ പ്രകടനം അദ്ദേഹത്തെ ആ സീസണിലെ ദുലീപ്‌ ട്രോഫിക്കുള്ള ടീമിലും എത്തിച്ചു. 2004 നവംബറില്‌ ഹിമാചല്‌ പ്രദേശുമായി നടന്ന രഞ്ജി ട്രോഫി മത്സരത്തില്‌ ശ്രീശാന്ത്‌ ഹാറ്റ്‌ട്രിക്ക്‌ നേടി റെകോർഡ്‌ ബുക്കില്‌ പേരു ചേർത്തു. രഞ്ജി ട്രോഫിയില്‌ ഒരു കേരള താരത്തിന്റെ ആദ്യ ഹാറ്റ്‌ട്രിക്ക്‌. പിന്നീട്‌ നടന്ന ചലഞ്ചര്‌ ട്രോഫിയില്‌ 'മാൻ ഓഫ്‌ ദി സീരീസ്‌' ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീശാന്ത്‌ പിന്നീട്‌ നടന്ന ശ്രീലങ്കൻ പര്യടനത്തിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട്‌ ശ്രീശാന്തിന്റെ വളർച്ച ലോകം കണ്ടതാണ്‌.
കളിയെ ഒരുപാട്‌ സ്നേഹിച്ചിരുന്ന ഒരു കളിക്കാരനായിരുന്നു ശ്രീ. കളിക്കളത്തില്‌ എപ്പോഴും എൻഗേജ്ഡായിരിക്കാന്‌ ആഗ്രഹിക്കുന്ന, കളിയെ അത്രത്തോളം സ്നേഹിക്കുന്ന ഒരാളായതു കൊണ്ടു തന്നെ ശ്രീശാന്ത്‌ കളിക്കളത്തില്‌ അഗ്രസീവ്‌ ആയിരുന്നു. അഗ്രഷന്‌ ഒരൽപം കൂടുതലാണ്‌ എന്നു പറയാതിരിക്കാന്‌ വയ്യ. പക്ഷേ, അഗ്രഷന്റെ പേരില്‌ മാത്രം ശ്രീശാന്തിനെ വിമർശിക്കണമെങ്കില്‌ ഓസ്ട്രേലിയന്‌ കളിക്കാരെ വിമർശിക്കൂ. കളിക്കളത്തിനകത്തും പുറത്തും ചൂടനായിരുന്ന ഷെയിൻ വോണിനെ ലോകോത്തര സ്പിന്നർ ആക്കി വളർത്തിയെടുത്തത്‌ ക്രിക്കറ്റ്‌ ഓസ്ട്രേലിയയുടെ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളായിരുന്നു.
ശ്രീശാന്തിനെതിരായ കോഴവിവാദം തൊണ്ട തൊടാതെ വിഴുങ്ങാൻ കഴിയുന്നില്ല. എന്തൊക്കെയോ പൊരുത്തക്കേടുകള്‌ എവിടെയൊക്കെയോ കാണുന്നു. കളിയെ അത്രത്തോളം സ്നേഹിക്കുന്ന ശ്രീ കുറച്ച്‌ കാശിനു വേണ്ടി കളിയെ ഒറ്റുകൊടുക്കുമെന്ന് വിശ്വസിക്കാനാവുന്നില്ല. ശ്രീക്കെതിരെ പോലിസ്‌ നിരത്തുന്ന തെളിവുകളും അവിശ്വസനീയമാണ്‌. വാതുവെപ്പുകാർക്കുള്ള അടയാളമായി ശ്രീ അരയില്‌ തൂവാല തിരുകിയെന്നാണ്‌ ആദ്യത്തെ തെളിവ്‌. ആ മാച്ചില്‌ മാത്രമല്ല, അതിനു മുൻപു നടന്ന അന്താരാഷ്ട്ര മത്സരങ്ങളിലുൾപ്പെടെ പല മാച്ചുകളിലും ശ്രീശാന്ത്‌ അരയില്‌ തൂവാല തൂക്കിയിട്ടിട്ടുണ്ട്‌. ശ്രീശാന്ത്‌ മാത്രമല്ല, ഒട്ടുമിക്ക ബൗളർമാരും പന്ത്‌ തുടയ്ക്കുന്നതിനും വിയർപ്പ്‌ തുടക്കുന്നതിനും മറ്റുമായി അരയില്‌ തൂവാല സൂക്ഷിക്കാറുണ്ട്‌.


 കളിക്കു മുൻപ്‌ ശ്രീ വാം അപ്‌ ചെയ്തതും തെളിവാക്കിയിട്ടുണ്ട്‌ ദില്ലിപ്പോലീസ്‌. ഓവർ എറിയുന്നതിനു മുൻപ്‌ വാം അപ്‌ ചെയ്യുന്നതും ബൗളർമാരുടെ പതിവാണ്‌. തന്റെ ബാങ്ക്‌ അക്കൗണ്ടില്‌ നിന്നും എടിഎം കാർഡ്‌ വഴി പിൻവലിച്ച പണമാണ്‌ പാർട്ടികളിലും മറ്റും ഉപയോഗിച്ചിരിക്കുന്നത്‌. വാതുവെപ്പ്‌ പണമല്ല അതൊന്നും. ശ്രീയെക്കുടുക്കാന്‌ മനപൂർവ്വം ചിലർ കളിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്‌.
ഇന്ത്യൻ ക്രിക്കറ്റിലെ ലോബിയിംഗ്‌ പരസ്യമായ ഒരു രഹസ്യമാണ്‌. ഉത്തരേന്ത്യൻ ലോബി എന്നൊരു ഒഴുക്കൻ മട്ടില്‌ പറയാമെങ്കിലും ഉത്തരേന്ത്യൻ ലോബി എന്നത്‌ ഇന്ന് മുംബൈ ലോബിയിലേക്ക്‌ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഈ മുംബൈ ലോബിയുടെ സ്വാധീനം കാരണമാണ്‌ തുടരെ പരാജയപ്പെട്ടിട്ടും രോഹിത്‌ ശർമ്മയ്ക്ക്‌ വീണ്ടും അവസരങ്ങള്‌ കിട്ടിക്കൊണ്ടിരിക്കുന്നത്‌. രോഹിതിന്റെ കഴിവ്‌ കുറച്ചു കാണുകയല്ല. കടലാസ്‌ പുലികളെയല്ലല്ലോ ടീമിനാവശ്യം.
ഇപ്പോള്‌ ഐപിഎൽ ടീം ചെന്നൈ സൂപ്പര്‌ കിങ്ങ്‌സിന്റെ നേതൃത്വത്തില്‌ ഒരു ചെന്നൈ ലോബി രൂപപ്പെട്ടിട്ടുണ്ടോ എന്നു സംശയം. അല്ലെങ്കില്‌ ഗംഭ്‌ഈറിനെ മറികടന്ന് മുരളി വിജയ്‌ ചാംപ്യൻസ്‌ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലെത്താന്‌ വഴിയൊന്നും കാണുന്നില്ല. മെയ്യപ്പനും വിന്ദുവിനും ജാമ്യം കിട്ടിയതും ലോബിയിങ്ങിന്റെ സ്വാധീനം മൂലമാണെന്നതും വ്യക്തം.
ഇത്തരം ലോബികളുടെ സ്വാധീനമോ ഗോഡ്‌ ഫാദറോ ഒന്നുമില്ലാതെ പ്രകടനമികവ്‌ കൊണ്ടു മാത്രം ടീമിലെത്തിയ ആളാണ്‌ ശ്രീ. കളിക്കളത്തിലും ഒറ്റയാനായിരുന്നു ശ്രീ. മറ്റു കളിക്കാർ ശ്രീശാന്തിനെ അകറ്റി നിറുത്തി എന്നോ ശ്രീ സ്വയം അകന്നു നിന്നു എന്നോ പറയാം. ശ്രീശാന്തിനോട്‌ അനുഭാവമുണ്ടായിരുന്ന ചുരുക്കം ചിലരില്‌ ഒരാളായിരുന്നു സച്ചിൻ. ട്വിറ്ററില്‌ സച്ചിൻ ഫോളോ ചെയ്യുന്ന 8 പേരില്‌ ഒരാളാണ്‌ ശ്രീശാന്ത്‌.
തെറ്റു ചെയ്താല്‌ ശ്രീ ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷേ, തെറ്റ്‌ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഈ സാഹചര്യത്തില്‌ നമുക്ക്‌ ശ്രീക്കൊപ്പം നിൽക്കാം. അദ്ദേഹം തെറ്റ്‌ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാം. അങ്ങനെ തന്നെയാവട്ടെ...!
 
                           
                                                           (ചിത്രങ്ങള്ക്ക് കടപ്പാട്)

1 comment: